കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിങ്ങ് എം.പി ശശി തരൂരിനോട് മത്സരിക്കുന്നത് സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമാണ്. മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ പ്രധാനമാണ് തിരുവനന്തപുരം. 2009 മുതലുള്ള ഹാട്രിക്ക് ജയത്തിനുശേഷമുള്ള നാലാം അങ്കത്തിലും വിജയിക്കുകയാണെങ്കില്‍, മണ്ഡലത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് തന്നെ തരൂരിലൂടെ തിരുത്തപ്പെടും.
കോൺഗ്രസിന് ശശി തരൂരിന്റെ വിജയം എത്രത്തോളം പ്രധാനമാണോ അത്രയും പ്രധാനമാണ് ബി.ജെ.പിക്ക് സ്വന്തം കേന്ദ്രമന്ത്രിയുടെയും ‘എ പ്ലസ്’ മണ്ഡലത്തിലെയും ജയം. എൽ.ഡി.എഫിനാകട്ടെ, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി മറികടക്കുകയും വേണം. അതുകൊണ്ടുതന്നെ, പരമാവധി വോട്ടുകൾ സമാഹരിക്കാൻ പ്രാപ്തരായ സ്ഥാനാർഥികൾ തമ്മിലുള്ള വീറുറ്റ പോരാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ദേശീയ തലത്തിലും അറിയപ്പെടുന്ന തരൂരിനെതിരെ കേന്ദ്രമന്ത്രിയെന്ന നിലയ്ക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതിച്ഛായ സഹായകമാകുമെന്ന് ബി.ജെ.പി കരുതുന്നു. ജനകീയ നേതാവ് എന്ന പ്രതിച്ഛായ പന്ന്യൻ രവീന്ദ്രന് വോട്ടായി മാറുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 18 തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം. ഇടതുപക്ഷം നാലു തവണ ജയിച്ചു. നാലു തവണ സ്വതന്ത്രരും ഒരു തവണ സോഷ്യലിസ്റ്റ് പാര്‍ട്ടിയും.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര തുടങ്ങിയവയാണ് തിരുവന്തപുരത്തെ നിയമസഭാ മണ്ഡലങ്ങള്‍. 2019-ൽ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജേശേഖരനെ 99,989 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശി തരൂര്‍ പരാജയപ്പെടുത്തിയത്. ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് വെറും 11 വോട്ട് കുറവ്. 2014- ല്‍ 34 ശതമാനമായിരുന്ന വോട്ടിങ്ങ് വിഹിതം 2019- ല്‍ 41.4 ശതമാനമായി വര്‍ധിപ്പിക്കാനും തരൂരിന് സാധിച്ചു. ശശി തരൂരിന് 416,1131 (41.19%) വോട്ടും കുമ്മനം രാജശേഖരന് 3,16,142 (31.30%) വോട്ടും സി.പി.ഐയുടെ സി.ദിവാകരന് 2,58,556 (25.60%) വോട്ടുമാണ് ലഭിച്ചത്. നേമമൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ശശി തരൂരിനായിരുന്നു മേല്‍ക്കൈ. നേമത്ത് കുമ്മനം 12,000 വോട്ടിന് തരൂരിനേക്കാൾ മുന്നിലായിരുന്നു. എന്നാൽ, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫിനായിരുന്നു ജയം.
ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിരവധി കരുത്തരായ നേതാക്കമാര്‍ മത്സരത്തിനെത്തിയ മണ്ഡലം കൂടിയാണ് തിരുവനന്തപുരം. ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആനി മസ്‌ക്രീനാണ് വിജയിച്ചത്. ആദ്യ ലോക്‌സഭയിലെ പത്ത് വനിതാ ലോക്‌സഭാംങ്ങളിലൊരാളായ ആനിയിലൂടെ തിരുവനന്തപുരം മണ്ഡലം ചരിത്രത്തില്‍ ഇടം പിടിക്കുകയായിരുന്നു. പി.എസ്.പി നേതാവായ പറവൂര്‍ ടി.കെ നാരായണനെയും കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ തമ്പിയെയും പരാജയപ്പെടുത്തിയാണ് ആനി കന്നിയങ്കത്തില്‍ അട്ടിമറി വിജയം നേടിയത്.
സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന 1957- ലെ തിരഞ്ഞെടുപ്പില്‍ ആനി മസ്‌ക്രീന് വിജയം ആവര്‍ത്തിക്കാനായില്ല. സ്വതന്ത്ര സ്ഥാനാര്‍ഥി ഈശ്വര അയ്യരാണ് വിജയിച്ചത്. 1962- ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രഥമ സെക്രട്ടറിയായ പി.എസ്. നടരാജപ്പിള്ള വിജയിച്ചു. 1967-ല്‍ ഇടതുപക്ഷ പിന്തുണയോടെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ പി. വിശ്വംഭരന്‍, കോൺഗ്രസിന്റെ ജി.സി. പിള്ളയെ പരാജയപ്പെടുത്തി.
1971- ല്‍ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ് സി.പി.എം പിന്തുണയോടെ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയത്. ദേശീയശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു അത്. പി.എസ്.പി സ്ഥനാര്‍ഥിയായ ഡി. ദാമോദരന്‍ പോറ്റിയെ 24,127 വോട്ടിന് അദ്ദേഹം പരാജയപ്പെടുത്തി. 1977- ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപി.ഐ സ്ഥാനാര്‍ഥിയായ എം.എന്‍ ഗോവിന്ദൻ നായര്‍ക്കായിരുന്നു വിജയം. 1980- ല്‍ കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് സിപി.എമ്മിനൊപ്പം ചേര്‍ന്ന സി.പി.ഐ, ഇടതുപക്ഷബാനറിലാണ് മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ. നീലലോഹിത ദാസന്‍, സിറ്റിങ്ങ് എം.പി എം.എന്‍ ഗോവിന്ദന്‍ നായര്‍ക്കെതിരെ അട്ടിമറി വിജയം നേടി, 1,07,057 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ.
1984 ല്‍ നീലലോഹിത ദാസൻ കോണ്‍ഗ്രസ് മുന്നണി വിട്ട് ലോക്ദളിനോടൊപ്പം ചേര്‍ന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാനെത്തി. പക്ഷേ ഇന്ദിരാഗാന്ധിയുടെ കൊലപാതക ശേഷമുള്ള സഹതാപതരംഗത്തിൽ കോണ്‍ഗ്രസിലെ എ. ചാള്‍സാണ് വിജയിച്ചത്. 1989-ൽ ചാള്‍സിനെ എതിരിടാന്‍ ഒ.എന്‍.വി കുറുപ്പിനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എന്നാല്‍, തിരുവനന്തപൂരത്തെ ജനങ്ങള്‍ ഒ.എൻ.വിയെ തോൽപ്പിച്ചു. 1991- ലും രാജീവ് ഗാന്ധി വധത്തെതുടർന്നുള്ള സഹതാപതരംഗത്തിൽ ചാള്‍സ് ഹാട്രിക്ക് വിജയം നേടി. തിരുവനന്തപുരത്ത് തുടര്‍ച്ചയായി മൂന്നു തവണ വിജയം നേടുന്ന വ്യക്തിയെന്ന റെക്കോര്‍ഡും ഇതോടെ ചാള്‍സിന് സ്വന്തമായി.
പക്ഷേ, 1996- ല്‍ ചാള്‍സിന് സിപി.ഐയിലെ കെ.വി സുരേന്ദ്രനാഥിനോട് തോല്‍വി സമ്മതിക്കേണ്ടി വന്നു. 1998- ല്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ശേഷം കെ. കരുണാകരന്‍ മത്സരത്തിനെത്തി, സിറ്റിങ്ങ് എം.പി കെ.വി സുരേന്ദ്രഥിനെ പരാജയപ്പെടുത്തി. 1999-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പുതുമുഖവുമായിരുന്ന വി.എസ്. ശിവകുമാറാണ് ജയിച്ചത്. സി.പി.ഐ നേതാവായ കണിയാപുരം രാമചന്ദ്രനെ അട്ടിമറിച്ചായിരുന്നു ശിവകുമാറിന്റെ വിജയം. എന്നാല്‍ 2004-ല്‍ പി.കെ വാസുദേവന്‍ നായര്‍ 54,603 വോട്ടിന് ശിവകുമാറിനെ പരാജയപ്പെടുത്തി. 2005- ല്‍ പി.കെ.വിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ ശിവകുമാറിനെ തോല്‍പ്പിച്ച്, മണ്ഡലം നിലനിര്‍ത്തി.
മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുശേഷം 2009-ല്‍, ശശി തരൂരാണ് മത്സരിക്കാനെത്തിയത്. പലരും ശശി തരൂര്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും 1,00,025 വോട്ടിന് സി.പി.ഐയുടെ പി. രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തി. 2014- ലും 2019- ലും ശശി തരൂര്‍, ബി.ജെ.പി സ്ഥാനാര്‍ഥിയായ രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ഹാട്രിക്ക് നേടിയത്. 2014- ല്‍ 297,806 (34.09%) വോട്ടായിരുന്നു തരൂരിന് ലഭിച്ചത്. 2019 ആകുമ്പോഴേക്കും വോട്ട് 416,131 ആയി വര്‍ധിപ്പിക്കാനായി.
പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. വിരലിവെണ്ണാവുന്ന സ്ഥാനാര്‍ഥികള്‍ മാത്രമേ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളില്‍ നിന്ന് ഇവിടെ വിജയിച്ചിട്ടുള്ളു. ശശി തരൂരിന്റെ വ്യക്തി പ്രഭാവവും രാഹുല്‍ ഗാന്ധിയുടെ കേരളത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കേണ്‍ഗ്രസ് വോട്ടുകള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത്തവണയും തരൂരിന് എതിരായി വെല്ലുവിളികളൊന്നുമില്ല എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതിനു ഏറെ മുമ്പേ തിരുവനന്തപുരത്ത് തരൂർ തന്നെയായിരിക്കും സ്ഥാനാർഥി എന്നുറപ്പിച്ച് കാമ്പയിനും തുടങ്ങിയിരുന്നു.
കേരളത്തില്‍ ബി.ജെ.പി ‘പിടിച്ചെടുക്കാൻ’ തീരുമാനിച്ചിരിക്കുന്ന ‘എ ക്ലാസ്’ മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം. അതുകൊണ്ടുതന്നെയാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലൊരു പ്രമുഖനെ മത്സരിപ്പിക്കുന്നത് എന്ന് വ്യക്തം. വോട്ട് വിഹിതത്തിൽ പാർട്ടിക്കുണ്ടാകുന്ന വര്‍ധവാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. 1984-ൽ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള വര്‍മ്മരാജയ്ക്ക് 1,10,449 വോട്ട് നേടാനായി. ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 1999-ൽ 1,58,221 വോട്ടും 2004- ല്‍ 2,28,052 വോട്ടും നേടി മണ്ഡലത്തിലെ പാർട്ടി റെക്കോര്‍ഡ് തിരുത്തി . 2009- ല്‍ 11.4 ശതമാനമായിരുന്ന ബി.ജെ.പി വോട്ട് വിഹിതം 2014-ല്‍ 32. 4 ശതമാനമായി. ഈ വളര്‍ച്ചയാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്.
അതേസമയം, മണ്ഡലത്തിലെ നഗരമേഖലയ്ക്കപ്പുറത്തേക്ക് ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കാനായിട്ടില്ല എന്ന യാഥാർഥ്യവുമുണ്ട്. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മേഖലയിലൊന്നും ബി.ജെ.പി സ്വാധീനമില്ല.
വോട്ടുവിഹിതത്തിലെ വർധനയും കേന്ദ്രമന്ത്രിയെന്ന നിലയ്ക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതിച്ഛായയും ഇത്തവണ വിജയത്തിലെത്തിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. കേന്ദ്രമന്ത്രിയും കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗവുമാണ് രാജീവ് ചന്ദ്രശേഖർ. തിരുവന്തപുരത്തെ ടെക്‌നോ ഹബാക്കി മാറ്റുമെന്ന തരത്തിലുള്ള വികസന പ്രൊജക്റ്റുകളില്‍ ഊന്നിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.
2005- ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച പന്ന്യന്‍ രവീന്ദ്രൻ ഇത്തവണ ശക്തനായി രംഗത്തുണ്ട്. 2005 -ല്‍ 3,90,324 വോട്ട് നേടിയാണ് പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചത്. 51.41 ശതമാനമായിരുന്നു വോട്ട് വിഹിതം. സി.പി.ഐ മുന്‍സംസ്ഥാന സെക്രട്ടറി, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിലെല്ലാം ജനകീയനാണ് പന്ന്യന്‍. ജില്ലയില്‍ കോവളമൊഴികെയുള്ള എല്ലാം നിയമസഭാ മണ്ഡലങ്ങളിലും ഇടത് എം.എല്‍.എമാരാണ്. നിയമസഭാ മണ്ഡലങ്ങളിലും പ്രാദേശിക തലങ്ങളിലുമുള്ള ഇടതുപക്ഷ സ്വാധീനം ആത്മവിശ്വാസത്തിനതുകുന്നതാണ്. പക്ഷേ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്തുണ്ടായ വൻ തിരിച്ചടി മറികടക്കാൻ ഇടതുപക്ഷത്തിന് നന്നായി പരിശ്രമിക്കേണ്ടിവരും.
2009- ല്‍ 30.7 ശതമാനമുണ്ടായിരുന്ന വോട്ട് വിഹിതം, 2014-ല്‍ 28.5 ശതമാനമായും 2019- ല്‍ 25.7 ശതമാനമായും കുറയുന്ന പ്രവണതയാണുള്ളത്. 2014 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ മൂന്നാസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമാണ്. കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ബി.ജെ.പിക്കു പിന്നില്‍ മൂന്നാം സ്ഥാനത്തായ ഏക ലോക്‌സഭാ മണ്ഡലമാണിത്. ഇത് മാറ്റിയെടുക്കാന്‍ തന്നെയാണ് ജനകീയനായ പന്ന്യന്‍ രവീന്ദ്രനെ തന്നെ പാര്‍ട്ടി രംഗത്തിറക്കിയത്. 2005-ല്‍ പന്ന്യന്‍ രവീന്ദ്രന് ശേഷം നഷ്ടപ്പെട്ട തിരുവനന്തപുരം സീറ്റിനെ പന്ന്യനിലൂടെ തന്നെ തിരിച്ചെടുക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊതുവെ കോണ്‍ഗ്രസനോട് ആഭിമുഖ്യം കാണിക്കുന്ന തിരുവനന്തപുരം, കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. തിരുവന്തപുരത്തെ ആകെ ജനസംഖ്യയില്‍ 27.83% ഗ്രാമീണരും 72.17% നഗരവാസികളുമാണ്. തിരുവനന്തപുരത്തെ ഹൈന്ദവ വോട്ടുകളും സമുദായ വോട്ടുകളും തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്. മണ്ഡലത്തിലെ ആകെ വോട്ടുകളില്‍ 66.46 ശതമാനവും ഹിന്ദു വോട്ടുകളാണ്. ക്രിസ്ത്യന്‍ (19.1%), മുസ്‍ലിം (13.72%) എന്നിങ്ങനെയാണ് മറ്റ് മതവിഭാഗങ്ങളിലെ വോട്ടിങ്ങ് ശതമാനം. കഴക്കൂട്ടം, നേമം, കോവളം, നെയ്യാറ്റിന്‍കര തുടങ്ങിയ തീരപ്രദേശ മേഖലകളിലെ വോട്ടും നിര്‍ണ്ണായകമാണ്. റെയില്‍വേ വികസനം, സ്മാര്‍ട്ട് സിറ്റി, ടെക്‌നിക്കല്‍ ഹബ്, വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങിയവയെല്ലാം മണ്ഡലത്തിലെ പ്രധാന വിഷയങ്ങളാണ്. പൗരത്വഭേദഗതി ബില്‍, പ്രാണപ്രതിഷ്ഠാ ചടങ്ങ്, തുടങ്ങിയ ദേശീയതല പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയങ്ങളാകുന്നുണ്ട്.