സർക്കാർ അയഞ്ഞു, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവ്

പ്രതിദിനം 30 ടെസ്റ്റ് എന്നത് 40 ആക്കി ഉയർത്തി. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന പരിഷ്കാരം നടപ്പിലാക്കാൻ ആറു മാസത്തെ സാവകാശം അനുവദിക്കും. വാഹനത്തിൽ ക്യാമറ വെക്കാൻ മൂന്നു മാസത്തെ സാവകാശം നൽകും.

Think

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവ് വരുത്തിയ പുതിയ സർക്കുലർ പുറത്തിറക്കി ഗതാഗത വകുപ്പ്. ചില മാർഗനിർദേശങ്ങളിൽ ഇളവുണ്ട്. പ്രതിദിനം 30 ടെസ്റ്റ് എന്നത് 40 ആക്കി ഉയർത്തി. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന പരിഷ്കാരം നടപ്പിലാക്കാൻ ആറു മാസത്തെ സാവകാശം അനുവദിക്കും. വാഹനത്തിൽ ക്യാമറ വെക്കാൻ മൂന്നു മാസത്തെ സാവകാശം നൽകും.

സി ഐ ടി യു, ബി എം എസ്, ഐ എൻ ടി യു സി അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രതിഷേധത്തിനുമുന്നിൽ വിട്ടുവീഴ്ചക്ക് തയാറായ ഗതാഗതമന്ത്രി ഇന്നലെ തന്നെ ഭേദഗതി വരുത്തിയ കരടിന് അംഗീകാരം നൽകിയിരുന്നു. പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ യൂണിയനുകളുമായി നടത്തിയ ചർച്ചയെതുടർന്നാണ് പുതിയ സർക്കുലർ ഇറങ്ങിയത്.

പ്രതിദിനം 30 എന്നത് 40 ആക്കി ഉയർത്തി. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന പുതിയ നിയമം നടപ്പിലാക്കാൻ 6 മാസത്തെ സാവകാശം അനുവദിക്കും.

കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയും സാവകാശം അനുവദിക്കാതെയും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുന്നതിൽ തുടക്കം മുതൽ എതിർപ്പുണ്ടായിരുന്നു. പരിഷ്‌കരണ നിർദേശങ്ങളെ എതിർത്ത് ആദ്യം രംഗത്തുവന്നത് സി ഐ ടി യുവാണ്. ട്രാക്കൊരുക്കുന്നതിൽ പോലും ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗത്തുനിന്ന് നിസ്സഹകരണമുണ്ടായിരുന്നു. അപ്രായോഗിക നിർദേശങ്ങളെന്ന് വിമർശിച്ച് പരിഷ്‌കാരങ്ങൾ സി ഐ ടി യു നേരത്തെ തന്നെ ബഹിഷ്‌കരിച്ചിരുന്നു.

ട്രാക്കുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മുന്നോട്ടുവെച്ച പരിഷ്‌കരണങ്ങളെയാണ് യൂണിയനുകൾ പ്രധാനമായും എതിർക്കുന്നത്. H പരീക്ഷക്കു പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ് നടത്തുക എന്ന നിർദേശം അംഗീകരിക്കാൻ യൂണിയനുകൾ തയ്യാറല്ല. സർക്കുലറിൽ പരാമർശിക്കുന്ന സൗകര്യങ്ങൾ നിലവിൽ കേരളത്തിലെ ട്രാക്കുകളിലില്ലെന്നും അവർ പറയുന്നു.

യൂണിയനുകളുടെ സംയുക്ത പ്രതിഷേധങ്ങളെ തുടർന്ന് സംസ്ഥാന വ്യപകമായി ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചിരിക്കുകയാണ്. ടെസ്റ്റിനായി കാൻഡിഡേറ്റ്‌സ് എത്തുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ട് അടച്ചിട്ടാണ് പ്രതിഷേധം നടത്തിയിരുന്നു. കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ബഹിഷകരണ സമരവും നടക്കുന്നുണ്ട്.

ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍

പുതിയ തീരുമാനങ്ങളിൽ സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകൾ തൃപ്തരല്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ സമരം തുടരണോ വേണ്ടയോ എന്നതിൽ ഇന്നാകും സി ഐ ടി യുവിന്റെ നിർണായക പ്രഖ്യാപനമുണ്ടാകുക.

Comments