ഇത് കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം, കേന്ദ്രത്തിന്റെ കൊടുംചതി

2000 കോടി ധനസഹായം ചോദിച്ചിട്ട് 530 കോടിയുടെ വായ്പ അനുവദിച്ചത് തന്നെ കടുത്ത അനീതിയാണ്. അതിനുപുറമെ അനുവദിച്ച വായ്പ മാർച്ച് 31 നകം ചെലവഴിക്കണമെന്നുമുണ്ട് കേന്ദ്ര നിർദേശം. ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരിധിവാസത്തിന് ആവശ്യപ്പെട്ട സഹായധനത്തിന് പകരം ഉപാധികളോടെയുള്ള വായ്പ പ്രഖ്യാപനത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ടം തന്നയാൾ തരുന്ന തുക ഒരു മാസത്തിനകം ചെലവഴിക്കണമെന്ന് ഉപാധിവെക്കുന്ന കേട്ടുകേൾവിയില്ലാത്ത പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യവകുപ്പിൽ നിന്ന് ഉണ്ടായത്. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ 2000 കോടി അടിയന്തര ധനസഹായം ആവശ്യപ്പെട്ട കേരളത്തെ ആറ് മാസങ്ങൾക്കിപ്പുറം കടം തന്ന് ചതിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. അതും കേട്ടുകേൾവിപോലുമില്ലാത്ത അപ്രായോഗിക നിബന്ധനകളാൽ ബന്ധിപ്പിച്ച 530 കോടി. ഒന്നരമാസം കൊണ്ട് പണം വിനിയോഗിക്കണമെന്നാണ് കേന്ദ്ര നിർദേശം. ദുരന്തം സംഭവിച്ചത് മുതൽ ഒരു സംസ്ഥാന സർക്കാരിനോട് കാണിക്കേണ്ട യാതൊരു പരിഗണനയും കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ലഭിച്ചിരുന്നില്ല. ആറ് മാസമായി തുടരുന്ന കേന്ദ്ര അവഗണനയുടെയും ചതിയുടെയും ഏറ്റവും ഒടുവിലെ ചിത്രമാണ് അപ്രായോഗിക നിബന്ധനകളോടെ പ്രഖ്യാപിച്ച വായ്പ. കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത് വായ്പ മാത്രമാണ്. അതായത് തിരിച്ചടക്കേണ്ട തുക. ഒരു രൂപ പോലും സഹായം പ്രഖ്യാപിക്കാതെ ശത്രുക്കളോടെന്ന പോലെ സംസ്ഥാനത്തെ വീണ്ടും വീണ്ടും സമ്മർദ്ദത്തിലാഴ്ത്തുകയാണ് കേന്ദ്ര സർക്കാർ.

കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം

ഒരു നാട് മുഴുവൻ ഒലിച്ചില്ലാതായിട്ടും കേരളത്തെ ശത്രുതാമനോഭാവത്തിൽ കണ്ട് ഒരു രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കുള്ള കേവല പരിഗണനപോലും നൽകാതെ പെരുമാറുന്ന കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയഭേദമെന്യേ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 530 കോടിയുടെ വായ്പ കേന്ദ്ര സഹായമല്ലെന്ന ഉറപ്പോടെ വായ്പയായി കേരളം സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

“കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും കിട്ടാത്ത സാഹചര്യത്തിലാണ് വായ്പ പ്രഖ്യാപിച്ചിരുന്നത്. അത് തന്നെ വലിയ നിബന്ധനകളോടെയാണ് വായ്പ പ്രഖ്യാപിച്ചത്. ഇത് ലോണാണ്. മാർച്ച് 31 നകം വിനിയോഗിക്കണമെന്നാണ് ഇതിൽ പറയുന്നത്. സർക്കാർ ഇതിനെ രണ്ട് തരത്തിലാണ് കാണുന്നത്. മാനം പണയം വെക്കാതെ കിട്ടുന്ന ഏത് പണവും സർക്കാർ വിനിയോഗിക്കും. ജോർജ് കുര്യൻ പറഞ്ഞ പോലെ പാപ്പരാണെന്നൊന്നും പറയാൻ പറ്റില്ല, അതൊഴിച്ച് എങ്ങനെ കിട്ടിയാലും സ്വീകരിക്കാം എന്നതാണ് കേരളത്തിന്റെ നിലപാട്. ഇത് കേന്ദ്ര സഹായമല്ല എന്ന ഉറപ്പോടെ തിരിച്ചടക്കാനുള്ള വായ്പയായി ഉൾപെടുത്തി ഈ തുക കേരളം സ്വീകരിക്കും. പി.ഡബ്യൂ.ഡി പോലെയുള്ള ഏതെങ്കിലും വകുപ്പിന് ഈ തുക കൈമാറി മാർച്ച് 31 നകം തുക വിനിയോഗിച്ചതായി കാണിക്കാൻ പറ്റുമോയെന്ന് ആലോചിക്കുന്നുണ്ട്. ഒന്നരമാസം കൊണ്ട് ഇത്രയും വലിയ തുക ചെലവഴിക്കാൻ സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഈ വായ്പ എങ്ങനെ വിനിയോഗിക്കാമെന്ന് ആലോചിക്കാൻ ധനകാര്യ - റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്ത് വഴിയുണ്ടെങ്കിലും അത് ഉപയോഗിക്കണമെന്നാണ് കരുതുന്നത്.” - കെ.രാജൻ പറയുന്നു.

കെ.രാജൻ
കെ.രാജൻ

ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരിധിവാസത്തിന് ആവശ്യപ്പെട്ട സഹായധനത്തിന് പകരം ഉപാധികളോടെയുള്ള വായ്പ പ്രഖ്യാപനത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കേരളത്തിന് കേന്ദ്രം വായ്പയല്ല സഹായമാണ് നൽകേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അർഹമായ സഹായം നൽകാൻ കേന്ദ്രം ഇത് വരെ തയ്യാറായിട്ടില്ലെന്നും വായ്പ സഹായത്തിന് പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2000 കോടി സഹായം ചോദിച്ചിട്ട് അത് തരാതെ 530 കോടി കടമായി തരുന്നത് കേരളത്തെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു.

ഒന്നരമാസത്തിനകം വിനിയോഗ സർട്ടിഫിക്കറ്റ് നൽകണമെന്ന നിബന്ധന വയനാട് പുനർനിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞത്. സമയപരിധിക്കുള്ളിൽ പണം പൂർണമായും വിനിയോഗിക്കുക എന്നത് പ്രായോഗികമല്ലെങ്കിലും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ.എൻ ബാലഗോപാൽ പറയുന്നു.

കേന്ദ്രത്തിന്റെ ഈ നടപടി കേരളത്തെ കളിയാക്കുന്നതും അവഹേളിക്കുന്നതുമാണെന്നാണ് ഡോ.തോമസ് ഐസക് പറഞ്ഞത്. “ഗ്രാന്റ് ചോദിച്ചപ്പോൾ വായ്പയാണ് തന്നത്. പ്രതിഷേധത്തോടെ വായ്പ സ്വീകരിക്കും. കേന്ദ്രമനുഭവിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ആന്ധ്ര അടക്കമുള്ളവർക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ദീർഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിത്. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും.” - തോമസ് ഐസക് പറയുന്നു.

ജൂലൈ 30 നു ദുരന്തം സംഭവിച്ചത് മുതൽ കേരളത്തെ പൂർണമായും അവഗണിച്ച് ഒരു രൂപ പോലും അടിയന്തര സഹായം അനുവദിക്കാതെ ദുരന്തമുഖത്തും ശത്രുരാജ്യത്തോടെന്ന പോലെയായിരുന്നു കേന്ദ്രം പെരുമാറിയത്. കേരളത്തിന്റെ ആവശ്യങ്ങളെ പൂർണമായും നിരാകരിക്കുന്ന നിലപാടാണ് തുടക്കം മുതൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നത്.

ദുരന്തം സംഭവിച്ച് പതിനൊന്നാം നാൾ അതായത് ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. ദുരിതബാധിതരെ നേരിൽ കണ്ട് സംസാരിച്ചു. നിങ്ങൾ ഒറ്റക്കല്ലെന്നും എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് കുറേയധികം ഫോട്ടോസുമെടുത്ത് അദ്ദേഹം മടങ്ങി.

ദുരന്തം സംഭവിച്ച് പതിനൊന്നാം നാൾ അതായത് ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി.
ദുരന്തം സംഭവിച്ച് പതിനൊന്നാം നാൾ അതായത് ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി.

2024 ജൂലൈ 30-ന് ദുരന്തമുണ്ടായ ഉടനെ ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നും ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടത് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടിൽനിന്നാണെന്നുമാണ് ആ കത്തിൽ പറയുന്നത്. തുടർന്ന് ഡിസംബറിലാണ് കേരളത്തിന്റെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചത്. ധനമന്ത്രി നിർമല സീതാരാമനുമായി കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസുമായി നടത്തിയ ചർച്ചയിലും വയനാട്ടിൽ ഉരുൾപൊട്ടൽ മേഖലയ്ക്കുള്ള ധനസഹായ പാക്കേജ് അനുവദിക്കുമെന്ന് വീണ്ടും ഉറപ്പു നൽകിയിരുന്നു. പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്നാണ് ധനമന്ത്രി അന്ന് അറിയിച്ചത്. ഇത്രയെല്ലാം ചെയ്തിട്ടും നിർമല സീതാരമൻ അവതരിപ്പിച്ച 2025-26 വർഷത്തെ കേന്ദ്ര ബജറ്റിൽ വയനാട് എന്ന പരാമർശം പോലുമുണ്ടായില്ലെന്നും ചേർത്തു വായിക്കേണ്ടതാണ്. കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും അവിടെയും നിരാശ തന്നെയായിരുന്നു ഫലം.

കേന്ദ്രം പ്രഖ്യാപിച്ച അപ്രായോഗിക വായ്പ

ദുരന്തം സംഭവിച്ച് ആറ് മാസങ്ങൾക്കിപ്പുറവും ദുരന്തം വിതച്ച നഷ്ടങ്ങളിൽ നിന്ന് കരകയറിയിട്ടില്ലാത്ത സംസ്ഥാനത്തിന് ഉപാധികളോടെ 529.50 കോടി വായ്പ അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2000 കോടി കേന്ദ്ര സഹായം ആവശ്യപ്പെട്ട സംഭവിത്തിലാണ് ഒരു രൂപ പോലും ഗ്രാന്റ് അനുവദിക്കാതെയുള്ള വായ്പ പ്രഖ്യാപനം. അതായത് തരുന്നതത്രയും കേരളം തിരിച്ചടക്കണമെന്ന് സാരം. 529.50 കോടിയുടെ പലിശയില്ലാ വായ്പയാണ് കേരളത്തിനായി കേന്ദ്രം ഇപ്പോൾ പ്രഖ്യാപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ചിട്ടുമുണ്ട്. 2000 കോടി ധനസഹായം ചോദിച്ചിട്ട് 530 കോടിയുടെ വായ്പ അനുവദിച്ചത് തന്നെ കടുത്ത അനീതിയാണ് അതിനുപുറമെ അനുവദിച്ച വായ്പ മാർച്ച് 31 നകം ചെലവഴിക്കണമെന്നുമുണ്ട് കേന്ദ്ര നിർദേശം. അക്ഷരാർഥത്തിൽ അനീതിക്ക് മേൽ അനീതി കാണിച്ച് രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സംസ്ഥാനത്തെ ചേർത്ത് നിർത്തുന്നതിന് പകരം എങ്ങിനെയെല്ലാം പ്രതിസന്ധിയിലാക്കാമെന്നാണ് ഇപ്പോഴും കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഉപാധികളില്ലാത്ത കേന്ദ്ര സഹായം ആവശ്യപ്പെട്ട കേരളത്തിന് ഒടുവിൽ കടുത്ത ഉപാധികളോടെയുള്ള വായ്പ. കേരളത്തോടും മുണ്ടക്കൈ ദുരിതബാധിതരോടുമുള്ള കേന്ദ്ര സർക്കാർ സമീപനത്തിൽ ദുരന്തം സംഭവിച്ച് ആറ് മാസങ്ങൾക്കിപ്പുറവും മാറ്റങ്ങളൊന്നുമുണ്ടായില്ലെന്ന് ചുരുക്കം.

16 പുനർനിർമാണ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ സഹായം പ്രഖ്യാപിച്ചത്. കെട്ടിട നിർമാണം, സ്‌കൂൾ നവീകരണം, റോഡ് നിർമാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ തുടങ്ങിയ പദ്ധതികൾക്കായി ഈ പണം വിനിയോഗിക്കാം. ടൗൺഷിപ്പിനായും പണം വിനിയോഗിക്കാം. സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവിന് 50 വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. വായ്പ മൂലധന നിക്ഷേപ സഹായത്തിൽ ഉൾപെടുത്തുമ്പോഴും ദുരന്തപ്രധികരണ നിധിയിൽ നിന്നുള്ള കേന്ദ്രസഹായധനം ഇപ്പോഴും വട്ടപ്പൂജ്യം തന്നെയാണ്. ഇപ്പോൾ അനുവദിച്ച വായ്പ പോലും ദുരന്തനിവാരണത്തിനായുള്ള വകയിരുത്തലോ വായ്പയോ അല്ല. കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളിലെ പ്രത്യേക മൂലധന നിക്ഷേപത്തിനായുള്ള വകയിരുത്തലിൽ ഉൾപ്പെടുത്തിയാണ് കേട്ടുകേൾവിപോലുമില്ലാത്ത ഉപാധികളോടെയുള്ള 530 കോടിയുടെ വായ്പ.

2024 - 25 വർഷത്തെ സംസ്ഥാനങ്ങളുടെ എസ്.ഡി.ആർ.എഫ് വിഹിതം.
2024 - 25 വർഷത്തെ സംസ്ഥാനങ്ങളുടെ എസ്.ഡി.ആർ.എഫ് വിഹിതം.

വായ്പ ഒന്നരമാസത്തിനകം വിനിയോഗിക്കണമെന്ന കേന്ദ്രത്തിന്റെ വ്യവസ്ഥയിൽ ഇളവ് തേടാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഭവനനിർമാണത്തിന് 1113.25 കോടി, റോഡ്, പാലം എ്ന്നിവക്ക് 267.62 കോടി കൃഷിക്ക് 128.23 കോടി ദുരന്തം കുറയ്ക്കാൻ 271.81 കോടി ആരോഗ്യസംരക്ഷണത്തിന് 76.81 കോടി സ്‌കൂളടക്കമുള്ള അടിസ്ഥാന വികസനത്തിന് 363.31 കോടി എന്നിങ്ങനെ 2221.03 കോടിയാണ് കേരളം കേന്ദ്രത്തോട് ഗ്രാന്റായി ആവശ്യപ്പെട്ടത്. നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയാണ് കേരളം ഈ തുക ആവശ്യപ്പെട്ടത്. അതേ സമയം യാതൊരു റിപ്പോർട്ടിന്റെയും ബലമില്ലാതെ ഇക്കാലയളവിൽ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രഖ്യാപിച്ച കോടികളുടെ കണക്ക് കേരളത്തോടുള്ള കേന്ദ്ര അവഗണന വെളിവാക്കുന്നതാണ്. മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയും ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ മുൻകരുതലായി ബിഹാറിന് 11500 കോടി രൂപയും സഹായമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരാണ് കേരളത്തിനോട് വലിയ അവഗണന കാണിക്കുന്നത്.

ത്രിപുരക്ക് 40 കോടി ധനസഹായം നൽകിയപ്പോൾ അവിടെ കേന്ദ്ര സംഘത്തിന്റെ പരിശോധന പോലും ആരംഭിച്ചിട്ടില്ലെന്ന് കെ.രാജൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനാപൂർണവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ വലിയ ജനകീയപ്രതിഷേധം ഉയരും. മാർച്ച് 31 നകം പൂർണമായും ഈ തുക വിനിയോഗിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഞങ്ങൾ പറയും. എല്ലാ ആഴ്ചയും കോടതി ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്. കോടതി ചോദിച്ചാൽ കോടതിയോടും ഇക്കാര്യങ്ങൾ പറയും. പരമാവധി സമയം ലഭ്യമാക്കാനും ഉള്ളത് ഉപയോഗിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഈ വായ്പ തന്നെ കേരളത്തിന്റെ ബോറോയിങ് ലിമിറ്റിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. പക്ഷെ നമുക്ക് ഇതല്ലാതെ വേറെ വഴിയില്ല. ത്രിപുരക്ക് 40 കോടി ധനസഹായം നൽകിയപ്പോൾ അവിടെ കേന്ദ്ര സംഘത്തിന്റെ പരിശോധന പോലും ആരംഭിച്ചിട്ടില്ല. ആ കൊടുത്തത്ത് അടിയന്തര സഹായമാണ്. എന്നാൽ കേരളത്തോട് തികച്ചും ധിക്കാരപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേരളത്തിൽ നിന്ന പോയ കേന്ദ്രമന്ത്രിമാർ പോലും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്.”

മുണ്ടക്കൈ ദുരന്തഭൂമി
മുണ്ടക്കൈ ദുരന്തഭൂമി

ജൂലൈ 30 മുതൽ തുടരുന്ന അനീതി

ദുരന്തം സംഭവിച്ച് ആദ്യസമയം മുതൽ കേന്ദ്രത്തിന്റെ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കെ.രാജൻ പറയുന്നു.

“ജൂലൈ 30 ന് ദുരന്തമുണ്ടായതിന് ശേഷം ഓഗസ്റ്റ് 10 ന് കേരളത്തിലേക്ക് കേന്ദ്ര സംഘം സന്ദർശനം നടത്തുകയും ഓഗസ്റ്റ് 11 രാജ്യത്തിന്റെ പ്രധാനമന്ത്രി സന്ദർശനം നടത്തുകയും ചെയ്തു. ഈ രണ്ട് സംഘത്തിന് മുന്നിലും കേരളം കേരളത്തിന്റെ നഷ്ടത്തെ കുറിച്ച് പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയും കേരളം സന്ദർശിച്ച കേന്ദ്ര സംഘവും ഉപദേശിച്ചതനുസരിച്ച് കേരളം മെമ്മോറാണ്ടം നൽകുകയും ചെയ്തു. ഓഗസ്റ്റ് 17 നാണ് ഈ മെമ്മോറാണ്ടം പൂർത്തീകരിച്ചത്. യഥാർത്ഥത്തിൽ ആ സമയത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളും ഒരു ഘട്ടംപോലും പൂർത്തിയായിരുന്നില്ല. എങ്കിലും പ്രധാനമന്ത്രിയും കേന്ദ്ര സംഘവും നിർദേശിച്ചതനുസരിച്ച് അടിയന്തര സഹായത്തിന് മൂന്ന് ആവശ്യങ്ങളോട് കൂടിയുള്ള മൊത്തം നഷ്ടത്തിന്റെ എസ്റ്റിമേറ്റഡ് കണക്ക് തയ്യാറാക്കി. ഇത് വരെ ചെലവഴിച്ചതും ഇനി ചെലവഴിക്കേണ്ടി വരുമെന്ന് ഈ ഘട്ടത്തിൽ പറയേണ്ടിവരുന്നതായ സംഖ്യ 1202 കോടി രൂപയാണെന്ന് കാണിച്ച് ഓഗസ്റ്റ് 17 മെമ്മോറാണ്ടം നൽകി. മൂന്ന് കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. ഒന്ന് ഈ ദുരന്തത്തെ എൽ.3 വിഭാഗത്തിലുള്ള ദുരന്തത്തിൽ പെടുത്തുക. രണ്ട്, 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിതള്ളുക. മൂന്ന് എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങളല്ലാതെ അഡീഷണൽ അസിസ്റ്റൻസ് തരിക. ഈ മൂന്ന് ആവശ്യങ്ങളായിരുന്നു കേരളം ഉന്നയിച്ചത്. പിന്നീട് അപേക്ഷ കൊടുക്കുകയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പലതവണ കാണുകയും കെ.ടി തോമസ് ധനമന്ത്രിയെ നേരിൽ കാണുകയും എല്ലാം ചെയ്തു. ഇതിനിടിയിൽ ഓഗസ്റ്റ് 13 ന് പുതിയൊരു വിൻഡോ എൻ.ഡി.എം.എ ( National Disaster Management Authortiy ) ഓപ്പൺ ചെയ്തു. അതായത് റിക്കവറി ആൻഡ് റികൺസ്ട്രക്ഷൻ വിൻഡോ. ഇത് നേരത്തെ ഉണ്ടാവണമെന്ന് 2018 ൽ തന്നെ കേരളം പറഞ്ഞിരുന്നതാണ്. അന്നൊന്നും അവരത് കേട്ടില്ല. ഇത് ഓപ്പൺ ചെയ്തപ്പോൾ അതിൽ പറയുന്നത് ഒരു സംസ്ഥാനത്ത് ഒരു ദുരന്തം സംഭവിച്ചാൽ മൂന്ന് മാസത്തിനകം പുനർനിർമാണത്തിന് എത്ര തുകവരും എന്ന് കാണിക്കുന്ന പി.ഡി.എൻ.എ ( Post-Disaster Needs Assessmetn ) സമർപ്പിക്കണമെന്നാണ്. കേരളം മൂന്ന് മാസം തികയുന്നതിന് മുമ്പ് നവംബർ 13 ന് ഇത് സമർപ്പിച്ചു. പുനർനിർമാണത്തിന് വേണ്ടി 2202 കോടി രൂപ വരുമെന്ന എക്‌സ്‌പെൻഡീച്ചർ അസസ്‌മെന്റ് സമർപ്പിച്ചു. ഇതിന് രണ്ടിനും ഇത്ര കാലമായിട്ടും മറുപടി ഉണ്ടായിട്ടില്ല. ഏറ്റവും ആക്ഷേപകരമായ സംഭവങ്ങളിലൊന്ന് കേന്ദ്ര സംഘം ദുരന്തസ്ഥലം സന്ദർശിച്ച് ഈ ദുരന്തം ഏത് കാറ്റഗറിൽ പെടുന്നത് എന്നതിനുള്ള പരിശോധന നടത്തി ഈ ദുരന്തം ഏത് വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞാൽ നമുക്ക് ഈ സഹായം കിട്ടുമായിരുന്നു. ഒരു മാസത്തിനുള്ളിൽ കേന്ദ്ര സംഘം ഇത് തയ്യാറാക്കി എന്നതാണ് ഞങ്ങളുടെ അറിവ്. ഈ റിപ്പോർട്ട് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഹൈലെവൽ കമ്മിറ്റി ഇത് പരിശോധിക്കണം. ദുരന്തം സംഭവിച്ച് ഒരുമാസം കഴിഞ്ഞ് തയ്യാറാക്കിയ റിപ്പോർട്ട് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഹൈലെവൽ കമ്മിറ്റി ഇത് പരിശോധിച്ചത്. ഹൈലെവൻ കമ്മിറ്റി വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. പക്ഷെ അത് കേരളത്തെ അറിയിക്കാൻ പിന്നെയും രണ്ട് മാസമെടുത്തു. കൃത്യമായി പറഞ്ഞാൽ 154 ദിവസം കഴിഞ്ഞാണ് വയനാട് ഉരുൾപൊട്ടൽ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. ഈ 154 ദിവസത്തിനുള്ളിൽ ലോകത്ത് വേറെയും ദുരന്തങ്ങൾ സംഭവിച്ചു. യഥാർഥത്തിൽ ഈ റിപ്പോർട്ട് ചൂടേറിയ സമയത്ത് വന്നിരുന്നുവെങ്കിൽ ഐക്യരാഷ്ട്രസഭയുടെയടക്കം സഹായം കിട്ടുന്നതിനുള്ള അവസരം ഇത് വഴി നഷ്ടപ്പെട്ടു.”

ജൂലൈ 30 ന് ദുരന്തം സംഭവിച്ചത് മുതൽ സമാനതകളില്ലാത അവഗണനയാണ് കേന്ദ്രസർക്കാർ കേരളത്തോട് ചെയ്യുന്നത്. ആറു മാസങ്ങൾക്കിപ്പുറവും ഒരു രൂപപോലും സഹായം പ്രഖ്യാപിക്കാതെ കടുത്ത നിയന്ത്രണ ഉപാധികളോടെ കുറഞ്ഞ തുക വായ്പ അനുവദിച്ച് സംസ്ഥാനത്തോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ കടുത്ത അനീതി നിറഞ്ഞ അവഗണന വയനാട് ദുരന്തത്തിന്റെ ഓർമകളോടൊപ്പം ചേർത്തുവായിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം മാറ്റമില്ലാതെ തുടരുന്ന കേന്ദ്രത്തിന്റെ കടുത്ത അവഗണനക്കെതിരെ കേരളം ഒന്നിച്ച് നിൽക്കുകയും വേണം.

Comments