പാമ്പിനൊപ്പം ഈ ഇടം പങ്കുവെച്ച് ജീവിക്കാൻ പഠിക്കണം, മനുഷ്യനും

മാരകവിഷമുള്ള പാമ്പുകളെ പേടിക്കണം. സ്വന്തം വർഗത്തിനെ പോലും ഒരു പരിധിക്കപ്പുറം അടുപ്പിക്കാത്ത പാമ്പുകളെ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തവുമാണ്. പക്ഷെ മനുഷ്യനൊപ്പം ഈ ഇടം പങ്കുവെച്ച് എങ്ങനെ ജീവിക്കണമെന്ന് അവറ്റകൾക്ക് നന്നായി അറിയാം. അതറിയാത്തത് മനുഷ്യനാണ്.

എന്തുകൊണ്ട് പാമ്പുകളെ സംരക്ഷിക്കണം?

തെങ്കിലും ഒരു ജീവിവർഗത്തെ ബോധപൂർവമായോ നീതികരിക്കാവുന്ന കാരണമില്ലാതെയോ അപകടപ്പെടുത്താനുള്ള ഒരു അവകാശവും മനുഷ്യനില്ലെന്ന ഓർമ്മപ്പെടുത്തലിൽ നിന്ന് തുടങ്ങാം. എങ്കിലും സംരക്ഷിക്കേണ്ടത്, അതിനായി പ്രത്യേകശ്രദ്ധ നൽകേണ്ടത് വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ കാര്യത്തിലാണ്. അങ്ങനെ നിലവിൽ അടയാളപ്പെടുത്തിയിട്ടില്ലാത്തവയാണ് നമ്മൾ കാണുന്ന മിക്ക പാമ്പിനങ്ങളും. എന്നിട്ടും ഏതൊരു പാമ്പിനും നൽകേണ്ട സംരക്ഷണം ഒരുപോലെയാകുന്നത് എന്തുകൊണ്ട്? ഒരു ജീവിവർഗം എന്ന നിലയിൽ പല ഘടകങ്ങൾ കൊണ്ട് പാമ്പുകൾ സംരക്ഷണം അർഹിക്കുന്നുണ്ട് എന്നതാണ് ഉത്തരം. അവ ഓരോന്നായി പരിശോധിക്കാം.

പാമ്പുകൾ നിലനിർത്തുന്ന ജൈവസംതുലനം.

പാമ്പുകൾ ജീവിവർഗങ്ങളിലെ ആണിക്കല്ലാണ് (KEYSTONE SPECIES) എന്ന് പൊതുവെ പറയുമെങ്കിലും സാങ്കേതികമായി അത് ശരിയല്ല. സാധാരണഗതിയിൽ ഒരു ഭക്ഷ്യശൃംഖലയിലെ ഏറ്റവും മുകളിലുള്ള ഇരപിടിയൻമാർ (Apex Predators) ആണ് ഈ വിശേഷണത്തിന് അർഹരാകുന്നത്. കടുവ ഒരു ഉദാഹരണമാണ്. ഇരപിടിക്കുന്നതിലൂടെ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതിയുടെ അടിത്തറ ഉറപ്പിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തുന്ന ജീവിവർഗങ്ങളെയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തും. അണക്കെട്ടുണ്ടാക്കുന്ന ബീവറുകൾ മുതൽ വിത്തുകളുടെ വിതരണം നടത്തുന്ന പക്ഷികളും പരാഗണം നടത്തുന്ന തേനീച്ചകളും വരെ ഇങ്ങനെയുള്ളവരാണ്. പാമ്പുകൾ ഈ ഗണത്തിലൊന്നും പെടുന്നില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നും.

ബീവർ. / Photo : Flicker.Com
ബീവർ. / Photo : Flicker.Com

എന്നാൽ പാമ്പുകളുടെ തനതായ പരിതസ്ഥിതി പരിഗണിച്ചു നോക്കിയാൽ അവയ്ക്ക് ഈ രണ്ട് ഇനങ്ങളിലുള്ളവയുടെ ഗുണങ്ങളുണ്ടെന്ന് കാണാം. മേൽത്തട്ട് ഇരപിടിയൻമാർ (Apex Predatsor) ഇല്ലാതായാൽ അവയുടെ ഇരകളായുള്ള ജീവിവർഗം (കടുവയുടെ കാര്യത്തിലാണെങ്കിൽ മാനുകളും മ്ലാവുകളും കേഴകളുമൊക്കെ) പെറ്റുപെരുകുകയും അവ ഭക്ഷണമാക്കുന്ന സസ്യജാലങ്ങളോ ജീവിവർഗങ്ങളോ വലിയ തോതിൽ ഭീഷണി നേരിടുകയും ചെയ്യും. മേൽത്തട്ടിലുള്ള ഇരപിടിയൻമാരായതു കൊണ്ടു തന്നെ അവയുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നത് തടയാനുള്ള സ്വാഭാവികമായ സംവിധാനം അവർക്കിടയിൽ തന്നെയുണ്ട്. കടുവകളുടെ ടെറിട്ടോറിയൽ ഇരപിടുത്തവും ഇരപിടിക്കാൻ പ്രവിശ്യകളില്ലാത്തവയുടെ ഭക്ഷണദൗർലഭ്യവുമൊക്കെ ഈ സംവിധാനത്തിന്റെ ഭാഗം തന്നെയാണ്. സമാനമായി പാമ്പുകൾക്കും അവയുടെ എണ്ണം നിയന്ത്രിക്കാനുള്ള സംവിധാനം സ്വന്തമായുണ്ട്. പാമ്പുകൾ പാമ്പുകളെ തന്നെ ഇരകളാക്കുന്നതും പ്രവിശ്യകൾ തീരുമാനിച്ച് അവിടെ മാത്രം ഇരപിടിക്കുന്ന രീതിയും പ്രവിശ്യായുദ്ധവുമൊക്കെ ഒരു മേൽത്തട്ട് ഇരപിടിയൻമാരുടെ രീതി തന്നെയാണ്. മാത്രമല്ല, പാമ്പുകളുടെ ഇരകളാകുന്ന എലികളും തവളകളും അടക്കമുള്ളവ (Rodents) പെട്ടെന്ന് പെറ്റുപെരുകുന്നവയും മറ്റ് ഇരപിടിയൻമാർക്ക് എളുപ്പത്തിൽ പിടിച്ചുതിന്നാൻ കഴിയാത്തവയുമാണ്. ഇവിടെയും പാമ്പ് ഇല്ലാതാകുന്നതോടെ അപെക്‌സ് ഇരപിടിയൻമാർ ഇല്ലാതാകുന്നതിന് സമാനമായ ജൈവ അസംതുലിതാവസ്ഥ ഉണ്ടാകും. തവളകളുടെ ഇരയാകുന്ന ഈച്ചകളും പ്രാണികളും വംശനാശ ഭീഷണി നേരിടും. എലികളാണെങ്കിൽ മനുഷ്യന്റെ ഭക്ഷ്യ കലവറകളിലേക്ക് കൂട്ടമായി ആക്രമിക്കാനും തുടങ്ങും. പാമ്പുകളുടെ എണ്ണം കുറവുള്ള നഗരപ്രദേശങ്ങളിൽ എലികളുടെ ഈ വളർച്ച നമുക്കു തന്നെ കാണാവുന്നതാണ്. എലികളടക്കമുള്ള ക്ഷുദ്രജീവികൾ രോഗവാഹകരാണെന്നു കൂടി കണക്കിലെടുത്താൽ പാമ്പുകളേക്കാൾ മനുഷ്യന് അപകടകാരികൾ എലികളാണെന്ന് കാണാം. അതിനുമപ്പുറം ജൈവവൈവിധ്യം നിലനിന്നെങ്കിലേ മനുഷ്യനും നിലനിൽപ്പുള്ളൂ എന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്.

പരിണാമത്തിലെ അതിശയകരമായ ശരീരം

പാമ്പുകളുടെ ശരീരം എല്ലാ അർത്ഥത്തിലും അതിശയിപ്പിക്കുന്നതാണ്. സ്വന്തം ശരീരത്തേക്കാൾ വലിപ്പമുള്ള ഇരയെ വിഴുങ്ങാനുള്ള കഴിവ്, വേഗത്തിൽ ഇഴയാനും ഏത് ഇടുങ്ങിയ വിടവിലൂടെയും കടന്നുപോകാനും കഴിയുന്ന മെയ് വഴക്കം, ഒന്നിനു പിന്നാലെ ഒന്നായി അടുക്കിയിരിക്കുന്ന ആന്തരികാവയവങ്ങൾ, വർണക്കാഴ്ച പരിമിതമാണെങ്കിലും ഏത് ചലനവും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ കണ്ണുകളോട് ചേർന്ന് ഗന്ധമാപിനിയും (ജേക്കബ്‌സൺസ് ഓർഗൺ) സ്പന്ദമാപിനിയും (ഉദരത്തിലെ അസ്ഥികൾ) പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വിശേഷപ്പെട്ട ഇന്ദ്രിയ സംവേദനം, ചില ഇനങ്ങൾക്കുള്ള ഇൻഫ്രാറെഡ് കാഴ്ച (സത്യത്തിൽ അത് കാഴ്ചയല്ല, പിറ്റ് വൈപ്പേഴ്‌സിനും മറ്റുമുള്ള പ്രത്യേക ഇന്ദ്രിയസംവിധാനമാണ്), ശീതരക്തം തുടങ്ങി സ്വയം നിയന്ത്രിക്കാൻ കഴിയുന്ന വിഷഗ്രന്ഥികൾ പോലും പാമ്പുകളെ അപൂർവ ജീവിവർഗമാക്കുന്നുണ്ട്. വളരാത്ത തലച്ചോറും കൈകാലുകളില്ലാത്ത നീണ്ട ശരീരവും ആയിട്ടു കൂടി പാമ്പുകളുടെ വേഗതയും ശേഷിയും അതിശയിപ്പിക്കുന്നതാണ്. കൈകാലുകളോ മീൻചിറകുകളോ (Fins) ഇല്ലാതെ അതിവേഗത്തിൽ നീന്താനുള്ള കഴിവു പോലും അവയ്ക്കുണ്ട്. ഈ പ്രത്യേകതകളൊക്കെയുള്ള പാമ്പുകളെ ഒരു സാധാരണ ജീവിവർഗമായി കാണേണ്ടതല്ല. ഈ പ്രത്യേകതകളത്രയും ഒരു ജീവിവർഗമെന്ന നിലയിൽ അവ പരിണാമത്തിലൂടെ സ്വായത്തമാക്കിയതാണ്. അത് ഒരു വടിയെടുത്ത് നിസാരമായി തല്ലിക്കൊന്നു കളയേണ്ടതല്ല.

അഭൂതപൂർവമായ അതിജീവനം

മനുഷ്യൻ പാമ്പിനെ ഇല്ലായ്മ ചെയ്യാനിറങ്ങിപ്പുറപ്പെടുമ്പോൾ ഈ ഭൂമിയിൽ പാമ്പിനോളം അവകാശം മനുഷ്യനില്ലെന്നു കൂടി ഓർക്കണം. ഹോമോ സാപിയൻസ് എന്ന ഇന്നത്തെ ഈ ജീവിവർഗം ഉണ്ടായി വരുന്നതിന് എത്രയോ കാലം മുൻപ് പാമ്പുകൾ ഭൂമിയിലുണ്ടായിരുന്നതാണ്. ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്നവ. ദിനോസറുകൾ അടക്കിവാണിരുന്ന ക്രെറ്റേഷ്യസ് യുഗത്തിലാണ് പല്ലിവർഗങ്ങളിൽ നിന്ന് കാലുകൾ ശോഷിച്ച് പാമ്പുകൾ ഉണ്ടായത്. ദിനോസറുകളുടെ അപ്രമാദിത്വത്തെ അതിജീവിച്ചത് മാത്രമല്ല പാമ്പുകളുടെ പ്രത്യേകത. ക്രെറ്റേഷ്യസ് യുഗത്തിന്റെ അവസാനം ഭൂമിയിൽ പതിച്ച കൂറ്റൻ ഉൽക്ക ഇവിടുത്തെ ജീവിവർഗത്തെ അപ്പാടെ തുടച്ചുനീക്കാൻ തുടങ്ങി. ക്രെറ്റേഷ്യസ്-പാലിയോജീൻ കൂട്ടവംശനാശ വിപത്ത് എന്നറിയപ്പെടുന്ന ആ സംഭവത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിറഞ്ഞ പുകപടലങ്ങൾ കാരണം സൂര്യന്റെ വെളിച്ചമോ താപമോ ഭൂമിയിലെത്തിയില്ല. എല്ലാം തണുത്തുറഞ്ഞു പോയി. മരങ്ങളോ ചെടികളോ ഇല്ലാതായി. മണ്ണിനടിയിലോ വെള്ളത്തിനടിയിൽ ആഴത്തിലോ അഭയം തേടിയ ജീവിവർഗങ്ങളിൽ അങ്ങേയറ്റം അതിജീവന ശേഷിയുണ്ടായിരുന്ന ചിലതു മാത്രം ആ കാലത്തെ അതിജീവിച്ചു. ചില സസ്തനികളും തവളകളും പാമ്പുകളും മത്സ്യങ്ങളും അങ്ങനെ പുകപടലം നീങ്ങി വീണ്ടും സൂര്യപ്രകാശം വീണ ഭൂമിയുടെ പുനർനിർമ്മിതി ഏറ്റെടുത്തു. ആ ജീവികൾ ഉണ്ടാക്കിയെടുത്ത ജൈവസമ്പത്താണ് മനുഷ്യനെ ഇന്ന് തലയുയർത്തി നടക്കാനാക്കിയത്. ആയുസ്സറ്റു പോകും വരെ തിന്നുതീർക്കാനുള്ള വിഭവങ്ങൾ ഉണ്ടാക്കിയത്.

ഇനിയും പഠിച്ചുതീർത്തിട്ടില്ലാത്ത പുസ്തകം

പാമ്പുകളുടെ അതിജീവനം എങ്ങനെ നടന്നുവെന്നത് ഒരു അത്ഭുതം തന്നെയാണ് ഇപ്പോഴും. മാളങ്ങളിൽ കാലങ്ങളോളം കാര്യമായ ശ്വാസവായുവും ഭക്ഷണവുമില്ലാതെ കഴിയാനുള്ള അവയുടെ ശേഷി ഒരു കാരണം തന്നെയാണ്. അതിനപ്പുറം എന്തെങ്കിലും ഇന്ന് നമുക്കറിയില്ല. അതിനു കാരണം പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള നമ്മുടെ പരിമിതിയാണ്. അങ്ങേയറ്റം മാർദ്ദവമുള്ള അസ്ഥികളാണ് പാമ്പുകൾക്ക്. അതുകൊണ്ട് വ്യക്തതയുള്ള ഒരു ഫോസിൽ പോലും കിട്ടാനില്ല. ഇപ്പോൾ നമുക്കു ചുറ്റുമുള്ള പാമ്പുകളെ തന്നെ നോക്കൂ. അവയുടെ സ്വാഭാവിക പരിതസ്ഥിതികളിലേക്ക് മനുഷ്യന് കടന്നു ചെല്ലാനോ നിരീക്ഷിക്കാനോ കഴിയില്ല. അതിന് അവ നിന്നുതരില്ല. കൂട്ടിലടച്ച പാമ്പുകളിലെ പഠനങ്ങളിൽ നിന്നും പുറത്തുള്ളവയിൽ ഏറെ പണിപ്പെട്ടു നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നും കൂട്ടിവായിച്ച് അവലോകനം ചെയ്ത് നമ്മളുണ്ടാക്കിയെടുത്ത അറിവുകൾ പരിമിതമാണ്. മനുഷ്യനെ കടിക്കുന്നു, ജീവന് ഹാനിയാകുന്നു എന്നതുകൊണ്ട് അങ്ങനെയങ്ങ് ഇല്ലാതാക്കാൻ കഴിയാത്തത്ര വിശാലവും ആഴമുള്ളതുമാണ് ഒരു ജീവിവർഗം എന്ന നിലയിൽ പാമ്പുകളുടെ പ്രാധാന്യം.

പാമ്പുകൾക്ക് ചെയ്യാനാവുന്നത് നമുക്ക് ചെയ്തുകൂടേ?

പാമ്പുകൾ ഉണ്ടാക്കുന്ന ജൈവസംതുലനം മനുഷ്യന് ഉണ്ടാക്കാനാകില്ലേ എന്ന ചിന്ത മനുഷ്യന്റെ ബുദ്ധിശക്തിയിലുള്ള വിശ്വാസമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും അതങ്ങനെയല്ല. ജൈവസമ്പത്തിന്റെ കേന്ദ്രം മനുഷ്യനാണെന്ന മിഥ്യാബോധത്തിൽ നിന്നാണ് ഈ ധാരണ ഉണ്ടാകുന്നത്. ഭൂമിയുടെ എല്ലാ ഭൗതികസാഹചര്യങ്ങളെയും അതിജീവിക്കാൻ മനുഷ്യന് കഴിയുമെന്നു പോലും നാം ഇനിയും തെളിയിച്ചിട്ടില്ല. ക്രെറ്റേഷ്യസ്-പാലിയോജീൻ വിപത്തിന്റെ ആയിരത്തിലൊന്ന് ശേഷിയുള്ള ഒരു വിപത്തു പോലും താങ്ങാനുള്ള പരിണാമപരമായ ശേഷി ആർജ്ജിച്ചിട്ടില്ല നമ്മൾ. ഇനി മനുഷ്യൻ ഈ ദൗത്യങ്ങൾ ഏറ്റെടുത്താൽ തന്നെ അത് കൂടുതൽ വിപത്ത് വിളിച്ചു വരുത്തുകയാകും. മനുഷ്യന്റെ ഇടപെടൽ തന്നെ പരിസ്ഥിതിയ്ക്കും മറ്റ് ജീവിവർഗങ്ങൾക്കും ദുരിതമാകുന്ന കാലത്ത് എല്ലാം മനുഷ്യൻ നോക്കിക്കോളുമെന്ന് പറയുന്നത് വിഡ്ഢിത്തം തന്നെയാണ്. ചപ്പുചവറുകൾ വലിച്ചെറിയരുതെന്ന് മനുഷ്യനെ പഠിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതു കൊണ്ട്, സ്വീഡനിലെ നഗരങ്ങളിൽ ഒരു കൊല്ലം വലിച്ചെറിയുന്ന സിഗരറ്റുകുറ്റികൾ പെറുക്കാൻ കാക്കകളെ ജോലിയ്ക്കു വെച്ച ഒരു മുൻസിപ്പൽ കോർപ്പറേഷനുണ്ട് ആ രാജ്യത്ത്. അതുകൊണ്ട് എല്ലാം മനുഷ്യന് ചെയ്യാനാകുമെന്ന ആത്മവിശ്വാസം കൊണ്ടാണ് പാമ്പിനെ കൊല്ലാൻ വടിയെടുക്കുന്നതെങ്കിൽ അത് വേണ്ട.

പാമ്പിനെ പേടിക്കണ്ടേ?

മാരകവിഷമുള്ള പാമ്പുകളെ പേടിക്കണം. സ്വന്തം വർഗത്തിനെ പോലും ഒരു പരിധിക്കപ്പുറം അടുപ്പിക്കാത്ത പാമ്പുകളെ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തവുമാണ്. പക്ഷെ മനുഷ്യനൊപ്പം ഈ ഇടം പങ്കുവെച്ച് എങ്ങനെ ജീവിക്കണമെന്ന് അവറ്റകൾക്ക് നന്നായി അറിയാം. അതറിയാത്തത് മനുഷ്യനാണ്. മനുഷ്യൻ അവരുടെ ഇടയിലേക്ക്, അവരുടെ ഇടത്തിലേക്ക് കടന്നു ചെല്ലുമ്പോഴല്ലാതെ പാമ്പ് കടിക്കാറില്ല. മനുഷ്യനോട് നേരിട്ടു മുട്ടുന്നത് അപകടകരമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ പാമ്പിനുണ്ട്. ഒരു മനുഷ്യൻ അടുത്തു വരുന്നുണ്ടെന്ന് കണ്ടാൽ ആദ്യം സ്ഥലം വിടാൻ നോക്കുകയോ, അതിന് കഴിഞ്ഞില്ലെങ്കിൽ വിരട്ടാൻ നോക്കുകയോ (പത്തി വിടർത്തിയോ ചീറ്റിയോ ശരീരം പുളച്ചോ) ചെയ്യുന്നത് ആ ബുദ്ധി കൊണ്ടാണ്. ഇവിടെ ഒരു വൈരുദ്ധ്യമായി പറയുന്നത് അണലികളെയാണ്. അണലിയുടെ കാര്യത്തിൽ പോലും ഓടിയൊളിക്കാനുള്ള ശാരീരികക്ഷമത അതിനില്ലാത്തതു കൊണ്ടാണ് ആദ്യം പ്രതിരോധത്തിലൂന്നിയ ശരീരനിലയും പിന്നെ ആക്രമണവും വരുന്നത്. പാമ്പുകടിയേറ്റുള്ള മരണങ്ങളുടെ എണ്ണമാണ് നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. ഇതിലേറെയും കൃത്യമായ സമയത്ത് ശരിയായ ചികിത്സ കിട്ടാത്തതു കൊണ്ടാണെന്നു കൂടി ഓർക്കണം. മറ്റോരോ ജീവിയെയും പോലെ, പാമ്പിനൊപ്പം ഈ ഇടം പങ്കുവെച്ച് ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടിയിരിക്കുന്നു.


Summary: മാരകവിഷമുള്ള പാമ്പുകളെ പേടിക്കണം. സ്വന്തം വർഗത്തിനെ പോലും ഒരു പരിധിക്കപ്പുറം അടുപ്പിക്കാത്ത പാമ്പുകളെ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തവുമാണ്. പക്ഷെ മനുഷ്യനൊപ്പം ഈ ഇടം പങ്കുവെച്ച് എങ്ങനെ ജീവിക്കണമെന്ന് അവറ്റകൾക്ക് നന്നായി അറിയാം. അതറിയാത്തത് മനുഷ്യനാണ്.


Comments