തളിപ്പറമ്പിൽനിന്ന് ഒരു മന്ത്രി?

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. ​കോൺഗ്രസ്​ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകുന്നതോടെ, മത്സര ചിത്രം പൂർണമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ളിപ്പറമ്പ് ഇത്തവണ തെരഞ്ഞെടുക്കുന്നത് ഒരു എം.എൽ.എയെ മാത്രമല്ല, മന്ത്രിയെക്കൂടി ആയിരിക്കുമോ? ആ പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകർ. 2016ൽ ജയിംസ് മാത്യു നേടിയ ജില്ലയിലെ തന്നെ വലിയ ഭൂരിപക്ഷങ്ങളിൽ ഒന്ന്, ഇനിയും വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. അതിനുയോജിച്ച ഒരു സ്ഥാനാർഥിയെ തന്നെ കിട്ടിയതിലുള്ള സന്തോഷത്തിലുമാണവർ.

1996, 2001 വർഷങ്ങളിൽ തളിപ്പറമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദൻ മൂന്നാമത് തവണ എത്തുമ്പോൾ ഒരുതരത്തിലുള്ള വെല്ലുവിളികളുമില്ല. ആ ആത്മവിശ്വാസത്തിലാണ് പ്രചാരണം. അനുകൂല ഘടകങ്ങൾക്കുപുറമേ ജോസ് കെ. മാണി വിഭാഗം മുന്നണിയിലെത്തിയത് ഭൂരിപക്ഷം കൂട്ടാൻ സഹായിക്കുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.
1969ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ എം.വി. ഗോവിന്ദൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ചു, കടുത്ത മർദ്ദനത്തിനിരയായി. 1970ൽ ഒഴിച്ച്, മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തി​െൻറതാണ്​ തളിപ്പറമ്പ്.

2011, 2016 വർഷങ്ങളിൽ ജയിംസ് മാത്യുവാണ് ജയിച്ചത്. 2011ൽ 27,861 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു, കഴിഞ്ഞതവണ ഭൂരിപക്ഷം ഉയർത്തി- 40,617. കേരള കോൺഗ്രസ്-എമ്മിലെ രാജേഷ് നമ്പ്യാരെയാണ് തോൽപ്പിച്ചത്. രണ്ടുടേം വ്യവസ്ഥയിൽ ഒഴിയുന്ന സി.പി.എം എം.എൽ.എമാരിൽ ഒരാളായി ജയിംസ് മാത്യു.

യു.ഡി.എഫ് ഒരു പ്രതീക്ഷയും പുലർത്താത്ത മണ്ഡലം. എന്നാൽ, ഇത്തവണ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. കാരണം, അവർ ഘടകകക്ഷിയിൽനിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു, ഇത്തവണ മണ്ഡലം കോൺഗ്രസ് ഏറ്റെടുത്തുകഴിഞ്ഞു. ഒന്നു പയറ്റിനോക്കാമെന്ന ആത്മവിശ്വാസമൊക്കെ കോൺഗ്രസുകാർക്കുണ്ട്. രണ്ടു കണക്കുകളാണ് അവരുടെ മുന്നിലുള്ളത്: ഒന്ന്, 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ നേരിയ 725 വോട്ടിന്റെ ഭൂരിപക്ഷം, രണ്ട്; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ 40,617 വോട്ടിന്റെ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ 16,735 ആയി കുറഞ്ഞു. തുച്ഛമായ ഈ കണക്കുകളിൽ പിടിച്ചുതൂങ്ങി നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയർപ്പിക്കാനാകില്ലെങ്കിലും നല്ല മത്സരം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസുകാർ.

കഴിഞ്ഞ തവണ കേരള കോൺഗ്രസിന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അതൃപ്തി പുകഞ്ഞിരുന്നു. മാണി ഗ്രൂപ്പ് എൽ.ഡി.എഫിലേക്കുപോയതോടെ, ജോസഫ് ഗ്രൂപ്പിന് വേണമെങ്കിൽ ഏറ്റെടുക്കാവുന്ന സ്ഥിതി വന്നു. എന്നാൽ, തോൽവി ഉറപ്പായതിനാൽ അവർ നേരത്തെ തന്നെ അത് കോൺഗ്രസിന് ഒഴിഞ്ഞുകൊടുത്തു.
യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് എം. ബ്ലാത്തൂർ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ റഷീദ് എന്നിവരുടെ പേരാണ് പരിഗണനയിൽ. ഇന്ന് പുറത്തുവരുന്ന ലിസ്റ്റിൽ മുഹമ്മദ് എം. ബ്ലാത്തൂരിന്റെ പേരിനാണ് മുൻഗണന.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

തദ്ദേശ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭ യു.ഡി.എഫ് സ്വന്തമാക്കിയെങ്കിലും ആന്തൂരിലെ ഭരണം എതിരില്ലാതെ എൽ.ഡി.എഫിനാണ്. ഏഴു പഞ്ചായത്തുകളിൽ അഞ്ചിടത്തും എൽ.ഡി.എഫ്. തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ, ചപ്പാരപ്പടവ്, കുറുമാത്തൂർ, കൊളച്ചേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മണ്ഡലം.
1965ലെ തെരഞ്ഞെടുപ്പിനുശേഷം തളിപ്പറമ്പിൽ ഒരു തവണ മാത്രമാണ് സി.പി.എം തോറ്റത്. 1970ൽ സിറ്റിങ് എം.എൽ.എ കെ.പി. രാഘവപൊതുവാളിനെ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ 909 വോട്ടിനാണ് തോൽപ്പിച്ചത്. 1977ൽ സി.പി.എമ്മിനുവേണ്ടി എം.വി. രാഘവനാണ് മത്സരിച്ചു ജയിച്ചത്. 1980, 1982 വർഷങ്ങളിൽ സി.പി. മൂസാൻകുട്ടി എം.എൽ.എയായി. 2006ൽ സി.കെ.പി. പത്മനാഭൻ ജയിച്ചു.


Comments