‘ദ കേരള സ്റ്റോറി’: സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രൊപ്പഗാൻഡ കരുതിയിരിക്കണമെന്ന്
സാംസ്കാരിക പ്രവർത്തകർ

‘‘രാഷ്ട്രീയ പ്രൊപ്പഗാൻഡയുടെ ഭാഗമായി നിർമിക്കപ്പെട്ട ഒരു സിനിമ, അതിന്റെ അടിസ്ഥാന വസ്തുതകളെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ചില ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിക്കുന്നത് തീർത്തും നിർഭാഗ്യകരമാണ്’’

Think

'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സാംസ്‌കാരിക പ്രവർത്തകർ. അരുന്ധതി റോയ്, സാറാ ജോസഫ്, ശശികുമാർ, ബി.ആർ.പി. ഭാസ്‌കർ, സക്കറിയ, ഒ.കെ. ജോണി, വെങ്കിടേഷ് രാമകൃഷ്ണൻ, ആർ. രാജഗോപാൽ, സി.എസ്. ചന്ദ്രിക, പി.കെ. ശ്രീനിവാസൻ തുടങ്ങി 46 പേർ ഒപ്പിട്ട പ്രസ്താവനയാണ് ഈ അഭ്യർഥന പുറപ്പെടുവിച്ചത്.

പ്രസ്താവനയിൽനിന്ന്: രാഷ്ട്രീയ പ്രൊപ്പഗാൻഡയുടെ ഭാഗമായി നിർമിക്കപ്പെട്ട ഒരു സിനിമ, അതിന്റെ അടിസ്ഥാന വസ്തുതകളെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ചില ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിക്കുന്നത് തീർത്തും നിർഭാഗ്യകരമാണ്. കേന്ദ്ര സർക്കാർ തന്നെ തള്ളിക്കളഞ്ഞ ഒരു വിഷയത്തെ സാമുദായിക വിഭജനമുണ്ടാക്കുംവിധം ദുരുപയോഗിക്കുന്നതും ഭയം സൃഷ്ടിക്കുന്നതും ഏറെ നിർഭാഗ്യകരമാണ്. സെൻസർ ബോർഡ് 'പ്രായപൂർത്തിയായവർക്കുമാത്രം' എന്ന സർട്ടിഫിക്കറ്റ് നൽകിയ ഈ സിനിമ എങ്ങനെയാണ്, മാധ്യമ റിപ്പോർട്ടുകളിൽ കാണുന്ന പ്രകാരം, വിദ്യാർഥികളടങ്ങുന്നവർക്കുമുന്നിൽ പ്രദർശിപ്പിക്കുന്നത്?

2020 ഫെബ്രുവരി നാലിന് ആഭ്യന്തര വകുപ്പ് ലോക്‌സഭയിൽ നൽകിയ ഒരു മറുപടിയിൽ ഇങ്ങനെ പറയുന്നു: 'ഏതെങ്കിലും കേന്ദ്ര ഏജൻസികൾ ഇത്തരമൊരു ലൗവ് ജിഹാദ് റിപ്പോർട്ടുചെയ്തിട്ടില്ല'. മന്ത്രാലയം ഇങ്ങനെയും കൂട്ടിച്ചേർത്തു: 'അതേസമയം, കേരളത്തിൽനിന്ന് ഭിന്ന വിശ്വാസത്തിൽ പെട്ടവരുടെ രണ്ടു വിവാഹങ്ങളുമായി ബന്ധപ്പെട്ട വിഷയം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്'. ലവ് ജിഹാദ് എന്ന വിശേഷണം നിയമത്തിന്റെ അളവുകോൽ വച്ച് നിർവചിക്കപ്പെട്ടിട്ടില്ല എന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

ഈ പ്രൊപ്പഗാന്റ സിനിമ ഉയർത്തുന്ന വിഷയങ്ങളിൽആശങ്കയുള്ള പൗരരെന്ന നിലയ്ക്കും തലമുറകളായി സഹവർത്തിത്തത്തോടെ കഴിയുന്നവരെന്ന നിലയ്ക്കും, ഈ സിനിമ മുന്നോട്ടുവക്കുന്ന സെൻസിറ്റീവായ സാമുദായിക വിഷയത്തെയും അതിന്മേലുള്ള പ്രചാരണങ്ങളെയും തള്ളിക്കളയാൻ ഞങ്ങൾ കേരളീയരോട് അഭ്യർഥിക്കുന്നു. കോടതികൾ തന്നെ ഇത്തരം കാമ്പയിനെ വസ്തുതകൾ വച്ച് ഖണ്ഡിച്ചിട്ടുള്ളതും ഓർക്കേണ്ടതാണ്.

നൂറ്റാണ്ടുകളായി, സമുദായക്ഷേമത്തിന് സാമൂഹികമായ സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ ചർച്ച്, ഇത്തരം മോശം പ്രൊപ്പഗാന്റകളിൽ വീണുപോകരുത്. ഇത്തരം പ്രൊപ്പഗാന്റകൾ തലമുറകളിലൂടെ പടർന്നുകിടക്കുന്ന സാമുദായിക സന്തുലിതാവസ്ഥ തകർക്കും, ഇത് വിവിധ മതങ്ങൾക്കിടയിലും വിശ്വാസങ്ങൾക്കിടയിലുമുള്ള സമാധാനപരമായ സഹവർത്തിത്വം ഇല്ലാതാക്കും.

സമൂഹത്തിന്റെ ഉത്തമ താൽപര്യം കണക്കിലെടുത്ത് ഇത്തരം തെറ്റിധാരണാജനകമായ പ്രൊപ്പഗാന്റകൾ അവസാനിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു.

’An appeal for interfaith co-existence in times of misguided propaganda’ 46 സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട പ്രസ്താവനയുടെ പൂർണരൂപം വായിക്കാം.

Comments