സ്പ്രിങ്കളർ വിഷയത്തിൽ സർക്കാരിന് വീഴ്ച ഉണ്ടായോ? ഉണ്ടായെങ്കിൽ അതെന്ത്?

ചക്ക എന്ന് പറയുമ്പോ തേങ്ങ എന്ന് മനസ്സിലാക്കി, തെങ്ങ് വാങ്ങിയതിൽ അഴിമതി എന്ന് പറഞ്ഞ് ബഹളം വെക്കുന്നവരുടെ നാട്ടിൽ ഈ ഡാറ്റാ പ്രൈവസിക്ക് വേണ്ടി സംസാരിക്കുന്നവരാണ് ഫലത്തിൽ പൊട്ടന്മാർ. ഇവിടെ ഞാനുൾപ്പെടെയുള്ള കുറച്ച് പേർ ഉന്നയിച്ച വിഷയം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ്. കുറച്ച് വലിയ പോസ്റ്റാണ്. ചുരുക്കി പറയാനറിയില്ല.

സ്പ്രിംഗ്ളർ വിഷയത്തിൽ സർക്കാരിന് വീഴ്ച ഉണ്ടായോ? ഉണ്ടായെങ്കിൽ അതെന്ത്?

ഈ ചോദ്യത്തിന് ഒരു ഉത്തരം പറയുന്നതിന് മുൻപ് ഞാനൊരു കഥ പറയാം. ഇത് നടക്കുന്നത് 2013-14-സമയത്താണ്. അന്ന് ഒരു മാർച്ച് മാസം പകുതിയോടെ സർക്കാർ പ്രസിലുള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചു.

''സൂരജേ, നമ്മടെ നിയമസഭയിൽ ഇപ്പോ ലിനക്‌സാണ് മിക്ക സ്ഥലത്തും ഉപയോഗിക്കുന്നത്. അതിൽ അവർക്ക് ഒരു പ്രിന്റിങ്ങ് പ്രശ്‌നമുണ്ട് ഒന്ന് നോക്കാമോ''

സാധാരണഗതിയിൽ ഡ്രൈവർ പ്രശ്‌നമായിരിക്കും എന്ന് കരുതി, ''നോക്കാം, പരിഹരിക്കാനാവും എന്നുറപ്പില്ല'' എന്ന് പറഞ്ഞു. ''എന്തായാലും ഒന്ന് ചെന്ന് നോക്കൂ.'' എന്ന് പറഞ്ഞ് ആ സംഭാഷണം അവിടെ അവസാനിച്ചു. മുൻപ് പലതവണ ഞാനും സുഹൃത്തുക്കളും പലതരത്തിൽ സപ്പോർട്ട് കൊടുത്തിട്ടുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് നിയമസഭ. അതുൾപ്പടെ മിക്ക സർക്കാർ സ്ഥാപനങ്ങളിലും പലപ്പോഴും പണി കഴിഞ്ഞാൽ നന്ദിമാത്രമേ കിട്ടൂ എന്ന പ്രശ്‌നമുണ്ട്. മാത്രമല്ല, ഈ വിഷയം എന്റെ കയ്യിൽ നിൽക്കും എന്ന തോന്നലും ഇല്ല. അതിനാൽ ഞാൻ മൊത്തത്തിൽ ഒന്ന് മടിച്ചു. ഏപ്രിൽ പകുതിയോടെ വീണ്ടും വിളി വന്നു. ''സൂരജ് ലേശം ഗുരുതരമായ എന്തോ പ്രശ്‌നമാണ്. പലരും പോയി നോക്കിയിട്ട് ശരിയായില്ല എന്ന് പറഞ്ഞു. എനിക്ക് നിന്ന് തിരിയാൻ പറ്റാത്ത അവസ്ഥയാണ്. തുടർച്ചയായി വിളി വന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. ഈ വിഷയത്തിൽ സൂരജിനോളം പരിചയവും എനിക്കില്ല. സൂരജ് നിർബന്ധമായും ഒന്ന് ചെന്ന് നോക്കാമോ?'' എന്നാണ് ഇത്തവണ ചോദിച്ചത്.

അങ്ങനെ ഞാൻ നിയമസഭയിലേക്ക് പോയി. അവിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എല്ലാവരും തലയിൽ കൈയ്യും വെച്ച് ഇരിക്കുന്നു. വർഷകാല സമ്മേളനത്തിന് വേണ്ടുന്ന ഒറ്റ സാധനങ്ങളും പ്രിന്റ് എടുക്കാൻ പറ്റിയിട്ടില്ല. നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രിന്റ് എടുത്ത് മേശപ്പുറത്ത് വെക്കണം. എന്ന് വെച്ചാൽ പുസ്തകമാക്കി ഓരോ MLA മാർക്കും കൊടുക്കണം. ജനുവരി-ഫെബ്രുവരി മാസത്തിൽ തുടങ്ങേണ്ട പ്രിന്റിങ്ങ് ഇതുവരെ തുടങ്ങി വെക്കാൻ പോലും പറ്റിയിട്ടില്ല. യുദ്ധകാലടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിക്കണം. ഇല്ലേൽ പലരുടേയും തലകൾ ഉരുളും എന്നാണ് സ്ഥിതി.

അവരുടെ ഭാഷയിൽ പറഞ്ഞാൽ വിൻഡോസ് ഉപയോഗിച്ചിരുന്നപ്പോൾ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പുതിയ IT പോളി പ്രകാരം വിൻഡോസ് ഒഴിവാക്കിയതിന്റെ ഫലമായി ഉണ്ടായ പ്രശ്‌നമാണ്. അതിനാൽ പോളിസി മാറ്റണം എന്നൊക്കെ പറഞ്ഞ് കുറേ പേർ ബഹളം വെക്കുന്നുണ്ട്. പക്ഷെ ഒരു പ്രശ്‌നമുണ്ടായി എന്നതിന്റെ പേരിൽ ലിനക്‌സ് ഉപേക്ഷിക്കാൻ മുന്നിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ഉദ്ദേശമില്ല. കാരണം ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ട് എന്നൊരു വിശ്വാസം അവർക്കുണ്ട്. ''ഞങ്ങൾക്ക് കമ്പ്യൂട്ടറും ITയും ഒന്നും വലിയ പിടിയില്ല. എന്നാലും ചുറ്റുമുള്ളവർ പറയുന്നത് അങ്ങ് കണ്ണുമടച്ച് വിഴുങ്ങി, വലിയൊരു ബാധ്യത സർക്കാരിന് ഉണ്ടാക്കി വെക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല. അതുകൊണ്ട് പരിഹാരം എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണം''. ഇതാണ് അവർ പറഞ്ഞ്

അങ്ങനെ ഒരോ സ്ഥലത്തും പോയി നോക്കി. ഒറ്റനോട്ടത്തിൽ പ്രശ്‌നം വളരെ ലളിതമായിരുന്നു. മൂന്ന് തരത്തിൽ ഡോക്യുമെന്റുകൾ അവിടെ ജനറേറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഒന്ന് പഴയ വിൻഡോസിൽ ASCII/ISCII എൻകോഡിങ്ങിൽ, പിന്നെ വിൻഡോസിൽ ലിബ്രേ ഓഫീസ് വഴി ആറ്റോമിക്ക് ചില്ലോടുകൂടി ചെയ്ത യൂണികോഡ് ഡോക്യുമെന്റ്, പിന്നെ ലിനക്‌സിൽ ആറ്റോമിക്ക് ചില്ല് ഇല്ലാതെ ചെയ്ത യൂണികോഡ് ഡോക്യുമെന്റ്. ഇതെല്ലാം കൂടി പേജ് മേക്കറിൽ ചേർത്ത് വെച്ച് പ്രിന്റ് ചെയ്യാൻ ശ്രമിക്കുന്നു നടക്കുന്നില്ല. പേജ്‌മേക്കറിന് മലയാളം യൂണികോഡ് സപ്പോർട്ട് ഇല്ല എന്നുള്ളത് മറ്റൊരു കാര്യം.

രണ്ട് ദിവസം കൊണ്ട് പ്രശ്‌നപരിഹാരം പറഞ്ഞുകൊടുത്തു. സങ്കീർണ്ണമായ ഡോക്യുമെന്റ് സ്റ്റ്രക്ചറുകൾ ഒന്നും ഉപയോഗിക്കുന്നില്ല. ചിത്രങ്ങൾ ഒന്നും തന്നെ ഇല്ല. ഹെഡ്ഡിങ്ങും സബ്‌ഹെഡ്ഡിങ്ങും അണ്ടർ ലൈനും വരുന്ന അക്ഷരങ്ങൾ മാത്രമുള്ള ഡോക്യുമെന്റ് പ്രിന്റെടുക്കാൻ പേജ് മേക്കറിന്റെ ആവശ്യമില്ല നേരെ ലിബ്രേ ഓഫീസിൽ നിന്ന് പ്രിന്റ് എടുക്കാവുന്നതേ ഉള്ളൂ. ഡാറ്റ ജനറേഷൻ തൊട്ട് പ്രിന്റിങ്ങ് വരെ എല്ലാം ഒറ്റ ചട്ടക്കൂടിൽ നടക്കുന്ന ഒരു കാപ്റ്റീവ് സിസ്റ്റമാണ് നിയമസഭ. അതുകൊണ്ട് എല്ലാ സിസ്റ്റവും ഒരുപോലെ ലിനക്‌സിലേക്ക് മാറ്റിയാൽ പ്രശ്‌നം തീരും.

ഇങ്ങനെ പറഞ്ഞാൽ പോര, പ്രൂഫ് വേണം എന്നായി. അങ്ങനെ പ്രത്യേക അനുമതി ഒക്കെ എടുത്ത്, നേരത്തെ പബ്ലിഷ് ചെയ്ത ഡോക്യുമെന്റുകൾ, സോഴ്‌സ് അടക്കം എനിക്ക് തന്നു. ഞാനത് മൊത്തം ഫോർമ്മാറ്റ് ചെയ്ത് പ്രിന്റ് ചെയ്ത് കാണിച്ച് കൊടുത്തു. അങ്ങനെ നിർദ്ദേശം അംഗീകരിച്ചു. അഞ്ചാം ദിവസത്തോടെ പരിഹാരമെന്താണ് എന്നതിൽ ഒരു ധാരണയായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു വിളി വന്നു. സെക്രട്ടറിക്ക് സൂരജിനെ ഒന്ന് കാണണം എന്ന്.

സെക്രട്ടറിയെ കണ്ടു. ''സൂരജിന് ചെയ്യാനാവും എന്ന് മനസ്സിലായി. പക്ഷെ അത് ഇവിടുത്തെ ജീവനക്കാർക്ക് പറ്റും എന്ന് ഉറപ്പ് വരുത്തണം. അതുകൊണ്ട് നിലവിലുള്ള പ്രൊസിജിയറിലൂടെ ചെയ്ത് കാണിക്കണം'' എന്ന് പറഞ്ഞു. അപ്പോഴാണ്, പണിയുടെ ചൂട് അറിഞ്ഞ് തുടങ്ങിയത്. കണ്ടന്റ് ജനറേഷൻ, പ്രൂഫ് റീഡിങ്ങ്, തുടങ്ങി പേജ് ലേയൗട്ട്, പ്രിന്റിങ്ങ്, ബൈന്റിങ്ങ് അങ്ങനെ മൊത്തം എട്ട് ലെയറുകളിലായി നടക്കുന്ന പണിയാണ് ഇത്. ഒരോഘട്ടത്തിലും ഓരോ തരം പ്രിന്ററുകളും ലേയൗട്ടുകളും. എല്ലാറ്റിലും ഈ പണികൾ ലിനക്‌സ് വെച്ച് ഓടിക്കാൻ പറ്റും എന്ന് ഞാൻ തെളിയിക്കണം.

കൂലിയില്ലാതെ ജോലിക്കെടുത്ത ഒരാളുടെ അവസ്ഥ ആയിത്തുടങ്ങിയോ എന്ന് തോന്നാതെ ഇല്ല. എന്നാലും IT-ഡിപ്പാർട്ട്‌മെന്റ് തൊട്ട് എല്ലാ സ്ഥലത്തെ ആളുകളുമായി നല്ല കൂട്ടായപ്പോ ഇട്ടിട്ട് പോകാനും വയ്യ. മാത്രമല്ല, നിയമസഭയിൽ നൈസായി മൊത്തമായി ഫ്രീ സോഫ്റ്റ് വെയർ കുത്തിക്കേറ്റാൻ പറ്റിയ ഒരവരസരവും കൂടി ആയി. അങ്ങനെ രണ്ട് ദിവസം അവിടെ നിന്ന് ബാക്കി പണിയെല്ലാം ചെയ്യാനുള്ള സൗകര്യം തന്നു. പറഞ്ഞ പ്രകാരം ഫുൾസെറ്റപ്പിൽ കാര്യങ്ങൾ ഓടിച്ചു. ചില്ലറ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റാത്തതായി ഉണ്ടായിരുന്നു. അത് പക്ഷെ കാലങ്ങളായി അഡ്രസ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആയതിനാൽ തള്ളിക്കളയാം എന്ന് പറഞ്ഞ് സെക്രട്ടറി പച്ചക്കൊടി കാണിച്ചു.

ചുരുക്കി പറഞ്ഞാൽ പണി കിട്ടി, കൂലിയില്ല എന്ന അവസ്ഥ. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉരുട്ടൽ നീങ്ങി നീങ്ങി മെയ് പത്ത് ആയി എന്നാണോർമ്മ. ഒരു ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിളിച്ചു, ''സൂരജ് എന്തായാലും ഈ പ്രശ്‌നം പരിഹരിക്കൂ, ഇല്ലെങ്കിൽ സമ്മേളനസമയത്ത് കാര്യങ്ങൾ കൈവിട്ട് പോകും, കാശിന് വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് പണി തുടങ്ങി.

അപ്പഴാണ് യഥാർത്ഥ ചിത്രം കിട്ടിയത്. സർക്കാരിന് ടെന്റർ വഴിയും അല്ലാതെയും പലതരത്തിൽ പ്രൊജക്റ്റുകൾ കൊടുക്കാനാകും. ചില സർക്കാർ, സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ വർക്ക് ചോദിച്ച് വന്നാൽ മറ്റ് ഡിപ്പാർട്ട്‌മെന്റുകൾക്ക് അത് കൊടുക്കാതിരിക്കാൻ ആവില്ല. ആ സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ എടുത്ത വർക്ക് പുറത്തേക്ക് കൈമാറുകയും ചെയ്യാം. അവിടെ അപ്പോൾ ടെന്റർ നടപടികൾ വേണ്ട. മൊത്തത്തിൽ ഒറ്റസ്ഥലത്തും ടെന്റർ ഇല്ലാതെ തന്നെ നിയമപരമായി തന്നെ സർക്കാർ പണികൾ ചെയ്യാനാകും. ഇത് ചിലപ്പോ കുടുക്കും, ഊരാകുടുക്കും നല്ലതും ചീത്തയും ഒക്കെ ആവാം. അങ്ങനെ മേൽപറഞ്ഞ അതേ വഴിയിലൂടെ മറ്റൊരു സ്ഥാപനം വന്ന് കൈ വെച്ച് പൊള്ളിയ ഇടത്താണ്, തൊട്ടു പിന്നാലെ ഞാൻ എത്തിയത്. എനിക്ക് മുന്നേ സപ്പോർട്ട് കൊടുക്കാൻ പോയ ആ സ്ഥാപനത്തിലെ ഒരു പെൺകുട്ടിയെ ജീവനക്കാർ റാഗ് ചെയ്ത് കരയിച്ച് ഓടിച്ച് വിട്ട ചരിത്രം വരെ അവിടെ ഉണ്ടായിരുന്നു. ഈ പ്രതിസന്ധി അവസാന നിമിഷത്തിലേക്കെത്തിച്ചതിൽ ആ ഡിപ്പാർട്ട്‌മെന്റിനും മനപ്പൂർവ്വമല്ലാത്ത ഒരു പങ്കുണ്ട്. അതുകൊണ്ട് ആ ഡിപ്പാർട്ട്‌മെന്റിനോട് പറഞ്ഞ്, അവരുടെ പ്രതിനിധിയായി എന്നെ അവതരിപ്പിച്ച് എനിക്കുള്ള ഫണ്ട് റിലീസ് ചെയ്യിക്കാം എന്നാണ് ഉദ്യോഗസ്ഥർ കരുതിയത്.

എന്തായാലും ഏകദേശം 45 ദിവസത്തെ രാപ്പകലില്ലാത്ത അധ്വാനം കൊണ്ട് ജൂലൈ മാസത്തിന് മുന്നേ ഞാൻ ഏറ്റെടുത്ത പണി തീർത്തു. അപ്പോഴേക്കും നേരത്തേ പറഞ്ഞ സ്ഥാപനം നൈസായി കൈ കഴുകി. പിന്നീട് കുറേ അധികം പേപ്പർ വർക്കിലൂടെ മറ്റൊരു സ്ഥാപനം വഴിയാണ് എനിക്കുള്ള ഫണ്ട് റിലീസ് ചെയ്തത്. അതുകൊണ്ട് രേഖകളിൽ ജൂൺ മാസത്തിൽ തുടങ്ങി ജൂലൈ മാസത്തിൽ പണി തീർത്തതായാണ് ഉള്ളത്.

ഞാനീ പണി എടുത്തത് UDF സർക്കാരിന്റെ കാലത്താണ്. ഞാൻ അവിടെ പണി എടുക്കുന്ന കാര്യവും എനിക്ക് ഒരു സ്വകാര്യസ്ഥാപനത്തിന്റെ ലേബൽ ഉള്ള കാര്യവും എല്ലാം എല്ലാ പാർട്ടിയിൽ പെട്ടവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ അസ്സാധാരണമായ സാഹചര്യം കണക്കിലെടുത്ത് വിട്ടുവീഴ്ച അനുവദിക്കാൻ എല്ലാവരും തയ്യാറായി. അങ്ങനെയാണ് നിയമസഭയെ പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയറിലേക്ക് മാറ്റുന്നതിൽ ഒരു നിർണ്ണായക പങ്ക് വഹിക്കാൻ കഴിഞ്ഞതും. അന്ന് ഒരു കടുംപിടുത്തം ഏതെങ്കിലും ഭാഗത്ത് നിന്ന് വന്നിരുന്നെങ്കിൽ, ഒരു പക്ഷേ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ് വെയർ ചരിത്രത്തിലെ ഒരു കരിനിഴൽ ആയി നിയമസഭയിലെ ആ വർഷകാലസമ്മേളനം മാറിയേനെ.

പലസമയത്തും ഇത്തരം ഇളവുകളിലൂടേയും കുറുക്ക് വഴിയിലൂടേയും പ്രൊജക്റ്റ് നടപ്പാക്കേണ്ടി വരാറുണ്ട്. ഇവിടേയും അത്തരം കുറേ ചട്ടങ്ങളിൽ കൂടിയാണ് സ്പ്രിംഗ്ളറും വന്നതായി മനസ്സിലാക്കാൻ കഴിഞ്ഞത്. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെ കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ ഇടപെട്ടവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്. ഇതിലെ വെല്ലുവിളികളെ കുറിച്ച് ഒരു വ്യക്തി എന്ന നിലയിലും ഒരു സംരംഭകൻ എന്ന നിലയിലും വിരുദ്ധമായ ദിശകളിൽ ഒരുപോലെ ചിന്തകളും ആശങ്കകളും ഉണ്ട്. രണ്ട് ദിവസം മുന്നേ സ്പ്രിംഗ്ളർ വിഷയത്തിൽ ഇട്ടപോസ്റ്റ് മറ്റ് അനുബന്ധചർച്ചകളിലേക്കും നയിച്ചു. ഇപ്പോൾ ബഹളം വെക്കുന്ന മിക്ക ആളുകളും മറന്ന് പോകുന്ന ചില കാര്യങ്ങൾ ഉണ്ട്.

കേരളത്തിൽ പത്തനംതിട്ടയിലേയും കാസർഗോട്ടേയും പാലക്കാട്ടേയും കോവിഡ് റിപ്പോർട്ട് ചരിത്രം നിങ്ങൾ മറന്നാലും ഉത്തരവാദിത്തപ്പെട്ടവർക്ക് അങ്ങനെ അങ്ങ് വിടാൻ പറ്റില്ല. ആ സമയത്ത് IMA-യുടെ നേതൃത്വത്തിൽ ഇരിക്കുന്നവർ വരെ പറഞ്ഞത് ഇവിടെ ലക്ഷക്കണക്കിന് പേർ കോറോണയ്ക്ക് കീഴടങ്ങുമെന്നാണ്. 2018-ആഗസ്തിലെ വെള്ളപ്പൊക്കത്തേക്കാൾ ഒരു യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെ വരുന്നത് എന്നാണ് പൊതുവിൽ ചിത്രീകരിക്കപ്പെട്ടത്. ഈ പേടിപ്പിച്ച ആളുകളിൽ മിക്കവരും സാർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുന്നവരല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഒരു 1% ഫെയിലിയർ റേറ്റ് പോലും സർക്കാരിന് താങ്ങാൻ പറ്റണം എന്നില്ല. ഇവിടെ മുൻപരിചയമുള്ളതോ തെളിയിക്കപ്പെട്ടതോ ആയ ഒരു സംവിധാനം വേണം. അതും ഒരു single point dependency യും പറ്റില്ല. പ്ലാൻ A, പ്ലാൻ B അങ്ങനെ ഒന്നിന് പുറകേ ഒന്നായി പല പ്ലാനുകൾ വേണം. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നിലെ ഒരു കഷണമാണ് സ്പ്രിംഗ്ളറിന്റെ സംവിധാനം.

വെള്ളപ്പൊക്കം വന്നപ്പോൾ ചരുവം വഞ്ചി ആയതുപോലെയോ അതിലേക്കാൾ യാദൃശ്ചികമായോ ആണ് സ്പ്രിംഗ്ളറിന്റെ ടൂൾ ഇവിടെ ചിത്രത്തിലേക്ക് വന്നത് എന്നാണ് ഇതുവരെ ഉള്ള ഇടപെടലിൽ മനസ്സിലായത്. എന്നാൽ സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കേരളത്തിൽ കൊറോണ നിയന്ത്രണ വിധേയമായി. ഇനി മറ്റൊരു പൊട്ടിപുറപ്പെടൽ ഉണ്ടാവില്ല എന്ന് തീർത്ത് പറയാനും പറ്റില്ല. എപ്പഴും പൊട്ടാവുന്ന ടൈം ബോംബ് പോലെ അത് നമ്മുടെ കൂടെ തന്നെ ഉണ്ട്.

എന്തായാലും സ്പ്രിംഗ്ളർ വിഷയത്തിൽ സർക്കാരിന് ചെറുതായി ഒന്ന് പിഴച്ചു. അത് പക്ഷെ അറിഞ്ഞുകൊണ്ടോ വേണമെന്ന് വെച്ചോ ചെയ്തതല്ല എന്ന് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്. ഒരു പക്ഷെ, പതിവ് വാർത്താസമ്മേളത്തിൽ, തെറ്റ് പറ്റിയോ എന്ന കാര്യം പരിശോധിച്ച് വേണ്ട നടപടി എടുക്കും എന്ന് ഒറ്റവാചകം പറഞ്ഞിരുന്നെങ്കിൽ തുടക്കത്തിൽ തന്നെ ഈ ബഹളം അടങ്ങിയേനെ.

നിലവിൽ കൊറോണയ്ക്ക് മരുന്നോ പ്രതിരോധ കുത്തിവെപ്പോ ഇല്ല. ലക്ഷണങ്ങൾ കാണിക്കാത്തവരും രോഗവാഹകർ ആകും എന്നുള്ളതാണ് പ്രധാന വെല്ലുവിളി. അതുകൊണ്ടാണ് കുറ്റമറ്റ ഒരു ആരോഗ്യ-IT സംവിധാനം വേണമെന്ന് സർക്കാർ പറയുന്നത്. ആളുകളെ പൂർണ്ണമായും ട്രാക്ക് ചെയ്യണം, എന്നാൽ വ്യക്തിവിവരം ചോരുകയോ സർക്കാർ സംവിധാനങ്ങൾക്കുള്ളിലെ തന്നെ ആളുകൾക്ക് പോലും ദുരുപയോഗം ചെയ്യാൻ അവസരമുണ്ടാവുകയുമരുത്. പൂച്ചയ്ക്കാര് മണി കെട്ടും എന്ന് പറയുമ്പോലെ ആണിത്. ഇതാണ് മനസ്സിലാക്കിയിടത്തോളം സർക്കാരിന്റെ അവസ്ഥയും നിലപാടും. 100% ഗ്യാരണ്ടിയോടെ ഒരു സൊലുഷൻ ആര് കൊടുത്താലും സർക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. നമ്മുടെ പ്രതിപക്ഷത്തിനും ഇവിടെ അവസരമുണ്ട്.

മെയ് മാസത്തോടുകൂടി ലോക്ക് ഡൗൺ അവസാനിപ്പിക്കാനുള്ള സമ്മർദ്ദം കൂടും. കൂടുതൽ പേർ യാത്ര ചെയ്ത് തുടങ്ങും. ലോകം മൊത്തം ധാരാളം കൊറോണ കോവിഡ് രോഗികൾ ഉള്ളപ്പോൾ കേരളത്തിന് മാത്രമായി പൂർണ്ണ രോഗമുക്തി അവകാശപ്പെടാനാവില്ല. വീണ്ടും കൊറോണ വന്നാൽ അടച്ചിടൽ അത്ര എളുപ്പവുമല്ല. ഇനി അടച്ചിടുകയാണെങ്കിൽ എത്രകാലം ഇങ്ങനെ അടച്ചിട്ടിരിക്കാനാവും? അടച്ചിടലാണോ ശരിയായ പരിഹാരം? വ്യവസായങ്ങളും സ്ഥാപനങ്ങളും തുറക്കാതെ എത്രകാലം നമുക്ക് മുന്നോട്ട് പോകാനാവും? രോഗം വരാതിരുന്നാൽ മാത്രം മതിയോ? പട്ടിണി കിടക്കാത്ത അവസ്ഥയും വേണ്ടേ? ഇത് ഭരിക്കുന്ന ആളുകളുടെ മാത്രം തലവേദന അല്ല. നമ്മൾ ഓരോരുത്തരും ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ സഹായിക്കേണ്ടവരാണ്.

ഇന്നുണ്ടാക്കുന്ന ഈ ബഹളം സർക്കാരിന്റെ മൊത്തം പ്രവർത്തനങ്ങളെ അത് സാരമായി ബാധിച്ചു എന്ന് പറയാതെ വയ്യ. മുഖ്യമന്ത്രി സ്ഥിരമായി നടത്താറുള്ള വാർത്താ സമ്മേളനത്തിൽ നിന്ന് പിൻവാങ്ങിയത് പോലും ഇതിന്റെ തുടർച്ചയാണ് എന്നാണ് ഞാൻ കരുതുന്നത്. മുഖ്യമന്ത്രി ഒരു ആരോഗ്യവിദഗ്ധനോ IT വിദഗ്ധനോ ആവണമെന്ന് ശഠിക്കരുത്. ഇതുവരെ ഉള്ള അനുഭവത്തിൽ പ്രതിപക്ഷം എപ്പോഴും എല്ലായ്‌പ്പോഴും കുറ്റം കണ്ടുപിടിക്കാൻ മാത്രം നടക്കുകയാണ്. അതല്ലാതെ എന്തെങ്കിലും ഒരു നല്ലകാര്യം അവകാശപ്പെടാൻ വേണ്ടി നമ്മുടെ പ്രതിപക്ഷത്തിന്റ കയ്യിൽ ഒരു പുല്ലും ഞാൻ കാണുന്നില്ല. ഇവിടെ കൊറോണയുടെ മറവിൽ CAA-NRC നിശബ്ദമായി നടപ്പിലാക്കാനുള്ള ചരട് വലി നടക്കുന്നതിനെ കുറിച്ച് പോലും നമ്മുടെ പ്രതിപക്ഷം മനസ്സിലാക്കാൻ ശ്രമിക്കാത്തത് വലിയൊരു ദുരന്തസൂചന കൂടിയാണ്.

ഈ കരാർ കൊടുക്കുന്നതിൽ മനപ്പൂർവ്വമുള്ള വീഴ്ച ഉണ്ടായതായി ഒറ്റനോട്ടത്തിൽ തോന്നുന്നില്ല. അതേ സമയം നമ്മുടെ സർക്കാരിന് ഡാറ്റയുടെ വിലയും, ഒരു IT enabled ലോകത്ത് ഡാറ്റ കൈകാര്യം ചെയ്യുമ്പോൾ പുലർത്തേണ്ടുന്നതിൽ ഉള്ള ജാഗ്രതയിൽ വന്ന കുറവും എല്ലാം വീഴ്ച തന്നെയാണ്. ഇതാണ് ഇവിടെ തിരുത്തേണ്ടതും, ചർച്ച ചെയ്യപ്പെടണ്ടതുമായ ഒരു കാര്യം. നിർഭാഗ്യവെച്ചാൽ ഈ കാര്യത്തിൽ എന്തോ സാമ്പത്തിക കുറ്റകൃത്യം നടന്നു എന്ന് തെളിയിക്കാൻ പ്രതിപക്ഷവും ഡാറ്റയ്‌ക്കോ സ്വകാര്യതയ്‌ക്കോ വിലയില്ലെന്ന് വരുത്തി തീർക്കാൻ മറുപക്ഷവും നടത്തുന്ന ശ്രമങ്ങൾ രണ്ടും ഒരേ കുഴിയിലേക്കാണ് നമ്മളെ മൊത്തത്തിൽ കൊണ്ടുചെന്നെത്തിക്കുന്നത്. അതുകൊണ്ട് ഈ ബഹളം വെക്കുന്ന നമ്മുടെ MLA-മാർ വരുന്ന വർഷകാല സമ്മേളനത്തിലെങ്കിലും ഒരു നല്ല ഡാറ്റ പോളിസി കൊണ്ടുവരാനായി സമ്മർദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പക്ഷെ യുദ്ധകാലടിസ്ഥാനത്തിൽ നമ്മൾ ചെയ്യേണ്ടത്, എല്ലാവരും കൂടി കൂട്ടായി ഇരുന്ന് ആലോചിച്ച് നല്ലൊരു കൊറോണ പ്രതിരോധപദ്ധതിക്ക് രൂപം കൊടുക്കുകയാണ്. നിലവിൽ ഒരു ലക്ഷ്യവുമില്ലാതെ പറന്ന് നടക്കുന്ന പ്രതിപക്ഷത്തെ ആരെങ്കിലും ഈ കാര്യം പറഞ്ഞ് മനസ്സിലാക്കിയെങ്കിൽ നന്നായേനെ.

(ഇലക്ട്രിക്കൽ എഞ്ചിനീയറും സ്വതന്ത്രസോഫ്റ്റ് വെയർ ആക്റ്റിവിസ്റ്റുമാണ് ലേഖകൻ)

Comments