മുസ്‌ലിം ലീഗിന്റെ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ കഴിഞ്ഞ ദിവസം ശശിതരൂർ നടത്തിയ ഒരു പ്രസ്താവനയുണ്ടായിരുന്നു, അതിനെ കുറിച്ചാണ് സുരേഷ് ഗോപിയോട് പ്രതികരണം തേടിയത്. മീഡിയവൺ ഉൾപ്പെടെയുള്ള ഒരുപാട് മാധ്യമപ്രവർത്തകർ അവിടെയുണ്ടായിരുന്നു. അതിന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് നിരവധി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് തൃശ്ശൂർ മത്സരിക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചു ചോദിച്ചത്. തൃശൂർ മത്സരിക്കുന്നു, കണ്ണൂരാണെങ്കിലും മത്സരിക്കും. അങ്ങനെയാണെങ്കിൽ അവിടെയൊന്ന് ഉലക്കാമല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
അതിനൊരു മറുചോദ്യം എന്ന രീതിയിലായിരുന്നു, അതിന് കേരളത്തിലങ്ങനെ കഴിഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതിന് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം എന്നെ മോളെയെന്ന് വിളിക്കുകയും എന്റെ തോളിൽ തഴുകുകയും ചെയ്തത്. ആ സമയത്ത് ഞാൻ ഭയങ്കരമായ രീതിയിൽ പെട്ടെന്ന് ഷോക്കായിപ്പോയി. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നടക്കുന്നതെന്നും അറിയാത്ത രീതിയിൽ ഷോക്കായിപ്പോയി.
ആ സമയത്ത് തന്നെ ഞാൻ പിന്നോട്ട് വലിഞ്ഞു. അദ്ദേഹത്തിന്റെ കയ്യൊന്ന് മാറ്റുന്നതിന് വേണ്ടിയാണ് ഞാൻ പിന്നോട്ട് വലിഞ്ഞത്. പെട്ടന്നുള്ളൊരു പ്രതികരണമായിരുന്നു അത്. എന്നെ സംബന്ധിച്ച് ഞാനൊരു മാധ്യമപ്രവർത്തകയാണ് ചോദ്യങ്ങൾ ഞാൻ ചോദിക്കേണ്ടതാണ്. എന്റെ കയ്യിൽ തുടർ ചോദ്യങ്ങളുമുണ്ടായിരുന്നു. തുടർന്ന് അദ്ദഹത്തോട് ഞാൻ വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി എം.പി എന്റെ തോളിൽ കൈവെക്കുക തന്നെയാണ്. എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി.
ഇത്തരമൊരു സന്ദർഭത്തിൽപ്പെടുമ്പോൾ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയാതെ നമ്മൾ ഷോക്കായി പോകും. അത്തരത്തിലുള്ള ഒരു സന്ദർഭമായിരുന്നു അത്. ആ സമയത്ത് തന്നെ കൈപിടിച്ച് മാറ്റുകയാണ് ഞാൻ ചെയ്യുന്നത്. കാരണം അതെനിക്ക് ഒട്ടും കംഫർട്ടബിളായിരുന്നില്ല. ഞാൻ അവിടെ പോയത് സുരേഷ് ഗോപി എന്ന രാഷ്ട്രീയ പ്രവർത്തകനോട് ചോദ്യം ചോദിക്കാൻ വേണ്ടിയാണ്. അല്ലാതെ മറ്റൊരു കാര്യത്തിനും സൗഹൃദ സംഭാഷണത്തിനും ഒന്നും തന്നെയല്ല. അങ്ങനെ കൈ ഞാൻ മാറ്റുകയാണ് ചെയ്തത്. ആ സംഭവം പിന്നീട് എനിക്ക് മാനസികമായി ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. മാനസികമായി വലിയ രീതിയിൽ ഒരു ട്രോമയിലേക്ക് എത്തുന്ന രീതിയിലേക്ക് മാറുകയും ചെയ്തിരുന്നു. പലകുറി ഞാൻ ഈ വിഷയത്തെ കുറിച്ച് ആലോചിച്ചിരുന്നു. ഇത് ഒട്ടും ശരിയായ പ്രവണതയല്ല. എനിക്ക് മാത്രമല്ല ഒരുപാട് മാധ്യമപ്രവർത്തർക്ക് ഒരുപക്ഷേ ഇനിയും നേരിട്ടേക്കാവുന്ന മുമ്പ് നേരിട്ടുകൊണ്ടിരുന്ന ഒരു സംഭവമാണ്. അതിനെ ഞാൻ അഡ്രസ് ചെയ്‌തേ മതിയാവു.
പതിനഞ്ച് വർഷത്തിലധികമായി ഞാൻ മാധ്യമരംഗത്തുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തെ ഞാൻ അഡ്രസ് ചെയ്‌തേ മതിയാവു എന്നത് എന്റെ ബോധ്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നിയമനടപടിക്ക് ഒരുങ്ങുന്നത്. സുരേഷ് ഗോപി ആ വിഷയവുമായി ബന്ധപ്പെട്ട് ഒരു മാപ്പ് സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ട്.അത് ഞാൻ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതെനിക്ക് തെറ്റായി തോന്നി എന്ന നിലക്കല്ല പറയേണ്ടത്, തെറ്റാണ് എന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത്. കാരണം ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തിൽ സ്പർശിക്കുക, മോശമായ രീതിയിൽ സ്പർശിക്കുക എന്നത് ശരിയല്ല. മോശമായ രീതിയിൽ തന്നെയാണെന്നാണ് എനിക്ക് അനുഭവപ്പെട്ടത്. പ്രതികരണത്തിലൂടെ ഞാൻ ഉദ്ദേശിച്ചതും അതുതന്നെയായിരുന്നു. അതൊരു മാപ്പ് പറച്ചിലായിട്ടല്ല അതൊരു വിശദീകരണമായിട്ടാണ് തോന്നിയത്. താൻ എന്താണ് ചെയ്തത് എന്നതിന് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണമാണത്.
ഇനിയൊരു മാധ്യമപ്രവർത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത് എന്നതാണ് എന്റെ മുന്നിലുള്ള യുക്തി. എനിക്ക് മാത്രമല്ല ഒരു മാധ്യമപ്രവർത്തകക്കും ഇങ്ങനെയുണ്ടാകാൻ പാടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നിയനടപടിയുമായി മുന്നോട്ട് പോകുന്നത്. പലരും വിളിച്ച് ചോദിക്കുന്നുണ്ട് എന്താണ് ചെയ്യുന്നത് എന്നൊക്കെ. പക്ഷെ ഞാൻ നിയമനടപടിയുമായി മുന്നോട് പോവുകയാണ്. അതൊരു മാപ്പ് പറച്ചിലായിട്ട് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നും എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവമാണ്. അതുകൊണ്ട് തന്നെ ഞാൻ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്.