ഷൂ എറിഞ്ഞാൽ വധശ്രമം; പ്രതിഷേധത്തെ അപകടകരമായ ആത്മഹത്യാശ്രമമാക്കി മാറ്റുന്ന ഭരണകൂടം

2008 ഡിസംബർ 14 ന് അന്നത്തെ യു എസ് പ്രസിഡണ്ട് ജോർജ്‌ ബുഷിനുനേരെ മുൻതാന്തർ അൽ -സൈദി എന്ന മാധ്യമപ്രവർത്തകൻ പത്രസമ്മേളനത്തിൽ ഷൂവെറിഞ്ഞു. അൽ-സൈദിയെ പിടികൂടി, അയാൾക്ക് മർദ്ദനമേറ്റു. എന്നാൽ ലോകത്തെ ഏറ്റവും വലിയ സൈനിക- സാമ്പത്തിക ശക്തിയുടെ പ്രസിഡണ്ടിനെതിരെ പത്രസമ്മേളനത്തിൽ ഷൂവെറിഞ്ഞിട്ടും അയാൾക്ക് ആറ്‌ മാസത്തെ തടവ് മാത്രമാണ് കിട്ടിയത്.

പ്രതിഷേധത്തിന്റെ ചെറിയ നാമ്പ് പോലും അടിച്ചമർത്തുന്നത് വളരെ സ്വാഭാവികമായി കാണുന്ന ഒരു ജനതയുണ്ടാവുന്നതോടെ സമഗ്രാധിപത്യത്തിന്റെ ചതുരംഗത്തിലെ കരുക്കൾ മാത്രമായി അവർ മാറുന്നു. കരിങ്കൊടി കാണിക്കലും ഷൂസെറിയലുമൊക്കെ, അത് മുഖ്യമന്ത്രിക്കെതിരായാലും ഗവർണ്ണർക്കെതിരെയായാലും, പ്രതിഷേധക്കാർക്കെതിരെയുള്ള കനത്ത പൊലീസ്, നിയമനടപടികളായാണ് മാറുന്നത്.

ഗവർണറെ കരിങ്കൊടി വീശുന്നത് ഏഴു കൊല്ലം ശിക്ഷ കിട്ടുന്ന കുറ്റവും മുഖ്യമന്ത്രിയെ കരിങ്കൊടി വീശിയാൽ പൊലീസ് മാത്രമല്ല അവരുടെ രാഷ്ട്രീയ ഗുണ്ടാസംഘങ്ങളും മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്.

ഒരു ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധം എന്നത് എങ്ങനെയാണ് ഇത്ര അപകടകരമായ ഒരു ആത്മഹത്യാശ്രമമായി മാറുന്നത്? അതിനെ അങ്ങനെയാക്കുന്നത് ഭരണകൂടമാണ്. മന്ത്രിമാർ സഞ്ചരിക്കുന്ന നവകേരള രഥത്തിലേക്ക് ഷൂസെറിഞ്ഞാൽ വധശ്രമത്തിനാണ് കേസ്! പാർലമെൻറ്റിൽ കടന്നുകയറി മുദ്രാവാക്യം വിളിച്ചാലും മുദ്രാവാക്യം ആരും കേൾക്കില്ലെന്നും എങ്ങനെ നാളെ മുതൽ ആരും പാർലമെന്റിൽ കടന്നുകയറാതിരിക്കാം എന്നുമാത്രം സകലരും ചർച്ച ചെയ്യുന്ന ഒരു സമൂഹത്തിൽ സമരങ്ങൾ അവയുടെ ഉദകക്രിയക്കുള്ള ചാർത്തും കൊണ്ടാണ് പിറക്കുകപോലും ചെയ്യുക. കാലാന്തരേ അവ ജനിക്കാൻ മടിക്കുന്ന വിഷാദങ്ങൾ മാത്രമായിമാറുന്നു.

2008 ഡിസംബർ 14 ന് അന്നത്തെ യു എസ് പ്രസിഡണ്ട് ജോർജ്‌ ബുഷിനുനേരെ മുൻതാന്തർ അൽ -സൈദി എന്ന മാധ്യമപ്രവർത്തകൻ പത്രസമ്മേളനത്തിൽ ഷൂവെറിഞ്ഞു: "ഇറാഖി ജനതയിൽ നിന്നുള്ള അന്ത്യചുംബനമാണിത്, നായേ, ഇറാഖിലെ വിധവകളും അനാഥരും കൊല്ലപ്പെട്ടവരും തരുന്നതാണിത്" എന്നയാൾ വിളിച്ചുപറഞ്ഞു. അൽ-സൈദിയെ പിടികൂടി, അയാൾക്ക് മർദ്ദനമേറ്റു. എന്നാൽ ലോകത്തെ ഏറ്റവും വലിയ സൈനിക- സാമ്പത്തിക ശക്തിയുടെ പ്രസിഡണ്ടിനെതിരെ പത്രസമ്മേളനത്തിൽ ഷൂവെറിഞ്ഞിട്ടും അയാൾക്ക് ആറ്‌ മാസത്തെ തടവ് മാത്രമാണ് കിട്ടിയത്. "ഉറങ്ങുമ്പോഴും മരിച്ചാലും മാത്രമാണ് ഞാൻ പ്രതിഷേധിക്കാതിരിക്കുക" എന്ന് തടവിൽ നിന്നിറങ്ങിയിട്ടും അയാൾ വിളിച്ചുപറഞ്ഞു.

ഇസ്രായേൽ പലസ്തീൻ ജനതക്കെതിരെ നടത്തുന്ന സൈനികാധിനിവേശത്തിനും ഗാസ ആക്രമണത്തിനുമെതിരെ പ്രതിഷേധിക്കുന്നവർ ഐസ്‍ലാൻഡ് വിദേശകാര്യമന്ത്രിയുടെ മേൽ ചായം വിതറി ആ വേദിയിൽ യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കി അതെഴുതിയ തുണിയും പിടിച്ചുനിൽക്കുന്നതാണ് ഇതിലെ മറ്റൊരു ദൃശ്യം. ആരും അവിടെ ആകാശം ഇടിഞ്ഞുവീണതായി ഭാവിക്കുന്നില്ല. പ്രതിഷേധക്കാരെ തല്ലിയൊതുക്കാൻ മന്ത്രിയുടെ പാർട്ടിക്കാരുമില്ല.

1984-ലെ ദൽഹി സിഖ് കൂട്ടക്കൊലയിൽ കുറ്റക്കാരായ സജ്ജൻ കുമാറിനും ജഗദീഷ് ടൈറ്റ്ലറിനും ലോക്സഭ സ്ഥാനാർത്ഥിത്വം നൽകിയ കോൺഗ്രസ് തീരുമാനത്തിനെതിരെ മാധ്യമപ്രവർത്തകനായ ജർണൈൽ സിങ് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് നേരെ പത്രസമ്മേളനത്തിൽ (2009 ഏപ്രിൽ 7) ഷൂവെറിഞ്ഞു. പിറ്റേന്നുതന്നെ സിഖ് വിരുദ്ധ കലാപത്തിൽ ഇരുവർക്കുമെതിരെ സി ബി ഐ പുതിയ കേസുകളെടുത്തു. ആ കേസുകളിലാണ് പിന്നീട് സജ്ജൻ കുമാറിനെ ഹൈക്കോടതി ശിക്ഷിച്ചത്. ജർണൈൽ സിങ് ഡൽഹി നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് എം.എൽ.എയായി.

മാധ്യമപ്രവർത്തകനായ ജർണൈൽ സിങ് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് നേരെ പത്രസമ്മേളനത്തിൽ ഷൂ എറിയുന്നു

ഒരു മുദ്രാവാക്യം വിളിച്ചാൽ, വഴിയരികിൽ ഒരു പ്രതിഷേധ യോഗം ചേർന്നാൽ, പൊലീസുകാരോടോ സർക്കാർ ഉദ്യോഗസ്ഥരോടോ എതിർത്ത് സംസാരിച്ചാൽ ഒന്നിനുപിറകെ ഒന്നായി വർഷങ്ങൾ കോടതി കയറിയിറങ്ങേണ്ട കുറ്റവിചാരണകളും പൊലീസ്, ആൾക്കൂട്ട മർദ്ദനവുമായി മാറുന്ന ഒരു നാട് ജനാധിപത്യത്തെ തലകീഴായി കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. അതത്രയും സ്വാഭാവികമാണ് എന്ന് വരുത്തിയതുകൊണ്ടാണ് പ്രതിഷേധിക്കുന്നവരെ അടിച്ചു കാനയിലേക്കിട്ട ഭരണകക്ഷിക്കാരെ ഒരു ദൃശ്യമാധ്യമ പ്രവർത്തകൻ ആഹാ കേമം എന്ന് പറയുന്നത്.

പൗരജീവിതത്തിലെ ജനാധിപത്യസുരക്ഷ ഇല്ലാതാകുമ്പോൾ ഭരണാധികാരികൾക്ക് ചുറ്റും സുരക്ഷയുടെയും ഭീതിയുടെയും വലയങ്ങൾ കൂടിക്കൊണ്ടിരിക്കും.

Comments