ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതിന് അധ്യാപകനും ഗ്രന്ഥകാരനും സാംസ്കാരിക വിമർശകനുമായ ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ ഭീഷണി തുടരുന്നു.
ഹരിപ്പാട് ആര്യാസ് ഹോട്ടലിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിന് ഭക്ഷണം കഴിക്കാനെത്തിയ ശ്യാംകുമാറിനുനേരെ അഞ്ചുപേരടങ്ങുന്ന സംഘം ഭീഷണി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു: ''ഞാൻ ഭക്ഷണം കഴിക്കാനിരുന്നതിന്റെ തൊട്ടടുത്ത് അഞ്ചുപേർ കൂട്ടംകൂടിയിരുന്നിരുന്നു. എന്നെ കണ്ടപ്പോൾ അതിലൊരാൾ പ്രഭാഷകനായ ശ്യാംകുമാറാണ് എന്നു പറയുന്നത് കേട്ടു. മറ്റൊരാൾ മൊബൈൽ ഫോണിൽ എന്റെ വീഡിയോ കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇതിനുശേഷം, എന്നെ രൂക്ഷമായി നോക്കി രഹസ്യമായി കൂടിയാലോചനയുടെ രൂപത്തിൽ അവർ എന്തോ സംസാരിച്ചു. സാഹചര്യം സുരക്ഷിതമല്ല എന്നു തോന്നിയതുകൊണ്ട് ഞാൻ ഭക്ഷണം അതിവേഗം കഴിച്ച് അവസാനിപ്പിച്ച് പുറത്തുകടക്കുകയായിരുന്നു. എന്റെ വണ്ടി പാർക്ക് ചെയ്ത സ്ഥലവും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ പ്രഭാഷണങ്ങൾ കണ്ട് പരിചയപ്പെടാനായിരുന്നു അവരുടെ ഉദ്ദേശ്യമെന്ന് ഞാൻ കരുതുന്നില്ല. കാരണം, ഭീഷണിയുടേതായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് അവർ കൂടിയിരുന്ന് രൂക്ഷമായി നോക്കുകയും അടക്കിപ്പിടിച്ച് സംസാരിക്കുകയും ചെയ്തിരുന്നത്.''- ഡോ. ശ്യാംകുമാർ ട്രൂകോപ്പിയോട് പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് നടത്തിയ വിമർശനങ്ങളുടെ കാലത്തുപോലും താൻ ഇത്തരമൊരു ഭീഷണി നിറഞ്ഞ അന്തരീക്ഷം അനുഭവിച്ചിട്ടില്ലെന്ന് ശ്യാംകുമാർ പറഞ്ഞു. തനിക്കെതിരെ സോഷ്യൽ മീഡിയയിലും മെസ്സഞ്ചറിലും അസഭ്യവർഷം തുടരുകയാണ്. നിരവധി വ്യക്തികളും പുരോഗമന കലാസാഹിത്യ സംഘം അടക്കമുള്ള സംഘടനകളും പിന്തുണയുമായി എത്തിയിരുന്നു. അതിനുശേഷവും ഭീഷണിയും അസഭ്യവർഷവും അവസാനിച്ചിട്ടില്ലെന്ന് ശ്യാംകുമാർ പറഞ്ഞു. ട്രൂകോപ്പിയിൽ വന്ന അഭിമുഖത്തിനും ബിജുമോഹൻ ഫേസ്ബുക്ക് പേജിലുമെല്ലാം അസഭ്യം നിറയുകയാണ്. ഈയൊരവസ്ഥ, ഒരുതരത്തിലുമുള്ള വിമർശനം സാധ്യമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുണ്ടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്‌കൃതപാരമ്പര്യത്തെയും അതിലെ ഗ്രന്ഥപാഠങ്ങളെയും മുൻനിർത്തിയാണ് സനാതനധർമത്തെയും ബ്രാഹ്മണ്യത്തെയും ഹിന്ദുത്വയെയും ഡോ. ശ്യാംകുമാർ വിമർശിക്കുന്നത്. അതുകൊണ്ടുതന്നെ, അതിനെ യുക്തിഭദ്രമായി നേരിടാൻ ഹിന്ദുത്വബ്രാഹ്മണ്യത്തിന് കഴിയാതെ വരുന്നു. ഇതാണ്, വിദ്വേഷവും വെറുപ്പും നിറഞ്ഞ ആക്രമണങ്ങളായി മാറുന്നത്.