തൊടുപുഴ പി.ജെ. ജോസഫിന്റെ സ്വന്തം മണ്ഡലമാണ്. ഒരു ചിഹ്‌നത്തിന്റെ ബലത്തിൽ മാത്രം ജയിച്ചുവന്ന ആളല്ല അദ്ദേഹം. അതുകൊണ്ടുതന്നെ, രണ്ടില നഷ്ടമായ ഈ തെരഞ്ഞെടുപ്പിലും ജോസഫ് തന്നെയാകും താരമെന്ന് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നു. കോവിഡ് ഭേദമായി വിശ്രമത്തിലാണെങ്കിലും അവർ നേരത്തെ നേതാവിനുവേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു.
മണ്ഡലം ശരിക്കും മറ്റൊരു ജോസഫ് തെരഞ്ഞെടുപ്പിനായി ഒരുക്കുകയാണവർ. കാരണം, തൊടുപുഴ ഇത്തവണ ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. കേരള കോൺഗ്രസിന്റെ മേൽവിലാസമാണ് ജോസഫിനെ ജയിപ്പിച്ചിരുന്നത് എന്നാണ് ജോസ് കെ. മാണി വിഭാഗം മണ്ഡലത്തിലുടനീളം വീമ്പു പറഞ്ഞുനടക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുഫലം ഉയർത്തിക്കാട്ടിയാണ് ഇവരുടെ ആക്രോശം. ജോസഫിന്റെ ശക്തികേന്ദ്രങ്ങളിലൊക്കെ എൽ.ഡി.എഫ് ജയിച്ചുകയറിയത് ജോസ്‌മോൻ അണികൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, നിയമസഭയിലേക്ക് ജോസഫില്ലാതെ തൊടുപുഴക്ക് മറ്റൊരു തെരഞ്ഞെടുപ്പില്ലെന്നാണ് മറുവാദം.
മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പൊരിഞ്ഞ പോരുതന്നെയാണ് നടത്തുന്നത്. അതിനായി, കഴിഞ്ഞതവണ, ജോസഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളെത്തന്നെ ജോസഫിനെതിരെ സ്ഥാനാർഥിയാക്കിയിരിക്കുകയാണ്- കെ. ഐ. ആന്റണി. കോളേജ് അധ്യാപകൻ കൂടിയായ അദ്ദേഹം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തൊടുപുഴയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും എൽ.ഡി.എഫ് പിന്തുണയും കൂടിയാകുമ്പോൾ മണ്ഡലം പിടിക്കാമെന്നാണ് ജോസ് പക്ഷത്തിന്റെ പ്രതീക്ഷ.
1970 മുതൽ തൊടുപുഴ മണ്ഡലത്തിന്റെ നാഡിയാണ് പി.ജെ. ജോസഫ്. 40 വർഷത്തിനിടെ ഒരു തവണ മാത്രം പി.ടി. തോമസിനെ ജയിപ്പിച്ചു. മറ്റൊരു തവണ ലോക്‌സഭയിലേക്ക് മത്സരിക്കാൻ മാറിനിന്നു. അങ്ങനെ പത്തുവർഷത്തെ ഇടവേള മാത്രമേ ജോസഫിന് തൊടുപുഴയിലുള്ളൂ. നിയമസഭാ പ്രവേശനത്തിന്റെ അരനൂറ്റാണ്ട് തികച്ച ഈ സന്ദർഭം അതുകൊണ്ടുതന്നെ ജോസഫിനെ സംബന്ധിച്ചും അഭിമാനപ്പോരാട്ടമാണ്.
2016ൽ പി.ജെ. ജോസഫിന് 45,587 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. സംസ്ഥാനത്തെ റെക്കോർഡ്. കേരള നിയമസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നായിരുന്നു ഇത്. ജോസഫിന് 76,177 വോട്ട് ലഭിച്ചപ്പോൾ റോയി വരിക്കാട്ടിന് കിട്ടിയത് 30,977 വോട്ട്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫിന്റെ കോട്ടകളിൽ പോലും ഇടതുമുന്നണിക്കായിരുന്നു ജയം.
യു.ഡി.എഫ് വോട്ടുവിഹിതത്തിൽ ഇടിവുണ്ട്. കരിമണ്ണൂർ, ഉടുമ്പന്നൂർ, വെള്ളിയാമറ്റം പഞ്ചായത്തുകൾ എൽ.ഡി.എഫാണ് ഭരിക്കുന്നത്. യു.ഡി.എഫ് ആധിപത്യം പുലർത്തിയിരുന്ന കുമാരമംഗലം അടക്കമുള്ള പല പഞ്ചായത്തുകളിലും എൽ.ഡി.എഫിന് സീറ്റുകളും വർധിച്ചു.
തൊടുപുഴ നഗരസഭയിൽ ഇടതുമുന്നണി അട്ടിമറി ജയം നേടി. യു.ഡി.എഫ് വിമതൻ സനീഷ് ജോർജിനെ ചെയർമാനാക്കിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. 35 സീറ്റിൽ യു.ഡി.എഫിന് 13 സീറ്റും എൽ.ഡി.എഫിന് 12 സീറ്റുമാണ് ലഭിച്ചത്. അപ്രതീക്ഷിതമായി സനീഷിനെ ചെയർമാൻ സ്ഥാനാർഥിയാക്കി എൽ.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. മണ്ഡലത്തിൽ എൽ.ഡി.എഫിന് 6414 വോട്ടിന്റെ ലീഡുമുണ്ട്.
1957 മുതൽ ഒരു തവണ ഒഴികെ കേരള കോൺഗ്രസും കോൺഗ്രസുമാണ് ഇവിടെ ജയിച്ചത്. ആകെ 14 തെരഞ്ഞെടുപ്പുകളിൽ ഒമ്പതുതവണയും പി.ജെ. ജോസഫ്. 1957ൽ കോൺഗ്രസിലെ സി.എ. മാത്യുവാണ് ആദ്യ എം.എൽ.എയായത്. 1960 ൽ മാത്യു വീണ്ടും സി.പി.ഐയിലെ ജോസ് എബ്രഹാമിനെ തോൽപ്പിച്ചു. 1965ൽ കേരള കോൺഗ്രസിലെ സി.എ. മാത്യു ഇടതുപക്ഷ സ്വതന്ത്രൻ കെ.സി. സക്കറിയയെ തോൽപ്പിച്ചു. 1967ൽ കേരള കോൺഗ്രസിലെ ഇ.എം. ജോസഫിനെ സക്കറിയ പരാജയപ്പെടുത്തി. 1970ൽ പി.ജെ. ജോസഫിന്റെ കന്നിയങ്കം.
സി.പി.എം സ്വതന്ത്രൻ യു.കെ ചാക്കോയെയാണ് തോൽപ്പിച്ചത്. 1977, 80, 82, 87 തെരഞ്ഞെടുപ്പുകളിലും ജോസഫ് വിജയം ആവർത്തിച്ചു. ജോസഫ് മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് മത്സരിച്ച 1991 ൽ തൊടുപുഴയിൽ കോൺഗ്രസിലെ പി.ടി. തോമസ് ജയിച്ചു. എൽ.ഡി.എഫിലെത്തിയ ജോസഫ് തോമസിനെതിരെ നേരിയ ഭൂരിപക്ഷത്തിലാണ് തോറ്റത്. 1996ൽ തോമസുമായി വീണ്ടും ഏറ്റുമുട്ടിയപ്പോൾ വിജയം ജോസഫിനായിരുന്നു. 2001ൽ ജോസഫിൽനിന്ന് പി.ടി. തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്ന് തുടർച്ചയായി നാലുതെരഞ്ഞെടുപ്പുകളിൽ ജയം ജോസഫിനാണ്. 2011ൽ പി.ജെ. ജോസഫ് യു.ഡി.എഫിൽ എത്തി. 2016ൽ റോയി വാരികാട്ടിനെയാണ് പരാജയപ്പെടുത്തിയത്.
തൊടുപുഴ നഗരസഭ, ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കുമാരമംഗലം, ഉടുമ്പന്നൂർ, വണ്ണപ്പുറം, മുട്ടം, പുറപ്പുഴ, വെള്ളിയാമറ്റം, മണക്കാട്, കോടിക്കുളം, കരിങ്കുന്നം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം.