സിദ്ധരാമയ്യ: ആത്മാവേ പോ പോ…;
കെ. സുധാകരൻ: ആത്മാവേ വാ, വാ…

തെക്കേ വാതിലുകള്‍ തള്ളിത്തുറന്ന് അന്ധവിശ്വാസത്തെ പുറത്താക്കുന്ന സിദ്ധരാമയ്യയുടെ പാര്‍ട്ടിയുടെ കേരളത്തിലെ അധ്യക്ഷന്‍ ഒരു വിശ്വാസത്തട്ടിപ്പുകാരന്റെ കൂട്ടുപ്രതിയാകുന്ന കാലം കൂടിയാണിത്.

ന്ത്യന്‍ പാര്‍ലമെന്റില്‍, സന്യാസിമാരുടെ പുഷ്പവൃഷ്ടിയുമേറ്റ്, സ്വയംഭൂവെന്ന മട്ടില്‍ പൊടുന്നനെ ഭൂജാതപ്പെട്ട ഒരു ചെങ്കോലിനെ സാഷ്ടാംഗം പ്രണമിച്ചുകിടക്കുന്ന ഒരു പ്രധാനമന്ത്രിയില്‍നിന്ന്, ഇങ്ങ് തെക്കേയറ്റത്തെ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി നടത്തിയ ‘വാതില്‍തുറക്കല്‍’ പ്രത്യേകമായ ഒരാഹ്ലാദം നല്‍കുന്നു.

വാസ്തുദോഷമെന്നു പറഞ്ഞ് അഞ്ചു വര്‍ഷമായി അടച്ചിട്ടിരുന്ന കര്‍ണാടക വിധാന്‍ സൗധയുടെ മൂന്നാം നിലയിലെ ഓഫീസിന്റെ തെക്കു ഭാഗത്തെ വാതിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ജീവനക്കാരെക്കൊണ്ട് തുറപ്പിച്ചത്. മാത്രമല്ല, ആ വാതിലിലൂടെ അകത്തേക്കും പുറത്തേക്കും നടന്ന് അദ്ദേഹം ആ 'വാസ്തുദോഷ'ത്തെ ചവുട്ടിയരച്ചുകളഞ്ഞു. എന്നിട്ട് ട്വിറ്ററില്‍ വാസ്തുവിന് തന്റേതായ ഒരു നിര്‍വചനവും നല്‍കി: ‘‘വിധാന്‍സഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തെക്കേ വാതില്‍ തുറന്നു. വാസ്തു ദോഷമുണ്ടെന്നു പറഞ്ഞ് അത് അഞ്ചു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞാന്‍ ഓഫീസിലേക്ക് കടന്നുവന്നത് ഇതേ വാതിലിലൂടെയാണ്. മുറിയില്‍ നല്ല വെന്റിലേഷനും വെളിച്ചത്തിനും അപ്പുറം മികച്ച മറ്റൊരു വാസ്തുവുമില്ല. നമ്മുടെ മനോഭാവം നല്ലതാണെങ്കില്‍ എല്ലാം ശുഭമായി വരും.’’

വാസ്തുദോഷമെന്നു പറഞ്ഞ് അഞ്ചു വര്‍ഷമായി അടച്ചിട്ടിരുന്ന കര്‍ണാടക വിധാന്‍ സൗധയുടെ മൂന്നാം നിലയിലെ ഓഫീസിന്റെ തെക്കു ഭാഗത്തെ വാതിൽ തുറന്ന്​ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹാളിലേക്കു വരുന്നു

ഈ വാതിലിലൂടെ ഹാളിലേക്കു കടന്നാല്‍ തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നു രാഷ്ട്രീയക്കാര്‍ തന്നെ പ്രചരിപ്പിച്ചിരുന്നത്. ജനം വെറുത്ത് സഭയില്‍നിന്ന് തുരത്തിവിട്ട പല നേതാക്കളും ഇപ്പോഴും ആ തെക്കേ വാതിലിന്റെ വാസ്തുദോഷത്തില്‍ പിടിച്ച്​ പിഴച്ചുപോകുന്നവരാണ്​.

2013-ല്‍ മുഖ്യമന്ത്രിയായപ്പോഴും സിദ്ധരാമയ്യ ഈ വാതില്‍ തുറന്നിരുന്നു. 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും 'ഓപ്പറേഷന്‍ കമല'യിലൂടെ ഭരണം നഷ്ടമായി. 'ഓപ്പറേഷന്‍ കമല' എന്ന കക്ഷിരാഷ്ട്രീയത്തിലെ അപഹാരക്രിയയേക്കാള്‍ സിദ്ധരാമയ്യയുടെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പോലും ആ സ്ഥാനനഷ്ടത്തിന് കാരണമായി വിശ്വസിച്ചത്, അദ്ദേഹം തുറന്ന വാതിലിന്റെ ദോഷത്തെയായിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയാവര്‍ ഈ വാതിലിലേക്ക് ഒന്ന് നോക്കുകപോലും ചെയ്തിരുന്നില്ല.

യുക്തിവാദം, സാമൂഹിക പരിഷ്‌കരണ പ്രക്രിയയുടെ പ്രധാന ഐഡിയോളജിയായി സ്വീകരിക്കപ്പെട്ട കേരളത്തിലാകട്ടെ, അന്ധവിശ്വാസ വിരുദ്ധ നിയമം, മുന്നണികളുടെയും രാഷ്​ട്രീയക്കാരുടെയും ഒരു കരടായി തന്നെ കഴിഞ്ഞുകൂടുകയാണ്​.

അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രിസഭാ വികസനം പോലും വൈകിപ്പിച്ച സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസ്- കോണ്‍ഗ്രസ് മുന്നണി മന്ത്രിസഭയുടെ കാലത്ത് എന്തുകൊണ്ട് മന്ത്രിസഭാ വികസനം വൈകുന്നു എന്നു ചോദിച്ചപ്പോള്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന ദിനേശ് ഗുണ്ടുറാവു പറഞ്ഞത്, 'പിതൃപക്ഷ'ത്തിനുശേഷം ഉണ്ടാകും എന്നാണ്. പഴയ മൈസൂരു ജില്ലകളില്‍ ചില സമുദായങ്ങള്‍ പിതൃക്കളുടെ ആത്മാക്കള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങാണിത്. മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ക്ക് ഏതാണ്ടൊരാശ്വാസമായ സമയത്തുതന്നെ പരേതാത്മാക്കളെല്ലാം ഒഴിഞ്ഞുപോകുകയും ചെയ്തു.

2017-ലാണ്, മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ അന്ധവിശ്വാസ വിരുദ്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇത് പിന്നീട് Karnataka Prevention and Eradication of Inhuman Evil Practices and Black Magic Act, 2017 എന്ന പേരില്‍ നിയമമായി. അന്ധവിശ്വാസ വിരുദ്ധ നിയമം സിദ്ധരാമയ്യയുടെ ഒരു പ്രധാന കാമ്പയിൻ വിഷയമായിരുന്നു. അന്ധവിശ്വാസ വിരുദ്ധ ബില്‍ കൊണ്ടുവന്നപ്പോള്‍ എച്ച്.ഡി. കുമാരസ്വാമിയുടെ മകനും സംസ്ഥാന മന്ത്രിയുമായിരുന്ന രേവണ്ണ ഒരു ഉപദേശം നല്‍കി: നിയമസഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും ഈ ബില്‍ മാറ്റിവക്കണം.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

അന്ധവിശ്വാസത്തിന് കവിടി നിരത്തുന്നതില്‍ കീര്‍ത്തിമാനായ ഭരണാധികാരിയാണ് എച്ച്.ഡി. രേവണ്ണ. പൊതുമരാമത്ത് മന്ത്രിയായിരിക്കേ തനിക്കു ലഭിച്ച വീട് വാസ്തുദോഷമുള്ളതാണ് എന്ന പേടിയില്‍ ഹാസനില്‍നിന്ന് 350 കിലോമീറ്റര്‍ ദൂരം ദിവസവും സഞ്ചരിച്ചാണ് അദ്ദേഹം ബംഗളൂരുവിലെത്തിയിരുന്നത്. കണ്ണു തട്ടാതിരിക്കാന്‍ചെറുനാരങ്ങ എപ്പോഴും കൈയിലുണ്ടാകും. മാണ്ഡ്യയിലെ ഒരു ചെറുനാരങ്ങ വ്യാപാരി തന്റെ ചെറുനാരങ്ങക്ക് 'രേവണ്ണ' എന്ന് പേരിട്ടു. ഇത് ചൂടപ്പം പോലെ വിറ്റുപോയി. 'വരൂ, രേവണ്ണ ചെറുനാരങ്ങ, അഞ്ചെണ്ണം പത്തു രൂപ' എന്നു വിളിച്ചുപറഞ്ഞായിരുന്നു ഈ വ്യാപാരിയുടെ ചെറുനാരങ്ങ വില്‍പന.

2016- 17 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് സിദ്ധാരാമയ്യയെ ചില ജെ.ഡി- എസ് എം.എല്‍.എമാര്‍ ഓര്‍മപ്പെടുത്തി: വെള്ളിയാഴ്ച രാവിലെ 11.30 ആണ്, രാഹുകാലമാണ്, ബജറ്റ് അവതരണത്തിന് പറ്റിയ സമയമല്ല. എം.എല്‍.എ ജോത്സ്യത്തിന് സിദ്ധാരാമയ്യ ചെവി കൊടുത്തില്ല. ബജറ്റ് രാഹുകാലം കൃത്യം നോക്കി അവതരിപ്പിച്ചു. ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കേ, നിയമസഭാ ഹാള്‍ പൊടുന്നനെ ഇരുട്ടിലായി. എല്ലാ ലൈറ്റുകളും അണഞ്ഞു. കറന്റ് പോയതാണ്. ജനറേറ്ററുകളുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഒരു ബാറ്ററി ടോര്‍ച്ച് കത്തിച്ചുപിടിച്ച് ബജറ്റ് പ്രസംഗം കൂളായി തുടര്‍ന്നു. സ്പീക്കറും എം.എല്‍.എമാരും അഞ്ചു മിനിറ്റ് ഇരുട്ടിലിരുന്നാണ് അത് കേട്ടത്. ഊര്‍ജ വകുപ്പുമന്ത്രി ഡി.കെ. ശിവകുമാര്‍ വൈദ്യുതി തകരാറിന് എഞ്ചിനീയറെ സസ്‌പെന്റ് ചെയ്തു, രാഹുകാലദോഷം സാക്ഷാല്‍ക്കരിച്ച കുറ്റത്തിന്​.

എച്ച്.ഡി. രേവണ്ണ

കര്‍ണാടകയെപ്പോലെ, ദോഷങ്ങൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങള്‍ നിരവധിയുണ്ട്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ കാലത്ത്, സംസ്ഥാനത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ആളായിരുന്നു, നായിഡുവിന്റെ പേഴ്‌സണല്‍ജ്യോത്സ്യന്‍ ശ്രീനിവാസ ഗാര്‍ഗേയ. ജൂണ്‍ ആറ് സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ ഭൂമി പൂജക്ക് പറ്റിയ തീയതിയല്ല എന്ന ഗാര്‍ഗേയയുടെ ഉപദേശം നായിഡു നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു, നായിഡു എന്തോ വലിയ പാതകം ചെയ്തുവെന്ന മട്ടില്‍. ജോത്സ്യന്‍ പറ്റില്ല എന്നു പറഞ്ഞ തീയതില്‍ തന്നെ നായിഡു ഭൂമി പൂജ നടത്തി.

കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി നോയ്ഡ സന്ദര്‍ശിച്ച മുഖ്യമന്ത്രി മായാവതിയാണ്. പിന്നീട് മായാവതി അധികാരത്തില്‍നിന്ന് പുറത്തായതിനുള്ള കാരണവും രാഷ്ട്രീയ ജോത്സ്യന്മാര്‍ നോയ്ഡ സന്ദര്‍ശനത്തില്‍ ചാരി.

യു.പിയിലെ നോയ്ഡ, യു.പി മുഖ്യമന്ത്രിമാരുടെ പേടിസ്വപ്‌നമാണ്. അവിടം സന്ദര്‍ശിച്ചാല്‍ അധികാരം നഷ്ടമാകും, പിന്നീട് തിരിച്ചുവരാനും പറ്റില്ല എന്ന വിശ്വാസവും പേറി ജീവിച്ചവരായിരുന്നു യു.പിയിലെ പല മുഖ്യമന്ത്രിമാരും. 2013 മെയില്‍ നോയ്ഡയില്‍ നടന്ന എ.ഡി.ബി ഉച്ചകോടിയില്‍ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് പങ്കെടുത്തില്ല. ലക്‌നോയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യമുന എക്‌സ്പ്രസ്‌വേ ആറുവരിപ്പാത അഖിലേഷ് തുറന്നുകൊടുത്തത്.

കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി നോയ്ഡ സന്ദര്‍ശിച്ച മുഖ്യമന്ത്രി മായാവതിയാണ്. പിന്നീട് മായാവതി അധികാരത്തില്‍നിന്ന് പുറത്തായതിനുള്ള കാരണവും രാഷ്ട്രീയ ജോത്സ്യന്മാര്‍ നോയ്ഡ സന്ദര്‍ശനത്തില്‍ ചാരി. ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും 2017ല്‍ ദല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ ഉദ്ഘാടനത്തിന് നോയ്ഡയിലെത്തിയിരുന്നു.

ഇങ്ങനെ, പലയിടങ്ങളിലും പല രൂപങ്ങളിലും ഗ്രഹപ്പിഴകളുടെ രാഷ്ട്രീയം യഥാര്‍ഥ ഭരണം നടത്തിയ സന്ദര്‍ഭങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ യഥേഷ്ടം കാണാം.

അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു

അന്ധവിശ്വാസ നിരോധന നിയമം ആദ്യമായി നിലവില്‍ വന്നത് മഹാരാഷ്ട്രയിലാണ്. അന്ധവിശ്വാസ ഉന്മൂലന സമിതി സ്ഥാപകന്‍ നരേന്ദ്ര ദാഭോല്‍ക്കര്‍ 2003-ല്‍ ഇതുസംബന്ധിച്ച് ഒരു ബില്‍ സര്‍ക്കാറിനുമുന്നില്‍ വച്ചു. അത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലേക്കാണ് നയിച്ചത്. 2013-ല്‍ അദ്ദേഹത്തെ ഹിന്ദുത്വ ഭീകരര്‍ വെടിവെച്ചുകൊന്നു. പിന്നീട്, ഓര്‍ഡിനന്‍സിലൂടെ കോണ്‍ഗ്രസ്- എന്‍.സി.പി സര്‍ക്കാര്‍ നിയമം പാസാക്കി.

''ദിവ്യശക്തിയുണ്ടെന്നോ മറ്റൊരാളുടെ അവതാരമാണെന്നോ ദിവ്യാവതാരമാണെന്നോ അവകാശപ്പെടുന്നത്...'' കുറ്റകൃത്യമായി മാറിയാല്‍, കേരളത്തിലെ ഏറ്റവും വലിയ ആള്‍ദൈവം ഏഴു വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരും.

2015 ആഗസ്റ്റ് 30-നാണ്, 77 വയസ്സുണ്ടായിരുന്ന എം.എം. കല്‍ബുര്‍ഗിയെ കര്‍ണാടകയിലെ ധര്‍വാദില്‍ വെടിവെച്ചുകൊന്നത്: കാരണം, അദ്ദേഹം യുക്തിവാദിയായിരുന്നു. ഹിന്ദു- ലിംഗായത്- വീരശൈവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകത്തിലെ സാമാന്യജീവിത്തെ തന്‍േറതായ യുക്തിവാദ അന്വേഷണങ്ങളിലൂടെ നയിക്കാന്‍ ശ്രമിച്ചു.

മഹാരാഷ്ട്രയില്‍ യുക്തിവാദിയും സി.പി.ഐ നേതാവുമായ ഗോവിന്ദ് പന്‍സാരെയും കര്‍ണാടകയില്‍ ഗൗരി ലങ്കേഷും അന്ധവിശ്വാസവിരുദ്ധ കാമ്പയിന്റെ രക്തസാക്ഷികളായി മാറി. അന്ധവിശ്വാസം, രാഷ്ട്രീയ സംവിധാനത്തെ തന്നെ നിയന്ത്രിക്കുന്ന ദൂഷിതസാമ്രാജ്യമായി വളര്‍ന്നിരിക്കുന്നതിനാല്‍, ഈ കൊലപാതകങ്ങള്‍, ആ കൊലകളേക്കാള്‍ ക്രൂരമായി മറവിയിലാക്കപ്പെട്ടു.

യുക്തിവാദം, സാമൂഹിക പരിഷ്‌കരണ പ്രക്രിയയുടെ പ്രധാന ഐഡിയോളജിയായി സ്വീകരിക്കപ്പെട്ട കേരളത്തിലാകട്ടെ, അന്ധവിശ്വാസ വിരുദ്ധ നിയമം, മുന്നണികളുടെയും രാഷ്​ട്രീയക്കാരുടെയും ഒരു കരടായി തന്നെ കഴിഞ്ഞുകൂടുകയാണ്​.

ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, നരേന്ദ്ര ധാബോൽക്കർ, ഗൗരി ലങ്കേഷ്

15-ാം കേരള നിയമസഭയില്‍ 13-ാം നമ്പറായി കെ.ഡി. പ്രസേനന്‍ എം.എല്‍.എ അവതരിപ്പിച്ച '2021-ലെ കേരള അന്ധവിശ്വാസ- അനാചാര നിര്‍മാര്‍ജന ബില്ലി'ന്റെ ആമുഖത്തില്‍ കേരളം എങ്ങനെയാണ് അന്ധവിശ്വാസത്തിന്റെ സ്വന്തം നാടായി മാറിയത് എന്നു പറയുന്നുണ്ട്: ‘‘ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റെമഡീസ് ആക്റ്റ് നിലവിലുണ്ടായിട്ടും മാന്ത്രിക ഏലസ്സുകള്‍, ദിവ്യശക്തി പ്രാര്‍ഥന, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യനക്ഷത്രക്കല്ലുകള്‍, ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയ തട്ടിപ്പുകളുടെ പരസ്യങ്ങളും പ്രയോഗ പ്രവര്‍ത്തനങ്ങളും ആള്‍ദൈവ പ്രതിഭാസങ്ങളും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. തന്മൂലം നിര്‍ദോഷികളായ വിശ്വാസികളുടെ ധനവും മാനവും നശിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ അനാവൃതമായിരിക്കുന്നു. ഒരു പരിഷ്‌കൃത മതനിരപേക്ഷ സമൂഹത്തിന് അപമാനകരമാണ് ഈ സ്ഥിതിവിശേഷം. നിരക്ഷര സാക്ഷര വ്യത്യാസമില്ലാതെ ജനങ്ങള്‍ ഈ ചൂഷണത്തിന് വിധേയരാക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ സാമൂഹ്യദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഒരു നിയമം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു...’’

അന്ധവിശ്വാസവിരുദ്ധ കരട് ബിൽ അതേപടി നിയമമാകുകയാണെങ്കില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്​ കുട്ടികളെ വിശ്വാസപീഡനത്തിനിരയാക്കുന്ന കുത്തിയോട്ടം, ക്രിസ്ത്യന്‍ സഭകളുടെ രോഗശാന്തി ശുശ്രൂഷാതട്ടിപ്പുകൾ, ഉത്തര മലബാറിലെ തീയാട്ടം തുടങ്ങിയവ നിയമവിരുദ്ധമാകും.

ഈ ബില്‍ അതേപടി നിയമമാകുകയാണെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ ഭക്തിവ്യവസായം നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് ഭൂമി പിളര്‍ന്ന് തിരോധനം ചെയ്യേണ്ടിവരും. ''ദിവ്യശക്തിയുണ്ടെന്നോ മറ്റൊരാളുടെ അവതാരമാണെന്നോ ദിവ്യാവതാരമാണെന്നോ അവകാശപ്പെടുന്നത്...'' കുറ്റകൃത്യമായി മാറിയാല്‍, കേരളത്തിലെ ഏറ്റവും വലിയ ആള്‍ദൈവം ഏഴു വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരും. അല്‍ഭുതരോഗശാന്തി ശുശ്രൂഷകള്‍ നിരോധിക്കപ്പെടും. കുട്ടിച്ചാത്തന്‍ കേന്ദ്രങ്ങള്‍ പൂട്ടും. ​ജോത്സ്യം പഠിപ്പിക്കുന്ന സർവകലാശാലകളിലെ പഠനവകുപ്പുകൾക്ക്​ താഴു വീഴും. ചുരുക്കത്തിൽ, കേരളം ഒരു യുക്തിവാദ 'സ്വര്‍ഗ'മാകും.

ഈ ബില്‍ അവതരിപ്പിച്ച സമയത്ത് സര്‍ക്കാര്‍ പറഞ്ഞത്, അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരട് തയാറായിട്ടുണ്ടെന്നും നിയമപരിഷ്‌കരണ കമീഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിര്‍മാണം നടത്തുമെന്നുമാണ്. മഹാരാഷ്ട്രയിലെ നിയമത്തിന്റെ മാതൃകയിലാണ് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമീഷന്‍അന്ധവിശ്വാസ നിരോധന നിയമത്തിന്റെ കരട് തയാറാക്കിയത്. ഈ കരട് അതേപടി നിയമമാകുകയാണെങ്കില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്​ കുട്ടികളെ വിശ്വാസപീഡനത്തിനിരയാക്കുന്ന കുത്തിയോട്ടം, ക്രിസ്ത്യന്‍ സഭകളുടെ രോഗശാന്തി ശുശ്രൂഷാതട്ടിപ്പുകൾ, ഉത്തര മലബാറിലെ തീയാട്ടം തുടങ്ങിയവ നിയമവിരുദ്ധമാകും.

കരടുബില്‍ ഇപ്പോഴും വിശ്വാസ രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടായി കിടക്കുന്നതിനാല്‍, കേരളത്തില്‍ എത്ര നരബലികള്‍ കഴിഞ്ഞാലാണ്, ഇനിയുമെത്ര എല്‍.ഡി.എഫ്- യു.ഡി.എഫ് സര്‍ക്കാറുകള്‍ വന്നുകഴിഞ്ഞാലാണ്, അന്ധവിശ്വാസവിരുദ്ധ നിയമം നിലവില്‍ വരിക എന്നുറപ്പിച്ചുപറയാന്‍ കഴിയില്ല.
എങ്കിലും, കേരളത്തിന്റെ രാഷ്ട്രീയം, അന്ധവിശ്വാസത്തിനെതിരെ ചില സൂചനകളലൂടെയെങ്കിലും പ്രതികരിച്ച സന്ദര്‍ഭങ്ങളുമുണ്ട്.

ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റയുടന്‍, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു: ‘‘വൈരുധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13ാം നമ്പര്‍ കാര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം. 13 അശുഭലക്ഷണമാണ് എന്ന് തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്ത് കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.’’

'13-ാം നമ്പര്‍ കാര്‍ കിട്ടി' എന്നു പറഞ്ഞ് മന്ത്രി തോമസ് ഐസകിന്റെ പോസ്റ്റ് തൊട്ടുപുറകേ വന്നു. 'ശനി പിടിച്ചത്' എന്ന് പുരോഗമനകാരികളായ രാഷ്ട്രീയക്കാര്‍ വരെ വിശ്വസിച്ചുപോന്ന മന്‍മോഹന്‍ ബംഗ്ലാവ് അദ്ദേഹം ഔദ്യോഗിക വീടാക്കുകയും ചെയ്തു. 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 13ാം നമ്പര്‍ കാര്‍ എം.എ. ബേബിക്കായിരുന്നു. ഇത്തവണ അത് പി. പ്രസാദ് സന്തോഷത്തോടെ സ്വീകരിച്ചു, എന്നിട്ട് ഇത്ര കൂടി പറഞ്ഞു: ‘‘13-ന് ആ നമ്പറടിച്ച് പത്രം ഇറങ്ങുന്നുണ്ട്. 13-ന് വിമാനങ്ങള്‍ പറക്കുന്നുണ്ട്. 13-ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. ഒരു കുഴപ്പവും ആര്‍ക്കും ഉള്ളതായി എവിടെയും കാണുന്നില്ല. 21-ാം നൂറ്റാണ്ടില്‍, ചൊവ്വയിലേക്ക് വണ്ടി വിട്ടിട്ട് ആനന്ദനൃത്തം ചവിട്ടുന്ന ജനതയുള്ള ഈ നൂറ്റാണ്ടില്‍. മംഗള്‍യാനും ക്യൂരോസിറ്റിയുമെല്ലാം ചൊവ്വാ ഗ്രഹത്തില്‍, ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ കിടക്കുമ്പോലെ കിടക്കുന്ന കാലത്താണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്.’’

13 എന്ന ദോഷ നമ്പര്‍ സൃഷ്ടിച്ച വിശ്വാസത്തിന്റെ നേരവകാശിയായി കണക്കാക്കാവുന്നയാളാണ്, കെ. സുരേന്ദ്രന്‍. തനിക്ക് ആയുസ്സിലൊരിക്കല്‍ പോലും കേരളത്തില്‍ ഒരു മന്ത്രിവാഹനമോടിക്കേണ്ട അവസ്ഥ ജനം വരുത്തില്ല എന്ന കൊടും ആത്മവിശ്വാസത്തില്‍നിന്നായിരിക്കണം, അദ്ദേഹത്തില്‍നിന്ന് ആചാരലംഘനത്തിനുള്ള പ്രകോപനമുണ്ടായത്.

കേരള ഹൈകോടതിക്കുമുണ്ട് 13-ാം നമ്പര്‍ ബാധ. ഹൈകോടതിയിലെ 13ാം നമ്പര്‍ ചേംബറില്‍ ജോലി ചെയ്തിരുന്ന ജഡ്ജിമാര്‍ക്ക് അകാലമൃത്യു സംഭവിക്കുന്നുവെന്ന് ആരോ കവിടി നിരത്തി കണ്ടെത്തി. തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ കോടതി മുറിയുടെ 13ാം നമ്പര്‍, 12-A ആയി ശുദ്ധീകരിക്കപ്പെട്ടു. പുതിയ കെട്ടിടം പണിതപ്പോഴും 13 ഉണ്ടായിരുന്നില്ല. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ എന്‍.കെ. ചന്ദ്രമോഹന്‍ ഇതിനെതിരെ ഹര്‍ജി നല്‍കി, 13-ാം നമ്പര്‍ മുറി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്. ഈ ആവശ്യം ചീഫ് ജസ്റ്റിസ് വി.കെ. ബാലിയുടെ ബഞ്ച് തള്ളുക മാത്രമല്ല, ഹര്‍ജിക്കാരന് 10,000 രൂപ പിഴയിടുകയും ചെയ്തു. പുതിയ കെട്ടിടം പ്രവര്‍ത്തനം തുടങ്ങിയത് 2006 ഫെബ്രുവരി 13ാം തീയതിയാണെന്ന് ചൂണ്ടിക്കാട്ടി, കോടതിക്ക് അന്ധവിശ്വാസമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചന്ദ്രമോഹന്‍ സുപ്രീംകോടതിയില്‍ പോയി. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന പരാമര്‍ശത്തോടെ, 13-ാം നമ്പര്‍ പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കിയാലുള്ള 'ദോഷം' ഗണിച്ചെടുത്ത്, ജഡ്ജിമാരുടെ ചേംബറുകളുടെ നമ്പര്‍ ഘടന തന്നെ മാറ്റി. കെട്ടിട നിലകളുടെ എണ്ണത്തോടൊപ്പം എ,ബി,സി...എന്നിങ്ങനെയാക്കി. ഹൈകോടതിക്ക് 13 നിലകള്‍ ഇല്ലാത്തതിനാല്‍ നീതിന്യായത്തിലും അന്ധവിശ്വാസം കൃത്യമായി പുലര്‍ന്നു.
രാഹുകാലം നോക്കി കെ.പി.എ.സിയുടെ ആസ്ഥാന മന്ദിരത്തിന് കല്ലിട്ട തോപ്പില്‍ ഭാസിയുടെ കൂടി നാടാണിത് എന്നും ഓർക്കാവുന്നതാണ്​.

സോഷ്യല്‍ മീഡിയയാണ് ഇപ്പോള്‍ പലതരം അന്ധവിശ്വാസ കാമ്പയിനുകളുടെ 'ശാസ്ത്രീയ' പ്ലാറ്റ്‌ഫോം. ഇതാ, മുന്‍ ഡി.ജി.പിയായ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് എന്ന ഒരുദാഹരണം. ഒരു വീഡിയോ പരിപാടിയില്‍ അലക്‌സാണ്ടര്‍ ജേക്കബ് ഒരു കണ്ടുപിടുത്തം നടത്തി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പഠനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഏതാനും വര്‍ഷം മുമ്പ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വൃത്താകൃതിയില്‍ ഒരു ഹോസ്റ്റല്‍ പണിതു. അതില്‍ പല ദിശകളില്‍ കുട്ടികളിരുന്ന് പഠിച്ചു. എന്നാല്‍ പരീക്ഷ കഴിഞ്ഞ് ഫലം വന്നപ്പോള്‍ കിഴക്കു ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മറ്റു ദിശകളിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചു. മറ്റുള്ളവര്‍ക്ക് മുമ്പത്തേക്കാള്‍ മാര്‍ക്ക് വളരെ കുറയുകയും ചെയ്തു. അതിനുശേഷം ഹാര്‍വാര്‍ഡില്‍, മറ്റു ദിശകളിലേക്ക് നോക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കുകയും കിഴക്കു ഭാഗത്ത് മുഖം വരുന്ന രീതിയില്‍ അവയെല്ലാം പുതുക്കിപ്പണിയുകയും ചെയ്തുവത്രേ.

''ദൈവം പ്രത്യക്ഷപ്പെടുന്നു' എന്നു പറഞ്ഞ്, മലമുകളില്‍ സ്വന്തം ജീവനക്കാരെക്കൊണ്ട് വിളക്കും കര്‍പ്പൂരവും കത്തിച്ച് വിശ്വാസികളെ ഇന്നും പറ്റിച്ചുകൊണ്ടിരിക്കുന്ന ദേവസ്വം ബോര്‍ഡുള്ള കേരളമാണോ അതോ, 11 മന്ത്രിമാരില്‍ ഒമ്പതുപേരും ദൃഢപ്രതിജ്ഞയെടുത്ത് അധികാരമേറ്റ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായിരുന്ന കേരളമാണോ ശരിക്കുമുള്ള കേരളം?

കൊല്ലം കാരംകോട് സെന്‍ട്രല്‍ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അഭിരാം അരുണ്‍ ആണ്, ശാസ്ത്രസാഹിത്യപരിഷത്തിന്റെ 'ശാസ്ത്രകേരളം' മാസികയിലൂടെ ഈ വ്യാജനെ തുറന്നുകാട്ടിയത്. ഈ വീഡിയോ കണ്ടശേഷം അരുണ്‍ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. വീഡിയോ ഒരു ടീച്ചര്‍ക്ക് അയച്ചപ്പോള്‍, ഇത്ര വലിയ സ്ഥാനത്തിരിക്കുന്നയാളല്ലേ, അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും സത്യാവസ്ഥ കാണും, ഒരു പൊതുവേദിയല്‍ വെറുതെ ഒരു കഥ പറയില്ല എന്നുമായിരുന്നു മറുപടി. അത് അരുണിനെ നിരാശപ്പെടുത്തി. തുടര്‍ന്ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയുടെ ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിന്റെ ഇ- മെയില്‍ സംഘടിപ്പിച്ച് കത്തയച്ചു. പിന്നേറ്റുതന്നെ മറുപടി കിട്ടി. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അവരുടെ ഡാറ്റാ ബേസില്‍ ഇത്തരമൊരു പഠനത്തെക്കുറിച്ച് ഒരു രേഖയുമില്ലെന്നും. വൃത്താകൃതിയില്‍ ഹോസ്റ്റല്‍ ഇല്ലെന്നും പഴക്കം ചെന്നാലും അവിടെ കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതല്ലാതെ പൊളിച്ചുകളയുന്ന രീതി ഹാര്‍വാര്‍ഡിലില്ലെന്നും മറുപടിയിലുണ്ടായിരുന്നു. അവിടെ എല്ലാ ദിശകളിലേക്കുമുള്ള കെട്ടിടങ്ങളുണ്ട്, അവിടെയെല്ലാം ഇരുന്ന് കുട്ടികള്‍ പഠിക്കുന്നുമുണ്ട്.

ശാസ്ത്രസാഹിത്യപരിഷത്തിന്റെ 'ശാസ്ത്രകേരളം' മാസികയില്‍ അഭിരാം അരുൺ എഴുതിയ ലേഖനം

അലക്‌സാണ്ടര്‍ ജേക്കബ് അന്ധവിശ്വാസ കാമ്പയിന്‍ 'ശാസ്ത്രീയ'മായി തന്നെ തുടര്‍ന്നുവരുന്നു.

തെക്കേ വാതിലുകള്‍ തള്ളിത്തുറന്ന് അന്ധവിശ്വാസത്തെ പുറത്താക്കുന്ന സിദ്ധരാമയ്യയുടെ പാര്‍ട്ടിയുടെ കേരളത്തിലെ അധ്യക്ഷന്‍ ഒരു വിശ്വാസത്തട്ടിപ്പുകാരന്റെ കൂട്ടുപ്രതിയാകുന്ന കാലവും കൂടിയാണിത് എന്നും ഓർക്കാം.

''ദൈവം പ്രത്യക്ഷപ്പെടുന്നു' എന്നു പറഞ്ഞ്, മലമുകളില്‍ സ്വന്തം ജീവനക്കാരെക്കൊണ്ട് വിളക്കും കര്‍പ്പൂരവും കത്തിച്ച് വിശ്വാസികളെ ഇന്നും പറ്റിച്ചുകൊണ്ടിരിക്കുന്ന ദേവസ്വം ബോര്‍ഡുള്ള കേരളമാണോ അതോ, 11 മന്ത്രിമാരില്‍ ഒമ്പതുപേരും ദൃഢപ്രതിജ്ഞയെടുത്ത് അധികാരമേറ്റ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായിരുന്ന കേരളമാണോ ശരിക്കുമുള്ള കേരളം?

Comments