എ.കെ. ആന്റണിയെ കാത്ത തിരൂരങ്ങാടി

Election Desk

ലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗിന് വിശ്വസിക്കാവുന്ന മണ്ഡലങ്ങളിൽ ഒന്ന്. ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് 1995ലെ ഉപതെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു പോറലുപോലുമേൽക്കാതെ ലീഗ് കാത്തത്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ പെട്ട് കരുണാകരൻ രാജിവെച്ചപ്പോഴാണ് ആന്റണി ഡൽഹിയിൽനിന്ന് മുഖ്യമന്ത്രിയായി പറന്നിറങ്ങിയത്.

ആറുമാസത്തിനകം എം.എൽ.എയാകണം എന്നതിനാൽ ലീഗ് ആ "ധർമം' ഏറ്റെടുത്തു. മുസ്‌ലിം ലീഗിൽനിന്ന് രാജിവെച്ച് ഐ.എൻ.എല്ലിലേക്ക് മാറിയ യു.എ. ബീരാൻ എം.എൽ.എ സ്ഥാനമൊഴിഞ്ഞതിനെതുടർന്നാണ് ആന്റണിയെ ലീഗ് ഇവിടേക്ക് ക്ഷണിച്ചത്. ഇടതുമുന്നണി അവസരത്തിനൊത്തുയർന്ന് സാംസ്‌കാരിക പ്രവർത്തകൻ ഡോ. എൻ.എ. കരീമിനെ സ്ഥാനാർഥിയാക്കി. വെറും മൂന്നുതവണ മാത്രമാണ് ആന്റണി പ്രചാരണത്തിന് മണ്ഡലത്തിലെത്തിയത്, പി.കെ. കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നു മേൽനോട്ടത്തിന്. 22,161 വോട്ടിന്റെ ഭൂരിപക്ഷം തിരൂരങ്ങാടി ആന്റണിക്കു നൽകി. എ.കെ. ആന്റണി മാത്രമാണ് ലീഗ് അല്ലാതെ ഇവിടെനിന്ന് വിജയിച്ച സ്ഥാനാർഥി.

എ. കെ. ആന്റണി / വര: ദേവപ്രകാശ്
എ. കെ. ആന്റണി / വര: ദേവപ്രകാശ്

എന്നാൽ, 2016ൽ ലീഗിനെ ഒന്നു വിറപ്പിച്ചുവിട്ടു, തിരൂരങ്ങാടി. ലീഗിലെ പി. കെ. അബ്ദുറബ്ബ് 6043 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്, സി.പി.ഐ സ്വതന്ത്രൻ നിയാസ് പുളിക്കാലകത്ത് നല്ല മൽസരം കാഴ്ചവച്ചു. 2011ൽ അബ്ദുറബ്ബിന്റെ ഭൂരിപക്ഷം 36,000 ആയിരുന്നുവെന്നും ഓർക്കുക. 6043 എന്ന സംഖ്യ ഇടതുപക്ഷത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. യു.ഡി.എഫിലെ പടലപ്പിണക്കങ്ങളായിരുന്നു അബ്ദുറബ്ബിന്റെ ഭൂരിപക്ഷം കുറച്ചത്.

പി.കെ.അബ്ദുറബ്ബിനെ ഇത്തവണ മാറ്റിനിർത്തുമെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചിട്ടുണ്ടെങ്കിലും അത് ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. മൂന്നുതവണ മൽസരിച്ച അബ്ദുറബ് അടക്കം എട്ട് സിറ്റിങ് എം.എൽ.എമാരെ മാറ്റിനിർത്തി പകരം യുവാക്കൾക്ക് അവസരം നൽകാൻ ലീഗ് തീരുമാനിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. എം.കെ. മുനീർ അടക്കം നിരവധി നേതാക്കന്മാരുടെ പേരുകൾ ലീഗിൽ കിടന്ന് പൊരിയുന്നുണ്ട്.

നിയാസ് ഇത്തവണ മൽസരിക്കാനില്ലെന്ന് സൂചന നൽകിയിട്ടുണ്ടെങ്കിലും എൽ.ഡി.എഫ് പ്രതികരിച്ചിട്ടില്ല. ജനകീയനായ ഒരു പുതുമുഖത്തെയാണ് മുന്നണി തെരയുന്നത്. മൽസരം കൈപ്പിടിയിലൊതുക്കാമെന്ന ധൈര്യം ഇപ്പോൾ ഇടതുമുന്നണിക്കുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ 45 സീറ്റുള്ള പരപ്പനങ്ങാടി നഗരസഭയിൽ 29 സീറ്റും യു.ഡി.എഫിനായിരുന്നു. ജനകീയ മുന്നണിയുടെ പേരിലാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ ഫലം യു.ഡി.എഫിന് ആശ്വാസം നൽകുന്നതാണ്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ, ക്ലാരി പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. മൽസരിച്ചവരിൽ ഒരാളൊഴികെയുള്ളവർ മന്ത്രിമാരായ മണ്ഡലം. രണ്ടുപേർ മുഖ്യമന്ത്രിയും ഒരാൾ ഉപമുഖ്യമന്ത്രിയുമായി. 1957 മുതൽ 1965 വരെയും 1970 മുതൽ 1987 വരെ അവുക്കാദർ കുട്ടി നഹയാണ് ജയിച്ചത്. സി.പി. കുഞ്ഞാലിക്കുട്ടി കേയി, യു.എ. ബീരാൻ, കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ. അബ്ദുറബ്ബ് എന്നിവരാണ് ഇവിടെനിന്ന് ജയിച്ച മറ്റു നേതാക്കൾ.


Comments