അങ്ങനെ മറന്നു പോവാമോ, കെ. ദാമോദരനെ

''ഇന്ന് കെ. ദാമോദരന്റെ ചരമദിനമാണ്. ഒരു മലയാളിയെന്ന നിലയിലും, രാഷ്ട്രീയ വിദ്യാർഥിനി എന്ന നിലയിലും കെ. ദാമോദരനെ ഓർമ്മിക്കാതെ ഈ ദിവസം കടന്നുപോകുന്നത് ശരിയല്ലെന്ന തോന്നലിൽ നിന്നാണ് ഈ കുറിപ്പ്''

രിക്കൽ ഒരു ഇന്ത്യൻ കമ്മ്യുണിസ്റ്റ് നേതാവ്, വിയറ്റ്നാം വിപ്ലവത്തിന്റെ പിതാവായ ഹോചിമിനോട് ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് മുപ്പതുകളിൽ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടികളുടെ അത്രയൊന്നും ശക്തമല്ലാതിരുന്നിട്ടും വിയറ്റ്നാമിൽ കമ്മ്യുണിസം വിജയിക്കുകയും ഇന്ത്യയിൽ പരാജയപ്പെടുകയും ചെയ്തത് എന്ന്. ഹോചിമിന്റെ ക്ലാസ്സിക് മറുപടി ഇങ്ങനെയായിരുന്നു:‘ഇന്ത്യയിൽ നിങ്ങൾക്ക് മഹാത്മാഗാന്ധിയുണ്ടായിരുന്നു, വിയറ്റ്നാമിൽ ഞാനായിരുന്നു ഗാന്ധി”.

ഇന്ത്യൻ കമ്മ്യുണിസത്തിന്റെ ജനകീയമാനങ്ങളെയും, പരിമിതികളെയും കൃത്യമായി ഒരൊറ്റ വാചകത്തിൽ ആറ്റിക്കുറുക്കിയ ഹോചിമിന്റെ മറുപടി, ലോകത്തോട്‌ തുറന്നു പറയാനുള്ള ബൗദ്ധികസത്യസന്ധതയും ആർജ്ജവവും കാണിച്ച ആ ഇന്ത്യൻ കമ്മ്യുണിസ്റ്റ് നേതാവിന്റെ പേര് കെ. ദാമോദരൻ എന്നായിരുന്നു. 1975ൽ, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനു ഏതാനും ദിവസം മുമ്പ് പ്രശസ്ത പത്രപ്രവർത്തകനായ താരിഖ് അലി, കെ. ദാമോദരനുമായി നടത്തിയ സംഭാഷണത്തിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അത് ന്യൂ ലെഫ്റ്റ്‌ റിവ്യൂവിൽ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. ഒരുപക്ഷെ, കെ. ദാമോദരൻ ആ സ്വകാര്യസംഭാഷണം വെളിപ്പെടുത്തിയത് തന്നെ, ഹോചിമിൻ പറഞ്ഞ കാര്യത്തിൽ വസ്തുതയുണ്ടെന്നു അദ്ദേഹത്തിനു ബോധ്യമുള്ളതു കൊണ്ടാവാം. ഭാരതീയതയെക്കുറിച്ചുള്ള ദാർശനികവും മാനവികവുമായ അന്വേഷണങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരുന്ന ദാമോദരന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗാന്ധിയൻധാരയുടെ പ്രസക്തി നേരത്തെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നതുകൂടിയാണ് ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയഭൂപടത്തിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഇന്ന് കെ. ദാമോദരന്റെ ചരമദിനമാണ്. ഒരു മലയാളിയെന്ന നിലയിലും, രാഷ്ട്രീയ വിദ്യാർഥിനി എന്ന നിലയിലും കെ. ദാമോദരനെ ഓർമ്മിക്കാതെ ഈ ദിവസം കടന്നുപോകുന്നത് ശരിയല്ലെന്ന തോന്നലിൽ നിന്നാണ് ഈ കുറിപ്പ്. ഇന്നത്തെ മുഖ്യധാര പത്രങ്ങളിൽ ഞാൻ ആദ്യം തിരഞ്ഞത് കെ. ദാമോദരനെക്കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. എന്നാൽ മലയാളികളുടെ ഓർമകളിൽ നിന്നും എത്ര പെട്ടെന്നാണ് ദാർശനികനും, ജനകീയനും, അങ്ങേയറ്റം സത്യസന്ധനുമായ കെ. ദാമോദരൻ തിരസ്കൃതനായത്!! ജനയുഗത്തിൽ ശ്രീ. കാനം രാജേന്ദ്രൻ എഴുതിയ ഓർമ്മക്കുറിപ്പ് ഒഴിച്ച് നിർത്തിയാൽ ഒരു മുഖ്യധാരാ പത്രവും ഒരു വരി പോലും അദ്ദേഹത്തിനു വേണ്ടി നീക്കിവെച്ചില്ല.
അത്രയ്ക്ക് വിസ്മൃതനാകേണ്ട ഒരു ചരിത്രമാണോ അദ്ദേഹത്തിന്റേത്?സിപിഐ നേതാവ് എന്ന നിലയിൽ അല്ലാതെ തന്നെ കേരളീയ പൊതുസമൂഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആദരവോടെ ഓർമ്മിക്കേണ്ട അപൂർവവ്യക്തിത്വം അല്ലേ, കെ. ദാമോദരൻ?

മലയാളിയായ ആദ്യത്തെ കമ്മ്യുണിസ്റ്റ് പാർട്ടി അംഗമായിരുന്നു കെ. ദാമോദരൻ. 1936ൽ കാശിയിലെ സംസ്കൃതവിദ്യാലയത്തിൽ വെച്ചാണ് ദാമോദരൻ കമ്മ്യുണിസ്റ്റ് പാർട്ടി അംഗമാകുന്നത്. കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നതിനും മുമ്പ്‌ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം കെ. ദാമോദരൻ എഴുതിയ ‘പാട്ടബാക്കി’യാണ്. നാടകം, കേരളത്തിലെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയാകുന്ന ഒരു പുതിയ സംസ്കാരം ആരംഭിക്കുന്നത് തന്നെ പാട്ടബാക്കിയിൽ നിന്നായിരുന്നില്ലേ? സർവോപരി, വലതുപക്ഷ മതാത്മകദേശിയതയുടെ വക്താക്കൾ ഇന്ത്യൻ പാരമ്പര്യത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളായി രേഖപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹം എഴുതിയ ‘ഇന്ത്യയുടെ ആത്മാവും’ ‘ഭാരതിയ ചിന്ത’യും ഒക്കെ മതേതരപക്ഷത്തു നിന്നുകൊണ്ടുള്ള ശക്തമായ ദാർശനിക ഇടപെടലുകൾ ആണെന്ന് നമ്മൾ പലപ്പോഴും മറന്നു പോകുന്നു.

വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ, മലബാറിലെ മറ്റൊരു ഐതിഹാസികസമരത്തിന്റെ മതേതരചരിത്രം നമ്മൾ ആരും ഓർമ്മിച്ചില്ല.1939 ൽ പൊന്നാനിയിൽ നടന്ന ബീഡിത്തൊഴിലാളി സമരം മുന്നിൽ നിന്ന് നയിച്ചത് കെ. ദാമോദരൻ ആയിരുന്നു. പൊന്നാനിയിലെ സാധുക്കളായ മുസ്ലിം സ്ത്രീകളും പുരുഷന്മാരും അന്ന് വെറും അഞ്ചണ കൂലി വാങ്ങിയായിരുന്നു ആയിരം ബീഡി തെറുത്തിരുന്നത്. ആയിരം ബീഡിക്ക് ഒരു രൂപയും 14 അണയും കൂലിയായി വേണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുമ്പിൽ നടത്തിയ ഈ സമരം കേരളചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് പർദ്ദയും തട്ടവുമിട്ട മുസ്ലിം സ്ത്രീകളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടുകൂടിയാണ്. നബിവചനങ്ങളും സമരമുദ്രാവാക്യങ്ങളും ഒരുമിച്ചു മുഴങ്ങിക്കേട്ട സ്ത്രീപങ്കാളിത്തമുള്ള അത്തരം സമരങ്ങൾ നമ്മുടെ പിൽക്കാല ‘മതേതരഇടങ്ങളിൽ’ അധികം കണ്ടിട്ടില്ല. മതബോധത്തെ അതിലംഘിച്ച് നിൽക്കുന്ന ഒരു വിശാല തൊഴിലാളിവർഗബോധം ഉണ്ടാക്കിയെടുക്കാൻ ആ കാലത്ത് തന്നെ കെ. ദാമോദരനെ പോലുള്ള നേതാക്കൾക്ക് കഴിഞ്ഞു എന്നതും കൂടിയാണ് അദ്ദേഹത്തെ ഇന്നും പ്രസക്തനാക്കുന്നത്.
ആ ദീപ്തമായ ഓർമകൾക്ക് മുന്നിൽ
പ്രണാമം.

Comments