കോൺഗ്രസുകാർ തമ്മിലാണ് സുൽത്താൻ ബത്തേരിയിൽ മത്സരം.
സിറ്റിങ് എം.എം.എ ഐ.സി. ബാലകൃഷ്ണൻ മൂന്നാമതു തവണയും യു.ഡി.എഫ് സ്ഥാനാർഥിയാകുമ്പോൾ ദിവസങ്ങൾക്കുമുമ്പുവരെ കോൺഗ്രസുകാരനായിരുന്ന, കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ്. വിശ്വനാഥനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കൊടും അവഗണനയാണ് കോൺഗ്രസ് വിശ്വനാഥനോട് കാണിച്ചത്, അതായത്, തന്റെ സമുദായമായ കുറുമ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള സുൽത്താൻ ബത്തേരിയിൽ സീറ്റ് നിഷേധിച്ചു, പകരം ബാലകൃഷ്ണന് നൽകി. ആരായാലും രാജിവെച്ചുപോകുന്ന അനീതി.
വിശ്വനാഥനെ സ്ഥാനാർഥിയാക്കാതെ സി.പി.എമ്മിന് മറ്റു വഴികളില്ലായിരുന്നു. കാരണം, പാർട്ടി സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ആൾ കോൺഗ്രസിൽ ചേർന്നാൽ മറ്റെന്തുചെയ്യാനാണ്? 2011ലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമായ ഇ.എ. ശങ്കരനാണ്, ഒരു സുപ്രഭാതത്തിൽ കോൺഗ്രസുകാരനായി മാറിയത്. ഇത്തവണ ശങ്കരനും എൽ.ഡി.എഫ് പട്ടികയിലുണ്ടായിരുന്നു. എന്നാൽ, അത് അദ്ദേഹം അറിഞ്ഞില്ലെന്നുതോന്നുന്നു. ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയും സി.പി.എമ്മിന്റെ ആദിവാസി സംഘടനയായ ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായിരുന്നു ശങ്കരൻ.
കുറ്റം പറയരുതല്ലോ, ശങ്കരനും വേണ്ടുവോളം ഇടതു-വലതു പാരമ്പര്യമുള്ള നേതാവാണ്. 2011ൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകാൻ വേണ്ടി കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നയാളാണ്. അന്ന് ആദിവാസി കോൺഗ്രസ് നേതാവായിരുന്നുവെന്നുമാത്രം. കോൺഗ്രസ് വിട്ട എം.എസ്. വിശ്വനാഥൻ സി.പി.എമ്മിൽ ചേർന്നത് സഹിക്കാനാകാതെയാണത്രേ ശങ്കരന്റെ രാജി.
പാർട്ടി വിടുകയാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയോടൊപ്പം വാർത്താസമ്മേളനത്തിലാണ് ശങ്കരൻ പ്രഖ്യാപിച്ചത്. വാർത്താസമ്മേളനം കഴിഞ്ഞയുടൻ ഒരു തമാശയുണ്ടായി. ശങ്കരന്റെ ഫേസ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റ് വന്നു: 'ഞാൻ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുകയാണ്, സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പുനൽകിയതിനാലാണ് കോൺഗ്രസിൽ ചേർന്നത്. എല്ലാവരുടെയും പിന്തുണ വേണം'. ഇതുകണ്ട് ആദ്യം ഞെട്ടിയത് സാക്ഷാൽ യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണനായിരിക്കണം.
ശങ്കരന്റെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സി.പി.എം സഖാക്കളായിരുന്നു. ശങ്കരൻ പാർട്ടി വിട്ടെങ്കിലും അക്കൗണ്ട് അവരുടെ കൈയിലായിരുന്നു. അവർ ഒപ്പിച്ച പണിയാണ്. സ്വപ്‌നത്തിൽ പോലും സ്ഥാനാർഥിത്വം ആഗ്രഹിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ ശങ്കരൻ ആ പോസ്റ്റ് നീക്കുകയും ചെയ്തു.
ഇത്തവണ സ്ഥാനാർഥിയാക്കാൻ പറ്റിയ ഒരു കുറുമ സമുദായക്കാരെ നോക്കി പരക്കംപായുകയായിരുന്നു സി.പി.എം എന്ന് വിശ്വനാഥന്റെ രാജിയോടെയാണ് മനസ്സിലായത്. കാരണം, പാർട്ടിവിട്ട് വന്നയുടൻ അദ്ദേഹത്തെ പിടിച്ചങ്ങ് സി.പി.എം സ്ഥാനാർഥിയാക്കിയെന്നുമാത്രമല്ല, അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്‌നവുമങ്ങ് കൊടുത്തു. സ്ഥാനാർഥിയാക്കാമെന്ന് സി.പി.എമ്മിൽനിന്ന് ഉറപ്പുകിട്ടിയശേഷമാണ് വിശ്വനാഥൻ കോൺഗ്രസ് വിട്ടതെന്നും പറയുന്നുണ്ട്.
വിശ്വനാഥൻ മാത്രമല്ല, ഡി.സി.സിയിലെ നിരവധി നേതാക്കൾ സമീപകാലത്ത് കോൺഗ്രസ് വിട്ടിട്ടുണ്ട്. നറുക്കുവീണത് വിശ്വനാഥനാണെന്നു മാത്രം.
ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ. ജാനുവാണ് എൻ.ഡി.എ സ്ഥാനാർഥി. 2016ൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ജാനുവിന് 27,920 വോട്ട് കിട്ടിയിരുന്നു. പിന്നീട് അവർ മുന്നണി വിടുകയായിരുന്നു. 2011ൽ ബി.ജെ.പി സ്ഥാനാർഥിയായ പള്ളിയറ രാമൻ നേടിയ 8829 വോട്ടിൽനിന്നാണ് ജാനു 27,920 വോട്ടാക്കി ഉയർത്തിയത്.
ജാനുവിനെ വീണ്ടും സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പി ജില്ല നേതൃത്വത്തിന് കടുത്ത പ്രതിഷേധമുണ്ട്. മുന്നണിയിൽ നിന്ന് പുറത്തുപോയ ജാനുവിനെ മത്സരിപ്പിക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. 'ശബരിമല വിഷയത്തിൽ സർക്കാറിനെ പിന്തുണച്ച ജാനുവിനെ ബത്തേരിയിൽ വേണ്ട' എന്നു പറഞ്ഞ് സേവ് ബി.ജെ.പി പോസ്റ്ററുകൾ അണിനിരന്നുകഴിഞ്ഞു.
2016ൽ കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണൻ 11198 വോട്ടിനാണ് എൽ.ഡി.എഫിലെ രുഗ്മിണി സുബ്രഹ്‌മണ്യനെ തോൽപ്പിച്ചത്. 2011ലും ബാലകൃഷ്ണനുതന്നെയായിരുന്നു ജയം.
1977 മുതലുള്ള തെരഞ്ഞെടുപ്പുചരിത്രത്തിൽ രണ്ടുതവണയാണ് സി.പി.എം വിജയിച്ചത്; 1996ൽ പി.വി. വർഗീസ് വൈദ്യരും 2006ൽ പി. കൃഷ്ണപ്രസാദും. ബാക്കി എട്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനായിരുന്നു ജയം.
സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ ആദിവാസി വിഭാഗത്തിലെ ജാതി സമവാക്യങ്ങളിലൂന്നിയാണ് മുന്നണികൾ അജണ്ടകൾ നിശ്ചയിക്കുന്നത്. കുറുമ, കുറിച്യ സമുദായക്കാർ മാത്രമാണ് ഇരുമുന്നണികളിലും സ്ഥാനാർഥികളായി വരുന്നത്. ഐ.സി. ബാലകൃഷ്ണൻ കുറിച്യ സമുദായക്കാരനും എം.എസ്. വിശ്വനാഥൻ കുറുമ സമുദായക്കാരനുമാണ്. വയനാട്ടിൽ നാലിലൊന്നും പണിയ സമുദായക്കാരാണ്. അടിയ, കാട്ടുനായ്ക്കർ, വേട്ടകുറുമ സമുദായങ്ങളുമുണ്ട്. ഇവർക്കൊന്നും ഒരുവിധ പ്രാതിനിധ്യവും ലഭിക്കാറില്ല. പണിയ വിഭാഗത്തിന് പ്രാതിനിധ്യമില്ലാത്തതിൽ വോട്ട് ബഹിഷ്‌കരിക്കുകയോ സ്വന്തം സ്ഥാനാർഥിയെ നിർത്തുകയോ ചെയ്യുമെന്ന് മുന്നറിയിപ്പുനൽകിയിരിക്കുകയാണ് കേരള പണിയ സമാജം, ആദിവാസി ഗോത്ര മഹാസഭ, കേരള ആദിവാസി ഐക്യവേദി എന്നീ സംഘടനകൾ.
സാമുദായികമായ സവർണത നിലനിർത്തിയും ആദിവാസികളെ ഭിന്നിപ്പിച്ചുനിർത്തിയും അവരെ കബളിപ്പിച്ചുമാണ് പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ തെരഞ്ഞെടുപ്പുരാഷ്ട്രീയം പയറ്റുന്നത്. രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആദിവാസി നേതാക്കളെ സ്ഥാനമാനങ്ങൾക്കും സ്ഥാനാർഥിത്വത്തിനും വേണ്ടി തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളെന്ന നിലയ്ക്കുമാത്രമാണ് ഇരുമുന്നണികളും കൈകാര്യം ചെയ്യുന്നത്. ഓരോ തെരഞ്ഞെടുപ്പിനുമുമ്പും അരങ്ങേറുന്ന കാലുമാറ്റങ്ങൾ ഇതിന്റെ ഭാഗമാണ്. ഭൂമി അടക്കമുള്ള വിഭവങ്ങളുടെ അവകാശം, വിദ്യാഭ്യാസം, തൊഴിൽ, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകൾ തുടങ്ങി ആദിവാസികൾ കാലങ്ങളായി നേരിടുന്ന പ്രശ്‌നങ്ങളെല്ലാം സമർഥമായി മൂടിവെക്കാൻ പാകത്തിനാണ് ഇവിടുത്തെ സ്ഥാനാർഥി നിർണയം മുതലുള്ള തെരഞ്ഞെടുപ്പുപ്രകടനങ്ങൾ.
കർണാടകയും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ സുൽത്താൻ ബത്തേരി നഗരസഭയും, പൂതാടി, നെന്മേനി, നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളൻക്കൊല്ലി, അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു. സുൽത്താൻ ബത്തേരി നഗരസഭയും, അമ്പലവയൽ ഗ്രാമപഞ്ചായത്തും എൽ.ഡി.എഫും പൂതാടി, നെന്മേനി, നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളൻക്കൊല്ലി, മീനങ്ങാടി പഞ്ചായത്തുകൾ യുഡിഎഫുമാണ് ഭരിക്കുന്നത്.