സുരേഷ് ഗോപി ഇപ്പോഴും ഷൂട്ടിങ്ങിലാണ്

സുരേഷ് ഗോപി ഇടറി വീഴുന്നത് ഇവിടെയാണ്. വാർത്താക്യാമറാമാന്മാരെ മറന്ന്, ജേണലിസ്റ്റിനെ മറന്ന്, സാങ്കേതിക ഉപകരണങ്ങളെ മറന്ന്, താൻ കൈവെച്ച സ്ഥലം മറന്ന്, താൻ അഭിനയിക്കുന്ന സിനിമയിലെ സൂപ്പർ ഹീറോ ആയി പെട്ടെന്ന് അയാൾ മാറിപ്പോവുകയാണ്. കൈവിട്ട കഥാപാത്രം പ്രതിലോമ രാഷ്ട്രീയത്തിൽ ആടിത്തിമർക്കുന്നത് സ്വകാര്യമായിട്ടെങ്കിലും രഞ്ജി പണിക്കരെ കുറ്റബോധത്തിലാഴ്ത്തുന്നുണ്ടാവാം.

ന്റെ ഒരു സംശയമാണ്.
സിനിമയിൽ നിന്നുവന്ന് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ സുരേഷ് ഗോപിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണ്?

ഒരു സിനിമയിൽ പ്രധാന റോളുകളിലൊന്നിൽ അഭിനയിച്ച അനുഭവം വെച്ച് പറയട്ടെ: സിനിമ നാടകം പോലെയല്ല, ഒരു ഷോട്ടിൽ തനിക്കു മുന്നിൽ ക്യാമറ, ലൈറ്റ് ട്രോളി, മറ്റുപകരണങ്ങൾ എന്നിവ വന്നു നിൽക്കുമ്പോൾ നടൻ മനസുകൊണ്ട് ആദ്യം ഡിലീറ്റ് ചെയ്യേണ്ടത് ഈ ഉപകരണങ്ങളെയാണ്. പിന്നെ, താനിപ്പോൾ ഞാനല്ല, മറ്റൊരാളാണ്, തിരക്കഥക്കുമാത്രം അവകാശപ്പെട്ട മനുഷ്യ രൂപമാണ്. തന്റെയൊപ്പമുള്ളവർ ആർട്ടിസ്റ്റുകളല്ല, കഥയിലെ മനുഷ്യരാണ് എന്നയാൾ മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കണം - തുടർന്നാണ് അയാൾ കഥാപാത്രമായിത്തീരുകയോ അതായി പെരുമാറുകയോ ചെയ്യുന്നത്.

പല സിനിമകളിൽ വർഷങ്ങളോളം ഇങ്ങനെ പെരുമാറേണ്ടിവരുന്ന ഏതൊരു നടനും സ്വന്തം സ്വത്വത്തെ നഷ്ടപ്പെടാതിരിക്കാൻ ആത്മശക്തികൊണ്ട് നന്നായി അധ്വാനിക്കേണ്ടതായി വരും എന്നാണെന്റെ തോന്നൽ. അഭിനയിച്ചഭിനയിച്ച് വ്യക്തി മരിച്ചു പോവുകയും നടൻ ജീവിച്ചിരിക്കുകയും ചെയ്യുന്നതോടെയാണ് ഒരാൾ സ്റ്റീരിയോടൈപ്പിനുള്ള ആഹാരമായിത്തീരുന്നത്. സുരേഷ് ഗോപി ഇടറി വീഴുന്നത് ഇവിടെയാണ്. വാർത്താക്യാമറാമാന്മാരെ മറന്ന്, ജേണലിസ്റ്റിനെ മറന്ന്, സാങ്കേതിക ഉപകരണങ്ങളെ മറന്ന്, താൻ കൈവെച്ച സ്ഥലം മറന്ന്, താൻ അഭിനയിക്കുന്ന സിനിമയിലെ സൂപ്പർ ഹീറോ ആയി പെട്ടെന്ന് അയാൾ മാറിപ്പോവുകയാണ്. കാഫ്ക്കയുടെ മെറ്റമോർഫസിസ് എന്ന നോവൽ വായിച്ച ഒരാൾക്കിത് കുറെയൊക്കെ മനസ്സിലാവും എന്നു തോന്നുന്നു.

രഞ്ജി പണിക്കർ എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള കമ്യേഴ്സ്യൽ തിരക്കഥാകൃത്താണ്; മികച്ച നടനാണ്. രഞ്ജി പണിക്കരുടെ സിനിമ ഇല്ലായിരുന്നെങ്കിൽ സുരേഷ് ഗോപി ഒരു സാധാരണ നടൻ മാത്രമായി അവശേഷിച്ചുപോയേനെ. മണിച്ചിത്രത്താഴിൽ സുരേഷ് ഗോപിയുടെ ഭാര്യയെ ഒന്ന് ഞെട്ടിച്ചുണർത്താൻ ‘ഗംഗേ’ എന്ന് അനുസ്വാരവും അതിശയോക്തിയും മിശ്രിതമാക്കി വിളിക്കുന്ന ആ വിളിയുടെ ടോൺ സൂക്ഷിച്ചു നോക്കിയാൽ നാം മുമ്പ് മറ്റെവിടെയോ കേട്ടതായി തോന്നും. സത്യത്തിൽ അത് പത്തു പതിനഞ്ച് സെക്കന്റ് നേരം രഞ്ജിപണിക്കരുടെ സിനിമയിൽ നിന്നിറങ്ങി വന്നുള്ള വിളിയാണ്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ‘നിങ്ങൾക്കും ആകാം കോടീശ്വര’നിലും സുരേഷ് ഗോപിയിൽ, സൂക്ഷിച്ച് നോക്കിയാൽ, രഞ്ജിപണിക്കരുടെ കഥാപാത്രത്തെ നമുക്ക് കാണാം.

രഞ്ജി പണിക്കർ അഭിനയരംഗത്തേക്ക് പോയ ഏറെക്കുറെ അതേ സമയത്താണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്കിറങ്ങുന്നതും എന്നതൊരു യാദൃച്ഛികതയാവാം. രഞ്ജി പണിക്കർ തികഞ്ഞ രാഷ്ട്രീയബോധമുള്ള ആളാണെങ്കിലും അത്തരം സ്ക്രിപ്റ്റുകൾ സ്വപ്നവില്പനക്കുവേണ്ടിക്കൂടി എഴുതിയതാണെന്ന് അദ്ദേഹത്തിന്റെ ഈയിനം സിനിമകൾ കണ്ടാലറിയാം. അത്തരം സിനിമകൾ പൊതുജനത്തെ കഥാർസിസിന് വിധേയമാക്കുന്നുണ്ട് എന്നത് ഒരു ദോഷമായിട്ടല്ല ഇതെഴുതുന്ന ആൾ കാണുന്നത്.

രഞ്ജി പണിക്കർ

ഒരു നടനിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തിയപ്പോൾ സുരേഷ് ഗോപിയിൽ ഇല്ലാതെ പോയത് രഞ്ജി പണിക്കരുടെ രാഷ്ട്രീയപരമായ ആഴവും സാമൂഹ്യ പ്രതിജ്ഞാബദ്ധതയിലധിഷ്ഠിതമായ ധൈര്യവുമാണ്. സുരേഷ് ഗോപി രാഷ്ട്രീയത്തിൽ കേവലം അധികാരവും പണവും ലക്ഷ്യമാക്കി വന്ന ആളാണ്. അതിന് അദ്ദേഹത്തിന്റെ ഏക കൈമുതൽ രഞ്ജിപണിക്കർ സൃഷ്ടിച്ച കഥാപാത്രങ്ങൾ മാത്രമാണ്. പക്ഷെ, സുരേഷ് ഗോപി എന്ന നടന്റെ വ്യക്തിയുടെ നിർഭാഗ്യമെന്ന് പറയട്ടെ, പ്രാഥമികമായെങ്കിലും രാഷ്ട്രീയ വിദ്യാഭ്യാസമോ, ജ്ഞാനമോ അറിവോ വേണ്ട ഒരിടമാണ് രാഷ്ട്രീയം എന്ന ഉണർവില്ലാതെ പോയതാണ് അദ്ദേഹത്തിന് പറ്റുന്ന പ്രാഥമികമായ അമളി. ഇതൊന്നും അദ്ദേഹം ആർജിച്ചു എന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഡയലോഗിൽ നിറയെ ഇപ്പോഴും സിനിമാസെറ്റുണ്ട്. അതിശയോക്തിയുണ്ട്. രാഷ്ട്രീയ പ്രവേശത്തിൽ പ്രാഥമികമായി ആർജിച്ചിരിക്കേണ്ട ‘നയചാതുര്യം’ പോലും അദ്ദേഹത്തിൽ സംഭവിച്ചുകാണുന്നില്ല; ഇന്നത്തെ രാഷ്ട്രീയ പ്രവർത്തനത്തിന് അത്തരമൊന്ന് അത്യാവശ്യ ഘടകവുമല്ലല്ലോ. പിന്നെ വേണ്ടതെന്താണ്? അപര വിദ്വേഷം അറപ്പില്ലാതെ പറയാനുള്ള മനസ്സും ഊർജവുമാണ്. ഭാഗ്യവശാൽ അത് അദ്ദേഹം ഇതിനകം ആർജ്ജിച്ചെടുത്തിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഇതിനകം അദ്ദേഹം നടത്തിയ സാമൂഹ്യ വിരുദ്ധമായ ഒട്ടേറെ പ്രസ്താവനകളും പ്രവർത്തികളും ഇതിനുള്ള തെളിവാണ്.

അഭിനയത്തെപ്പറ്റി അരിസ്റ്റോട്ടിലിന്റെ തിയറിയെ ഖണ്ഡിച്ചുകൊണ്ട് ബ്രതോൾഡ് ബ്രഹ്ത് പറയുന്നുണ്ട്, നടൻ കഥാപാത്രമായി ജീവിക്കുകയല്ല, പെരുമാറുകയാണ് വേണ്ടതെന്ന്. അത് അൺ പൊളിറ്റിക്കലാണെന്നും ബ്രഹ്ത് സൂചിപ്പിക്കുന്നുണ്ട്. രാമായണം സീരിയൽ ഉണർത്തിയ പ്രതിലോമ രാഷ്ട്രീയവും അവയിൽ ആദരിക്കപ്പെട്ട് രാഷ്ട്രീയ പ്രവേശനം ചെയ്ത് ഭൗതികമേന്മയുണ്ടാക്കിയ ആ സീരിയലിലെ നടീനടന്മാരെയും ഓർക്കുമ്പോൾ ബ്രഹ്തിന്റെ ഈ മുന്നറിയിപ്പിനെ നമിച്ചുപോകും.

നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ ബഹുഭൂരിഭാഗവും മികച്ച നടന്മാർ തന്നെയാണെങ്കിലും കാണികളെ തങ്ങൾ ആത്മാർത്ഥമായിട്ടാണ്, പ്രജകളെ രക്ഷപ്പെടുത്താനുള്ള യത്നത്തിലേർപ്പെട്ടിരിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിൽ അവരിൽ പലരും വലിയ വിജയമാണെന്ന് പറയാതെ വയ്യ. രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രവേശിക്കുന്ന ആദ്യഘട്ടത്തിൽ വളരെ ആത്മാർത്ഥമായിട്ടായിരിക്കാം അവർ പ്രവർത്തിച്ചിട്ടുള്ളത്. പക്ഷേ, പോസ്റ്റ് ട്രൂത്ത് കാലത്ത് അത് ഒരു അനാവശ്യമാണ്, താൻ രാഷ്ട്രീയത്തെ ഉപേക്ഷിക്കുകയോ രാഷ്ട്രീയ പ്രവർത്തനം തന്നെ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുന്ന ദ്വിത്വപ്രതിസന്ധിയിലെ തിരഞ്ഞെടുപ്പാണ് പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയത്തിൽ പിന്നെ, മികച്ച പെർഫോർമിങ്ങ് ആർട്ടിസ്റ്റുകളായി തന്റെ സ്വത്വത്തെ ഒരു ഭൗതിക ഉല്പന്നമാക്കി മാറ്റുകയാണ് അവർക്ക് ചെയ്യേണ്ടിവരുന്നത്. വളരെ ധൈഷണികതയുള്ളവർ തന്റെ അന്തഃസാരശൂന്യതയെപ്പറ്റി ഇടയ്ക്ക് ഒന്ന് ഖേദിച്ചെന്നിരിക്കും. സ്വാഭാവികം.

സുരേഷ് ഗോപി ചെന്നുപെട്ടിരിക്കുന്ന ഡയലോഗുകളും ശരീരഭാഷയും സത്യത്തിൽ അത്തരമൊരു ചതിക്കുഴിയിലാണ് കിടക്കുന്നത്. കഥാപാത്രത്തെ ഊരിയെറിയാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അനുയായികൾ തിയറ്ററിനകത്തല്ല എന്നത് അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല. ഒരുപക്ഷേ ഉത്തരേന്ത്യയിൽ അത്രയും മതിയായേക്കും. പക്ഷേ, ദക്ഷിണേന്ത്യ വേറെയാണ്. അതിന്റെ രാഷ്ട്രീയ സ്വത്വം മറ്റൊന്നാണെന്ന കാര്യം പോലും ശ്രീ. സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പ്പെട്ടിട്ടില്ല എന്നു വേണം കരുതാൻ.

ഇതഃപര്യന്തമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളാവും ഒരുപക്ഷേ, കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് വിനയായിത്തീരുന്നത്. ഒരു പക്ഷേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെവിടെയെങ്കിലും ഗവർണറായി അദ്ദേഹം പരിണമിച്ചേക്കാം. ആ പരിണാമഗുപ്തി സംഭവിക്കുന്നത് വരെയെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. രഞ്ജി പണിക്കരുടെ ഈ കഥാപാത്രബാധയിൽ നിന്ന് സുരേഷ് ഗോപിയെ ആര് രക്ഷിക്കും?

എനിക്ക് തോന്നുന്നത് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ നിസ്സഹായനായ ഒരു മലയാളി രഞ്ജി പണിക്കരല്ലാതെ മറ്റാരുമായിരിക്കില്ല. കൈവിട്ട കഥാപാത്രം പ്രതിലോമ രാഷ്ട്രീയത്തിൽ ആടിത്തിമർക്കുന്നത് സ്വകാര്യമായിട്ടെങ്കിലും അദ്ദേഹത്തെ കുറ്റബോധത്തിലാഴ്ത്തുന്നുണ്ടാവാം. കൈവിട്ട കഥാപാത്രത്തെ തിരിച്ചെടുക്കാൻ അദ്ദേഹം മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കുമോ? സുരേഷ് ഗോപി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം അഭിനയിച്ച രഞ്ജി പണിക്കർ സിനിമയും രണ്ട് നൈതിക ധ്രുവങ്ങളിലാണ് എന്ന മലയാളി പ്രേക്ഷകബോധം തന്നെയാണ് സുരേഷ് ഗോപി ഭാവിയിലും നേരിടേണ്ടിവരുന്ന വെല്ലുവിളി. അദ്ദേഹത്തോടൊപ്പം നാട്ടുകാർക്കും നല്ലതുവരട്ടെ.

Comments