തിരുവനന്തപുരം ത്രികോണമാകുമോ?

Election Desk

തിരുവനന്തപുരം ഇത്തവണ ഒരു ത്രികോണ മത്സരത്തിന് വേദിയാകുമെന്നാണ് കേൾവി. സിറ്റിങ് സീറ്റിൽ യു.ഡി.എഫും പിന്നെ എൽ.ഡി.എഫും സ്ഥാനാർഥികളെ തീരുമാനിച്ച് ഇറങ്ങിക്കഴിഞ്ഞു. എന്നാൽ, എ പ്ലസ് എന്ന തീരുമാനമേ ബി.ജെ.പിയിലുണ്ടായിട്ടുള്ളൂ, ഇവിടേക്ക് ആര് വേണം എന്നതിൽ ഇതുവരെ ഒരെത്തും പിടിയുമാകാത്ത അവസ്ഥയാണ്.

വി.എസ്. ശിവകുമാർ / വര: ദേവപ്രകാശ്

മൂന്ന് വി.ഐ.പികളെയാണ് ബി.ജെ.പി തിരുവനന്തപുരത്തിനുവേണ്ടി പിടിച്ചുവച്ചിരിക്കുന്നത്: സുരേഷ് ഗോപി, ഇ. ശ്രീധരൻ, സിനിമ- സീരിയൻ നടൻ കൃഷ്ണകുമാർ. സംസ്ഥാനത്തുതന്നെ ബി.ജെ.പി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ്. എന്നാൽ, ആശയക്കുഴപ്പം ഇതുവരെ മാറിയിട്ടുമില്ല. സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ, ഇ. ശ്രീധരൻ വന്നതോടെ, "മുഖ്യമന്ത്രി' സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ തിരുവനന്തപുരത്ത് നിർത്താൻ മറ്റൊരു വിഭാഗം ചരടുവലി നടത്തുകയും ചെയ്തു. ഇതോടെ, തിരുവനന്തപുരത്തെ വി.ഐ.പിയെക്കുറിച്ച് പാർട്ടിയിൽ തർക്കമായി.

ആദ്യം, ഇ. ശ്രീധരന്റെ മേലണിഞ്ഞ മുഖ്യമന്ത്രിക്കുപ്പായം എടുത്തമാറ്റി, എന്നിട്ട് തിരുവനന്തപുരത്തെ കാര്യം ദേശീയ നേതൃത്വത്തിന്റെ പരിഗണനക്കയച്ചു. ഇനി അവർ തീരുമാനിക്കും.

2016ൽ ബി.ജെ.പി ശക്തമായ പ്രകടനമാണ് നടത്തിയത്. എസ്. ശ്രീശാന്തും ആന്റണി രാജുവുമായുളള വോട്ട് വ്യത്യാസം 805 മാത്രമായിരുന്നു. ആന്റണി രാജുവിന് 35569 വോട്ട് ലഭിച്ചപ്പോൾ ശ്രീശാന്തിന് 34764 വോട്ട് ലഭിച്ചു.
സിറ്റിങ് സീറ്റാണെങ്കിലും, തുടർച്ചയായ രണ്ടുതവണ ജയിക്കുന്നുണ്ടെങ്കിലും കോൺഗ്രസിലെ വി.എസ്. ശിവകുമാറിന് ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല. പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനെതിരെ പ്രബലമായ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശിവകുമാർ വിഭാഗീയ പ്രവർത്തനം നടത്തിയതായി പരാതിയുയർന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലൂം ശിവകുമാർ ബി.ജെ.പിക്ക് വോട്ട് മറിച്ചു എന്ന ആരോപണമുണ്ടായി. അതുകൊണ്ട് നേമത്തോ വട്ടിയൂർക്കാവിലോ മത്സരിപ്പിക്കാനായിരുന്നു പാർട്ടി നീക്കം. ഇത് മണത്തറിഞ്ഞ ശിവകുമാർ തുടക്കത്തിലേ തിരുവനന്തപുരത്തെ തന്റെ സ്ഥാനാർഥിത്വം അങ്ങ് തുറന്നു പ്രഖ്യാപിക്കുകയായിരുന്നു.

എൽ.ഡി.എഫ് താരതമ്യേന നില ഭദ്രമാക്കിയിട്ടുണ്ട്. മണ്ഡലം പിടിച്ചെടുക്കാൻ സി.പി.എം ആദ്യമൊരു ശ്രമം നടത്തി, എന്നാൽ, ജനാധിപത്യ കേരള കോൺഗ്രസ് സമ്മതിച്ചില്ല, ആന്റണി രാജു സ്ഥാനാർഥിയായി മുന്നോട്ടുവന്നതോടെ സി.പി.എം പിന്മാറുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം വച്ച് തങ്ങൾക്ക് നല്ല സാധ്യതയുണ്ടെന്ന് എൽ.ഡി.എഫിന് ന്യായമായും പ്രതീക്ഷിക്കാം. കാരണം, കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലടക്കം എൽ.ഡി.എഫിന് അട്ടിമറി ജയം നേടാൻ കഴിഞ്ഞു. എന്നാൽ,
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശശി തരൂരിന് ലഭിച്ച 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് പ്രതീക്ഷ.

ക്രിസ്ത്യൻ, മുസ്‌ലിം, ന്യൂനപക്ഷങ്ങളുടെ സ്വാധീനമേഖലയാണ് മണ്ഡലം. എൽ.ഡി.എഫിനും യു.ഡി.എഫിനും സ്വാധീനമുള്ള പ്രദേശങ്ങളുണ്ടെങ്കിലും അപ്രതീക്ഷിത ജനവിധിക്കും സാധ്യതയുണ്ട്. തിരുവനന്തപുരം ഈസ്റ്റ്, വെസ്റ്റ് എന്നിവ ഭാഗികമായി കൂട്ടിച്ചേർത്താണ് തിരുവനന്തപുരം മണ്ഡലം രൂപീകരിച്ചത്. മണ്ഡല പുനർനിർണയത്തിനുശേഷം 2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 5352 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിലെ വി.എസ്. ശിവകുമാർ വി. സുരേന്ദ്രൻ പിള്ളയെ തോൽപ്പിച്ചു. ബി.ജെ.പി സ്ഥാനാർഥി ബി.കെ. ശേഖറിന് 11,519 വോട്ടാണ് ലഭിച്ചത്. പിന്നീട്, ബി.ജെ.പിക്ക് വോട്ടുവിഹിതം വർധിപ്പിക്കാനായി.


Comments