കെ.എസ്. ശബരിനാഥൻ

വോട്ടു ചോർച്ചയിൽ ഇളകുന്ന
പ്രത്യയശാസ്ത്രം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുവിരുദ്ധ വികാരത്തിന്റെ കാരണം എന്താണെന്ന് എല്ലാ ജനങ്ങൾക്കുമറിയാം, പക്ഷെ എ.കെ.ജി സെന്ററിന് അറിയില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല- കെ.എസ്. ശബരീനാഥൻ എഴുതുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം വലിയൊരു ആശ്വാസമാണ് നാടിന് നൽകിയിരിക്കുന്നത്. ജനങ്ങളെ മറന്ന്, അനന്തമായി ഭരണം നടത്തി ആർക്കും ഒരു നാടിനെ തങ്ങളുടെ ചൊല്പടിയിൽ നിലനിർത്താൻ കഴിയില്ല എന്ന സന്ദേശമാണ് പ്രതിബന്ധങ്ങൾക്കിടയിലും ‘ഇന്ത്യ’ മുന്നണി നേടിയ കുതിച്ചുചാട്ടം വ്യക്‌തമാക്കുന്നത്.
ബി ജെ പി എന്ന പാർട്ടിയിൽനിന്ന് മാറി കേവലം മോദി എന്ന ബിംബത്തിലേക്ക് ചുരുങ്ങിയ ഭരണപക്ഷം, എൻ.ഡി.എ എന്ന വിശാലതയിലേക്ക് മാറാൻ നിർബന്ധിക്കപ്പെട്ടത് സത്യത്തിൽ കാലത്തിന്റെ കാവ്യനീതിയാണ്.

എന്നാൽ കേരളത്തെ സംബന്ധിച്ച് മതേതര കക്ഷികൾക്ക് സന്തോഷിക്കാൻ വകയില്ല. യു ഡി എഫിന് 18 സീറ്റിന്റെ പത്തരമാറ്റ് വിജയം ലഭിച്ചെങ്കിലും വിജയത്തിലടങ്ങിയ ചില സന്ദേശങ്ങളുണ്ട്. ഇടതുപക്ഷത്തിന്റെ തോൽവിയുടെ ആഘാതം എടുത്തു പറയേണ്ടതില്ലല്ലോ. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയവും 11 നിയോജകമണ്ഡലങ്ങളിലെ അവരുടെ ലീഡും പല ബൂത്തുകളിലെയും വോട്ടിംഗ് പാറ്റേൺ കണക്കുകളും പഠിക്കുമ്പോൾ ആശങ്കിക്കാതെ നിർവാഹമില്ല.

ജനങ്ങളെ മറന്ന്, അനന്തമായി ഭരണം നടത്തി ആർക്കും ഒരു നാടിനെ തങ്ങളുടെ ചൊല്പടിയിൽ നിലനിർത്താൻ കഴിയില്ല എന്ന സന്ദേശമാണ് പ്രതിബന്ധങ്ങൾക്കിടയിലും ‘ഇന്ത്യ’ മുന്നണി നേടിയ കുതിച്ചുചാട്ടം വ്യക്‌തമാക്കുന്നത്.
ജനങ്ങളെ മറന്ന്, അനന്തമായി ഭരണം നടത്തി ആർക്കും ഒരു നാടിനെ തങ്ങളുടെ ചൊല്പടിയിൽ നിലനിർത്താൻ കഴിയില്ല എന്ന സന്ദേശമാണ് പ്രതിബന്ധങ്ങൾക്കിടയിലും ‘ഇന്ത്യ’ മുന്നണി നേടിയ കുതിച്ചുചാട്ടം വ്യക്‌തമാക്കുന്നത്.

ഇതുവരെ കേരളത്തിൽ കാണാത്ത ഒരു സാഹചര്യത്തിലേയ്ക്കാണോ ഈ​ തെരഞ്ഞെടുപ്പുഫലം നമ്മെ എത്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ- രാഷ്ട്രീയ ചർച്ചകളിൽ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് ‘watershed moment in history’. കാര്യങ്ങളുടെ ഗതിവിഗതികൾ കീഴ്മേൽ മറിയുന്ന പുതിയ മാറ്റങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളെയാണ് ഇങ്ങനെ വിളിക്കുന്നത്. ബി ജെ പിയുടെ വിജയത്തെ ഞാൻ ഇങ്ങനെ നിർവചിക്കാൻ ആഗ്രഹിക്കുന്നത് വോട്ടു ചോർച്ച കൊണ്ടുമാത്രമല്ല, അത് പ്രതിനിധാനം ചെയ്യുന്നത് ഭാവിയിലെ പ്രത്യയശാസ്ത്ര വ്യതിയാനമാണോ എന്ന ഭയം കൊണ്ടു കൂടിയാണ്.

ബി ജെ പിക്ക് വോട്ടു ചെയ്ത എല്ലാവരും ‘സംഘി’യും ‘ക്രിസംഘി’യുമാണെന്ന് അനുമാനിക്കാതെ, അവരെ തിരികെ കൊണ്ടുവരാനുള്ള രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തനം മതനിരപേക്ഷ പ്രസ്‌ഥാനങ്ങൾ നടത്തണം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എന്നും ആശയപരമായി ‘Left Of Centre’ ആണ്. മാറിമാറി വരുന്ന യു ഡി എഫ്- എൽ.ഡി.എഫ് സർക്കാരുകൾ ഏറെക്കുറെ പല കാര്യങ്ങളിലും, വിശിഷ്യാ സാമ്പത്തിക- സാമൂഹിക വിഷയങ്ങളിൽ, ഒരേ നിലപാട് തുടരുന്നതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ കേരളം. ആർ.എസ്.എസ് ശാഖകൾ കാലങ്ങളായി തഴച്ചുവളർന്ന കേരളം ഒരിക്കലും ബി ജെ പി രാഷ്ട്രീയത്തിന് മുഖം കൊടുത്തില്ല. 2016-ൽ ഒ. രാജഗോപാൽ നേമത്ത് വിജയിക്കുമ്പോഴും ഒരു മേഖലയിലുണ്ടായ, സംഘടനാപരവും സാമുദായികവുമായി സ്വാധീനം ചെലുത്തിയ വിജയമായിട്ടാണ് നമ്മൾ വിലയിരുത്തിയത്. എന്നാൽ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ശക്‌തരായ ഇടതു- കോൺഗ്രസ് സ്ഥാനാർഥികൾ വന്നപ്പോൾ നേമം ബി ജെ പിയെ കൈയൊഴിഞ്ഞു. ബി ജെ പി വിജയം തുടർ പ്രക്രിയയല്ല എന്ന് തെളിഞ്ഞു.

എന്നാൽ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഈ ചിന്തകളെ മാറ്റിമറിച്ചു. അതുപോലെയാണ് ആറ്റിങ്ങൽ ഉൾപ്പടെയുള്ള സീറ്റുകളിലെ ബി ജെ പി മുന്നേറ്റം. പ്രത്യയശാസ്ത്രമായ ഒരു മാറ്റത്തിന്റെ സൂചനകളാണോ ഇത് എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഈ വിജയത്തെ 'ഈഴവ വോട്ടുകളുടെ ഒഴുക്ക്’, ‘ക്രിസ്ത്യൻ ന്യൂനപക്ഷം സുരേഷ് ഗോപിയെ സഹായിച്ചു' തുടങ്ങിയ ആംഗിളുകളിൽ കാണുന്നതിനുപകരം Left of Centre രാഷ്ട്രീയത്തിന് ഒരു മറുചേരി ജനം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നോ എന്ന ചോദ്യമാണുയരുന്നത്.

മധ്യവർഗ സമൂഹത്തിന്റെ തീൻമേശയിലെ സംവാദങ്ങൾ കുറിക്കുകൊള്ളുന്നു എന്നർഥം. ഇപ്പോഴും കത്തുന്ന മണിപ്പുരിലെ സഹോദരങ്ങളുടെ തേങ്ങൽ കേൾക്കാതെ, പരസ്യവാചകങ്ങളിൽ കണ്ട മോദി ഗ്യാരണ്ടിയും അതിന് മേമ്പൊടിയായ ബി ജെ പിയുടെ വർഗീയ ക്യാമ്പയിനും ഫലം കണ്ടെത്തുന്നു. വോട്ടുചോർച്ച ഒരു പ്രദേശത്തു മാത്രമല്ല സംഭവിച്ചിരിക്കുന്നത്, പല ജില്ലകളിലുമാണ്. ഈ വോട്ടുകൾ തിരികെക്കൊണ്ടുവരാൻ എൽ.ഡി.എഫും യു.ഡി.എഫും നന്നായി അധ്വാനിക്കേണ്ടിവരും.

സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഒരു കാരണം, ഇടത്- വലത് അമിതാവേശം കൂടിയാണ്.
സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഒരു കാരണം, ഇടത്- വലത് അമിതാവേശം കൂടിയാണ്.

2019-ലെ പോലെ ശബരിമല പോലെയുള്ള വിഷയങ്ങൾ ഇല്ലാതിരുന്നിട്ടും അതിനേക്കാൾ വലിയ പ്രഹരം അവർക്കു ലഭിച്ചത് ശക്തമായ ഇടതുവിരുദ്ധ വികാരം മൂലമാണ്. അതിന്റെ കാരണം എന്താണെന്ന് എല്ലാ ജനങ്ങൾക്കുമറിയാം, പക്ഷെ എ.കെ.ജി സെന്ററിന് അറിയില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല.

തുറന്നുപറഞ്ഞാൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഒരു കാരണം, ഇടത്- വലത് അമിതാവേശം കൂടിയാണ്. ചെറിയ വോട്ടിന് തൃശൂർ നിയമസഭാ മണ്ഡലത്തിൽ തോറ്റ അദ്ദേഹത്തെ കഴിഞ്ഞ അഞ്ചു വർഷവും പല അനാവശ്യ വിഷയങ്ങളിലും ട്രോൾ ചെയ്‌ത്‌ ‘ശ്രദ്ധയിൽ കൊണ്ടുവന്നത്’ ഞങ്ങളാണ്. രാഷ്ട്രീയത്തെക്കാൾ മറ്റു പല കാര്യങ്ങളിലും ഊന്നി നമ്മൾ അദ്ദേഹത്തെ കളിയാക്കിയപ്പോൾ ജനം ശ്രദ്ധിച്ചു. സ്ത്രീകൾക്കിടയിൽ അദ്ദേഹത്തിന് സ്നേഹവും പ്രീതിയും പിടിച്ചുപറ്റാനായി. സത്യം പറഞ്ഞാൽ ലൂർദ് പള്ളി വിവാദവും മറ്റും സൈബർ സ്പേസിൽ നമ്മൾ നന്നായി പരിഹസിച്ച് ആഘോഷിച്ചെങ്കിലും അതെല്ലാം വോട്ടായി മാറി.
നമുക്ക് രാഷ്ട്രീയം പറയാം, ശക്‌തമായ നിലപാടുകളെടുക്കാം, പക്ഷെ വ്യക്തിയധിഷ്ഠിതമായ ആക്ഷേപം നടത്തി മറ്റൊരു സുരേഷ് ഗോപിയെ ഇനി സൃഷ്ടിക്കരുത്.

കേരളത്തിലെ റിസൾട്ടിന്റെ ദിശ സൂചിപ്പിക്കുന്നത് ഇടതു തകർച്ച കൂടിയാണ്. രണ്ടാം പിണറായി സർക്കാരിനെതിരെ സാധാരണ ജനങ്ങളുടെയും, എന്തിന്, കമ്യൂണിസ്റ്റ് വിശ്വാസികളുടെ പോലും വോട്ട് മറുപക്ഷത്തേക്ക് പോയിട്ടുണ്ട്. സാമ്പത്തിക തകർച്ചയും സാമൂഹിക പെൻഷൻ മുടങ്ങിയതും അതിനിടയിലെ മുഖ്യമന്ത്രിയുടെ നിലപാടുകളും വാചകങ്ങളും ധൂർത്തും പ്രതിപക്ഷവേട്ടയും എല്ലാം സർക്കാരിനെതിരായ വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റി. നിർഭാഗ്യവശാൽ ഇടതുപക്ഷം ഇത് തിരിച്ചറിയുന്നില്ല. 2019-ലെ പോലെ ശബരിമല പോലെയുള്ള വിഷയങ്ങൾ ഇല്ലാതിരുന്നിട്ടും അതിനേക്കാൾ വലിയ പ്രഹരം അവർക്കു ലഭിച്ചത് ശക്തമായ ഇടതുവിരുദ്ധ വികാരം മൂലമാണ്. അതിന്റെ കാരണം എന്താണെന്ന് എല്ലാ ജനങ്ങൾക്കുമറിയാം, പക്ഷെ എ.കെ.ജി സെന്ററിന് അറിയില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല.

ചെറിയ വോട്ടിന് തൃശൂർ നിയമസഭാ മണ്ഡലത്തിൽ തോറ്റ സുരേഷ് ഗോപിയെ കഴിഞ്ഞ അഞ്ചു വർഷവും പല അനാവശ്യ വിഷയങ്ങളിലും ട്രോൾ ചെയ്‌ത്‌ ‘ശ്രദ്ധയിൽ കൊണ്ടുവന്നത്’ ഞങ്ങളാണ്.
ചെറിയ വോട്ടിന് തൃശൂർ നിയമസഭാ മണ്ഡലത്തിൽ തോറ്റ സുരേഷ് ഗോപിയെ കഴിഞ്ഞ അഞ്ചു വർഷവും പല അനാവശ്യ വിഷയങ്ങളിലും ട്രോൾ ചെയ്‌ത്‌ ‘ശ്രദ്ധയിൽ കൊണ്ടുവന്നത്’ ഞങ്ങളാണ്.

ഈ റിസൾട്ട് തുറന്നുകാട്ടുന്ന മറ്റൊരു കാര്യമുണ്ട്. പാലക്കാട് മുതൽ കാസർഗോഡ് വരെ, അതായത് പാലക്കാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വയനാട്, കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ യു.ഡി.എഫ് ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാൽ തെക്കോട്ടു വരുമ്പോൾ ഭൂരിപക്ഷം കുറയുന്നു. അതായത്, തിരുവനന്തപുരത്തും ആറ്റിങ്ങലിലും പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും.

ഇതിന്റെ പൊളിറ്റിക്കൽ മെസേജ് വളരെ വ്യക്‌തമാണ്‌: വടക്കൻ ജില്ലകളിൽ സർക്കാർ വിരുദ്ധ വോട്ടുകൾ യു ഡി എഫിലേക്കുവന്നപ്പോൾ തൃശൂർ മുതൽ തിരുവനന്തപുരം വരെ ഈ വോട്ടുകൾ യു ഡി എഫും ബി ജെ പിയും പങ്കിട്ടു. ഈ തെക്ക്- വടക്ക് പാറ്റേൺ കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
നമ്മൾ സങ്കല്പിക്കുന്നതിലും വിഘടിതമാണ് കേരളത്തിലെ പൊതുസമൂഹം എന്നത് സങ്കടകരമായ കാര്യമാണ്.
ഞാൻ ബന്ധുവീടുകളിൽ പോകുമ്പോൾ, രാഷ്ട്രീയേതര സുഹൃത്തുക്കളെ കാണുമ്പോൾ, നാട്ടിലെ കല്യാണവീടുകളിൽ സൊറ പറയുമ്പോൾ, ചായക്കടയിൽ പോകുമ്പോൾ കേൾക്കുന്ന ചില സ്വകാര്യ സംഭാഷണങ്ങളുണ്ട് - അത് ബി ജെ പിക്ക് കേരളത്തിൽ വളരാൻ പാകത്തിലുള്ള സന്ദേശങ്ങൾ തന്നെയാണ്. ഇത് അഭിസംബോധന ചെയ്യാതെ, അതിൽ വ്യക്തത വരുത്താതെ, ബി ജെ പി പരിപ്രേക്ഷ്യം തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താതെ, മതനിരപേക്ഷ പ്രസ്‌ഥാനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയില്ല.

രണ്ടാം പിണറായി സർക്കാരിനെതിരെ സാധാരണ ജനങ്ങളുടെയും, എന്തിന്, കമ്യൂണിസ്റ്റ് വിശ്വാസികളുടെ പോലും വോട്ട് മറുപക്ഷത്തേക്ക് പോയിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിനെതിരെ സാധാരണ ജനങ്ങളുടെയും, എന്തിന്, കമ്യൂണിസ്റ്റ് വിശ്വാസികളുടെ പോലും വോട്ട് മറുപക്ഷത്തേക്ക് പോയിട്ടുണ്ട്.

ബി ജെ പിക്ക് വോട്ടു ചെയ്ത എല്ലാവരും ‘സംഘി’യും ‘ക്രിസംഘി’യുമാണെന്ന് അനുമാനിക്കാതെ, അവരെ തിരികെ കൊണ്ടുവരാനുള്ള രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തനം മതനിരപേക്ഷ പ്രസ്‌ഥാനങ്ങൾ നടത്തണം. ഇല്ലെങ്കിൽ ഇത് ഇപ്പോഴത്തെ വോട്ടു ചോർച്ചയിൽ മാത്രം അവസാനിക്കില്ല, മറിച്ച്, കേരളത്തെ നിലനിർത്തുന്ന രാഷ്ട്രീയത്തിൽനിന്ന് വിഭിന്നമായ ഉത്തേരേന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഈ നാട് പതറുന്നത് നാം കണ്മുന്നിൽ കാണേണ്ടിവരും. ഇത് തടയാനുള്ള ഉത്തരവാദിത്തം, നമ്മുടെ പൂർവികർ കെട്ടിപ്പടുത്തിയ കേരളം നിലനിർത്തേണ്ടത് നമ്മളല്ലേ?

Comments