സിദ്ധാര്‍ത്ഥന്റെ മരണം, സര്‍ക്കാര്‍ ചതിച്ചെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍, സി.ബി.ഐ അന്വേഷണം വാഗ്ദാനത്തിലൊതുങ്ങി

Think

യനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശന്‍ രംഗത്ത്. സിദ്ധാര്‍ത്ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ചതിക്കുകയായിരുന്നെന്ന് ജയപ്രകാശന്‍ പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ കഴിയാത്തതിനാലാണ് ഇത്രനാള്‍ പ്രതിഷേധവുമായി പോകാതിരുന്നത്. ഇനി ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 'രണ്ടുമൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. മൃഗസംരക്ഷണ വകുപ്പ് പ്രൈവറ്റ് സെക്രട്ടറിയുടെ മകനെ രക്ഷിക്കാനാണ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മൃഗസംരക്ഷണ വകുപ്പ് ഒരു നടപടിയും എടുത്തതുമില്ല.'

പരസ്യ വിചാരണയ്ക്കും ദിവസങ്ങള്‍ നീണ്ട ക്രൂരപീഡനത്തിനുമൊടുവിലാണ് സിദ്ധാര്‍ത്ഥന്റെ മരണം എന്നാണ് ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായവരാണ് കേസിലെ പ്രതികള്‍. 97പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പേര്‍ട്ടില്‍, പലയിടങ്ങളിലായി 18ഓളം പേര്‍ സിദ്ധാര്‍ത്ഥനെ മര്‍ദിച്ചിരുന്നെന്നും വ്യക്തമാക്കുന്നു.

അന്വേഷണം അട്ടിമറിക്കപ്പെടരുതെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നുമായിരുന്നു സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ ആവശ്യം. കുടുംബത്തിന്റെ വികാരം മാനിച്ച് കേസന്വേഷണം സി.ബി.ഐക്ക് വിടാന്‍ തിരുമാനിച്ചതായി മുഖ്യമന്ത്രി തന്നെ സിദ്ധാര്‍ത്ഥന്റെ അച്ഛനെ അറിയിച്ചിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിരുന്നു. എന്നാല്‍ മരണം നടന്ന് 41ദിവസങ്ങള്‍ പിന്നിടുമ്പോഴും സി.ബി.ഐ അന്വേഷണത്തില്‍ എന്നല്ല കേസില്‍ തന്നെയും കാര്യമായ പുരോഗതികളൊന്നും ഉണ്ടായിട്ടില്ല. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും കേസിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പെര്‍ഫോമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചിരുന്നില്ല. കേസ് ഏറ്റെടുത്തെന്നോ, ഇല്ലെന്നോ അറിയിച്ച് കേന്ദ്രത്തില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടുമില്ല.

ജെ.എസ് സിദ്ധാര്‍ത്ഥന്‍

സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം പുറത്തിറക്കിയതോടെ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എട്ടുമാസക്കാലത്തോളം മകനെ പീഡിപ്പിച്ചിരുന്നു എന്ന് ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ സിദ്ധാര്‍ത്ഥനെ ഉപദ്രവിക്കുന്നത് കണ്ട് നിന്നിരുന്നു എന്നും അവരെയും അറസറ്റ് ചെയ്തിട്ടില്ലെന്നും ജയപ്രകാശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തങ്ങളുടെ വായമൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ജയപ്രകാശന്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കും പങ്കുണ്ടെന്നാണ് ജയപ്രകാശന്‍ പറയുന്നത്. ആര്‍ഷോ ചേട്ടന്‍ ഹോസ്റ്റലില്‍ വരാറുണ്ടെന്ന് മകന്‍ പറഞ്ഞിരുന്നു. 'പെര്‍ഫോമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാത്തത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് ഇത്രയും സമയം എടുത്തത്. ഒടുക്കം ഒരു പേപ്പര്‍ ഡല്‍ഹിയിലേക്ക് അയച്ച് കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴേക്കും പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇത് ആര് പറഞ്ഞിട്ടാണ ചെയ്തതെന്നും അറിയണം. ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേസിലെ പ്രധാനികളിലൊരാളായ അക്ഷയ്‌യെ എം.എം മണി സംരക്ഷിക്കുന്നതെന്തിന് ?' എന്നും അദ്ധേഹം ചോദിച്ചു. അതേസമം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജസ്റ്റിസ് എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.

Comments