‘വയൽക്കിളി’ സമരം അട്ടിമറിക്കപ്പെട്ട കഥ, കെ- റെയിൽ വിരുദ്ധ സമരകാലത്ത്​ ഓർക്കാൻ...

ഇടിച്ച കുന്നുകൾ ലോറികളിൽ കീഴാറ്റൂർ വയലിലേക്ക് വന്നുകൊണ്ടിരിക്കുന്നു. വയലിനെ രണ്ടായി പിളർത്തി മൺലോറികൾ പാഞ്ഞുകൊണ്ടിരിക്കുന്നു​. വയൽ നികത്തില്ലെന്നും തൂണിട്ട്​ ആകാശപാത നിർമിക്കുമെന്നുമൊക്കെയായിരുന്നു സമരകാലത്തെ ‘ഉറപ്പു’കൾ. അതെല്ലാം വിസ്​മൃതിയിൽ തള്ളിയാണ്​ മണൽ ലോറികൾ പായുന്നത്​. ഒരു പാരിസ്​ഥിതിക സമരം അട്ടിമറിക്കപ്പെട്ട കഥ കൂടിയാണിത്​.

കെ- റെയിലിന്റെ വിശദ പദ്ധതി രേഖ (ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട്- ഡി.പി.ആർ) പുറത്തുവന്നപ്പോൾ, പദ്ധതി സൃഷ്​ടിക്കാനിടയുള്ള പാരിസ്ഥിതികാഘാതങ്ങളാണ്​ ഏറെ ചർച്ച ചെയ്യപ്പെടുന്നത്​. കെ-റെയിലിന്​ ഏറ്റെടുക്കുന്ന ഭൂമിയുടെ 80 കിലോമീറ്റർ വയലുകളിലൂടെയും തണ്ണീർത്തടങ്ങളിലൂടെയും കടന്നു പോവുമെന്നാണ്​ ഡി.പി.ആർ. സൂചിപ്പിക്കുന്നത്​.

സംസ്​ഥാനമൊ​ട്ടാകെ കെ.റെയിൽ വിരുദ്ധ പ്രക്ഷോഭം ചൂടുപിടിക്കുമ്പോൾ "വികസന വിരുദ്ധ സമരം’ എന്ന്​ ആക്ഷേപിക്കപ്പെട്ട്​ ഒടുങ്ങിയ ഒരു ജനകീയ സമരത്തിന്റെ ഓർമപ്പാടങ്ങൾങ്ങൾക്ക് മുകളിൽ മണ്ണ് വീഴുകയാണ്. നീണ്ട മൂന്നു വർഷം ഒരു ദരിദ്ര ഗ്രാമീണ കർഷക കൂട്ടായ്മ സമരപ്പന്തൽ കെട്ടി പൊരുതി നിന്ന കീഴാറ്റൂർ വയൽ രണ്ടായി കീറിമുറിക്കപ്പെട്ടുകഴിഞ്ഞു. അവയ്ക്കുനടുവിൽ കുത്തനെ ഉയർന്ന പുതിയ മൺതിട്ട വികസനത്തിന്റെ ഏത് പാതയാണ് അവർക്ക് തുറന്നുനൽകുന്നത്?

കുരുക്കഴിക്കാൻ ബൈപാസ്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ദേശീയപാതയുടെ വീതി കൂട്ടി ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള പദ്ധതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന തളിപ്പറമ്പ് പട്ടണത്തിന് അത്​ അനിവാര്യവുമായിരുന്നു. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന ദേശീയ പാത 45 മീറ്ററാക്കാൻ തളിപ്പറമ്പ് പട്ടണം തന്നെ വീതി കൂട്ടാനുള്ള അന്നത്തെ സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതാ അധികൃതർ സ്ഥലം അടയാളപ്പെടുത്തൽ പോലുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു.

എന്നാൽ, ദേശീയ പാത വീതി കൂട്ടുമ്പോൾ ധാരാളം കടകമ്പോളങ്ങളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരുന്നതും തൽഫലമായുണ്ടാവുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ആ തീരുമാനം പെ​ട്ടെന്നുതന്നെ റദ്ദ് ചെയ്യപ്പെട്ടു. പിന്നീട് വർഷങ്ങൾക്കുശേഷമാണ്​ ബൈപാസ് എന്ന ആശയം മുന്നോട്ട് വെക്കപ്പെട്ടത്. ഗതാഗതം ബൈപാസിലൂടെ തിരിച്ചുവിട്ട്​ തളിപറമ്പിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തളിപറമ്പിൽ ബൈപാസ് വേണമെന്ന് ജനങ്ങളും, പഞ്ചായത്തും, മുൻസിപ്പാലിറ്റിയും, ജില്ലാ ഭരണകൂടവും ദേശീയപാതാ അധികൃതരും സർക്കാറും ചേർന്ന് പൊതു തീരുമാനത്തിലെത്തി.

ബൈപാസിനായി കുറ്റിക്കോൽ മുതൽ കൂവോട് - പ്ലാത്തോട്ടം - മാന്ധം കുണ്ട് വഴി കുപ്പം വരെയുള്ള അലൈൻമെന്റാണ് ആദ്യം പരിഗണിക്കപ്പെട്ടത്. ജനവാസ മേഖല കൂടുതൽ ഉൾപ്പെടുന്നതിനാൽ 100 ലധികം വീടുകൾ നഷ്ടപ്പെടുമെന്നതായിരുന്നു ഈ അലൈൻമെന്റിന്റെ മുഖ്യ വെല്ലുവിളി. പക്ഷേ സർവേ നടക്കുന്ന ഘട്ടത്തിൽ പോലും അത്തരമൊരു വിഷയത്തിൽ സംഘടിത എതിർപ്പുണ്ടായില്ലെന്നുമാത്രമല്ല അവിടെയുള്ളവർ ആ തീരുമാനവുമായി പൊരുത്തപ്പെടുകയും ചെയ്തു. പലരും ബൈപാസ് വരുന്നത് മുന്നിൽ കണ്ട് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതിരിക്കുകയും ചിലർ മറ്റ് സ്ഥലങ്ങളിൽ വീടുവെച്ച് മാറാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു. ബൈപാസ് അതുവഴി തന്നെ കടന്നുപോകുമെന്നുറപ്പിച്ച ഘട്ടത്തിൽ, ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വിജ്​ഞാപനം പുറപ്പെടുവിക്കേണ്ട നടപടി മാത്രം ബാക്കി നിൽക്കേ, ആ അലെൻമെൻറ്​ അട്ടിമറിക്കപ്പെട്ടു. പിന്നീട് ഹൈവേ അതോറിറ്റിയും സർക്കാറും ചേർന്ന് രണ്ടാമത് ഒരു അലൈൻമെൻറ്​ അംഗീകരിച്ച്​വിജ്ഞാപനം വന്നു. പുതുതായി വന്ന അലൈൻമെൻറ്​ കീഴാറ്റൂർ എന്ന കാർഷിക ഗ്രാമത്തെ പിടിച്ചുലക്കുന്നതായിരുന്നു.

കീഴാറ്റൂരിലെ സമരക്കാർ

കീഴാറ്റൂർ അലൈൻമെൻറ്​ - പാരിസ്ഥിതിക, സാമൂഹികാഘാതങ്ങൾ

ജനവാസ മേഖലകളും വീടുകളും താരതമ്യേന വളരെ കുറവാണെന്നതായിരുന്നു കുറ്റിക്കോൽ- കൂവോട്- കീഴാറ്റൂർ എന്നിവിടങ്ങൾ ഉൾപ്പെടുന്ന പുതിയ അലൈൻമെന്റിന്റെ പ്രധാന സവിശേഷത. പക്ഷേ ഇതു പ്രകാരം ബൈപാസ് കടന്നുപോകേണ്ട ഭാഗങ്ങളിൽ ഏറിയപങ്കും തണ്ണീർ തടങ്ങളും വയലുകളുമായിരുന്നു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി പ്രദേശത്ത് അവശേഷിക്കുന്ന ഒരേ ഒരു നെൽവയലാണ് കീഴാറ്റൂരിലേത്. കീഴാറ്റൂർ പ്രദേശത്തിന് മൂന്നു വശവും വലിയ കുന്നുകളാണ്. തളിപ്പറമ്പ് പട്ടണത്തിൽ നിന്ന് ഏറ്റവും താഴെ കിടക്കുന്ന, കുറ്റിക്കോൽ പുഴയുടെ അതേ നിരപ്പിൽ നിൽക്കുന്ന ഒരു പ്രദേശമാണിത്. കീഴാറ്റൂർ വയലുകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചാൽ ചെന്നവസാനിക്കുന്നത് കുറ്റിക്കോൽ പുഴയിലാണ്. ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ഈ നീർച്ചാലുകളും വയലുകളും മൂടപ്പെട്ടാൽ ചുറ്റുമുള്ള മൂന്ന്​ മലകളിൽ നിന്ന് വരുന്ന മഴവെള്ളത്തിന് പോകാൻ മറ്റിടങ്ങളുണ്ടാവില്ല. മഴക്കാലത്ത് കീഴാറ്റൂർ വയൽ വെള്ളം നിറഞ്ഞ് പുഴക്ക് സമാനമായ അവസ്ഥയിലാകും.

വയൽക്കിളി സമര നേതാവായിരുന്ന സുരേഷ് കീഴാറ്റൂർ പറയുന്നു: ‘‘ഒരാൾ പൊക്കത്തിൽ വെള്ളം സംഭരിക്കപ്പെടുന്ന വയൽ നികത്തപ്പെട്ടാൽ മഴക്കാലത്ത് വലിയ പ്രളയം മുന്നിൽ കാണേണ്ടിവരും. വേനലിൽ കടുത്ത വരൾച്ചയും അനുഭവപ്പെടും. കേരളത്തിന്റെ വികസനത്തിന്, ഗതാഗത സൗകര്യത്തിന് നാലുവരിപ്പാത അത്യാവശ്യമാണ്. ഞങ്ങളാരും റോഡിനെതിരല്ല. പക്ഷേ നമുക്ക് ബദൽ സാധ്യതകളുണ്ട്. ബദൽ സാധ്യതകളിലേക്ക് പോകാതെ ആറു കിലോമീറ്റർ നെൽവയൽ നികത്തേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഞങ്ങളുന്നയിച്ച ചോദ്യം. ഇപ്പോൾ കീഴാറ്റൂർ വയൽ മണ്ണിട്ട് നികത്താൻ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കുന്നുകളിടിക്കുന്നുണ്ട്, നമ്മുടെ സമീപ പ്രദേശത്തുനിന്നുപോലും കുന്നിടിച്ച് മണ്ണെടുക്കുന്നത് കാണാം. തികച്ചും അശാസ്ത്രീയമായ ഒരു സമീപനത്തിന്റെ മുകളിൽ വയൽ നികത്തപ്പെടുന്നു, കുന്നുകളിടിക്കപ്പെടുന്നു, പാരിസ്ഥിതിക പ്രശ്നങ്ങളും ഇത്രയും വലിയ സമരവും പ്രക്ഷോഭങ്ങളും നടന്ന സ്ഥിതിക്ക് മേൽപ്പാലമെന്ന ബദൽ മാർഗമെങ്കിലും ഇവിടെ പരിഗണിക്കാമായിരുന്നു.ഇപ്പോൾ ബൈപാസിന്റെ മണ്ണിടൽ നടക്കുകയാണ് അഞ്ചാറുമാസം കഴിഞ്ഞ് ഇവിടെ വന്നാൽ ഈ നിർമാണം വരുത്തി വെച്ച പാരിസ്ഥിതികാഘാതം നേരിട്ട് മനസിലാക്കാൻ പറ്റും.''

കീഴാറ്റൂരിലൂടെ ബൈപാസ് വന്നാൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെക്കുറിച്ചുള്ള പ്രദേശവാസികളുടെ ആശങ്കകൾ മുഖവിലക്കെടുക്കാനോ കാർഷിക ഗ്രാമത്തിന്റെ സന്തുലിത നിലനിൽപ്പിനെ നിർമാണം എ​ത്ര പ്രതികൂലമായി ബാധിക്കുമെന്ന് പരിശോധിക്കാനോ സർക്കാറോ ഹൈവേ അതോറിറ്റിയോ തയ്യാറായില്ല.

1970 ൽ കേരളത്തിലുണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടർ നെൽപാടങ്ങളിൽ ഏറിയപങ്കും ഇന്ന് അവശേഷിക്കുന്നില്ല. വികസനത്തിന്റെ പേരിൽ ഇല്ലാതാകുന്ന വയലുകളും തണ്ണീർത്തടങ്ങളും ഇനിയെങ്കിലും സംരക്ഷിക്കേണ്ടതുണ്ടെന്ന പാരിസ്ഥിതവും സാമൂഹികവും രാഷ്ട്രീയവുമായ തിരിച്ചറിവിന്റെ ഫലമായിരുന്നു 2008 ൽ നിലവിൽ വന്ന കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിയമാനുസൃതമായി അംഗീകരിക്കപ്പെട്ടിട്ടും വീണ്ടും അതിന് വിപരീതമായ തീരുമാനങ്ങൾക്ക് കൈ കൊടുക്കുന്നതിലെ വിരോധാഭാസം കണ്ടില്ലെന്ന് നടിക്കാനാകില്ല. പാട്ടത്തിനെടുത്ത് കൃഷി ചെയ്തും വയലിനെ ആശ്രയിച്ചും ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക അസ്തിത്വം കൂടിയാണ് ബൈപാസിനൊപ്പം നഷ്ടപ്പെടുന്നത്.

വിദഗ്ദ പഠനം നടത്തി ശാസ്ത്രീയമായി അംഗീകരിച്ച് വിജ്​ഞാപനമിട്ട ഒരു അലൈൻമെൻറ്​ മാറ്റി കീഴാറ്റൂർ വഴി തിരിച്ചുവിട്ടതിനുപിന്നിൽ റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയാ താൽപര്യങ്ങളുണ്ടോയെന്നുപോലും സമരക്കാർ ഇന്നും സംശയിക്കുന്നു.

പരിഷത്ത് പഠന റിപ്പോർട്ട്

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖലാ കമ്മറ്റി യോഗത്തിൽ ചില പരിസ്ഥിതി പ്രവർത്തകർ കീഴാറ്റൂർ വയൽ നികത്തി റോഡ് വരാൻ പോകുന്നത് ശ്രദ്ധയിൽ പെടുത്തുകയും ആ വിഷയം പഠിച്ച് ജനങ്ങളുമായി സംവദിക്കണമെന്ന നിർദേശം മുന്നോട്ട് വെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബൈപാസ് അലൈൻമെന്റിനെക്കുറിച്ച് പരിഷത്ത് ശ്രദ്ധേയ പഠനം നടത്തിയിരുന്നു. ആ കണ്ടെത്തലുകളിൽ മിക്കവയും വയൽക്കിളി സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ ദൃഢപ്പെടുത്തുന്നവയായിരുന്നു. 21 ഹെക്ടറിലധികം വയൽ നികത്തി കീഴാറ്റൂരിലൂടെ ബൈപാസ് പോകുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു പരിഷത്തിന്​.

കീഴാറ്റൂർ വിഷയത്തക്കുറിച്ചുള്ള പഠനത്തിൽ പങ്കാളിയായ, പരിഷത്തിന്റെ കണ്ണൂർ ജില്ലാ പ്രസിഡൻറായിരുന്ന പ്രൊഫ.എൻ.കെ. ഗോവിന്ദൻ പറയുന്നു: ""ഇക്കോളജിക്കലി വളരെ പ്രാധാന്യമർഹിക്കുന്ന മേഖലയാണ് കീഴാറ്റൂർ. അന്ന് പഠനം നടത്തുമ്പോൾ നാലുവരിപ്പാത എന്നായിരുന്നു പറഞ്ഞിരുന്നത്. അപ്പോൾ അതിനുള്ള കണക്കാണ് പരിഷത്ത് തയ്യാറാക്കിയത്. അതനുസരിച്ച് അവിടെ വയൽ നികത്താൻ 1,30,000 ലോഡ് മണ്ണ് ഇറക്കേണ്ടി വരുമെന്നായിരുന്നു കണക്കാക്കിയത്. സ്വാഭാവികമായും 60 മീറ്ററാകുമ്പോൾ അതിന്റെ അളവ് പിന്നെയും കൂടും. ഈ റോഡ് കഴിച്ച് ബാക്കി വയൽ വരികയാണെങ്കിൽ തന്നെ അവ ഉപയോഗ യോഗ്യമാവില്ല. ദേശീയ പാതക്കു വേണ്ടി പൊളിക്കുന്ന വീടുകളും കടകമ്പോളങ്ങളും പുനർ നിർമിക്കാൻ സാധിക്കും, പക്ഷേ വയലുകൾ ഒരു കാലത്തും പുനഃസൃഷ്ടിക്കാനാവില്ല.’’

കീഴാറ്റൂർ അലെെൻമെന്റ്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള ഹൈവേ തന്നെ വീതി കൂട്ടുക, വീതി കൂട്ടാൻ പറ്റാത്ത ടൗണുകളിൽ ഫ്ലൈ ഓവർ പണിയുക എന്നതായിരുന്നു പഠനശേഷം പരിഷത്ത് മുന്നോട്ട് വെച്ച ബദൽ മാർഗം. ഇപ്രകാരമാണെങ്കിൽ ഏറ്റവും കുറച്ച് ഭൂമി, അതായത് 10.3 ഹെക്ടർ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടതായി വരുമായിരുന്നുള്ളൂ. അതിൽ തന്നെ തണ്ണീർതടം വരുന്നത് 2.3 ഹെക്ടറിൽ മാത്രമാണ്.

പാർട്ടിയാഫീസുകളിൽ നിന്ന് വയൽ സമരത്തിലേക്ക്

‘പാർട്ടി ഗ്രാമ’മായ കീഴാറ്റൂരിലെ സി.പി.എം നേതൃത്വം തന്നെയായിരുന്നു കുറ്റിക്കോൽ- കൂവോട്- കീഴാറ്റൂർ ബൈപ്പാസ് നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. തുടർച്ചയായി സർവേ പ്രവർത്തനങ്ങൾ തടഞ്ഞ സി.പി.എം ബൈപാസ് നിർമാണം പ്രതിരോധിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എന്തുവില കൊടുത്തും കീഴാറ്റൂർ വയലിലൂടെ ബൈപാസ് കൊണ്ടുവരുന്നതിനെ ചെറുത്തുതോൽപിക്കുക എന്ന നിലപാടിൽ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സുധാകരനെയും മന്ത്രി സുനിൽ കുമാറിനെയുമൊക്കെ കണ്ട് നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂല ചലനങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, കീഴാറ്റൂർ വയൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോയ ആക്ഷൻ കമ്മറ്റി അധികം വൈകാതെ ‘നിർജീവമായി’. സമര രംഗത്ത് നിൽക്കുന്നത് വിലക്കി പാർട്ടിയുടെ ഉന്നത തലത്തിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്ന് ആക്ഷൻ കമ്മറ്റി അംഗങ്ങളായ സി.പി.എം പ്രവർത്തകരിൽ പലരും മാറി നിന്നതായിരുന്നു ആക്ഷൻ കമ്മറ്റിയെ തളർത്തിയത്.

ഈ സമയത്ത്​, ഒരു സംഘം ചെറുപ്പക്കാർ പാർട്ടിയിലും പുറത്തും ഈ സമീപനം ചോദ്യം ചെയ്​തു. സി.പി.എം ബ്രാഞ്ചിലെ പത്തുപന്ത്രണ്ട് പ്രവർത്തകരും പാർട്ടി അനുഭാവികളായ കർഷകരുമെല്ലാം കീഴാറ്റൂർ വഴിയുള്ള ബൈപാസ് അലൈൻമെൻറ്​ തടയാൻ കച്ചമുറുക്കിയിറങ്ങി. പാർട്ടിയിൽ നിന്ന്​പ്രക്ഷോഭം ഒരു തരത്തിലും മുന്നോട്ടുകൊണ്ടുപോകാൻ പറ്റാതിരുന്ന സാഹചര്യത്തിലാണ് ആ കർഷക സഖാക്കൾ പ്രത്യക്ഷമായി ‘വയൽക്കിളികൾ’ എന്ന പേരിൽ പ്രചാരണ പ്രവർത്തനങ്ങളിലേക്കുകടന്നത്. കൃഷി ഉപജീവനമായിട്ടുള്ള, അതിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സമരക്കാർക്ക് പരിഹാസ രൂപേണ ചാർത്തിക്കൊടുത്ത ‘വയൽക്കിളികൾ’ എന്ന പേര് പിന്നീട് ആ സമരത്തിന്റെ തന്നെ ഐഡൻറിറ്റിയായി മാറുകയായിരുന്നു.

കീഴാറ്റൂർ പ്രദേശം പൂർണമായി തന്നെ വയൽക്കിളി സമരത്തോട് ഐക്യദാഢ്യർപ്പെട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, എതിർക്കാൻ ആരുമുണ്ടായിരുന്നില്ല, പാർട്ടി മുഖാന്തരമുള്ള ജോലികളിലും മറ്റും ഏർപ്പെട്ടിരുന്നവർക്ക് ഒന്ന് നിശബ്ദരാവേണ്ടി വന്നു എന്നു മാത്രം. മാനസികമായി അവർ തങ്ങളോടൊപ്പമുണ്ടായിരുന്നുവെന്ന് സുരേഷ് കീഴാറ്റൂർ അവകാശപ്പെടുന്നു. ‘വയൽക്കിളി’ സമരക്കാർ പിന്നീടും സി.പി.എം നേതൃത്വവും കലക്ടറുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. തുടർന്ന് സുരേഷ് കീഴാറ്റൂരിന്റെ നിരാഹാര സമരത്തോടെയാണ് സമരം മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും നേടിയത്.

നമ്പ്രാടത്ത് ജാനകിയുടേത് കീഴാറ്റൂർ സമരത്തിലെ മറ്റൊരു കരുത്തുറ്റ മുഖമായിരുന്നു. ചെറുപ്പം മുതൽ കർഷക തൊഴിലാളിയായി ജീവിച്ച ഇവർ ജീവിതം കെട്ടിപ്പടുത്തത് കീഴാറ്റൂർ വയലിലാണ്. കീഴാറ്റൂർ പോലൊരു കാർഷിക ഗ്രാമത്തിൽ കാർഷിക വൃത്തിയുടെ അനുഭവങ്ങളിലൂടെ ജീവിച്ചു പോന്ന ഒരു ഒരാൾക്ക് പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കാൻ കൃഷി ഭൂമിയുടെ അവകാശിയാകണം എന്ന ബോധമറ്റ വാദങ്ങൾ പോലും ജാനകിയുടെ ചെറുത്തുനിൽപിനെ ചോദ്യം ചെയ്ത് ചിലർ പടച്ചു വിട്ടു.
ഏറെ താമസിയാതെ സി.പി.എം പരസ്യമായി വയൽക്കിളി സമരത്തെ എതിർക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. പാരിസ്ഥിതിക വിഷയത്തിനപ്പുറത്ത് സമരത്തെ ഒരു രാഷ്ട്രീയ വിഷയമായി ചാപ്പ കുത്തുന്നതിൽ സി.പി.എം വിജയം കണ്ടു.

സമരം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ

കീഴാറ്റൂർ എന്ന ഗ്രാമത്തിനും അതിന്റെ പരിസ്ഥിതിക്കും നീതി നേടിക്കൊടുക്കാനുള്ള ശക്തമായ പോരാട്ടത്തിനിടയിൽ പാർട്ടി പുറത്താക്കിയിട്ടും ഇടതുപക്ഷത്തുതന്നെ നിന്നുകൊണ്ട്​ സമര രംഗത്ത് തുടർന്ന ഗ്രാമീണ കർഷകരാണ് ‘വയൽക്കിളികൾ’. കടുത്ത രാഷ്ടീയ വിയോജിപ്പിലും ബി.ജെ.പി യുടെ കേന്ദ്ര സ്വാധീനത്തിന്റെ ബലത്തിൽ കീഴാറ്റൂരിനെ രക്ഷിക്കാനായേക്കും എന്ന പ്രത്യാശ പക്ഷേ ആ സമരത്തിന്റെ കുഴി തോണ്ടുന്നതിലാണ് കലാശിച്ചത്.

കീഴാറ്റൂർ സമരഭൂമിയിൽ പരിസ്ഥിതി - രാഷ്ട്രീയ പ്രവർത്തകർ സ്ഥിര സാന്നിധ്യമായിരുന്നു. അങ്ങനെയാണ് കുമ്മനം രാജശേഖരനെ പോലുള്ള ബി. ജെ. പി നേതാക്കൾ കീഴാറ്റൂരിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്​, കീഴാറ്റൂർ വയലിൽ നിന്ന് കണ്ണൂർ കലക്ടറേറ്റ് ഓഫീസിലേക്ക് ‘കീഴാറ്റൂർ രക്ഷായാത്ര’ എന്ന മാർച്ച് സംഘടിപ്പിച്ചത്​, ഇതെല്ലാം കീഴാറ്റൂരിന്റെ പാരിസ്ഥിതിക വിഷയം ബി.ജെ.പിയുടെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തി പ്രചാരണം നടത്താൻ സി.പി.എമ്മിന്​ സഹായകമായി.

സാങ്കേതികമായി നോക്കുമ്പോൾ കേന്ദ്രമാണ് അലൈൻമെൻറ്​ തീരുമാനിക്കുന്നത് എങ്കിലും സംസ്​ഥാന സർക്കാർ വകുപ്പുകളുടെ സഹായത്തോടെ കേന്ദ്രവും കേരളവും സംയുക്തമായിത്തന്നെയാണ് ദേശീയ പാത സ്ഥലമെടുപ്പ് നടത്തുന്നത്. അലൈൻമെൻറ്​ തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാറിന് വലിയ പങ്കുണ്ടായിട്ടു കൂടി സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ നിരാകരിച്ച് സംസ്ഥാനം മുന്നോട്ടുതന്നെ പോയി. ഏതുവിധേനെയും കീഴാറ്റൂരിലെ വയലും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്ന സമരക്കാർ, കേന്ദ്ര സർക്കാറിന് അവരുടെ അധികാരം വെച്ച് അലൈൻമെൻറ്​ മാറ്റാൻ സാധിക്കുമെന്ന തോന്നലിൽ ബി. ജെ.പി പിന്തുണയെ തെല്ല് പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്.

‘‘സമരം മുഴുവൻ നടത്തിയത് ഞങ്ങളായിരുന്നു. ആദ്യം സി.പി.എമ്മുകാർ, പിന്നെ വയൽക്കിളികൾ. ഒരു സമര കേന്ദ്രത്തിൽ വന്ന് പിന്തുണ പ്രഖ്യാപിച്ച് പോവുക എന്ന കേവല കാര്യമാണ് മറ്റ് രാഷ്ട്രീയ പാർട്ടികളൊക്കെ ചെയ്​തിട്ടുള്ളത്​. അതിലവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞങ്ങളുടെ ലക്ഷ്യം ഈ സമരം എങ്ങനെയെങ്കിലും വിജയിപ്പിക്കുക എന്നതുതന്നെയായിരുന്നു. അതോടൊപ്പം, ഇന്നലെവരെ മുന്നോട്ടുകൊണ്ടുപോയ രാഷ്ട്രീയം അടിയറവക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഈ സമരം നടക്കുന്ന കാലയളവിൽ ഞങ്ങൾ ഇടതുപക്ഷക്കാരാണ്, ഇപ്പോഴും ഞങ്ങൾ ഇടതുപക്ഷക്കാരാണ്. പക്ഷേ സി.പി.എം അതിനെ ട്വിസ്റ്റ് ചെയ്തത് തികച്ചും രാഷ്ട്രീയപരമായാണ്. വയൽക്കിളി സമരക്കാരുടെ സമരപ്പന്തൽ കത്തിക്കാൻ പോലും അവർ മടിച്ചില്ല. സമരക്കാർ നഷ്ടപരിഹാരം വാങ്ങിയതിനെ പലരും പുച്ഛിക്കുന്നുണ്ട്. എന്നാൽ അവസാന നിമിഷം വരെ പോരാടുകയും ധാരാളം കള്ളക്കേസുകൾ അഭിമുഖീകരിക്കേണ്ടിയും വന്ന സമരക്കാരെ അറസ്റ്റ് ചെയ്ത് അവരുടെ ഭൂമി കൈയ്യടക്കിയിട്ടും സമരക്കാർ നഷ്ടപരിഹാരം വാങ്ങാൻ പാടില്ലായിരുന്നു എന്നുപറയുന്നതിന്റെ യുക്തിയെന്താണ്​?’’ സുരേഷ് കീഴാറ്റൂർ ചോദിക്കുന്നു.

സുരേഷ് കീഴാറ്റൂർ / Photo: TA Ameerudheen

കീഴാറ്റൂർ അലൈൻമെന്റുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിന്റെ അന്തിമ വിജ്ഞാപനം വരികയും തുടർന്ന് സ്ഥലം കേന്ദ്ര ഗവർമെന്റിന്റെ കൈവശമാവുകയും ചെയ്തു. പിന്നീട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഇടപെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെക്കൊണ്ട് വീണ്ടുമൊരു പാരിസ്ഥിതിക പഠനത്തിന് അനുമതി നേടിയെടുത്തു. മറ്റ് മാർഗങ്ങളൊന്നുമില്ലെങ്കിൽ മാത്രമേ വയലിലൂടെ റോഡ് എടുക്കാവൂ എന്ന് ആ പഠന റിപ്പോർട്ടിൽ കൃത്യമായി പരാമർശിച്ചിരുന്നുവെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ റിപ്പോർട്ട് നിതിൻ ഗഡ്കരി ഭരിക്കുന്ന ഉപരിതല ഗതാഗത വകുപ്പ് പരിഗണിച്ചില്ല. ഒടുവിൽ അവസാന ശ്രമമെന്ന നിലയിലാണ് നിതിൻ ഗഡ്കരിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചത്. അതിനു വേണ്ടിയുള്ള ഡൽഹി യാത്രയ്ക്ക് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ച വയൽക്കിളികൾ സമരക്കാരിൽ നിന്നു തന്നെ പിരിവെടുത്താണ് നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകാൻ ഡൽഹിയിലേക്ക് പോയത്.
ഗഡ്ഗരിയുമായി നടന്ന ചർച്ചയിൽ, പുതിയ വിദഗ്ദ സമിതിയെ വെച്ച് കീഴാറ്റൂർ അലൈൻമെന്റിനെ പറ്റി പഠിക്കാമെന്ന് ധാരണയുണ്ടായി. ഫെഡറലിസത്തിന്റെ മുകളിലേക്കുള്ള കടന്നുകയറ്റമെന്നാണ് അതിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വിമർശിച്ചത്.

ഗഡ്കരിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം വരുമെന്ന് കരുതിയ വിദഗ്ദ സമിതി പിന്നീട് കീഴാറ്റൂരിലേക്ക് വന്നില്ല, പകരം ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ ആളുകൾ വന്ന് സമരക്കാരെ അറിയിക്കാതെ കീഴാറ്റൂരിൽ സന്ദർശനം നടത്തി കണ്ണൂർ ഗസ്റ്റ് ഹൗസിൽ ഒന്നുരണ്ട് ദിവസം താമസിച്ച് വയൽ തന്നെയാണ് ബൈപാസിന് ഏറ്റവും അനുയോജ്യമെന്ന തരത്തിൽ കൃത്രിമ റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കുകയായിരുന്നു.

ബി.ജെ.പിയിലെ പി.കെ. കൃഷ്ണദാസ്​- വി. മുരളീധരൻ പക്ഷങ്ങൾ തമ്മിലുള്ള വടംവലിയാണ് വയൽക്കിളി സമരത്തിലേക്ക് ബി.ജെ.പിയെ കൊണ്ടെത്തിച്ചതെന്ന് സമരക്കാർ പറയുന്നു. വയൽക്കിളി സമരത്തിൽ കൃഷ്ണദാസുമായി ബന്ധപ്പെട്ടവർ മാത്രമായിരുന്നു പിന്തുണയുമായി വന്നത്. അന്ന് മുരളീധരൻ ഡൽഹിയിലുണ്ട്, അൽഫോൺസ്​ കണ്ണന്താനം കേന്ദ്രമന്ത്രിയായിരുന്നു . വയൽക്കിളി സമരത്തിൽ വിവാദ അലൈൻമെൻറ്​ മാറ്റാൻ സാധിച്ചാൽ കൃഷ്ണദാസ് പക്ഷത്തിന് കേരളത്തിലെ ബി.ജെ. പി വടംവലിക്കകത്ത് വിജയിക്കാനും പ്രതിഛായ വർധിപ്പിക്കാനും സാധിക്കുമായിരുന്നു. അത് സംഭവിക്കാതിരിക്കാൻ കീഴാറ്റൂർ അലൈൻമെൻറ് ഒഴിവാക്കാനുള്ള നീക്കത്തെ മുരളീധരൻ തന്റെ ഡൽഹി സ്വാധീനമുപയോഗിച്ച് അട്ടിമറിക്കുകയാണുണ്ടായതെന്നാണ്​ സമരക്കാർ വിശ്വസിക്കുന്നത്​.

ഒരു പാരിസ്ഥിതിക സമരത്തിന്റെ ഉത്കണ്ഠകളെ അഡ്രസ് ചെയ്യുന്നതിനുപകരം അതിനെ ഒരു രാഷ്ട്രീയ വിഷയമാക്കി വഴിതിരിച്ചുവിടാൻ സി.പിഎമ്മിന് ഗുണം ചെയ്തത് ബി. ജെ. പി സാന്നിധ്യം തന്നെയായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

ജനകീയ സമരങ്ങളെ ബി.ജെ.പി ദുർബലപ്പെടുത്തുന്നതെങ്ങനെ?

കീഴാറ്റൂർ സമരത്തോട്​ ഐക്യപ്പെട്ടു നിന്ന പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സഹദേവൻ പറയുന്നു: ""സമരത്തിനകത്തുനിന്നുകൊണ്ടുതന്നെ സമരത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന പ്രസ്ഥാനമാണ് ബി.ജെ.പി.
അതിനൊരുദാഹരണമാണ് ഭരണത്തിലില്ലാത്ത മഹാരാഷ്ട്രയിൽ എൻറോൺ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചപ്പോൾ അതിനെതിരെ സമരം ചെയ്ത ബി.ജെ.പി പിന്നീട് ഏതാനും ദിവസം അവിടെ അധികാരത്തിൽ വന്നപ്പോൾ അതേ പ്രൊജക്ടിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചത്. എല്ലായിടങ്ങളിലും ജനകീയ സമരത്തിൽ നിൽക്കുക, അവസരം കിട്ടുമ്പോൾ അതിന് നേർ വിപരീതമായി പ്രവർത്തിക്കുക, സമരത്തെ ഒരു ഘട്ടത്തിൽ സപ്പോർട്ട് ചെയ്ത് മറ്റൊരു ഘട്ടത്തിൽ അതിൽ നിന്ന് പിൻവലിയുക, അധികാരമുള്ള ഇടങ്ങളിൽ ജനതാൽപര്യത്തിന് വിരുദ്ധമായി ഇടപെടലുകൾ നടത്തുക തുടങ്ങിയവയൊക്കെ ബി.ജെ.പിയുടെ സ്ഥിരം രീതികളാണ്. കേരളത്തിൽ സിൽവർ ലൈനിനെതിരായി സംസാരിക്കുന്ന ഇവർ അത്ര തന്നെ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന ബുള്ളറ്റ് ട്രെയിന പദ്ധതിക്ക് അനുകൂലമായി നിൽക്കുന്നു. വികസന വിഷയത്തിനകത്ത് ഫാസിസ്റ്റ് വർഗീയ അജണ്ടകളെ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കാനും ബി.ജെ.പി മടിക്കുന്നില്ല. കേരളത്തിൽ ആറമുള വിമാനത്താവളവുമായി ബന്ധപ്പെട്ട് അവരുയർത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളേക്കാളുപരി ആറൻമുള്ള ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ വിഷയമൊക്കെയാണെന്നതു തന്നെ വർഗീയത ഒളിച്ചുകടത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് ഉദാഹരണമാണ്. രാഷ്ട്രീയ പാർട്ടികളുടെ ബോധ്യങ്ങളൊക്കെയും സാമ്പ്രദായിക രീതിയിലുള്ള സാമ്പത്തിക വളർച്ചയെ അടിസ്ഥാനപ്പെടുത്തുന്ന വികസനത്തിലൂന്നിയുള്ളതാണ്. അതുകൊണ്ടുതന്നെയാണ് പാരിസ്ഥിതിക- സാമ്പത്തിക കാരണങ്ങളും, ഏതൊരു വിഭാഗത്തെയാണ് അത് സെർവ് ചെയ്യുക എന്ന ചോദ്യവുമുന്നയിച്ച്​ ബുള്ളറ്റ് ട്രെയ്നിനെ എതിർക്കുന്ന സി.പി.എമ്മിന് സിൽവർ ലൈൻ പ്രൊജക്ട് നടപ്പാക്കാൻ സാധിക്കുന്നത്. സിൽവർ ലൈൻ വന്നുകഴിഞ്ഞാൽ തങ്ങൾക്ക് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ല എന്നതുകൊണ്ടുമാത്രമാണ് കോൺഗ്രസ് അതിനെതിരെ ശബ്ദിക്കുന്നത്.''

വയൽക്കിളി- "വികസന വിരുദ്ധ സമരക്കാർക്കുള്ള' താക്കീത്

ഒരു നാട് അതിന്റെ ജീവനാഡിയായ വയലിനെയും തണ്ണീർതടങ്ങളെയും അശാസ്ത്രീയമായ വികസനത്തിൽ നിന്ന് രക്ഷിക്കാൻ നടത്തിയ ചെറുത്തുനിൽപ്പ്​വൃഥാവിലായി. ഇടിച്ച കുന്നുകൾ ലോറികളിൽ കീഴാറ്റൂർ വയലിലേക്ക് വന്നുകൊണ്ടിരിക്കുന്നു. വയലിനെ രണ്ടായി പിളർത്തി മൺലോറികൾ പാഞ്ഞുകൊണ്ടിരിക്കുന്നു​. ഒരു മാസമായി വയലിൽ മണ്ണിട്ടുനികത്താൻ തുടങ്ങിയിട്ട്​. വയൽ നികത്തില്ലെന്നും തൂണിട്ട്​ ആകാശപാത നിർമിക്കുമെന്നുമൊക്കെയായിരുന്നു സമരകാലത്തെ ‘ഉറപ്പു’കൾ. അതെല്ലാം വിസ്​മൃതിയിൽ തള്ളിയാണ്​ ഇപ്പോൾ മണൽ ലോറികൾ പായുന്നത്​.

ചിറകൊടിഞ്ഞ വയൽക്കിളികൾ, കെ റെയിൽ വിഷയത്തിലുൾപ്പെടെ തലപൊക്കാനിടയുള്ള "വികസന വിരുദ്ധ സമരക്കാർക്കുള്ള' താക്കീതായി ഇനി സ്മരിക്കപ്പെടും.

Comments