ജനം വിതച്ചു, പാർട്ടി കൊയ്തു, പാർട്ടിക്കോടതി വിധിക്കുന്നു: കരുവന്നൂരിലെ ചുവന്ന വറ്റുകൾ

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 300 കോടി രൂപയുടെ കൊള്ളയും അത് പൂഴ്ത്തിവക്കാൻ രാഷ്ട്രീയ തലത്തിൽ നടന്ന ശ്രമങ്ങളും പുറത്തുവന്നപ്പോൾ അതിനെ ‘ചോറിലെ കറുത്ത വറ്റായി’ ലഘൂകരിക്കാനുമുള്ള സി.പി.എമ്മിന്റെയും സർക്കാറിന്റെയും ശ്രമങ്ങൾ, കേരളത്തിലെ സഹകരണമേഖലയെ ലക്ഷ്യംവച്ച് കേന്ദ്ര സർക്കാർ നടത്തുന്ന കൈയേറ്റങ്ങൾക്കെതിരായി ഉയരേണ്ട പ്രതിരോധങ്ങളുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുന്നു.

കേരളത്തിലെ പ്രാദേശിക സമ്പദ്ഘടനയുടെ ഏറ്റവും ശക്തമായ കണ്ണിയായ സഹകരണ സ്ഥാപനങ്ങളുടെ നിലനിൽപിനെക്കുറിച്ച് ആശങ്കയേറിയ ചോദ്യങ്ങൾ ഉയരുകയാണ്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാനവിഷയമായ സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാറിന്റെ കടന്നുകയറ്റമായിരുന്നു ഈ ആശങ്കയുടെ തുടക്കം. 2021 ജൂലൈ ആറിന് അമിത് ഷായുടെ കീഴിൽ കേന്ദ്ര സഹകരണവകുപ്പ് രൂപീകരിക്കുകയും പുതിയ ദേശീയ സഹകരണനയം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തത്, കേരളം സംശയത്തോടെയാണ് കണ്ടത്. മൊത്തം ജി.ഡി.പിയിൽ സഹകരണമേഖലയിൽനിന്നുള്ള ഓഹരിപങ്കാളിത്തം വർധിപ്പിക്കാനുതകുന്ന തരത്തിൽ, ഈ മേഖലയെ പുനഃസംഘടിപ്പിക്കുകയാണ് ദേശീയനയത്തിന്റെ ലക്ഷ്യമായി പറഞ്ഞത്. എന്നാൽ, അതിന്റെ ഭാഗമായുള്ള 'പരിഷ്‌കരണങ്ങൾ' സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റങ്ങളായിരുന്നു. 'ഒരു രാജ്യം ഒരു ഭാഷ ഒരു രജിസ്‌ട്രേഷൻ' നയമാണ് സഹകരണമേഖലയിൽ കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്.

2021 ജൂലൈ ആറിന് അമിത് ഷായുടെ കീഴിൽ കേന്ദ്ര സഹകരണവകുപ്പ് നിലവിൽ വന്നതിന്റെ ഭാഗമായി നടന്ന ചടങ്ങ്

കേന്ദ്രം ഇപ്പോൾ കൊണ്ടുവന്ന മൾട്ടി സ്‌റ്റേറ്റ് സഹകരണ നിയമഭേദഗതി അതിൽ ഒടുവിലത്തേതുമാത്രം. 2022-ലാണ്, ബി.ജെ.പി സർക്കാർ മൾട്ടി സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് നിയമം ഭേദഗതി ചെയ്ത്, സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിന് അനുമതി നൽകിയത്. ഇപ്പോൾ പാർലമെന്റ് പാസാക്കിയ ബിൽ നിയമമായാൽ, സംസ്ഥാന സഹകരണ സംഘങ്ങൾക്ക് ആവശ്യമെങ്കിൽ മൾട്ടി സ്‌റ്റേറ്റ് സംഘങ്ങളിൽ ലയിക്കാം. ഭരണസമിതി തീരുമാനമനുസരിച്ചും പൊതുയോഗത്തിലെ ഭൂരിപക്ഷമുപയോഗിച്ചും ഏത് സഹകരണ സംഘത്തെയും മൾട്ടി സ്‌റ്റേറ്റ് സംഘമാക്കി മാറ്റാം. ഇതുവരെയുള്ള നിയമമനുസരിച്ച്, ഒരു മൾട്ടി സ്‌റ്റേറ്റ് സൊസൈറ്റിക്കു മാത്രമേ മറ്റൊരു മൾട്ടി സ്‌റ്റേറ്റ് സൊസൈറ്റിയിൽ ലയിക്കാനാകുമായിരുന്നുള്ളൂ. അതായത്, സംസ്ഥാന സഹകരണ രജിസ്ട്രാർക്കുകീഴിൽ പ്രവർത്തിക്കുന്ന സംഘങ്ങളെപോലും മൾട്ടി സ്‌റ്റേറ്റ് സംഘങ്ങളാക്കി മാറ്റാവുന്ന വ്യവസ്ഥകളാണ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സർക്കാറിന് സഹകരണമേഖലയിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഒളിയജണ്ടകളെ കേരളത്തിൽ സ്ഥാപിച്ചെടുക്കാനുള്ള നീക്കമായി എൻഫോഴ്‌സ് ഡയറക്ടറേറ്റിന്റെ നടപടികളെ വിശദീകരിക്കാനുള്ള സ്‌പെയ്‌സ്, കരുവന്നൂർ തട്ടിപ്പിലെ പങ്കാളിത്തത്തിലൂടെ കളഞ്ഞുകുളിക്കുകയാണ് സി.പി.എം ചെയ്തത്.

33 മൾട്ടി സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, കേരളം പ്രവർത്തനപരിധിയായി മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 65 സഹകരണ സംഘങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പുതിയ രജിസ്‌ട്രേഷനുകൾ വരുന്നുമുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളാണ് മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾ. ഇവ കേന്ദ്ര സഹകരണ രജിസ്ട്രാർക്കു കീഴിലാണ്. അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയില്ല. അതായത്, കേന്ദ്ര നിയന്ത്രണത്തിലുള്ള ഒരു സമാന്തര സഹകരണ സംവിധാനമാണ് സ്ഥാപിക്കപ്പെടാൻ പോകുന്നത്. മാത്രമല്ല, സാമ്പത്തികലാഭത്തിന്റെ അടിസ്ഥാനത്തിലേക്ക് സഹകരണമേഖലയുടെ പ്രവർത്തനം പരിമിതപ്പെടാനുമുള്ള സാധ്യതയുമുണ്ട്.

കേരളത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാറിന് ഒരു പരിരക്ഷയും നൽകാനാകില്ലെന്ന് സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ തലത്തിൽ മൂന്ന് അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനവും ഇതിന്റെ തുടർച്ചയാണ്. ജൈവ ഉൽപ്പന്നങ്ങൾ, വിത്ത്, ചരക്ക്- സേവന കയറ്റുമതി മേഖലകളിലാണ് സംഘങ്ങൾ രൂപീകരിക്കുക.

കരുവന്നൂർ കൊള്ള
റദ്ദാക്കിക്കളഞ്ഞ പ്രതിരോധം

സഹകരണമേഖലയിലേക്കുള്ള കടന്നുകയറ്റങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കക്ക് അടിസ്ഥാനമുണ്ട്. കാരണം, സംസ്ഥാന സഹകരണ വകുപ്പിനുകീഴിൽ 16,256 സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. 2.5 ലക്ഷം കോടിയുടെ നിക്ഷേപവും 1.86 ലക്ഷം കോടിയുടെ ലോൺ ഔട്ട്‌സ്റ്റാന്റിംഗുമാണുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളിൽ മാത്രം 80,000 കോടി രൂപ നിക്ഷേവും 71,000 കോടി രൂപയുടെ വായ്പയുമുണ്ട്. ഗ്രാമീണമേഖലയിൽ ജനസംഖ്യയിലെ 60 ശതമാനവും ഏതെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളുമാണ്.

രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള ഭരണസമിതികളാണ് സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നത് എന്നതിനാൽ, അവയ്ക്ക് ജനകീയ പങ്കാളിത്തവും അടിസ്ഥാനതല വികസനത്തിൽ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യവും ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ 75 ശതമാനവും നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. ഇടതുപക്ഷത്തിന്റെ സംഘടനാപരവും ഭരണപരവുമായ രാഷ്ട്രീയവിനിമയങ്ങളിൽ സഹകരണമേഖലക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ, കേന്ദ്രത്തിന്റെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കുന്നത് സി.പി.എമ്മും എൽ.ഡി.എഫ് സർക്കാറുമാണ്.

എന്നാൽ, കേരളം ഒന്നായി ഏറ്റെടുക്കേണ്ടിയിരുന്ന ഈ പ്രതിരോധത്തെ ദുർബലമാക്കുകയാണ്, സി.പി.എം തന്നെ പ്രതിസ്ഥാനത്തുള്ള കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള. കേന്ദ്ര സർക്കാറിന് സഹകരണമേഖലയിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഒളിയജണ്ടകളെ കേരളത്തിൽ സ്ഥാപിച്ചെടുക്കാനുള്ള നീക്കമായി എൻഫോഴ്‌സ് ഡയറക്ടറേറ്റിന്റെ നടപടികളെ വിശദീകരിക്കാനുള്ള സ്‌പെയ്‌സ്, കരുവന്നൂർ തട്ടിപ്പിലെ പങ്കാളിത്തത്തിലൂടെ കളഞ്ഞുകുളിക്കുകയാണ് സി.പി.എം ചെയ്തത്.
2018 മുതൽ ഈ ക്രമക്കേടിന്റെ ഓരോ ഘട്ടത്തിലും അത് മൂടിവക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും നിരപരാധികളെ ബലിയാടാക്കാനും പാർട്ടി ജില്ലാ നേതൃത്വം നടത്തിയ വഴിവിട്ട നീക്കങ്ങൾ പുറത്തുവന്നുകഴിഞ്ഞു.

നൂറ്റാണ്ട് പഴക്കമുള്ള കരുവന്നൂർ സഹകരണ ബാങ്ക് പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലാണ്. ബാങ്ക് ഭരണസമിതി ഭാരവാഹികളായ പ്രാദേശിക സി.പി.എം നേതാക്കളും ജീവനക്കാരും, ഉന്നത പാർട്ടി നേതാക്കളുടെ അറിവോടെ, സാധാരണക്കാരായ പാർട്ടി അംഗങ്ങളുടെയും മറ്റുള്ളവരുടെയും പേരിൽ നടത്തിയ നഗ്‌നമായ കൊള്ളയെയും തിരിമറിയെയും, 'സംസ്ഥാന സഹകരണമേഖലയുടെ മുഖത്തേറ്റ കറുത്ത പാട്' എന്ന് ആലങ്കാരികമായി പറഞ്ഞൊഴിയുന്നതല്ലാതെ, ഒരുതരം ന്യായീകരണയുക്തിയിലാണ് പാർട്ടി സെക്രട്ടറി മുതൽ മുഖ്യമന്ത്രി വരെയുള്ളവർ ഇപ്പോഴും. സി.പി.എമ്മിന് സംഘടനാപരമായി തന്നെ പങ്കാളിത്തമുള്ള കൊള്ളയായതുകൊണ്ടുതന്നെ, കേന്ദ്ര ഇടപെടൽ മുൻനിർത്തി പ്രതിരോധിക്കാനുള്ള പാർട്ടിയുടെയും സർക്കാറിന്റെയും ശ്രമങ്ങൾക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നു.

ഈ കൊള്ളയുടെ എല്ലാ ഉത്തരവാദിത്തവും ബാങ്ക് ഭരണസമിതിയിൽ മാത്രം ഒതുക്കാനുള്ള അന്വേഷണമാണ് യഥാർഥത്തിൽ ക്രൈംബ്രാഞ്ചും സഹകരണ വകുപ്പും നടത്തിയത്. അതുകൊണ്ടാണ്, സി.പി.എം ബന്ധം അതിസമർഥമായി ക്രൈംബ്രാഞ്ച് ഒളിപ്പിച്ചുവച്ചത്.

സർക്കാറിന്റെ ഉറപ്പും
നിക്ഷേപകരുടെ അനുഭവവും

'ഓരോ ചില്ലിക്കാശും തിരിച്ചുകൊടുക്കും' എന്ന് മുഖ്യമന്ത്രിയും പാക്കേജ് തയാറാക്കി ബന്ധപ്പെട്ടവരിൽനിന്ന് പണം ഈടാക്കിയും നിക്ഷേപ ഗ്യാരണ്ടി സ്‌കീം പ്രയോജനപ്പെടുത്തിയും ഇടപാടുകാരെ സഹായിക്കും എന്ന് സഹകരണ മന്ത്രി വി.എൻ. വാസവനും ആവർത്തിക്കുന്നുണ്ട്. വാസവന്റെ അവകാശവാദങ്ങൾ നോക്കൂ: ''ക്രൈംബ്രാഞ്ച്, സഹകരണ വകുപ്പ്, വിജിലൻസ് എന്നിവർ അന്വേഷണം നടത്തി. ഏഴ് ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും അറസ്റ്റു ചെയ്തു. അവരുടെ പേരിൽ കേസെടുത്തു, ചാർജ് ഷീറ്റായി. ബോർഡംഗങ്ങളുടെ പേരിൽ, ബാധ്യതകൾ തിട്ടപ്പെടുത്തി സർചാർജ് ചുമത്തി ഹിയറിങ്ങും നോട്ടീസും നടപടികൾ കഴിഞ്ഞ്, പണം ഈടാക്കാൻ നടപടി സ്വീകരിച്ചു. നിക്ഷേപം തിരിച്ചുകൊടുക്കാനാവശ്യമായ സഹായം സഹകരണ വകുപ്പ് ചെയ്തിട്ടുണ്ട്. 110 കോടി രൂപയുടെ നിക്ഷേപം പുനക്രമീകരിച്ചു. 26 കോടിയുടെ നിക്ഷേപം തിരിച്ചുകൊടുത്തു. റിക്കവറി സെൽ പ്രവർത്തനത്തിലൂടെ 40 കോടി രൂപ തിരിച്ചുകിട്ടി.''

മുഖ്യമന്ത്രിയും സഹകരണ വകുപ്പുമന്ത്രിയും നൽകിക്കൊണ്ടിരിക്കുന്ന ഉറപ്പുകളുടെ യഥാർഥ സ്ഥിതി പരിശോധിക്കാം.

2021 ജൂലൈ 21നാണ് കരുവന്നൂരിലെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ്, ഇടനിലക്കാരൻ കിരൺ, കമീഷൻ ഏജന്റ് എ.കെ. ബിജോയ്, ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പർ മാർക്കറ്റിന്റെ അക്കൗണ്ടന്റ് റജി അനിൽ എന്നിവരാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ഇവരുടെ വസ്തുക്കൾ പിടിച്ചെടുത്തതല്ലാതെ മറ്റൊന്നുമുണ്ടായില്ല. നഷ്ടമുണ്ടാക്കിയവർ തിരിച്ചടക്കാനുള്ള തുക 125 കോടിയാണ്. ഇതിൽ 4449 രൂപയാണ് ആകെ തിരിച്ചടച്ചത്, ബാങ്കിന്റെ വളം ഡിപ്പോ ജീവനക്കാരനായിരുന്ന കെ.എം. മോഹനൻ. പ്രതികളായ 20 ഭരണസമിതി അംഗങ്ങളുടെയും അഞ്ച് ജീവനക്കാരുടെയും വസ്തുക്കൾ ജപ്തി ചെയ്യാനുള്ള നീക്കം ഹൈക്കോടതി സ്‌റ്റേയിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുകയുമാണ്. ഈ കൊള്ളയുടെ എല്ലാ ഉത്തരവാദിത്തവും ബാങ്ക് ഭരണസമിതിയിൽ മാത്രം ഒതുക്കാനുള്ള അന്വേഷണമാണ് യഥാർഥത്തിൽ ക്രൈംബ്രാഞ്ചും സഹകരണ വകുപ്പും നടത്തിയത്. അതുകൊണ്ടാണ്, സി.പി.എം ബന്ധം അതിസമർഥമായി ക്രൈംബ്രാഞ്ച് ഒളിപ്പിച്ചുവച്ചത്. മാത്രമല്ല, 2014- 15 മുതലുളള സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയിട്ടും അവ മൂടിവച്ചു.

വി.എൻ. വാസവൻ, പിണറായി വിജയൻ

2017- 18 ലെ ഓഡിറ്റ് റിപ്പോർട്ടിൽ, ബാങ്കിൽനിന്ന് അനുവദനീയമായതിലും കൂടുതൽ വൻ തുകകൾ വായ്പ നൽകിയത് കണ്ടെത്തി. തുടർന്നുള്ള വർഷങ്ങളിലും വായ്പാക്രമക്കേടുകൾ കണ്ടെത്തി. എന്നാൽ, തങ്ങൾക്ക് അനുകൂലമായ രീതിയിൽ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥസംവിധാനത്തെ നിയന്ത്രിച്ചുനിർത്താൻ സി.പി.എം ജില്ലാ നേതൃത്വത്തിന് കഴിഞ്ഞു. 16 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് രാഷ്ട്രീയനേതൃത്വത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.

കരുവന്നൂർ ബാങ്കിന് 100 കോടി രൂപയുടെ സഹായം നൽകാമെന്ന 50 സഹകരണ ബാങ്കുകളുടെ കൺസോർഷ്യം നീക്കം എവിടെയുമെത്തിയില്ല. 100 കോടി രൂപയക്ക് സർക്കാർ ഗ്യാരണ്ടി നൽകണമെന്ന സഹകരണ ബാങ്കുകളുടെ ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്.
പ്രതിസന്ധിയിലായി പൂട്ടുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് അഞ്ചു ലക്ഷം രൂപ വരെ (നിലവിൽ ഒരു ലക്ഷം) തിരിച്ചുകൊടുക്കുന്ന ഗ്യാരണ്ടി സ്‌കീമും കരുവന്നൂരിലെ നിക്ഷേപർക്ക് ഗുണകരമായില്ല. ബാങ്ക് പൂട്ടിയാൽ മാത്രമേ നിക്ഷേപകർക്ക് ഗ്യാരണ്ടി തുക ലഭിക്കൂ എന്ന വ്യവസ്ഥ മാറ്റി, ബാങ്ക് പ്രതിസന്ധിയിലായാൽ തുക നൽകണം എന്നാക്കണമെന്ന ആവശ്യം ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡ് യോഗം തീരുമാനിച്ചെങ്കിലും അത് നടപ്പായില്ല. ഈ പരിഷ്‌കാരം പുതിയ നിയമം വരുമ്പോൾ മതി എന്നായിരുന്നു സർക്കാർ നിലപാട്. മാത്രമല്ല, ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡിലുള്ളത് 147 കോടി രൂപ മാത്രമാണ്. കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ മാത്രം 300 കോടി രൂപയാണ് വേണ്ടത്.

നിശ്ചിത കാലാവധിയിൽ പണം നിക്ഷേപിച്ച 5400 പേർക്ക് 300 കോടിയോളം രൂപയാണ് തിരിച്ചുകൊടുക്കാനുള്ളത്. സഹകരണ വകുപ്പിന്റെ കണക്കനുസരിച്ച് കാലാവധി പൂർത്തിയായ 150 കോടിയും ഇതിൽ പെടും. നിക്ഷേപകരിൽ 90 ശതമാനം പേരും സ്ഥിരനിക്ഷേപം നടത്തിയവരാണ്. 2021 സപ്തംബർ മുതൽ ഇതുവരെ 29 കോടി രൂപ മാത്രമാണ് തിരിച്ചുകൊടുത്തത്. കാലാവധി അവസാനിച്ചവരുടേത്, പുതുക്കിനൽകുകയാണ് ചെയ്യുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് ഇപ്പോൾ 50,000 രൂപ വരെയാണ് തിരിച്ചുകൊടുക്കുന്നത്.
വായ്പാഇനത്തിൽ കിട്ടാനുണ്ടായിരുന്ന 380 കോടിയിൽ 80 കോടി മറ്റു ബാങ്കുകൾ ഏറ്റെടുത്തിട്ടുണ്ട്.

കരുവന്നൂരിൽ കേന്ദ്ര ഏജൻസികൾ നടത്തുന്നത്, നോട്ടുനിരോധനം മുതൽ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രനടപടികളുടെ തുടർച്ചയാണ് എന്ന ആരോപണം ആവർത്തിക്കുന്നതല്ലാതെ, 300 കോടിയിലേറെ രൂപയുടെ തട്ടിപ്പിലും കള്ളപ്പണ ഇടപാട് എന്ന ആരോപണത്തിലും, കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിലും വിശ്വാസ്യയോഗ്യമായ നടപടിയെടുക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, കരുവന്നൂർ ബാങ്കിലേതിന് സമാനമായ തട്ടിപ്പ് തൃശൂർ സഹകരണ ബാങ്കിൽ നടന്നതായി സംശയിക്കപ്പെടുന്നു. അയ്യന്തോൾ സഹകരണ ബാങ്കിലും പരിശോധന നടക്കുന്നു. കരുവന്നൂരിൽനിന്ന് തട്ടിപ്പിന്റെ ദൂഷിതവൃത്തം വികസിക്കുകയാണ്.

പല സഹകരണ സംഘങ്ങളിലും മുമ്പ് റിപ്പോർട്ടു ചെയ്തിട്ടുള്ള തരത്തിലുള്ള തട്ടിപ്പല്ല കരുവന്നൂരിലേത്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കൽ എന്ന ആരോപണം ശരിയാണെങ്കിൽ, പ്രശ്നം അതിസങ്കീർണമാകുന്നു.

കരുവന്നൂരിൽ എന്താണ് നടന്നത്?

കരുവന്നൂർ സഹകരണബാങ്കിൽ ഗുരുതര ധനാപഹരണം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സോഫ്റ്റ്‌വെയറിൽ കൃത്രിമം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നതായി അന്വേഷണം നടത്തിയ സഹകരണ അസി. രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. 2019 ആഗസ്റ്റ് 31നാണ് റിപ്പോർട്ട് ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചത്.

കരുവന്നൂർ സഹകരണ ബാങ്ക് സെക്രട്ടറി 2021 ജൂലൈ 14-നാണ് പൊലീസിൽ പരാതി നൽകിയത്. 2014 മുതൽ 2020 വരെ സാമ്പത്തിക ക്രമക്കേട് നടന്നു, 100 കോടി രൂപ തട്ടിപ്പുണ്ടായി എന്നായിരുന്നു പരാതി. മുൻ സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേർന്ന് വ്യാജ രേഖ ചമച്ച് നിരവധി പേരുടെ പേരിൽ വായ്പ എടുത്തതായും സാമ്പത്തിക തിരിമറി നടത്തിയതായും തെളിവു ലഭിച്ചു. പ്രതികൾ പണം റിയൽ എസ്‌റ്റേറ്റിലും ഹോട്ടൽ വ്യവസായത്തിലും നിക്ഷേപിച്ചു.

കണ്ടെത്തലുകൾ:
- ശരിയായ ഈടില്ലാതെയും പരിശോധനയും രേഖകളുമില്ലാതെയും വായ്പ അനുവദിച്ചു.
- സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിൽ കൃത്രിമം നടത്തി.
- ഒരേ വസ്തുവകകൾ ഉപയോഗിച്ച് ഒന്നിലധികം വായ്പയെടുത്തു.
- സോഫ്റ്റ്‌വെയറിലും മറ്റും കൃത്രിമം നടത്തി കോടികളുടെ തിരിമറി നടത്തി.

117 കോടിയുടെ വായ്പാതട്ടിപ്പെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഭരണസമിതി അംഗങ്ങൾ അടക്കമുള്ളവരെ പ്രതി ചേർത്ത്, അറസ്റ്റു ചെയ്തു. ഇപ്പോൾ എല്ലാവരും ജാമ്യത്തിൽ.

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 125.8 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ആറുപേർക്കെതിരെ കേസെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടും പിരിച്ചുവിടാതിരുന്ന ഭരണസമിതി, സമ്മർദങ്ങൾക്കൊടുവിൽ 2021 ജൂലൈയിലാണ് പിരിച്ചുവിട്ടത്. തുടർന്ന് ആറ് പ്രതികൾക്കെതിരെ ജപ്തി നടപടി തുടങ്ങി. എല്ലാവരും കോടതിയിൽനിന്ന് സ്‌റ്റേ വാങ്ങി. സഹകരണ വകുപ്പ് ഇൻസ്‌പെക്ടർമാർ ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, നിക്ഷേപത്തട്ടിപ്പ് 300 കോടി രൂപക്കുമേൽ വരുമെന്നാണ്.

‘ഭീഷണിപ്പെടുത്തി
ബ്ലാങ്ക് മിനിറ്റ്സിൽ ഒപ്പു വാങ്ങി’

സഹകരണബാങ്കിൽനിന്ന് ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന പരമാവധി വായ്പ 50 ലക്ഷം രൂപയാണ്. എന്നാൽ, കരുവന്നൂർ ബാങ്കിൽ, പല വായ്പകളിലായി ഒരു കോടിയിലേറെ രൂപ തരപ്പെടുത്തിയത് 94 പേരാണ്. ഇതിൽ അഞ്ചു കോടി മുതൽ 14 കോടി വരെ ബാധ്യതയുള്ള 12 പേരുണ്ട്. എട്ടു വായ്പകൾ വരെ ഒരു കുടുംബത്തിനു തന്നെ അനുവദിച്ചിട്ടുണ്ട്. മുഖ്യപ്രതികളിൽ ഒരാളായ മുൻ മാനേജർ എം.കെ. ബിജു മുൻകൈയെടുത്ത് 379 വായ്പകൾ പാസാക്കിയെന്നാണ് കേസ്.

സി.പി.എം നേതാക്കളുടെ മൗനസമ്മതത്തോടെ, പാർട്ടി അംഗങ്ങളുടെ പേരിൽ അവർ അറിയാതെയാണ് കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് കോടികൾ കടമെടുത്തത്. സി.ഐ.ടി.യു അംഗങ്ങളായ തൊഴിലാളികൾ അടക്കമുള്ള പലരും കടക്കെണിയിലാണ്. 50,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകിയ ശേഷമാണ് രേഖകളിൽ ഒപ്പിട്ടുവാങ്ങി 50 ലക്ഷം വീതമുള്ള തുക അവർ അറിയാതെ വായ്പ എടുത്തത്. ഇവരിൽ ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളുമുണ്ട്.

2022 ജൂലൈ 18ന് നിയമസഭയിൽ സഹകരണവകുപ്പുമന്ത്രി വി.എൻ. വാസവൻ, എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിന് നൽകിയ മറുപടി. കഴിഞ്ഞ ആറു വർഷത്തിനിടയിൽ ക്രമക്കേട് നടന്ന സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ ജില്ല തിരിച്ച കണക്ക്.

ഭരണസമിതി അറിയാതെ വലിയ വായ്പകൾ പാസാക്കി അവ പിന്നീട് മിനുറ്റ്‌സിൽ എഴുതിച്ചേർക്കുകയായിരുന്നുവെന്ന് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളിലെ സി.പി.ഐ പ്രതിനിധികളായിരുന്ന സുഗതൻ, ലളിതൻ എന്നിവർപറഞ്ഞിട്ടുണ്ട്. മുതിർന്ന സി.പി.എം നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ''വലിയ വായ്പകളിലൊന്നും ഞങ്ങൾ ഒപ്പിട്ടിരുന്നില്ല. അഞ്ചു ലക്ഷത്തിനുമുകളിലുള്ള വായ്പകൾ കണ്ടിട്ടില്ല. ഇവ രഹസ്യമായാണ് പാസാക്കിയത്. ഇവ പ്രസിഡന്റ് മാത്രം ഒപ്പിട്ട് സൂത്രത്തിൽ മിനിറ്റ്‌സിൽ എഴുതിച്ചേർക്കുകയായിരുന്നു'', സുഗതനും ലളിതനും പറയുന്നു. അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ഒരു വായ്പ പോലും താൻ കണ്ടിട്ടില്ലെന്ന് സുഗതൻ പറഞ്ഞു. ഡയറക്ടർ ബോർഡിലുണ്ടായിരുന്ന മൂന്ന് സി.പി.ഐ പ്രതിനിധികൾക്ക് 8.5 കോടി രൂപയുടെ റവന്യൂ റിക്കവറി നോട്ടീസാണ് വന്നിരിക്കുന്നത്. തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത വി.കെ. ലളിതൻ 10 കോടി രൂപയുടെ ജപ്തി ബാധ്യതയാണ് നേരിടുന്നത്.

ഒരേ വസ്തുവകകൾ ഉപയോഗിച്ച് ഒന്നിലധികം വായ്പയെടുത്ത സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, തുക പോയത് വായ്പ അനുവദിക്കപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കല്ല. ഈടു വച്ച ഭൂമിയുടെ യഥാർഥ കമ്പോളവിലയുടെ അനേക ഇരട്ടിയായിരുന്നു വായ്പാതുക.
23 ലക്ഷം രൂപ കടത്തിലായി ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ ആധാരത്തിന്റെ പകർപ്പുപയോഗിച്ച് തരപ്പെടുത്തിയത് 1.85 കോടി രൂപയുടെ വായ്പ. നാല് വായ്പകളായാണ് ഈ തുക. ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ മുൻ ഉടമയുടെ പേരിൽ കെ.എസ്.എഫ്.ഇയിൽ രണ്ട് കുറികളിലായി 23 ലക്ഷം രൂപ കടം വന്നിരുന്നു. ചാലക്കുടി താലൂക്ക് അധികൃതർ ഭൂമി ജപ്തി ചെയ്ത് ഏതാനും മാസങ്ങൾക്കുശേഷമാണ് ഇതേ ഭൂമി ഈട് വച്ച് സഹകരണബാങ്ക് വായ്പ അനുവദിച്ചത്.

50 ലക്ഷം വീതമുള്ള അഞ്ച് വായ്പകൾക്ക് ഈടായി വച്ച ഭൂമി ബാങ്ക് അറിയാതെ വിറ്റുപോയി. ഇവർ ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നുമാത്രമല്ല, ഈടുവച്ച ഭൂരേഖകൾ ഉപയോഗിച്ച് സ്ഥലം വിൽപന നടത്തുകയും ചെയ്തു. ഇതിൽ ഒരാളുടെ ഭൂമി വിലക്കുവാങ്ങിയ ആൾ പുതിയ ആധാരം ഉപയോഗിച്ച് ഇതേ ബാങ്കിൽനിന്ന് മൂന്നു കോടി രൂപ വായ്പയും എടുത്തു. ഭൂമി പോക്കുവരവ് ചെയ്ത അതേ ദിവസമാണ് വായ്പയും അനുവദിച്ചത്. 50 ലക്ഷവും പലിശയും തിരിച്ചടക്കാൻ ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും വിവരമറിയുന്നത്. പണം ലഭിച്ചില്ല, ഈടായി രേഖകൾനൽകിയില്ല, പാസ്ബുക്കുമില്ല, പിന്നെ എങ്ങനെ ജപ്തി നോട്ടീസ് വന്നു എന്നാണ് ഇവർ ചോദിക്കുന്നത്.

വായ്പക്ക് അപേക്ഷ നൽകാത്ത അഞ്ചു പേർക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ശിവരാമൻ, അരവിന്ദാക്ഷൻ, രമണി, നിഷ, ശ്രീദീപ് എന്നീ പേരുകൾ ലെഡ്ജറിലുണ്ടെങ്കിലും ഇവരുടെ വായ്പാ അപേക്ഷയോ മറ്റു രേഖകളോ ഇല്ല. കിട്ടാക്കടങ്ങളിൽ ഭൂരിഭാഗവും ബിനാമി പേരുകളിലാണ്. ജീവനക്കാരും ഭരണസമിതിയുടെ ഇഷ്ടക്കാരും ബിനാമി പേരുകളിൽ വായ്പ സ്വന്തമാക്കി.

പല ബാങ്കുകളിലും നടക്കുന്നതുപോലെ, പ്രാദേശിക പാർട്ടി പ്രവർത്തകരുടെയോ ബാങ്ക് ഭരണസമിതിയുടെയോ മാത്രം ഒത്താശയിൽ നടന്ന തട്ടിപ്പല്ല; മറിച്ച്, പാർട്ടി ജില്ലാ നേതൃത്വത്തിന്റെയും ചില സംസ്ഥാന തല നേതാക്കളുടെയും അറിവും മൗനാനുവാദവും ഇതിനു പുറകിലുണ്ട് എന്ന വിശ്വാസ്യയോഗ്യമായ ആരോപണം, പ്രശ്‌നത്തെ ഗൗരവകരമാക്കുന്നു.

കരുവന്നൂർ തട്ടിപ്പിന് രണ്ട് രക്തസാക്ഷികളുമുണ്ടായി.
ബാങ്കിൽ 80 ലക്ഷം രൂപ കുടിശ്ശികയുള്ള പൊറത്തിശ്ശേരി പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനും കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് നിർവാഹകസമിതി അംഗവുമായ കരുവന്നൂർ പുത്തൻതോട് കോഴിച്ചിറ റോഡ് തളിയക്കാട്ടിൽ മുകുന്ദൻ (63) തൂങ്ങിമരിച്ചു. മുകുന്ദൻ രണ്ടു തവണയായി 20 ലക്ഷം രൂപ വായ്പയെടുത്തു. എന്നാൽ, 50 ലക്ഷം രൂപയാണ് വായ്പയെന്നും മറ്റൊരാളുടെ വായ്പക്ക് ജാമ്യംനിന്ന വകയിൽ 30 ലക്ഷം രൂപയുടെ ബാധ്യത കൂടി ഉൾപ്പെടുത്തി ആകെ 80 ലക്ഷം രൂപ തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീന് ലഭിച്ചു. (എന്നാൽ, ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്നാണ് സെക്രട്ടറി ഇൻ ചാർജ് പറയുന്നത്). വീടിരിക്കുന്ന 16.3 സെന്റ് ഭൂമി പണയം വച്ചാണ് നാലു വർഷം മുമ്പ് മുകുന്ദൻ 10 ലക്ഷം രൂപ വായ്പ എടുത്തത്. പിന്നീടുള്ള വർഷങ്ങളിൽ ഇത് പുതുക്കി. മകളുടെ വിവാഹത്തിന് 10 ലക്ഷം രൂപ കൂടിയെടുത്തു. ഇതാണ് 80 ലക്ഷത്തിന്റെ ബാധ്യതയായി മാറിയത്.

70 വയസ്സുള്ള കാറളം തെയ്ക്കാനത്ത് വീട്ടിൽ ഫിലോമിന മരിച്ചത് ചികിത്സക്ക് പണമില്ലാതെയാണ്. ദിവസം 40,000 രൂപയുടെ മരുന്ന് വേണമായിരുന്നു ഇവർക്ക്. 40 വർഷം ബോംബെയിൽ ഫാർമസിക്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്ത് സമ്പാദിച്ച 30 ലക്ഷം രൂപ ഭർത്താവ് ദേവസി ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ദിവസങ്ങളോളം ബാങ്കിൽ കയറിയിറങ്ങിയിട്ടും ദേവസിക്ക് പണം നൽകിയില്ല. സർക്കാർ സർവീസിൽ നഴ്‌സിങ് അസിസ്റ്റന്റായിരുന്നു ഫിലോമിന.
ഫിലോമിനയുടെ മൃതദേഹവുമായി ദേവസിയും മകൻ ഡിനോയും ബാങ്കിനുമുന്നിൽ പ്രതിഷേധിച്ചപ്പോൾ രണ്ടു ലക്ഷം രൂപ കൊടുത്തു. എന്നാൽ, ഫിലോമിനക്ക് നിക്ഷേപത്തിൽനിന്ന് 4.6 ലക്ഷം രൂപ തിരികെ നൽകിയിരുന്നുവെന്നാണ് മന്ത്രി വാസവൻ പറയുന്നത്.

28 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ച തേലപ്പിള്ളി പാറമേൽ ജേക്കബിന്റെ ഭാര്യ മാക്‌സി കാൻസർ ചികിത്സക്ക് പണമില്ലാതെ വലയുകയാണ്. ഒരു വർഷം മുമ്പ് മൂത്ത മകളുടെ മകന് വിദേശത്ത് ഉപരിപഠനത്തിന് പോകാൻ 25 ലക്ഷം രൂപ ആവശ്യമായി വന്നപ്പോൾ ബാങ്കിനെ സമീപിച്ചു. രേഖകൾ കൊടുത്തിട്ടും തുക ലഭിച്ചില്ല. മകളുടെ വീടിന്റെ ആധാരം മറ്റൊരു ബാങ്കിൽ പണയം വച്ചിട്ടാണ് ചെറുമകൻ വിദേശത്ത് പോയത്. ജേക്കബ് ഇപ്പോൾ തുണിക്കച്ചവടം നടത്തുകയാണ്.

ഇത്തരം നിരവധി കഥകൾ കരുവന്നൂരിൽനിന്ന് വരുന്നുണ്ട്. ഇരകളിലേറെയും ഗ്രാമീണ കച്ചവടക്കാരും കർഷകരും വീട്ടമ്മമാരുമൊക്കെയായതുകൊണ്ട്, ദുരന്തവ്യാപ്തി വളരെ വലുതാണ്.

ഇ.ഡി പറയുന്നു;
കള്ളപ്പണ ഇടപാടും

വായ്പാതട്ടിപ്പും കള്ളപ്പണ ഇടപാടുമാണ് എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. 2022 ആഗസ്റ്റ് 11ന് ബാങ്കിൽ റെയ്ഡ് നടത്തി. 400 കോടി രൂപയുടെ തട്ടിപ്പ് എന്നാണ് ഇ.ഡി പറയുന്നത്, 200 കോടിയുടെ കള്ളപ്പണ ഇടപാടും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകൾ ചുമത്തി വടക്കാഞ്ചേരി നഗരസഭാംഗവും സി.പി.എം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ്, പി. സതീഷ് കുമാർ, പി.പി. കിരൺ എന്നിവരെ അറസ്റ്റു ചെയ്തു. ഇ.ഡി. അറസ്റ്റു ചെയ്ത ആദ്യ രാഷ്ട്രീയപ്രവർത്തകനാണ് അരവിന്ദാക്ഷൻ. പി. സതീഷ്‌കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് അരവിന്ദാക്ഷന്റെ അറസ്റ്റ്. ജിൽസിന് കരുവന്നൂർ ബാങ്കിൽ ഒരേ സമയം മൂന്ന് സി ക്ലാസ് അംഗത്വമെടുത്തിരുന്നു. ഇതിലൂടെ ഒന്നര കോടി രൂപ വായ്പയെടുത്തു. ഇതിനുപുറമേ അച്ഛൻ, ഭാര്യ, മറ്റു നാലുപേർ എന്നിവരുടെ പേരിൽ 2.75 കോടി രൂപയും വായ്പയെടുത്തതായി ഇ.ഡി പറയുന്നു. 5.06 കോടി രൂപയാണ് ജിൽസ് ബാങ്കിലേക്ക് തിരിച്ചടക്കാനുള്ളതെന്ന് ഇ.ഡി പറയുന്നു. അറസ്റ്റിലായ നാലു പ്രതികളും ഉന്നത രാഷ്ട്രീയനേതാക്കളുടെ ഒത്താശയോടെ ബിനാമി വായ്പാതട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാന്റ് റിപ്പോർട്ടിലുള്ളത്.

എ.കെ. കണ്ണൻ, പി.ആർ. അരവിന്ദാക്ഷൻ

എ.സി. മൊയ്തീൻ, അനൂപ് ഡേവിസ് കാട, സി.പി.എം നേതാവായിരുന്ന സി.കെ. ചന്ദ്രൻ, എം.കെ. ബിജു കരീം, ടി.ആർ. സുനിൽകുമാർ, അനിൽ സേഠ്, മുൻ ഭരണസമിതി അംഗങ്ങൾ, പ്രാദേശിക നേതാക്കൾ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അയ്യന്തോൾ സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക്, മൊയ്തീൻ എം.എൽ.എയുടെ വീട്, വെളപ്പായ സതീശന്റെ വീട്, അനിൽ സേഠിന്റെ വീട്, എസ്.ടി ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ വീട്, റിയൽ എസ്‌റ്റേറ്റ് നടത്തിപ്പുകാരൻ അനിൽകുമാറിന്റെ വീട്, മൂന്ന് ആധാരമെഴുത്തുകാരുടെ ഓഫീസ്, കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലന്റെ വീട് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു. പി. സതീഷ്‌കുമാറിന്റെ 25 ബിനാമി സ്വത്തുവകകളുടെ രേഖകൾ ഇ.ഡി പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽനിന്ന് 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും പിടികൂടി. ഇയാളുടെ മറ്റൊരു പങ്കാളിയായ അനിൽകുമാറിന്റെ വീട്ടിൽനിന്ന് 15 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തു.

കരുവന്നൂർ ബാങ്കിൽനിന്ന് അയ്യന്തോൾ സഹകരണ ബാങ്കിലേക്കും തൃശൂർ സഹകരണ ബാങ്കിലേക്കും കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിലേക്കും അന്വേഷണം നീണ്ടു. തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണനെ ഇ.ഡി ചോദ്യം ചെയ്തു. അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ കള്ളപ്പണക്കേസിൽ ഒന്നാം പ്രതി സതീശന് ഇടപാടുണ്ട്. കരുവന്നൂർ ബാങ്കിൽനിന്ന് ബിനാമി വായ്പയായി 27 കോടി രൂപ തട്ടിയെടുത്ത പി.പി. കിരണും സതീഷ്‌കുമാറുമായുള്ള സാമ്പത്തിക ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. കരുവന്നൂർ ബാങ്കിൽ വൻതുക കുടിശ്ശിക വരുത്തിയ ആളുടെ അക്കൗണ്ട് മരവിപ്പിക്കാനാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന് ഇ.ഡി നോട്ടീസ് നൽകിയത്.

പല സഹകരണ സംഘങ്ങളിലും മുമ്പ് റിപ്പോർട്ടു ചെയ്തിട്ടുള്ള തരത്തിലുള്ള തട്ടിപ്പല്ല കരുവന്നൂരിലേത്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കൽ എന്ന ആരോപണം ശരിയാണെങ്കിൽ, പ്രശ്നം അതിസങ്കീർണമാകുന്നു.

ഈ വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതിൽ എ.സി. മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചിരുന്നു.

പ്രതി സി.പി.എം

കരുവന്നൂർ കൊള്ളയിലെ ഒന്നാം പ്രതി, ദശകങ്ങളായി ബാങ്കിനെ നിയന്ത്രിച്ചുവരുന്ന സി.പി.എം ആണ്. പല ബാങ്കുകളിലും നടക്കുന്നതുപോലെ, പ്രാദേശിക പാർട്ടി പ്രവർത്തകരുടെയോ ബാങ്ക് ഭരണസമിതിയുടെയോ മാത്രം ഒത്താശയിൽ നടന്ന തട്ടിപ്പല്ല; മറിച്ച്, പാർട്ടി ജില്ലാ നേതൃത്വത്തിന്റെയും ചില സംസ്ഥാന തല നേതാക്കളുടെയും അറിവും മൗനാനുവാദവും ഇതിനു പുറകിലുണ്ട് എന്ന വിശ്വാസ്യയോഗ്യമായ ആരോപണം, പ്രശ്‌നത്തെ ഗൗരവകരമാക്കുന്നു. തുടക്കത്തിൽ അറിഞ്ഞിട്ടും തട്ടിപ്പ് മൂടിവക്കാനും പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സി.പി.എം ശ്രമിച്ചത്. ''കരുവന്നൂരിൽ തട്ടിപ്പ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സി.പി.എം, അതിന് ഉത്തരവാദികളായ പാർട്ടി അംഗങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തു' എന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ദേശാഭിമാനിയിൽ (സപ്തംബർ 28) എഴുതിയത്. പാർട്ടി നടപടിയോടെ അവർക്കെതിരായ ശിക്ഷ അവസാനിച്ചു എന്നതാണ് പ്രശ്‌നം. പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ തട്ടിപ്പിൽ പങ്കാളിത്തമുള്ള നേതൃത്വത്തിലേക്ക് എത്തിയില്ല. മറിച്ച്, ഭീഷണിപ്പെടുത്തിയും അറിവില്ലായ്മ മുതലെടുത്തും തട്ടിപ്പിൽ പങ്കാളികളാക്കിയ ഭരണസമിതി അംഗങ്ങളാണ് പ്രതികളാക്കപ്പെട്ടത്. ഇവർ സാധാരണ പാർട്ടി പ്രവർത്തകർ മാത്രം. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിലെ നേതാക്കൾ തന്നെയാണ് ബാങ്കിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഒന്നാം പ്രതി സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയാണ്. മറ്റു പ്രതികളായ മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജുവും മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസും സി.പി.എം പ്രാദേശിക കമ്മിറ്റി അംഗങ്ങളായിരുന്നു.

എ.സി. മൊയ്തീൻ

ബാങ്ക് ഭരണസമിതിയിലെ സി.പി.എം, സി.പി.ഐ അംഗങ്ങളുടെ വെളിപ്പെടുത്തലുകൾ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് സംശയാതീതമായി തെളിയിക്കുന്നു. സി.പി.എം അംഗമായിരുന്ന അമ്പിളി മഹേഷ്, സി.പി.ഐ പ്രതിനിധികളായ മിനി നന്ദനൻ, സുഗതൻ, വി.കെ. ലളിതൻ എന്നിവരാണ് തട്ടിപ്പിലുള്ള സി.പി.എം പങ്കാളിത്തത്തിന് തെളിവ് നൽകുന്നത്. ഇവരിൽ അമ്പിളിയും മിനിയും ക്രൈംബ്രാഞ്ച് അന്വേഷണത്തെതുടർന്ന് രണ്ടു മാസത്തോളം ജയിലിലുമായിരുന്നു.

മിനിറ്റ്‌സിൽ ഒപ്പിട്ടതാണ് തങ്ങൾ ചെയ്ത കുറ്റമെന്ന് അമ്പിളിയും മിനിയും പറയുന്നു: ''മിനിറ്റ്‌സിൽ ബ്ലാങ്കായി കുറെ ലൈനുകൾ ഇട്ടശേഷം അതിൽ നിർബന്ധപൂർവം ഒപ്പിടീക്കുകയായിരുന്നു. വായിച്ചുനോക്കാതെ ഒപ്പിടുന്നതാണ് ഇവിടുത്തെ കീഴ്‌വഴക്കം എന്നാണ് സെക്രട്ടറി പറയാറ്. മാത്രമല്ല, 'എനിക്കുള്ള അധികാരമൊന്നും നിങ്ങൾക്കില്ല, കളിച്ചാൽ, നിങ്ങൾ മര്യാദക്ക് റോഡിലൂടെ ഇറങ്ങിനടക്കില്ല' തുടങ്ങിയ ഭീഷണിയും മുഴക്കും. മിനിറ്റ്‌സ് ക്ലോസ് ചെയ്യാറില്ല. ഭരണസമിതി അംഗങ്ങൾ വെറും ഡമ്മികളാണ്. എല്ലാ തീരുമാനവും സെക്രട്ടറിയും മാനേജറും പാർട്ടിക്കാരുമാണ് എടുക്കാറ്. വലിയ ലോണുകളുടെ ഒറ്റ ഫോമിലും ഞങ്ങൾ ഒപ്പിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് കാണിച്ചുതന്നപ്പോഴാണ് വിട്ട പേജുകളിൽ 50 ലക്ഷത്തിന്റെയൊക്കെ ലോണുകൾ എഴുതിച്ചേർത്തത് കാണുന്നത്. അപ്പോഴാണ് ഞങ്ങൾ തട്ടിപ്പ് മനസ്സിലായത്.''

അമ്പിളിയും മിനിയും അടക്കമുള്ള ഭരണസമിതി അംഗങ്ങൾ 2019-ൽ രാജിക്കത്ത് നൽകിയെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് രാജി പിൻവലിപ്പിക്കുകയായിരുന്നു: ‘‘ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. ചന്ദ്രനോട് ഓഡിറ്റ് റിപ്പോർട്ട് വന്നശേഷം എല്ലാ കാര്യവും പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങൾ നൽകിയ പരാതി പ്രസിഡന്റിനെ ഉപയോഗിച്ച് പാർട്ടി നേതൃത്വം പിൻവലിപ്പിച്ചത് പിന്നീടാണ് അറിഞ്ഞത്’’, അമ്പിളി പറഞ്ഞു.
''ബാങ്ക് മുങ്ങുന്ന ഘട്ടമായപ്പോൾ, സെക്രട്ടറിയെയും ബിജുവിനെയും സ്ഥാനത്തുനിന്ന് മാറ്റാനും അന്വേഷണ കമീഷൻ രൂപീകരിക്കാനും തീരുമാനിച്ചപ്പോൾ സെക്രട്ടറി പരസ്യമായി പറഞ്ഞു, ഞാൻ പെട്ടാൽ, ഭരണസമിതിക്കാരെ എല്ലാവരെയും പെടുത്തുമെന്ന്. അങ്ങനെയാണ് ഞങ്ങളെയും പെടുത്തിയത്’’, മിനി പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ച് 2018-ൽ തന്നെ സി.പി.എമ്മിന് അറിവുണ്ടായിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരൻ അംഗമായ മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി ചർച്ച ചെയ്തിരുന്നു. 2019 ആദ്യം ഏരിയ തലത്തിൽ അന്വേഷണം നടന്നു. ഇതേതുടർന്ന് ഫെബ്രുവരി ആറിന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം, സഹകരണ ബാങ്കിൽനിന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ വായ്പയെടുക്കുന്നത് വിലക്കി. ഇവർ പരിചയക്കാരുടെ പേരിൽ വായ്പയെടുത്ത് തിരിച്ചടക്കാതിരിക്കുന്നത് പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. 2019 ഡിസംബറിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗം, തട്ടിപ്പിനെക്കുറിച്ച് ചർച്ച ചെയ്തു. അന്വേഷണത്തിന് മുൻ എം.പി പി.കെ. ബിജു, തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ പി.കെ. ഷാജൻ എന്നിവരുടെ കമീഷനെ നിയോഗിച്ചു. സഹകരണ രജിസ്ട്രാർ അടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ കുറ്റപ്പെടുത്തിയായിരുന്നു റിപ്പോർട്ട്.

ദേശീയതലത്തിൽ പോലും 300 കോടി രൂപയുടെ തട്ടിപ്പ് വലിയൊരു വിഷയമാണെന്നിരിക്കേ, കരുവന്നൂർ കൊള്ള എന്തുകൊണ്ടാണ് വലിയൊരു രാഷ്ട്രീയവിഷയമായി മാറാത്തത്?

പിന്നീട് പരാതികൾ പൂഴ്ത്തിവക്കാൻ കഴിയാതാവുകയും തെളിവുകൾ പുറത്തുവരികയും ചെയ്തതോടെയാണ്, 2021 ജൂലൈയിൽ നാലുപേരെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, ബിജു കരീം, പാർട്ടി അംഗം ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്. ഉല്ലാസ് കദളിക്കാട്ട്, കെ.ആർ. വിജയ എന്നിവരെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായിരുന്ന കെ.സി. പ്രേമരാജനെ മാറ്റി. മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. ചന്ദ്രനെ ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തു. ഈ വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതിൽ എ.സി. മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിക്കുകയും ചെയ്തു.

ന്യായീകരണ യുക്തിയെ
പരിഹാസ്യമാക്കുന്ന ന്യായങ്ങൾ

സംസ്ഥാനത്തെ സഹകരണമേഖലയിലെ ഏറ്റവും വലിയൊരു തട്ടിപ്പിനെ സർക്കാറും സി.പി.എം എന്ന പാർട്ടി സംവിധാനവും നോർമലൈസ് ചെയ്യാൻ നടത്തുന്ന ശ്രമം ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ''കരുവന്നൂരിൽ ഫലപ്രദമായ നടപടിയെടുത്തതാണ്, തെറ്റിനെ അംഗീകരിക്കില്ല'' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് അവകാശവാദവും രണ്ട് വലിയ നുണകളാണ്. കരുവന്നൂർ ബാങ്കിൽ ബലിയാടാക്കപ്പെട്ട പാർട്ടിക്കാരായ മുൻ ഭരണസമിതിഅംഗങ്ങൾ മുതൽ തങ്ങളുടെ 'ചില്ലിക്കാശ്' നിക്ഷേപിച്ച നാട്ടിലെ സാധാരണക്കാർ വരെയുള്ളവർ തന്നെയാണ് ആ നുണയുടെ സാക്ഷികൾ. വലിയ പൊതുമേഖലാബാങ്കുകളിൽ ഇതിലും വലിയ തട്ടിപ്പ് നടന്നപ്പോൾ ഇതുപോലുളള അന്വേഷണങ്ങളൊന്നുമുണ്ടായില്ലല്ലോ എന്ന മന്ത്രി എം.ബി. രാജേഷിന്റെ ലഘൂകരണന്യായം, അദ്ദേഹത്തിന്റെ പാർട്ടി എത്തിച്ചേർന്ന വലിയൊരു ജീർണതയെ മറച്ചുപിടിക്കാനുള്ള വിഫലശ്രമമായിരുന്നു.
കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റു ചെയ്തതോടെ പാർട്ടിയുടെ 'വേട്ടയാടൽ നറേറ്റീവുകൾ'ക്ക് ആവേശം കൂടിയിട്ടുണ്ട്. ഇ.ഡി അന്വേഷണത്തെ, ഒരു വലിയ കൊള്ളയെ ന്യായീകരിക്കാനുള്ള പിടിവള്ളിയാക്കി മാറ്റുന്ന കുറ്റകൃത്യമാണ് സി.പി.എം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

''കേരളത്തിൽ 4000- ത്തിലധികം സഹകരണ ബാങ്കുകളുണ്ട്. അതിൽ തട്ടിപ്പ് നടന്നത് 12 ബാങ്കുകളിലാണ്. ഇതിൽ കോൺഗ്രസ് ഭരിക്കുന്നത് 9 എണ്ണം, സി പി എം ഭരിക്കുന്നത് 2 എണ്ണം, ബി ജെ പി ഭരിക്കുന്നത് ഒരെണ്ണം'' എന്ന മട്ടിൽ, കണക്ക് നിരത്തി കരുവന്നൂരിലെ തട്ടിപ്പിനെ ന്യായീകരിക്കാനുള്ള സോഷ്യൽ മീഡിയ കാമ്പയിനും ഇടത് അനുകൂല പ്രൊഫൈലുകൾ നടത്തുന്നുണ്ട്.

2022 ജൂലൈ 18ന് നിയമസഭയിൽ സഹകരണവകുപ്പുമന്ത്രി വി.എൻ. വാസവൻ, എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ, കഴിഞ്ഞ ആറു വർഷത്തിനിടയിൽ ക്രമക്കേട് നടന്ന സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ ജില്ല തിരിച്ച കണക്ക് പറയുന്നുണ്ട്. അതിൽ കരുവന്നൂർ ബാങ്കിൽ നടന്ന, വായ്പാതിരിമറികൾക്ക് സമാനമായ കുറ്റകൃത്യങ്ങളുമുണ്ട്.

തിരുവനന്തപുരം- 49, കൊല്ലം-42, പത്തനംതിട്ട- 9, ആലപ്പുഴ- 11, കോട്ടയം- 46, ഇടുക്കി- 14, എറണാകുളം- 33, തൃശൂർ- 66, പാലക്കാട്- 3, മലപ്പുറം- 55, കോഴിക്കോട്- 11, വയനാട്- 18, കണ്ണൂർ- 24, കാസർകോട്- 18 വീതം സഹകരണ സ്ഥാപനങ്ങളിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. ഈ ക്രമക്കേടുകൾ അന്വേഷിക്കുകയും പൊലീസ് കേസെടുക്കുകയും ഉത്തരവാദികൾക്കെതിരെ നഷ്ടപരിഹാരം ഈടാക്കുന്നതടക്കമുള്ള നടപടികൾസ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.
റിപ്പോർട്ടുചെയ്യപ്പെട്ട ക്രമക്കേടുകളുടെ കണക്കാണിത്. ഇത് ആകെ സഹകരണ സ്ഥാപനങ്ങളുടെ ഒന്നര ശതമാനം മാത്രമേ വരുന്നുള്ളൂ എന്നാണ് സി.പി.എം നേതാക്കൾ വാദിക്കുന്നത്. 1.5 ശതമാനം എന്ന കണക്കുകൊണ്ട് ന്യായീകരിക്കാനാകാത്ത വലുപ്പം കരുവന്നൂരിലെ തട്ടിപ്പിനുണ്ട് എന്ന് സമ്മതിക്കാനുള്ള ആർജവമാണ് വേണ്ടത്. അതിന്, ഓട്ടോറിക്ഷ ഓടിച്ചുണ്ടാക്കിയതും പെൻഷനായപ്പോൾ കിട്ടിയതുമെല്ലാം അവിടെ നിക്ഷേപിച്ച മനുഷ്യരുടെ മുഖം മാത്രം ഓർത്താൽ മതി.

പ്രമോദ് പുഴങ്കര

ദേശീയതലത്തിൽ പോലും 300 കോടി രൂപയുടെ തട്ടിപ്പ് വലിയൊരു വിഷയമാണെന്നിരിക്കേ, കരുവന്നൂർ കൊള്ള എന്തുകൊണ്ടാണ് വലിയൊരു രാഷ്ട്രീയവിഷയമായി മാറാത്തതെന്ന് മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന അഭിഭാഷകൻ പ്രമോദ് പുഴങ്കര ട്രൂകോപ്പിയോട് പറഞ്ഞു: ‘‘കരുവന്നൂരിലെ നിക്ഷേപത്തിന്റെ അനുപാതം വച്ച് നോക്കിയാൽ എത്രയോ വലുതാണ് തട്ടിപ്പ് നടന്ന തുക. സാമ്പത്തിക ഇടപാട് നടക്കുന്ന പത്തു സ്ഥാപനങ്ങളിൽ മാത്രമേ തട്ടിപ്പ് നടന്നിട്ടുള്ളൂ എന്നു പറയുന്നതിന്റെ അർഥം, അത് ഈ ശൃംഖലയിൽ വലിയ തോതിൽ നടക്കുന്നുണ്ട് എന്നുതന്നെയാണ്. ഒരു സാമ്പത്തിക വിനിമയ മാതൃകയിൽ ഒരു സ്ഥലത്തുമാത്രമായി ഇത്തരം തട്ടിപ്പ് നടത്താനാകില്ല. ഇതിനുള്ള സാധ്യത, സമാനമായ എല്ലാ സ്ഥാപനങ്ങളിലുമുണ്ട്. വായ്പയും നിക്ഷേപങ്ങളും തിരിമറി നടത്തുക, അതിന് രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ടാകുക എന്നു പറയുന്നത് കരുവന്നൂരിനുപുറമേ മറ്റു പല ബാങ്കുകളിലും കണ്ടു. അതിനർഥം, ഈ സിസ്റ്റത്തിനുള്ളിൽ ഇത് വ്യാപകമായി നടക്കുന്നു എന്നതാണ്. ഇതിനെ കറുത്ത വറ്റാക്കി ലഘൂകരിക്കുകയാണ് മുഖ്യമന്ത്രി. കോൺഗ്രസും യു.ഡി.എഫും ഒരു ജാഥ പോലും നടത്തുന്നില്ല.''

കരുവന്നൂരിലെ തട്ടിപ്പ് പുറത്തുവന്നശേഷം, സഹകരണ സ്ഥാപനങ്ങളിൽ സഹകരണ രജിസ്ട്രാർ പരി​ശോധന നടത്തിയിരുന്നു. സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്, 272 സഹകരണ സ്ഥാപനങ്ങളിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ്. ഇതിൽ 202 എണ്ണം യു.ഡി.എഫ് ഭരിക്കുന്നവയാണ്.

മിണ്ടാത്ത യു.ഡി.എഫ്,
മിണ്ടുന്ന ഒരു കണക്ക്

കരുവന്നൂരിൽ നടന്നതുപോ​ലുള്ള ഒരു കൊള്ള, അതും സി.പി.എം പങ്കാളിത്തമുള്ള ഒന്ന്, കോൺ​ഗ്രസിനെ​​യോ യു.ഡി.എഫിനെയോ ഒരുതരത്തിലും ആവേശഭരിതമാക്കാതിരിക്കുന്നതിന് കാരണമുണ്ട്.
കരുവന്നൂരിലെ തട്ടിപ്പ് പുറത്തുവന്നശേഷം, സഹകരണ സ്ഥാപനങ്ങളിൽ സഹകരണ രജിസ്ട്രാർ പരി​ശോധന നടത്തിയിരുന്നു. സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്, 272 സഹകരണ സ്ഥാപനങ്ങളിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ്. ഇതിൽ 202 എണ്ണം യു.ഡി.എഫ് ഭരിക്കുന്നവയാണ്. എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള 63 സംഘങ്ങളിലും ബി.ജെ.പി ഭരിക്കുന്ന ഏഴിടത്തും ക്രമ​ക്കേട് കണ്ടെത്തി. കൂടുതൽ ക്രമക്കേട് കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലാണ്, 29 സ്ഥാപനങ്ങളിൽ. ഇതിൽ 25-ഉം യു.ഡി.എഫ് ഭരണത്തിലാണ്.

എന്തുകൊണ്ട് അഴിമതി?

നവ ലിബറൽ സാമ്പത്തിക നയങ്ങളുടെയും ക്രോണി കാപ്പിറ്റലിസത്തിന്റെയും ഫലമായി പൊതുമേഖലാ ബാങ്കുകൾ വൻതോതിൽ വരേണ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക് എന്നിവയുടെ മൊത്തം വായ്പയുടെ 60 ശതമാനവും ലഭിച്ചിട്ടുള്ളത് കുത്തകകൾക്കാണെന്ന് റിസർവ് ബാങ്കിന്റെ കണക്ക് സൂചിപ്പിക്കുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് നൽകുന്ന ബാങ്ക് വായ്പകളിലും അപ്രഖ്യാപിത നിയന്ത്രണം നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യമാണ്, കേരളത്തിൽ സഹകരണ ബാങ്കുകളെ പ്രസക്തമാക്കുന്നത്. ധനകാര്യ മേഖല 'നെക്‌സ്റ്റ് ജെൻ ബാങ്കുകളി'ലേക്ക് കുതിക്കുമ്പോൾ, വാണിജ്യബാങ്കുകൾ അടിമുടി മാറിക്കൊണ്ടിരിക്കുമ്പോൾ ആ ഗതിവേഗം സഹകരണമേഖലക്കും അനിവാര്യമാണ്. അതേസമയം, അവക്ക് ജനപക്ഷ സമീപനം കൈയൊഴിയാനുമാകില്ല.

സഹകരണ സ്ഥാപനങ്ങളിൽ സഹകരണ രജിസ്ട്രാർ നടത്തിയ പരി​ശോധനയിൽ 272 സഹകരണ സ്ഥാപനങ്ങളിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന കണ്ടെത്തി. യു.ഡി.എഫ് ഭരിക്കുന്ന 202 സഹകരണ സ്ഥാപനങ്ങളിലും എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള 63 സംഘങ്ങളിലും ബി.ജെ.പി ഭരിക്കുന്ന ഏഴിടത്തുമാണ് ക്രമക്കേട് കണ്ടെത്തിയത്.

സഹകരണ ബാങ്കുകൾക്കുമേൽ സഹകരണ വകുപ്പും ഓഡിറ്റ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടായിട്ടും എന്തുകൊണ്ട് ഈ തട്ടിപ്പ് തടയാനായില്ല എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത്, ഈ പറഞ്ഞ മാറ്റങ്ങളുടെ കൂടി വെളിച്ചത്തിലാണ്. ആധുനിക ബാങ്കിങ്ങിന് തുല്യമായ കെട്ടും മട്ടും സഹകരണ ബാങ്കുകൾക്ക് കൈവന്നുവെങ്കിലും അതിന്റെ ഭരണസംവിധാനത്തിൽ നവീകരണമുണ്ടായിട്ടില്ല. ഇടപാടുകൾ കോടികളിലേക്ക് കുതിച്ചപ്പോഴും അത് കൈകാര്യം ചെയ്യാനുള്ള, സാമ്പത്തിക മാനേജുമെന്റിൽ പ്രൊഫഷനൽ വൈദഗ്ധ്യമുള്ള ഡയറക്ടർ ബോർഡുകൾ സഹകരണ സ്ഥാപനങ്ങൾക്കില്ല. അതിനെ കക്ഷിരാഷ്ട്രീയത്തിന്റെ പവർ പൊളിറ്റിക്സാണ് നിയന്ത്രിക്കുന്നത്. അത് അഴിമതിക്കുള്ള കുറുക്കുവഴിയല്ല, തുറസ്സായ വഴി തന്നെ ഒരുക്കുന്നു. കരുവന്നൂർ ബാങ്ക് ഭരണസമിതിയിലെ പാർട്ടി നോമിനികളായ അംഗങ്ങളുടെ തുറന്നുപറച്ചിൽ ഈ പ്രശ്‌നത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ബ്ലാങ്ക് മിനിറ്റ്‌സിലാണ് അവർ ഒപ്പിട്ടുകൊടുത്തത്. 'അതാണ് കീഴ്‌വഴക്കം' എന്ന ബാങ്ക് സെക്രട്ടറിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ പോലും ഇവർക്കായില്ലെന്നുമാത്രമല്ല, പാർട്ടി വാൾ വീശി ഇവരെ നിയന്ത്രിക്കാനും കഴിഞ്ഞു.

എം. കുഞ്ഞാമൻ

''സഹകരണ ബാങ്കിന്റെ ബോർഡിലാലായലും ഭരണത്തിലായാലും ഇരിക്കുന്നവർ പ്രത്യേക താൽപര്യം സംരക്ഷിക്കുന്നവരാണ്. അതേസമയം, വൻ തുക കൈകാര്യം ചെയ്യേണ്ട ഒരു പാരലൽ ബാങ്കിംഗ് സിസ്റ്റമാണ് ഇവർക്ക് കൈകാര്യം ചെയ്യാനുള്ളത്'', സാമ്പത്തികശാസ്ത്ര വിദഗ്ധൻ എം. കുഞ്ഞാമൻ ചൂണ്ടിക്കാട്ടുന്നു.
കരുവന്നൂരിലെ ബാങ്ക് കൊള്ള തടയാൻ തുടക്കത്തിൽ തന്നെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു: ''കരുവന്നൂരിൽ കൊള്ളക്കിരയായ പാവപ്പെട്ടവരുടെ കൂടെയല്ല സി.പി.എമ്മും സർക്കാറും നിൽക്കുന്നത്. കോർപറേറ്റ് ശക്തികളൊന്നുമല്ല നിക്ഷേപകർ. അവരായിരുന്നുവെങ്കിൽ ഇവർക്ക് അതിൽ തൊടാൻധൈര്യം വരില്ലായിരുന്നു. നാലും അഞ്ചും സെന്റ് ഭൂമി പണയം വച്ച മനുഷ്യരായതുകൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരായ സാധാരണ മനുഷ്യർ നേരിട്ട് റിയാക്റ്റ് ചെയ്യാൻ തുടങ്ങിയാൽ വലിയ പ്രശ്‌നമുണ്ടാക്കും. അത് ഒഴിവാക്കാൻ നല്ലത് നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടുകയാണ്. പരാതി ആദ്യം വന്നപ്പോൾ തന്നെ സ്വതന്ത്രമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതായിരുന്നു. സഹകരണ വകുപ്പിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകണമെന്നില്ല. ഇതിൽ സർക്കാറിന്റെ പരാജയം വ്യക്തമാണ്. തങ്ങളെ ആരും തൊടില്ല എന്ന ബലമാണ് പി.ആർ. അരവിന്ദാക്ഷനെപ്പോലുള്ളവർക്ക്. ക്രിമിനൽ കാര്യങ്ങൾ കൈകകാര്യം ചെയ്യാൻ പാർട്ടിക്ക് അധികാരമില്ല. ഇവിടെ അതാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇതൊരു organised loot ആയിരുന്നു എന്ന സംശയമുയരുന്നത്.''

‘‘അത്ര നിഷ്‌കളങ്കമല്ല ഇ.ഡിയുടെ വരവ്. പാർലമെന്റിൽ പാസായ ബാങ്കിങ് റഗുലേഷൻ ആക്റ്റ് ഭേദഗതി വച്ച് സഹകരണമേഖലയെ തളർത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സപ്തംബറിൽ റിസർവ് ബാങ്ക് അടച്ചുപൂട്ടിയ സഹകരണബാങ്കുകളുടെ കണക്ക് നോക്കിയാൽ, ഇവയിലേറെയും ഗുജറാത്തിലാണ് എന്നു കാണാം.''

എങ്ങനെയാണോ ഫാഷിസ്റ്റ് രാഷ്ട്രീയം ജനങ്ങളെ അച്ചടക്കമുള്ളവരും തങ്ങൾക്കെതിരായ അനീതിയോട് പ്രതികരിക്കാൻ പറ്റാത്തവരുമാക്കി മാറ്റിയത്, അതേ യുക്തിയാണ് കേരളത്തിലും സി.പി.എം പ്രയോഗിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, കരുവന്നൂർ ബാങ്കിനുമുന്നിൽ ക്യൂ നിൽക്കുന്ന മനുഷ്യർ എന്ന് പ്രമോദ് പുഴങ്കര പറഞ്ഞു: ''നിക്ഷേപകരും നാട്ടുകാരും തൃശൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ ചോദ്യം ചെയ്യുകയായിരുന്നു വേണ്ടത്. അതിനുപകരം നാം എന്താണ് കാണുന്നത്? ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നിക്ഷേപിച്ച മനുഷ്യർ രണ്ടുമാസം കൂടുമ്പോൾ കിട്ടുന്ന പതിനായിരം രൂപയ്ക്ക് ബാങ്കിനുമുന്നിൽ അച്ചടക്കത്തോടെ ക്യൂ നിൽക്കുകയാണ്. അതി ഭയങ്കരമായ കൊള്ള നടത്തിയിട്ട്, ആ കൊള്ളയെ ചോദ്യം ചെയ്യാനാകാത്തവിധം ജനങ്ങളെ വരി നിർത്താൻ ഇവർക്ക് കഴിയുന്നു. ഇതേ വരിയാണ് നോട്ടുനിരോധനക്കാലത്ത് നരേന്ദ്രമോദി നിർത്തിയത്. ഇതേ വാതിലുകളാണ് കോവിഡ് കാലത്ത് അടച്ചിട്ട്, ആളുകൾ നടന്നുപോകുമ്പോൾ കീടനാശിനി തളിച്ച്, ജനം അത് തുടച്ച് വീണ്ടും നടന്നുപോയത്. ഒരു കൊള്ളയെ സ്വഭാവികമായി സ്വീകരിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കുകയാണ് കരുവന്നൂർ ചെയ്തത്. പ്രത്യക്ഷത്തിൽ ഈ അഴിമതി പുറത്തുവരുന്ന സമയത്ത്, സി.പി.എം ജില്ലാ സെക്രട്ടറിമാരായിരുന്ന എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും ഉത്തരം പറയേണ്ടതില്ലാത്തവിധം സൗകര്യപ്രദമായി കമ്യൂണിസ്റ്റ് മൂല്യബോധത്തിനുപുറകളിൽ ഒളിച്ചിരിക്കാൻ കഴിയുന്നു. ഞങ്ങളുടെ സ്വത്ത് പരിശോധിക്കാൻ ഞങ്ങളുടെ പാർട്ടിയുണ്ട് എന്ന് മൊയ്തീൻ പറയുന്നത് അതുകൊണ്ടാണ്. അപ്പോൾ ജനം ചോദിക്കേണ്ടത്, ഞങ്ങളുടെ പണം നിങ്ങൾ മോഷ്ടിച്ചിട്ട് അതിന്റെ മറുപടി പാർട്ടിക്കുള്ളിൽ പറഞ്ഞാൽ മതിയോ എന്നാണ്. ജനങ്ങളുടെ പണം മോഷ്ടിച്ചാൽ അത് ജനങ്ങളോടല്ലേ പറയേണ്ടത്? അനിൽ അക്കരയ്ക്കല്ല പാർട്ടി മറുപടി പറയേണ്ടത്. കരുവന്നൂരിലെ കൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി കണ്ടെത്തിയ പ്രശ്‌നങ്ങൾ ജനങ്ങളുടെ മുന്നിലാണ് വെക്കേണ്ടത്. അത് രഹസ്യമാക്കി വക്കുകയാണ്. പാർട്ടി ഫണ്ടിന്റെ തിരിമറിയല്ല ഇത്, മറിച്ച്, ജനങ്ങളുടെ പണമാണ്. ജനത്തെ നോൺ എൻഡിറ്റിയാക്കി മാറ്റുകയാണ് ഇവർ ചെയ്തത്.’’

കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളുടെയും കഴിഞ്ഞ പത്തുവർഷത്തെ വായ്പ, നിക്ഷേപം, ഇവയുടെ അനുപാതം, വായ്പ ആർക്ക് കൊടുത്തു തുടങ്ങിയവ സമഗ്രമായി അന്വേഷിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അത്ര നിഷ്‌കളങ്കമല്ല
ഇ.ഡിയുടെ വരവ്’

പൊതുമേഖലാ ബാങ്കുകളിലാകെ കുഴപ്പമാണ്, എല്ലാം സ്വകാര്യവൽക്കരിക്കണം എന്ന് തൊണ്ണൂറുകളിൽ ഉയർന്ന വാദത്തിനുസമാനമായ വാദമാണ് ഇപ്പോൾ ഉയരുന്നതെന്നും സഹകരണബാങ്കുകളെ തകർക്കാൻ ലക്ഷ്യമിട്ട് വലിയൊരു ദൂഷിതവലയമുണ്ടെന്നും 'ബെഫി' മുൻ അഖിലേന്ത്യ പ്രസിഡന്റ് എ.കെ. രമേശ് പറഞ്ഞു: ''പൊളിഞ്ഞു എന്ന് എഴുതിത്തള്ളിയ ഒരു ബാങ്ക് പൊളിയാതിരിക്കാൻ ശ്രമം നടത്തിയ അനുഭവം എനിക്കുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന ഇന്ത്യൻ ബാങ്ക്, ‘റൺ’ വന്ന് പൂട്ടുമെന്ന സ്ഥിതിയുണ്ടായി.

എ.കെ. രമേശ്

ഇന്ത്യൻ ബാങ്കിന്റെ ദൽഹി ജനറൽ മാനേജർ ഞങ്ങളോട് പറഞ്ഞത്, 200 കോടി രൂപയുടെ നിക്ഷേപമാണ് ഒരാഴ്ചക്കകം നിക്ഷേപകർ പിൻവലിക്കാൻ പോകുന്നത് എന്നാണ്. ‘ബാങ്ക് റൺ’ വരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബാങ്ക് പൂട്ടാൻ കടുത്ത സമ്മർദമുണ്ടായിരുന്നു. 'ബെഫി'യുടെ നേതൃത്വത്തിൽ ഞങ്ങൾ 25 ദിവസം ദൽഹിയിൽ താമസിച്ച്, എല്ലാ രാഷ്ട്രീയകക്ഷികളുടെയും പാർലമെന്ററി പാർട്ടി ഓഫീസിൽ പോയി, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായുള്ള വഴിവിട്ട കൂട്ടുകെട്ടാണ് പ്രതിസന്ധിക്കുകാരണമെന്ന് ബോധ്യപ്പെടുത്തി. പാർലമെന്റിൽ വിഷയം ചർച്ചയായി. മന്ത്രിയായിരുന്ന പി. ചിദംബരത്തെ കണ്ട്, ഇന്ത്യൻ ബാങ്കിന്റെ ഫണ്ടമെന്റൽ ശക്തമാണെന്ന് ബോധ്യപ്പെടുത്തി. ഇതേതുടർന്ന്, പാർലമെന്റിൽ ചിദംബരം ഒരു പ്രസ്താവനയിറക്കി, ഇന്ത്യൻ ബാങ്ക്, രാജ്യത്തെ പയനിയർ ബാങ്കുകളിൽ ഒന്നാണെന്നും കേന്ദ്ര സർക്കാർ അതിനെ കൈവിടില്ല എന്നും. അങ്ങനെയാണ് റൺ ഒഴിഞ്ഞുപോയത്.''

ജനങ്ങളുടെ വിശ്വാസം തകർത്ത് സഹകരണ മേഖല തന്നെ മോശമാണ് എന്ന പ്രതീതിയുണ്ടാക്കാനാണ് കരുവന്നൂരിനെ മുൻനിർത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു: ''കരുവന്നൂർ ബാങ്കിലുണ്ടായ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഇടപെട്ടിട്ടുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടണം, ഏത് രാഷ്ട്രീയകക്ഷിയുടെ നേതാവാണെങ്കിലും. കരുവന്നൂരിലെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടയുടൻ സഹകരണവകുപ്പ് എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും പരിശോധന നടത്തിയിട്ടുള്ളതായി എനിക്കറിയാം. അർബൻ ബാങ്കുകളും പരിശോധിച്ചിട്ടുണ്ട്. നമ്മുടെ ഓഡിറ്റ് വിഭാഗം ഹിഡൻസംഗതികൾ പുറത്തെടുക്കുന്നതിൽ വേണ്ടത്ര പ്രാപ്തിയുള്ളവരാണ് എന്ന് തോന്നുന്നില്ല. നാഷനലൈസ്ഡ് ബാങ്കിൽ കള്ള അറകൾ സാധ്യമാണെങ്കിൽ ഇവിടെയും അതുണ്ടാക്കാൻ കള്ളന്മാർക്ക് കഴിയും. ഇവിടെയുള്ള നിക്ഷേപങ്ങൾ സാധാരണ മനുഷ്യരുടേതായതിനാൽ കൂടുതൽ ജാഗ്രത വേണം. രാഷ്ട്രീയസ്വാധീനം കൊണ്ട് രക്ഷപ്പെട്ടവരെക്കുറിച്ചും അന്വേഷിക്കാവുന്നതാണ്. എന്നാൽ, അത്ര നിഷ്‌കളങ്കമല്ല ഇ.ഡിയുടെ വരവ്. പാർലമെന്റിൽ പാസായ ബാങ്കിങ് റഗുലേഷൻ ആക്റ്റ് ഭേദഗതി വച്ച് സഹകരണമേഖലയെ തളർത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സപ്തംബറിൽ റിസർവ് ബാങ്ക് അടച്ചുപൂട്ടിയ സഹകരണബാങ്കുകളുടെ കണക്ക് നോക്കിയാൽ, ഇവയിലേറെയും ഗുജറാത്തിലാണ് എന്നു കാണാം.''

സഹകരണ മേഖലയിലെ പവർ പൊളിറ്റിക്‌സിന്റെ അവിഹിത ഇടപെടലുകൾ മൂലമുണ്ടാകുന്ന വിശ്വാസത്തകർച്ച കേരളത്തിൽ ഒരു സമാന്തര അധോലോക സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നുണ്ട് എന്ന കാര്യം കൂടി ഗൗരവകരമായി പരിഗണിക്കണം.

‘ഇ.ഡിയെ വച്ച് ഈ കൊള്ള ന്യായീകരിക്കാനാകില്ല’

സി.പി.എമ്മിന് സംഭവിച്ച രൂപമാറ്റത്തിന്റെ പ്രകടമായ പ്രതിസന്ധിയാണ് കരുവന്നൂരിലേതെന്ന് പ്രമോദ് പുഴങ്കര ട്രൂകോപ്പിയോട് പറഞ്ഞു: ''100 കോടി രൂപയുടെ കൊള്ള എന്നാൽ, നേരിട്ട് ജനങ്ങളെ കൊളളയടിക്കുന്നതിന് തുല്യമാണ്, ഇതൊരു അഴിമതി പോലെ നിസ്സാരമല്ല. എന്നാൽ, സി.പി.എം ചെറിയൊരു വിഷയമായാണ് കൈകാര്യം ചെയ്യുന്നത്. നാനാതലങ്ങളിൽ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുന്ന നിരവധി സംവിധാനങ്ങളുണ്ട്. ഇവയിലെല്ലാം ഏറിയും കുറഞ്ഞും മുന്നിൽ സി.പി.എമ്മാണ്, സഹകരണ സ്ഥാപനങ്ങൾ അടക്കം. അതുകൊണ്ട്, ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് ഇറങ്ങുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് അവരുടെ അജണ്ട കൂടിയാണ്. അതിലും വളരെയധികം സ്വഭാവമാറ്റം വന്നു. നിയോ ലിബറൽ രാഷ്ട്രീയത്തിന്റെ ഭാഗമായി കൂടി ഇതിനെ കാണണം. നിയോ ലിബറലിസത്തിൽ ജനങ്ങളുടെ പണം നഷ്ടപ്പെടുക എന്നത് വലിയ പ്രശ്‌നമല്ല. അത്തരം പ്രശ്‌നങ്ങളിൽ സ്‌റ്റേറ്റ് ഇടപെടേണ്ടതില്ല, മാർക്കറ്റ് തന്നെ പരിഹരിക്കും എന്നാണല്ലോ അത് പറയുന്നത്. മാർക്കറ്റിനെ മാറ്റിനിർത്തുന്ന ഒരു സംവിധാനമായിട്ടാണ് സഹകരണ ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ അവതരിപ്പിക്കുന്നത്. പക്ഷെ, മുതലാളിത്ത വിപണിയെയും അതിന്റെ ധനവിനിയോഗമാർഗങ്ങളെയും ചെറുക്കാൻവേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനം പൂർണമായും നിയോ ലിബറൽ യുക്തിക്ക് കീഴ്‌പെട്ട് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ആ നിലയ്ക്ക് ഇതൊരു ഇരട്ടക്കൊള്ളയാണ്. അതായത്, നിങ്ങളുടെ പണം ഈ നാട്ടിൽ തന്നെ ചെലവാക്കാം, അങ്ങനെ അത് നിയോ ലിബറലിസത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന് ജനങ്ങളോട് പറയുകയും ഈ സംവിധാനത്തെ നേരെ എതിർദിശയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. അതുകൊണ്ടാണ് റോഡുപണിയിലെ അഴിമതിയിൽനിന്ന് വ്യത്യസ്തമായി സഹകരണ സ്ഥാപനങ്ങളുടെ അഴിമതി ഒരു ഐഡിയോളജിക്കൽ വിഷയം കൂടിയായി മാറുന്നത്.''

കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്രത്തിന് താൽപര്യമുണ്ട്, എന്നാൽ, അതുകൊണ്ട് കരുവന്നൂർ കൊള്ളയുടെ ഉത്തരവാദികൾ വിശുദ്ധരാകുന്നില്ല എന്ന് പ്രമോദ് പുഴങ്കര പറഞ്ഞു: ''ലക്ഷക്കണക്കിന് കോടി രൂപ കേന്ദ്രത്തിന്റെ ധനവിനിയമ സംവിധാനത്തിനുപുറത്ത് നിൽക്കുകയാണ് കേരളത്തിൽ. ഇത് അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ കൊടുക്കുകയാണ് അവരുടെ താൽപര്യം. അതിന്റെ പേരിൽ ഇത്തരം കൊള്ള അനുവദിക്കാൻ പറ്റുമോ?
‘ഫാഷിസം വരുന്നു, അതുകൊണ്ട് കരിമണൽ കർത്ത മുഖ്യമന്ത്രിയുടെ മകൾക്ക് കെടുത്ത പണത്തെക്കുറിച്ച് ചോദിക്കരുത്’ എന്നു പറയുന്നതുപോലെയാണിത്. ഇ.ഡി വേട്ടയാടുന്ന ആളുകളുടെ ഒപ്പമാണ് തങ്ങൾ എന്നാണ് സി.പി.എം പറയുന്നത്. സത്യത്തിൽ പാർട്ടി അവർക്കൊപ്പമല്ല, നീരവ് മോദിയുടെയും വിജയ് മല്യയുടെയും ഒപ്പമാണ്. ഇത് മറച്ചുവക്കാനാണ് ഇ.ഡി വേട്ടയെക്കുറിച്ച് പറയുന്നത്. കള്ളപ്പണ ഇടപാട് പിടിക്കുകയല്ല ഇ.ഡിയുടെ ലക്ഷ്യം എന്ന് സമ്മതിക്കാം. റെയ്ഡ് നടത്തുന്നതിൽ എത്രയോ കുറവ് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്, രജിസ്റ്റർ ചെയ്യുന്നവയുടെ എത്രയോ കുറവാണ് ശിക്ഷയുണ്ടാകുന്നത്. ഇതെല്ലാം യാഥാർഥ്യമാണ്. എന്നാൽ, അത് വച്ചുകൊണ്ട്, കരുവന്നൂരിലെ കൊള്ളയെ ന്യായീകരിക്കാനാകില്ല.''

സമാന്തര സാമ്പത്തിക
അധോലോകങ്ങൾ

സഹകരണ മേഖലയിലെ പവർ പൊളിറ്റിക്‌സിന്റെ അവിഹിത ഇടപെടലുകൾ മൂലമുണ്ടാകുന്ന വിശ്വാസത്തകർച്ച കേരളത്തിൽ ഒരു സമാന്തര അധോലോക സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നുണ്ട് എന്ന കാര്യം കൂടി ഗൗരവകരമായി പരിഗണിക്കണം. ഗ്രാമീണമേഖലയിലെ മൈക്രോ ഫിനാൻസിങിനെയാണ് ഈ അധോലോകം ടാർഗറ്റ് ചെയ്യുന്നത്. ചെറിയ തുകകൾ വായ്പയായി നൽകി സ്ത്രീകളെ പലിശക്കെണികളിൽ അകപ്പെടുത്തുന്ന ഇതര സംസ്ഥാന പലിശമാഫിയ മുതൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോളനികളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് സ്വയം സഹായ സംഘങ്ങളുണ്ടാക്കി വായ്പാതട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വരെ കേരളത്തിൽ സജീവമാണ്.

സഹകരണപ്രസ്ഥാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ തടിച്ചുകൊഴുക്കുന്ന സ്വാശ്രയ സഹായ സംഘങ്ങൾ വലിയ ഭീഷണിയാണെന്ന് എ.കെ. രമേശ് പറഞ്ഞു: ''ബംഗാളിൽ സഹകരണമേഖലയെ തകർത്തതിനുശേഷമാണ് തൃണമൂൽ കോൺഗ്രസിന്റെ സെൽഫ് ഹെൽപ് ഗ്രൂപ്പുകൾ വരുന്നത്. പരസ്പര സഹായസഹകരണ സംഘങ്ങളിൽ പാരസ്പര്യമുണ്ട്, സഹകരണമുണ്ട്, സഹായമുണ്ട്. ഇവ വിപണിസൗഹൃദ ലോകത്തിന് ആവശ്യമില്ല. അവിടെ സ്വാശ്രയ സംഘമാണുള്ളത്. അവിടെ നിങ്ങൾ ഒറ്റക്കാണ്. എല്ലാം മാർക്കറ്റ് നിശ്ചയിക്കും, സർക്കാർ ഇടപെടേണ്ടതില്ല. മാർക്കറ്റിൽ പൗരരില്ല, ഉപഭോക്താവാണുള്ളത്. ഉപഭോക്താവാകാൻ കീശയിൽ പണം വേണം.
1997-ൽ വാഷിങ്ടണിൽ മൈക്രോ ക്രെഡിറ്റ് സമ്മിറ്റ് നടന്നു. അത് വിളിച്ചുചേർത്തത് സ്‌പെയിനിലെ സോഫിയ റാണി, മോൺസാന്റോ കമ്പനിയുടെ തലവൻ, ബംഗ്ലാദേശിലെ മൈക്രോ ലെൻഡിംഗ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനും നോബൽ സമ്മാനജേതാവുമായ മുഹമ്മദ് യൂനുസ് എന്നിവരായിരുന്നു. ഇതേതുടർന്നാണ് മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾ വരുന്നത്. 20 ബില്യൻ ഡോളർ ലോകബാങ്ക് ഇതിനായി മാറ്റിവച്ചു. ‘നിസ്വർക്ക് വായ്പ’ എന്ന കാമ്പയിൻ ശക്തമായി. എന്തുകൊണ്ടാണ് പാവപ്പെട്ടവർക്ക് വായ്പ കിട്ടാത്തത് എന്ന ചോദ്യത്തിന് ഇവർ നൽകിയ വിശദീകരണം കേൾക്കൂ: പല രാജ്യങ്ങളിലും അമിത പലിശ നിയന്ത്രണ നിയമങ്ങളുണ്ട്. ഇത് പിൻവലിച്ചാൽ എല്ലാവർക്കും വായ്പ കിട്ടും. വായ്പ കിട്ടാത്തതാണ് പ്രശ്‌നം, പലിശ പ്രശ്‌നമല്ല- ഇതായിരുന്നു അവരുടെ ഫിലോസഫി. അങ്ങനെയാണ് സെൽഫ് ഹെൽപ് ഗ്രൂപ്പുകളുണ്ടാകുന്നത്. അത് മുഖ്യധാരാ ബാങ്കുകളിൽനിന്ന് സാധാരണക്കാരെ അകറ്റി. സഹകരണപ്രസ്ഥാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ ഇതെല്ലാം നടക്കും. കേരളത്തിലെ സഹകരണ മേഖലക്കെതിരെ നടക്കുന്ന നീക്കങ്ങളെ ദേശീയ, അന്തർദേശീയ കോൺടെക്‌സ്റ്റിൽ കൂടി കാണേണ്ടതുണ്ട്.''

കുടുംബശ്രീ, സി.പി.എമ്മിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസിയാണെന്ന് ആരോപിക്കുന്ന ബി.ജെ.പി, സഹകാർ ഭാരതിയിലൂടെ ബി.ജെ.പി റിക്രൂട്ട്‌മെന്റ് തന്നെയാണ് ലക്ഷ്യമിടുന്നത്.

സഹകാർ ഭാരതി എന്ന
ആർ.എസ്.എസ് കെണി

കേരളത്തിലെ സഹകരണമേഖലയിൽ ചുവടുറപ്പിക്കാൻ സംഘ്പരിവാർ നടത്തുന്ന നീക്കങ്ങൾ നിർണായക ഘട്ടത്തിലാണ്. 2025-ൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സംഘങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.എസ്.എസിനു കീഴിലുള്ള സഹകാർ ഭാരതി പ്രവർത്തിക്കുന്നത്. സഹകാർ ഭാരതിയുടെ സ്ത്രീസ്വാശ്രയ കൂട്ടായ്മയായ അക്ഷയശ്രീ സംഘങ്ങളുടെ എണ്ണം 25,000 ആയി ഉയർത്താനും ലക്ഷ്യമിടുന്നു. മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളിലൂടെയും കാർഷിക ഉൽപാദന കമ്പനികളിലൂടെയും ചെറുകിട സംരംഭക ഗ്രൂപ്പുകളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും സഹകാർ ഭാരതി ഗ്രാമീണമേഖലയിൽ സമാന്തര സഹകരണ സ്ഥാപനങ്ങളുടെ വൻ ശൃംഘല തന്നെ സൃഷ്ടിക്കുന്നുണ്ട്. സഹകരണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതികൾ സഹകാർ ഭാരതിയുടെ കേരളത്തിലെ ലക്ഷ്യങ്ങൾ എളുപ്പം സാക്ഷാൽക്കരിക്കാൻ സഹായവുമാണ്. സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ തന്നെ അവയ്ക്ക് നിയമപരമായ നിലനിൽപ്പ് സാധ്യമാകുന്നതോടെ ഗ്രാമീണതലത്തിൽ ഇത്തരം സംഘങ്ങളുടെ വിശ്വാസ്യതയേറുമെന്നാണ് ആർ.എസ്.എസിന്റെ കണക്കുകൂട്ടൽ. കുടുംബശ്രീ, സി.പി.എമ്മിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസിയാണെന്ന് ആരോപിക്കുന്ന ബി.ജെ.പി, സഹകാർ ഭാരതിയിലൂടെ ബി.ജെ.പി റിക്രൂട്ട്‌മെന്റ് തന്നെയാണ് ലക്ഷ്യമിടുന്നത്.

സഹകരണ സ്ഥാപനങ്ങൾക്കെതിരെ ആർ.എസ്.എസിന് പ്രഖ്യാപിത നിലപാടാണുള്ളതെന്ന് എ.കെ. രമേശ് പറയുന്നു: ''2016-ൽ നോട്ടുനിരോധനസമയത്ത്, ബി.ജെ.പി നേതാവ് സുരേന്ദ്രൻ ഒരു ആരോപണമുന്നയിച്ചിരുന്നു; കടകംപള്ളി സഹകരണബാങ്കിൽ ശതകോടികളുടെ കള്ളപ്പണം ഇൻകംടാക്‌സ് കണ്ടെടുത്തു എന്ന്. ഞാൻ ബാങ്ക് ചെയർമാനെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല, ഇൻകം ടാക്‌സ് അവിടെ വന്നിട്ടേയില്ല. എന്തുകൊണ്ടാണ് സുരേന്ദ്രനെപ്പോലുള്ള നേതാക്കൾ ഇങ്ങനെ പറയുന്നത് എന്ന് ഞാൻ അന്വേഷിച്ചു. 2006 ജനുവരി ഒന്നിന്റെ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ മുഖലേഖനമായി ഒരു സക്‌സനേ എഴുതിയ ലേഖനം കണ്ടു: How far sesure എന്ന തലക്കെട്ടിൽ, നിങ്ങളുടെ ഡെപ്പോസിറ്റ് സഹകരണബാങ്കുകളിൽ സുരക്ഷിതമല്ല എന്നുപറഞ്ഞാണ് ലേഖനം. അത് വായിച്ചപ്പോൾ, ഒരു നേതാവ് ആകസ്മികമായി നടത്തിയ പ്രസ്താവനയല്ല സുരേന്ദ്രന്റേത് എന്ന് ബോധ്യമായി.''

നോർമലൈസേഷൻ ഇംപാക്റ്റ്

കേരള സഹകരണ നിയമത്തിന്റെ മൂന്നാം ഭേദഗതി, കരുവന്നൂരിലേതടക്കമുള്ള തട്ടിപ്പുകൾ മുന്നിൽ കണ്ടാണ് എന്ന് സഹകരണമന്ത്രി പറയുന്നുണ്ട്. ഭേദഗതി നിയമത്തിലുള്ള ടീം ഓഡിറ്റ് സംവിധാനം, വായ്പാസംഘങ്ങളുടെ ഭരണസമിതിയിൽ മൂന്നു തവണയിൽ കൂടുതൽ അംഗമായി തുടരാനാകില്ല, ചില സ്ഥാപനങ്ങളുടെ നിയമനം പി.എസ്.സിക്ക് വിടും തുടങ്ങിയ വ്യവസ്ഥകൾ നല്ലതാണെങ്കിലും സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ജനവിരുദ്ധമായ പവർ പൊളിറ്റിക്‌സ് ശക്തമായി നിലനിൽക്കുന്നിടത്തോളം ഏതു ഭേദഗതിയും, കരുവന്നൂർ ബാങ്കിലെ ബ്ലാങ്ക് മിനിറ്റ്‌സുകൾ പോലെയായിരിക്കും.

സാധാരണക്കാരായ നിക്ഷേപകരുടെ ആശങ്ക തീർക്കാൻ വിശ്വാസ്യയോഗ്യമായ ഒരുറപ്പും നൽകാതെ, സംശയത്തിന്റെ നിഴലിൽനിൽക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച്, കരുവന്നൂർ ബാങ്ക് കൊള്ള നോർമലൈസ് ചെയ്യാൻ സി.പി.എമ്മും സർക്കാറും നടത്തുന്ന ശ്രമങ്ങളാണ്, ഇപ്പോൾ കേരളത്തിലെ സഹകരണ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. തൃശൂർ ജില്ലയിൽ അന്വേഷണവിധേയമായ സഹകരണ ബാങ്കുകളിൽനിന്നടക്കം നിക്ഷേപം പിൻവലിക്കാൻ നിക്ഷേപകർ കൂട്ടമായി എത്തുന്നതിന്റെ റിപ്പോർട്ടുകൾ, ഈ നോർമലൈസേഷൻ ശ്രമങ്ങളുമായി ബന്ധപ്പെടുത്തി വായിക്കണം. ഈ അവിശ്വാസം മുകളിൽ സൂചിപ്പിച്ച സമാന്തര സഹകരണ അധോലോകത്തിന്റെ നുഴഞ്ഞുകയറ്റം സുഗമമാക്കും. അത് വലിയ സാമ്പത്തിക ചൂഷണത്തിലേക്കായിരിക്കും കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ എത്തിക്കുക.

Comments