കേരളത്തിലെ നവലിബറൽ വികസന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് ഇവിടുത്തെ തൊഴിലാളിവർഗആണത്തങ്ങളെ രൂപീകരിച്ചിട്ടുള്ളത് എന്ന് പഠിക്കാൻ ഞാൻ തിരഞ്ഞെടുത്ത, പലതരം കൂലിവേല എടുക്കുന്ന തൊഴിലാളി വിഭാഗങ്ങളിൽ ഒന്ന് മത്സ്യത്തൊഴിലാളികളായിരുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പറ്റിയുള്ള മിക്ക പഠനങ്ങളും ലത്തീൻ- കത്തോലിക്ക മുക്കുവ സമുദായത്തെ കുറിച്ചുള്ളതാണ്. എന്നാൽ, തെക്കൻ കേരളത്തിലെ തീരദേശ മുസ്ലിം സമുദായത്തെ കുറിച്ചുള്ള പഠനങ്ങൾ അപൂർവമായതുകൊണ്ടും അവരുടെ തൊഴിൽ- ജീവിത- സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയുള്ള നമ്മുടെ അക്കാദമിക ധാരണ മലബാറിലെ മുസ്ലിം സമുദായങ്ങളെ അപേക്ഷിച്ച് കുറവായതുകൊണ്ടും, തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിലെ മുസ്ലിങ്ങളുടെ ദൈനംദിന തൊഴിലാളി ജീവിതത്തെക്കുറിച്ചും ആണത്തങ്ങളെ കുറിച്ചും പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. സാമൂഹിക ഗവേഷക എന്ന നിലക്ക് ഞാൻ കണ്ട ബീമാപള്ളിയെ കുറിച്ചുള്ള പങ്കുവെക്കലാണ് ഈ എഴുത്തിലൂടെ ഉദ്ദേശിക്കുന്നത്.
ബീമാപള്ളിയിലേക്കുള്ള
എന്റെ പ്രവേശനം
“താൻ അവിടെ ഒറ്റക്ക് ഫീൽഡ് വർക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒരു മുസ്ലിം ചെറുപ്പക്കാരനെ റിസർച്ച് അസിസ്റ്റൻറ്റായി വെക്കുന്നത് നല്ലതായിരിക്കും. താൻ ഒറ്റക്ക് പോയാൽ അവർ സഹകരിക്കില്ല, പിന്നെ തനിക്കും സേഫ് ആയി തോന്നില്ല,” - ഇതാണ് ഗവേഷണത്തിന്റെ ഭാഗമായി ഫീൽഡ് വർക്ക് ചെയ്യാൻ ബീമാപള്ളിയിലേക്ക് പോകുന്ന വിവരം പറഞ്ഞപ്പോൾ എന്നോട് അയാൾ പറഞ്ഞത്. ഒരു എത്തനോഗ്രാഫറായും സെക്കുലർ പുരോഗമനവാദിയായുമൊക്കെ എപ്പോഴും സ്വയം അവതരിപ്പിക്കുന്ന ആളിൽ നിന്ന് ഇത് കേട്ടപ്പോൾ ഒന്ന് തർക്കിക്കാൻ ശ്രമിച്ചെങ്കിലും, നമ്മുടെ നാട്ടിൽ മതേതരവാദം എന്തിനെയും ഏതിനെയും മിനുക്കാൻ പറയുന്ന ഒരു മന്ത്ര‘വാദം’ ആയതുകൊണ്ട് അയാൾ എന്റെ മറുചോദ്യങ്ങളിൽ നിന്നും വിദഗ്ധമായി വഴുതിമാറി(1).
അയാളുടെ ഉപദേശം സ്വീകരിച്ചില്ലെങ്കിലും, ബീമാപള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ പല ചോദ്യങ്ങളും എന്റെ കൂടെ വരുമെന്ന് ഉറപ്പായി. ബീമാപള്ളി പോലൊരു പ്രദേശത്തെ കുറിച്ച് സംസാരിക്കുമ്പോൾ എന്തുകൊണ്ടായിരിക്കും പുരോഗമന മതേതരവാദികളും ഭൂരിപക്ഷ മതവാദികളും ഒരേ ‘ട്രോപ്പുകൾ’ / വാദരീതികൾ ഉപയോഗിക്കുന്നത് എന്ന് അറിയേണ്ടതുണ്ട് എന്നുറപ്പായി.
ആ നാട്ടിലേക്ക് ശാരീരികമായി പ്രവേശിക്കുന്നതിന് മുൻപേ ഈ ചർച്ചകൾക്കുള്ളിൽ എനിക്ക് പ്രവേശിക്കേണ്ടിവന്നു. ഈ ചർച്ചകളുടെയും അതിൽനിന്നുണ്ടായിവരുന്ന മുൻവിധികളുടെയും വിവേചനങ്ങളുടെയും പശ്ചാത്തലത്തിൽ മാത്രമേ ഒരു മുസ്ലിം പ്രദേശത്തെയും അവിടുത്തെ ദൈനംദിന ജീവിതങ്ങളെയും പഠിക്കാൻ ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തിൽ സാധിക്കൂ എന്നും ബോധ്യമായി.

ഒരു സമൂഹത്തിന്റെ പൊതുരാഷ്ട്രീയത്തിൽ നിന്നും മതം പൂർണമായും അകന്നുനിൽക്കുകയും, മതം വെറുമൊരു സ്വകാര്യവിഷയമായി ചുരുങ്ങുകയും ചെയ്യുമ്പോൾ മാത്രമാണ് അതൊരു ആധുനിക സമൂഹമാവുകയുള്ളൂ എന്നാണല്ലോ ആധുനികവാദികളിലെ പ്രബല വിശ്വാസം. അതായത് മതത്തെ മറികടന്നാൽ മാത്രമേ "സെക്യുലർ" എന്ന ആദർശം സാധ്യമാകൂ എന്ന്. സെക്യുലർ എന്നാൽ യുക്തിസഹമായ ചിന്തകളിലും ആധുനിക വ്യവസ്ഥകളിലും അധിഷ്ഠിതമായ ഒരു സാമൂഹിക ജീവിതവും, ഇതിനെതിരായി “മതപരം” എന്നാൽ യുക്തിരഹിതമായ (non-rational) വിശ്വാസങ്ങളിലും പരമ്പരാഗത വ്യവസ്ഥകളിലും അധിഷ്ഠിതമായ സാമൂഹിക ജീവിതവും എന്നാണ് അവർ കരുതുന്നത്.
മതത്തെ പ്രശ്നവത്കരിക്കാനും അതിന്റെ പൊതുമണ്ഡലത്തിലുള്ള സ്വാധീനങ്ങളെ ക്ഷീണിപ്പിക്കുവാനും സെക്യുലറിസം എന്ന ആശയം ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ തലാൽ അസദ് "Formations of the Secular” എന്ന പുസ്തകത്തിൽ വാദിക്കുന്നതുപോലെ മതേതരം / മതം എന്ന ബൈനറി തികച്ചും ആശയതലത്തിൽ മാത്രമേ ഇത്ര വൃത്തിയായി വേർതിരിഞ്ഞ് നിലനിൽക്കുകയുള്ളൂ. പ്രായോഗിക തലത്തിൽ, ഇവ രണ്ടു ധ്രുവങ്ങളിൽ നിലകൊള്ളുന്ന വ്യവസ്ഥകളായോ, നമ്മുടെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക മണ്ഢലങ്ങളിൽ ഒന്ന് മറ്റൊന്നിനെ പൂർണമായും റദ്ദാക്കുന്നതായും തോന്നിയിട്ടില്ല.
ചരിത്രപരമായിത്തന്നെ പല പ്രദേശങ്ങളിലും വളരെ വ്യത്യസ്ത രീതികളിലാണ് മതേതരവാദത്തെ അവിടുത്തെ ഭരണകൂടങ്ങളും സമുദായങ്ങളും അനുരൂപപെടുത്തിയിട്ടുള്ളത് (2). ഇന്ത്യയിൽ, സാമൂഹിക തലത്തിൽ മതം പല സമുദായ-സ്വത്വങ്ങളുടെയും ഉറവിടമായി തുടരുമ്പോൾ പോലും, ഭരണകൂടം സെക്യുലറായിരിക്കണം എന്നാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ, പ്രായോഗികതലത്തിൽ ഭരണകൂടത്തിന്റെ മതേതരത്വവാദം ഹിന്ദു ഭൂരിപക്ഷവാദത്തോട് ഇടകലർന്ന് നിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നതാണ് സത്യം. മാത്രമല്ല, മതേതരത്വവാദികൾ തമ്മിൽ തന്നെ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോഴോ അല്ലെങ്കിൽ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലോ മാത്രമാണ് സെക്യുലർ ഭരണകൂടം പുലർത്തുന്ന മതപരമായ പക്ഷപാതങ്ങൾ നേരിട്ട് കാണാൻ സാധിക്കുന്നത്.
മത്സ്യബന്ധനത്തിൽ മുതലാളിത്ത പ്രയോഗങ്ങൾക്ക് മുൻതൂക്കം വന്നതോടുകൂടി മത്സ്യത്തൊഴിലാളികൾക്കിടയിലുള്ള സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളും അവർക്കിടയിലുള്ള മത്സരങ്ങളും അധികമായി.
ഉദാഹരണത്തിന്, മതേതരവാദികൾ മതത്തെ പ്രശ്നവത്കരിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ് സ്ത്രീസ്വാതന്ത്ര്യം. പക്ഷെ ‘സ്ത്രീസ്വാതന്ത്ര്യം’ എന്നത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ വ്യാഖ്യാനങ്ങൾ ഹിന്ദു ഭൂരിപക്ഷ ബ്രാഹ്മണിക പിതൃമേധാവിത്വ ആദർശങ്ങളാൽ പാകപ്പെടുത്തിയവയാണ്. ഭൂരിപക്ഷ സമുദായം അവരുടെ മതേതരത്വം തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു വാദമാണ്, ഹിന്ദുയിസം ഒരു മതത്തിലുപരി ഒരു ജീവിതരീതിയാണെന്നും, ആ ജീവിതരീതി മതേതര ആദർശങ്ങളെ ഉൾകൊള്ളുന്ന ഒന്നാണെന്നും. അതായാത്, ഹിന്ദുക്കളുടെ ആചാരങ്ങൾ ജീവിതശൈലിയായും ബാക്കിയുള്ള വിശ്വാസങ്ങൾ മതഭ്രാന്തായും വേർതിരിച്ചുകാണാൻ അവർ ഉപയോഗിക്കുന്ന വാദമാണത്. ഉത്തരേന്ത്യയിൽ ഹിന്ദു സ്ത്രീകൾ സാരികൊണ്ടു മുഖം മുഴുവൻ മറയ്ക്കുന്ന സമ്പ്രദായം (Ghoonghat) ഹിന്ദു സംസ്കാരത്തിന്റെ ചിഹ്നമായും, പക്ഷെ മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ഹിജാബ് ഇസ്ലാം മതത്തിലെ സ്ത്രീവിരുദ്ധതയായും കാണുന്ന ഇരട്ടത്താപ്പിനെയാണ് ഭരണകൂട മതേതരത്വവാദം എന്ന് വിളിക്കുന്നത്. ഇത് അവ തമ്മിലുള്ള വ്യത്യാസങ്ങളെ മറച്ചുവെക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഭരണകൂടം ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളുടെ പദവിയേയും പ്രശ്നവത്കരിക്കുന്നതുപോലെ ഹിന്ദു മതത്തിൽ അടങ്ങിയിട്ടുള്ള ജാതിവ്യവസ്ഥ, ബ്രാഹ്മണിക പിതൃമേധാവിത്വം, ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യത്തിന്മേൽ നടത്തിവരുന്ന ആക്രമണങ്ങൾ, ഭൂരിപക്ഷ വലതുപക്ഷ രാഷ്ട്രീയവും വൻകിട മുതലാളിത്തവും തമ്മിലുള്ള ബന്ധം പോലുള്ള വലിയ പ്രതിസന്ധികളെ വിശകലനം ചെയ്യാൻ താല്പര്യപ്പെടാറില്ല എന്നതാണ് ഇന്നത്തെ ഇന്ത്യൻ സെക്യുലറിസത്തിന്റെ "പ്രത്യേകത".

കേരളത്തിൽ ഹിന്ദുത്വ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ശക്തി പരിമിതമാണെങ്കിൽ പോലും, ഇവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയം പുലർത്തുന്നത് ഒരു പ്രത്യേകതരം ഭൂരിപക്ഷ വികസനവാദമാണ്. ന്യൂനപക്ഷ മതസമുദായങ്ങളുടെയും ദലിത്- ആദിവാസി- തീരപ്രദേശ സമൂഹങ്ങളുടെയും രാഷ്ട്രീയ സ്വത്വങ്ങളെയും അനുഭവങ്ങളെയും അദൃശ്യവത്കരിക്കുന്ന വികസനവാദമാണിത്. ഈ സമുദായങ്ങൾ തങ്ങളുടെ സ്വത്വം ദൃശ്യമാക്കാൻ നടത്തുന്ന ശ്രമങ്ങളും സമരങ്ങളും വികസന-വിരുദ്ധതയായാണ് ഇവിടുത്തെ വികസനവാദി ഭരണകൂടം കാണുന്നത്. പുരോഗമനവാദവും, ആധുനികതയുടെയും, വികസനവാദത്തിന്റെയും പേരിൽ ഇസ്ലാമിനെയും മുസ്ലിങ്ങളെയും അന്യവത്കരിക്കുന്നത് ഇവിടെ സാധാരണമാണ്. മുസ്ലിം സമുദായത്തെ വികസനവിരുദ്ധരായും നിയമവിരുദ്ധരായുമൊക്കെ ചിത്രീകരിക്കുക എന്നുള്ളതാണ് വികസനവാദി- ഭരണകൂടത്തിന്റെ ഇസ്ലാമോഫോബിക് ഭരണക്രമം (regime).
മത്സരം മുറുകിയതോടെ കരയെ മാത്രമല്ല കടലിനെയും ക്രിസ്ത്യാനി- മുസ്ലിം പ്രദേശങ്ങളായി വേർതിരിച്ചു, ഒരു സമുദായത്തിന്റെ ഇടത്തിൽ മറ്റൊരു സമുദായത്തിലെ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും പേടിയായി തുടങ്ങിയ കാലമായി മാറി.
2026-ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾ ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ എന്നീ പ്രസ്ഥാനങ്ങൾക്കെതിരെ നടത്തുന്ന പ്രചാരണങ്ങളെയെല്ലാം "പ്രോക്സി ഇസ്‌ലാമോഫോബിയ" എന്നാണ് യാസർ അറാഫത്ത് എന്ന ഗവേഷകൻ ഈ അടുത്ത് Outlook മാഗസിനിൽ എഴുതിയ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. അതായത്, ഹിന്ദുത്വവാദികൾ ഇസ്‌ലാമിന്റെയും മുസ്ലീങ്ങളുടെയും എതിരെ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിൽനിന്നും വ്യത്യസ്തമായി മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾ ഉപയോഗിക്കുന്ന തന്ത്രമാവട്ടെ അവരുടെ ഇസ്ലാമോഫോബിയ പി.ഡി.പി, എസ്.ഡി.പി.ഐ പോലുള്ള ഇസ്‌ലാമിക സംഘടനകളോട് കാണിക്കുന്നു എന്നതാണ്. ഇതിനായി അവർ സ്ഥിരം പറയുന്ന വാദമാണ് "ഞങ്ങൾ മുസ്ലീങ്ങൾക്കെതിരെയല്ല, മുസ്ലിം തീവ്രവാദത്തിനെതിരെയാണ്" എന്നത്.
അരാഫത്തിൻെറ ഈ നിരീക്ഷണത്തോട് യോജിക്കുന്നു. പക്ഷെ, എൽ.ഡി.എഫിനുള്ളിലുള്ള പല രാഷ്ട്രീയകക്ഷികൾ വരാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന ബഹു "സ്വരത" (പൊലിഫോണി) ആണ് ഈ ഇസ്ലാമോഫോബിയയുടെ കാരണമെന്ന അദ്ദേഹത്തിന്റെ വാദത്തോട് വിയോജിപ്പുണ്ട്. അദ്ദേഹം പൊലിഫോണി എന്നത് രാഷ്ട്രീയത്തിൽ ഒരു കുറവായി കാണുന്നതുപോലെ തോന്നിപ്പിക്കുന്നു. എൽ.ഡി.എഫിന്റെ പതനം പോളിഫോണി കാരണമാണുണ്ടാവുന്നതെന്ന് തോന്നുന്നില്ല.
ഇടതുപക്ഷം എന്നത് പലതരം അധികാരവ്യവസ്ഥകളുടെ ഹിംസയും ദുരുപയോഗം ചെയ്യലിന്റെ എതിരെ നിൽക്കുന്ന പല പ്രത്യയശാസ്ത്രങ്ങളുടെ വിശാലമായ കുടയുമാണ്. അത് ഫെമിനിസം ആവട്ടെ, സബാൾട്ടൺ സമരങ്ങളാവട്ടെ, ന്യൂനപക്ഷ സമുദായങ്ങളുടെ പോരാട്ടങ്ങളാവട്ടെ, പരിസ്ഥിതിവാദമാവട്ടെ, അവരുടെ എതിർപ്പുകളെ മാനിച്ചുകൊണ്ടുതന്നെ ഉൾക്കൊള്ളുന്ന ഒന്ന്.

എന്നാൽ ഇന്നത്തെ മുഖ്യധാരാ ഇടതുപക്ഷം ഈ വിവിധ സ്വരങ്ങളെയെല്ലാം ഒന്നുകിൽ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സ്വാംശീകരിക്കുകയോ അല്ലെങ്കിൽ അവയെ രാഷ്ട്രീയ എതിരാളികളായോ വഞ്ചകരായോ കാണുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം. പാർട്ടിയുടെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളിൽ സഹായിക്കുന്ന അഭിപ്രായങ്ങളെ (അത് എത്രതന്നെ വിഷലിപ്തമാണെങ്കിലും) മാത്രം മാനിക്കുകയും ബാക്കി എല്ലാ സ്വരങ്ങളെയും അവഗണിക്കുന്നതാണ് ഇവിടുത്തെ പ്രശ്നം എന്ന് കരുതുന്നു (3).
മുഖ്യധാരാ ഇടതിന്റെ ഇസ്ലാമോഫോബിയ 2026-ലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പെട്ടെന്നുണ്ടായ രാഷ്ട്രീയ സാഹചര്യമൊന്നുമല്ല, ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പല രീതികളിലും അളവിലും ഇടതുകക്ഷിരാഷ്ട്രീയക്കാർ പുലർതുന്ന ഒരു നിലപാടാണ്.
മത്സ്യത്തൊഴിലാളികളുടെ ബീമാപള്ളി
1950 മുതൽ 1980-കൾ വരെയുള്ള കാലയളവിൽ കേരളത്തിലെ മത്സ്യവ്യവസായ മേഖലയിൽ വലിയതോതിൽ ആധുനികവത്കരണം സംഭവിച്ചിരുന്നു. ആഗോള തലത്തിൽ, മത്സ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചതോടെ മത്സ്യോത്പാദനം വർധിപ്പിക്കുന്നതിൽ സർക്കാർ നയങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെറുകിട മൽസ്യബന്ധനം കൊണ്ട് ആഗോള കമ്പോളത്തിൽ മത്സരിക്കാൻ പറ്റില്ല എന്നുള്ളതുകൊണ്ട് ഈ മേഖലയിലേക്ക് ആധുനികവൽക്കരണം കൊണ്ടുവരാനായി വലിയ നിക്ഷേപങ്ങൾ സർക്കാർ നടത്തി തുടങ്ങി. അന്നുവരെ കട്ടമരം തുഴഞ്ഞ് കടലിൽനിന്നും വലവീശി മീൻപിടിച്ചിരുന്നത് മാറി ഔട്ട്ബോർഡ് എൻജിൻ വെച്ചിട്ടുള്ള മോട്ടോറൈസ്ഡ് ബോട്ടുകളും പുതിയ രീതിയിലുള്ള മീൻപിടിത്ത ഉപകരണങ്ങളും വന്നുതുടങ്ങി.
വേഗതയും മത്സ്യോത്പാദനക്ഷമതയും കൂട്ടുക എന്നുള്ളതായി പ്രധാന ഉദ്ദേശ്യം. എന്നാൽ ഇതിനൊക്കെ വലിയ മുതൽമുടക്ക് ആവശ്യമായി. മത്സ്യബന്ധനത്തിൽ മുതലാളിത്ത പ്രയോഗങ്ങൾക്ക് മുൻതൂക്കം വന്നതോടുകൂടി മത്സ്യത്തൊഴിലാളികൾക്കിടയിലുള്ള സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളും അവർക്കിടയിലുള്ള മത്സരങ്ങളും അധികമായി. സംഘടിത സഭാപ്രവർത്തനങ്ങളിലൂടെയും, കത്തോലിക്ക സഭക്ക് കേരളത്തിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണാധികാരത്തിനായി വിലപേശാനുള്ള കഴിവുള്ളതുകൊണ്ടും തീരദേശ ലത്തീൻ കാതോലിക്ക സമുദായത്തിലുള്ളവർക്ക് ഏറെ സഹായങ്ങൾ ലഭ്യമായി. മുതൽമുടക്കിനുള്ള കടമായിട്ടായാലും, പുതിയ സാങ്കേതികവിദ്യയുടെ പരിശീലനങ്ങൾ നടത്തുവാനായാലും സഭ മുന്നിൽ തന്നെ നിന്നു.

എന്നാൽ ഇത്തരം സൗകര്യങ്ങൾ മുസ്ലിം തൊഴിലാളികൾക്ക് ലഭ്യമായിരുന്നില്ല. മുസ്ലിം പള്ളികളും മഹല്ലുകളും കത്തോലിക്കാസഭകളെ പോലെ സംഘടിതമല്ലാത്തതിനാൽ, വിഭവങ്ങൾ ശേഖരിക്കാനും മുതൽമുടക്ക് നടത്തുവാനുമുള്ള ക്ഷമത പരിമിതമായിരുന്നു. ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളികൾ മോട്ടോർ ബോട്ടുകളിൽ ആഴക്കടലിൽ മീൻപിടിക്കാൻ പോയി തുടങ്ങിയപ്പോഴും മുസ്ലിം തൊഴിലാളികൾ കട്ടമരവും കമ്പവലയും കൊണ്ട് തീരപ്രദേശത്ത് തന്നെ അവരുടെ മൽസ്യബന്ധനം തുടർന്നു.
മത്സരം മുറുകിയതോടുകൂടി രണ്ടു സമുദായങ്ങൾ തമ്മിൽ പോരാട്ടങ്ങളും ആക്രമണങ്ങളും വർധിച്ചു. കടലിനും കരക്കുംമേൽ അധികാരത്തിനുവേണ്ടിയുള്ള ആക്രമണങ്ങൾ ഏറി. തിരുവനന്തപുരം തീരപ്രദേശങ്ങളിൽ എണ്ണത്തിൽ അധികമായതിനാലും പള്ളിയുടെ ഇടപെടലുകളാലും, സർക്കാർ ക്ഷേമവിഭവങ്ങൾക്ക് മേലിലും ലത്തീൻ കത്തോലിക്കർക്ക് ആധിപത്യം ഉണ്ടായി.
കരയെ മാത്രമല്ല കടലിനെയും ക്രിസ്ത്യാനി- മുസ്ലിം പ്രദേശങ്ങളായി വേർതിരിച്ചു, ഒരു സമുദായത്തിന്റെ ഇടത്തിൽ മറ്റൊരു സമുദായത്തിലെ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും പേടിയായി തുടങ്ങിയ കാലമായി മാറി. കാറ്റത്ത് മുസ്ലിം തൊഴിലാളികളുടെ കമ്പവല തൊട്ടടുത്തുള്ള ചെറിയതുറ- പൂന്തുറ -വലിയതുറ പോലുള്ള ലത്തീൻ കത്തോലിക്ക പ്രദേശങ്ങളിലെ ഇടത്തേക്ക് കയറിയാലോ, അല്ലെങ്കിൽ ക്രിസ്ത്യാനി ഉടമകളുടെ മോട്ടോർ ബോട്ടുകൾ ബീമാപള്ളി പോലുള്ള മുസ്ലിം പ്രദേശങ്ങളിൽ പ്രവേശിച്ചാലോ ചെറിയ വാക്കുതർക്കങ്ങൾ കലാപങ്ങളിലേക്ക് നീങ്ങുമായിരുന്നു.
മതഭ്രാന്ത് കൂടിയവരായതുകൊണ്ടല്ല തിരുവനന്തപുരം കടൽപ്രദേശത്ത് ലത്തീൻ കത്തോലിക്ക - മുസ്ലിം കലാപങ്ങൾ ഉണ്ടായത്, മറിച്ച് മുതലാളിത്ത വ്യവസ്ഥകൾ ഉണ്ടാക്കിയ സാമൂഹിക- സാമ്പത്തിക അസമത്വങ്ങൾ കൂടിയപ്പോൾ സമുദായങ്ങൾ തമ്മിലുള്ള മത്സരം മുറുകുകയും അത് അക്രമത്തിൽ അവസാനിക്കുകയുമാണ് ചെയ്തത്.
ചുരുക്കിപ്പറഞ്ഞാൽ മതഭ്രാന്ത് കൂടിയവരായതുകൊണ്ടല്ല തിരുവനന്തപുരം കടൽപ്രദേശത്ത് ലത്തീൻ കത്തോലിക്ക - മുസ്ലിം കലാപങ്ങൾ ഉണ്ടായത്, മറിച്ച് മുതലാളിത്ത വ്യവസ്ഥകൾ ഉണ്ടാക്കിയ സാമൂഹിക- സാമ്പത്തിക അസമത്വങ്ങൾ കൂടിയപ്പോൾ സമുദായങ്ങൾ തമ്മിലുള്ള മത്സരം മുറുകുകയും അത് അക്രമത്തിൽ അവസാനിക്കുകയുമാണ് ചെയ്തത്. മുതലാളിത്ത മൽസ്യബന്ധന മത്സരങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ ബീമാപള്ളി മുസ്ലിം തൊഴിലാളികൾ തൊഴിലിനു വേണ്ടി കുടിയേറാൻ തുടങ്ങി. 1960-കളിൽ വലിയതോതിൽ ബീമാപള്ളിയിൽ നിന്നും പുരുഷന്മാർ ശ്രീലങ്കയിലേക്ക് കടൽപ്പണിക്കാരായി പോകുവാൻ തുടങ്ങി.
വമ്പൻ മുതലാളിത്തത്തെ
നേരിടാൻ കീഴാളരുടെ ചന്ത
1977-ലാണ് ബീമാപള്ളിയിൽ നിന്ന് ഗൾഫിലേക്ക് വലിയതോതിലുള്ള കുടിയേറ്റം തുടങ്ങിയത്. നാട്ടിലെ ദാരിദ്ര്യം മറികടക്കാൻ ഗൾഫിലേക്ക് ആദ്യം കുടിയേറ്റം നടത്തിയവരെല്ലാം അവിടെ പോയിട്ടും കടൽപണിക്കാരും മൽസ്യത്തൊഴിലാളികളുമായി തന്നെയാണ് ജോലി ചെയ്തത്. ശാരികമായും മാനസികമായും കഷ്ടപ്പാടുകൾ സഹിച്ചതിന്റെ അനുഭവങ്ങൾ ആ നാട്ടിലെ പലർക്കും പറയാൻ ഉണ്ടായിരുന്നു. പലതും ത്യജിച്ച് അവരെ ആശ്രയിക്കുന്ന വീട്ടുകാർക്ക് പണം അയച്ചു കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.
പ്രവാസി തൊഴിലാളികൾ തിരികെ അയക്കുന്ന പണത്തിന്റെ ഒഴുക്ക് വർദ്ധിച്ചതോടുകൂടി കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെട്ടു എന്നത് മാത്രമല്ല ദാരിദ്ര്യത്തിന് ഗണ്യമായ കുറവും കണ്ടുതുടങ്ങി. സാമ്പത്തിക വിഭവങ്ങൾ മാത്രമല്ല അവർ തിരികെ കൊണ്ടുവന്ന പുതിയ സാമൂഹിക സാംസ്കാരിക വിഭവങ്ങളും ഉപഭോഗരീതികളും കേരള സമൂഹത്തെയും വ്യക്തിസ്വത്വങ്ങളെയും വലിയതോതിൽ പുനർ-രൂപീകരിച്ചു തുടങ്ങി. ഇതിനു മുൻപ് നല്ല ജീവിതമെന്നാൽ സ്ഥിരമായി വരുമാനം നൽകുന്ന ജോലി ചെയ്യുക, പണം ബാങ്കിൽ ശേഖരിച്ച് വെക്കുക, ഒരു വീട് വെക്കുക എന്നൊക്കെ ആയിരുന്നു ജീവിതാഭിലാഷമെങ്കിൽ, അത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും വർഗ വ്യത്യാസങ്ങൾക്കുപരി, പലതരം ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിലൂടെ ജീവിതം ആസ്വദിക്കുക, "അടിച്ചുപൊളിക്കുക" എന്നൊക്കെയായി മാറിയിരിക്കുന്നു മലയാളികളുടെ ജീവിത ലക്ഷ്യം (4).

ജീവിതം ആസ്വദിക്കുക എന്നാൽ. ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കെ തിരികെ വരുമ്പോൾ ഗൾഫിൽ നിന്നും വീട്ടുകാർക്കും അയൽക്കാർക്കുമൊക്കെ സമ്മാനങ്ങൾ കൊണ്ടുവരാൻ തുടങ്ങി. നാട്ടിൽ കിട്ടാത്ത തരം തുണികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, അത്തർ, പെർഫ്യൂമുകൾ, ചോക്ലേറ്റ് എന്നിവയൊക്കെ നാട്ടിൽ ഏറെ കൗതുകമുണ്ടാക്കി. ഈ ഗൾഫ് സമ്മാനങ്ങളിലൂടെയാണ് ആഗോളവൽക്കരണമുണ്ടാക്കിയെടുത്ത പുതിയ ഉപഭോഗരീതികളിലേക്ക് മലയാളി കുടുംബങ്ങൾക്ക് ആദ്യമായി പ്രവേശനം ലഭിച്ചത്.
ഇങ്ങനെ ഗൾഫ് കുടിയേറ്റം നടത്തിയിട്ടുള്ളവരുടെ കുടുംബങ്ങളും, കുടിയേറ്റം നടത്താൻ കഴിയാത്തവരുടെ കുടുംബങ്ങൾ തമ്മിൽ സാമ്പത്തിക സ്ഥിരതയിലും ഉപഭോഗത്തിലും വലിയ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. പ്രവാസികളുടെ കുടുംബാംഗങ്ങൾ ഇടുന്ന വസ്ത്രം, കുട്ടികൾ ഉപയോഗിക്കുന്ന പെൻസിലും റബ്ബറും മുതൽ വീട്ടിലെ ഉപകാരണങ്ങളുമൊക്കെ "നല്ലൊരു ജീവിതത്തിന്റെ" അടയാളങ്ങൾ കൂടിയായി മാറി.
സ്വാഭാവികമായും ഇത് പ്രവാസിതൊഴിലാളികളില്ലാത്ത ദരിദ്ര, താണ-ഇടത്തരം കുടുംബങ്ങളിലും പല രീതിയിലുള്ള സാംസ്കാരിക മാറ്റങ്ങളുണ്ടാക്കി. അവർക്കിടയിലും ഈ വസ്തുക്കൾ സ്വന്തമാക്കാനുള്ള ആഗ്രഹമുണ്ടായി തുടങ്ങി. ഗൾഫുകാരെ പോലെ വലിയ വീട് പണിയാൻ കഴിഞ്ഞില്ലെങ്കിലും അവർ ഉപയോഗിക്കുന്ന ക്ഷണികമായ സൗകര്യങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇങ്ങനെയാണ് ആദ്യമായി ചെറിയതോതിൽ ഗൾഫ് പ്രവാസികൾ അവിടെ നിന്നും സാധനങ്ങൾ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് ബാക്കിയുള്ളവർക്ക് വില്പന നടത്തുവാൻ ആരംഭിച്ചത്. പതുക്കെ ഈ ഇടപാടുകളുടെ ആവർത്തനം ഏറുകയും, നാട്ടിലെ ചില മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഗൾഫിൽനിന്ന് വരുന്നവരിൽ നിന്നുമൊക്കെ സാധനങ്ങൾ വാങ്ങി ശേഖരിക്കുകയും അവ പിന്നീട് മറിച്ച് വിൽക്കാൻ ചെറിയ കടകൾ തുറക്കുകയും ചെയ്തുതുടങ്ങിയത്.
ആഗോള ആഡംബര- ബ്രാൻഡുകൾ വിൽക്കുന്ന ചരക്കുകൾ ലക്ഷങ്ങൾ വിലകൊടുത്തു ധനികർ വാങ്ങുമ്പോൾ ഇതേ ചരക്കുകളുടെ പകർപ്പുകളും വിലകുറഞ്ഞ തരങ്ങളും ദരിദ്ര- താണ ഇടത്തരം കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് വിൽക്കുന്ന ചന്തകളെ ‘കീഴാള- മുതലാളിത്തമായി’ വേണെങ്കിൽ കാണാം.
ചില തൊഴിലാളികൾ ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി വന്നുകഴിയുമ്പോൾ, അത്യാവശ്യം വീട്ടിലെ ചെലവ് നടത്തുവാനായി വീട്ടിലുള്ള ഗൾഫ് സാധനങ്ങൾ മറ്റൊരാൾക്ക് വിൽക്കുന്നതും (second-hand) ഇവിടെ സാധാരണമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഗൾഫിലേക്ക് കുടിയേറ്റം നടത്തിയ തൊഴിലാളികൾ നാട്ടിലെ തൊഴിലാളി കുടുംബങ്ങൾക്കുംകൂടി ആഗോളചരക്കുകൾ ചെറിയ വിലയ്ക്ക് ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു ഈ ഇടപാടുകളിലൂടെ. ഇങ്ങനെ, ബീമാപള്ളി എന്ന “മിനി- ഗൾഫ്” ചന്തയിലൂടെ ആഗോള ഉപഭോക്തൃ ചരക്കുകളുടെ ഒരു പ്രാദേശിക സർക്യൂട്ട് ഉണ്ടാക്കുകയായിരുന്നു ഇവിടുത്തെ തൊഴിലാളിവർഗ്ഗം.
ഇങ്ങനെ തൊഴിലാളികൾ കുടിയേറ്റം നടത്തിയ പല പ്രദേശങ്ങളിലും ഇത്തരം അനൗപചാരിക സാമ്പത്തിക ഇടപാടുകൾ നമ്മുടെ കോഴിക്കോടിലോ ബീമാപള്ളിയിലോ ഉണ്ടായിവന്ന ഗൾഫ് ബസാറുകൾ മാത്രമൊന്നുമല്ല, ബ്യൂണോ ഐറിസിലെ ലാ സലാഡാ പോലുള്ള വലിയ മാർക്കറ്റുകൾ വളർന്നതും ഇങ്ങനെയൊക്കെയാണ്. വലിയ മുതലാളിത്ത വിപണി ഇടപാടുകളെത്തന്നെ വെല്ലുവിളിക്കുന്ന പ്രാദേശിക വിപണികളായിയിട്ടാണ് ബീമാപള്ളി, ലാ സലാഡാ ചന്തകളെയൊക്കെ കാണേണ്ടത്. ആഗോള ആഡംബര- ബ്രാൻഡുകൾ വിൽക്കുന്ന ചരക്കുകൾ ലക്ഷങ്ങൾ വിലകൊടുത്തു ധനികർ വാങ്ങുമ്പോൾ ഇതേ ചരക്കുകളുടെ പകർപ്പുകളും വിലകുറഞ്ഞ തരങ്ങളും ദരിദ്ര- താണ ഇടത്തരം കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് വിൽക്കുന്ന ചന്തകളെ ‘കീഴാള- മുതലാളിത്തമായി’ വേണെങ്കിൽ കാണാം. ഈ ചന്തകളിൽ വിൽക്കുന്ന ചരക്കുകളുടെ ഉത്പാദനത്തിലും വിപണിയിലും മുതലാളിത്ത യുക്തികളും പ്രയോഗങ്ങളും അടങ്ങിയിട്ടുണ്ടെങ്കിൽപോലും അവ ആത്യന്തികമായും കീഴാളരുടെ സാമൂഹിക-സാമ്പത്തിക ചലനശക്തിയെ സാധ്യമാക്കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത.

1990-കളുടെ അവസാനമാണ് ബീമാപള്ളി ചന്തയിൽ VCD - DVDകളുടെ വിപണനം വലിയതോതിൽ ആരംഭിച്ചത്. ആഗോള സിനിമകൾ മുതൽ പോൺ സിനിമകൾ വരെയുള്ള ഒരു വലിയ നിര തന്നെ ഇവിടെ ലഭ്യമായി തുടങ്ങി. ബീമാപള്ളിയിൽ കിട്ടാത്ത സിനിമകളുടെ സി.ഡികൾ ഇല്ലെന്ന അവസ്ഥ. സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അവയുടെ പകർപ്പുകൾ ചെറിയ വിലയ്ക്ക് ലഭ്യമായിരുന്നു. ബീമാപള്ളി മാർക്കറ്റിൽ നിന്നും അന്താരാഷ്ട്ര സിനിമകളുടെ CDകൾ വാങ്ങി പ്രയോജനപ്പെട്ട ഒരു വലിയ ശതമാനം സിനിമാ പ്രവർത്തകരും വിദ്യാർത്ഥികളും കേരളത്തിലുണ്ട്. മൾട്ടിപ്ലെക്‌സ് സിനിമാ ഹാളുകളിൽ സിനിമ കാണുന്നത് വളരെ ചെലവേറിയതായതോടെ, സിനിമകളുടെ പൈറേറ്റഡ് പതിപ്പുകളുടെ ആവശ്യം വർദ്ധിച്ചു. അങ്ങിനെ 1960 -1970കൽ വരെ ദാരിദ്ര്യത്തിൽ ജീവിച്ച പല ബീമാപള്ളി കുടുംബങ്ങളും 1990-കൾ ആയപ്പോൾ ഭേദപ്പെട്ട ജീവിതം നയിക്കാൻ തുടങ്ങി. കുടിയേറ്റക്കാരിൽ നിന്നും വിജയിച്ച വ്യവസായികളിൽ നിന്നുമുള്ള സാമ്പത്തിക സംഭാവനകൾ ഉപയോഗിച്ച് മഹല്ല് കമ്മിറ്റി ബീമാപള്ളിയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും വലിയ നിക്ഷേപം നടത്താൻ തുടങ്ങി.
ഇസ്ലാമോഫോബിക് നീരിക്ഷണ ഭരണകൂടം വമ്പൻ മുതലാളികളുടെ ഉപകരണമാകുമ്പോൾ
കൊളോണിയൽ കാലഘട്ടം മുതൽ പല സ്റ്റീരിയോടൈപ്പിങ്ങിനു വിധേയരായവരാണ് മുസ്ലിം പുരുഷന്മാർ. കൊളോണിയൽ ഭരണാധികാരികൾ മലബാർ മുസ്ലീങ്ങൾക്കെതിരെ നിർമിച്ചിട്ടുള്ള വംശീയ സങ്കൽപ്പങ്ങൾ എത്രെ പ്രശ്നമുള്ളതായിരുന്നു എന്നും ഈ സങ്കൽപ്പങ്ങൾ എങ്ങനെയാണ് കൊളോണിയൽ, പോസ്റ്റ്-കൊളോണിയൽ ഭരണകൂടങ്ങൾ മുസ്ലീങ്ങളെ അന്യവത്കരിക്കാൻ ഉപയോഗിച്ചിട്ടുള്ളത് എന്നും സന്തോഷ് എബ്രഹാം, മുഹമ്മദലി കാസിം, സലാഹ് പുനത്തിൽ, മുഹമ്മദ് ഷാ ഷാജഹാൻ, കെ. അഷ്‌റഫ് എന്നീ ഗവേഷകർ നടത്തിയിട്ടുള്ള ആർക്കൈവൽ പഠനങ്ങളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണാധികാരികൾ മുസ്ലിം പുരുഷന്മാരെ മതഭ്രാന്തരായും അസാധാരണ കുറ്റവാളികളായുമാണ് കണ്ടതെന്ന് ഈ ഗവേഷകർ തെളിയിച്ചിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തു തുടങ്ങിയ പല വംശീയനിർമിതികളും ഇന്നത്തെ “സെക്യുലർ” കേരളത്തിൽ ശക്തമായി തന്നെ തുടരുന്നുണ്ട്.
മുസ്ലീങ്ങൾക്കുമേൽ നടത്തുന്ന ഭരണകൂട ആക്രമണങ്ങളെല്ലാം "പൊതുജനങ്ങളുടെ സുരക്ഷ" ഉറപ്പാക്കാനും ക്രമാസമാധാനത്തിനും ബീമാപള്ളി എന്ന “മിനി-ഗൾഫ്”ചന്തയുടെ പേരിലുമാണ് ന്യായീകരിക്കപ്പെടാറുള്ളത്.
മുസ്ലിം സമുദായത്തെ അന്യവത്കരിക്കുകയും കുറ്റവാളികളായും നിയമവിരുദ്ധരായും അവർക്കുമേൽ ഭരണകൂട നിരീക്ഷണം കടുപ്പിക്കുകയും ചെയ്യുന്ന കൊളോണിയൽ പ്രയോഗങ്ങൾ പോലെ തന്നെയാണ് ഇന്നത്തെ ഭരണണകൂടവും ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്ലീങ്ങൾക്കുമേൽ നടത്തുന്ന ഭരണകൂട ആക്രമണങ്ങളെല്ലാം "പൊതുജനങ്ങളുടെ സുരക്ഷ" ഉറപ്പാക്കാനും ക്രമാസമാധാനത്തിനും ബീമാപള്ളി എന്ന “മിനി-ഗൾഫ്”ചന്തയുടെ പേരിലുമാണ് ന്യായീകരിക്കപ്പെടാറുള്ളത്. മീഡിയയാവട്ടെ മുസ്ലീമായ ഒരാൾ ചെയ്യുന്ന കുറ്റകൃത്യത്തെ പെരുപ്പിച്ചു കാണിക്കുകയും, അത് ഭൂരിപക്ഷ സമുദായവും ഭരണകൂടവും മുസ്ലീങ്ങളെ കുറിച്ച് പുലർത്തുന്ന വിവേചനപരമായ വംശീയ പ്രത്യയശാസ്ത്രങ്ങളെ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു.
ഒരു സാമ്പത്തിക സാമൂഹ്യശാസ്ത്ര ഗവേഷക എന്ന നിലയ്ക്ക്, ചരിത്രപരമായിത്തന്നെ ഏറെ പ്രതിസന്ധികൾ നേരിട്ടിട്ടുള്ള ഒരു ജനതയുടെ പ്രതിരോധശക്തിയും വമ്പൻ മുതലാളിത്തത്തെ നേരിടുവാൻ അവരുടെ അദ്ധ്വാനവും സർഗ്ഗശക്തികൊണ്ടും തൊഴിലാളികൾ ഉണ്ടാക്കിയെടുത്ത ചെറുമുതലാളിത്ത വ്യവസ്ഥയുടെ ഉദാഹരണമാണ് ബീമാപള്ളി ചന്ത. ചന്തയുടെ വളർച്ചയും ആ നാട്ടിലുണ്ടായിട്ടുള്ള പല മാറ്റങ്ങളും, ദൈനംദിന പോരാട്ടങ്ങളും നമ്മൾ സാധാരണമായി പുലർത്തുന്ന പാരമ്പര്യം / ആധുനികം, നിയമപരം / അനധികൃതം എന്നീ ബൈനറികൾക്കപ്പുറമാണ്. പക്ഷെ, ഭരണകൂടം ആ ഇടത്തെ അനധികൃത കരിഞ്ചന്തയായിട്ടും, അതിനെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളെ കുറ്റവാളികളായിട്ടും കാണുന്നു. ഇത് ഭരണകൂടത്തിന്റെ ഇസ്ലാമോഫോബിയയും വൻകിട മുതലാളിത്തത്തോടുള്ള വിധേയത്വവുമാണ് വെളിപ്പെടുത്തുന്നത്.
അതല്ലെങ്കിൽ പിന്നെ എന്തിനാണ് ഭരണകൂടം വ്യാജ സിനിമ സി.ഡികൾ വിൽക്കുന്ന ഒരു ചന്തയെ ഇത്ര ഭയക്കുന്നത്? ഒന്ന് ആലോചിച്ചു നോക്കൂ, വ്യാജ സി.ഡി വിൽക്കുന്നതും അപകടകരമായ ആയുധങ്ങൾ വിൽക്കുന്നതും തമ്മിൽ യാതൊരു സമാനതകളുമില്ല. സിനിമ സി.ഡി ഒരു വസ്തു എന്ന നിലയ്ക്ക് മയക്കുമരുന്നോ ബോംബുകളോ പോലുള്ള വസ്തുക്കളെ പോലെ നിയമവിരുദ്ധമല്ല. സി.ഡി നിയമവിരുദ്ധമാവുന്നത് അതിന്റെ കച്ചവട രീതികളിലാണ്. ഇതിൽ വലിയ വ്യത്യാസങ്ങളുണ്ട്. പൈറേറ്റഡ് സി.ഡികൾ വിൽക്കുന്നതും വാങ്ങുന്നതും വമ്പൻമുതലാളിത്ത വ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്നുള്ളതാണ് അതിനെ "അനധികൃതം" ആക്കി മാറ്റുന്നത്. വമ്പൻ മുതലാളിത്തത്തെ വെല്ലു വിളിക്കുന്നത് മുസ്ലീങ്ങളായ കീഴാള കച്ചവടക്കാരാണ് എന്നുള്ളതാണ് പ്രമാണികളെയും ഭരണകൂടത്തെയും ഒരേപോലെ വെറിപിടിപ്പിക്കുന്നത്.

21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽത്തന്നെ വമ്പൻ മുതലാളിമാരുടെ താല്പര്യങ്ങളെ സംരക്ഷിക്കുവാൻ ഭരണകൂടം - ഇവിടുത്തെ പോലീസ്, ബാങ്കുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയിലൂടെ ബീമാപ്പള്ളിക്കാരെ ലക്ഷ്യംവയ്ക്കാൻ തുടങ്ങി. Anti-Piracy Cells-കളിലൂടെ നിരന്തരം നിരീക്ഷണത്തിന് (Surveillance) വിധേയരായി തുടങ്ങി ബീമാപള്ളിക്കാർ. അനധികൃത കരിഞ്ചന്ത എന്ന് മുദ്രകുത്തിയതിനാൽ പോലീസുകാർക്ക് എപ്പോൾ വേണമെങ്കിലും ബീമാപള്ളിയിൽ കയറി റെയ്‌ഡ് നടത്താനുള്ള അധികാരം ലഭിച്ചു. പെറ്റി കേസുകളിൽ അവിടുത്തെ ജനങ്ങളെ ഉന്നം വെക്കുകയും പോലീസ് സ്റ്റേഷൻ കേറി-ഇറങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു തുടങ്ങി.
പക്ഷെ, ഭരണകൂടം എപ്പോഴൊക്കെ ബീമാപള്ളിയിലെ ജനതയെ ഇങ്ങനെ അക്രമിക്കുവാൻ തുടങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ ആ നാട്ടിലെ പ്രാദേശിക സാമൂഹിക ബന്ധങ്ങളും ശൃംഖലകളും കൂടുതൽ ശക്തിപ്പെട്ടിട്ടേയുള്ളു. വമ്പൻ മുതലാളിത്ത തട്ടിപ്പുകൾക്ക് കൂടെ നിൽക്കുന്ന, കീഴാളരുടെ അതിജീവനത്തെ നിയമവിരുദ്ധമായി കാണുന്ന ഭരണകൂടത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങി. അവർക്കുള്ളിൽ തന്നെയുള്ള സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തി. സർക്കാർ ഡിപ്പാർട്മെന്റുകളിൽ നിന്നും ക്ഷേമവിഭവങ്ങൾ നിഷേധിക്കാനുംകൂടി തുടങ്ങിയപ്പോൾ അവർ സ്വയം പര്യാപ്തരാവാനുള്ള വ്യവസ്ഥകൾ കണ്ടെത്താൻ തുടങ്ങി.
സുനാമി ബാധിത മുസ്ലിം കുടുംബങ്ങളോട് മാറിമാറി വന്ന സർക്കാരുകൾ യാതൊരു സഹാനുഭൂതിയും കാണിച്ചില്ല എന്ന് മാത്രമല്ല അവരുടെ പുനരധിവാസം ഏറെ വൈകിക്കുകയും ചെയ്തു. ഇങ്ങനെ പല കുടുബങ്ങളുടെ സാമ്പത്തികനില തകരാൻ തുടങ്ങി. അപ്പോഴും ഗൾഫിലെ ചെറിയ ജോലി ചെയ്യുന്ന കുടുംബങ്ങളായിരുന്നു അവരുടെ ആശ്രയം.
ബീമാപള്ളിയിൽ ഉണ്ടായിവന്ന ഇസ്ലാമിനെ "ആഗോള ഇസ്ലാം" / ‘‘പ്രാദേശിക ഇസ്ലാം" എന്ന ബൈനറിക്കുള്ളിൽ പരിമിതിപ്പെടുത്താൻ പറ്റുന്ന ഒന്നായി തോന്നുന്നില്ല.
എന്നാൽ ഇതിനെല്ലാം ഉപരി ബീമാപ്പള്ളിയിലെ ജനങ്ങൾക്കെതിരായ ഇസ്ലാമോഫോബിക് ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും നീചമായ ആക്രമണം 2009-ൽ നടന്ന പോലീസ് വെടിവെപ്പാണ്. 2009 മെയ് 16-ന് കൊമ്പു ഷിബു എന്ന ആ പ്രദേശത്തുള്ള ഒരു പതിവ് പ്രശ്നക്കാരൻ, ബീമാപള്ളി ചന്തയിൽ കട നടത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയുമായി കാശിന്റെ ഇടപാടിൽ പ്രശ്നമുണ്ടാക്കുകയും ആ തർക്കത്തിനിടയിൽ ബീമാപള്ളിക്കാരുടെ ഏറ്റവും വലിയ ഉത്സവമായ ഉറൂസിൽ പ്രശ്നമുണ്ടാകുമെന്ന് ഭീഷണിമുഴക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന ബീമാപള്ളിക്കാർ കൊമ്പു ഷിബുവുമായി ഉരസുകയും പിന്നീട് പോലീസിനോട് അയാളെ അറസ്റ്റ് ചെയ്യാൻ അപേക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം ഒരു പ്രശ്നവും സംഘർഷവും നടക്കാത്ത സമയത്ത് പൊലീസിന് "വർഗീയ കലാപത്തിന്റെ" സൂചന കിട്ടുകയും, അതിൽ ബീമാപള്ളിക്കാർ ബോംബുകൾ സൂക്ഷിച്ചതായുമുള്ള "വിവരം" കിട്ടുന്നത് എങ്ങനെയാണ്? പിന്നീട് ഒരു ചെറിയ വടിപോലും കയ്യിൽ കരുതാത്ത ബീമാപള്ളിക്കാർക്ക് നേരെ എന്തിനാണ് പോലീസ് വെടിവെക്കുക്കയും 6 ജീവനുകൾ എടുക്കുകയും ചെയ്തത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ സലാഹ് പുനത്തിൽ നടത്തിയ മികച്ച എത്തനോഗ്രാഫിക് ഗവേഷണത്തിലൂടെ തുറന്നുകാണിക്കുന്നത്, ഇസ്ലാമോഫോബിക് ഭരണകൂടത്തെ താങ്ങി നിർത്തുന്ന രാഷ്ട്രീയ യുക്തികളെയും, അധികാരഘടനകളെയുമാണ് (5).

എപ്രകാരമാണോ 9/11 സംഭവം പശ്ചാത്തലമാക്കി, ആഗോളത്തലത്തിൽത്തന്നെ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കുകയും, ഇസ്ലാമോഫോബിക് നിരീക്ഷണ ഭരണകൂടങ്ങളെ കൂടുതൽ ശക്തിപ്പെടുകയും ചെയ്തത്, അതേ രീതിയിലാണ് മുംബൈയിൽ 2008 നവംബർ 26-ന് ഉണ്ടായ ഭീകരാക്രമണത്തെ കാരണമാക്കി, ഇന്ത്യയിൽ ഭരണകൂട ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നത്. മുംബൈ ആക്രമണം നടത്തിയവർ കടൽ വഴി വന്നത്കൊണ്ട് പശ്ചിമ കടൽത്തീരം "ഇസ്ലാമിക ഭീകരവാദികളുടെ" ലക്ഷ്യമാണെന്നും വാദിച്ചു. അതിനാൽത്തന്നെ കടൽത്തീരത്തത്തെ മുസ്ലിം പ്രദേശങ്ങളിൽ ഭരണകൂട നിരീക്ഷണം വലിയ തോതിൽ ശക്തിപ്പെടുത്തുകയായിരുന്നു. ഈ കടൽത്തീരത്തുള്ള മുസ്ലിം കുടുംബങ്ങളെ ഒക്കെ സംശയത്തോടെ കണ്ടുതുടങ്ങി. ഈ ഒരു പശ്ചാത്തലത്തിലാണ് 2009-ൽ പോലീസ് നടത്തിയ ബീമാപള്ളി വെടിവെപ്പിനെ കാണേണ്ടത്.
കീഴ്‌പെടലിനു വഴങ്ങാത്ത
രാഷ്ട്രീയ ആത്മീയത
പേർഷ്യയിൽ നിന്നും വന്ന ബീമാ ഉമ്മയും അവരുടെ മകൻ മാഹീൻ അബൂബക്കറും തിരുവനന്തപുരത് കടൽ വഴി എത്തുന്നതിലൂടെയാണ് ബീമാപള്ളിക്കാരുടെ ഇസ്ലാം ജീവൻ വെക്കുന്നത്. നാട്ടിലുള്ളവരുടെ ശാരീരികമായും മാനസികമായിട്ടുമുള്ള മുറിവുകളെയും, ഹിന്ദുമതത്തിൽ ജാതിവ്യവസ്ഥ കീഴാളരിൽ ഉണ്ടാക്കിയിട്ടുള്ള സാമൂഹിക മുറിവുകളെയുമൊക്കെ കരാമത്തുകളിലൂടെയും കാരുണ്യത്തിലൂടെയും ബീമാ ബീവിക്ക് ഉണക്കുവാൻ സാധിച്ചിരുന്നു എന്നതാണ് പറയപ്പെടുന്നത്. എന്നാൽ ഇതിനൊന്നിനും Archival തെളിവുകൾ ഇല്ല എന്നുള്ളതാണ് കൗതുകകരമായ കാര്യം. എന്നാൽ ഈ സംഭവങ്ങൾ ഏത് കാലഘട്ടത്തിലാണ് സംഭവിച്ചത് എന്നോ, ഇതിനെ കുറിച്ചുള്ള വ്യവസ്ഥാപിത വിവരശേഖരണമോ നിർമാണമോ ഇല്ലാത്തതിനാൽ അധികാരികളുടെ "Archive"ൽ കീഴ്പ്പെടുത്താൻ സാധിക്കാത്ത കീഴാള ചരിത്രമുള്ള നാടാണ് ബീമാപള്ളി എന്നും, ഈ "Unruly" "Non - archived" ബീമാപള്ളി മുസ്ലിം വിഷയിയെ അധികാര ചട്ടക്കൂടിലേക്ക് കൊണ്ടുവരാനായി നിർമ്മിച്ചെടുത്ത ഭരണകൂട തന്ത്രമാണ് അവരുടെ അതിജീവനത്തെ "അനധികൃതമായി" കാണുന്നത് എന്നും "ബീമാപള്ളി: മെരുങ്ങാകഥകൾ" എന്ന, മുഹമ്മദ് ഷാ ഷാജഹാൻ എഴുതിയ ലേഖനത്തിൽ മുമ്പേ തന്നെ വാദിച്ചിട്ടുണ്ട് (6).
അധികാരികൾ പുലർത്തുന്ന മുസ്ലിം stereoptyp-കൾ ഇരുത്താൻ കഴിയാത്ത ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായാണ് ഷാ ബീമാപള്ളിക്കാരെ കാണുന്നത്. അടിച്ചമർത്തപ്പെട്ടവരായോ, ഇരകളായോ, രോഷാകുലരായ രാഷ്ട്രീയ സ്വത്വമുള്ളവരായോ ഒന്നും ബീമാപള്ളിക്കാരെ നമുക്ക് എളുപ്പത്തിൽ ചുരുക്കാൻ കഴിയില്ല - അവരുടെ ഈ സവിശേഷതകളാണ് ഭരണകൂടത്തിന് സംഗ്രഹിക്കാൻ സാധിക്കാത്തത്.

ബീമാപള്ളിയിൽ ഉണ്ടായിവന്ന ഇസ്ലാമിനെ "ആഗോള ഇസ്ലാം" / ‘‘പ്രാദേശിക ഇസ്ലാം" എന്ന ബൈനറിക്കുള്ളിൽ പരിമിതിപ്പെടുത്താൻ പറ്റുന്ന ഒന്നായി തോന്നുന്നില്ല. ബീമാപള്ളിയിലേക്ക് ഇസ്ലാം എത്തിയത് അറേബ്യയിൽ നിന്നാണെങ്കിലും മൽസ്യബന്ധനത്തിൽ ഏർപ്പെടുന്ന സമുദായങ്ങളുടെ വളരെ പ്രാദേശികമായ സാമൂഹിക സാംസ്‌കാരിക പ്രക്രിയകൾ ഇടകലരുന്ന ഒരു സവിശേഷ ഇസ്‌ലാമിക ജീവിതമാണ് ഇവിടെ വേരുപിടിച്ചിട്ടുള്ളത്. ഇന്നും ഗൾഫ് പ്രവാസികൾ ഏറെ ഉള്ളതിനാൽ തന്നെ ആഗോള തലത്തിലുള്ള മതപ്രമാണങ്ങളെ കുറിച്ച് പണ്ഡിതസമൂഹങ്ങൾ നടത്തുന്ന വിശകലനങ്ങളെ കുറിച്ച് ബീമാപള്ളിക്കാർക്കിടയിലും ഏറെ ചർച്ചകളും കലഹങ്ങളും നടക്കാറുണ്ട്. ഈ ചർച്ചകൾ നടക്കുമ്പോൾത്തന്നെ മതപ്രമാണങ്ങളുടെ ആദർശങ്ങളെ മറികടക്കുന്ന ചില പ്രാദേശിക കീഴ്‌വഴക്കങ്ങളും അത്രതന്നെ ഗൗരവത്തോടെ പാലിക്കുകയും ചെയ്യുന്നവരാണിവർ.
അധികാരികൾ എത്ര തന്നെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും, അതിനെയെല്ലാം നേരിടാൻ രാഷ്ട്രീയ തന്ത്രങ്ങളോ കണക്കുതീർക്കലുകളിലോ അല്ല ബീമാപള്ളിക്കാർ ഉത്തരം തേടിയത് മറിച്ച് ചരിത്രപരമായിത്തന്നെ ഉണ്ടാക്കിയെടിത്തിട്ടുള്ള ആത്മീയ പ്രതിരോധശേഷിയിലാണ് അവർ കാലൂന്നിയത്.
ഏറെ പ്രത്യേകതകളുള്ളതാണ് ഇവിടുത്തെ കുടുംബ ജീവിതവും. ഇതിൽ ഇപ്പോൾ ചില മാറ്റങ്ങൾ ഉണ്ടെങ്കിൽ പോലും, ഭൂരിഭാഗം കുടുംബങ്ങളും പാലിക്കുന്ന ഒരു കാര്യമാണ്, "ബീമാപള്ളിക്കാർ ബീമാപള്ളിക്കാരെ മാത്രമേ വിവാഹം കഴിക്കാറുള്ളൂ" എന്നത്. വിവാഹം കഴിഞ്ഞാലും പുരുഷന്മാരാണ് അവരുടെ ഭാര്യവീട്ടിൽ വന്നു താമസിക്കുന്നത്, മറിച്ചല്ല. വിവാഹശേഷവും സ്ത്രീകൾ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ തന്നെ തുടരുന്നതുകൊണ്ട് ഭർതൃവീട്ടിൽ നിൽക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ബീമാപള്ളി സ്ത്രീകൾ അനുഭവിക്കാറില്ല എന്ന് അവർ കരുതുന്നു. ഇതുകൊണ്ട്, ബീമാപള്ളിയിലെ സ്ത്രീകൾ പിതൃമേധാവിത്വഹിംസക്ക് വിധേയരാവാറില്ല എന്നൊന്നും എനിക്ക് അഭിപ്രായമില്ല. മറിച്ച്, ഇസ്ലാം ഒരു സ്ത്രീവിരുദ്ധ മതമാണ് എന്നുള്ള പരക്കെയുള്ള വിശകലനത്തിന് എതിരെ നിൽക്കുന്ന ചില രീതികൾ ബീമാപള്ളിയിൽ ഞാൻ കണ്ട ഇസ്‌ലാമിക ജീവിതത്തിലുണ്ട് എന്നാണ് അഭിപ്രായപ്പെടാൻ ആഗ്രഹിക്കുന്നത്.

പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരു ന്യൂനപക്ഷ ജനത അവരുടെ അധ്വാനം കൊണ്ടും സർഗ്ഗശക്തികൊണ്ടും നിർമിച്ച ഒരു പ്രാദേശിക, അനൗപചാരിക, തൊഴിലാളിവർഗ സമ്പദ് വ്യവസ്ഥയെ തകർക്കാനും, അരികുവത്കരിക്കപ്പെട്ട മുസ്ലിം ജനതയുടെ വളർച്ചയെ തടയാനും ഒരു ഭൂരിപക്ഷ ഇസ്ലാമോഫോബിക് ഭരണകൂടം ഏതറ്റം വരെയും പോകും എന്നുള്ളത് ബീമാപള്ളി വെടിവെയ്പ്പിലൂടെ മനസിലാക്കാവുന്നതാണ്. ബീമാപള്ളിയിൽ ഒരു അനീതിയും നടക്കാറില്ല എന്നൊന്നും വിചാരിക്കേണ്ടതില്ല. എങ്കിലും, പല ഘട്ടങ്ങളിലായി ഇസ്ലാമോഫോബിക് ഭരണകൂടങ്ങളാലും, വമ്പൻ മുതലാളിത്തത്താലും, പ്രകൃതിപ്രക്ഷോഭത്താലും സ്വന്തം ജീവനും, ഉപജീവനമാർഗ്ഗങ്ങളും, വീടും, കരയും, പൗരത്വവകാശങ്ങളുമൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയായിട്ടും, ബീമാപള്ളിക്കാരുടെ പ്രതിരോധശക്തിയും പ്രതിസന്ധികളെ അതിജീവിക്കുവാൻ അവർ ഉണ്ടാക്കിയെടുത്തിട്ടുള്ള ശേഷിയും ഏറെ പ്രത്യേകതകളുള്ളതാണ്.
“It demands great spiritual resilience not to hate the hater whose foot is on your neck, and an even greater miracle of perception and charity not to teach your child to hate.” - James Baldwin, The Fire Next Time
ഇത് ജെയിംസ് ബാൾഡ്വിൻ വംശവിദ്വേഷം നേരിടുന്ന കറുത്ത മനുഷ്യരുടെ ഉൾക്കരുത്തിനെ കുറിച്ച് പറയുന്നതാണെങ്കിലും, ബീമാപള്ളിയിലെ ജനതയിലും ഈ ഒരു spiritual resilience / ആത്മീയ ദൃഢത ഉള്ളതായി തോന്നിയിട്ടുണ്ട്. അധികാരികൾ എത്ര തന്നെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും, അതിനെയെല്ലാം നേരിടാൻ രാഷ്ട്രീയ തന്ത്രങ്ങളോ കണക്കുതീർക്കലുകളിലോ അല്ല ബീമാപള്ളിക്കാർ ഉത്തരം തേടിയത് മറിച്ച് ചരിത്രപരമായിത്തന്നെ ഉണ്ടാക്കിയെടിത്തിട്ടുള്ള ആത്മീയ പ്രതിരോധശേഷിയിലാണ് (spiritual resilience) അവർ കാലൂന്നിയത്.
ജെയിംസ് ബാൾഡ്വിൻ പറയുന്ന spiritual resilience എന്ന ആശയത്തോട് വളരെ സാമ്യമുള്ളതാണ് മിഷേൽ ഫൂക്കോയുടെ "political spirituality" (രാഷ്ട്രീയ ആത്മീയത) എന്ന ആശയം. ഫൂക്കോ ആത്മീയതയെ കുറിച്ച് സംസാരിച്ചിരുന്നു എന്ന് നിങ്ങൾ പലരും സംശയിക്കുമായിരിക്കും. എന്നാൽ അത് സത്യമാണ്. 1978-ൽ "ഇറാൻ വിപ്ലവത്തെ" പരിശോധിക്കുമ്പോൾ ഫൂക്കോ ഉപയോഗിച്ച, ഏറെ വിവാദങ്ങൾ നേരിടേണ്ടിവന്ന ഒരു ആശയമാണ് “political spirituality” (7).
അധികാരികൾ ഒരു ജനതയെ അന്യവത്കരിക്കാൻ നെയ്‌തെടുക്കുന്ന "സത്യ’’ത്തെ നേരിടാൻ ആ ജനത നട്ടുവളർത്തുന്ന ഒരു പുതിയ ജീവതത്വമുണ്ട് (cultivation of soul)- അതൊരു രാഷ്ട്രീയ പ്രവൃത്തിയാണ്. ഈ പുതിയൊരു ജീവാത്മാവിനെയും ജീവിതരീതിയെയും നിർമിച്ചെടുക്കാൻ (self-making) സഹായകമാവുന്നത് ആത്മീയതയും നൈതിക മൂല്യങ്ങളുമാണ്. ഇതിനെ അടിച്ചമർത്താൻ അത്ര എളുപ്പമല്ല. ഭയമില്ലാതെ അധികാരികളുടെ കണ്ണിൽ നോക്കുവാനും സത്യം പറയുവാനും എന്നാൽ അവർക്ക് നേരെ ഹിംസ പ്രയോഗിക്കുന്നവരെ വെറുക്കാതെ ഇരിക്കുവാനും സാധിക്കുന്നത് ഈ ആത്മീയദൃഢത ഉള്ളതുകൊണ്ടാണ്. ശരിയായ അർത്ഥത്തിൽ സ്വതന്ത്രജീവിതം?
References
[1] Menon, N. (2024). Secularism as Misdirection: Critical Thought from the Global South. Duke University Press.
(നിവേദിത മേനോൻ ഈ പുസ്തകത്തിൽ പറഞ്ഞതുപോലെ മാന്ത്രിക പ്രകടനത്തിൽ എപ്രകാരമാണോ മാന്ത്രികൻ താൻ അപ്പോൾ നടത്തുന്ന മാന്ത്രിക തന്ത്രങ്ങളിൽ നിന്നും കാണികളുടെ ശ്രദ്ധ മറ്റൊരു ഇടത്തേക്ക് വഴിമാറ്റി വിടുന്നത്, അതെ രീതിയിലാണ് “മതേതരത്വം” എന്ന മാന്ത്രിക വാക്ക് കൊണ്ട് ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ വലിയ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് മതം, മതങ്ങൾക്കുള്ളിൽ സ്ത്രീകളുടെ പദവി എന്നീ രണ്ടു പ്രത്യേക പരിമിതവിഷയങ്ങളിലേക്ക് പൊതുജന ശ്രദ്ധയെ തിരിച്ചുവിടുന്നത്.)
[2] Asad, Talal. (2003). Formations of the Secular: Christianity, Islam, Modernity. Stanford University Press.
[3] Devika, J. (2025). Rotting Civil Society, Mounting Insecurity: Understanding Hijabophobia in Kerala. Kafila. Available at https://kafila.online/2025/10/20/rotting-civil-society-mounting-insecurity-understanding-hijabophobia-in-kerala/
[4] Mannathukkaren, N. (2023). ‘Enjoying life’: Consumption, changing meanings, and social differentiation in Kerala, India. Modern Asian Studies, 57(2), 505-554.
[5] Punathil, S. (2018). Interrogating communalism: Violence, citizenship and minorities in South India. Routledge India.
[6] Muhammad Sha Shajahan. (2020). Beemapally: Merungakathakal. Online Article Available at https://campusalive.net/unruly-archives-of-beemapally/
[7] Ghamari-Tabrizi, B. (2016). Foucault in Iran: Islamic revolution after the enlightenment. Uiversity of Minnesota Press.
