തിരുവിതാംകൂർ ‘തമ്പുരാട്ടി’മാരുടെ പാദപൂജ ചെയ്യുന്ന ജനാധിപത്യ കേരളം

‘‘ചിത്തിര തിരുനാള്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചെങ്കിലും റീജന്റായി ഭരിച്ചിരുന്ന സേതു ലക്ഷ്മി ഭായ് തനിക്ക് അധികാരമുള്ള ക്ഷേത്രങ്ങളിലൊന്നും ക്ഷേത്രപ്രവേശനം അനുവദിച്ചില്ല. വിളംബരം നടത്തി കുറച്ചു നാളുകള്‍ക്കുശേഷം അവര്‍ ബാംഗ്ലൂരിലേക്ക് പോയി. വലിയ പത്മനാഭദാസയായിരുന്നിട്ടും അവര്‍ പത്മനാഭനെ തൊഴാതെ മടങ്ങിപ്പോയി എന്നാണ് ചരിത്രരേഖകളില്‍നിന്ന് മനസ്സിലാകുന്നത്.’’

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്ഷേത്രപ്രവേശനവിളംബര സ്മാരക നവീകരണ സമര്‍പ്പണത്തിന്റെയും ക്ഷേത്രപ്രവേശന വിളംബര സ്മരണ പുതുക്കുന്നതിന്റെയും ഭാഗമായി സാംസ്‌കാരിക- പുരാവസ്തുവകുപ്പ് (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്) ഡയറക്ടര്‍ ബി. മധുസൂദനന്‍ നായര്‍ പുറത്തിറക്കിയ നോട്ടീസ്, സാംസ്‌കാരിക കേരളം എത്രമേല്‍ വലതുപക്ഷവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നിദര്‍ശനമാണ്. ''ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്‌നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാരായ HH പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായി തമ്പുരാട്ടിയും HH അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു’’ എന്ന ഈ നോട്ടീസിലെ വാചകം ക്ഷേത്രപ്രവേശനവിളംബരത്തിലെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ പങ്കിനെക്കുറിച്ച് ഓര്‍മിപ്പിക്കേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ക്ഷേത്രപ്രവേശനവിളംബരവുമായി ബന്ധപ്പെട്ട ഒരു സവിശേഷ സാഹചര്യമുണ്ട്. സഹോദരന്‍ അയ്യപ്പന്‍ അടക്കമുള്ള പ്രബലരായ ഈഴവ സമുദായ നേതാക്കളുടെ നേതൃത്വത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിക്കപ്പെടുന്നു. അതുപോലെ, സി.വി. കുഞ്ഞിരാമനെപ്പോലുള്ളവര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പോകുന്നു എന്ന പ്രചാരണവും നടക്കുന്നു. ഹിന്ദുമതത്തിന്റെ ഹിംസാത്മകമായ മേല്‍ക്കോയ്മയില്‍നിന്ന് വിടുതി നേടാന്‍ മതപരിവര്‍ത്തനത്തെ ഒരുപാധിയാക്കി മാറ്റാനുള്ള സാഹചര്യമുണ്ടാകുന്നുണ്ട്. അതിനെ പ്രതിരോധിക്കാനാണ് യഥാര്‍ഥത്തില്‍ ചിത്തിര തിരുനാളിന്റെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളുടെയും നേതൃത്വത്തില്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കുന്നത്.

എന്നാല്‍, പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ ക്ഷേത്രപ്രവേശന വിളംബര റിപ്പോര്‍ട്ടില്‍ എഴുതിയത്, അയിത്ത ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാകും എന്നാണ്. മാത്രമല്ല, ചിത്തിര തിരുനാള്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചെങ്കിലും റീജന്റായി ഭരിച്ചിരുന്ന സേതുലക്ഷ്മി ഭായ് തനിക്ക് അധികാരമുള്ള ക്ഷേത്രങ്ങളിലൊന്നും ക്ഷേത്രപ്രവേശനം അനുവദിച്ചില്ല. വിളംബരം നടത്തി കുറച്ചുനാളുകള്‍ക്കുശേഷം അവര്‍ ബാംഗ്ലൂരിലേക്ക് പോയി. വലിയ പത്മനാഭദാസയായിരുന്നിട്ടും അവര്‍ പത്മനാഭനെ തൊഴാതെ മടങ്ങിപ്പോയി എന്നാണ് ചരിത്രരേഖകളില്‍നിന്ന് മനസ്സിലാകുന്നത്.

കീഴാള ജനവിഭാഗങ്ങള്‍ ബ്രാഹ്മണമതത്തിന്റെ മേല്‍ക്കോയ്മ വിട്ടെറിഞ്ഞുപോകാനുള്ള സാധ്യതയുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടാണ് ക്ഷേത്രപ്രവേശനവിളംബരം കൊണ്ടുവരുന്നത്. അതില്‍, സവര്‍ണ ഉദാരതയുടെയോ അവരുടെ സന്മനസ്സിന്റെയോ ഘടകങ്ങളില്ല. മറിച്ച്, കീഴാളര്‍ ഹിന്ദുമതത്തില്‍നിന്ന് വിട്ടുപോകുകയും അങ്ങനെ സവര്‍ണര്‍ മാത്രമുള്ള ഒരു മതമായി അത് ചുരുങ്ങാനുള്ള സാധ്യതയുണ്ട് എന്നും ചിത്തിരതിരുനാളും സംഘവും തിരിച്ചറിഞ്ഞതിന്റെ അനന്തരഫലമായാണ് വിളംബരം പുറപ്പെടുവിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍, ഒരുപാട് നവോത്ഥാന കര്‍തൃത്വങ്ങളുടെ മുന്‍കൈയില്‍, വലിയൊരു സമ്മര്‍ദശക്തിയായി അവര്‍ മാറുന്നുണ്ട്. ഈഴവര്‍ അവര്‍ണഭൂരിപക്ഷ സമുദായമായിരുന്നു. അവര്‍ വിട്ടുപോകുന്നതോടെ ഹിന്ദു മതം ബ്രാഹ്മണന്യൂനപക്ഷമതമായി മാറും. ഒരുതരത്തില്‍ എസ്.എന്‍.ഡി.പിയും ഈഴവ സമുദായവും സമ്മര്‍ദശക്തിയായി മാറിയതുകൊണ്ടാണ് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കേണ്ടിവന്നത്. അല്ലാതെ, ചിത്തിര തിരുനാളിന്റെ മഹാമനസ്‌കതയല്ല വിളംബരം സാധ്യമാക്കിയത്, അവര്‍ണരുടെ പോരാട്ടവീര്യമാണ്. ചരിത്രരേഖകള്‍ അതാണ് തെളിയിക്കുന്നത്.

ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചശേഷം പോലും ഒരുപാട് കാലങ്ങള്‍ക്കുശേഷമാണ് ആളുകള്‍വിപുലമായ തോതില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍തുടങ്ങിയത്. വൈക്കം ക്ഷേത്രം തന്നെ ഉദാഹരണം. ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടവിച്ചശേഷവും വൈക്കത്തേക്ക് ജനബാഹുല്യപ്രവേശനമുണ്ടായിട്ടില്ല. കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളിലും സമാന അവസ്ഥയായിരുന്നു. കാരണം, സവര്‍ണ നിഗൂഢശക്തികളുടെ വലിയ എതിര്‍പ്പ് വിളംബരത്തിനുശേഷമുണ്ടായി. കല്‍പ്പാത്തി ക്ഷേത്ര വിളംബരത്തിന്റെ ഒരു നൂറ്റാണ്ട് തികയുന്ന അവസരം കൂടിയാണല്ലാ ഇത്. പ്രബുദ്ധരായ ഈഴവർ കൽപ്പാത്തി ക്ഷേത്രവീഥിയിലുടെ നടന്നപ്പോള്‍ മൂര്‍ച്ചയുള്ള കല്ലും വടിയും കൊണ്ടാണ് ഈഴവരെ എതിരേറ്റത്. അത്രയും ക്രൂരമായി അടിച്ചമര്‍ത്തി. വൈക്കത്തെ ഇണ്ടംതുരുത്തി മനക്കാരും അവരുടെ സവര്‍ണ ഗുണ്ടകളും അവര്‍ണരെ നേരിട്ടത് ചുണ്ണാമ്പും വടികൊണ്ടുമൊക്കെയാണ്.

തിരുവനന്തപുരം ജില്ലയില്‍ നാവയിക്കുളത്തുള്ള ക്ഷേത്ര പ്രവേശന വിളംബര സ്തൂപം

ക്ഷേത്രപ്രവേശനാനന്തരം ബ്രാഹ്മണ്യം ശക്തിപ്പെടുകയാണുണ്ടായത്. കാലുകഴുകിച്ചൂട്ടുപോലുള്ള അനാചാരങ്ങള്‍ ശക്തമാകുന്നു. അതിലൂടെ ബ്രാഹ്മണ്യത്തിന്റെ അതിപാവനത്വം വീണ്ടും വീണ്ടും സംരക്ഷിക്കപ്പെടുന്നു. കേരളമാകട്ടെ, ഇവയെയെല്ലാം സ്വാംശീകരിച്ചിരിക്കുന്നു. ബ്രാഹ്മണ്യം നമ്മുടെ പൊതുബോധമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാചകക്കാരനായി ഒരു ബ്രാഹ്മണന്‍ തന്നെ വേണം എന്ന് ദേവസ്വം റിക്രൂട്ടുമെന്റ് ബോര്‍ഡ് തന്നെ പറയുന്നത്. ശബരിമലയില്‍ ബ്രാഹ്മണന്‍ തന്നെ മേല്‍ശാന്തിയാകണമെന്ന് ഭരണകൂടശക്തികള്‍ തന്നെ പറയുന്നു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിടുന്നു. ഇങ്ങനെ നാനാവിധത്തിലും ബ്രാഹ്മണ്യം ശക്തി്‌പ്പെടുന്നു.

കീഴാളരായ ശാന്തിക്കാര്‍ക്ക് പ്രവേശനം കിട്ടിയിട്ടുപോലും ബ്രാഹ്മണ്യം ശക്തിപ്പെടുകയാണ് ചെയ്തത്, കാരണം ബ്രാഹ്മണ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചേ അവര്‍ക്ക് പൂജ ചെയ്യാന്‍ കഴിയൂ. അതിന് വിരുദ്ധമായ താന്ത്രികവിധി അസാധ്യമാണ്. കേരളത്തില്‍ ക്ഷേത്രവല്‍ക്കരണത്തിലൂടെയും ക്ഷേത്രപ്രവേശനത്തിലൂടെയും സംഭവിച്ച ഒരു കാര്യം, ദലിത്- കീഴാള- പിന്നാക്ക ജനവിഭാഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബ്രാഹ്മണവൽക്കരണത്തിനും അതിന്റെ അടിമത്തത്തിനും വിധേയരാകുന്ന ജനതതിയായി പരിണമിച്ചു എന്നതാണ്. അതിന്റെ അനന്തരഫലമായിട്ടാണ്, ദേവസ്വം ബോര്‍ഡിന്റെ നോട്ടീസില്‍ കാണുന്ന രീതിയില്‍, തമ്പുരാട്ടിമാരെ എഴുന്നള്ളിച്ചുകൊണ്ടുവരുന്നതും അവരാണ് വിപ്ലവം നടത്തിയത് എന്നും പറയുന്നത്.

കേരളം നമ്മള്‍ വിചാരിക്കുന്നതുപോലെ പൂർണമായും ഒരു പുരോഗമനസമൂഹമാണ് എന്ന് വിചാരിക്കേണ്ടതില്ല. കേരളം വര്‍ധിച്ചുവരുന്ന വലതുപക്ഷവല്‍ക്കരണത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഖിലേന്ത്യാതലത്തിൽ വലതുപക്ഷം ശക്തിപ്പെട്ടതിന്റെ കൂടി വെളിച്ചത്തിലാണ് കേരളത്തിലും അതിയാഥാസ്ഥിതികത ഭീകരമായി പിടിമുറുക്കുന്നത്. അങ്ങനെ കേരളം ഫ്യൂഡല്‍ നാടുവാഴിത്തത്തെ വീണ്ടും വീണ്ടും തലയിലേറ്റുന്നു. കേരളത്തിന്റെ ഒരു സവിശേഷ കാലാവസ്ഥ, ബ്രാഹ്മണ്യത്തെയും ഫ്യൂഡല്‍ നാടുവാഴിത്തത്തെയും ഹൃദയത്തിലേറ്റുന്ന പരിപ്രേക്ഷ്യം പ്രബലമാണ് എന്നതാണ്. ഇവിടെ എഴുത്തച്ഛന്റെ രാമായണവും ഇതിഹാസപുരാണപാഠങ്ങളും പൂന്താനത്തിന്റെ ജ്ഞാനപ്പാനയുമെല്ലാം പാരായണം ചെയ്യപ്പെടുന്നു. ഫ്യൂഡൽ നടുവാഴിത്തത്തെ താലോലിക്കുന്ന സാംസ്‌കാരിക ബോധ്യമാണ് ഇത്തരം കൃതികൾ മുന്നോട്ടുവക്കുന്നത്. അതായത്, ജനാധിപത്യത്തെ ഒരു പൊതുമനോഭാവമായി കേരളം സ്വീകരിച്ചിട്ടില്ല എന്നതിന്റെ തെളിവു കൂടിയാണിത്.

ഒരു ഉദാഹരണം പറയാം. ഈയിടെ വാസ്തുവിദ്യ ഗുരുകുലം ഒരു വാസ്തുവിദ്യാ സെമിനാര്‍ നടത്തിയിരുന്നു. സാംസ്‌കാരിക വകുപ്പായിരുന്നു സംഘാടകര്‍. ആ സെമിനാറില്‍ ഒരു കൊട്ടാരം വിദുഷിയാണ് പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചത്. ഇന്ത്യയിലെ വിവിധ അക്കാദമികളിൽ വാസ്തുവിദ്യാ കോഴ്സുകൾ നടത്തുന്നുണ്ട്. ഇവയിൽ അവർ പങ്കെടുത്തിട്ടുണ്ടോ?. ഇത്തരമൊരു സെമിനാറിൽ പ​ങ്കെടുക്കാനുള്ള അവരുടെ യോഗ്യത എന്താണ് എന്ന് ആരും ചോദിച്ചില്ല. അവർക്ക് ഒരു യോഗ്യതയേയുള്ളൂ; ഇവര്‍ ഫ്യൂഡൽ നാടുവാഴി ഭരണക്രമത്തിന്റെ അനന്തരാവകാശിയാണ്. ആ യോഗ്യത കേരളം അംഗീകരിച്ചുകൊടുത്തിരിക്കുന്നു. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ കൊട്ടാരങ്ങളിൽ ഇവരെ തേടിപ്പോകുന്നത്? ഇവരുടെ ഫ്യൂഡൽ നാടുവാഴി മൂല്യബോധത്തെയും അതിന്റെ വ്യവസ്ഥാക്രമത്തെയും അംഗീകരിക്കുന്ന ഒരു മാധ്യമ സംസ്കാരവും പൊതുബോധവുമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നാണ് ഇതിനര്‍ഥം.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി

ആര്‍ത്തവ സമയത്ത് ചെടിയില്‍ തൊട്ടാൽ ചെടി വാടിപ്പോകും എന്നു പറയുന്ന സംസ്‌കാരത്തിന് കേരളത്തില്‍ കൈയടി കിട്ടുന്നു. ചെടി വാടും, ആര്‍ത്തവകാലത്ത് പുറത്തിറങ്ങാന്‍ പാടില്ല, വീടിന്റെ ഭിത്തിയില്‍ തൊടാന്‍ പാടില്ല, നല്ല ആഹാരം കഴിക്കാന്‍ പാടില്ല എന്നെല്ലാമുള്ള ഹീനമായ വ്യവസ്ഥാക്രമമുള്ളത് ശാങ്കരസ്മൃതിയിലാണ് എന്നോർക്കണം. ഇതിനെ പുനരാനയിക്കുമ്പോൾ, ഇത്തരം ജനാധിപത്യപൂർവകാല ബോധ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടുന്നത്. കേരളത്തെ എല്ലാതരത്തിലും ഫ്യൂഡല്‍ വലതുപക്ഷ അതി യാഥാസ്ഥിതിക പിടിമുറുക്കിയതിന്റെ ഭാഗമായാണ് ഇവർക്ക് ദൃശ്യത കൂടിവരുന്നത്, ഇവരുടെ ആശയങ്ങൾക്ക് മേല്‍ക്കോയ്മ കൈവരുന്നത്.

ഈ​യിടെ തിരുവനന്തപുരത്ത് നടന്ന നിയമസഭാ പുസ്തകോൽത്സവത്തിൽ, സാംസ്‌കാരിക നിരൂപകനായി അറിയപ്പെടുന്ന ഒരാൾ പറഞ്ഞത്, എ.ആര്‍. രാജരാജവര്‍മയും കേരളവര്‍മ വലിയ കോയില്‍ തമ്പുരാനും കേരളത്തിന്റെ നവോത്ഥാന നായകരാണ് എന്നാണ്. രാജരാജവര്‍മയുടെ ആംഗലസാമ്രാജ്യം എന്ന പുസ്തകത്തിൽ എഴുതിവച്ച സംസ്കൃതശ്ലോകത്തിൽ പറയുന്നത്, ടിപ്പുസുൽത്താനും മുസ്‌ലിംകളും കേരളത്തിലേക്ക് പ്രവേശിച്ചപ്പാള്‍ കേരളം അശുദ്ധമായി എന്നാണ്. അദ്ദേഹത്തിന്റെ മറ്റൊരു കവിതയില്‍ പറയുന്നത്, ബ്രാഹ്മണരെ കുറ്റം പറയുന്നത് മഹാപാപമാണ് എന്നാണ്. ഇയാള്‍ എങ്ങനെയാണ് നവോത്ഥാന നായകനാകുന്നത്?
പുരോഗമന വായാടികളായ ഇത്തരം സാംസ്‌കാരിക നായകര്‍ രാജഭരണത്തിനും അതിന്റെ മേൽ​ക്കോയ്മാ വ്യവസ്ഥക്കും ഭാഷ്യം ചമക്കുകയാണ് ചെയ്യുന്നത്. ഇവരെ പുരോഗനമകാരികളായ സാംസ്കാരിക നായകരായി എഴുന്നള്ളിക്കുകയും ചെയ്യുന്നു.

വർധിച്ചുവരുന്ന വലതുക്ഷവൽക്കരണം പിടിച്ചുനിര്‍ത്തയില്ലെങ്കിൽ, അത് ജനായത്തവല്‍ക്കരണത്തിന് വിധേയമായില്ലെങ്കിൽ ഹിന്ദുത്വവാദികള്‍ക്ക് പിടിമുറുക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുക.

Comments