പി. കൃഷ്ണപിള്ളയും ഇ.എം.എസും കെട്ടിപ്പടുത്ത യൂണിയൻ,
കെ. കരുണാകരൻ പൊളിച്ച സമരം

രണ്ടായിരത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന തൃശൂരിലെ സീതാറാം മിൽ, കേരളത്തിലെ ട്രേഡ്​ യൂണിയൻ ചരിത്രത്തിലെ നിർണായക സന്ദർഭങ്ങൾക്ക്​ സാക്ഷിയാണ്​. തൃശൂരിന്റെ സംഭവബഹുലമായ സീതാറാം മിൽ കാലത്തെ ഓർത്തെടുക്കുന്നു.

1959 ഡിസംബറിലെ തണുപ്പേറ്റ് സുഖമായി ഉറങ്ങിയിരുന്ന ആ രാത്രി എന്നെ ഉണർത്തിയത്, എന്തോ കരിയുന്ന മണമാണ്. ആ മണം ഏറിയേറി വന്നതോടെ കുടുംബാംഗങ്ങളും അയൽവാസികളും വീട്ടിൽനിന്ന് പുറത്തുവന്നു. സമയം രാവിലെ നാലുമണിയായിക്കാണും. ആകാശം മുഴുവൻ പുക നിറഞ്ഞിരിക്കുന്നു. കമ്പനിയിൽ നിന്ന്​ സൈറൺ മുഴങ്ങി. അഞ്ചാറു മിനിറ്റോളം നീണ്ട ആ ശബ്ദം ഇടവിട്ടിടവിട്ട് സീതാറാം മില്ലിലെ എന്തോ അപകടം ഒന്നുകൂടി അറിയിച്ച് ഒടുവിൽ നിലച്ചു.

ഒടുവിൽ, നാടിനെ നടുക്കുന്ന ആ വാർത്ത വന്നു, തൃശൂരിലെ ആദ്യ വൻകിട വ്യവസായസ്ഥാപനമായ സീതാറാം മില്ലിന് ആരോ തീയിട്ടിരിക്കുന്നു, അല്ലെങ്കിൽ എങ്ങനെയോ തീപിടിച്ചിരിക്കുന്നു. അയൽവാസികളായ ഇറ്റ്യേനേച്ചിയും കുഞ്ഞലേച്ചിയും, റോതുവും, അച്ചമ്മേച്ചിയും നെഞ്ചത്തടിച്ച് നിലവിളിക്കുന്നു. എമിലിചേച്ചി ബോധരഹിതയായി വീണു. ഇവരെല്ലാം സീതാറാമിൽ തൊഴിലാളികളാണ്. പൂങ്കുന്നം, കുട്ടൻകുളങ്ങര പ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലുമുള്ള മിൽത്തൊഴിലാളികളുടെ അന്നം മുട്ടി.

1935-ലാണ് പി. കൃഷ്ണപിള്ളയും ഇ.എം.എസും തൃശൂരിലെത്തി, കെ.കെ. വാര്യരുമൊത്ത് സീതാറാം മിൽ തൊഴിലാളി യൂണിയൻ രൂപീകരിക്കാൻ ചർച്ച നടത്തിയത്.

കമ്പനിത്തൊഴിലാളികൾ താമസിക്കുന്ന ഓടിട്ട ചെറിയ വീടുകളാണ് ഞങ്ങളുടെ പ്രദേശത്ത് കൂടുതലും ഉണ്ടായിരുന്നത്. കൃഷി ഉപജീവനമാർഗമാക്കിയ ഉപരിവർഗവും ഇവിടെയുണ്ടായിരുന്നു. നീണ്ടുപരന്നുകിടക്കുന്ന നെൽവയലുകൾ. അവയുടെ വരമ്പുകളിൽ പട്ടാണിപ്പയർ നട്ടിരിക്കും. പയർമണി കൊത്തിത്തിന്നാൻ ചെറുകിളികളെത്തി ആ അന്തരീക്ഷം മനോഹരമാക്കും. പീച്ചി ഡാമിൽ നിന്ന് ഇവിടെയുള്ള മൂന്നു തോടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം കൃഷിക്കാണ് ഉപയോഗിച്ചുപോന്നത്. നഗരവത്കരണത്തിന്റെ പതിവുശാപമെന്നോണം തോടുകളിൽ പ്ലാസ്റ്റിക്ക് കുപ്പികളും കുളവാഴകളും ചണ്ടിയും ഉപയോഗിച്ചു വലിച്ചെറിഞ്ഞ കോണ്ടവും മറ്റും നിറഞ്ഞ് ഇപ്പോൾ ഈ തോടുകൾ ഉപയോഗശൂന്യമാണ്​. വർഷകാലത്ത്​ വെള്ളം ഒഴുകിപ്പോകാതെ വീടുകളിലേയ്ക്കും തൊടികളിലേയ്ക്കും കയറി നാശനഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.

സീതാറാം മില്ലിൽ രണ്ടായിരത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്നു. തീപിടുത്തത്തോടെ ആ നല്ല കാലത്തിന് തിരശ്ശീല വീണു. തൊഴിലാളികളിൽ ഒന്നുരണ്ടുപേർ ആത്മഹത്യ ചെയ്​തു. കുറേപ്പേർ നാടുവിട്ട് തുണിമില്ലുകൾ ധാരാളമുള്ള കോയമ്പത്തൂരിലേയ്ക്കും ബോംബേയിലേയ്ക്കും പോയി. ചിലർ മാടക്കട തുടങ്ങി. ചില തൊഴിലാളിസ്ത്രീകൾ അഷ്ടിക്കു വക കണ്ടെത്താൻ കൃഷിയിടങ്ങളിൽ ജോലിക്കുപോയി. ചിലർ ചായക്കട തുടങ്ങി. എരുമകളെയും പശുക്കളെയും വളർത്തി മറ്റുചിലർ പാൽക്കച്ചവടം ആരംഭിച്ചു. വേറെ ചില സ്ത്രീകളാകട്ടെ, സമ്പന്നവീടുകളിൽ അടിച്ചുതളിക്കാരായി. ഗതികിട്ടാത്ത മിൽത്തൊഴിലാളികളുടെ ജീവിതം പിന്നെയും പുഷ്ടിപ്പെട്ടില്ല. ഈ പാവങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന കൊള്ളപ്പലിശക്കാർ പണ്ടം പണയം ഇടപാടുകളും ചിട്ടിക്കമ്പനികളും നടത്തി പണക്കാരായി. പണയസ്വർണം തിരിച്ചെടുക്കാൻ വഴി കാണാതെ വന്നപ്പോൾ ലോക്കൽ സ്വർണ മുതലാളിമാർ അവ വിറ്റു കാശാക്കി. അന്ന്​ പവന് 30-40 രൂപയായിരുന്നു വിലയെന്ന് ഒരമ്മൂമ്മ പറയുന്നു.

തൃശ്ശൂരിലെ അദ്യ വൻകിട വ്യവസായ സ്ഥാപനമായ സീതാറാം മിൽ. / Photo : keralaculture.org

മിൽത്തൊഴിലാളിയായിരുന്ന സഖാവ് എ.എസ്​. അയ്യപ്പന്റെ ‘പൂങ്കുന്നം എന്റെ കർമഭൂമി' എന്ന പുസ്തകത്തിൽ നിന്ന്​: ‘1948-ൽ മിൽതൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഇവിടെ ആദ്യസമരം നടന്നു. വേതനവർധനവ്, ബോണസ്​ തുടങ്ങിയവയ്ക്കുവേണ്ടിയാണ് തൊഴിലാളികൾ സമരരംഗത്തിറങ്ങിയത്. കമ്യൂണിസ്റ്റ് പാർട്ടിയും അവരുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. അംഗങ്ങളും ചുവന്ന കൊടിക്കീഴിൽ അണിനിരന്നു. അമ്പാടി ശങ്കരൻകുട്ടി മേനോൻ, പുളിയത്ത് ശിവശങ്കരമേനോൻ, എ.എം. പരമൻ, സി.എൽ. വർക്കി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആ സമരം പൊളിക്കാൻ കെ. കരുണാകരനാണ് നൂറിൽ താഴെ മാത്രമുള്ള ഐ.എൻ.ടി.യു.സി. അംഗങ്ങളെ സംഘടിപ്പിച്ച് മാനേജ്‌മെൻറിന് ഓത്താശ പാടാനെത്തിയത്. മിൽസമരം ശക്തിപ്രാപിച്ചതോടെ കമ്യൂണിസ്റ്റ് തൊഴിലാളികൾക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ കോൺഗ്രസ് കരിങ്കാലികൾ ശ്രമിച്ചു. സമരക്കാരെ പൊലീസ് എത്തി തല്ലിച്ചതച്ചു. ആ അതിക്രമത്തിൽ നിരവധിപേർക്ക് പരിക്കുപറ്റി. ചിലരുടെ തല ലാത്തിയടിയേറ്റ് പിളർന്നു. പലരുടെയും കൈകാലുകൾ പൊലീസ് മർദനമേറ്റ് ഒടിഞ്ഞുതൂങ്ങി. സ്ത്രീതൊഴിലാളികളേയും അവർ വെറുതെവിട്ടില്ല.’
എ.എസ്​. അയ്യപ്പന്റെ വരികളിൽ പറഞ്ഞാൽ, ‘‘ചാലിയത്തി സീതയുടേയും അറയ്ക്കൽ ചീമു, മൈമു എന്നിവരുടെയും നട്ടെല്ലൊടിഞ്ഞു. റോസിയും മേരിയും മൃതപ്രായരായി. പൊലിസിന്റെ ആ നരനായാട്ടിൽ പരിക്കുപറ്റിയവരുടെ രക്തം കട്ടപിടിച്ച് സീതാറാം മില്ലിന്റെ എതിർവശമുള്ള റോഡിൽ ആഴ്ചകളോളം കിടന്നിരുന്നു. ഈ സമരത്തെ അനുകൂലിച്ച് പല സ്ഥലങ്ങളിലും കമ്യൂണിസ്​റ്റ്​പാർട്ടിയുടെ നേതൃത്വത്തിൽ പണിമുടക്കുകൾ അരങ്ങേറി. അന്നത്തെ ക്രൂരനായ പൊലീസ് മേധാവി പാപ്പാളി തൊഴിലാളികളെ തല്ലിച്ചതയ്ക്കുന്നതിൽ പ്രത്യേക ‘രസം' കണ്ടെത്തിയിരുന്നു എന്നുപറയാം.''

കണ്ണൂരിൽനിന്ന് കെ. കരുണാകരൻ തൃശ്ശൂരിലെത്തിയത്​, ഒക്യുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചിതരരചന പഠിക്കാനാണെന്ന് പറയാറുണ്ട്​. പൂങ്കുന്നം ജംഗ്ഷനിലെ പീടികമുറികളിലൊന്നിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മില്ലിന് നേരെ എതിർവശത്തുള്ള കൈമളുടെ ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം.

എന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ളവരിൽ ഭൂരിഭാഗവും മിൽതൊഴിലാളികളാണ്. ഔസേപ്പേട്ടൻ, കൊച്ചുവറീതേട്ടൻ. അന്നുച്ചേച്ചി തടങ്ങിയ കമ്യൂണിസ്റ്റുകാർ കൊടിയ മർദനം ഏൽക്കേണ്ടിവന്നവരാണ്. അന്ന് സഖാവ് സി.എൽ. വർക്കി ബോംബെയിലെ ടെക്​സ്​റ്റയിൽ മിൽ തൊഴിലാളികളുടെ നേതാവായിരുന്നു. അദ്ദേഹത്തെ തൃശൂരിലേയ്ക്ക് തിരിച്ചുവിളിച്ച് സീതാറാം മിൽ തൊഴിലാളികളെ സംഘടിപ്പിക്കാനും തൊഴിലാളി യൂണിയൻ ശക്തമാക്കാനും പാർട്ടി തീരുമാനിച്ചു.

കണ്ണൂരിൽനിന്ന് കെ. കരുണാകരൻ തൃശ്ശൂരിലെത്തിയത്​, ഒക്യുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചിതരരചന പഠിക്കാനാണെന്ന് പറയാറുണ്ട്​. പൂങ്കുന്നം ജംഗ്ഷനിലെ പീടികമുറികളിലൊന്നിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മില്ലിന് നേരെ എതിർവശത്തുള്ള കൈമളുടെ ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. കോൺഗ്രസിന് തീരെ വളക്കൂറില്ലാത്ത പ്രദേശമാണ് പൂങ്കുന്നവും കുട്ടൻകുളങ്ങരയും. മിൽതൊഴിലാളികളെ ഭീഷണിപ്പെടുത്തിയും പൊലീസിനെ സ്വാധീനീച്ച് കള്ളക്കേസ്​ ചമച്ചും ഐ.എൻ.ടി.യു.സി. പ്രവർത്തനമാരംഭിച്ചു. സുസംഘടിതരായ എ.ഐ.ടി.യു.സി. തൊഴിലാളികൾ വീറോടെയും വാശിയോടെയുമാണ് സമരം നടത്തിയത്. ചില ആനുകൂല്യങ്ങൾ അവർ നേടിയെടുത്തെങ്കിലും മാനേജ്‌മെൻറ്​ കാര്യമായ പരിഗണന അവർക്ക് നൽകിയില്ല.

1959-ൽ സീതാറാം മില്ലിലെ സ്പിന്നിങ് വിഭാഗം കത്തിനശിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ഭരണകൂടം താത്പര്യം കാണിച്ചില്ല എന്ന് എ.എസ്​. അയ്യപ്പൻ പറയുന്നു. പത്തുപതിനഞ്ച് കൊല്ലങ്ങളോളം ഈ അവസ്ഥ നീണ്ടു. കമ്പനി പുകക്കുഴലിൽ ചെറിയ ഒരാൽമരം മുളച്ചുപൊന്തി ആകാശം നോക്കിനിൽക്കുന്ന ആ കാഴ്ച ഇപ്പോഴും കൺമുന്നിലുണ്ട്. കത്തിക്കരിഞ്ഞ യന്ത്രങ്ങളുടെ ഭാഗങ്ങൾ വളരെക്കാലം സ്മാരകശില കണക്കെ മില്ലിൽ കാണാമായിരുന്നു. 1970-ൽ അച്യുതമേനോൻ സർക്കാർ അധികാരത്തിൽവന്ന് മില്ലിന്റെ പുനരുദ്ധാരണം ഉണ്ടാകുംവരെ പൂങ്കുന്നം, കുട്ടൻകുളങ്ങര, ചക്കാമുക്ക് എന്നിവിടങ്ങളിലും ഇതര സ്ഥലങ്ങളിലുമുള്ള മിൽതൊഴിലാളികൾ വറുതിയിലായിരുന്നു. പട്ടിണിയും, രോഗങ്ങളും മറ്റു ദുരിതങ്ങളും അനുഭവിച്ചിരുന്ന അവർക്ക് ഫാഷൻ ഫാബ്രിക്‌സ് ഉടമ കെ.ജെ. ഫ്രാൻസിസ്, (ഫാഷൻ പൊറിഞ്ചേട്ടൻ) പീച്ചി ട്രാൻസ്പോർട്ട് ഉടമ കെ.കെ. പോൾ തുടങ്ങിയവർ സാമ്പത്തികസഹായം നൽകിയിരുന്നതായി എ.എസ്​. അയ്യപ്പൻ എഴുതിയിട്ടുണ്ട്.

സീതാറാം മില്ലിലെ തീപിടുത്തത്തോടെ ചില തൊഴിലാളിസ്ത്രീകൾ അഷ്ടിക്കു വക കണ്ടെത്താൻ കൃഷിയിടങ്ങളിൽ ജോലിക്കുപോയി.

സി. അച്യുതമേനോൻ ഒളിവിൽ കഴിഞ്ഞ വീട്​

തൃശൂരിന്റെ ചരിത്രഭൂമികയിൽ സഖാവ് കെ.കെ. വാര്യർക്ക്​ അനിഷേധ്യസ്ഥാനമുണ്ട്​. 1935-ലാണ് പി. കൃഷ്ണപിള്ളയും ഇ.എം.എസും തൃശൂരിലെത്തി, കെ.കെ. വാര്യരുമൊത്ത് സീതാറാം മിൽ തൊഴിലാളി യൂണിയൻ രൂപീകരിക്കാൻ ചർച്ച നടത്തിയത്. ലേബർ ബ്രദർഹുഡ് സംഘടനയുടെ നേതാവായിരുന്ന വാര്യർ റിക്ഷാ തൊഴിലാളികളെയും പീടികത്തൊഴിലാളികളെയും സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയജീവിതം ആരംഭിച്ചത്. സഖാവ് കീരൻ (കെ.കെ. വാര്യർ) തേക്കിൻകാട് മൈതാനത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത് താൻ പലകുറി കേട്ടിട്ടുണ്ടെന്നും, പൊലീസിന്റെ ക്രൂരമർദനം പലപ്പോഴും ഏറ്റുവാങ്ങിയ ആ കമ്യൂണിസ്​റ്റ്​ നേതാവ് അതേക്കുറിച്ച് പറയുമ്പോൾ ഷർട്ടൂരി പുറംഭാഗത്ത് പൊലീസിന്റെ മുട്ടൻ ലാത്തിയടിയേറ്റ് കരുവാളിച്ച പാടുകൾ ജനത്തെ കാണിക്കാറുണ്ടെന്നും ജ്യേഷ്ഠൻ ഫ്രാൻസിസ് പറയാറുണ്ട്. നർമത്തിന്റെ മേമ്പൊടി ചാലിച്ചുള്ള ആ ശൈലി ആവേശഭരിതമായിരുന്നുവെന്നും ഫ്രാൻസിസ് പറയുന്നു.

കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചതിനെ തുടർന്ന്, കേരളത്തിലെ പല നേതാക്കളും പ്രവർത്തകരും ഒളിവിൽ പോയി. 1948 മുതൽ സി. അച്യുതമേനോനും ഒളിവിലായിരുന്നു. എന്റെ വീട്ടിലും അദ്ദേഹം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സഖാക്കൾ സി.എൽ. വർക്കിയും എ.വി. ആര്യനും എന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞവരാണ്. ഗവ. ഓഫീസറായിരുന്ന അപ്പനും അമ്മയും കുന്നംകുളത്ത് താത്കാലികമായി താമസമാക്കിയപ്പോൾ ജ്യേഷ്ഠസഹോദരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ ലോനപ്പൻ ചേട്ടനാണ് അച്യുതമേനോന് ഒളിവിൽ കഴിയാൻ ഇടം നല്കിയത്. പകൽ മുഴുവനും അദ്ദേഹം ഞങ്ങളുടെ വീടിന്റെ തട്ടിൻപുറത്ത് വായനയുമായി കഴിച്ചുകൂട്ടും. വൈകുന്നേരങ്ങളിൽ മൂന്നാംപാലം വരെ നടക്കാൻ പോകാറുണ്ടായിരുന്നുവെന്ന് രണ്ടാമത്തെ ജ്യേഷ്ഠനും കവിയുമായ കെ.സി. ഫ്രാൻസിസ് പറഞ്ഞത് ഓർമ വരുന്നു. ഞങ്ങളുടെ പ്രദേശത്തുള്ള എല്ലാവരും കമ്യൂണിസ്റ്റ് ​പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു. അക്കാലത്താണ് തിരു-കൊച്ചി അസംബ്ലിയിലേക്ക്​ തിരഞ്ഞെടുപ്പ് നടക്കുന്നത്. സി. അച്യുതമേനോൻ ഒളിവിലിരിക്കെ തന്നെ തൃശൂർ നിയോജകമണ്ഡലത്തിലെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. അതൊരു ചരിത്രവിജയം തന്നെയായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ തങ്കലിപികളിലെഴുതിയ ഇതിഹാസചരിത്രം.

പൂങ്കുന്നം ജ്ഞാനോദനം വായനശാലയുടെ ആരംഭകാലത്ത്​ കെ. കരുണാകരൻ സജീവമായി രംഗത്തുണ്ടായിരുന്നു. പുസ്തകങ്ങൾ ശേഖരിക്കുക, മെമ്പർഷിപ്പ്​ വർദ്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്​ കമ്യൂണിസ്റ്റ് പ്രവർത്തകർ തന്നെയാണ് മുൻകൈ എടുത്തിരുന്നത്.

സീതാറാം മിൽ പുനരുദ്ധരിച്ചതോടെ പൂങ്കുന്നം പ്രദേശത്ത് വീണ്ടും ആഹ്ലാദമെത്തി. പക്ഷെ, പഴയ തൊഴിലാളികളിൽ മുഴുവൻ പേരെയും ജോലിക്കെടുക്കാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ല. ലേ ഓഫുകളും ലേബർ പ്രശ്‌നങ്ങളുമായി സീതാറാം മിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നുമാത്രം. അതിന്റെ പ്രൗഢിയൊക്കെ അപ്പാടെ നഷ്ടപ്പെട്ടിരിക്കുന്നു.

ഈ അന്വേഷണത്തിന്റെ അവസാനത്തിൽ സീതാറാം മിൽ തൊഴിലാളികളായിരുന്ന ശശി, ജേക്കബ്ബ് എന്നീ രണ്ട്​ വയോധികരെ കണ്ടുമുട്ടി. രണ്ടുപേരും 2018-ലാണ് പെൻഷൻപറ്റി പിരിഞ്ഞത്.‘‘അച്യുതമേനോന്റെ​​​​​​​ ഇടപെടൽ മൂലം കമ്പനി തുറന്നുപ്രവർത്തിക്കാനാരംഭിച്ചെങ്കിലും യന്ത്രങ്ങൾ പലതും കത്തിയമർന്നിരുന്നു. അതോടെ വീവിങ് പരിപാടി നിർത്തിവെക്കേണ്ടിവന്നു. ഇപ്പോൾ സ്പിന്നിങ് വിഭാഗം മാത്രമേ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നുള്ളൂ. കെ.എസ്.ആർ.ടി.സി.യുടെ കാര്യത്തിലെന്ന പോലെ, ആവശ്യമായ ഫണ്ട് മില്ലിന് ഇല്ല എന്ന പല്ലവി അധികാരികൾ ആവർത്തിക്കുന്നു. സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മിൽ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ‘ലേ ഓഫ്' തൊഴിലാളികളെ നന്നായി വലയ്ക്കുന്നു. പിരിഞ്ഞുപോന്ന ഞങ്ങളെപ്പോലുള്ള പലർക്കും അർഹമായ ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് ഞങ്ങൾ കുറേപ്പേർ മില്ലിനുമുമ്പിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയെങ്കിലും പ്രശ്‌നപരിഹാരമുണ്ടായിട്ടില്ല’’, അവർ പറഞ്ഞുനിർത്തി.

‘‘സീതാറം കമ്പനിയുടെ പ്രധാന ഉടമസ്ഥനും മാനേജിങ് പാർട്ണറുമായിരുന്ന ബാലരാമസ്വാമി സാത്വികനും ദയാലുവുമാണ്. വർഷങ്ങൾക്കുമുമ്പ് മദ്രാസിൽനിന്ന് പൂങ്കുന്നത്തേക്ക് കുടിയേറിപ്പാർത്ത ആ ബ്രാഹ്​മണ കുടുംബം ആദ്യം പത്തുപതിനഞ്ച് കുഴിത്തറിയിട്ട് കുറച്ചുപേർക്ക് ജോലി നൽകിയാണ് സീതാറാം സ്പിന്നിങ് ആൻറ്​ വീവിങ് മിൽസ് സമാരംഭിച്ചത്. ക്രമേണ അത് യന്ത്രവത്കരിക്കുകയും 2500ഓളം തൊഴിലാളികളുള്ള കൂറ്റൻ വ്യവസായ സ്ഥാപനമായി ഉയരുകയും ചെയ്തു. അങ്ങനെ, സ്വകാര്യമേഖലയിൽ നല്ലൊരു ധനസ്രോതസ്സായി സീതാറാം മിൽ പരിലസിച്ചു. മഹാരാഷ്ട്രയിലെ മറാത്തവാഡയിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പഞ്ഞി കൊണ്ടുവരാൻ സർക്കാർ പൂങ്കുന്നത്ത്​ റെയിൽവേസ്റ്റേഷൻ നിർമിച്ചുനൽകി. (സ്വാമിക്ക് ഭരണകൂടത്തിൽ നല്ല പിടിപാടുണ്ടായിരുന്നു.) ക്രമേണ ബ്രാഹ്​മണരുടെ തട്ടകമായി മാറിയ മില്ലിനുസമീപമുള്ള സ്ഥലം പുഷ്പഗിരി ഗ്രാമം എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. ഇവിടെയുള്ള ‘കമ്പനി ഇടവഴി'യിലും പരിസരപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലാളികൾ തിങ്ങിത്താമസിച്ചിരുന്നു. വർത്തമാനകാലത്തിന്റെ പുതിയ അടയാളമായി അവിടെയുണ്ടായിരുന്ന തൊഴിലാളികളുടെ പഴയ വാസഗൃഹങ്ങൾ ഇപ്പോൾ രമ്യഹർമ്യങ്ങളായി മാറിയിട്ടുണ്ട്.'' ബോബൻ കൊള്ളന്നൂർ എന്ന വ്യവസായ സംരംഭകൻ പറയുന്നു.
​പിൽക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ധാരാളം തൊഴിലവസരം ഉയർന്നുവന്നതിനാൽ യുവാക്കളിൽ പലരും അനധികൃതമായും അല്ലാതെയും അവിടെയെത്തി വിവിധ ജോലികളിൽ ഏർപ്പെട്ട് പണം സമ്പാദിച്ചതോടെ ഈ പ്രദേശങ്ങൾ സാമ്പത്തികമായി പുഷ്ടിപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലാളികളുടെ വായനശാല

സീതാറാം മില്ലിനെക്കുറിച്ച്​ പറയുമ്പോൾ ഓർക്കേണ്ട ഒരു പേരാണ്​ പൂങ്കുന്നം ജ്ഞാനോദനം വായനശാലയുടേത്​.​ മിൽതൊഴിലാളികൾക്ക് പത്രം വായിക്കാൻ ആരംഭിച്ചയാണ്​ ഈ വായനശാല. തൃശൂരിലെ വായനശാലകളിൽ ഏറ്റവും പഴക്കമുള്ള, വിവിധ വിഷയങ്ങളിലായി മുപ്പതിനായിരത്തോളം പുസ്തകങ്ങളും അനേകം അംഗങ്ങളുമുള്ള ജ്ഞാനോദയം ആരംഭിച്ചത് 72 വർഷം മുമ്പാണ്. ആദ്യം വാടകമുറിയിൽ പ്രവർത്തനമാരംഭിച്ച വായനശാലയ്ക്ക് ഇപ്പോൾ സ്വന്തമായി കെട്ടിടമുണ്ട്.

പൂങ്കുന്നം ജ്ഞാനോദനം വായനശാല. / Photo : jnanodhayamgrandhasala.blogspot.com

ആരംഭകാലത്ത്​ കെ. കരുണാകരൻ സജീവമായി രംഗത്തുണ്ടായിരുന്നു. പുസ്തകങ്ങൾ ശേഖരിക്കുക, മെമ്പർഷിപ്പ്​ വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്​ കമ്യൂണിസ്റ്റ് പ്രവർത്തകർ തന്നെയാണ് മുൻകൈയെടുത്തിരുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ പ്രദേശത്തെ ജനങ്ങളിൽനിന്നാണ്​ ഫണ്ട് കണ്ടെത്തിയത്. അന്ന് ഗ്രന്ഥശാലാസംഘം ഉണ്ടായിരുന്നില്ല.
ജ്ഞാനോദയത്തിൽ ഐ.എൻ.ടി.യു.സിക്കാരും ഉണ്ടായിരുന്നു. ഇപ്പോൾ സി.പി.എം. അനുയായികളാണ് സാരഥികൾ. പ്രതിമാസം രണ്ടുരൂപ വരിസംഖ്യ വാങ്ങി ‘പുസ്തകങ്ങൾ വീട്ടുപടിക്കൽ' എന്ന പരിപാടിയിൽ അനേകം കുടുംബാംഗങ്ങൾ സഹകരിക്കുന്നുണ്ട് എന്ന് പ്രസിഡൻറ്​ വി.കെ. സുകുമാരൻ പറയുന്നു. ഇ-റീഡിങ്ങും ഡിജിറ്റൽ പുസ്തകങ്ങളും മറ്റ് നൂതന സജ്ജീകരണവുമുള്ള ഇക്കാലത്തും പൂങ്കുന്നത്തെ സാമൂഹിക- സാംസ്​കാരിക രംഗങ്ങളിൽ ജ്ഞാനോദയം സജീവമായി രംഗത്തുണ്ട്.

കമ്യൂണിസ്​റ്റ്​ പ്രവർത്തകനായ ടി.സി. കൊച്ചപ്പൻ എന്ന ടെയ്​ലർ കൊച്ചപ്പൻ തന്റെ ഇളയ സഹോദരിയായ ക്ലാരയെ അവരുടെ ആഗ്രഹമനുസരിച്ച് കലാണ്ഡലത്തിൽ ചേർത്തു. ക്രിസ്ത്യാനികൾ ഞെട്ടിവിറച്ചു. പള്ളിക്കാർ ചന്ദ്രഹാസമിളക്കി. അവർ കൊച്ചപ്പേട്ടനെ തള്ളിപ്പറഞ്ഞു, കളിയാക്കി. എന്നാൽ ടി.സി. കുലുങ്ങിയില്ല.

ആർട്ടിസ്​റ്റ്​ കെ. മാധവൻ

ആധുനിക ചിത്രകല പുസ്തകങ്ങളുടെ പുറംചട്ടയിൽ ഉപയോഗിച്ചുതുടങ്ങിയത് എന്റെ അയൽവാസിയും കുടുംബസുഹൃത്തുമായിരുന്ന ആർട്ടിസ്റ്റ് കെ. മാധവനാണ്. ഗവ. സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്ന കാലത്ത് അദ്ദേഹം കറൻറ്​ ബുക്‌സിനുവേണ്ടി അനേകം ബുക്ക് കവറുകൾ തയ്യാറാക്കിയിട്ടുണ്ട്. മാധവിക്കുട്ടിയുടെ ‘എന്റെ കഥ' മുതൽ എം.ടി.യുടെ ഏതാണ്ട് എല്ലാ കൃതികൾക്കും വി.കെ.എൻ., അക്കിത്തം, കാക്കനാടൻ തുടങ്ങിയവരുടെ പുസ്തകങ്ങൾക്കും അദ്ദേഹം പുറംചട്ട തയ്യാറാക്കി. പോർട്രെയ്റ്റ് രചനയിൽ നിപുണനായ മാധവൻ മാഷ് ചെയ്ത സാഹിത്യനായകന്മാരുടെ ഓയിൽ പെയിന്റിങ്ങുകൾ കേരള സാഹിത്യ അക്കാദമിയുടെ ആർട്ട് ഗാലറി ചുമരുകളെ അലങ്കരിച്ചിരിക്കുന്നു. ലളിതകലാ അക്കാദമിയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹത്തിന് ദേശീയതലത്തിൽ അവാർഡുകളും ലഭിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘റെയ്‌നിഡെ' എന്ന പെയിന്റിങ്. അവിവാഹിതനായിരുന്ന അദ്ദേഹം ഇടയ്ക്കിടെ ഉല്ലാസയാത്രകൾ നടത്താറുണ്ട്. ചിത്രകല സംബന്ധിച്ച ഒരു ചുമട് പുസ്തകങ്ങളുമായാണ് മടങ്ങിവരിക. ചിത്രകലാപരിഷത്തിന്റെ മാസികയായിരുന്ന ‘കലാസൃഷ്ടി'യുടെ പത്രാധിപർ കൂടിയായിരുന്ന മാധവൻ മാഷ് പത്തുപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് മരിച്ചു. അദ്ദേഹം രോഗശയ്യയിലായപ്പോൾ മുഴുവൻ പുസ്തകശേഖരവും തൃശൂർ പബ്ലിക് ലൈബ്രറിക്കും ജ്ഞാനോദയം വായനശാലയ്ക്കും സംഭാവന ചെയ്യാൻ മറന്നില്ല.

കലാമണ്ഡലത്തിൽ ചേർന്ന ക്ലാര

കലാമണ്ഡലം ക്ലാര

തൃശൂരിലെ ക്രിസ്ത്യാനികൾ കച്ചവടക്കാരായാണ് അറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിൽനിന്നും മറ്റു സമീപപ്രദേശങ്ങളിൽനിന്നും ക്രിസ്ത്യാനികളെ ക്ഷണിച്ചുവരുത്തി അവർക്ക് കച്ചവടം നടത്താനുള്ള സൗകര്യം ശക്തൻ തമ്പുരാൻ ചെയ്തുകൊടുത്തതായി ചില പുസ്തകങ്ങളിൽ പറയുന്നു. ക്രിസ്തീയ കുടുംബങ്ങളിലെ യുവതികളെ പോർക്കിറച്ചി കൂർക്കയിട്ട് കറി വെക്കാനും, പശുവിറച്ചി വരട്ടാനും മറ്റുമുള്ള പാചകക്കസർത്തുകൾ പഠിപ്പിക്കുകയാണ് അവരുടെ അമ്മമാർ പൊതുവെ ചെയ്യുക. കെട്ടിച്ചുവിടുമ്പോൾ അമ്മായിയമ്മയുടെ മുമ്പിൽ കല്ല്യാണപ്പെണ്ണ് പതറരുത് എന്ന് കുടുംബം ആഗ്രഹിച്ചിരിക്കാം. എന്നാൽ ഒരു ക്രിസ്ത്യൻ യുവതി, ക്ലാര ചേച്ചി, നൃത്തം പഠിക്കാൻ കലാമണ്ഡലത്തിൽ ചേർന്ന് ഡിപ്ലോമ സമ്പാദിക്കുന്നത് ചുരുങ്ങിയപക്ഷം തൃശൂരിൽ ആദ്യമാണെന്ന് തോന്നുന്നു. കമ്യൂണിസ്​റ്റ്​ പ്രവർത്തകനായ ടി.സി. കൊച്ചപ്പൻ എന്ന ടെയ്​ലർ കൊച്ചപ്പൻ തന്റെ ഇളയ സഹോദരിയായ ക്ലാരയെ അവരുടെ ആഗ്രഹമനുസരിച്ച് കലാണ്ഡലത്തിൽ ചേർത്തു. ക്രിസ്ത്യാനികൾ ഞെട്ടിവിറച്ചു. പള്ളിക്കാർ ചന്ദ്രഹാസമിളക്കി. അവർ കൊച്ചപ്പേട്ടനെ തള്ളിപ്പറഞ്ഞു, കളിയാക്കി. എന്നാൽ ടി.സി. കുലുങ്ങിയില്ല. പിന്നീട് ക്ലാര ചേച്ചി ‘മിന്നാമിനുങ്ങ്' എന്ന സിനിമയിൽ ഒരു വേഷവും ചെയ്​തു. അധ്യാപികയായ അവർ പെൻഷൻ പറ്റി തൃശൂരിന്റെ ഉൾപ്രദേശത്ത് ഇപ്പോൾ താമസിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.

ചെമ്പൈ- യേശുദാസ്​ ജുഗൽബന്ദി

തൃശൂരിലെ സമ്പന്ന ബ്രാഹ്​മണരുടെ തട്ടകമായ പുഷ്പഗിരി ഗ്രാമത്തെക്കുറിച്ചുള്ള ഒരു അജ്ഞാതകവിയുടെ ഹാസ്യകവിതാശകലം ഓർമയിലെത്തുന്നു:‘‘പൂരങ്ങളിൽ നല്ലൊരു പൂരം പൊങ്ങണത്തെ പൂരം പൂരത്തിന്റെ പിന്നാലെ ചെന്നാൽ പട്ടന്മാര് തല്ലും.''
ഈ വരികളിൽ സമ്പന്നർ സാധാരണക്കാരെ എങ്ങനെ വിലയിരുത്തുന്നു എന്നു വ്യക്തമാകുന്നുണ്ട്. പൂങ്കുന്നത്തെ ‘പൊങ്ങണം' എന്ന് ചിലരെങ്കിലും വിളിച്ചുവരുന്നു.

ചേല ചുറ്റിയ ബ്രാഹ്മണസ്ത്രീകൾ വീട്ടുമുറ്റങ്ങളിൽ അരിപ്പൊടി കോലങ്ങൾ വരക്കുന്ന സമ്പ്രദായം നിലനിന്നുപോരുന്നു. / Photo : Wikimedia Commons

നവരാത്രി ഉത്സവത്തോടനുബന്ധിച്ച്​ ബൊമ്മക്കൊലു, കാർത്തിക തുടങ്ങിയ ഉത്സവങ്ങൾ പുഷ്പഗിരി ഗ്രാമവാസികൾ സമുചിതമായി ആഘോഷിക്കാറുണ്ട്. പാനകം, നെയ്യപ്പം തുടങ്ങിയവ ജനങ്ങൾക്കിടയിൽ അന്ന് അവർ സൗജന്യമായി വിതരണം ചെയ്യും. ചേല ചുറ്റിയ ബ്രാഹ്മണസ്ത്രീകൾ വീട്ടുമുറ്റങ്ങളിൽ അരിപ്പൊടി കോലങ്ങൾ വരക്കുന്ന സമ്പ്രദായം നിലനിന്നുപോരുന്നു. തൃശൂരിലെ മറ്റു ചില ബ്രാഹ്​മണർ താമസിക്കുന്ന, ഇപ്പോൾ പ്രസിദ്ധ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വിതരണക്കാർ തമ്പടിച്ചിരിക്കുന്ന പഴയ നടക്കാവിലും ഈ ആചാരം കാണാം. തൃശൂർ പൂരത്തിന്റെ ‘മഠത്തിൽ വരവ്' എന്ന ചടങ്ങ് ബ്രഹ്​മസ്വം മഠത്തിലെ ഈ വഴിയിൽനിന്നാണ് പുറപ്പെടുക.

പുഷ്പഗിരി ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉച്ചഭാഷിണിൽനിന്ന് ഒഴുകിയെത്തുന്ന എം.എസ്​. സുബ്ബലക്ഷ്മിയുടെ സുപ്രഭാതവന്ദനം കേട്ടാണ് പുഷ്പഗിരി ഗ്രാമവാസികളും സമീപപ്രദേശവാസികളും ഉണരുക. സീതാറാം മിൽ കമ്പനി ഉടമ ബാലസ്വാമിയുടെ അകന്ന ബന്ധത്തിലുള്ള സഹോദരപുത്രിയുടെ വിവാഹത്തലേന്ന് പുഷ്പഗിരിയിൽ നടന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും യേശുദാസിന്റെയും ജുഗൽബന്ദി ഓർമ വരുന്നു. വലിയൊരു ജനാവലി ഗ്രാമത്തിൽ അന്ന് തടിച്ചുകൂടി. അങ്ങനെ ജീവിതത്തിലാദ്യമായി ഇരുവരുടേയും നാദധാര കേൾക്കാൻ പൂങ്കുന്നം നിവാസികൾക്ക് അവസരമുണ്ടായി. കച്ചേരിയുടെ അവസാനം ജനം ആവശ്യപ്പെട്ടതനുസരിച്ച് യേശുദാസ് തിരഞ്ഞെടുക്കപ്പെട്ട ചില ക്ലാസിക്കൽ സിനിമാഗാനങ്ങളും പാടി അന്തരീക്ഷം കൂടുതൽ സംഗീതസാന്ദ്രമാക്കി. തുടയിൽ താളംപിടിച്ച്, ‘ഭേഷ്, ബലേ ഭേഷ് രാജാ’ എന്നുപറഞ്ഞ്, ചെമ്പൈ യേശുദാസിനെ പ്രോത്സാഹിപ്പിച്ചിരുന്നത് ഇപ്പോഴും ഓർമയിലുണ്ട്.

ഡിങ്ങ് ഡോങ്ങ് മണിനാദം

തൃശൂരിന്റെ നിരത്തുകളിൽ കാറുകളുടെയും ബസുകളുടെയും അധികം പ്രവാഹമില്ലാത്ത ആ കാലങ്ങളിൽ, പുഷ്പഗിരിയിൽ നിന്ന് രണ്ടുമൂന്ന് ബ്രാഹ്മണ പെൺകുട്ടികൾ വില്ലുവെച്ച കാളവണ്ടിയിൽ വിക്ടോറിയ ഗവൺമെൻറ്​ ഗേൾസ് ഹൈസ്​കൂളിലേയ്ക്ക് (വി.ജി. സ്കൂൾ) പേയിരുന്നു. ഞാനന്ന് സി.എം.എസിൽ ആറാം ക്ലാസ്​ വിദ്യാർഥിയാണ്. ‘ഡിങ്, ഡോങ്, ഡിങ്’ എന്ന് സംഗീതാത്മകമായി ശബ്ദിക്കുന്ന ഒരു ബെൽ കാളവണ്ടിക്കാരൻ അമർത്തി വഴിയാത്രക്കാരെ തങ്ങളുടെ സാന്നിധ്യമറിയിക്കും. വൈകുന്നേരം നാലിന്​ സ്കൂൾ വിടുമ്പോൾ നായ്ക്കനാൽ ധനലക്ഷ്മി ബാങ്ക് പരിസരത്ത് കാളവണ്ടിയെത്തും. അതിൽ പുസ്തകസഞ്ചി സുരക്ഷിതമായി വെച്ച് ഞാനും ഒന്നുരണ്ടു പിള്ളേരും പിന്നിൽ നടന്നുനീങ്ങും, ഒരു രസത്തിന്​. അതിലെ യാത്രക്കാരെല്ലാം ഹൈസ്​കൂളിൽ പഠിക്കുന്ന മുതിർന്ന പെൺകുട്ടികളായിരുന്നു. അവർ ഞങ്ങളോട് സംസാരിക്കാറൊന്നുമില്ല. പുഷ്പഗിരിയിലെ ഏതോ സമ്പന്ന ബ്രാഹ്മണന്റെ മക്കളായിരുന്നു അവരെല്ലാം. ഒന്നുരണ്ടു വർഷങ്ങളോടെ കാളവണ്ടിയും ഡിങ് ഡോങ് ബെൽ നാദവും പെൺകുട്ടികളും എങ്ങോ പോയിമറഞ്ഞു.

ഗുഡ്​നൈറ്റ്​ മോഹൻ

1975-ലാണ് ഞാൻ ബോംബെയിൽ ജോലി തേടിയെത്തിയത്. ചെറിയതും വലിയതുമായ ആഡ് ഏജൻസികളിൽ പത്തിരുപതുവർഷത്തോളം ജോലി ചെയ്​തു. 1990-ൽ, ബോർഡ് ഇന്ത്യ തമിഴ് ഡെയ്​ലിയിൽ പബ്ലിക് റിലേഷൻസ് ആൻറ്​ അഡ്വർട്ടൈസിങ് വിഭാഗത്തിൽ സീനിയർ എക്‌സിക്യൂട്ടീവായി ചേർന്നു. സ്പേസ് മാർക്കറ്റിങ്ങിന്റെ ഭാഗമായി ഗുഡ്‌നൈറ്റ് മോഹനെ അദ്ദേഹത്തിന്റെ കലീന വില്ലേജിലുള്ള ഓഫീസിൽ ഔദ്യോഗികമായി കാണേണ്ടതുണ്ടായിരുന്നു. ഞാൻ പൂങ്കുന്നം നിവാസിയാണെന്ന് കേട്ടപ്പോൾ താത്പര്യപൂർവം അദ്ദേഹം കൂടിക്കാഴ്​ചക്ക്​തയ്യാറായി. ആ പ്രദേശത്ത് ആൻറി ബാറുകൾ സജീവമായിരുന്ന കാലത്ത് ‘കൺട്രി' രണ്ടുമൂന്നെണ്ണമടിക്കാൻ പോയിരുന്നു എന്നതൊഴികെ കലീന പിന്നീട് സന്ദർശിച്ചിട്ടുണ്ടായിരുന്നില്ല.

ഗുഡ്​നൈറ്റ്​ മോഹൻ

‘ഗുഡ്‌നൈറ്റ് മാറ്റ്​’ മാർക്കറ്റ് പിടിച്ചടക്കിയ കാലങ്ങളിൽ ചില അപഖ്യാതികളും അതിനൊപ്പം പ്രചരിച്ചിരുന്നു. ആ മാറ്റ് ഉപയോഗിക്കുമ്പോൾ കുട്ടികളുടെ മസ്തിഷ്‌കം ചുരുങ്ങുമെന്നൊക്കെയായിരുന്നു പ്രധാന പരാതി. ഞാൻ ഇതേക്കുറിച്ച് മോഹനോട് ചോദിച്ചപ്പോൾ അദ്ദേഹം കാര്യകാരണസഹിതം ആ കുപ്രചാരണങ്ങളുടെ കള്ളി പൊളിച്ചു. അനേകം ടെസ്റ്റുകൾ നടത്തിയ ശേഷമാണ്​ ‘ഗുഡ്‌നൈറ്റ് മാറ്റ്’ മാർക്കറ്റിലിറക്കിയതെന്നും അതിന് ഐ.എസ്.ഐ. മാർക്ക്​ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് സെക്രട്ടറിയെ വിളിച്ച് അതേക്കുറിച്ചുള്ള തെളിവുകളടങ്ങിയ സർട്ടിഫിക്കറ്റുകൾ കാണിച്ചു. ഗുഡ്‌നൈറ്റിന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരുടെ കുത്സിതപ്രവർത്തിയായിരുന്നു ആ കുപ്രചാരണം എന്ന് മനസ്സിലായി. ഏതായാലും പരസ്യങ്ങളുടെ 25 X 4 സൈസിലുള്ള നാല് ഇൻസെർഷൻ നല്കാൻ അവരുടെ ആഡ് ഏജൻസിയായ സെൻ കമ്യൂണിക്കേഷനെ മോഹൻ അപ്പോൾതന്നെ ഏർപ്പാടാക്കി. ബോൾഡ് ഇന്ത്യ തമിഴ് ന്യൂസിന് ‘ഉദയരാഗ' എന്ന ഒരു കന്നഡ പത്രവും ഉണ്ടായിരുന്നു. ഈ രണ്ട് പ്രസിദ്ധീകരണങ്ങളും ഏറ്റെടുക്കാൻ ഗുഡ്‌നൈറ്റ് കമ്പനി താത്പര്യം കാണിച്ചെങ്കിലും എന്തുകൊണ്ടോ അതുണ്ടായില്ല. വഴിയേ ഗുഡ്‌നൈറ്റ് അവരുടെ ഉത്പന്നത്തിന്റെ ഗുഡ്​വിൽ ഗോദ്‌റെജിന് വിറ്റു. മോഹൻ പിന്നീട് ചലച്ചിത്രനിർമ്മാണത്തിൽ ശ്രദ്ധ ചെലുത്തി. ‘ചാന്ദിനി ബാർ' അടക്കം കുറേ നല്ല സിനിമകൾ ഗുഡ്‌നൈറ്റിന്റേതായിട്ടുണ്ട്​. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments