വാക്കുകളുടെ അമൃതധാര

ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ: കെ.ടി. ജലീൽ എഴുതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുഖപുസ്തകചിന്തകൾ - ആസ്യാത്ത മുതൽ ആസ്യാത്ത വരെ' എന്ന പുസ്തകത്തിന്, ടി. പത്മനാഭൻ എഴുതിയ അവതാരിക

‘മുഖപുസ്തക ചിന്തകൾ' എന്ന ഈ പുസ്തകം 2013 - 2020 കാലയളവിൽ ഡോ. കെ.ടി. ജലീൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പുകളുടെ സമാഹരമാണ്. പരാമൃഷ്ടമാകുന്ന ഗ്രന്ഥത്തേയോ തൻകർത്താവിനേയോ കുറിച്ച് എന്തെങ്കിലും പറയുന്നതിന്നു മുമ്പായി കർണ്ണാടക സംഗീത ലോകത്തെ മഹാഗായകനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചുള്ള എന്റെ ഒരനുഭവം പറഞ്ഞുകൊള്ളട്ടെ.
കാലം 1952. ഞാൻ മദിരാശിയിൽ നിയമം പഠിക്കുന്ന ഒരു വിദ്യാർത്ഥി. ഒരു വൈകുന്നേരം മദിരാശിയിലെ തെരുവുകളിലൊന്നിലൂടെ അലസനായി ഞാൻ നടക്കുന്നു. അപ്പോൾ, അതുവരെയും കേട്ടുപരിചയിച്ചിട്ടില്ലാത്ത ഒരു ഗംഭീര ശബ്ദത്തിന്റെ വീചികൾ എന്റെ ചെവിയിൽ വന്ന് പതിച്ചു. രാമനവമിക്കാലമാണ്. മദിരാശിയിൽ സർവത്ര സംഗീതക്കച്ചേരികളുടെ പൂരവും. എന്റെ ശ്രദ്ധയെ ആകർഷിച്ച ആ സവിശേഷ ശബ്ദത്തിന്റെ ഉറവിടവും തേടി ഞാൻ നടന്നു. എത്തിയത് ഓലകൊണ്ട് കെട്ടിമേഞ്ഞ ഒരു കൊട്ടകയിലായിരുന്നു. അവിടെ മദ്ധ്യവയസ്‌കനായ ഒരു ഗായകൻ പാടുന്നു. അർദ്ധനഗ്‌നനെങ്കിലും കാഴ്ചയിൽ തന്നെ അതിഗംഭീരനായ ആ ഗായകന്റെ നാദധാരയിൽ ഞാൻ മുഴുകി. സദസ്യരും. അന്വേഷിച്ചപ്പോൾ അത് മഹാഗായകനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരായിരുന്നു.
ചെമ്പൈയുടെ ഈ ‘വെങ്കല ശബ്ദം' ഞാൻ പിന്നീട് കേൾക്കുന്നത് കെ.ടി. ജലീലിൽ നിന്നാണ്. പക്ഷെ ജലീൽ ഒരു ഗായകനല്ല; പ്രഭാഷകനാണ്. ഒരു പ്രഭാഷകൻ തന്റെ കലയിൽ എത്രമേൽ സിദ്ധികളുള്ളവനാണെങ്കിലും, കേൾവിക്കാരുടെ ശ്രദ്ധ പൂർണ്ണമായും പിടിച്ചു പറ്റണമെങ്കിൽ ‘ശക്ത'മായ ഒരു ശബ്ദത്തിന്റെ ഉടമ കൂടിയായിരിക്കണം. അൽപംപോലും മടികൂടാതെ പറയട്ടെ, ഈ വിഷയത്തിൽ തീർത്തും ഭാഗ്യവാനാണ് കെ.ടി. ജലീൽ. ഇനി മറ്റൊരു കാര്യം കൂടി. ജലീലിന്റെ കയ്യിലുള്ളത് ഇന്ന് ‘സവിശേഷ ശബ്ദം' മാത്രമല്ല; അറിവിന്റെ തിളക്കമാർന്ന വെളിച്ചം കൂടിയുണ്ട്.

കെ.ടി. ജലീൽ
കെ.ടി. ജലീൽ

ജലീലിനെ ഞാൻ ആദ്യമായി കാണുന്നത് കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഒരു യോഗത്തിൽ വെച്ചായിരുന്നു. വേദിയിൽ യൂണിവേഴ്‌സിറ്റി ഭാരവാഹികൾക്കു പുറമെ എന്റെ ചിരകാല സുഹൃത്തായ എം.എ. യൂസുഫലിയും അന്നത്തെ കേരള ഗവർണറും സുപ്രീംകോടതിയിലെ മുൻ ചീഫ് ജസ്റ്റീസുമായ ശ്രീ. സദാശിവവുമുണ്ടായിരുന്നു. യൂസുഫലിയുടെയും സദാശിവത്തിന്റെയും പ്രഭാഷണങ്ങൾ ഞാൻ ഇതിന്നു മുമ്പും കേട്ടിട്ടുണ്ട്. പക്ഷെ ജലീലിന്റേത് ആദ്യമായിട്ടായിരുന്നു. മലയാള സാഹിത്യത്തെക്കുറിച്ച് പൊതുവെയും ചെറുകഥാ ശാഖയെക്കുറിച്ച് പ്രത്യേകവുമായാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ചെറുകഥയ്ക്കാണ് അദ്ദേഹം കൂടുതൽ ഊന്നൽ നൽകിയത്. അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തലുകൾ അന്നത്തെ പ്രൗഢഗംഭീരമായ സദസ്സിന്ന് തീർത്തും ഒരു നവാനുഭവമായിരുന്നു.
ഈ അടുത്ത കാലത്തും ജലീലിന്റെ സാഹിത്യ സംബന്ധിയായ ഒരു പ്രസംഗം കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അത് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പിൽ വെച്ചായിരുന്നു. ബഷീറിന്റെ പേരിലുള്ള പുരസ്‌കാരത്തിന്റെ സന്ദർഭമായിരുന്നു സന്ദർഭം. സാധാരണയായി നമ്മുടെ മന്ത്രിമാർ പ്രസംഗിക്കാൻ ക്ഷണിക്കാൻ വരുന്നവരെ നിരാശരാക്കാറില്ല. അവർ വരുമെന്നേൽക്കും; മിക്കപ്പോഴും ചടങ്ങിനവരെത്തില്ല. എന്നാൽ എത്തുന്നവരോ ഏറെ വൈകിയിട്ടായിരിക്കും വരിക. തലയോലപ്പറമ്പിലെ ചടങ്ങിന്റെ ദിവസം മന്ത്രി ജലീലിന്ന് തിരുവനന്തപുരത്ത് ഒട്ടേറെ പ്രധാന പരിപാടികളുണ്ടായിരുന്നു. അതൊക്കെ നിർവഹിച്ച് അദ്ദേഹം തലയോലപ്പറമ്പിലേക്ക് ‘റഷ്' ചെയ്യുകയായിരുന്നു. ചsങ്ങുകൾ ആരംഭിക്കുന്നതിന്നു മുമ്പേ എത്തിയതിന്റെ ചാരിതാർത്ഥ്യം അന്ന് ആ മുഖത്ത് ഞാൻ കണ്ടു.
ബഷീറിയൻ സാഹിത്യത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ എന്നെ അൽഭുതപ്പെടുത്തുകയുണ്ടായി. ഇത് ഇവിടെ എഴുതുവാൻ ഒരു പ്രത്യേക കാരണമുണ്ട്. ബഷീറിയൻ സാഹിത്യത്തെക്കുറിച്ച് സാമാന്യം അഴത്തിൽ തന്നെ പഠിച്ചവനാണ് ഞാൻ. കൊല്ലങ്ങൾക്ക് മുമ്പ് കേരള യൂണിവേഴ്‌സിറ്റി സി.വി. രാമൻപിള്ള മെമ്മോറിയൽ ലക്ചർ ചെയ്യാൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ തെരഞ്ഞെടുത്ത വിഷയം ‘ബഷീറിയൻ സാഹിത്യ'മായിരുന്നു. മൂന്നു ദിവസങ്ങളിലായി നീണ്ടുനിന്ന എന്റെ പ്രസംഗം കേരള യൂണിവേഴ്‌സിറ്റി ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈകാരണത്താലൊക്കെ ബഷീറിയൻ സാഹിത്യത്തെക്കുറിച്ച് എനിക്ക് 'കുറച്ചൊക്കെ' അറിയാമെന്ന ഒരു ‘ഗർവ്വ്' ഉണ്ടായിരുന്നു. കെ.ടി. ജലീലിന്റെ പ്രസംഗം എന്റെ അമിത വിശ്വാസത്തെ വിപാടനം ചെയ്യാൻ സഹായിച്ചു എന്നുപറയാൻ ഞാൻ മടിക്കുന്നില്ല.
ഇനി ‘മുഖപുസ്തക ചിന്തകൾ' എന്ന ഈ പുസ്തകത്തെക്കുറിച്ച്.
നിരാർദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തിൽ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഒരു ഏകാന്തപഥികൻ നടത്തുന്ന യാത്രകൾ; അയാൾ എത്തിപ്പെടുന്ന സ്ഥലങ്ങൾ; അയാൾ കണ്ടുമുട്ടുന്ന വലിയവരും ചെറിയവരുമായ മനുഷ്യർ; അയാളുടെ വിചിത്രമായ അനുഭവങ്ങൾ; ധീരവും സത്യസന്ധവുമായ നിരീക്ഷണങ്ങൾ - ഇതൊക്കെയാണ് ഈ പുസ്തകത്തിലുള്ളത്. ജൻമംകൊണ്ടും വിശ്വാസം കൊണ്ടും ഒരു മുസ്​ലിമാണെങ്കിലും അദ്ദേഹം എന്നും നിൽക്കുന്നത് മനുഷ്യന്റെ പക്ഷത്താണ്. അർത്ഥശൂന്യമായ ആചാരങ്ങളെ സധീരം നിരാകരിക്കുന്ന ജലീൽ മതങ്ങളുടെ ശുദ്ധമായ അന്തഃസ്സത്തയെ അംഗീകരിക്കാൻ അശേഷം മടിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തിന്റെ നിലപാടുകൾ എന്നും യുക്തിഭദ്രമാണ്. ജലീലിന്റെ ഹൃദയവിശാലതയിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ നിരീക്ഷണങ്ങൾ ഈ പുസ്തകത്തിലുണ്ട്. എന്നെ ഏറെ സ്പർശിച്ച ചിലതിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചു കൊള്ളട്ടെ; ‘സബാഷ് മുനവ്വറലി സബാഷ്' എന്ന തലക്കെട്ടിലുള്ള എഴുപത്തി ഏഴാമത്തെ കുറിപ്പ്. 2013 ൽ കുവൈറ്റിൽ വെച്ച് മലപ്പുറം സ്വദേശിയായ ഒരു മുസ്‌ലിം യുവാവ് അബദ്ധത്തിൽ കൊല്ലപ്പെടുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റവാളി തമിഴ്‌നാട്ടുകാരനായ ഒരു ഹിന്ദു യുവാവ്. സ്വാഭാവികമായും അയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. കുവൈറ്റിലെ നിയമപ്രകാരം കുറ്റവാളി വധിക്കപ്പെട്ട ആളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകിയാൽ (30 ലക്ഷം) ശിക്ഷയിൽ നിന്ന് മോചിതനാകും. പക്ഷെ, കുറ്റവാളിക്കോ അയാളുടെ കുടുംബത്തിനോ 30 ലക്ഷം ഉണ്ടാക്കാനുള്ള ശേഷിയില്ല.

ഈ വിവരമറിഞ്ഞ മുനവ്വറലി ശിഹാബ് തങ്ങളും ഉദാരമതികളായ ഏതാനും സുഹൃത്തുക്കളും കൂടി 30 ലക്ഷം രൂപ സമാഹരിച്ച് പ്രതിയുടെ ഭാര്യയായ മാലതിക്ക് നൽകി. മാലതി പാണക്കാട്ട് വെച്ച് ഈ തുക കൊല്ലപ്പെട്ട നിർഭാഗ്യവാന്റെ കുടുംബത്തിന് നൽകി മാപ്പപേക്ഷ ഒപ്പിട്ടു വാങ്ങിയശേഷം കുവൈറ്റ് കോടതിയിൽ സമർപ്പിച്ചു. ഈ സൽക്കർമ്മത്തിൽ ഭാഗഭാക്കായ എല്ലാവരേയും - പ്രത്യേകിച്ച് ശിഹാബ് തങ്ങളുടെ പുത്രനായ മുനവ്വറലി ശിഹാബ് തങ്ങളെ - ജലീൽ ശ്‌ളാഘിക്കുന്നുണ്ട്. ഇവിടെ ഒരു കാര്യം നാം പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. ഗ്രന്ഥകാരനായ കെ.ടി. ജലീൽ തന്റെ രാഷ്ട്രീജീവിതം തുടങ്ങുന്നത് മുസ്‌ലിം യൂത്ത് ലീഗിന്റെ ഒരു പ്രവർത്തകനായിട്ടാണ്. പിൽക്കാലത്ത് ലീഗിന്റെ ചില നിലപാടുകളുമായി തനിക്ക് യോജിച്ചു പോകാൻ കഴിയില്ല എന്നു മനസ്സിലാക്കുമ്പോൾ ആ സംഘടനയിൽ നിന്ന് അദ്ദേഹം വിട്ടുപോകുന്നു. ആ സംഘടനയുടെ യുവജന വിഭാഗം പ്രസിഡൻറിന്റെ സൽപ്രവൃത്തിയെയാണ് ജലീൽ ഇപ്പോൾ മുക്തകണ്ഠം പ്രശംസിക്കുന്നത് ! വാഴ്ത്തപ്പെടേണ്ട ഒരു മനസ്ഥിതിയല്ലേ ഇത്?
ഇനി 2017 ഡിസംബർ ഏഴാം തിയ്യതിയിലെ മറ്റൊരു കുറിപ്പ് - ‘ഹാദിയയുടെ മതം' എന്ന പേരിലുള്ള ഈ കുറിപ്പ് അക്കാലത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ്. ഒരു ഹിന്ദു വിദ്യാർത്ഥിനി തന്റെ കാമുകന്റെ പ്രേരണയ്ക്ക് വശംവദയായി ഇസ്‌ലാമിൽ ചേരുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇതിൽ ദുഃഖിതരായ മാതാപിതാക്കൾ ഒന്നിലധികം കോടതികളിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും നീതിപീഠത്തിന്റെ തീരുമാനങ്ങൾ അവർക്കെതിരായിരുന്നു. മകളെ അവർക്ക് തിരിച്ചു കിട്ടുന്നില്ല. ഈ വിഷയത്തിൽ ജലീൽ എഴുതുന്നു: ‘മാധവിക്കുട്ടി കമലാസുരയ്യയായപ്പോൾ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം ‘അഖില' ‘ഹാദിയ' ആയപ്പോൾ നെഞ്ചോട് ചേർത്തുവെക്കാൻ മടിച്ചു നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളിൽ ആർത്തിരമ്പുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം ആർക്കെങ്കിലും ഇല്ലാതെ പോയെങ്കിൽ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല, അവനവനെത്തന്നെയാണ്. എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയിൽ ഒരഭ്യർത്ഥനയേ എനിക്കുള്ളൂ. ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളൂ. അത് മോളുടെ വ്യക്തിസ്വാതന്ത്ര്യം. മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്നു പോകരുത് -മാതാപിതാക്കളോട് ‘ഛെ' എന്ന വാക്കുപോലും ഉച്ചരിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി, അമ്മയുടെ കാലിൻ ചുവട്ടിലാണ് മക്കളുടെ സ്വർഗ്ഗമെന്നും അരുൾ ചെയ്തു - ഞാൻ ചോദിക്കട്ടെ; ഇതിൽ കൂടുതൽ ഈ വിഷയത്തിൽ എന്താണ് പറയേണ്ടത്? ഇനി മെറ്റാരു വളരെ പ്രധാനപ്പെട്ട നിരീക്ഷണം.2014 ജൂലായ് 28 ലെ ‘ക്ഷമാപണം' എന്ന കുറിപ്പിലാണ്: ‘പടപ്പുകളോട് ചെയ്ത തെറ്റുകൾക്ക് എത്ര നൂറ്റാണ്ടുകൾ പടച്ചവനോട് കരഞ്ഞ് പ്രാർത്ഥിച്ചാലും അവൻ അവനത് നമുക്ക് പൊറുത്തു തരില്ല. അത്രമേൽ ആദരിക്കപ്പെട്ടവനാണ് മനുഷ്യൻ. മനുഷ്യ നൻമയാണ് എല്ലാ വിശ്വാസങ്ങളുടെയും കാതൽ. മനുഷ്യന്നതീതമായി ഒരു വിശ്വാസവും മതവുമില്ല'.
അവസാനമായി ഒരു ഉദ്ധരണി കൂടി. ഇത് ‘ഇ.എം.എസ്സിന്റെ ലോകം' എന്ന തലവാചകത്തിനു താഴെ 2019 ജൂൺ 16 ന്ന് വന്ന കുറിപ്പിൽ നിന്നാണ്: ‘നമസ്‌കാരം, നോമ്പ് , ഹജ്ജ് പോലെയുള്ള മതവരമായ നിർബന്ധാന്യഷ്ഠാനങ്ങൾ ഒരോരുത്തരുടെയും വൈയക്തിക ഇസ്‌ലാമികതയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണല്ലോ - അവനെ സംബന്ധിച്ചേടത്തോളം അത് രക്ഷിതാവായ നാഥനോടുള്ള അനിവാര്യ ബാദ്ധ്യതയാണ്. എന്നാൽ മൂല്യങ്ങൾ, അല്ലെങ്കിൽ നന്മകൾ (ഗുഡ് എത്തിക്‌സ്) എന്നത് വ്യക്തിയും അവന്റെ സംശയങ്ങളുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ നാം നമ്മുടെ നിത്യ ജീവിതത്തിൽ മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിലും ഇടപാടുകളിലും ഇസ്​ലാമിനെ കൊണ്ടുവന്നിട്ടില്ലെങ്കിൽ തീർച്ചയായും ആ വിശ്വാസം ദുഷിക്കുകയും അതിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്യും. പ്രവാചകൻ പറയുന്നു: ‘ഏറ്റവും വലിയ ദരിദ്രൻ അന്ത്യനാളിൽ ധാരാളം ആരാധനാ കർമ്മങ്ങളുമായി കടന്നുവരുന്നവനാണ്.' പക്ഷെ അവൻ അതിനെ നിഷ്പ്രഭമാക്കുംവിധം പരസ്പര ഇടപാടുകളിലും ധനവിനിയോഗത്തിലും പെരുമാറ്റത്തിലും മ്ലേച്ഛമായ മാർഗ്ഗങ്ങൾ അവലംബിച്ചവനുമായിരിക്കും. അതുകൊണ്ടു തന്നെ ഈമാനും (വിശ്വാസത്തിന്റെ ആന്തരിക തലം) ഇഹ്‌സാനും (വിശ്വാസത്തിന്റെ സാമൂഹിക തലം) സമന്വയിക്കാതെ ഇസ്​ലാം പൂർണ്ണമാവില്ല. ബർണാഡ്ഷായുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്; Islam is the best religion, But, Muslims are its worst followers. ഇസ്‌ലാം ഏറ്റവും നല്ല മതമാണ്. പക്ഷെ അതിന്റെ ഏറ്റവും ചീത്ത അനുയായികളാണ് മുസ്‌ലിംകൾ.
ചിന്താർഹമായ ഇത്തരം നിരീക്ഷണങ്ങൾ ഈ പുസ്തകത്തിൽ എത്രയോ ഉണ്ട്. പക്ഷെ വിസ്താരഭയത്താൽ ഞാൻ അവയിലേക്ക് കടക്കുന്നില്ല.
ഒന്നുരണ്ട് കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിച്ചു കൊണ്ട് ഇപ്പോൾതന്നെ ദീർഘമായിപ്പോയ ഈ ആമുഖക്കുറിപ്പ് അവസാനിപ്പിക്കാം. ‘മുഖപുസ്തക ചിന്തക'ളുടെ കർത്താവ് ഒരു സഞ്ചാരിയാണ്. ഇന്ത്യക്കകത്തും വെളിയിലുമൊക്കെ അദ്ദേഹം വിസ്തരിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രകളിൽ അദ്ദേഹം രാഷ്ട്രത്തലവൻമാരെയും വ്യവസായ പ്രമുഖരെയും മാത്രമല്ല സാധാരണക്കാരെയും കാണുന്നുണ്ട്. അമേരിക്കയിലെത്തുമ്പോൾ ജലീൽ പോകുന്നത് അവിടത്തെ വിശ്വവിഖ്യാതങ്ങളായ സിനിമാ നിർമ്മാണശാലകളിലേക്കോ കാസിനോകളിലേക്കോ അല്ല; പ്രിൻസ്റ്റൺ, സ്റ്റാൻഫോഡ് തുടങ്ങിയ ലോകോത്തര വിദ്യാകേന്ദ്രങ്ങളിലേക്കാണ്. ഐൻസ്റ്റീനെ പോലുള്ളവർ ഒരുകാലത്ത് പഠിപ്പിച്ചതും നോബൽ ജേതാക്കളായ അദ്ധ്യാപകർ ഇന്നും പഠിപ്പിക്കുന്നതും പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയതുമായ ഈ സർവകലാശാലകളിൽ ചെന്ന് അവയുടെ തലപ്പത്തുള്ളവരുമായി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിലെ ‘നിത്യ വിദ്യാർത്ഥി'ക്ക് ജന്മസാഫല്യം കൈവരുന്നു.
പുതിയ കാലത്തെ വിജ്ഞാന കേന്ദ്രമായ ‘സിലിക്കോൺ' വാലിയിലെ ‘ഫേസ്ബുക്കിലും' ‘ഗൂഗിളിലും' ‘ആപ്പിളി'ലുമൊക്കെ ജോലി ചെയ്യുന്ന മിടുക്കരായ മലയാളികളുമായി സംവദിക്കാനും അദ്ദേഹം സമയം കാണുന്നു. മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും എന്റെ സുഹൃത്ത് കെ.ടി. ജലീൽ എന്നും നിസ്വന്റെ, ഒന്നുമില്ലാത്തവന്റെ, പാർശ്വവൽക്കരിക്കപ്പെട്ടവന്റെ കൂടെയാണ്. അതുകൊണ്ടു തന്നെയായിരിക്കുമല്ലോ 163 കുറിപ്പുകളുള്ള ഈ കൃതിയിലെ ആദ്യത്തെയും അവസാനത്തെയും കുറിപ്പുകൾ തവനൂർ വൃദ്ധസദനത്തിലെ ‘ആസ്യാത്ത'യെക്കുറിച്ചായത്. ഇത് ഒരു വെറും യാദൃശ്ചികതയാണെന്ന് ഞാൻ കരുതുന്നില്ല. കൂട്ടത്തിൽ പറയട്ടെ, ‘ആസ്യാത്ത' ചരമമടഞ്ഞപ്പോൾ അവരുടെ ജനാസ നമസ്‌കാരത്തിന് നേത്രത്വം നൽകിയതും ജീവിച്ചിരിക്കുമ്പോൾ അവർ മകനെപ്പോലെ കണ്ട ജലീൽ തന്നെയായിരുന്നു.!
ജലീലിന്റെ സൻമനസ്സിന് പ്രണാമം.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന് അവതാരികയെഴുതാൻ എന്നെ സമീപിച്ചപ്പോൾ തൊണ്ണൂറിലെത്തിയ എനിക്ക് ശാരീരിക ക്ലേശങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറാമായിരുന്നു. സത്യത്തിൽ ശാരീരിക ക്ലേശങ്ങൾ ഉണ്ട് താനും. പക്ഷെ, എന്തുകൊണ്ടോ ഞാനങ്ങിനെ പറഞ്ഞില്ല.
എന്റെ ഭാഗ്യം!
ജലീലിന്റെ അടുത്ത പുസ്തകത്തെ പ്രത്യാശാപൂർവ്വം കാത്തിരിക്കുന്നു.


Summary: ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ: കെ.ടി. ജലീൽ എഴുതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുഖപുസ്തകചിന്തകൾ - ആസ്യാത്ത മുതൽ ആസ്യാത്ത വരെ' എന്ന പുസ്തകത്തിന്, ടി. പത്മനാഭൻ എഴുതിയ അവതാരിക


Comments