കേരളീയ സാമൂഹികതയിൽ നിന്ന് മുസ്‌ലീങ്ങളെ അടർത്തുന്നവരുടെ ഹർത്താൽ

മുസ്‌ലിംങ്ങൾ ഹർത്താൽ വെള്ളിയാഴ്ചയായിട്ടും ജുമുഅക്ക് പോയി, നിസ്‌കരിച്ചു, സലാം വീട്ടി. തെരുവിൽ മനുഷ്യർ തുല്യരായി കയറുന്ന ബസ്സുകൾ, കടകൾ, ഹോട്ടലുകൾ ആക്രമിക്കപ്പെട്ടു. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു വന്ന വയോധികനായ ആ മുസ്‌ലിം മകനോട് ചോദിച്ചു: മൂകാംബികയിലേക്ക് പിറന്നാളാഘോഷിക്കാൻ പോയ ആ ചങ്ങാതിക്ക് വഴിയിൽ തടസ്സം വന്നിരിക്കുമോ? എങ്കിൽ, നാളെ നമ്മൾ പടച്ചവനോട് എന്ത് മറുപടി പറയും?

ജനാധിപത്യത്തിന്റെ റോഡ് മുറിച്ചു കടക്കുമ്പോൾ, ആ മുസ്‌ലിം, ഈ മുസ്‌ലിമിനോട് പറയാൻ ബാധ്യസ്ഥമായ ചില കാര്യങ്ങളുണ്ട്. ആർ. രാമചന്ദ്രൻ എഴുതിയ ഒരു കവിതയിൽ,
"ഒന്നു പോയി വാതിൽ തുറക്കു- ' എന്നു പറയുന്നു.

"ഒന്നു പോയി വാതിൽ തുറക്കൂ,
പുറത്ത് ഇരുട്ടായിരിക്കാം
ഊളൻ കാറ്റു മാത്രമായിരിക്കാം,
ഒന്നുമില്ലായിരിക്കാം,
എങ്കിലും, ഒന്നു പോയി വാതിൽ തുറക്കു,
നേരിയ കുളിരെങ്കിലുമുണ്ടാവും,
തീർച്ച!'

വാതിൽ തുറക്കുമ്പോഴുള്ള, ആ തീർച്ച, ഇപ്പോഴും നമുക്ക് ഒരു ഉറപ്പാണ്. അന്യോന്യം ഭയം ജനിപ്പിപ്പിക്കുക, സംശയാകുലമായ ആ ഭയത്തെ പരസ്പരം മുഖാമുഖം നിർത്തുക- ഈ ഘട്ടത്തിൽ, ആ മുസ്‌ലിം
/ ഈ മുസ്‌ലിം/ മറ്റേ മുസ്‌ലിം തുടങ്ങി കേരളത്തിലെ എല്ലാ വിഭാഗം മുസ്‌ലിങ്ങളും വലിയൊരു ധർമ്മസങ്കടത്തിന്റെ റോഡരികിലാണ് നിൽക്കുന്നത്. അതായത്, വാതിൽ തുറക്കുമ്പോൾ നിങ്ങളോട് ആരാണ് സംസാരിക്കുന്നത്? "മുസ്‌ലിം' എന്ന നിലയിൽ അടിയന്തിരമായി പരിഹരിക്കേണ്ട എന്ത് പ്രശ്‌നമാണ് മലയാളി മുസ്‌ലിങ്ങൾക്ക് മുന്നിലുള്ളത്? കീഴാളർക്കും ആദിവാസികൾക്കും ഉള്ളതിനേക്കാൾ?

ഏറ്റവും അക്രമാസക്തമായ ഒരു ഹർത്താൽ, മുസ്‌ലിങ്ങൾക്ക് വേണ്ടിയേയല്ല. കാരണം, ബൗദ്ധികമായി, വാണിജ്യപരമായി ശാക്തീകരിക്കപ്പെട്ട ഒരു ഇസ്ലാമിക സമൂഹമാണ് കേരളത്തിൽ. വിദ്യാഭ്യാസ പരമായി, സർഗാത്മകമായി നേടിയ ഉണർവുകൾ, ഏറ്റവും ഒടുവിൽ മാപ്പിള ഓണം വരെയെത്തി. തുല്യതയെക്കുറിച്ചുള്ള മനോഹരമായ സങ്കൽപങ്ങൾ പുതിയ തലമുറ മുസ്‌ലിം സമൂഹം അന്യോന്യം കൈമാറുന്നുണ്ട്. വാതിൽ തുറക്കുമ്പോൾ, മുസ്‌ലിം
എന്ന നിലയിൽ, പുറത്തു കടക്കാൻ കഴിയാത്ത ഒരു അരക്ഷിതാവസ്ഥയും കേരളത്തിലെ മുസ്‌ലിങ്ങൾ അഭിമുഖീകരിക്കുന്നില്ല. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ഐസ്‌ക്രീം ജിഹാദ്, തുടങ്ങി പല പേരുകളിൽ മുസ്‌ലിങ്ങളുടെ "വാണിജ്യവിജയത്തെ' തകർക്കാൻ ശ്രമമുണ്ടായി. എന്നിട്ടെന്താ? ഏതെങ്കിലും ബിരിയാണിക്കട പൂട്ടിപ്പോയോ? ഫലൂദ എത്രയോ രസകരമായി പുതുതലമുറ പങ്കിട്ടെടുക്കുന്നു. ഓണത്തിന് ഒപ്പന കളിച്ച് ആഘോഷങ്ങൾക്കെന്ത് മതം എന്നു വിളിച്ചു പറഞ്ഞു. ഇതെല്ലാം, മലയാളി മുസ്‌ലിങ്ങൾ ജനാധിപത്യ ചേരിയിൽ നിലയുറപ്പിച്ചു നേടിയ വിജയങ്ങളാണ്.

വിദ്യാഭ്യാസ പരമായി, സർഗാത്മകമായി നേടിയ ഉണർവുകൾ, ഏറ്റവും ഒടുവിൽ മാപ്പിള ഓണം വരെയെത്തി. തുല്യതയെക്കുറിച്ചുള്ള മനോഹരമായ സങ്കൽപങ്ങൾ പുതിയ തലമുറ മുസ്‌ലിം സമൂഹം അന്യോന്യം കൈമാറുന്നുണ്ട്.

മുസ്‌ലിം ഔലിയാക്കളിൽ നിന്നും സൂഫികളിൽ നിന്നും തുടങ്ങുകയും ശ്രീനാരായണ ഗുരുവിലൂടെ പടരുകയും ചെയ്ത ഒരു പാരമ്പര്യത്തിന്റെ തുടർച്ച മലയാളികൾക്കുണ്ട്. "സ്പർശം' എന്ന അനുഭവമാണത്. നമ്മളിപ്പോൾ സ്മാർട്ട് ഫോൺ ഇറയിലാണ്. അസ്പൃശ്യതയുടെ ഒരു "ഇറ'യത്ത് നിന്നാണ് ഈ "ഇറ'യിലെത്തുന്നത്. നാമല്ല, അതു കണ്ടു പിടിച്ചതെങ്കിലും. സ്മാർട്ട് ഫോൺ "ടച്ച്' ചെയ്യുമ്പോൾ പുതിയൊരു ലോകക്രമമാണ് തുറക്കുന്നത്. വീണ്ടെടുക്കേണ്ടതില്ലാത്ത പഴയതുകളും അവിടെയുണ്ട്. "ടച്ച്' എന്നത് സാമൂഹികമായ അനുഭവതലത്തിൽ യാഥാർഥ്യമായി കേരളത്തിൽ പുലർന്നു തുടങ്ങിയത് ഔലിയാക്കളിൽ നിന്നാണ്.

അസ്പൃശ്യരായി മാറ്റി നിർത്തപ്പെട്ട, ചകിതരായ മനുഷ്യരെ അവർ ചേർത്തു പിടിച്ചു. മുസ്‌ലിങ്ങൾ തൊട്ടു ശുദ്ധി വരുത്തി വേണം, പണ്ട് കീഴാളർക്ക് കിടക്കപ്പായ വാങ്ങാൻ പോലും. "തൊടുക' എന്ന അനുഭവത്തെ സാമൂഹ്യമായ ഒരു അനുഭവമാക്കി മാറ്റിയ തുടർച്ചയാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഇ.എം.എസ്സുമൊക്കെ. അവരെ സ്വാധീനിച്ചത് "ടച്ച്' ചെയ്യുക / തൊടുക - എന്ന ഇസ്ലാമിക ദർശനമാണ്. മാർക്‌സിയൻ ദർശനമല്ല. തൊടുക എന്നത് അത്രമേൽ ആഘാതമേൽപിച്ചിരുന്ന സാമൂഹ്യഘടനയിലാണ് ഔലിയാക്കളുടെയും സൂഫികളുടെയും വരവുണ്ടായത്. കണ്ണൂരിൽ ജീവിച്ചിരുന്ന ഇച്ചാ മസ്താൻ ശ്രീ നാരായണ ഗുരുവിനെ കണ്ട അനുഭവം പറയുന്നുണ്ട്. "ഞാൻ ഒരു യഥാർഥ മനുഷ്യനെ കണ്ടു' - എന്നാണത്രെ ആ കൂടിക്കാഴ്ചയെ പറ്റി ഇച്ചാ മസ്താൻ പറഞ്ഞത്.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ തകർക്കപ്പെട്ട കെ.എസ്.ആർ.ടി.സി. ബസുകൾ

സാമൂഹിക തലങ്ങളിൽ ആ നിലയിൽ മലയാളി മുസ്‌ലിങ്ങൾ ആദിമമായി തന്നെ, ആദരമേറ്റുവാങ്ങിയാണ് കേരളത്തിൽ ജീവിച്ചത്. ഇതര സമുദായങ്ങൾ സമാധാനപരമായ സഹവർത്തിത്വം മുസ്‌ലിം സമൂഹത്തോട് കാണിച്ചിരുന്നു. അത് മിക്കവാറും അചഞ്ചലമായ ഒരു കൂറായിരുന്നു.

പിന്നെ ആ മുസ്‌ലിം/ ഈ മുസ്‌ലിം/ മറ്റേ മുസ്‌ലിമുമായി മതപരമായ കാർക്കശ്യങ്ങൾ മുസ്‌ലിങ്ങൾക്കിടയിൽ രൂപപ്പെടാൻ തുടങ്ങി. മുസ്ലിങ്ങൾക്കെന്തോ മതപരമായി തകരാറുണ്ട് എന്ന നിലയിൽ അയഞ്ഞും ഉദാരവുമായിരുന്ന (അത്ര തന്നെ വിഡ്ഡിത്തങ്ങളും "മസ്അലകളും' നിറഞ്ഞ) മലയാളി സുന്നി മുസ്ലിങ്ങളുടെ വിശ്വാസ ജീവിതത്തെ പല തരത്തിലുള്ള പ്രബോധന സംഘടിത മുസ്‌ലിം പ്രസ്ഥാനങ്ങൾ വിശ്വാസം കൊണ്ട് "നട്ടും ബോൾട്ടും' മുറുക്കിയ, "ഒരു അറേബ്യൻ ഗോത്ര മുസ്‌ലി'മാക്കാനുള്ള ശ്രമം തുടങ്ങി. കേരളത്തിന് ഉദാരമായ, വിട്ടുവീഴ്ചയുള്ള ഒരു ഇസ്ലാമിക ധാരയുണ്ടായിരുന്നു. മൈത്രി അവിടെ പ്രധാന ഘടകമായിരുന്നു. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി പുതുക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ, അത് പൊളിക്കരുത് എന്ന് പറഞ്ഞ് മുന്നിൽ നിന്നത് അവിശ്വാസിയായ എം.എൻ. വിജയനായിരുന്നു. ആ എടുപ്പു കൂടിയാണ് ഇസ്ലാമെന്ന് വിജയൻ മാഷിന് ഉറപ്പുണ്ടായിരുന്നു.

അതായത്, മലയാളി മുസ്‌ലിങ്ങൾ എന്നും സെക്യുലർ ധാരയിൽ ചേർന്നു നിന്നിട്ടുണ്ട്. എടുപ്പിലും നിൽപ്പിലും കൊടുപ്പിലും മൈത്രിയുടെ കൂടി പകർച്ചയുണ്ട്. മതമൗലിക സംഘടനകൾ ഉളളിൽ കയറി "നട്ടും ബോൾട്ടും മുറുക്കിയ' ഇസ്ലാം, അപരത്വ നിർമ്മിതിയുടെ മൂടുപടമിടാൻ തുടങ്ങി. അത് ഏറെ അപകടരമായ ഒരു വഴിത്തിരിവായിരുന്നു. മലയാളത്തിന്റെ ജൈവിക മുസ്‌ലിംധാര, അറേബ്യൻ ഗോത്ര കാല മുസ്‌ലിം പാരമ്പര്യത്തിന്റെ പിന്തുടർച്ചയായി. മുസ്ലിങ്ങൾ സംഘടനകൾ നോക്കി അന്യോന്യം വിലയിരുത്തി, വിധി പ്രസ്താവമിറക്കി.

നൂറ്റിയൊന്നു മുസ്‌ലിം സംഘടനകൾക്കിടയിലൂടെയാണ് കേരളത്തിൽ ആ മുസ്‌ലിം/ ഈ മുസ്‌ലിം/ മറ്റേ മുസ്‌ലിം റോഡ് മുറിച്ചു കടക്കുന്നത്. മുസ്ലിങ്ങളെ ഏതു തരത്തിലാണ് ഈ മുസ്‌ലിം സംഘടനകൾ പ്രചോദിപ്പിക്കുന്നത്? ഏതു തരത്തിലാണ് ശാക്തീകരിക്കുന്നത്? വാതിൽ തുറക്കുമ്പോൾ ഒരു മുസ്‌ലിം മുറ്റത്തു നിൽക്കുന്ന മറ്റൊരു മുസ്ലിമിനെ പേടിച്ചു നിൽക്കേണ്ട കാലമാണോ വരാൻ പോകുന്നത്? ഇസ്ലാമിനോടുള്ള ഭയം, ഭരണകൂടത്തിന്റെ മാത്രമല്ല, മുസ്‌ലിമിന് മുസ്‌ലിമിനോടുള്ള ഭയമായി മാറ്റുകയാണോ ഈ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് സംഘടനകൾ? നട്ടും ബോൾട്ടും മുറുക്കിയ, അയവില്ലാത്ത?

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ, വിശ്വാസ സമൂഹത്തെയാണ് വെയിലത്തു നിർത്തിയത്. കട തുറക്കരുത്, വാഹനങ്ങൾ പോകരുത്, അപ്പോൾ ജുമുഅ ദിവസമായത് കൊണ്ട് പള്ളിയിൽ പോകാൻ മുസ്‌ലിംകൾക്ക് യാതൊരു തടസ്സവുമുണ്ടായില്ല. ദൂരദേശത്തേക്ക് തീർഥാടനത്തിന് പുറപ്പെട്ട ഒരു ഇതര മത വിശ്വാസി, പെട്ടെന്നുണ്ടായ ഈ ഹർത്താലിൽ എത്ര മാത്രം മുസ്ലിങ്ങളെ വെറുത്തിരിക്കും? ഹൊ, എന്തൊരു മുസ്‌ലിം എന്ന് ഏതോ അവസ്ഥയിൽ അവർ പറഞ്ഞു പോയിരിക്കില്ലേ?

മുസ്‌ലിങ്ങൾ ഹർത്താൽ വെള്ളിയാഴ്ചയായിട്ടും ജുമുഅക്ക് പോയി, നിസ്‌കരിച്ചു, സലാം വീട്ടി. തെരുവിൽ മനുഷ്യർ തുല്യരായി കയറുന്ന ബസ്സുകൾ, കടകൾ, ഹോട്ടലുകൾ ആക്രമിക്കപ്പെട്ടു. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു വന്ന വയോധികനായ ആ മുസ്‌ലിം മകനോട് ചോദിച്ചു:
മൂകാംബികയിലേക്ക് പിറന്നാളാഘോഷിക്കാൻ പോയ ആ ചങ്ങാതിക്ക് വഴിയിൽ തടസ്സം വന്നിരിക്കുമോ? എങ്കിൽ, നാളെ നമ്മൾ പടച്ചവനോട് എന്ത് മറുപടി പറയും?


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments