ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗികാക്രമണ പരാതിയിൽനിന്ന് പാർട്ടി അന്വേഷണത്തിലൂടെ രക്ഷപ്പെട്ട പി.കെ. ശശി എം.എൽ.എയുടെ പേരാണ് ഇത്തവണയും ഷൊർണൂരിനുവേണ്ടി ജില്ലാ നേതൃത്വം നൽകിയ ലിസ്റ്റിലുണ്ടായിരുന്നത്. രണ്ടാം ടേം ആയതിനാൽ ശശി തന്നെയാകും സ്ഥാനാർഥിയെന്ന് മണ്ഡലത്തിൽ വ്യാപക പ്രചാരണവുമുണ്ടായിരുന്നു.
ആ ഒരു പേര്, പക്ഷെ, സംസ്ഥാന നേതൃത്വം വെട്ടി. ശശി വീണ്ടും മത്സരിച്ചാൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രചാരണം, ഷൊർണൂരിൽ മാത്രമല്ല, പാലക്കാട്ടെ മറ്റു മണ്ഡലങ്ങളിലും മുന്നണിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ശശിയെ ഒഴിവാക്കിയത്. പകരം, അടുത്ത സമ്മേളനത്തോടെ പാർട്ടി ജില്ല സെക്രട്ടറി പദമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് കേൾക്കുന്നു. ശശിക്കുപകരം, ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.മമ്മിക്കുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 2011ൽ തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ മത്സരിച്ച മമ്മിക്കുട്ടി കമ്യൂണിസ്റ്റ് പ്രവർത്തകനായ പാച്ചത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകനാണ്.
കെ.എസ്.വൈ.എഫിലൂടെയാണ് ഇടതുരാഷ്ട്രീയത്തിലെത്തിയത്. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനാണ്. അദ്ദേഹത്തിന്റെ പ്രചാരണത്തിന് ബുധനാഴ്ച തുടക്കമായി.
കോൺഗ്രസിന് ഒരുതരത്തിലും ആശങ്ക വേണ്ടാത്ത മണ്ഡലമാണ് ഷൊർണൂർ. അതുകൊണ്ടുതന്നെ യുവാക്കൾ, പുതുമുഖം തുടങ്ങിയ പരീക്ഷണങ്ങൾ ഏതു അളവിലും സാധ്യമാണ്. കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ സി. സംഗീത അല്ലെങ്കിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.
ബി.ജെ.പി തുടർച്ചയായി വോട്ടുവിഹിതം വർധിപ്പിക്കുന്ന മണ്ഡലമാണ് ഷൊർണൂർ. 2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി പി.വി. ചന്ദ്രൻ 28,836 വോട്ടുനേടിയിരുന്നു. ഷൊർണൂർ, വാണിയംകുളം മേഖലകളിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടായിട്ടുണ്ട്. ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും വാണിയംകുളം, ചളവറ, അനങ്ങനടി, തൃക്കടീരി, വെള്ളിനേഴി, നെല്ലായ പഞ്ചായത്തുകളും അടങ്ങുന്നതാണ് മണ്ഡലം. പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണമാണ്.
2008ലെ പുനർനിർണയത്തോടെയാണ് മണ്ഡലം നിലവിൽവന്നത്. 2011ലെ ആദ്യ മത്സരത്തിൽ എൽ.ഡി.എഫിലെ കെ.എസ്. സലീഖ ജയിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷിന് 25,379 വോട്ടിന്റെ ഭൂരിപക്ഷം. 2016ൽ പി.കെ. ശശിക്കെതിരെ കോൺഗ്രസിലെ സി. സംഗീതയാണ് മത്സരിച്ചത്, ശശി 24,547 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠൻ ജയിച്ചപ്പോൾ, സി.പി.എമ്മിലെ എം.ബി. രാജേഷിന് ഷൊർണൂർ മണ്ഡലത്തിൽ 11,092 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.