മലബാർ മേഖലയിലെ മദ്രാസ് അസംബ്ലി അംഗങ്ങളുടെ പ്രസംഗങ്ങൾ ഡിജിറ്റലാക്കണമെന്ന് നിയമസഭയിൽ ആവശ്യം

1921-56 കാലയളവിലെ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിൽ/അസംബ്ലിയിലെ മലബാർ മേഖലയെ പ്രതിനിധാനം ചെയ്തിരുന്ന അംഗങ്ങളുടെ പ്രസംഗങ്ങളും, ഇടപെടലുകളും ഡിജിറ്റൽ രേഖകളുടെ ഭാഗമാക്കണമെന്നാവശ്യം.

News Desk

1921-56 കാലയളവിലെ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിൽ/അസംബ്ലിയിലെ മലബാർ മേഖലയെ പ്രതിനിധാനം ചെയ്തിരുന്ന അംഗങ്ങളുടെ പ്രസംഗങ്ങളും, ഇടപെടലുകളും - ഡിജിറ്റൽ രേഖകളുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതി പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി.

തിരുവിതാംകൂർ, കൊച്ചി, തിരുവിതാംകൂർ-കൊച്ചി നിയമ നിർമ്മാണ സഭകളുടെ തുടക്കം മുതലുള്ള (1888 മുതൽ) പ്രൊസീഡിംഗ്സ് ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ niyamasabha. org എന്ന വെബ് സൈറ്റിൽ ലഭ്യവുമാണ്. ചരിത്ര ഗവേഷകർക്ക് വിരത്തുമ്പിൽ വിലപ്പെട്ട വിവരങ്ങൾ ഇങ്ങനെ ലഭിക്കുന്നു. അതേസമയം, സംഭവബഹുലമായ 1921 - 56 കാലഘട്ടത്തിൽ മലബാർ ഭാഗത്തെ പ്രതിനിധീകരിച്ച് മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിലും / അസംബ്ലിയിലും അംഗങ്ങളായിരുന്ന പ്രഗൽഭരായ സാമാജികർ നടത്തിയ പ്രസംഗങ്ങളും സഭയിലെ ഇടപെടലുകളും ഡിജിറ്റൽ രൂപത്തിൽ നമ്മുടെ നിയമസഭ വെബ്‌സൈറ്റിൽ ലഭ്യമല്ല എന്ന കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട്.

മലബാർ കലാപം, ജൻമി-കുടിയാൻ ബന്ധ പരിഷ്കരണം സംബന്ധിച്ച നിയമ നിർമ്മാണങ്ങൾ, രണ്ടാം ലോകമഹായുദ്ധവും കോൺഗ്രസ്സ് മന്ത്രിസഭകളുടെ രാജിയും, വിവിധ ബ്രിട്ടീഷ് ഭരണപരിഷ്കാരങ്ങളോടുള്ള ഇന്ത്യൻ ദേശീയതയുടെ നിലപാടുകൾ, ഇന്ത്യൻ സ്വാതന്ത്ര്യം, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം എന്നിങ്ങനെ എണ്ണമറ്റ ചരിത്ര മുഹൂർത്തങ്ങളടങ്ങിയ കാലഘട്ടമാണിത്. ഈ കാലയളവിലെ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് അന്നത്തെ മലബാർ പ്രദേശത്തെ പ്രതിനിധാനം ചെയ്തിരുന്ന സാമാജികരുടെ പ്രസംഗങ്ങളും ഇടപെടലുകളും നമ്മുടെ നിയമസഭാ വെബ് സൈറ്റിൽ വരേണ്ടത് അനിവാര്യമാണെന്ന് നൗഷാദ് അലി വിശദീകരിക്കുന്നു.

അന്ന് മദ്രാസ് അസംബ്ലിയിൽ അംഗമായവരിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ, ഇ.എം.എസ്, എ.വി. കുട്ടിമാളു അമ്മ, എം.പി. ഗോവിന്ദമേനോൻ, അഡ്വ. ബി. പോക്കർ, വി.ആർ. കൃഷ്‌ണയ്യർ തുടങ്ങി നിരവധി മഹാരഥൻമാരുണ്ട്. പിന്നീട് പൊതുരംഗത്ത് നേതൃനിരയിൽ വരാതെ പോയവരുമുണ്ട്. ഇവരുടെയെല്ലാം പ്രസംഗങ്ങളും മറ്റ് ഇടപെടലുകളും ഡിജിറ്റലൈസ് ചെയ്ത് നിയമസഭയുടെ വെബ് സൈറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. തമിഴ്നാട് നിയമസഭ ഇത്തരം ഉദ്യമങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമത്തിലാണ്. തമിഴ്നാട് നിയമസഭയുടെ സ്പീക്കറുമായും സർക്കാരുമായും ബന്ധപ്പെട്ട് 1921 - 56 കാലത്ത് മലബാറിനെ പ്രതിനിധീകരിച്ച അംഗങ്ങളുടെ പ്രസംഗങ്ങളും മറ്റ് ഇടപെടലുകളും ഡിജിറ്റൽ രൂപത്തിലാക്കി കേരള നിയമസഭയുടെ വെബ് സൈറ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും കെ.പി. നൗഷാദ് അലി ആവശ്യപ്പെട്ടു.

Comments