കേരളത്തിൻ്റെ സമകാലിക നയരൂപീകരണങ്ങളിൽ സി. അച്യുതമേനോന്റെ വികസന ദർശനം ഇന്നും പ്രസക്തവും ദിശാബോധം നൽകുന്നതുമാണ്. 1956-ൽ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ, പുതിയൊരു സംസ്ഥാനത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ച ചുരുക്കം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു സി. അച്യുതമേനോൻ.
“ഐശ്വര്യപൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ” (Towards a More Prosperous and Plentiful Kerala) എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ നയരേഖ, 1957-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ ഔദ്യോഗിക പ്രകടനപത്രികയായി മാറി. ഈ നയരേഖ കേവലമൊരു രാഷ്ട്രീയ പ്രകടനപത്രിക എന്നതിലുപരി, ആധുനിക കേരളത്തിൻ്റെ ഉൽപ്പാദനക്ഷമതയും സാമൂഹികനീതിയും ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ വികസന രൂപരേഖയായിരുന്നു. ഇന്ന് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന "കേരള വികസന മാതൃക"യുടെ (Kerala Model of Development) ആദ്യകാല ബീജാവാപം ഈ നയരേഖയിലായിരുന്നു എന്നത് അച്യുതമേനോൻ്റെ നയരൂപീകരണ വൈദഗ്ധ്യത്തിൻ്റെ തെളിവാണ്.
ഭരണനിർവ്വഹണത്തിലേക്കുള്ള ചുവടുവെപ്പ്
കേരളത്തിന്റെ ആധുനിക വികസനചരിത്രം വിലയിരുത്തുമ്പോൾ സി. അച്യുതമേനോന്റെ സംഭാവനയെ ഒരു മുഖ്യമന്ത്രിയുടെ ഭരണകാലത്തെ നേട്ടങ്ങളുടെ പട്ടികയായി മാത്രം കാണാനാവില്ല. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനത്തിന് ദീർഘകാല ദിശാബോധം നൽകിയ വികസനചിന്തകനും പ്രായോഗിക ആസൂത്രകനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഭരണപ്രായോഗികതയും വികസന ആസൂത്രണവും തമ്മിൽ സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ഒരു വികസന കാഴ്ചപ്പാട് അവതരിപ്പിച്ച നേതാവായിരുന്നു സി. അച്യുതമേനോൻ.
1957-ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സർക്കാരിൽ അച്യുതമേനോൻ ധനകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു. ആ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. "ഒരു സംസ്ഥാനം കെട്ടിപ്പടുക്കുക" എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കുമ്പോൾ, കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തിയും സങ്കീർണ്ണതയും തിരിച്ചറിഞ്ഞ്, ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിലൂടെ മാത്രമേ സ്ഥായിയായ പരിഹാരം സാധ്യമാകൂ എന്ന ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിന്റെ അടിസ്ഥാനം.

1969 നവംബർ ഒന്നിന് മുഖ്യമന്ത്രിയായി ചുമതലയേറ്റ അച്യുതമേനോൻ, ഇടയ്ക്ക് ചെറിയൊരു ഇടവേളയോടെ (1970 ഓഗസ്റ്റ്-ഒക്ടോബർ) 1977 മാർച്ച് 25 വരെ ആ പദവിയിൽ തുടർന്നു. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ ആസൂത്രണാധിഷ്ഠിത വികസന കാഴ്ചപ്പാട് പൂർണ്ണരൂപത്തിൽ പ്രാവർത്തികമായത്. സംസ്ഥാനത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് അച്യുതമേനോൻ സർക്കാർ മുൻഗണന നൽകിയത്. വൈദ്യുതി ഉൽപ്പാദനം, ഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തെ ഭാവി വളർച്ചയുടെ അടിത്തറയായി അദ്ദേഹം കണ്ടു. അതോടൊപ്പം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ പ്രവർത്തനപരമായ ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം വിശ്വസിച്ചു- ദേശീയ ആസൂത്രണ പദ്ധതികളെ സംസ്ഥാനതല ആവശ്യങ്ങൾക്കനുസരിച്ച് ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി. രാഷ്ട്രീയ ഭിന്നതകൾ വികസന പ്രക്രിയയെ തടസ്സപ്പെടുത്തരുതെന്ന കാഴ്ചപ്പാടും അച്യുതമേനോൻ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു.
ഭൂപരിഷ്കരണവും
സാമൂഹ്യനീതി ഉറപ്പാക്കലും
1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ അവതരിപ്പിച്ച ഭൂപരിഷ്കരണബിൽ യാഥാർത്ഥ്യമായി മാറിയത് 1969-77 കാലയളവിൽ അച്യുതമേനോൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമാണ്. 1957-ൽ ധനകാര്യ-കൃഷി വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കാലത്തുതന്നെ കാർഷിക പരിഷ്കരണ ബില്ലിന്റെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന അച്യുതമേനോൻ, മുഖ്യമന്ത്രി പദവിയിൽ എത്തിയപ്പോൾ ആ കാഴ്ചപ്പാട് പൂർത്തീകരിക്കാനുള്ള അവസരം കൂടിയാണ് വിനിയോഗിച്ചത്.
1969-ലെ ഭൂപരിഷ്കരണ (ഭേദഗതി) നിയമം 1970 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതോടെ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനങ്ങൾ ദശകങ്ങളായി മുന്നോട്ടുവെച്ച "കൃഷിഭൂമി കർഷകന്" എന്ന മുദ്രാവാക്യം പ്രായോഗികമായി യാഥാർത്ഥ്യമായി. കുടിയാന്മാർക്ക് കൈവശഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കുകയും, പതിറ്റാണ്ടുകളായി അവർ കൊടുത്തുകൊണ്ടിരുന്ന പാട്ടത്തിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്തു. ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഇത്ര സമൂലമായ ഒരു പുനർവിതരണ നടപടി സാധ്യമാണെന്ന് തെളിയിച്ചു എന്നതാണ് അച്യുതമേനോൻ സർക്കാരിന്റെ ഭൂപരിഷ്കരണ നടപടികളുടെ രാഷ്ട്രീയ പ്രാധാന്യം.
കാർഷിക പരിഷ്കാരങ്ങളെ വ്യവസായവത്കരണത്തിന് എതിരായല്ല, മറിച്ച് അതിന് പൂരകമായാണ് അച്യുതമേനോൻ വീക്ഷിച്ചത്. കൃഷിയും വ്യവസായവും തമ്മിലുള്ള സന്തുലിതാവസ്ഥ സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്ന ബോധ്യത്തോടെ, വ്യാവസായിക എസ്റ്റേറ്റുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന്റെ ഭരണകൂടം മുൻഗണന നൽകി. എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് തുടങ്ങിയ മന്ത്രിമാരുടെ പിന്തുണയോടെ ഭരണനിർവ്വഹണക്ഷമതയിലും സംസ്ഥാന ആധുനീകവത്കരണത്തിലും ഊന്നിയ ഒരു മാതൃകാ ഭരണരീതി അദ്ദേഹം മുന്നോട്ടുവെച്ചു.

പശ്ചാത്തല സൗകര്യ വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ അച്യുതമേനോൻ സർക്കാർ, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ കേരളത്തെ വൈദ്യുതി സ്വയംപര്യാപ്തതയിലേക്കും വ്യാവസായിക മുന്നേറ്റത്തിലേക്കും നയിച്ചു. ഇതിനോടൊപ്പം, ജനകീയ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ശാക്തീകരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഹൈസ്‌കൂളുകളും സ്ഥാപിക്കുന്ന വിപുലമായ ശൃംഖലയ്ക്ക് സർക്കാർ തുടക്കം കുറിച്ചു. '
സാമൂഹികനീതി ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം വലിയ ജാഗ്രത പുലർത്തി. സർക്കാർ സർവീസിൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം സുനിശ്ചിതമാക്കുന്നതിനായി പ്രത്യേക നിയമന നടപടികളും (Special Recruitment) ഉന്നത തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങളും ആവിഷ്കരിച്ചു. വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും എത്തിക്കുക എന്നതായിരുന്നു അച്യുതമേനോൻ മുന്നോട്ടുവെച്ച ഈ സാമൂഹികനീതി അധിഷ്ഠിതമായ ഭരണമാതൃകയുടെ അടിസ്ഥാനം.
കേരള വികസനത്തിന്
ശാസ്ത്രീയ അടിത്തറ
ഭൂപരിഷ്കരണവും തൊഴിലാളിക്ഷേമവും മാത്രമല്ല, ദീർഘകാല ശാസ്ത്ര-സാങ്കേതിക അടിത്തറ പാകുകയെന്ന ദൂരവ്യാപക ലക്ഷ്യം കൂടി അച്യുതമേനോൻ സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. 1969-77 കാലയളവിൽ ആരംഭിച്ച നാൽപ്പതിലധികം പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേഷനുകളും, തുടർന്നുള്ള ദശകങ്ങളിൽ കേരളത്തിന്റെ വ്യാവസായിക-സാമൂഹിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചു.
കേരളത്തിലാദ്യമായി ഒരു ശാസ്ത്ര സാങ്കേതിക വകുപ്പ് രൂപീകരിച്ചതും, ദേശീയ ശാസ്ത്രനയത്തിന്റെ ചുവടുപിടിച്ച് 1972-ൽ സംസ്ഥാനത്ത് സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റ് കമ്മിറ്റി (എസ്.ടി.ഇ.സി) സ്ഥാപിച്ചതും അച്യുതമേനോൻ സർക്കാരാണ് — ഇന്നത്തെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റെ (കെ.എസ്.സി.എസ്.ടി.ഇ) മുൻഗാമിയായിരുന്നു ഇത്. ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണമാണ് തൊഴിലില്ലായ്മയ്ക്കുള്ള മുഖ്യ പരിഹാരമെന്ന ബോധ്യത്തിൽ, 1973-ൽ പൊതുമേഖലയിൽ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KELTRON) ആരംഭിച്ചു. ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാർ ആദ്യമായി സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് വികസന കോർപ്പറേഷൻ എന്ന നിലയിൽ, കെൽട്രോൺ പിന്നീട് രാജ്യത്തിന്റെ ഇലക്ട്രോണിക് വ്യവസായത്തിന് ശക്തമായ അടിത്തറയായി മാറി.
ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും അച്യുതമേനോൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രത്യേക പരിഗണന നൽകി. കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരള കാർഷിക സർവ്വകലാശാലയും, ഗവേഷണാധിഷ്ഠിത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും (CUSAT) ഈ കാലയളവിൽ രൂപംകൊണ്ടു.
ഇവയ്ക്ക് പുറമേ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി (KRFI), കേരള സ്റ്റേറ്റ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് (CWRDM, കോഴിക്കോട്), റീജണൽ ക്യാൻസർ സെന്റർ (RCC), കോസ്റ്റ്ഫോർഡ്- തൃശൂർ (COSTFORD) തുടങ്ങിയ സ്ഥാപനങ്ങളും ഇതേ കാലയളവിലെ സംഭാവനകളാണ്. ഈ സ്ഥാപനങ്ങളുടെ നേതൃത്വത്തിലേക്ക് ഡോ. കെ.എൻ. രാജ്, ഡോ. എം.എസ്. വല്യത്താൻ, ലാറി ബേക്കർ, കെ.പി.പി. നമ്പ്യാർ തുടങ്ങിയ ദേശീയ- അന്തർദേശീയ പ്രശസ്തരായ വ്യക്തിത്വങ്ങളെ ക്ഷണിച്ചുവരുത്തിയത് സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിലും സ്വയംഭരണത്തിലും അച്യുതമേനോൻ പുലർത്തിയ കാഴ്ചപ്പാടിന്റെ തെളിവാണ്.

സ്വതന്ത്ര ഇന്ത്യയിൽ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ ദേശീയതലത്തിൽ ജവഹർലാൽ നെഹ്റുവിന്റെ പ്രധാനമന്ത്രി കാലത്താണ് ശക്തിപ്പെട്ടതെങ്കിൽ, സംസ്ഥാനതലത്തിൽ സമാനമായ ഒരു സ്ഥാപനവൽക്കരണ പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത് അച്യുതമേനോനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ദീർഘവീക്ഷണത്തോടെ അദ്ദേഹം പാകിയ ഈ ശാസ്ത്ര-സാങ്കേതിക-സ്ഥാപനപരമായ അടിത്തറയാണ് ഭൂപരിഷ്കരണത്തിലൂടെയും തൊഴിലാളി ക്ഷേമ നിയമങ്ങളിലൂടെയും കൈവരിച്ച സാമൂഹിക നേട്ടങ്ങളെ സുസ്ഥിരമായ വളർച്ചയായി പരിവർത്തിപ്പിക്കാൻ കേരളത്തെ സഹായിച്ചത്.
കേരള വികസന മാതൃകയുടെ തുടക്കം
കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക പരിവർത്തന ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായമാണ് സി. അച്യുതമേനോൻ സർക്കാരിന്റെ ഭരണകാലം. ശാസ്ത്രീയവും അക്കാദമികവുമായ അടിത്തറയോടെ വികസന കാഴ്ചപ്പാട് നടപ്പിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, 1970-ൽ തിരുവനന്തപുരത്ത് സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS) സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ഭരണതന്ത്രജ്ഞതയുടെ ഉത്തമ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു.
1975-ൽ ഐക്യരാഷ്ട്ര സംഘടനയുടെ ധനസഹായത്തോടെ കേരള വികസനത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ സി.ഡി.എസിന് അവസരം ലഭിച്ചു. ഡോ. കെ.എൻ. രാജിന്റെ നേതൃത്വത്തിൽ നടത്തിയ "ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം: കേരളത്തെക്കുറിച്ചുള്ള പഠനം" (Poverty, Unemployment and Development Policy: A Case Study of Selected Issues with Reference to Kerala) എന്ന ഗവേഷണം ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ് മുന്നോട്ടുവെച്ചത്: ചൈന, ക്യൂബ, കോസ്റ്റാറിക്ക, ശ്രീലങ്ക, കേരളം എന്നീ പ്രദേശങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നുവെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുൾപ്പെടെയുള്ള മാനവവികസന സൂചികകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നതായിരുന്നു അത്.
വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ സൂചികകളാണ് അക്കാലത്ത് കേരളത്തിനുണ്ടായിരുന്നത്. ഈ സവിശേഷമായ വികസന അനുഭവമാണ് പിന്നീട് "കേരള വികസന മാതൃക" (Kerala Model of Development) എന്ന പേരിൽ അറിയപ്പെട്ടത്.
അവികസിത രാജ്യങ്ങൾക്കും പിന്നോക്കം നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അക്കാലത്ത് കേരളം നൽകിയ സന്ദേശം ഇതായിരുന്നു:
“സാമ്പത്തിക വളർച്ച നേടിയാൽ മാത്രമേ വിദ്യാഭ്യാസം, ആരോഗ്യം, മെച്ചപ്പെട്ട ജീവിതനിലവാരം തുടങ്ങിയ മാനവവികസന സൂചികകൾ കൈവരിക്കാൻ കഴിയൂ എന്ന പരക്കെ അംഗീകരിക്കപ്പെട്ട ധാരണ തിരുത്തപ്പെടേണ്ടതാണ്. പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും ശക്തമായ സാമൂഹിക ഇടപെടലുകൾക്ക് ഒരു സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയിലേക്കുതന്നെ നയിക്കാൻ കഴിയും”.
ഇതിലൂടെ, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ഒരു ബദൽ വികസന മാതൃക- ‘കേരള മാതൃക’- സൃഷ്ടിക്കപ്പെട്ടു. അമർത്യ സെന്നിനെപ്പോലുള്ള നിരവധി വിഖ്യാത വികസന സാമ്പത്തിക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും കേരളത്തിന്റെ വികസന അനുഭവങ്ങൾക്ക് അന്തർദേശീയ ശ്രദ്ധ നേടിക്കൊടുത്തു.

സമകാലിക വികസന വെല്ലുവിളികളും
അച്യുതമേനോൻ ദർശനത്തിന്റെ പ്രസക്തിയും
സാമൂഹിക പരിഷ്കാരങ്ങളെയും സാമ്പത്തിക ആസൂത്രണത്തെയും പരസ്പരം വേർതിരിച്ചുനിർത്താതെ, അവയെ പരസ്പരപൂരകങ്ങളായി സംയോജിപ്പിച്ചുള്ള വികസന സമീപനമാണ് സി. അച്യുതമേനോൻ മുന്നോട്ടുവെച്ചത്. ഭൂബന്ധങ്ങളിലെ അസമത്വങ്ങൾ കുറയ്ക്കൽ, സാമൂഹിക പിന്നാക്കാവസ്ഥ ലഘൂകരിക്കൽ, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളുടെ വികസനം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ എന്നിവയെ ഒരു സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായാണ് അദ്ദേഹം കണ്ടത്. മുൻകാല സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും 1957- ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഇടപെടലുകളുടെയും തുടർച്ചയായി, സാമൂഹിക മാറ്റങ്ങളെ ശക്തമായ ഭരണ- വികസന സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ അച്യുതമേനോന്റെ വികസന സമീപനത്തെ സാമ്പത്തിക വളർച്ച, സാമൂഹികനീതി, ശാസ്ത്രീയ ആസൂത്രണം, സ്ഥാപനനിർമ്മാണം എന്നീ നാല് അടിസ്ഥാന തൂണുകളുടെ സമന്വയമായി വിലയിരുത്താം.
ഇന്നത്തെ കേരളം അഭിമുഖീകരിക്കുന്ന വികസന വെല്ലുവിളികളുടെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും, അവയെ നേരിടുന്നതിൽ അച്യുതമേനോന്റെ ദീർഘവീക്ഷണത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന്റെ ധനകാര്യപരിമിതികൾ, ഗുണമേന്മയുള്ള തൊഴിലവസരങ്ങളുടെ കുറവ്, യുവജനങ്ങളുടെ ഉയർന്ന വിദേശ കുടിയേറ്റം, ജനസംഖ്യയുടെ വയോജനവൽക്കരണം, കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, ഭവന- അടിസ്ഥാനസൗകര്യ സമ്മർദ്ദങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന പ്രശ്നങ്ങളാണ്.
അതിനാൽ ഓരോ മേഖലയെയും ഒറ്റപ്പെട്ട നിലയിൽ കൈകാര്യം ചെയ്യുന്നതിനുപകരം, ദീർഘകാല ലക്ഷ്യങ്ങൾ, പ്രാദേശിക ആവശ്യങ്ങൾ, ലഭ്യമായ വിഭവങ്ങൾ, സാമൂഹിക മുൻഗണനകൾ എന്നിവ ഏകോപിപ്പിക്കുന്ന സമഗ്രമായ വികസന ആസൂത്രണം അനിവാര്യമാണ്.
അതോടൊപ്പം, വികസന നയരൂപീകരണത്തിൽ തെളിവാധിഷ്ഠിത തീരുമാനമെടുക്കലിനും ഗവേഷണത്തിനും സാങ്കേതികവിദ്യയ്ക്കും കൂടുതൽ പ്രാധാന്യം നൽകേണ്ട കാലഘട്ടമാണിത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വ്യവസായം, കൃഷി, നഗരവികസനം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിലെ നയങ്ങൾ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെയും പ്രാദേശികതല പഠനങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തണം. അതോടൊപ്പം, വയോജനങ്ങൾ, സ്ത്രീകൾ, യുവാക്കൾ, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവരെ വികസനത്തിന്റെ സജീവ പങ്കാളികളാക്കുന്ന ഉൾക്കൊള്ളുന്ന വികസന സമീപനം ശക്തിപ്പെടുത്തുകയും വേണം.

ഈ പശ്ചാത്തലത്തിൽ, സി. അച്യുതമേനോനെ ഒരു മുൻ മുഖ്യമന്ത്രിയെന്ന പരിധിയിൽ മാത്രം വിലയിരുത്തുന്നതിനു പകരം, കേരളത്തിന്റെ വികസന ആസൂത്രണത്തിന് ദീർഘകാല ദിശ നൽകിയ വികസന ദർശനത്തിന്റെ ശില്പിയായി പുനർവായിക്കേണ്ടതുണ്ട്. സാമ്പത്തിക ഉൽപ്പാദനക്ഷമതയും സാമൂഹിക ക്ഷേമവും പരസ്പരവിരുദ്ധങ്ങളല്ലെന്നും, മനുഷ്യവിഭവശേഷിയിലും അറിവിലും സ്ഥാപനങ്ങളിലും നടത്തുന്ന നിക്ഷേപമാണ് ദീർഘകാല വികസനത്തിന്റെ അടിത്തറയെന്നും അദ്ദേഹത്തിന്റെ സമീപനം ഓർമ്മിപ്പിക്കുന്നു.
ഇന്നത്തെ കേരളത്തിന് ആവശ്യം പഴയ വികസന മാതൃകയുടെ പുനരാവർത്തനമല്ല; അതിന്റെ അടിസ്ഥാന തത്വങ്ങളായ ശാസ്ത്രീയ ആസൂത്രണം, സാമൂഹികനീതി, ഉൽപ്പാദനക്ഷമത, സ്ഥാപനശേഷി, ഗവേഷണം, പൊതുപങ്കാളിത്തം എന്നിവയെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുനർവ്യാഖ്യാനിക്കുകയാണ് വേണ്ടത്. അത്തരമൊരു നവീകരിച്ച വികസന ദർശനത്തിലൂടെയാണ് കൂടുതൽ സമതുലിതവും ഉൾക്കൊള്ളുന്നതും പരിസ്ഥിതിസൗഹൃദവും സാമ്പത്തികമായി സുസ്ഥിരവുമായ നയത്തിലൂടെ മാത്രമേ ഭാവി കേരളത്തിന് മുന്നേറാൻ സാധിക്കുകയുള്ളൂവെന്ന യാഥാർത്ഥ്യം നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്.
