തെരുവ് 'സുന്ദര'മാക്കാൻ ഗായകന്റെ ചെണ്ട ചവിട്ടിപ്പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പൊലീസ്

കോഴിക്കോട് മിഠായി തെരുവിൽ വർഷങ്ങളായി പാട്ടുപാടി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന തെരുവ് ഗായകൻ ബാബു ഭായ് തെരുവിൽ പാട്ടുപാടിയിട്ടിപ്പോൾ മാസങ്ങളായി. നഗരവികസനത്തിന്റെ ഭാഗമായി മിഠായി തെരുവ് നവീകരണം പൂർത്തിയായ ശേഷം പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തെരുവിൽ പാട്ടുപാടിയും മറ്റ് കാലാപ്രകടനങ്ങൾ നടത്തിയും ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനും വിലക്കുണ്ട്. ഇതിന്റെ ഫലമായി ബാബു ഭായിയെ മാത്രമല്ല, മറ്റ് തെരുവ് കലാകാരന്മാർക്കും മിഠായി തെരുവിൽ പൊലീസ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കലക്ടറുടെ ഉത്തരവ് പ്രകാരമാണ് മിഠായി തെരുവിൽ പാടുന്നത് നിരോധിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇത്തരം പരിപാടികൾ കാണാൻ ആളുകൾ തടിച്ചുകൂടുന്നത് മൂലം പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് വിലക്കേർപ്പെടുത്തുന്നത്.

പൊതുജനങ്ങൾക്ക് വ്യാപാരതെരുവിലേക്ക് വരുന്നതിനും പോകുന്നതിനും തടസം സൃഷ്ടിക്കാത്ത രീതിയിൽ അധികാരികളുടെ നിയന്ത്രണത്തോടുകൂടി തെരുവ് ഗായകർക്കും മറ്റ് ആർട്ടിസ്റ്റുകൾക്കും നല്ല നിലവാരത്തിൽ പെർഫോം ചെയ്യാനുള്ള ഒരു സ്‌പേയ്‌സ് കൊടുക്കേണ്ടതാണെന്ന് കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലം മുൻ എം.എൽ.എ, പ്രദീപ്കുമാർ പറയുന്നു. തെരുവിൽ വളർന്ന് തെരുവിൽ ജീവിതം കണ്ടെത്തിയ കലാകാരന്മാർക്ക് തെരുവിലിടമില്ലെന്നാണ് കോഴിക്കോട് ജില്ലാ ഭരണകൂടവും പൊലീസും പറയുന്നത്. സൗന്ദര്യവത്കരിക്കപ്പെട്ട തെരുവുകളിൽ കലാകാരൻമാർക്കിടമില്ലെങ്കിൽ പിന്നെ അവരെങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് ഭരണകൂടം മറുപടി പറയേണ്ടതുണ്ട്.

Comments