ഇടുക്കി രൂപതയുടെ 'കേരള സ്റ്റോറി' പാപം

കേരള സ്റ്റോറിയെന്ന സംഘപരിവാർ പ്രൊപ്പഗാൻ്റ കള്ള സിനിമ കേരളത്തിൽ ഇടുക്കി രൂപത, കൗമാരപ്രായക്കാർക്കുള്ള പ്രണയബോധവത്കരണത്തിനായി ഉപയോഗിക്കുകയും അതിനെ സംഘപരിവാർ നേതാക്കൾ അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലെ മനുഷ്യരുടെ സകല പാപങ്ങളും ഏറ്റെടുത്ത് കുരിശിലേറിയ കർത്താവീശോമിശിഹ ഇടുക്കി രൂപതയിലെ വെള്ളയിട്ട കുഴിമാടങ്ങളോടും പൂതലിച്ചു പോയ തലച്ചോറുകളോടും പൊറുക്കട്ടെ. പൊറുക്കുമെന്ന് തോന്നുന്നില്ല. കാരണം കർത്താവ് സ്നേഹിക്കാൻ പഠിപ്പിച്ചവനായിരുന്നു.

കുട്ടികൾ പ്രണയത്തിൽ പെട്ടുപോകാതിരിക്കാനാണത്രേ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. മത വർഗ്ഗീയ രാഷ്ട്രീയം അടിസ്ഥാനമാക്കിയ സംഘപരിവാറും അതേ രാഷ്ട്രീയം അടിസ്ഥാനമാക്കിയ കേരളത്തിലെ ക്രിസ്ത്യൻ സഭകളും തമ്മിൽ സ്ത്രീരാഷ്ട്രീയത്തിലോ വിശ്വാസ രാഷ്ട്രീയത്തിലോ സാമ്പത്തിക രാഷ്ട്രീയത്തിലോ തമ്മാമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതന്നെ. കേരളത്തിനെതിരായി നുണകൾ മാത്രം അടുക്കി വെച്ച് നിർമ്മിച്ചെടുത്ത, സിനിമയെന്ന് പേരിട്ട് സെൻസർ സർട്ടിഫിക്കറ്റും നേടിയെടുത്ത ഒരു വിഷ്വൽ പ്രൊഡക്റ്റാണ് കേരളത്തിലെ ഒരു രൂപത കൗമാരക്കാർക്കിടയിൽ ഒരു സംശയവുമില്ലാതെ കുറ്റബോധവുമില്ലാതെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഉള്ളടക്കമോ ഉള്ളടക്ക രാഷ്ട്രീയമോ അറിയാതെ നടത്തിയ ഒരു നിഷ്കളങ്ക പ്രദർശനമല്ലാ അത്. സംഘപരിവാറിൻ്റെ മുസ്ലീം വിരുദ്ധ പ്രൊപ്പഗാൻ്റയ്ക്ക്, ലൗ ജിഹാദ് എന്ന എന്നേ പൊളിഞ്ഞു പോയ കെട്ടുകഥകൾക്ക്, സാധുത കൊടുക്കാനും അതിനെ വർഗ്ഗീയമായി സ്ഥിരമായി നിലനിർത്താനും കേരളത്തിൽ സംഘപരിവാറിന് ഏറ്റവും അധികം സഹായം ലഭിക്കുക ഈ ക്രിസ്തീയ സഭകൾ വഴിയായിരിക്കുമെന്ന് കുറച്ച് കാലമായി നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനവർക്ക് കിട്ടിയ മെറ്റീരിയലാണ് കേരള സ്റ്റോറി. ഇല്ലാത്ത ലൗ ജിഹാദിനെതിരെ സഭകൾ സ്വന്തം നിലയ്ക്ക് നിർമിച്ച, വർഗ്ഗീയ വിഷം നിറച്ച, മുസ്ലീം വിദ്വേഷം പടർത്തുന്ന എത്രയോ വീഡിയോകൾ കുഞ്ഞാടുകൾക്കിടയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഇപ്പോൾത്തന്നെപ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാ ഫോർമാറ്റിൽ ബോളിവുഡ് സ്റ്റൈലിൽ പ്രൊഫഷണൽ സെറ്റപ്പിൽ അവർക്ക് വേണ്ടത് സംഘപരിവാർ നിർമിച്ചു കൊടുത്തത്. സെൻസർ സർട്ടിഫിക്കറ്റുള്ള ഒരു വർഗ്ഗീയ ബോംബ്. ദൂരദർശനിൽ പോലും പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ച നുണകളുടെ ആവിഷ്കാരം.

കുറച്ച് ദിവസങ്ങൾക്കു മുൻപ് ദൂരദർശൻ ഇതേ നുണ സിനിമ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ തീരുമാനിച്ച വാർത്ത പുറത്തു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തീരുമാനത്തെ അപലപിക്കുകയും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാർട്ടികളായ സി.പി.എമ്മും കോൺഗ്രസും യുവജന സംഘടനകളും ആ പ്രദർശനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ജനാധിപത്യ മതേതര കേരളം, നെറികെട്ട ആ സിനിമാപ്രദർശനത്തിനെതിരെ രാഷ്ട്രീയ നിലപാടെടുത്തു. ഏപ്രിൽ അഞ്ചിനാണ് ദൂരദർശൻ സിനിമ സംപ്രേഷണം ചെയ്തത്. ഈ വിവാദങ്ങൾ നടക്കുന്നതിനിടയിൽ ഏപ്രിൽ നാലിനാണ്

ഇടുക്കി രൂപത, അതിനു കീഴിലുള്ള പള്ളികളിൽ 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി വിശ്വാസോത്സവം എന്ന് പേരിട്ട പരിപാടിയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സംഘപരിവാറും ക്രിസ്ത്യൻ സഭയും പ്രത്യക്ഷത്തിൽത്തന്നെ ഒരു വർഗ്ഗീയ കൂട്ടുകൃഷിയിറക്കിയിരിക്കുകയാണ്.

32000 പെൺ കുട്ടികൾ കേരളത്തിൽ നിന്ന് ISIS ൽ ചേർന്നു എന്ന് അഭിമുഖങ്ങളിൽ അവകാശപ്പെട്ടാണ് ഈ സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ The film is Inspired by many true stories എന്ന് ട്രെയിലറിലും എഴുതി വെച്ച സിനിമയ്ക്ക് പ്രചാരം നൽകിയത്. വസ്തുതകളുടേയോ തെളിവുകളുടേയോ ഏതെങ്കിലും തരത്തിലുള്ള രേഖകളുടേയോ ഒരടിസ്ഥാനവുമില്ലാതെയാണ് വൈകാരിക പ്രമോഷണൽ പരിപാടികളുടെ കൂടി അകമ്പടിയോടെ രാജ്യം മുഴുവൻ പ്രദർശിപ്പിച്ചത്. എത്രയോ ഫാക്റ്റ് ചെക്കിംഗ് നടന്നിട്ടും നുണയാണെന്ന് സ്ഥാപിച്ചിട്ടും ഈ പ്രൊപ്പഗാൻ്റ ഉത്പന്നം ശരിയാണ് എന്ന് കരുതുന്ന ആളുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ട്. കേരളത്തിനെതിരെയും മുസ്ലീങ്ങൾക്കെതിരെയും ഒരുപോലെ ഉപയോഗിക്കാൻ പാകത്തിൽ നിർമിച്ച ആ സിനിമയാണ് കേരളത്തിലെ ഒരു രൂപത കുട്ടികൾക്കു മുന്നിൽ പള്ളികളിലൂടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

നിയമങ്ങളെ ഉപയോഗിച്ചു തന്നെ നിയമസംവിധാനത്തെ ദുർബലമാക്കുന്നതുപോലെ, പാർലമെൻ്റിനെ ഉപയോഗിച്ചു തന്നെ പാർലമെൻ്റിനെ തകർക്കുന്നതുപോലെ, ഇലക്ട്രൽ ബോണ്ടുപോലുള്ള വൻ നിയമാനുസൃത അഴിമതി നടത്തിക്കൊണ്ടുതന്നെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അഴിമതിയ്ക്കെതിരെയെന്ന പേരിൽ മറ്റു രാഷ്ട്രീയ പാർട്ടികളെ സാമ്പത്തികമായി തകർക്കുന്നതുപോലെ, ഗവർണർമാരെ ഉപയോഗിച്ച് ഫെഡറലിസത്തെ തകർക്കുന്നതുപോലെ, തെരഞ്ഞെടുപ്പ് നടത്തിക്കൊണ്ട് തന്നെ ഇലക്ഷൻ കമ്മീഷൻ്റെയും വോട്ടെടുപ്പിൻ്റെയും സുതാര്യത ഇല്ലാതാക്കുന്ന പോലെ, മാധ്യമങ്ങളുടെ മൂലധനത്തെ വിലയ്ക്കെടുത്ത് തങ്ങളുടെ പ്രചാരണത്തിനുപയോഗിക്കുന്നതുപോലെ, ജനാധിപത്യത്തിൻ്റെ സാധ്യതകളെ ഉപയോഗിച്ച് തന്നെ ജനാധിപത്യത്തെ തകർക്കുന്ന പദ്ധതിയാണ് സംഘപരിവാറും യൂണിയൻ സർക്കാരും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സെൻസർ സർട്ടിഫിക്കറ്റുള്ള സിനിമ നിർമിച്ച്, ഏറ്റവും സ്വാധീനശേഷിയുള്ള ദൃശ്യമാധ്യമ സങ്കേതത്തെ ഉപയോഗിച്ച് വർഗ്ഗീയതയും നുണയും പ്രചരിപ്പിക്കൽ.

ഇടുക്കി രൂപത ചെയ്ത പാപത്തിൻ്റെ ആഴമെന്തെന്ന് ഇടുക്കി രൂപതയ്ക്ക് അറിയില്ല എന്ന് കരുതുന്നത് ആന മണ്ടത്തരമായിരിക്കും. അവർ ചെയ്തതെന്തെന്ന് അവർക്കറിയാം. അവർ ചെയ്തതെന്തെന്ന് നമുക്കുമറിയാം. ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്കും അറിയാം. ഇലക്ഷൻ കാലത്ത് സഭ ചെയ്ത പാപത്തോട് രാഷ്ട്രീയ പാർട്ടികൾ പൊറുക്കും. അവരോട് പൊറുക്കേണമേയെന്ന് കർത്താവിനോട് പ്രാർത്ഥിക്കാനും സാധ്യതയുണ്ട്. വഴിതെറ്റിയ കുഞ്ഞാടല്ല ഇപ്പോഴത്തെ കത്തോലിക്കാ സഭകൾ. അത് വഴി തെറ്റാൻ രാഷ്ട്രീയ തീരുമാനമെടുത്ത പ്രസ്ഥാനമാണ്. സംഘപരിവാരത്തിൻ്റെ തൊഴുത്തിൽ ഭൂമിയും കൃഷിയും ആസ്തിയും പാട്ടുകുർബാനയുമായി അല്ലലില്ലാതെ കഴിയാനും സംഘപരിവാറിന് ഓശാന പാടാനും തീരുമാനമെടുത്ത പ്രസ്ഥാനം. ഇടുക്കി രൂപതയുടെ പ്രവൃത്തിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഓൺലൈൻ സ്പേസിലെ മനുഷ്യരെ കാണുമ്പോൾ പഴയ പോലെ ഭയമോ ഞെട്ടലോ ഇല്ല. എങ്കിലും സംഘപരിവാറിൻ്റെ കേരള സ്റ്റോറിയല്ല കേരള സ്റ്റോറിയെന്ന് പറയാൻ മതേതര രാഷ്ട്രീയ കേരളം തയ്യാറാവണം.

Comments