കോൺഗ്രസ്​, ഇടതുപക്ഷം, ന്യൂനപക്ഷം: ചില തരൂർ പ്രതിഭാസങ്ങൾ

ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നത് നാമമാത്രമായും ഒരുതരം രക്ഷാകർതൃത്വത്തിലൂന്നിയ രാഷ്ട്രീയം മുന്നോട്ടുവച്ചുമാണ്. രക്ഷാകർതൃത്വം സ്വയം നിർവഹിക്കാനാവുന്നവിധം മാറ്റിത്തീർക്കാനാണ് ന്യൂനപക്ഷ രാഷ്ട്രീയം ആഗ്രഹിക്കുന്നത്. അതിനായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ രൂപകമാണ് തരൂർ.

പ്രായോഗിക രാഷ്ട്രീയത്തിലൂടെ കോൺഗ്രസുകാരനാവാത്ത വ്യക്തിയാണ് ശശി തരൂർ എന്ന പ്രതിവാദം നിലനിൽക്കുമ്പോൾ തന്നെ, ഇടതുപക്ഷത്തിന്റെ തുടർഭരണം വലിയ നേട്ടങ്ങളുണ്ടാക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഒരു നായക വേഷത്തിൽ മുന്നോട്ടുവരുന്നത്. ആഗോള വ്യക്തിത്വം, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിൽ ശോഭിച്ച വ്യക്തിയെ അംഗീകരിക്കുക എന്ന സാമാന്യയുക്തി കേരളീയ സമുഹത്തിൽ അന്തർലീനമാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിനും ഈ ഖ്യാതി ഒരു പരിധിവരെ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയാവാൻ സഹായിച്ചിട്ടുണ്ട്. നാടുവാഴി- ജാതി ജന്മിത്വത്തിന്റെ മുരടിപ്പിൽനിന്ന് വെളിച്ചം വിശുന്ന പ്രത്യയശാസ്ത്രത്തിന്റെ ചിന്തകൻ, പ്രയോക്താവ് എന്നിവയോടൊപ്പം ജാതിശ്രേണിയിലെ ഒന്നാം നിരയെന്ന നമ്പൂതിരിമൂലധനവും സാമാന്യ അംഗീകാരത്തിന് സഹായിച്ചിട്ടുണ്ട്. നമ്പൂതിരിമാർ പൂണൂൽ പൊട്ടിക്കുന്നത് സാധാരണക്കാർക്കടിയിൽ ഇറങ്ങിച്ചെല്ലാനും ജാതിയുടെ മതിലുകൾ പൊള്ളിക്കാനുമാണെന്ന ധാരണ രൂപപ്പെട്ടിരിക്കുന്നു.

ഇ.എം.എസിന്റെ പാതയിലൂടെയല്ലെങ്കിലും സമകാലിക സാമാന്യബോധത്തിന്റെ നായകനാവാൻ ശശി തരൂരിന് കഴിയുന്നു എന്ന തോന്നൽ അദ്ദേഹത്തെ അംഗീകരിക്കാൻ ജനങ്ങളെ സഹായിക്കുന്നു.

തരൂരും ആൾക്കൂട്ടവും

കോൺഗ്രസിന് തെരഞ്ഞെടുപ്പുവിജയങ്ങളുണ്ടാക്കാൻ കഴിയാത്തതിന്റെ ഒരു പ്രധാന കാരണം, അതൊരു മാസ് പാർട്ടിയാണെന്നതാണ്. ജനക്കൂട്ടം ഒന്നായി കേന്ദ്രീകരിക്കുമ്പോൾ മാത്രമേ ഇത്തരം പാർട്ടികൾക്ക് വിജയിക്കാൻ കഴിയൂ. എന്നാൽ, കാഡർ പാർട്ടികൾക്ക് പാർലമെന്ററി വിഭാഗവും അതല്ലാത്ത വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. ബി.ജെ.പിക്കും ഇതുപോലുള്ള വിഭാഗങ്ങളുണ്ട്, ഹനുമാൻ സേന, രാമസേന പോലെയുള്ളവ. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഗ്രാമത്തിലും നമരത്തിലും തൊഴിലാളി വിഭാഗങ്ങൾ പാർട്ടിയുടെ ‘രഹസ്യ കാഡറു’കളായും പ്രവർത്തിക്കുന്നു.

കോൺഗ്രസിന് ഇത്തരം വിഭാഗങ്ങൾ നേരിട്ട് പ്രവർത്തിക്കുന്നില്ല. ഒരു ആൾക്കൂട്ടം ഏകോപനരീതിയിൽ രൂപപ്പെടുമ്പോൾ മാത്രമാണ് വലതുപക്ഷ പാർട്ടികൾക്ക് ജനകീയ മുന്നേറ്റം നടത്താൻ കഴിയൂ. സാമാന്യബുദ്ധിയെ ബോധ്യപ്പെടുത്തുന്ന നേതാവ് ഇത്തരം ജനക്കൂട്ട രൂപീകരണത്തിന് അനിവാര്യമാണ്. ആ വിടവിലാണ് തരൂർ കളം നിറയുന്നതും വിവിധ ജനക്കൂട്ടങ്ങൾക്ക് സ്വീകാര്യനായി മാറുന്നതും.

ന്യൂനപക്ഷവും തരൂരും

മതന്യൂനപക്ഷങ്ങൾ കോൺഗ്രസ് നയിക്കുന്ന മുന്നണിയിൽ ചേരുന്നതായാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ, 1992നുശേഷം കോൺഗ്രസിലുള്ള വിശ്വാസം മുസ്‌ലിം മതവിഭാഗങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. ബാബറി മസ്ജിദ് തകർത്തതിനെതുടർന്ന്​ ശക്തമായ ധ്രുവീകരണവും ഹിന്ദുത്വ വർഗീയതയുടെ ശക്തിപ്പെടലും സാമൂഹിക സുരക്ഷിതത്വത്തിന് വിഘാതമുണ്ടാക്കിയിട്ടുണ്ട്. അതിനേക്കാൾ ഭയാനകമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് വിജയവും അതിന്റെ വ്യാപനവും എന്ന് മനസ്സിലാക്കിയവർ, ‘തമ്മിൽ ഭേദം’ കോൺഗ്രസാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

 കർസേവകർ തകർത്ത ബാബ്രി മസ്ജിദ്
കർസേവകർ തകർത്ത ബാബ്രി മസ്ജിദ്

ഹിന്ദുത്വ രാഷ്ട്രീയത്തെ രാഷ്ട്രീയഇടങ്ങളിൽനിന്ന് പൂർണമായും തള്ളിക്കളയുന്ന നിലപാട് വിജയിക്കില്ല എന്ന നിരീക്ഷണവും ന്യൂനപക്ഷങ്ങൾക്കുണ്ട്. ഇത്തരമൊരവസ്​ഥയിൽ തനിക്ക്​ ഒരു റോളുണ്ടെന്ന്​ സ്​ഥാപിച്ചെടുക്കാൻ രാഷ്ട്രീയ സമീപനത്തിലൂടെയും ഹിന്ദുത്വ മുഖത്തിലൂടെയും ശശി തരൂരിന്​ കഴിയുന്നു. ‘ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല' എന്ന വിമർശനാത്മകമായ പാഠങ്ങൾക്കുപകരം ‘ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്' എന്നാണ് തരൂർ വിശദീകരിക്കാൻ ശ്രമിക്കുന്നത്. ഇത്തരം സമരസപ്പെടൽ രാഷ്ട്രീയ മനസ്സിലാക്കലുകൾ, ന്യൂനപക്ഷവും തരൂരും പരസ്പരം തിരിച്ചറിയുന്നുവെന്നതും തരൂരിന്റെ നേതൃസ്ഥാനത്തേക്കുള്ള അവകാശവാദങ്ങൾക്ക് അടിസ്ഥാനമാണ്.

ജിഫ്രി മുത്തുക്കോയ തങ്ങൾ, ശശി തരൂർ
ജിഫ്രി മുത്തുക്കോയ തങ്ങൾ, ശശി തരൂർ

തുടർച്ചയായ ഇടതുഭരണം ന്യൂനപക്ഷത്തിന് രാഷ്ട്രീയമായ ഭരണപങ്കാളിത്തം കുറയ്ക്കുമെന്ന തോന്നലും ന്യൂനപക്ഷരാഷ്ട്രീയം അതിരുകളിൽനിന്നുമാത്രം പറയാൻ പറ്റുന്ന ഒന്നായി തീരും എന്ന വസ്തുതയും, ഒരു തിരിച്ചുവരവിന് കോൺഗ്രസിനെ സഹായിക്കാൻ ഈ വിഭാഗങ്ങൾ ആഗ്രഹിക്കുന്നു. മുസ്‌ലിം ലീഗ് പോലുള്ള പാർട്ടികൾക്ക് ഭരണത്തിൽ പങ്കാളിത്തമില്ലാതെ സാമുദായിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ല എന്ന യാഥാർഥ്യവും ഓർക്കേണ്ടതാണ്. ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നത് നാമമാത്രമായും ഒരുതരം രക്ഷാകർതൃത്വത്തിലൂന്നിയ രാഷ്ട്രീയം മുന്നോട്ടുവച്ചുമാണ്. രക്ഷാകർതൃത്വം സ്വയം നിർവഹിക്കാനാവുന്നവിധം മാറ്റിത്തീർക്കാനാണ് ന്യൂനപക്ഷ രാഷ്ട്രീയം ആഗ്രഹിക്കുന്നത്. അതിനായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ രൂപകമാണ് തരൂർ.

തരൂരിന്റെ സഭാപ്രവേശം

ക്രിസ്തീയ സഭകൾക്കും ഇത്തരം ഒരു രാഷ്ട്രീയം പറയാനുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തിലേക്ക് പോയെങ്കിലും നാമമാത്രമായ പ്രാതിനിധ്യം മാത്രമേ മന്ത്രിസഭയിലുള്ളൂ. നേരത്തെ ധനം, റവന്യൂ, പൊതുമരാമത്ത്​ എന്നീ വകുപ്പുകൾ ഭരിച്ചിരുന്ന ഈ രാഷ്ട്രീയവിഭാഗം ശോഷിച്ചുവെന്നു മാത്രമല്ല, കർഷക സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ പറ്റുന്ന രാഷ്ട്രീയശബ്ദം നേടിയെടുക്കാൻ കഴിയാതെയും പോകുന്നു. ബി.ജെ.പി ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശങ്കയും ഈ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നു. സമുദായത്തിന്റെ വിദ്യാഭ്യാസ- സാമ്പത്തിക മുന്നേറ്റത്തിന് അനിവാര്യമായ നീക്കങ്ങൾക്ക് സാധ്യത തുറന്നുതരുന്ന ഒരു നേതൃത്വം ആവശ്യമാണെന്ന് ഈ സമൂഹം മനസ്സിലാക്കുന്നു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്,  കർദിനാൾ മാർബസേലിയോസ് ക്ലീമീസ് എന്നിവർക്കൊപ്പം ശശി തരൂർ.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്, കർദിനാൾ മാർബസേലിയോസ് ക്ലീമീസ് എന്നിവർക്കൊപ്പം ശശി തരൂർ.

യുവജനതയുടെ ആഗ്രഹങ്ങൾക്ക് അനുയോജ്യമായി കേരളത്തിൽ തൊഴിലും മറ്റു മൂലധന നിക്ഷേപങ്ങളും ആകർഷിക്കാനും വിദ്യാഭ്യാസത്തിന് അനുയോജ്യമായ അവസരങ്ങൾ കൊണ്ടുവരാനും ഇന്ത്യക്കകത്തും പുറത്തും ജീവിക്കുന്ന ഈ വിഭാഗത്തിൽ പെടുന്നവരെ ആകർഷിക്കാൻ പറ്റിയ മാറ്റത്തിന് തിരികൊളുത്താനും ആഗോള പൗരനായ ശശി തരൂരിന് കഴിയുമെന്നും വിചാരിക്കുന്നു. അതുകൊണ്ടുകൂടിയാണ് വിവിധ സഭകളിലേക്ക്​ ശശി തരൂരിന് ക്ഷണം ലഭിക്കുന്നത്.

തരൂർ എന്ന സവർണ നായർ ഹിന്ദു

സവർണ നായർ ഹിന്ദുക്കൾ എന്നത് ഒരു മനോഭാവമാണ്. ശൂദ്ര ജാതിയിൽപ്പെട്ട നായർ വിഭാഗങ്ങൾ സാമൂഹികമായ അന്തസ്സിനുവേണ്ടി ജാതിസ്വത്വം പിന്നിലാക്കി ഹിന്ദു എന്ന അസ്തിത്വത്തെ നിർമിച്ചെടുത്തിരുന്നു. നമ്പൂതിരി- നായർ ബാന്ധവത്തെ ചൂണ്ടിയുള്ള കളിയാക്കലുകളിൽനിന്നും അധമബോധത്തിൽനിന്നും മോചനം ലഭിക്കാൻ കൂടിയാണ് മലയാളി എന്ന സങ്കൽപനം നായർസംസ്‌കാരമായും അത് ഹിന്ദുമതത്തിന്റെ അനിവാര്യതയായും ആവിഷ്‌കരിക്കപ്പെട്ടത്​. പിന്നാക്ക- ദലിത് ജാതികളിൻമേലുണ്ടായ ജാതിമേൽക്കോയ്മ നിലനിർത്താനും ആ സാമൂഹിക ഔന്നത്യം തിരിച്ചുപിടിക്കാനും ഹിന്ദുസ്വത്വം നായർ വിഭാഗങ്ങളെ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

ശശി തരൂർ, സുകുമാരൻ നായർ
ശശി തരൂർ, സുകുമാരൻ നായർ

നായർ സവർണ ഹിന്ദുക്കൾ ഒരു പാർട്ടിയിൽ മാത്രം ഉൾച്ചേരുന്ന ഒന്നല്ല. കോൺഗ്രസിലെ മുതിർന്ന നേതൃത്വം എന്നും ഈ വിഭാഗങ്ങളിൽനിന്നുമുണ്ടായിട്ടുള്ളതുപോലെ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളിലും ഈ സ്വാധീനം കാണാൻ കഴിയും. കേരള കോൺഗ്രസിലെ ഒരു വിഭാഗം മുഴുവൻ വരേണ്യ നായർ വിഭാഗത്തെ പ്രതിനിധാനം ചെയ്തിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരം ബി.ജെ.പി പോലുള്ള പാർട്ടികൾ മുന്നോട്ടുവച്ചപ്പോൾ ഹിന്ദുക്കളായി സ്വയം തിരിച്ചറിഞ്ഞ നായർ വിഭാഗം ഈ പാർട്ടികളിലേക്ക് പോകുന്നതും നേരത്തെ ഹിന്ദുസ്വത്വം അണിഞ്ഞതിന്റെ ചരിത്രത്തുടർച്ചയാണെന്ന് കരുതാം. എല്ലാ നായർ വിഭാഗങ്ങളും ഇങ്ങനെ ഒരു സർവണത പുലർത്തുന്നവരാണെന്ന് ഇതിനർഥമില്ല. പക്ഷെ, മലയാളിയുടെ ഭാഷയും സിനിമയും പാട്ടുകളും ഒരു നായർസവർണതയെ എന്നും സ്വീകരിച്ചിട്ടുള്ളതായി കാണാം. ഇതിന്റെ അർഥം, ഒരു സാമൂഹിക മനോനില എന്ന രൂപത്തിൽ ഈ സവർണ ഹൈന്ദവഭാവം കേരളത്തിന്റെ സാമൂഹിക ഭാവനകളിൽ നിലനിന്നിരുന്നു. ഈ ഭാവത്തിന്റെ പുനരാവിഷ്‌കാരം തരൂരിന്റെ നായർ അവകാശവാദങ്ങളിൽ നിഴലിക്കുന്നുണ്ട്. ഞാൻ ഒരു നായരാണ് എന്ന് പറയുന്നതിലൂടെയും നായന്മാർക്കു മുഴുവൻ അഭിമാനിക്കാവുന്ന സാംസ്‌കാരിക രാഷ്ട്രീയ മൂലധനത്തിന്റെ ചിഹ്‌നമെന്ന നിലയിൽ തരൂർ പ്രവർത്തിക്കുന്നതുകൊണ്ടും കൂടിയാണ് അദ്ദേഹം വെറും ‘ദൽഹി നായർ’ അല്ലെന്ന് തിരുത്തിയെഴുതാൻ നായർ സമുദായ നേതാക്കൾക്ക് കഴിയുന്നത്.

ഇടതുപക്ഷത്ത്​ നായന്മാരുടെ പ്രാതിനിധ്യം ശക്തമായി നിലനിന്നിരുന്നു. പാർട്ടിയുടെ അലകും പിടിയും നിർമിച്ചെടുക്കുന്നതിൽ നായർ വിഭാഗങ്ങൾക്ക് സ്വാധീനമുണ്ടെങ്കിലും തുടർഭരണകാലത്തെ രാഷ്ട്രീയ സാഹചര്യവും ന്യൂനപക്ഷങ്ങളുടെ കേന്ദ്രീകരണവും നായർ സ്വാധീനത്തെ പിന്നോട്ട് വലിച്ചിട്ടുണ്ടെന്നുവേണം കരുതാൻ. കേരളത്തിലെ ഈഴവരുടെയും ദലിതരുടെയും പാർട്ടികളായി കമ്യൂണിസ്റ്റ് പാർട്ടികൾ വേരോടിയെങ്കിലും അതിന്റെ താക്കോൽ സ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ ഈ സമുദായങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സാന്നിധ്യത്താൽ നായർ ഹിന്ദുക്കൾ ബി.ജെ.പിയിലേക്ക് ചാഞ്ഞുനിന്നപ്പോൾ, അവർക്ക്​ ഇടതുപക്ഷത്തുള്ള സ്വാധീനം സമകാലിക രാഷ്ട്രീയത്തിൽ കുറയുന്നതായി കാണാം.

വെറും ഒരു നായർ നേതാവിനെ താക്കോൽ സ്ഥാനത്തേക്ക് അവരോധിക്കാൻ​ കേരളീയ സമൂഹത്തിൽ ഇന്ന്​ സാധ്യമല്ല. പൊതുസമ്മതിയുള്ളതും പുതിയ തലമുറയുടെ ആഗ്രഹങ്ങളെയും ആഗോള മാറ്റത്തെയും മനസ്സിലാക്കാനും കഴിയുന്ന ഒരു നേതാവിനുമാത്രമേ ഈ പുതിയ ദൗത്യം ഏറ്റെടുക്കാൻ കഴിയുകയുള്ളൂ എന്ന ചിന്തയും തരൂരിന് അനുകൂലമാകുന്നുണ്ട്.

കോൺഗ്രസ് പ്രവർത്തകരും തരൂരും

ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ആദ്യമായി തരൂർ വോട്ട് രേഖപ്പെടുത്തുന്നത് അദ്ദേഹത്തിനുതന്നെയായിരിക്കും. 15 വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് മത്സരിക്കാൻ വരുമ്പോൾ വോട്ടർപട്ടികയിൽ ആദ്യമായാണ് തരൂർ ചേർക്കപ്പെടുന്നത്​. അതിനുമുമ്പേ ഇന്ത്യയിൽ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 15 വർഷം എം.പിയായ കോൺഗ്രസുകാരനാണ് തരൂർ. എന്നാൽ, തന്റെ പ്രഭാവത്തിൽ തിരുവനന്തപുരത്തുള്ള അസംബ്ലി സീറ്റുകൾ നിലനിർത്താനും പിടിച്ചെടുക്കാനും തരൂരിന് കഴിഞ്ഞില്ല. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പ്രത്യേക പങ്ക് കോൺഗ്രസിന് ലഭിച്ചിട്ടുമില്ല. മാത്രമല്ല, കോൺഗ്രസ് നേതൃത്വത്തിൽ തരൂർ ഔദ്യോഗിക പദവികൾ ആഗ്രഹിച്ചിക്കുകയോ അത് നേടിയെടുക്കാൻ ശ്രമിച്ചിക്കുകയോ ചെയ്​തിട്ടില്ല. കോൺഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് സംഘടനാതലത്തിൽ തന്റെ ആഗ്രഹം തരൂർ പ്രകടിപ്പിച്ചത്.

ദീർഘകാലം പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചിട്ടും വ്യക്തിപരമായി ഒന്നും ലഭിക്കാത്തവർ കോൺഗ്രസിലുണ്ട്​. അവരെപ്പോലുള്ളവരെയും വിഭാഗങ്ങളെയും മനസ്സിലാക്കാതെ, ഇന്നലെ വന്നവർ പാർട്ടിയുടെ താക്കോൽ സ്ഥാനം ആഗ്രഹിക്കുമ്പോൾ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് അത് സഹിക്കാനാകുന്നില്ല. ഈ വിള്ളലാണ് തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കമുണ്ടാകുന്നതിന് പ്രധാന കാരണം. ഇതിനോട് തരൂരിന്​ സംവദിക്കേണ്ടിവരുമെന്ന്​ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം അറിയാവുന്നവർക്ക് മനസ്സിലാകും.

പക്ഷെ, ഇതാവരുത് രാഷ്ട്രീയം

സാമുദായികവും മതപരവുമായി രാഷ്ട്രീയം നിർവചിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരം വൈകാരിക നീക്കങ്ങളിലൂടെ പരിഹരിക്കാവുന്നതല്ല കേരളത്തിന്റെ പ്രശ്‌നം. വലിയ ശതമാനം ജനം വയോജനങ്ങളായി മാറുന്നു, നല്ല ശതമാനം യുവതലമുറ വിദ്യാസമ്പന്നരാണെങ്കിലും കേരളത്തിനകത്ത് ജോലി സാധ്യതകളില്ലാതെ ഇന്ത്യക്കുപുറത്ത് പോയി ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ്​. ഇത്തരമൊരു സമൂഹത്തെ എങ്ങനെ നയിക്കണമെന്നതായിരിക്കണം ലക്ഷ്യം. പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള കേരളത്തിൽ വിദ്യാഭ്യാസം നേടിയ നല്ല ശതമാനം സ്ത്രീകൾക്കും തൊഴിലോ അവർ അർഹിക്കുന്ന രാഷ്ട്രീയ പ്രാതിനിധ്യമോ ലഭിക്കാതെ രണ്ടാം കിട പൗരികളായി ജീവിക്കേണ്ട അസ്വസ്ഥതകളും സമൂഹത്തിന്റെ കാതലായ പ്രശ്‌നങ്ങളിൽ ഒന്നാണ്. ഭൂമിയില്ലായ്മയും ആദിവാസി- ദലിത് മേഖലയിലെ പിന്നാക്കാവസ്ഥയും അസമത്വത്തിലൂന്നിയ വിഭവവിതരണവും കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്.

ന്യൂനപക്ഷങ്ങളിലും മറ്റു സമുദായങ്ങൾക്കിടയിലും രൂപപ്പെടുന്ന വിവിധ മാനങ്ങളുള്ള അസമത്വം പരിഹരിക്കേണ്ട അടിസ്ഥാനപ്രശ്‌നം കേരള രാഷ്ട്രീയത്തിന് പരിഹരിക്കാൻ കഴിയുമോ എന്നതായിരിക്കണം രാഷ്ട്രീയത്തിന്റെ ഗതിയെ നിയന്ത്രിക്കേണ്ടത്.

കേരളത്തിന്റെ സാമ്പത്തിക രംഗത്തുള്ള ചലനമറ്റ അവസ്ഥക്ക് പരിഹാരം കാണാനും കടം, അവശ്യസാധനങ്ങളുടെ ഇറക്കുമതി എന്നീ ആശ്രീത സ്വഭാവങ്ങളെ മനസ്സിലാക്കാനുമുള്ള ശേഷി രാഷ്ട്രീയനേതൃത്വത്തിന് ഉണ്ടായേ മതിയാവൂ. മുഖ്യമന്ത്രി ആരാണ് എന്നതല്ല, പ്രശ്‌നം, ആർക്കാണ് മുഖ്യമായ പ്രശ്‌നങ്ങളെ നേരിടാൻ കഴിയുക എന്നതാണ്.


Summary: ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നത് നാമമാത്രമായും ഒരുതരം രക്ഷാകർതൃത്വത്തിലൂന്നിയ രാഷ്ട്രീയം മുന്നോട്ടുവച്ചുമാണ്. രക്ഷാകർതൃത്വം സ്വയം നിർവഹിക്കാനാവുന്നവിധം മാറ്റിത്തീർക്കാനാണ് ന്യൂനപക്ഷ രാഷ്ട്രീയം ആഗ്രഹിക്കുന്നത്. അതിനായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ രൂപകമാണ് തരൂർ.


ഡോ. രാജേഷ്​ കോമത്ത്​

മഹാത്മാഗാന്ധി സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ.

Comments