ആ 11 ലക്ഷം ഇനാം, ഫാക്ട് ചെക്കിന്

ചോദ്യം : ബേസ്ഡ് ഓണ്‍ ട്രൂസ്റ്റോറി എന്ന ലേബലില്‍ ആണ് കേരളാസ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപഗാന്റ സിനിമ ഈ മെയ് 5നു റിലീസ് ആവുന്നത്. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ നടക്കുന്നുണ്ട്. 32000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും ISIS ല്‍ ചേരാന്‍ പോയി എന്ന നുണ പ്രചാരണമാണ് നടക്കുന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ കേരളത്തിലെ രാഷ്ട്രീയലോകവും സാംസ്കാരിക മണ്ഡലവുമെല്ലാം ഈ സിനിമ മുന്നോട്ടുവെക്കുന്ന വിദ്വേഷ ഉള്ളടക്കത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. അതിനിടെയാണ് സിനിമയില്‍ പറയുന്നത് പോലെ കേരളത്തില്‍ നിന്നും മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ ഓഫര്‍ പ്രഖ്യാപിച്ച് താങ്കള്‍ രംഗത്തെത്തിയത്. #keralastorychallenge എന്ന ഹാഷ്ടാഗോടുകൂടി ഇപ്പോള്‍ നിരവധി പേര്‍ ആ ക്യാംപയിന്‍ ഏറ്റെടുത്തിട്ടുണ്ട്. അതിലേക്ക് പ്രേരിപ്പിച്ച സവിശേഷമായ ആ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു

Hate (വെറുപ്പ് ) ഉം Fake (വ്യാജം) ഉം ഫാഷിസ്റ്റുകൾക്ക് ഏറ്റവും ഇഷ്ടമുളള രണ്ട് ടൂളുകളാണ്. Fake വാർത്തകൾ ഉപയോഗിച്ച് hate നിർമ്മിക്കുക എന്നത് ഹിറ്റ്ലറുടെ രീതിയാണ്. അതിന് ഹിറ്റ്ലർ ഏൽപിച്ചത് ഗീബൽസിനെ ആയിരുന്നു. ഇന്ത്യയിൽ ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും അനുയായികൾ ലക്ഷക്കണക്കിനു ഗീബൽസുകളെയാണ് നിയമിച്ചിട്ടുള്ളത്. ആദ്യം വാട്സ് ആപ്പുകളും മെസ്സഞ്ചറുകളും സ്വകാര്യമായ സന്ദേശ പ്ലാറ്റ്ഫോമുകളുമാണ് അവർ ഉപയാഗപ്പെടുത്തിയിരുന്നത്. അതിനെ പുറത്തുള്ളവർ വാട്സ് ആപ്പ് യൂണിവേഴ്സിറ്റി എന്നും വാട്സ് ആപ്പ് മാമൻ എന്നൊക്കെ കളിയാക്കി പറയാറുണ്ടെങ്കിലും അതു കൃത്യമായി ഫാഷിസ്റ്റുകൾ ഇന്ത്യയിൽ വിജയിപ്പിക്കുന്നുണ്ട്. ആ വിജയമാണ് വലിയ സ്ക്രീനിലിലേക്ക് ആ Fake പറിച്ചു നടാനുള്ള ധൈര്യം പകർന്നത്. അങ്ങിനെ മാസ്സ് മീഡിയ ഉപയോഗിച്ച് സംഘപരിവാരം നമ്മുടെ ഇടയിൽ വിദ്വേഷം ജനിപ്പിക്കുന്നതിനായി കള്ളം പടച്ചു വിടുമ്പോൾ, നമുക്ക് കഴിയാവുന്നത്ര ഉച്ചത്തിൽ, എല്ലാ എനർജിയും ഉപയോഗിച്ച് അവർ പറയുന്നത് പച്ച കള്ളമാണെന്നു നാം നിരന്തരം പറയേണ്ടത് ഇന്ത്യയോട് ഉത്തരവാദിത്വമുള്ള ഒരോ ഇന്ത്യക്കാരന്റയും ഉത്തരവാദിത്വമാണെന്നു ഞാൻ കരുതുന്നു.

കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട 32000 സ്ത്രീകൾ മുസ്‌ലിം ചെറുപ്പക്കാരുടെ ദു:സ്വാധീനത്തിൽ പെട്ട് മതം മാറി സിറിയയിലും അഫ്ഗീനിലും പോയി കൊല്ലപ്പെട്ടു എന്ന പച്ചക്കള്ളം പറയുന്നത് പ്രത്യക്ഷത്തിൽ ഇസ്‌ലാമോഫോബിയ വളർത്തി മുസ്‌ലിമിനെ അപര വൽക്കരിക്കലാണ് ലക്ഷ്യം വെക്കുന്നതെന്നു തോന്നുമെങ്കിലും, അതിന്റെ പിന്നിൽ കൃത്യമായ സ്ത്രീ വിരുദ്ധതയും സ്ത്രീയുടെ ഉടൽ അവകാശത്തിനു മേൽ പാട്രിയാർക്കിയുടെ ഉടമസ്ഥ അവകാശം ഉറപ്പിക്കാനുള്ള മനു വാദവും ഒളിഞ്ഞു കടത്തുന്നതു നാം കാണാതെ പോയിക്കൂട.

32000 സ്ത്രീകൾ മുസ്‌ലിം ചെറുപ്പക്കാരുടെ സ്വാധീനത്തിൽ വീണു മതം മാറി എന്നൊക്കെ പറയുന്നത് സ്ത്രീകളുടെ ഉടൽ അവകാശത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്നതാണ്.

മുസ്‌ലിം അപര വൽക്കരണത്തിന്റെ രാഷ്ട്രീയ സാധ്യതയാണ് സംഘപരിവാരം അന്വേഷിക്കുന്നത്. ജർമ്മനിയിൽ ജൂത സമൂഹത്തോട് കാണിച്ചതിന്റെ സംഘ് വേർഷൻ. എന്നാൽ, അത്തരം കെണികളെ തിരിച്ചറിയാനും അപരവൽക്കരണം സമൂഹത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളും അവയുടെ അനന്തര ഫലം സോഷ്യൽ ഫാബ്രിക്കിൽ ഉണ്ടാക്കുന്ന ദുരന്തങ്ങൾ തിരിച്ചറിയാനും പ്രാപ്തമായ ഒരു പൊതു സമൂഹമാണ് മലയാള ബോധമനസ്സ്.

ശ്രീനാരായണ ഗുരു മുതൽ നമ്മിൽ ഉണ്ടാക്കിയ ബോധതലത്തെ സംഘ് പ്രൊപ്പഗാന്റയ്ക്ക് മറികടക്കൽ അത്ര എളുപ്പമല്ല. സംഘ്പരിവാരം പോലും ശ്രീ നാരായണ പാരമ്പര്യം അവകാശപ്പെടുവാൻ ശ്രമിക്കുന്നത് അതു കാരണമാണ്. ആ മണ്ണിലേക്കാണ് വിദ്വേഷവും വ്യാജവും ഒത്തൊരുമിച്ചിറക്കി നമ്മിൽ വിഷം നിറക്കുവാൻ നോക്കുന്നത്.

ഭരണഘടനയുടെ അനുഛേദം 19 നൽകുന്ന അനന്തമായ സാധ്യതയാണ് ചിത്രങ്ങളും പുസ്തകളും സിനിമയുമായി പുറത്തു വരുന്നത്. എന്നാൽ അത്തരം സിനിമകളെ പരിശോധിക്കുവാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ 1952 ലെ സിനിമാട്ടോഗ്രാഫ് ആക്ട് നിലവിലുണ്ട്. അങ്ങനെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമകൾ സാധാരണ ഗതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാത്തതാണ്.

ദ കേരള സ്റ്റോറി ട്രെെലറില്‍ നിന്ന്

എന്നാൽ ദ കേരള സ്റ്റോറിയുടെ സംവിധായകനും പിന്നണി പ്രവർത്തകരും ആ സിനിമയ്ക്ക് നൽകിയ പേര് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും പ്രമോഷനു വേണ്ടി നൽകിയ അഭിമുഖങ്ങളിലും മറ്റും പറയുന്നതും 32,000 പേർ കേരളത്തിൽ നിന്നും മതം മാറി ISIS ൽ ചേർന്നു എന്നത് വസ്തുതയാണ് എന്നാണ്. ആ പറയുന്നതിനു വസ്തുതയുടെ ഒരു പിൻബലവും ഇല്ലെന്നു മാത്രമല്ല പച്ച ക്കള്ളവുമാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് പോലും പറയുന്നത് ഇന്ത്യയിൽ ഇസ്ലാമിക ഭീകര രാഷ്ട്രത്തിലേക്ക് പോയവർ 155 പേരാണ് എന്നും നാം അറിയണം. ഈ വസ്തുത അറിഞ്ഞു കൊണ്ട്, സംഘ് രാഷ്ട്രീയ പ്രാപഗാന്‍റ ടൂൾ ആയി, കേരളത്തിന്റെ പേരിൽ കള്ളം പരത്തുന്നതിനെ രാഷ്ട്രീയമായും സർഗ്ഗാത്മകമായും നാം ചെറുക്കേണ്ടതുണ്ട്.

സർക്കോട്ടിക്, തുപ്പൽ (ഹലാൽ) വിവാദങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ലൗജിഹാദ്. പ്രണയത്തെയും മനുഷ്യന്റ സ്വകാര്യ ജീവിത്തെയും മത കണ്ണിൽ കാണാനും അതുവഴി സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുവാനുമുള്ള ശ്രമമായിരുന്നു ആ പദ്ധതി.

അന്വേഷണ ഏജൻസികളും നീതിന്യായ കോടതികളും ആ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയും ഓരോ മനുഷ്യർക്കും അവരുടെ ശരീരത്തിനു മേലുള്ള അവകാശം അനുവദിക്കുകയും ചെയ്ത വിധിയാണ് ഹാദിയ കേസിൽ സുപ്രീം കോടതി പറഞ്ഞത്. പ്രണയം വഴി, സ്വയം തീരുമാന പ്രകാരം, ഓരോ വ്യക്തിക്കും പാർട്ണറെ നിശ്ചയിക്കാനുള്ള അവകാശം കൂടിയാണത്. എന്നാൽ കുറച്ചു പേർക്ക് നമ്മുടെ നാട്ടിൽ നിന്നും തീവ്രമതവാദികളുടെ കുരുക്കിൽപ്പെട്ട് ജീവിതം നഷ്ടപ്പെട്ടിട്ടുണ്ട്. അത് ഒരു നിലയ്ക്കും സംഭവിക്കുവാൻ പാടില്ലാത്തതായിരുന്നു. റാഡിക്കലൈസേഷനെതിരെ ഒറ്റക്കെട്ടായി ജാഗ്രത പുലർത്തുകയും ക്യാമ്പയിൻ ചെയ്യുക എന്നതും നമ്മുടെ ഉത്തര വാദിത്വം കൂടിയാണ്. അഫ്ഗാൻ ജയിലിൽ കഴിയുന്നവര്‍ തിരികെ എത്തിയാൽ, അവരിൽ നിന്നും നമുക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ഭാവിയിൽ അത്തരം ഭവിഷ്യത്തുകൾ തടയാനും കഴിയും. നിർഭാഗ്യവശാൽ അവരുടെ രാജ്യത്തേക്കുള്ള മടക്കത്തെ ഭരണകൂടം ഉൾകൊള്ളുന്നില്ല. തീവ്രമതബോധകരെയും മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെയും നിയമം വഴി നേരിടേണ്ടതുണ്ട്. ജോസഫ്മാഷിന്റെ കൈ വെട്ടിയ സംഭവത്തെയൊക്കെ ഒരു ലജ്ജയും ഇല്ലാതെ ന്യായീകരിക്കുന്ന പ്രസംഗങ്ങൾ സോഷ്യൽമീഡിയിൽ കാണുന്നത് നമ്മെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിൽ ഇനിയും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാൻ ആളുകൾ ഉണ്ടെന്ന് ഭയപ്പെടണം.

സ്ത്രീ വിരുദ്ധതയും ലിംഗസമത്വ വിരുദ്ധതയും മതത്തിന്റെ മേലങ്കിയണിഞ്ഞു പ്രസംഗിച്ചു നടക്കുന്നതിന്റെ നൂറിൽ ഒരംശം സമയം കൈവെട്ടുകാരെയും സിറിയ - അഫ്ഗാന്‍ മലകളിലേക്ക് കള്ളവിമാനം കയറിയവരെയും തുറന്നുകാട്ടാൻ കൂടി ഉപയോഗിക്കണം. എന്നാൽ ഇതിന്റെ പേരിൽ കേരളത്തിലെ മുഴുവൻ മുസ്ലിമിനെയും സംശയ നിഴലിൽ നിർത്തുന്നതിനായി കേരളക്കഥയുമായി വന്നാൽ പൊതുസമൂഹം ആ കള്ളനാണയങ്ങളെ തുറന്നു കാട്ടുക തന്നെ ചെയ്യും.

ഇത്തരം കള്ളത്തരങ്ങളും ഒളിച്ചു കടത്തലുകളും പൊതുവിടത്തിൽ സജീവ ചർച്ചയാക്കുകയും വേണം. സാമൂഹ്യ ദുരന്തത്തിനു ഹേതുവാകുന്ന വാദങ്ങളുടെ കളളത്തരങ്ങൾ തുറന്നു കാണിക്കുന്നതിന് ഇനാം പ്രഖ്യാപനം സഹായിക്കുമെന്നതു കൊണ്ടാണ് 11 ലക്ഷം സമ്മാനമായി നൽകാമെന്നു പറയേണ്ടി വന്നത്.

സ്ത്രീകൾക്ക് മേൽ പാട്രിയാർക്കി രക്ഷാകർതൃത്വം സ്ഥാപിച്ച്, ഞങ്ങൾ പറയുന്നവന്മാർക്ക് മുന്നിൽ കഴുത്ത് നീട്ടി താലി കെട്ടുവാൻ നിന്നു കൊടുക്കേണ്ടവർ മാത്രമാണ് ഉണ്ണിയാർച്ചയുടെ പിൻമുറക്കാർ എന്ന ധാരണ സംഘം തിരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

പ്രണയം വഴി പെണ്ണ് മാത്രമല്ല മതം വിടുന്നതെന്നും പ്രണയിച്ച പെണ്ണിനെ കിട്ടാൻ മതം മാറിയ ആണുങ്ങളും ചേർന്നതാണ് കേരളീയർ എന്നും ആരാണ് ഇക്കൂട്ടർക്ക് ഓതി കൊടുക്കുക.

Comments