ശ്രദ്ധ സതീഷ്​

ശ്രദ്ധയുടെ ആത്മഹത്യ ‘കാമ്പസ് കൊലപാതകം’ കൂടിയാണ്

ലേഡീസ് ഹോസ്റ്റലിലെ കുട്ടികളെ ചാപ്പലില്‍കൊണ്ടുവന്ന് അടച്ചുപൂട്ടി അവരുടെ റൂമുകള്‍ റെയ്ഡ് ചെയ്ത് മൊബൈലുകള്‍ പിടിച്ചുപറിക്കുന്ന രംഗം ഒന്ന് ഓര്‍ത്തുനോക്കൂ. അമല്‍ജ്യോതിയിലെ ലേഡീസ് ഹോസ്റ്റലില്‍ നടന്നതാണിത്. ശ്രദ്ധയുടെ മരണം, 'മഞ്ഞുമലയുടെ ഒരഗ്രം' മാത്രമാണ്. അത് ഒരു ദിവസത്തെ നടപടിയുടെ ഭാഗമായല്ല കാണേണ്ടത്. നിരന്തരമായ ഇമോഷനല്‍ ടോര്‍ച്ചറിന്റെ ഫലമാണിത്.

കാഞ്ഞിരപ്പള്ളി രൂപതയ്ക്കുകീഴിലുള്ള അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ ആത്മഹത്യ, കേരളത്തില്‍ പോലും കാമ്പസുകള്‍ പീഡനകേന്ദ്രങ്ങളായി മാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. വിദ്യാര്‍ഥി സംഘടനാരാഷ്ട്രീയം നിരോധിക്കുകയും വിദ്യാര്‍ഥികള്‍ക്ക് കാമ്പസിലും ഹോസ്റ്റലിലും കടുത്ത മനുഷ്യാവകാശലംഘനം നേരിടേണ്ടിവരികയും ചെയ്യുന്ന കാമ്പസുകളില്‍ ഒന്നാണ് അമല്‍ജ്യോതി കോളേജ് എന്നാണ്​ പുറത്തുവരുന്ന വിവരങ്ങളിൽനിന്ന്​ വ്യക്തമാകുന്നത്​. ശ്രദ്ധയുടെ മരണശേഷം അവിടുത്തെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും നടത്തുന്ന പരസ്യപ്രതികരണങ്ങള്‍ ഞെട്ടിപ്പിക്കുന്നവയും കേരളത്തിലെ ഒരു കാമ്പസിൽ സംഭവിക്കുമെന്ന്​ ആരും പ്രതീക്ഷിക്കാത്തവയുമാണ്.

വിദ്യാര്‍ഥി പ്രതിഷേധത്തെതുടര്‍ന്ന് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കിയും കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചും പ്രതിഷേധത്തില്‍നിന്ന് ഒളിച്ചോടാനുള്ള നീക്കം നടത്തുകയാണ് മാനേജുമെൻറ്​.

എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടാതെ തുടക്കത്തില്‍മാനേജുമെന്റ് പ്രതിരോധം തീര്‍ത്തെങ്കിലും വിദ്യാര്‍ഥികള്‍ പിന്‍വാങ്ങിയില്ല. കാമ്പസിലിട്ട് വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ തല ഇടപെടലുണ്ടായത്. ശ്രദ്ധയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക സര്‍വകലാശാല രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും സഹകരണ വകുപ്പുമന്ത്രി വി.എന്‍. വാസവനും ബുധനാഴ്ച കോളേജില്‍ ചര്‍ച്ചക്കെത്തുന്നുമുണ്ട്.

‘‘ഈ കോളേജിലെ മാത്രമല്ല, കേരളത്തിലെ നിരവധി സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്, അവരെല്ലാവരും ഇത്തരം സാഹചര്യങ്ങളുടെ അറ്റത്ത് നില്‍ക്കുകയാണ് എന്നാണ്​. അതായത്, തീര്‍ത്തും ഒറ്റപ്പെട്ട്, തങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ നിരവധി വിദ്യാര്‍ഥികള്‍ കേരളത്തിലുണ്ട്’’

ശ്രദ്ധക്ക്​ സംഭവിച്ചത്​

ജൂണ്‍ രണ്ടിന് രാത്രി എട്ടിനാണ്, ശ്രദ്ധ സതീഷ് ആത്മഹത്യാശ്രമം നടത്തിയതായി കോളേജ് അധികൃതര്‍ അച്ഛന്‍ സതീഷിനെ അറിയിച്ചത്. അന്ന്, ലാബില്‍ വച്ച് ഫോണ്‍ നോട്ടിഫിക്കേഷന്‍ നോക്കി എന്നുപറഞ്ഞ് ശ്രദ്ധയുടെ ഫോണ്‍ ലാബ് അസിസ്റ്റൻറ്​ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുന്ന വിധത്തില്‍ വിസ്തരിച്ചതായി സഹപാഠികള്‍ പറയുന്നു. എച്ച്.ഒ.ഡിയുടെയും ടീച്ചറുടെയും ഹരാസ്‌മെന്റിനുശേഷം, ഹോസ്റ്റലിലും പീഡനം തുടര്‍ന്നുവത്രേ.

അന്നു രാത്രി എട്ടിനാണ് മകള്‍ ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ വരണമെന്നും ആവശ്യപ്പെട്ട് ശ്രദ്ധയുടെ പിതാവ് സതീഷിന് കോളേജില്‍നിന്ന് വിളി വന്നത്. പത്തു മിനിറ്റിനുശേഷം ‘താങ്കളുടെ മകള്‍ പോയി’ എന്നും അറിയിച്ചു. മേരി ക്വീന്‍ ആശുപത്രിയിലെത്തിയ അച്ഛന്‍ കണ്ടത്, മോര്‍ച്ചറിയില്‍ മരവിച്ചുകിടക്കുന്ന മകളുടെ മൃതദേഹമായിരുന്നുവെന്ന് സതീഷിനൊപ്പം കോളേജിലെത്തിയ അയല്‍വാസിയും കുടുംബസുഹൃത്തുമായ രഘുനന്ദന്‍ ട്രൂകോപ്പിയോട് പറഞ്ഞു. ഫോണ്‍ പിടിച്ചെടുത്തശേഷം ശ്രദ്ധക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു: ‘‘വൈകീട്ട് വീട്ടില്‍നിന്ന് വിളിച്ചപ്പോള്‍ ശ്രദ്ധ ഉറങ്ങുകയായിരുന്നു. രണ്ടാമത് വിളിച്ചപ്പോള്‍ റൂമേറ്റ് റൂമിലുണ്ടായിരുന്നില്ല. പീന്നിട്, ആശുപത്രിയില്‍നിന്നുള്ള വിളിയാണ് എത്തുന്നത്.’’

അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ്‌

കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്ന് രഘുനന്ദന്‍ പറയുന്നു: ‘‘സംഭവദിവസം വൈകീട്ട് മൂന്നു മണിക്ക് ശ്രദ്ധയുടെ അച്ഛനെ വിളിച്ച്, ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്, കോളേജിലേക്ക് വരണം എന്നാവശ്യപ്പെട്ടിരുന്നു. അച്ഛനോട് ഇങ്ങനെയാണ് പറഞ്ഞിരുന്നത് എങ്കിലും, ശ്രദ്ധയെ ഹരാസ് ചെയ്തിട്ടുണ്ട് എന്നാണ് സഹപാഠികള്‍ പറഞ്ഞത്. എച്ച്.ഒ.ഡിയും ടീച്ചറും മാത്രമുള്ള കാബിനിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി. പുറത്തുവന്ന ശ്രദ്ധ, തന്നെ ഹരാസ് ചെയ്തുവെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നും പറഞ്ഞതായി സഹപാഠികള്‍ പറഞ്ഞിട്ടുണ്ട്. വൈകീട്ട് ഏഴേ മുക്കാല്‍ മുതല്‍ എട്ടര വരെയാണ് ഡിന്നര്‍ സമയം. റൂമിലുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ശ്രദ്ധ ജീവനൊടുക്കിയത് എന്നാണ് പറയുന്നത്.’’

‘‘മറ്റു കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ ശ്രദ്ധ പോയില്ല, ചൂടുവെള്ളം കൊണ്ടുവന്നുതന്നാല്‍ മതിയെന്നും അവരോടു പറഞ്ഞു. മറ്റു കുട്ടികള്‍ ഭക്ഷണം കഴിച്ചുവന്നപ്പോള്‍ ശ്രദ്ധയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടുവെന്നാണ് വീട്ടില്‍ അറിയിച്ചത്. പരീക്ഷയില്‍ തോറ്റതിന്റ മാനസികസംഘര്‍ഷം മൂലമാണ് ആത്മഹത്യ എന്നാണ് കോളേജ് അധികൃതര്‍ ഇപ്പോള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ശ്രദ്ധക്ക് പഠിക്കാനുള്ള കപ്പാസിറ്റിയില്ല എന്നാണ് അവരിപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയിട്ടുണ്ട്.’’

ശ്രദ്ധ മരിച്ചത് കോളേജില്‍നിന്നുള്ള മാനസിക പീഡനത്തെതുടര്‍ന്നാണ് എന്ന് പിതാവ് സതീശന്‍ പറയുന്നു. കോളേജിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചതിനെതുടര്‍ന്നാണ് ഫോണ്‍ പിടിച്ചുവച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. അല്ലാതെ, പരീക്ഷായില്‍ മാര്‍ക്ക് കുറഞ്ഞതിനല്ല. ശ്രദ്ധ വളരെ സന്തോഷവതിയായിരുന്നു. ആത്മഹത്യ ചെയ്യുന്ന കുട്ടിയല്ല. എച്ച്.ഒ.ഡിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ തരത്തിലുള്ള സംസാരമുണ്ടായിട്ടുണ്ട്.

കോളേജില്‍ കുഴഞ്ഞുവീണു എന്നാണ് ശ്രദ്ധയെ ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോള്‍ പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോള്‍ ശ്രദ്ധക്ക് ജീവനുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ വെന്റിലേഷന്‍ സൗകര്യമടക്കം നല്‍കാന്‍ കഴിയുമായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ശ്രദ്ധയുടെ മരണമുണ്ടായ ഉടന്‍ വിദ്യാര്‍ഥികളുടെ വീട്ടിലേക്ക് കോളേജ് അധികൃതര്‍ മെസേജ് അയച്ചു, ആരും ഇക്കാര്യത്തില്‍ പ്രതികരിക്കരുത് എന്നു പറഞ്ഞ്. ഇവര്‍ക്ക് എന്തോ ഒളിക്കാനുണ്ട് എന്നാണ് ഇത് കാണിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മരണവിവരമറിഞ്ഞ് കോളേജിലെത്തിയ ശ്രദ്ധയുടെ ബന്ധുവിനോട് സഹപാഠികള്‍ പറഞ്ഞത്, ഒരു കാരണവശാലും ഈ കേസ് വിട്ടുകളയരുത്, ഇത് പീഡനം മൂലമുണ്ടായതാണ് എന്നാണ്. എച്ച്.ഒ.ഡി വിളിച്ചുസംസാരിച്ചശേഷം ശ്രദ്ധ വളരെ വിഷാദവതിയായിരുന്നു. ഈ പീഡനം ഹോസ്റ്റലിലും വാര്‍ഡന്മാരുടെ നേതൃത്വത്തില്‍ തുടര്‍ന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ജീവിക്കാൻ കൊള്ളാത്ത ഒരു കാമ്പസ്​

ഇത്രയും അരക്ഷിതാവസ്ഥയുള്ള ഒരു കാമ്പസില്‍ എങ്ങനെ ജീവിക്കാനാണ് എന്നാണ് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ചോദിച്ചത്. ലാബില്‍ വച്ച് അവസാനമായി ശ്രദ്ധക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നു: ''എച്ച്.ഒ.ഡിയുടെ മുറിയില്‍നിന്ന് വന്നശേഷം ശ്രദ്ധ മരവിച്ചുപോയിരുന്നു. അവള്‍ വളരെ വീക്കായിരുന്നു. ചത്താ മതി എന്ന് ശ്രദ്ധ പറയുന്നുണ്ടായിരുന്നു. സഹപാഠികള്‍ അവളെ ആശ്വസിപ്പിച്ചു.''

''എന്തെങ്കിലും പരാതി പറഞ്ഞാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറക്കുകയോ സസ്‌പെന്റ് ചെയ്യുകയോ ചെയ്യും. അല്ലെങ്കില്‍ ലാബ് എക്‌സാമിന് തോല്‍പ്പിക്കും. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാല്‍, ആണും പെണ്ണും തമ്മില്‍ മിണ്ടിയാല്‍ നടപടിയെടുക്കും. റെഡ് സ്ട്രീറ്റ് ഗേള്‍സ് എന്നുവരെ പെണ്‍കുട്ടികളെ ആക്ഷേപിച്ചിട്ടുണ്ട്. ഫോണിലെ പ്രൈവറ്റ് ചാറ്റുകള്‍ വരെ വായിക്കും. ദൈവത്തിന്റെ മാലാഖമാര്‍ എന്നു പറയുന്ന സിസ്റ്റര്‍മാര്‍ എന്തെല്ലാമാണ് ഞങ്ങളെ പറയുന്നത് എന്ന് ഞങ്ങള്‍ക്കുമാത്രമേ അറിയൂ.''

ശ്രദ്ധയെപ്പോലെ ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇവിടെയുണ്ടെന്ന് ഒരു ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥി പറയുന്നു: ‘‘കോളേജ് വെറുത്ത് ഇവിടെനിന്നിറങ്ങാന്‍ നില്‍ക്കുന്ന നിരവധി പേരുണ്ട്. പ്രതികരിക്കുന്നവരെ അസഭ്യം പോലും പറയുന്ന അച്ചന്മാരുണ്ട്. പീഡനം സഹിക്കാതെ ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയവരുടെ വീട്ടിലേക്ക് മെയില്‍ അയച്ചു, അവര്‍ കഞ്ചാവിന് അടിമകളാണ് എന്നു പറഞ്ഞ്. കോളേജില്‍നിനന് പുറത്താക്കിയാല്‍ പിന്നെ ഭാവി പോലും ഇല്ലാതാകും എന്നത് പേടിച്ചാണ് പീഡനം സഹിച്ചും ഇവിടെ തുടരുന്നത്.''
കോളേജ് തടവറയാണ് എന്നാണ്, ശ്രദ്ധയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്: ‘‘പുഴുവുള്ള ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍, വേണമെങ്കില്‍ ഇവിടെ നിന്നാല്‍ മതി എന്ന മറുപടിയാണ് കിട്ടിയത്. ഹോസ്റ്റലിലും കോളേജിലും ഇത്തരം നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്, ഒന്നു പുറത്തുവരാറില്ല. പേടിച്ചാണ് ഇവിടെ പഠിക്കുന്നത്. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞതിന് ഞങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പാണ്. അത് അറിഞ്ഞിട്ടുതന്നെയാണ് ഞങ്ങള്‍ ഇതെല്ലാം പറയുന്നത്.’’

അമൽജ്യോതി കോളേജ്​ മാനേജറുടെ പത്രക്കുറിപ്പ്​

അമല്‍ജ്യോതി കോളേജ് മാനേജര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഫോണ്‍ പിടിച്ചെടുത്തതിനെക്കുറിച്ചും അതില്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും ഒരക്ഷരം പോലുമില്ല. ‘ശ്രദ്ധയുടെ അകാലവിയോഗത്തിലുള്ള അനുശോചനയോഗം കോളേജ് ഓഡിറ്റോറിയത്തില്‍നടത്തി' എന്നു തുടങ്ങുന്ന പ്ര്‌സതാവനയില്‍, ‘ശ്രദ്ധ ആത്മഹത്യാശ്രമം നടത്തിയപ്പോള്‍ അടുത്തുള്ള മേരി ക്യൂന്‍സ് ആശുപത്രിയിലെത്തിച്ചതായും ഒപ്പം പൊലീസിലും രക്ഷിതാക്കളെയും വിവരമറിയിച്ചതായും’ പറയുന്നുണ്ട്. ‘ആരോപണങ്ങളിലൂടെ അധ്യാപകരെയും ഹോസ്റ്റല്‍ അധികൃതരെയും സഹപാഠികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്’ എന്ന അഭ്യര്‍ഥനയോടെയാണ് പ്രസ്താവന അവസാനിക്കുന്നത്. ശ്രദ്ധയുടെ ഫോണ്‍ പിടിച്ചെടുത്തതോ അതേതുടര്‍ന്ന് എച്ച്.ഒ.ഡിയും ഹോസ്റ്റല്‍ വാര്‍ഡനും നടത്തിയതായി ആരോപിക്കപ്പെടുന്ന ചോദ്യം ചെയ്യലുകളെക്കുറിച്ചും ഈ പ്ര്‌സതാവന പൂര്‍ണ നിശ്ശബ്ദത പുലര്‍ത്തുന്നു. മാത്രമല്ല, മറുവശത്ത്​, പഠനത്തിൽ പിന്നാക്കം പോയതിന്റെ മനോവിഷമത്തിലാണ്​ ആത്മഹത്യ എന്ന വ്യാജമുണ്ടാക്കുകയും ചെയ്യുന്നു.

‘‘രാത്രി എട്ടുമണിക്കുശേഷം ആണ്‍കുട്ടികള്‍ പരസ്പരം കണ്ടുമുട്ടാനും കൂട്ടംകൂടിനില്‍ക്കാനും പാടില്ല എന്നൊരു നിയമമുള്ളൊരു കോളേജ് ഹോസ്റ്റല്‍ കേരളത്തിലുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എട്ടു മണിക്കുശേഷം ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല.’’

ഒരു ഇന്‍സ്റ്റിറ്റ്യൂഷനല്‍ മര്‍ഡര്‍ എന്ന നിലയ്ക്കുതന്നെയാണ് ശ്രദ്ധയുടെ മരണത്തെ എസ്.എഫ്.ഐ സമീപിക്കുന്നത് എന്ന് എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി മെല്‍വിന്‍ ജോസഫ് ട്രൂകോപ്പിയോടു പറഞ്ഞു: ‘‘ഹരാസ്‌മെന്റിനെതുടര്‍ന്നാണ് മരണം. കാമ്പസിൽ ഫോണ്‍ ഉപയോഗിച്ചതിനെതുടര്‍ന്നാണ് ശ്രദ്ധക്കെതിരെ നടപടിയെടുത്തത്. എന്നാല്‍, അതിന്റെ പേരില്‍ എച്ച്.ഒ.ഡിയും ഹോസ്റ്റല്‍ വാര്‍ഡനും അടക്കമുള്ളവര്‍ റൂമില്‍ വിളിച്ചുവരുത്തി വല്ലാത്ത സാഹചര്യത്തില്‍ വര്‍ത്തമാനം പറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ശ്രദ്ധക്ക് പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞു എന്നാണ് ഇപ്പോള്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇത് വസ്തുതാവിരുദ്ധമാണ്. മാര്‍ക്ക് കുറഞ്ഞതിന് ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥിയല്ല ശ്രദ്ധ എന്നാണ് സഹപാഠികള്‍ ഒന്നടങ്കം ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. വളരെ ബോള്‍ഡ് ആയി നില്‍ക്കുന്ന വിദ്യാര്‍ഥിയാണ്. ഒരു വിദ്യാര്‍ഥിക്കും അംഗീകരിക്കാനാകാത്ത സമീപനമാണ് കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രദ്ധക്കുനേരെയുണ്ടായത്. ഹോസ്റ്റലില്‍ പോലും ഇത്തരം സമീപനമുണ്ട്. അതുകൊണ്ടാണ് കുട്ടികള്‍ ഒന്നടങ്കം സമരത്തിനിറങ്ങിയത്. മാനേജുമെന്റാകട്ടെ, വിദ്യാഥികളുമായി ചര്‍ച്ചക്ക് തയാറാകുന്നില്ല.’’

മെല്‍വിന്‍ ജോസഫ്

കാമ്പസുകളിലെ അരാഷ്ട്രീയവല്‍ക്കരണമാണ് ശ്രദ്ധയുടെ മരണം വരെയെത്തിച്ച സംഭവങ്ങളുടെ അടിസ്ഥാന കാരണമെന്നുകൂടി മെല്‍വിന്‍ കൂട്ടിച്ചേര്‍ത്തു: ‘‘രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കാമ്പസാണിത്. കാമ്പസുകളെ അരാഷ്ട്രീയമാക്കി ഒറ്റതിരിച്ചുനിര്‍ത്തുന്നതിന്റെ ഏറ്റവും വലിയ ഒരു ദുരന്തം കൂടിയാണ് ശ്രദ്ധയുടെ മരണം. ഈ കാമ്പസില്‍ പ്രശ്‌നമുണ്ടായപ്പോള്‍ തന്നെ, വിദ്യാര്‍ഥികള്‍ ഞങ്ങളെ ബന്ധപ്പെട്ടു. ആദ്യ ഘട്ടത്തില്‍ ഈ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. എല്ലാ വിദ്യാര്‍ഥികളുടെയും പ്രശ്‌നമായി ഇത് ഏറ്റെടുത്ത് സമരവുമായി മുന്നോട്ടുപോകാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.’’

അവിശ്വസനീയ അനുഭവങ്ങൾ

അമല്‍ജ്യോതി കോളേജിനെക്കുറിച്ച് ശ്രദ്ധയുടെ സഹാപാഠികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുന്നതാണ്, പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും തിരക്കഥാകൃത്തുമായ ഷാരിസ് മുഹമ്മദിന്റെ, ഈ കാമ്പസിനെക്കുറിച്ചുള്ള അതീവ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. 2006- 2010 ബാച്ചില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു ഷാരിസ്. അവിശ്വസനീയമായ ഒട്ടേറെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയ വിദ്യാര്‍ഥിയായിരുന്നു താന്‍ എന്ന് ട്രൂകോപ്പിയോട് അദ്ദേഹം പറഞ്ഞു: ‘‘മനുഷ്യര്‍ക്ക് ഒത്തുകൂടാനും ആശയങ്ങള്‍ ഡിബേറ്റ് ചെയ്യാനും അങ്ങനെ പ്രോഗ്രസ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം- അതിനെയാണ് വിദ്യാഭ്യാസം എന്നു പറയുന്നത്. ഈയൊരു സ്വാതന്ത്ര്യം അമല്‍ജ്യോതി കോളേജിലില്ല. രാത്രി എട്ടുമണിക്കുശേഷം ആണ്‍കുട്ടികള്‍ പരസ്പരം കണ്ടുമുട്ടാനും കൂട്ടംകൂടിനില്‍ക്കാനും പാടില്ല എന്നൊരു നിയമമുള്ളൊരു കോളേജ് ഹോസ്റ്റല്‍ കേരളത്തിലുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എട്ടു മണിക്കുശേഷം ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. രാത്രി ഒമ്പതരക്കുശേഷം പുറത്തിറങ്ങാന്‍ പെണ്‍കുട്ടികള്‍ സമരം ചെയ്യുന്ന കാലം കൂടിയാണിത് എന്നോര്‍ക്കണം.’’

ഷാരിസ് മുഹമ്മദ്

‘‘ഈ കാമ്പസിലെ അടിസ്ഥാനപരമായ മനുഷ്യാവകാശലംഘനങ്ങളുടെ എത്രയോ ഉദാഹരണങ്ങള്‍ എനിക്ക് പറഞ്ഞുതരാന്‍ പറ്റും. സിനിമയിലുള്ളതെന്ന് തോന്നിപ്പിക്കുന്ന ഒരു രംഗം പറയാം: ലേഡീസ് ഹോസ്റ്റലിലെ കുട്ടികളെ ചാപ്പലില്‍കൊണ്ടുവന്ന് അടച്ചുപൂട്ടി അവരുടെ റൂമുകള്‍ റെയ്ഡ് ചെയ്ത് മൊബൈലുകള്‍ പിടിച്ചുപറിക്കുന്ന രംഗം ഒന്ന് ഓര്‍ത്തുനോക്കൂ. അമല്‍ജ്യോതിയിലെ ലേഡീസ് ഹോസ്റ്റലില്‍ നടന്നതാണിത്. ശ്രദ്ധയുടെ മരണം, 'മഞ്ഞുമലയുടെ ഒരഗ്രം' മാത്രമാണ്. പത്തിരുപതു വര്‍ഷത്തോളം ജീവിച്ച ഒരു കുട്ടി എത്രത്തോളം ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഒരു പോയിന്റില്‍ വച്ച് അവള്‍ ജീവന്‍ അവസാനിപ്പിക്കുന്നുവെങ്കില്‍, അത് ഒരു ദിവസത്തെ നടപടിയുടെ ഭാഗമായല്ല കാണേണ്ടത്. നിരന്തരമായ ഇമോഷനല്‍ ടോര്‍ച്ചറിന്റെ ഫലമാണിത്.’’

‘‘ഞാന്‍ പഠിക്കുന്ന സമയത്ത്, ആരാണ് ചെയര്‍മാന്‍ എന്ന് 99 ശതമാനം വിദ്യാര്‍ഥികള്‍ക്കും അറിയില്ല. മാനേജുമെന്റിനോട് എതിര്‍വാ പറയാത്ത ആരെയെങ്കിലും പിടിച്ച് ആ സ്ഥാനത്തിരുത്തും. ഞങ്ങള്‍ കണ്ടിട്ടുപോലുമില്ല, ഞങ്ങളുടെ ചെയര്‍മാനെ.’’

‘‘ഏറ്റവും വലിയ ടോര്‍ച്ചര്‍, ഇമോഷനല്‍ ടോര്‍ച്ചറാണ്. 'ത്രീ ഇഡിയറ്റ്‌സ്' എന്ന സിനിമയില്‍ അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം, സഹപാഠി മരിച്ചുകഴിയുമ്പോള്‍, മനുഷ്യന്റെ ഇമോഷനല്‍ പ്രഷറിനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യന്ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ പറയാന്‍ കഴിയുന്ന ഏറ്റവും കൃത്യമായ രൂപകവും ഇതാണ്.’’

‘‘വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത കോളേജാണിത്. ഞാന്‍ പഠിക്കുന്ന സമയത്ത്, ആരാണ് ചെയര്‍മാന്‍ എന്ന് 99 ശതമാനം വിദ്യാര്‍ഥികള്‍ക്കും അറിയില്ല. മാനേജുമെന്റിനോട് എതിര്‍വാ പറയാത്ത ആരെയെങ്കിലും പിടിച്ച് ആ സ്ഥാനത്തിരുത്തും. ഞങ്ങള്‍ കണ്ടിട്ടുപോലുമില്ല, ഞങ്ങളുടെ ചെയര്‍മാനെ. ഇത്തരം പ്രശ്‌നമുണ്ടാകുമ്പോള്‍ ചെയര്‍മാന്‍വന്ന് കാര്യങ്ങള്‍ വിശദീകരിക്കേണ്ടേ? ഈ കോളേജില്‍ മാത്രമല്ല, കേരളത്തിലെ സ്വശ്രയ കോളേജുകളിലെല്ലാം വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന യൂണിയന്‍ പ്രതിനിധികള്‍ വരണം. അത്തരം റപ്രസന്റേഷന്‍ ഇല്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങളുടെ അടിസ്ഥാനം എന്നാണ് ഞാന്‍ കരുതുന്നത്.’’

‘‘മാനേജുമെന്റിനൊപ്പം ഞാന്‍ പ്രതിസ്ഥാനത്തുനിര്‍ത്തുന്നത് അവിടുത്തെ അധ്യാപക- രക്ഷാകര്‍തൃ സംഘടനയെയും കൂടിയാണ്. ശ്രദ്ധ മരിച്ചശേഷം, അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊരു സ്‌റ്റേറ്റുമെന്റുണ്ടായിട്ടുണ്ടോ. ശരിക്കും രക്ഷിതാക്കളല്ലേ സമരം ചെയ്യേണ്ടത്​?. രക്ഷിതാക്കള്‍ ഇടപെടാത്തതാണ്, മാനേജുമെന്റിന് വിദ്യാര്‍ഥികള്‍ക്കുമേല്‍ ഇത്തരം ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്താന്‍ ധൈര്യം നല്‍കുന്നത്. നിങ്ങള്‍ നിങ്ങളുടെ മക്കളെ വിശ്വസിക്കൂ എന്നാണ് എനിക്ക് രക്ഷിതാക്കളോട് പറയാനുള്ളത്. എന്തിനാണ് മാനേജുമെന്റുകളോട് രാജഭക്തി? സ്വന്തം മക്കളുടെ ഇമോഷനല്‍ ടോര്‍ച്ചര്‍ രക്ഷിതാക്കള്‍ മനസ്സിലാക്കണം. ഇടിമുറികളേക്കാള്‍ സോഫിസ്റ്റിക്കേഡായ സംഗതികള്‍ ഈ കാമ്പസിലുണ്ട്. ഞാന്‍ പഠിച്ച സമയത്തുണ്ടായിരുന്ന ഒരു ഉദാഹരണം പറയാം. രാത്രി ഒമ്പതു മണിക്ക് വയനാട്ടിലെ എന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കാഞ്ഞിരപ്പള്ളിയിലെ ഈ കോളേജിന്റെ ഹോസ്റ്റലില്‍നിന്ന് ഒരു കോള്‍ പോകുന്നു: ‘നാളെ രാവിലെ പത്തു മണിക്ക് നിങ്ങള്‍ ഇവിടെ ഹാജരായില്ലെങ്കില്‍ നിങ്ങളുടെ മകനെ പുറത്താക്കും.’ എന്താണ് കാര്യം എന്നു ചോദിച്ചപ്പോള്‍ ഒന്നും പറയാതെ ഫോണ്‍ കട്ടു ചെയ്യുന്നു. ആ മാതാപിതാക്കള്‍ ആ രാത്രി എങ്ങനെയായിരിക്കും കഴിച്ചുകൂട്ടിയിട്ടുണ്ടാകുക? വയനാട്ടില്‍നിന്ന് പിന്നേറ്റു രാവിലെ പത്തിന് എങ്ങനെ കാഞ്ഞിരപ്പള്ളിയിലെത്തും?. ഇതൊരു ചെറിയ കാര്യമല്ല. ടോര്‍ച്ചര്‍ ചെയ്യപ്പെടുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നിശ്ശബ്ദരായിരിക്കുന്നത് മാതാപിതാക്കളെ ഓര്‍ത്തിട്ടാണ്. വിദ്യാര്‍ഥികളോട് സംവദിക്കാന്‍ പോലും തയാറല്ലാത്ത ഒരു മാനേജുമെന്റാണിത്.’’

‘‘ഞാന്‍ ജീവിതത്തില്‍ വിദ്യാഭ്യാസപരമായി ഏറ്റവും നേട്ടമുണ്ടാക്കിയിട്ടുള്ളത് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ്. ഞാനൊരു അധ്യാപകനുമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ, അതിന്റെ മാനേജുമെന്റിന്റെ അപ്രോച്ചിന്റെ പ്രശ്‌നമാണിത്. ഒരു ശതമാനം പോലും എനിക്ക് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയോട് പരാതിയില്ലെന്നുമാത്രമല്ല, എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നത് ആ സ്ഥാപനത്തോടാണ്.’’

‘‘എനിക്കിപ്പോഴും കോണ്‍ടാക്റ്റുള്ള അധ്യാപകരുള്ള സ്ഥാപനമാണ് അമല്‍ജ്യോതി കോളേജ്. അധ്യാപകര്‍ക്ക് മാനേജുമെന്റിനെതിരെ ശബ്ദമുയര്‍ത്താന്‍ അവകാശമില്ലെങ്കില്‍, വിദ്യാര്‍ഥികള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? ഇതാണ് അടിസ്ഥാനപ്രശ്‌നം. ഞാന്‍ ഇന്നലെ ഒരു വീഡിയോ ഇട്ടിരുന്നു. അതിനുശേഷം, ഈ കോളേജിലെ മാത്രമല്ല, കേരളത്തിലെ നിരവധി സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്, അവരെല്ലാവരും ഇത്തരം സാഹചര്യങ്ങളുടെ അറ്റത്ത് നില്‍ക്കുകയാണ് എന്നാണ്​. അതായത്, തീര്‍ത്തും ഒറ്റപ്പെട്ട്, തങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ നിരവധി വിദ്യാര്‍ഥികള്‍ കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയുടെ മരണം ഒറ്റപ്പെട്ടതോ ചെറിയതോ ആയ വിഷയമല്ല.’’

വർഗീയ കാമ്പയിൻ

ശ്രദ്ധയുടെ മരണം പൊതുസമൂഹം ചര്‍ച്ച ചെയ്്തുതുടങ്ങിയപ്പോള്‍, വിഷയത്തെ സഭക്കുനേരെയുള്ള ആക്രമണമായി തിരിച്ചുവിടാന്‍ സീറോ മലബാര്‍ സിനഡ് പോലുള്ള സഭാ സംവിധാനങ്ങള്‍ രംഗത്തുവന്നു: ''ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം മികച്ച സേവന നിലവാരം പുലര്‍ത്തുന്നവയാണ്. അവരെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം കൂട്ടുകയും യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. അമല്‍ജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്കുപിന്നിലെ രാഷ്ട്രീയ- വര്‍ഗീയ താല്‍പര്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.''- സീറോ മലബാര്‍ സിനഡ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

ഈ വര്‍ഗീയ കാമ്പയിന്‍ പ്രസ്താവയില്‍ ഒതുങ്ങിയില്ല. അമര്‍ജ്യോതി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി. വൈദികരും കന്യാസ്ത്രീകളുമാണി ഇതിന് നേതൃത്വം നല്‍കിയത്.

പരിഹാര സെൽ പരിഹാരമോ?

ശ്രദ്ധയുടെ മരണം പൊതുസമൂഹം ചര്‍ച്ച ചെയ്​തു തുടങ്ങിയപ്പോള്‍, വിഷയത്തെ സഭക്കുനേരെയുള്ള ആക്രമണമായി തിരിച്ചുവിടാന്‍ സീറോ മലബാര്‍ സിനഡ് പോലുള്ള സഭാ സംവിധാനങ്ങള്‍ രംഗത്തുവന്നു: ''ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം മികച്ച സേവന നിലവാരം പുലര്‍ത്തുന്നവയാണ്. അവരെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം കൂട്ടുകയും യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. അമല്‍ജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്കുപിന്നിലെ രാഷ്ട്രീയ- വര്‍ഗീയ താല്‍പര്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.''- സീറോ മലബാര്‍ സിനഡ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

ഈ വര്‍ഗീയ കാമ്പയിന്‍ പ്രസ്താവയില്‍ ഒതുങ്ങിയില്ല. അമര്‍ജ്യോതി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി. വൈദികരും കന്യാസ്ത്രീകളുമാണി ഇതിന് നേതൃത്വം നല്‍കിയത്.

ശ്രദ്ധയുടെ മരണത്തെതുടര്‍ന്ന് സര്‍ക്കാര്‍ ചില പരിഹാര നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്:

  • സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളിലടക്കം മുഴുവന്‍ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വകലാശാല പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കും.

  • പരാതി സെല്ലില്‍ ഒരു വനിതയും വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളുമുണ്ടാകും.

  • പരാതി പരിഹാര സെല്ലില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലകളില്‍ മോണിറ്ററിംഗ് സമിതിയെ സമീപിക്കാം.

  • പ്രവേശത്തില്‍ മെരിറ്റ് പാലിക്കാത്തത്, സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കല്‍, അടിസ്ഥാന സൗകര്യക്കുറവ്, ലിംഗപരമോ സാമൂഹ്യപരമോ ഭിന്നശേഷിപരമോ ആയ വേര്‍തിരിവ്, പരീക്ഷാ പരാതികള്‍, അധികാരികളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുള്ള മാനസിക- ശാരീരിക പീഡനം, ഇന്‍േറനല്‍ മാര്‍ക്കിന്റെ പേരിലുള്ള ഭീഷണി തുടങ്ങിയ പരാതികളാണ് സെല്‍ പരിഗണിക്കുക.

  • വിദ്യാര്‍ഥികളുടെ പരാതികളില്‍ നടപടിയെടുത്തില്ലെങ്കില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടിയെടുക്കും.

  • വിദ്യാര്‍ഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തപരവുമായ അവകാശരേഖ സര്‍വകലാശാലാ നിയമത്തിന്റെ ഭാഗമാക്കും.

  • സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും എയ്ഡഡ് കോളേജുകളിലും നിലവിലുള്ള ജീവനി കൗണ്‍സലിംഗ് സംവിധാനം അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.

എന്നാല്‍, കോളേജുകളില്‍, പ്രത്യേകിച്ച് അമല്‍ജ്യോതി പോലുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ നിലവിലുള്ള അധികാരഘടന വിദ്യാര്‍ഥിപക്ഷത്തുനിന്നുള്ള ഇത്തരം നടപടികള്‍ എത്രത്തോളം ക്രിയാത്മകമായി നടപ്പാക്കും എന്നത് വലിയ ചോദ്യമാണ്. കൊട്ടിയത്ത് സഭ നടത്തുന്ന ഒരു സ്വാശ്രയ കോളേജിനെക്കുറിച്ച് ഒരു വിദ്യാര്‍ഥി പേര് വെളിപ്പെടുത്താതെ ട്രൂകോപ്പി അയച്ച കത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്: ''ഞങ്ങളുടെ കോളേജില്‍ അധ്യാപകര്‍ക്ക് വേണ്ടത്ര പരിചയമോ യോഗ്യതയോ ഇല്ല. പുരോഹിതരാണ് അധ്യാപകര്‍. അവരെടുക്കുന്ന ക്ലാസിനെക്കുറിച്ച് പരാതി പറഞ്ഞാല്‍, കോളേജ് ഡയറക്ടര്‍ ഈ വിദ്യാര്‍ഥിയെ വ്യക്തിപരമായി വന്നു കാണാന്‍ പറയും, എന്നിട്ട് ഭീഷണിയും മാനസിക പീഡനവും നടത്തും.''

ശ്രദ്ധയെ മരണത്തിലേക്ക് തള്ളിവിട്ട അമല്‍ജ്യോതി കോളേജിലെ തന്നെ വിദ്യാര്‍ഥികള്‍, ആ കാമ്പസ് ഒരു തടവറയാണ് എന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കാമ്പസിലും ഹോസ്റ്റലിലും നടക്കുന്ന പീഡനങ്ങളെ, അച്ചടക്കത്തിന്റെ ഭാഗമായി എളുപ്പം ന്യായീകരിക്കുകയാണ് അമല്‍ജ്യോതി അധികൃതര്‍ ചെയ്തത്. ഈ ന്യായീകരണങ്ങള്‍, അവിടുത്തെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും എളുപ്പം സ്വീകരിക്കും. കാരണം, ഇത്തരം, അച്ചടക്കത്തിലൂടെ തങ്ങളുടെ മക്കള്‍ കടന്നുപോകണം എന്നൊരു മധ്യവര്‍ഗ താല്‍പര്യമുള്ളവരാണ് ഇത്തരം രക്ഷിതാക്കള്‍. ഇവരുടെ ബലത്തിലാണ് അമല്‍ജ്യോതിയിലെ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രോശിക്കുന്നത്.

ശ്രദ്ധയുടെ മരണത്തിനിടയാക്കിയ സംഭവങ്ങൾ അമല്‍ജ്യോതിയില്‍ ഒതുങ്ങുന്ന പ്രശ്‌നമല്ല എന്നാണ്​ വിദ്യാർഥികളുടെ സാക്ഷ്യങ്ങൾ തെളിയിക്കുന്നത്​. പഠനാന്തരീക്ഷം വിദ്യാർഥി സൗഹൃദപരമാക്കുന്നതിനെക്കുറിച്ച്​ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ്​ ശ്രദ്ധയെപ്പോലുള്ള മിടുക്കികളായ വിദ്യാർഥികൾക്ക്​ ജീവൻ കൊടുക്കേണ്ട സാഹചര്യം സൃഷ്​ടിക്കപ്പെടുന്നത്​. സ്വാശ്രയ മാനേജുമെൻറുകളുടെ മനുഷ്യാവകാശലംഘനങ്ങളും വിദ്യാർഥിവിരുദ്ധ സമീപനങ്ങളും ഭരണകൂടങ്ങളുടെയും കക്ഷിരാഷ്​ട്രീയത്തിന്റെയും ബാലൻസിംഗിൽ ഒത്തുതീർക്കപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ, ശ്രദ്ധയെപ്പോലുള്ള വിദ്യാർഥികൾ ‘ഒറ്റപ്പെട്ട’ സംഭവങ്ങളായി ഇല്ലാതായിക്കൊണ്ടിരിക്കും.

Comments