കേരളം
വലിച്ചെറിഞ്ഞു കളയുന്ന
മാലിന്യ സംസ്കരണ ചർച്ച

ബ്രഹ്മപുരത്തും വിളപ്പിൽശാലയിലും കേരളീയസമൂഹം അവസാനിപ്പിച്ച മാലിന്യ സംസ്​കരണത്തെയും പുറന്തള്ളലിനെയും കുറിച്ചുള്ള ചർച്ച തുടരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മാലിന്യത്തെ വലിച്ചെറിയപ്പെടേണ്ട വസ്​തു മാത്രമായി കാണാതെ, പുനഃപ്രയോഗസാധ്യതകൾ, അതുണ്ടാക്കുന്ന പരിസ്​ഥിതി ആഘാതം, മാലിന്യത്തിന്റെ ഘടനാപരമായ പ്രത്യേകതകൾ എന്നിവ പഠിക്കുന്ന മാലിന്യശാസ്​ത്രസമീപനം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്- ​മാലിനി എസ്. പ്രസാദ്, ഡോ. പ്രിയ കെ. നായർ എന്നിവർ എഴുതുന്നു.

വികസിത കേരളം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് മാലിന്യസംസ്​കരണം. വ്യവസായവൽക്കരണവും നഗരവൽക്കരണവും മൂലം മാലിന്യത്തിന്റെ പുറന്തള്ളൽ കൂടുകയും എന്നാൽ അതനുസൃതമായുള്ള സംസ്​കരണ ശാലകളില്ലാത്തതും കേരളത്തെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്.

കേരളം പോലെ, പലതരം ഭൂപ്രകൃതിയുള്ള സ്​ഥലപരിമിതമായ സംസ്​ഥാനത്ത്, മാലിന്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രാധാന്യമേറുന്നതിനുകാരണം, മാറിവരുന്ന സാമൂഹിക- രാഷ്ട്രീയ- പാരിസ്​ഥിതിക വ്യത്യാസങ്ങളാണ്. ബ്രഹ്മപുരത്തും വിളപ്പിൽശാലയിലും കേരളീയസമൂഹം അവസാനിപ്പിച്ച മാലിന്യ സംസ്​കരണത്തെയും പുറന്തള്ളലിനെയും കുറിച്ചുള്ള ചർച്ച വീണ്ടും തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

കേരളത്തിൽ മാലിന്യ നിർമാർജ്ജനത്തിന് നിരവധി നിയമങ്ങളുണ്ട്. അത് പ്രാവർത്തികമാക്കുന്ന ഘട്ടത്തിലാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. 2023- ൽ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം മാലിന്യസംസ്​കരണ സംവിധാനത്തിൽ വരുത്തേണ്ട പരിഷ്കരണങ്ങളുടെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. പാരമ്പര്യമായി കെട്ടിക്കിടക്കുന്ന ഏകദേശം എട്ട് ലക്ഷം ടൺ മാലിന്യം കത്തിനശിച്ചതിനോടൊപ്പം, അതിൽ നിന്നുണ്ടായ വിഷപദാർത്ഥങ്ങൾ വ്യാപകമായി അന്തരീക്ഷത്തിലേക്ക് പടർന്നു. അത് മനുഷ്യാരോഗ്യത്തിനും പരിസ്​ഥിതിക്കും ദീർഘകാലാടിസ്​ഥാനത്തിൽ ഭീഷണിയുണ്ടാക്കുമെന്ന മുന്നറിയിപ്പുണ്ടായി. അതിന്റെ പ്രത്യാഘാതം നമ്മൾ നേരിട്ട് കണ്ടറിഞ്ഞതാണ്.

സാങ്കേതിക പരിഹാരങ്ങൾ മാത്രം ഉപയോഗിച്ചുള്ള മാലിന്യ നിർമ്മാർജ്ജനമല്ല കേരളത്തിനാവശ്യം, മറിച്ച് പ്രാദേശിക അറിവുകളും മാലിന്യ പരിപാലന ശാസ്​ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള നൂതന സമീപനമാണ് കാലഘട്ടത്തിനാവശ്യം. ഇതിനുപുറമെ, മാലിന്യത്തെ വലിച്ചെറിയപ്പെടേണ്ട വസ്​തു മാത്രമായി കാണാതെ, പുനപ്രയോഗ സാധ്യതകൾ, അതുണ്ടാക്കുന്ന പരിസ്​ഥിതി ആഘാതം, മാലിന്യത്തിന്റെ ഘടനാപരമായ പ്രത്യേകതകൾ എന്നിവ പഠിക്കുന്ന മാലിന്യ ശാസ്​ത്ര സമീപനം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

2023- ൽ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം മാലിന്യസംസ്​കരണ സംവിധാനത്തിൽ വരുത്തേണ്ട പരിഷ്കരണങ്ങളുടെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു.
2023- ൽ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം മാലിന്യസംസ്​കരണ സംവിധാനത്തിൽ വരുത്തേണ്ട പരിഷ്കരണങ്ങളുടെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു.

നിരോധനം മറികടക്കുന്ന പ്ലാസ്റ്റിക്

മനുഷ്യനിർമ്മിത മാലിന്യങ്ങളെ പലതായി തിരിച്ചിട്ടുണ്ട്. കേരളത്തിൽ പ്രധാനമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പ്ലാസ്​റ്റിക്, ഇ–വേസ്​റ്റ്, പുറന്തള്ളപ്പെടുന്ന ജലമാലിന്യങ്ങൾ, ഖരമാലിന്യങ്ങൾ എന്നിവയാണ്. പ്ലാസ്​റ്റിക്കിന്റെ ഉപയോഗവും അതിനുശേഷമുള്ള വലിച്ചെറിയലുമാണ് 2020-ൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ സംസ്​ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. എന്നാൽ പോലും പ്ലാസ്​റ്റിക് ഉപയോഗവും വലിച്ചെറിയലും അവസാനിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഷോപ്പിംഗ് മാളുകളിലും തുണിക്കടകളിലും ഹോട്ടലുകളിലും പ്ലാസ്​റ്റിക് ബാഗുകളും കവറുകളും ഇപ്പോഴും വിവിധ അളവുകളിലും വലിപ്പത്തിലും ലഭ്യമാണ്. പ്ലാസ്​റ്റിക് സഞ്ചികളുടേയും ബാഗുകളുടേയും നിലവാരത്തകർച്ചയും പുനരുപയോഗത്തിന് സാധ്യമല്ലാത്തതും അധികപ്പണം ഈടാക്കലും പ്ലാസ്​റ്റിക്ക് തന്നെ ഉപയോഗിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു. മികച്ച ഗവേഷണങ്ങളിലൂടെ പരിസ്​ഥിതിക്ക് യോജിക്കുന്നതും ദീർഘകാലാടിസ്​ഥാനത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ പ്ലാസ്​റ്റിക് ഇതര ബാഗുകൾ സർക്കാരിനുതന്നെ ഉല്പാദിപ്പിക്കാവുന്നതാണ്. പൊതുവിതരണ സമ്പ്രദായം വഴി റേഷൻ കടകൾ വഴി സബ്സിഡിയോടെ ഇത് നൽകാവുന്നതാണ്. ഇതിനായി സ്വകാര്യ കമ്പനികളുമായി ചേർന്ന് സർക്കാരിന് പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. ജൈവമാലിന്യ സംസ്​കരണ പ്ലാൻ്റ് സ്​ഥാപിക്കുന്നവർക്ക് അഞ്ച് ശതമാനം സ്വത്ത് നികുതി ഇളവ് നൽകുന്നതുപോലെ ഈ മേഖലയിലേക്ക് കടന്നുവരുന്ന വ്യക്തികൾക്കോ സ്വകാര്യ സ്​ഥാപനങ്ങൾക്കോ നികുതി ഇളവ് അനുവദിക്കാവുന്നതാണ്.

വിനോദ സഞ്ചാരമേഖലയിലെ മാലിന്യപ്രശ്നം

വിനോദസഞ്ചാരമേഖലയിലെ ഖരമാലിന്യ സംസ്​കരണവും പ്ലാസ്​റ്റിക് ഉപയോഗവും ഇതോടൊപ്പം ചർച്ച ചെയ്യേണ്ടതാണ്. ഉപയോഗശേഷം ജലാശയങ്ങളിലേക്കും ഒഴിഞ്ഞ സ്​ഥലങ്ങളിലേക്കും വലിച്ചെറിയുന്ന മാലിന്യം പലപ്പോഴും ശേഖരിക്കപ്പെടാതെ പോകുന്നു. തീർത്ഥാടന സമയങ്ങളിൽ മാലിന്യ കൂമ്പാരങ്ങളാണ് രൂപപ്പെടുന്നത്. ശബരിമല, കൊട്ടിയൂർ ഉൾപ്പെടെയുള്ള പരിസ്​ഥിതിലോല പ്രദേശങ്ങളിൽ നിലകൊള്ളുന്ന തീർത്ഥാടന കേന്ദ്രങ്ങൾക്ക് ഭീഷണിയാണിത്.

ഉപയോഗശേഷം വലിച്ചെറിയുന്ന വസ്​ത്രങ്ങൾ, പേപ്പറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവ മണ്ണിൽ ലയിക്കാതെ പരിസ്​ഥിതിക്ക് ഹാനികരമായി നിലകൊള്ളുന്നു. പലപ്പോഴും ഇവ വന്യമൃഗങ്ങൾ ഭക്ഷിക്കുകയും അവരുടെ ജീവൻ അപകടത്തിലാകുകയും ചെയ്യുന്നു. ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ അക ക്യാമറകൾ സ്​ഥാപിച്ചതുപോലെ AI അധിഷ്ഠിത CCTV ക്യാമറകൾ വനങ്ങളിലും മാലിന്യങ്ങൾ തള്ളാൻ സാധ്യതയുള്ള സ്​ഥലങ്ങളിലും സ്​ഥാപിക്കാവുന്നതാണ്. മാത്രമല്ല, ഇത്തരം നിയമലംഘകരെ കണ്ടുപിടിക്കാനും മാലിന്യം എവിടെയുണ്ടെന്ന് മനസ്സിലാക്കാനും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ തുടങ്ങാം. ഇതിനായി സർക്കാരിന് സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിക്കാം. മാലിന്യം തള്ളുന്നതും അത് എവിടെയുണ്ടെന്ന് മനസ്സിലാക്കി ഉടൻതന്നെ നിർമ്മാർജ്ജനം ചെയ്യുന്നതിനായി GPS അധിഷ്ഠിത ആപ്പുകൾ നിർമ്മിക്കാവുന്നതാണ്.

നിർമാണ- പൊളിക്കൽ മാലിന്യം കൂടുന്നു

നഗരവൽക്കരണവും ദേശീയപാതാവികസനവും കേരളത്തിൽ നിർമ്മാണ–പൊളിക്കൽ മാലിന്യത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികുകളിലും ജലാശയങ്ങളിലും ഒഴിഞ്ഞ സ്​ഥലങ്ങളിലും കാണപ്പെടുന്നത് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. നിർമ്മാണാവശിഷ്​ടങ്ങൾ കൊണ്ട് തണ്ണീർത്തടങ്ങളും വയലുകളും നികത്തുന്നത് ഗുരുതര പാരിസ്​ഥിതിക പ്രശ്നങ്ങൾക്ക് കാരണമായിത്തീരുന്നു.

നിർമ്മാണമേഖലയിൽ നിന്നുള്ള സിമൻ്റ് പൊടിയും മറ്റു സൂക്ഷ്മകണങ്ങളും വായുമലിനീകരണം വർദ്ധിപ്പിക്കുന്നു. വലിയ അളവിലുള്ള അവശിഷ്ടങ്ങൾ ശേഖരിച്ച് സംസ്​കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിന്റെ ഭാരിച്ച ചെലവും അതിന്റെ സാമ്പത്തിക ബാധ്യതയും സർക്കാർ സംവിധാനത്തെ പലപ്പോഴും പിന്നോട്ടടിപ്പിക്കുന്നതായി കാണാം. ആറ്റുകാൽ പൊങ്കാലക്കുശേഷം ഉപയോഗിച്ച ഇഷ്ടികകൾ പുനരുപയോഗത്തിന് വീണ്ടെടുക്കുന്നതുപോലെയുള്ള പദ്ധതികൾ വിഭവസംരക്ഷണത്തിന്റെയും മാലിന്യനിയന്ത്രണത്തിന്റെയും മാലിന്യ ന്യൂനീകരണത്തിന്റെയും ഉദാഹരണങ്ങളാണ്. ഇത്തരം സംരംഭങ്ങൾ മറ്റു നിർമ്മാണമേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതാണ്.

ഉപയോഗശേഷം ജലാശയങ്ങളിലേക്കും ഒഴിഞ്ഞ സ്​ഥലങ്ങളിലേക്കും വലിച്ചെറിയുന്ന മാലിന്യം പലപ്പോഴും ശേഖരിക്കപ്പെടാതെ പോകുന്നു. തീർത്ഥാടന സമയങ്ങളിൽ മാലിന്യ കൂമ്പാരങ്ങളാണ് രൂപപ്പെടുന്നത്.
ഉപയോഗശേഷം ജലാശയങ്ങളിലേക്കും ഒഴിഞ്ഞ സ്​ഥലങ്ങളിലേക്കും വലിച്ചെറിയുന്ന മാലിന്യം പലപ്പോഴും ശേഖരിക്കപ്പെടാതെ പോകുന്നു. തീർത്ഥാടന സമയങ്ങളിൽ മാലിന്യ കൂമ്പാരങ്ങളാണ് രൂപപ്പെടുന്നത്.

അവഗണിക്കപ്പെടുന്ന
മലിനജലപരിപാലനം

മാലിന്യ സംസ്​കരണത്തെക്കുറിച്ചുള്ള ആലോചനകളിൽ ഖരമാലിന്യങ്ങൾക്കാണ് പൊതുവേ പ്രാധാന്യം ലഭിക്കുന്നത്. എന്നാൽ അത്രതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മലിനജലപരിപാലനം. വീട്ടുപയോഗത്തിനുശേഷമുള്ളതും ശൗചാലയങ്ങളിൽ നിന്നുള്ളതുമായ മലിനജലം ആവശ്യത്തിന് ശുദ്ധീകരണമില്ലാതെ കനാലുകളിലേക്കും തോടുകളിലേക്കും നദികളിലേക്കും ഒഴുക്കിവിടുന്നു. ഇത് ജലേസ്രാതസ്സുകളുടെ മലിനീകരണത്തിനും പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കും സാക്രമിക രോഗങ്ങൾക്കും കാരണമാകുന്നു. ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ഈ മലിനജലം ഭൂഗർഭജലത്തിന്റെ ഗുണനിലവാരത്തെയും ജലജീവികളുടെ ആവാസവ്യവസ്​ഥയെയും പ്രതികൂലമായി ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നഗരങ്ങളിലെ പല ഫ്ലാറ്റുകളിലെയും മലിനജലം ഇത്തരത്തിൽ ജലസ്രോതസ്സുകളെ മലിനമാക്കാറുണ്ട്.

ഹൗസ് ബോട്ടുകളിൽനിന്ന് ജലമാലിന്യങ്ങളും ശൗചാലയ മാലിന്യങ്ങളും കായലുകളിലേയ്ക്കും നദികളിലേയ്ക്കും തുറന്നുവിടാറുണ്ട്. ഇത് ജലമലിനീകരണത്തിന് കാരണമാകുകയും ജലത്തിൽ ഇ- കോലി ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിനും കാരണമാകുന്നുണ്ട് എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പെരിയാർ, ചിത്രപ്പുഴ, കടമ്പ്രാർ എന്നിവയിലാണ് രോഗകാരി ബാക്ടീരിയയുടെ സാന്നിദ്ധ്യം കൂടുതൽ.

പ്ലാസ്​റ്റിക്ക് മാലിന്യം നിറഞ്ഞ ജലാശയങ്ങളുടെ അവസ്​ഥ ശോചനീയമാണ്. പ്ലാസ്​റ്റിക്കിലെ രാസസംയുക്തങ്ങൾ ജലത്തിൽ വിഘടിക്കുകയും അമ്ലത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജലാശയങ്ങളിലെ ജൈവവ്യവസ്​ഥയ്ക്ക് ഹാനികരമാണ്. മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ജലസ്രോതസ്സുകൾക്ക് അപകടമാണെ ന്നിരിക്കെ അവയെ ജലസാമ്പിളുകളുടെ പരിശോധനാ പ്രക്രിയയിൽ പലപ്പോഴും സമഗ്രമായി പരിഗണിച്ചിട്ടില്ല. വിനോദസഞ്ചാരമേഖലാ വികസനവും ജലാശയസംരക്ഷണവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്ന നയങ്ങളാണ് കേരളത്തിനാവശ്യം. തമിഴ്നാട് പോലെ ജലദൗർലഭ്യമുള്ള സംസ്​ഥാനങ്ങൾ ജലശുദ്ധീകരണത്തിലൂടെയും കടൽവെള്ളം ശുദ്ധീകരണത്തിലൂടെയും ജലലഭ്യത ഉറപ്പാക്കാൻ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ജലസമൃദ്ധമായ കേരളത്തിന്റെ ഇന്നത്തെ അവസ്​ഥ പരിതാപകരമാണ്.

കെട്ടിടാവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികുകളിലും ജലാശയങ്ങളിലും ഒഴിഞ്ഞ സ്​ഥലങ്ങളിലും കാണപ്പെടുന്നത് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.
കെട്ടിടാവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികുകളിലും ജലാശയങ്ങളിലും ഒഴിഞ്ഞ സ്​ഥലങ്ങളിലും കാണപ്പെടുന്നത് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.

ബയോ- മെഡിക്കൽ മാലിന്യം
എന്തു ചെയ്യും?

ബയോ–മെഡിക്കൽ മാലിന്യ നിയന്ത്രണത്തിന് സംസ്​ഥാന സർക്കാർ കൊണ്ടുവന്ന 2016-ലെ ബയോ–മെഡിക്കൽ മാലിന്യ പരിപാലനനിയമം നിലവിലുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെൻ്ററുകൾ, വീടുകളിലെ ചികിത്സ എന്നിവ മൂലമുണ്ടാകുന്ന ബയോ–മെഡിക്കൽ മാലിന്യം പ്രശ്നം സൃഷ്ടിക്കുന്നു. ഉപയോഗിച്ച സിറിഞ്ച്, ഡ്രെസ്സിങ്സ്, ഇൻസുലിൻ സൂചികൾ, സാനിറ്ററി മാലിന്യം തുടങ്ങിയവയുടെ ശേഖരണവും സംസ്​കരണവും പുനരുപയോഗ സാദ്ധ്യതകളും പഠിക്കേണ്ടതായിട്ടുണ്ട്.

E- Waste ഗുരുതര പ്രശ്നം

ഇലക്ട്രോണിക് മാലിന്യത്തിലുണ്ടായ (E- Waste) വർദ്ധനവ് മറ്റൊരു ഗുരുതര പ്രശ്നമാണ്. ഇലക്ട്രോണിക് വെയ്സ്റ്റുകളായ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ, ബാറ്ററികൾ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, റൗട്ടറുകൾ, മോഡം, എൽ.ഇ.ഡി / സി.എഫ്.എൽ ബൾബുകൾ എന്നിവയുടെ നിർമ്മാർജ്ജനരീതികൾ ഫലപ്രദമല്ല.

പല തരം ഇ–മാലിന്യങ്ങൾ വീടുകളിലെ മാലിന്യത്തോടൊപ്പം ചേർത്ത് നിക്ഷേപിക്കാറുണ്ട്. അതിനാൽതന്നെ അവ പുനരുപയോഗ ശൃംഖലയിൽ എത്തുന്നില്ല. ഇങ്ങനെ നിക്ഷേപിക്കുന്ന ഇ–വേസ്​റ്റുകളിൽ നിന്ന് അപകടകാരികളായ പദാർത്ഥങ്ങളായ മെർക്കുറി, ലെഡ്, കാഡ്മിയം തുടങ്ങിയവ ആരോഗ്യത്തെയും പരിസ്​ഥിതിയെയും ബാധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

വേഗതയിലുള്ള സാങ്കേതികവിദ്യാമാറ്റം പുതിയ ഇലക്ട്രോണിക് വസ്​തുക്കളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നു. ഇതുമൂലം പഴയ വസ്​തുക്കൾ വളരെ വേഗം ഉപേക്ഷിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ചെറിയ കേടുപാടുകൾ വരുമ്പോൾ അത് അറ്റകുറ്റപ്പണി നടത്തുന്നതിനുപകരം പുതിയത് വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രവണത. സ്​മാർട്ട് ഫോണുകൾ, ടെലിവിഷനുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും ഉടനടി മാറ്റിവാങ്ങുന്ന പ്രവണതയും ഇ–മാലിന്യത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.

സുരക്ഷാമാനദണ്ഡം പാലിക്കാതെ ഇ–മാലിന്യം വിഘടിപ്പിക്കുകയും മൂല്യമേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കുകയും ചെയ്യുന്നത് പരിസ്​ഥിതിക്കും അതിലേർപ്പെടുന്ന തൊഴിലാളികൾക്കും ഹാനികരമാണ്. അതുപോലെ, അവബോധത്തിന്റെ കുറവ്, അംഗീകൃത ശേഖരണ– പുനഃസംസ്​ക്കരണ മേഖലകളിൽ ഇവ എത്തുന്നത് തടയുന്നു. ഇ–മാലിന്യം എവിടെ നൽകണമെന്ന ധാരണ പലർക്കും ഇല്ല. അതിനാൽ, വീട്ടിലെ ഖരമാലിന്യത്തോടൊപ്പം ഇതുപേക്ഷിക്കപ്പെടുന്നു.

ഇലക്ട്രോണിക് വെയ്സ്റ്റുകളായ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ, ബാറ്ററികൾ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, റൗട്ടറുകൾ, മോഡം, എൽ.ഇ.ഡി / സി.എഫ്.എൽ ബൾബുകൾ എന്നിവയുടെ നിർമ്മാർജ്ജനരീതികൾ ഫലപ്രദമല്ല.
ഇലക്ട്രോണിക് വെയ്സ്റ്റുകളായ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ, ബാറ്ററികൾ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, റൗട്ടറുകൾ, മോഡം, എൽ.ഇ.ഡി / സി.എഫ്.എൽ ബൾബുകൾ എന്നിവയുടെ നിർമ്മാർജ്ജനരീതികൾ ഫലപ്രദമല്ല.

പാർശ്വവൽകൃതരുടെ പ്രശ്നം

മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എല്ലാ മനുഷ്യർക്കും ഒരേപോലെയല്ല അനുഭവിക്കേണ്ടിവരുന്നത്. പാർശ്വവൽകൃത സമൂഹങ്ങളും മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളുമാണ് മാലിന്യത്തിന്റെ ഭാരം ഏറ്റവും കൂടുതൽ ചുമക്കുന്നത്. ഇതിനെതിരായ പ്രതിഷേധമായിരുന്നു വിളപ്പിൽ ശാലയിൽ കണ്ടത്. മാലിന്യ സംസ്​കരണത്തിനെതിരായ സമരം മാത്രമല്ല, മറിച്ച് ഏകപക്ഷീയമായി ഗ്രാമീണ സമൂഹത്തിനുമേൽ ഒരു നഗരത്തിന്റെ മുഴുവൻ മാലിന്യഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരായ ചെറുത്തുനിൽപായിരുന്നു അത്. മാലിന്യമുക്തവും ശുചിത്വമുള്ളതുമായ ഒരു പരിസ്​ഥിതിയിൽ ജീവിക്കാനുള്ള ഒരു സമൂഹത്തിന്റെ ആവശ്യമായിരുന്നു ആ ബഹുജന സമരത്തിന്റെ കാതൽ. കേരളത്തിന്റെ വികസനം അടയാളപ്പെടുത്തേണ്ടത് ദേശീയപാതാ വികസനത്തിലൂടെയോ നഗരവൽക്കരണത്തിലൂടെയോ വ്യവസായവൽക്കരണത്തിലൂടെയോ മാത്രമല്ല, മറിച്ച് ഓരോ വ്യക്തിക്കും മാലിന്യഭീഷണിയില്ലാതെ ആരോഗ്യകരമായ പരിസ്​ഥിതിയിൽ ജീവിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുമ്പോഴാണ്.

എന്തു ചെയ്യണം?

കേരളത്തിന്റെ മാലിന്യ പ്രശ്നപരിഹാരത്തിനായുള്ള ചില നിർദ്ദേശങ്ങൾ:

  • മാലിന്യനിയന്ത്രണത്തിനും നിർമ്മാർജ്ജനത്തിനും മാലിന്യ സംസ്​ക്കരണ മന്ത്രാലയം സ്​ഥാപിക്കുക:

ഗവൺമെൻ്റിന് പ്രത്യേക മന്ത്രാലയം തുടങ്ങാം. മാലിന്യ സംസ്​കരണത്തിനും പുനരുപയോഗത്തിനുമുള്ള വകുപ്പുകളും ഇതിനുകീഴിൽ തുടങ്ങാം. ഹരിതകർമ്മ സേന, ശുചിത്വ മിഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ വകുപ്പിലെ വിഭാഗങ്ങൾ ഇതിനു കീഴിൽ കൊണ്ടുവരാം.

  • വകുപ്പിൽ സ്​ഥിരംജീവനക്കാരെ നിയമിക്കുക:

ഹരിതകർമ്മസേനയിലും അതുപോലെ കരാറടിസ്​ഥാനത്തിലും ജോലി ചെയ്യുന്നവരെ സ്​ഥിരപ്പെടുത്തുക. അല്ലെങ്കിൽ സ്​ഥിരം ജോലിക്കാരെ പി.എസ്​.സി വഴി നിയമിക്കുക.

  • മാലിന്യ ഓഡിറ്റ് വിഭാഗം / ഓംബുഡ്സ്​മാൻ / കമ്മീഷൻ:

മനുഷ്യാവകാശ കമ്മീഷൻപോലെ മാലിന്യപ്രശ്നങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കാൻ കമ്മീഷനെ നിയമിക്കുക. ഉദാ: കേരള മാലിന്യ നിർവഹണ കമ്മീഷൻ, കേരള വിഭവ വീണ്ടെടുപ്പ് കമ്മീഷൻ. അതുപോലെ, പ്രശ്നപരിഹാരങ്ങൾ നിർദേശിക്കാനും പ്രശ്നമേഖലകൾ പരിശോധിക്കാനും ഓംബുഡ്സ്​മാനെ നിയമിക്കാം.

മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്താനും സംസ്​ക്കരണത്തിന്റെ കണക്കെടുപ്പിനും വർഷാവർഷം മാലിന്യ ഓഡിറ്റ് നടത്താം.

  • മാലിന്യ ശേഖരണം- നിർമ്മാർജ്ജനം- പുനരുപയോഗം:

ഇവയുമായി ബന്ധപ്പെട്ട കണക്കുകൾ / വിവരങ്ങൾ സമയബന്ധിതമായി പുറത്തുവിടുക. കൃത്യതയുള്ള വിവരങ്ങൾ ഈ മേഖലയിലുള്ള കുറവുകളെ കണ്ടെത്താനും വേഗത്തിൽ പ്രശ്നപരിഹാരത്തിനും സഹായിക്കും.

  • അവാർഡുകൾ / സബ്സിഡി / ഗ്രീൻ പോയിൻ്റ്സ്​:

മാലിന്യമുക്തമായ സർക്കാർ / സ്വകാര്യ സ്​ഥാപനങ്ങൾ, മാലിന്യ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രോജക്റ്റുകൾ, ആശയങ്ങൾ എന്നിവയ്ക്ക് അവാർഡുകൾ നൽകാം. ഇതുപോലെയുള്ള പ്രോജക്റ്റുകൾ തുടങ്ങാൻ സബ്സിഡി നൽകുകയോ സബ്സിഡി നിരക്ക് ഉയർത്തുകയോ ചെയ്യാം. കൂടാതെ മാലിന്യ ഉൽപ്പാദനം കുറയ്ക്കുന്ന സർക്കാർ / സ്വകാര്യ സ്​ഥാപനങ്ങൾക്ക് ‘ഗ്രീൻ പോയിൻ്റ്സ്’ നൽകി അവർക്ക് നികുതി ഇളവ് നൽകാം.

  • ഇ–മാലിന്യ ശേഖരണ കേന്ദ്രങ്ങൾ തുടങ്ങാം: ഇലക്ട്രോണിക് മാലിന്യം ശേഖരിക്കാനും ശാസ്​ത്രീയമായി അത് പുനരുപയോഗിക്കാനുമായി ഇ–മാലിന്യ ശേഖരണകേന്ദ്രങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി സ്​ഥാപിക്കുക. വികേന്ദ്രീകൃതമായ ഇത്തരം പദ്ധതികളിലൂടെ ഇ–മാലിന്യം കുന്നുകൂടുന്നതും അലക്ഷ്യമായി നിക്ഷേപിക്കുന്നതും അശാസ്​ത്രീയമായ പൊളിക്കൽ രീതികൾക്കും തടയിടാനാകും.

  • മാലിന്യസംസ്​കരണകേന്ദ്രങ്ങളിൽ കൃത്യമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തുക:

  • ഈ മേഖലയിലുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക സാങ്കേതികവിദ്യകൾ കാലാനുസൃതമായി ഉപയോഗിക്കുക, മാറ്റം വരുത്തുക.

  • ക്യാമ്പുകൾ നടത്തുക: സ്​കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും ഇ- മാലിന്യ ശേഖരണ ക്യാമ്പുകൾ പതിവായി നടത്തുക.

  • നിർമ്മാതാക്കളുടെ Extended Producer Responsibility (EPR) കൂടുതൽ കർശനമാക്കുക.

  • മാലിന്യവസ്​തുക്കളുടെ പുനരുപയോഗം മനസ്സിലാക്കി കൊടുക്കാൻ മ്യൂസിയങ്ങൾ, ആർക്കൈവ്സ് തുടങ്ങിയവ സ്​ഥാപിക്കുക.

  • മാലിന്യം നിയമാനുസൃതമല്ലാതെ പുറന്തള്ളുന്നത് തടയാൻ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുക.

പാർശ്വവൽകൃത സമൂഹങ്ങളും മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളുമാണ് മാലിന്യത്തിന്റെ ഭാരം ഏറ്റവും കൂടുതൽ ചുമക്കുന്നത്. ഇതിനെതിരായ പ്രതിഷേധമായിരുന്നു വിളപ്പിൽ ശാലയിൽ കണ്ടത്.
പാർശ്വവൽകൃത സമൂഹങ്ങളും മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളുമാണ് മാലിന്യത്തിന്റെ ഭാരം ഏറ്റവും കൂടുതൽ ചുമക്കുന്നത്. ഇതിനെതിരായ പ്രതിഷേധമായിരുന്നു വിളപ്പിൽ ശാലയിൽ കണ്ടത്.

ഇതുവഴി മാലിന്യം തള്ളുന്നവരെയും, നിക്ഷേപിക്കുന്ന സ്​ഥലങ്ങളും മനസ്സിലാക്കാം. ഇതിനായി ചിത്രങ്ങൾ, വീഡിയോകൾ എന്നിവ അപ് ലോഡ് ചെയ്യാവുന്ന തരത്തിൽ ജി. പി. എസ് അധിഷ്ഠിതമായി ആപ്ലിക്കേഷൻ സർക്കാരിന് ആവിഷ്കരിക്കാവുന്നതാണ്. നിയമലംഘനം അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച്, പൊതുജന പങ്കാളിത്തം ഈ പ്രക്രിയയിൽ ഉറപ്പുവരുത്തുകയും ചെയ്യാം.


Summary: Kerala's waste management debate must go beyond Brahmapuram and Vilappilsala. Malini S. Prasad and Dr. Priya K. Nair examine waste science and sustainable solutions.


മാലിനി എസ്​. പ്രസാദ്

ഗവേഷക. റിസർച്ച് ഓഫീസർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് ആന്റ് സെന്റർ ഫോർ റിസർച്ച്, സെന്റ് തെരേസാസ് കോളേജ്, എറണാകുളം. Discard studies, Environmental Humanities എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു.

ഡോ. പ്രിയ കെ. നായർ

അസോസിയേറ്റ് പ്രൊഫസർ, റിസർച്ച് ഗൈഡ്, ഡിപ്പാർട്ടുമെന്റ് ഓഫ് ഇംഗ്ലീഷ് ആന്റ് സെന്റർ ഫോർ റിസർച്ച്, സെന്റ് തെരേസാസ് കോളേജ്, എറണാകുളം. വിവർത്തകയാണ്.

Comments