തിരുവല്ല: ജോസഫിനുള്ളത് കോൺഗ്രസിനോ?

Election Desk

ത്തനംതിട്ട ജില്ലയിൽ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി തിരുവല്ല ഞെളിഞ്ഞുനിൽക്കുകയാണ്. കേരള കോൺഗ്രസ് തുടർച്ചയായി തോറ്റുകൊണ്ടിരിക്കുന്ന മണ്ഡലം, മാണി ഗ്രൂപ്പിന്റെ അഭാവത്തിൽ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഒരുതരത്തിലും വിട്ടുനൽകില്ലെന്നും സാക്ഷാൽ പി.ജെ. ജോസഫ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കാലുവാരലുകൊണ്ടാണ് തിരുവല്ലയിൽ യു.എഡി.എഫ് തോറ്റുകൊണ്ടിരിക്കുന്നതെന്നും ജോസഫ് വിഭാഗം തുറന്നുപറയുന്നു. അവകാശവാദം മാത്രമല്ല, ജോസഫ് ഗ്രൂപ്പ് മണ്ഡലത്തിൽ പ്രവർത്തനം ശക്തമാക്കിയിട്ടുമുണ്ട്.

മാത്യു ടി. തോമസ് / ചിത്രീകരണം: ദേവപ്രകാശ്
മാത്യു ടി. തോമസ് / ചിത്രീകരണം: ദേവപ്രകാശ്

എന്നാൽ, ജോസഫ് ഗ്രൂപ്പിന് തോൽക്കാൻ കൊടുക്കുന്നതിനുപകരം, മണ്ഡലം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നിയോജകമണ്ഡലം നേതൃയോഗം ശക്തിയായി ആവശ്യപ്പെട്ടിരിക്കുകയാണ്. 1960നുശേഷം കോൺഗ്രസ് മൽസരിക്കാത്ത മണ്ഡലം കൂടിയാണിത്. മാണിക്ക് നൽകിയിരുന്ന സീറ്റിൽ ജോസഫിന് എന്ത് അവകാശം എന്ന്? കേട്ടാൽ ന്യായമെന്ന് തോന്നിപ്പിക്കുന്ന ചോദ്യമാണ് അവരുന്നയിക്കുന്നത്. മാണിക്കും ജോസഫിനുമല്ല, സീറ്റ് കേരള കോൺഗ്രസിനാണ് എന്ന് ജോസഫ് ഗ്രൂപ്പിന്റെ മറുപടി.

പി.ജെ. കുര്യന്റെ പേരാണ് "അദ്ദേഹം പോലും അറിയാതെ' കോൺഗ്രസിന്റെ പേരിൽ പ്രചരിപ്പിക്കുന്നത്. മാർത്തോമ സഭക്ക് നിർണായക സ്വാധീനമുള്ള ഇവിടെ, കുര്യൻ സഭാനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയെന്നൊക്കെ "ശത്രു'ക്കൾ പറഞ്ഞുപരത്തുന്നുണ്ട്. "വിജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്തണം' എന്ന് പാർട്ടി നേതൃത്വത്തിന് ഒരു പരോക്ഷ ഉപദേശവും കുര്യൻ മുന്നോട്ടുവച്ചിട്ടുണ്ട്.

ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല എന്നീ പേരുകളും കുര്യനോടൊപ്പം മൽസരത്തിനുണ്ട്. ജോസഫ് ഗ്രൂപ്പിന്റെ മുതിർന്ന നേതാവ് കുഞ്ഞുകോശി പോളിനുവേണ്ടി, ജോസഫ് ഗ്രൂപ്പിൽ ഒരുക്കം തകൃതിയാണ്. ജോസഫ് എം. പുതുശ്ശേരി, വിക്ടർ തോമസ് എന്നിവരും ഗ്രൂപ്പിന്റെ സാധ്യതപട്ടികയിലുണ്ട്.

എൽ.ഡി.എഫിൽ ജോസ് വിഭാഗത്തിന് തിരുവല്ല വേണ്ട, പകരം റാന്നി മതി എന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു. ജനതാദൾ സെക്യുലറിലെ മാത്യു ടി. തോമസാണ് 2006 മുതൽ തിരുവല്ലയിലെ എം.എൽ.എ. 2006ൽ കേരള കോൺഗ്രസിലെ വിക്ടർ ടി. തോമസിനെയാണ് തോൽപ്പിച്ചത്. 2011, 2016 വർഷങ്ങളിലും മാത്യു ടി. തോമസ് ജയിച്ചു. കഴിഞ്ഞ തവണ ജോസഫ് എം. പുതുശ്ശേരിയെ 8262 വോട്ടിനാണ് മാത്യു ടി. തോമസ് തോൽപ്പിച്ചത്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ബി.ജെ.പിയും കരുക്കൾ മുറുക്കുന്ന മണ്ഡലമാണിത്. കഴിഞ്ഞ തവണ മൽസരിച്ച ബി.ഡി.ജെ.എസ് തിരുവല്ല ബി.ജെ.പിക്ക് വിട്ടുകൊടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽനിന്നുമാത്രം കെ. സുരേന്ദ്രന് കിട്ടിയത് 40,186 വോട്ടാണ്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി അക്കീരമൺ കാളിദാസ ഭട്ടതിരി 31,439 വോട്ടാണ് നേടിയത്. ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായതിനാൽ യുവമോർച്ച് ദേശീയ സെക്രട്ടറി അനൂപ് ആന്റണിയാകും ബി.ജെ.പി സ്ഥാനാർഥി.

തിരുവല്ല നഗരസഭ, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തിരുവല്ല മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഏഴായിരത്തിലേറെ വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിനുള്ളത്.

1957ൽ ജയിച്ച സി.പി.ഐയുടെ ജി. പത്മനാഭൻ തമ്പി ആദ്യ എം.എൽ.എയായി. 1960ൽ കോൺഗ്രസിന്റെ പി. ചാക്കോ ജയിച്ചു. 1965 മുതൽ 1977 വരെ കേരള കോൺഗ്രസിലെ ഇ. ജോൺ ജേക്കബ്. 1980, 1982 വർഷങ്ങളിൽ പി.സി. തോമസ്. 1987ൽ കേരള കോൺഗ്രസ് എം. സ്ഥാനാർഥിയായി മൽസരിച്ച പി.സി. തോമസിനെ ജനതാദളിലെ മാത്യു ടി. തോമസ് അട്ടിമറിച്ചു. 1991 മുതൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ മാമൻ മത്തായി. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 2003ൽ എലിസബത്ത് മാമൻ മത്തായി ജയിച്ചു. ഏതു ഗ്രൂപ്പിലേക്കും എളുപ്പം തിരിയാവുന്ന സമവാക്യങ്ങളാണ് തിരുവല്ലയെ ശ്രദ്ധകേന്ദ്രമാക്കുന്നത്.


Comments