ബ്രാഹ്മണനായി ജനിക്കാത്തതിൽ കടുത്ത മനോവ്യഥയും കുറ്റബോധവും അനുഭവിക്കുന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയും മലയാള സിനിമാനടനും ഗായകനുമായമായ സുരേഷ് ഗോപി ആദരണീയനായ പ്രധാനമന്ത്രി മോദിജിക്ക് അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം 10 കഴിഞ്ഞിരിക്കുന്നു. തനിക്ക്, അതായത് മന്ത്രി സുരേഷ് ഗോപിക്ക് ആദിവാസി വകുപ്പിന്റെ ചുമതല നൽകണം എന്നായിരുന്നു ആ അപേക്ഷ. മോദിജി കനിഞ്ഞിട്ടില്ല. ഉന്നതകുലങ്ങളായ ബ്രാഹ്മണരോ നായിഡുവോ താനോ ച്ചാൽ നായരോ ഒക്കെയാവട്ടെ ആദിവാസി വകുപ്പിന്റെ ചുമതലക്കാർ എന്നാണ് അദ്ദേഹം സ്വപ്നം കാണുന്നത്. അത്തരം ‘ജനാധിപത്യപര’മായ മാറ്റങ്ങൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അങ്ങനെ സംഭവിച്ചാലോ? സുരേഷ് ഗോപിയുടെ സ്വപ്നം പൂവണിഞ്ഞാലോ? പിന്നെ വിപ്ലവമാണ്. ഇന്ത്യയിൽ ആദിവാസി വിഭാഗങ്ങൾ സാമൂഹ്യ രാഷ്ട്രീയ ഉന്നതനിരയിലേക്ക് ഒരു ചാട്ടം ചാടുന്നത്; ക്വാണ്ടം ജംപ് നടത്തുന്നത് നമ്മൾ കാണും.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഈ പച്ചയായ വർഗ്ഗീയ വംശീയ പരാമർശം ആദ്യം അയാൾ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയത്തിൻ്റേതാണ്. അത് ജാതിശ്രേണിയിലധിഷ്ഠിതവും ഹിംസാത്മകവും സ്ത്രീവിരുദ്ധവുമാണ്. രണ്ടാമത് ആ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഒരു വ്യക്തിയുടെ രക്തത്തിലലിയിച്ചു ചേർത്ത, ഞാനാണ് നിങ്ങളുടെ പിതാവ്, ഉന്നതകുല ജാതനായ ഈ ഞാനാവണം താഴെക്കിടയിലുള്ള നിങ്ങളുടെയെല്ലാം ഭരിച്ച് സംരക്ഷിച്ച് പ്രശ്നങ്ങളെ തീർത്തു തരാൻ എന്ന പിതാശ്രീ ബോധമാണ്. പരാമർശം വിവാദമായപ്പോൾ അദ്ദേഹമത് പിൻവലിച്ചിട്ടുണ്ട്. താൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു എന്നാണദ്ദേഹം പറയുന്നത്.
ഉന്നത കുലജാതനായ സുരേഷ് ഗോപി ഭരിക്കാനാഗ്രഹിക്കുന്ന വകുപ്പിലെ ചില കണക്കുകൾ ഇത്തരുണത്തിൽ പറയാം. 705 ഗോത്ര വിഭാഗങ്ങളുണ്ട് ഇന്ത്യയിൽ എന്നാണ് കണക്ക്. 2011-ലെ സെൻസസ് അനുസരിച്ച് 10. 43 കോടിയാണ് ആദിവാസി ജനസംഖ്യ. 4,84,839 ആദിവാസികളാണ് കേരളത്തിലുള്ളത്. കേരള ജനസംഖ്യയുടെ 1.43%.

വിദ്യാഭാസം, ആരോഗ്യം, സാമൂഹ്യപുരോഗതി തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ എല്ലാത്തരം മാനദണ്ഡങ്ങൾ വെച്ച് നോക്കിയാലും ആകെ ഇന്ത്യൻ ജനതയുടെ ജീവിതനിലവാരവും ഗോത്ര സമൂഹങ്ങളുടെ ജീവിത നിലവാരവും തമ്മിൽ ശരാശരി 20%-ത്തിന്റെ വ്യത്യാസമുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നു വെച്ചാൽ രാജ്യത്തെ മധ്യവർഗ്ഗവും ഉപരിവർഗ്ഗവും അനുഭവിക്കുന്ന ഒന്നും ഗോത്ര ജനതയ്ക്ക് അർഹമായ തരത്തിൽ ഒരു കാലത്തും ലഭിച്ചിട്ടില്ല, ഇപ്പോഴും ലഭിക്കുന്നില്ല എന്ന്.
പാർലമെൻ്റിലും നിയമസഭകളിലും സംവരണ മണ്ഡലങ്ങളിൽ നിന്ന് ജയിച്ചു വരുന്നതിനേക്കാൾ കൂടുതൽ ആദിവാസി - ദലിത് വിഭാഗങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യ പ്രശ്നം മനസ്സിലാവും. രണ്ട് ശതമാനം പോലുമില്ല. ഇങ്ങനെയെത്തുന്ന പ്രതിനിധികളിൽ എത്ര പേർ നിർണായകമായ പാർലമെൻ്ററി സമിതികളിൽ അംഗമാവുന്നുണ്ട്? പാർലമെൻ്റിലെ പ്രാതിനിധ്യത്തിന്റെ ആനുപാതികമായ പ്രതിനിധാനം ഈ കമ്മറ്റികളിൽ പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും ഒരു കാലത്തും ലഭിച്ചിട്ടില്ല. 17-ാം ലോക്സഭയിൽ പബ്ലിക് എകൗണ്ട്സ് കമ്മറ്റിയിൽ വെറും 6.67% ആയിരുന്നു ദലിത് ആദിവാസി പ്രതിനിധാനം. ഫിനാൻസ് കമ്മറ്റിയിൽ 15, 16, 17 ലോകസ്ഭകളിലും ദലിത്- ആദിവാസി പ്രാതിനിധ്യം വെറും 9.5% ആണ്. ഏതാണ്ടെല്ലാ കമ്മറ്റികളിലും ഏറിയും കുറഞ്ഞും ഇത് തന്നെയാണ് സ്ഥിതി.
ഇനി കേരളത്തിലെ കോളേജുകളിലെ ഒരു കണക്ക് പറയാം. കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ അതായത് ഉന്നതകുലജാതരായ മത - സമുദായ സംഘടനകൾ നടത്തുന്ന കോളേജുകളിൽ - മൊത്തം കോളേജുകളുടെ 78% വരുന്ന എയ്ഡഡ് കോളേജുകളിൽ 11,958 ജീവനക്കാരിൽ വെറും 65 പേരാണ് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽ നിന്നുള്ളത് (0.54%). 2014-15 ലെ കണക്കാണിത്. സംസ്ഥാനത്തെ 1990 എയ്ഡഡ് സ്‌കൂളുകളിൽ 1,11,024 പേർ അധ്യാപകരായി ജോലി ചെയ്യുന്നു. ഈ സ്ഥാപനങ്ങളിൽ 657 പേർ മാത്രമാണ് SC/ST വിഭാഗങ്ങളിൽ നിന്നുള്ളത്. മൊത്തം അധ്യാപകരുടെ അര ശതമാനം പോലുമില്ല പ്രാതിനിധ്യം. 1429 ഹൈസ്ക്കൂളുകളിലെ 38,442 അധ്യാപക, അനധ്യാപകരിൽ SC/ST വിഭാഗത്തിൽ നിന്നുമുള്ളവർ വെറും 86 പേരാണ്. അതായത് 0.17% മാത്രം.

ദലിത്- ഗോത്ര വിഭാഗങ്ങളുടെ ഇന്ത്യൻ യാഥാർത്ഥ്യം ഈ കണക്കുകൾ ആയിരിക്കെയാണ് സുരേഷ് ഗോപി പറയുന്നത്, ട്രൈബൽ വകുപ്പിന്റെ ചുമതല എനിക്കു തരൂ, ഉന്നതകുലജാതർക്ക് തരൂ എന്ന്.
പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠങ്ങൾ മറച്ചുവെച്ച് അതാണ് ജനാധിപത്യം എന്ന് പറയാനും ഗോത്രവർഗ്ഗ വകുപ്പിന് എന്തുകൊണ്ട് ഗോത്രവിഭാഗ മന്ത്രിവേണം എന്ന സാമാന്യധാരണ പോലും ഇല്ലാതെ സിദ്ധാന്തം ചമയ്ക്കാനും ഉള്ള സുരേഷ് ഗോപിയുടെ ശേഷി അത്ര നിഷ്കളങ്കമല്ല. സുരേഷ് ഗോപി സംസാരിക്കുന്നത് ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ നാവായാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഭാഷയിലാണ്. സംവരണ വിരുദ്ധരുടെ നേതാവായാണ്. നൂറ്റാണ്ടുകളായി അടിസ്ഥാന ജനവിഭാഗം അനുഭവിക്കുന്ന ജാതിവിവേചനമോ ജാതിശ്രേണിയാൽ രൂപപ്പെട്ട സാമൂഹിക അസമത്വമോ കാണാതെ ദലിത് - ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഭരണഘടന അനുശാസിക്കുന്ന സംവരണമാണ് പ്രശ്നം എന്ന് കരുതുന്ന മധ്യവർഗ്ഗത്തെയാണയാൾ നയിക്കുന്നത്. ഗോത്ര വിഭാഗങ്ങൾ ഹിന്ദുക്കളല്ലാ എന്നും ഹിന്ദുമതത്തിലെ ഉന്നതകുലത്തിന്റെ അളവുകൾ ബാധകമാവില്ല അവിടെ എന്നും പോലും സുരേഷ് ഗോപി ബോധപൂർവ്വം മറച്ചു വെക്കുന്നു.
നിർമലാ സീതാരാമന്റെ ബജറ്റിനെ ന്യായീകരിച്ച് കൊണ്ട് സുരേഷ് ഗോപി പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കണം. ബജറ്റിൽ പണം ലഭിച്ചില്ലെന്ന് പറഞ്ഞ് കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കേരളത്തിന് എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നുമാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി പറഞ്ഞത്. മാത്രമല്ല, കേന്ദ്രബജറ്റിൽ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കണം. താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്, എല്ലാവർക്കും അവകാശപ്പെട്ടതാണ്. മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു. ഒരു മധ്യവർഗ്ഗ നേതാവിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു അത്.
ബജറ്റിൽ കേരളത്തെ കേന്ദ്രസർക്കാർ നിഷ്കരുണം തഴഞ്ഞപ്പോൾ കേരളത്തെ പരിഹസിച്ച് പുച്ഛിച്ചവരിൽ തൃശൂർ എം.പി മാത്രമല്ല മലയാളിയായ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും ഉണ്ടായിരുന്നു.

ആദിവാസി സ്ത്രീയായ ദ്രൗപതി മുർമുവിനെ പ്രസിഡൻ്റ് ആക്കിയ ബി.ജെ.പി ആർ. എസ് എസിന്റെ തന്ത്രം പ്രതിനിധാന രാഷ്ട്രീയത്തിന്റെ യാഥാർത്യത്തെ ഭംഗിയായി മറച്ചുവെക്കാൻ കൂടിയുള്ളതായിരുന്നു. അതൊരു പാവ നാടകത്തിലെ അധികം നീളമില്ലാത്ത രംഗവുമായിരുന്നു. സുരേഷ് ഗോപിയുടെ പരാമർശത്തോട് പ്രതികരിച്ച് ആദിവാസി നേതാവും എൻ.ഡി.എ സഖ്യകക്ഷിയുമായ സി.കെ. ജാനു നടത്തിയ പ്രതികരണവും രാഷ്ട്രീയ കൗതുകമുണർത്തുന്നതായിരുന്നു. സുരേഷ്ഗോപിയുടേത് തരം താണ സമീപനമാണെന്നും ഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാൾ ആദിവാസി വകുപ്പ് ഭരിച്ചതെന്നും ഇതിലും ഉന്നതർ ഇനി ഏതാണെന്ന് അറിയില്ല എന്നും ആദിവാസികൾ ആയിട്ടുള്ള ആരും ഇക്കാലമത്രയും ഇത്തരം വകുപ്പുകളിൽ ഇടപെട്ടിട്ടില്ല എന്നും ജാനു പറഞ്ഞു. ആദിവാസികൾ തന്നെയാണ് ഈ വകുപ്പുകളുടെ ഉന്നത ശ്രേണിയിലേക്ക് വരേണ്ടത്. അങ്ങനെയെങ്കിൽ മാത്രമേ ആദിവാസികൾക്ക് പ്രയോജനകരമാകൂ എന്നും ജാനു പറഞ്ഞു വെച്ചു.
ബി.ജെ.പിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിച്ചത് എന്നാണ് സി.കെ. ജാനുവിനോട് ചോദിക്കാനുള്ളത്. അതാണാ പ്രത്യയശാസ്ത്രം. ദ്രൗപതി മുർമുവിനെ ഇന്ത്യൻ പ്രസിഡൻ്റാക്കുന്ന സി.കെ. ജാനുവിനെ എൻ.ഡി.എയിൽ ചേർത്ത് അലങ്കരിക്കുന്ന, ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്ന രാഷ്ട്രീയ ആശയമാണത്. ഹിന്ദുത്വയ്ക്ക് അപ്പുറം അത് ആശയപരമായി വികസിക്കില്ല. നിങ്ങളെയെല്ലാം ഭരിക്കുന്ന ബ്രാഹ്മണ്യമാണീ സംവിധാനം എന്ന് തന്നെയാണ് സംഘപരിവാർ രാഷ്ട്രീയം സംസാരിക്കുന്നത്. അതിലേക്കാണ് സി.കെ. ജാനു ചേർന്നുനിന്നത്.

സുരേഷ് ഗോപി രാഷ്ട്രീയമായ തിരുത്തൽ അർഹിക്കുന്ന ഒരാളല്ല. ആ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കറകളഞ്ഞ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ ആദിവാസി പ്രേമം ഭരിക്കാനുള്ള അധികാര പ്രേമമാണ്. അത് വർഗ്ഗീയമാണ്, വംശീയമാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്ന് പറഞ്ഞ ആ പറച്ചിൽ ആശയം ഹൃദയത്തിൽ നിന്ന് വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ആ ആശയമാണ് ഹേ ബ്രാഹ്മണ്യം എന്ന് അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞു കൊടുത്താൽ അതല്ലേ ശരി എന്ന് അദ്ദേഹം തിരിച്ച് ചോദിക്കും. നൂറ്റാണ്ടുകൾ നീണ്ട പോരാട്ട സമരങ്ങളിലൂടെ ഒരു ജനത പ്രാതിനിധ്യവും അവകാശങ്ങളും നേടിയെടുക്കാൻ ശ്രമിക്കുമ്പോൾ ആ വകുപ്പും എനിക്ക് താ ഭരിച്ച് കാണിച്ച് തരാം എന്നു പറയുന്ന സുരേഷ് ഗോപി എന്ന ഉന്നതകുലജാതനോട് അട്ടപ്പാടിയിൽ തല്ലിക്കൊല്ലപ്പെട്ട മധുവും കോഴിക്കോട് മെഡിക്കൽ കോളേജാശു പത്രിയിൽ ആൾക്കൂട്ടത്താൽ മർദ്ദനമേറ്റ ശേഷം തൂങ്ങിമരിച്ച വിശ്വനാഥനും പോഷകാഹാരമില്ലാതെയും വിശന്നും ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദിവാദി കുഞ്ഞുങ്ങളും ക്ഷമിക്കട്ടെ.