2016ൽ തൃക്കാക്കര ഒരു ആന്റി ക്ലൈമാക്സിന് സാക്ഷ്യം വഹിച്ചു.
സിറ്റിംഗ് എം.എൽ.എയായ കോൺഗ്രസിലെ ബെന്നി ബഹനാനെ മാറ്റി അതേ ഗ്രൂപ്പിലെ പി.ടി. തോമസ് മലയിറങ്ങിവന്നു, മൽസരിച്ചു, സി.പി.എമ്മിലെ സെബാസ്റ്റ്യൻ പോളിനെ 11,813 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ച് നിയമസഭയിലെത്തി.
ഇത്തവണയും തൃക്കാക്കരയിൽ തന്നെ മൽസരിക്കാനാണ് താൽപര്യമെന്ന് തുറന്നുപറയുക മാത്രമല്ല, മൽസരത്തിനുവേണ്ടിയുള്ള മുന്നൊരുക്കവും തോമസ് തുടങ്ങിക്കഴിഞ്ഞു. അപ്പോഴാണ് പാർട്ടിയിലെ ചില ‘കുലംകുത്തികൾ' പ്രത്യക്ഷപ്പെടുന്നത്. കുറച്ചുകാലമായി സ്വന്തം എ ഗ്രൂപ്പുമായി അത്ര അടുപ്പത്തിലല്ലാത്ത പി.ടി. തോമസിനെതിരെ എ ഗ്രൂപ്പിലെതന്നെ ഒരു വിഭാഗമാണ് ചരടുവലിക്കുന്നത്.
തൃക്കാക്കരയിൽ തോമസ് വേണ്ടെന്ന് ഹൈക്കമാൻഡിനും കെ.പി.സി.സിക്കും ഇവർ നിവേദനം നൽകിയിരിക്കുകയാണ്. തോമസിനെ മൽസരിപ്പിക്കാതിരിക്കാൻ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് 15 കാരണങ്ങളുണ്ട്. 35 പേരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. പി.ടി. തോമസിനെതിരായ വിജിലൻസ് കേസുകളും മറ്റുമാണ് കാരണം. ഇടപ്പള്ളി അഞ്ചുമനയിലെ മൂന്നുസെന്റ് സ്ഥലവും കെട്ടിടവും വിട്ടുകൊടുക്കാൻ എം.എൽ.എ മധ്യസ്ഥ വഹിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്നുമായിരുന്നു ആരോപണം. എന്നാൽ, ഒരു കമ്യൂണിസ്റ്റ് കുടുംബത്തിനുവേണ്ടി മധ്യസ്ഥത വഹിക്കാനാണ് താൻ ചെന്നതെന്നും കള്ളപ്പണത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു തോമസിന്റെ വിശദീകരണം. ഈ ഇടപാടിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഈ വിഷയം ഉന്നയിച്ച് തോമസിന്റെ സ്ഥാനാർഥിത്വത്തിന് തടയിടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ നീക്കം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഹൈബി ഈഡനായിരുന്നു മണ്ഡലത്തിൽ ലീഡ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേടാനായത് 2000 വോട്ടിന്റെ ഭൂരിപക്ഷമാണ്. തൃക്കാക്കര നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു.
എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ പട്ടികയിൽ പി.ടി. തോമസിനുതന്നെയാണ് വിജയസാധ്യത. പ്രാദേശിക നേതാക്കളുടെ മുറുമുറുപ്പ് മറികടക്കാൻ തോമസിന് കഴിയുമെന്നാണ് സൂചന.
എന്നാൽ, കോൺഗ്രസ് നേരിടുന്ന മറ്റൊരു ഭീഷണി, ജനങ്ങളെ സേവിക്കാൻ കച്ചകെട്ടി പാർട്ടിയിലേക്ക് കൂട്ടമായി ഇറങ്ങിവരുന്ന ‘പൊതുസമ്മത'വെട്ടുകിളിക്കൂട്ടമാണ്. മണ്ഡലം പോലും പ്രഖ്യാപിച്ചാണ് ഇവരുടെ വരവ്. തൃക്കാക്കര തന്നാൽ ഒരു കൈ നോക്കാം എന്ന സൂചന നൽകിയിരിക്കുന്നത് ജസ്റ്റിസ് കെമാൽ പാഷയാണ്. പുനലൂരാണ് വെള്ളിത്താലത്തിൽ വച്ച് യു.ഡി.എഫ് പാഷക്ക് സമർപ്പിച്ചതെങ്കിലും ജഡ്ജിബുദ്ധി പെട്ടെന്നുണർന്ന് അത് തട്ടിക്കളഞ്ഞു; എന്നിട്ട് ‘അവിടെ എനിക്ക് നല്ല സ്വാധീനമൊക്കെയുണ്ട്, ജനങ്ങൾക്ക് ഇഷ്ടവുമാണ്, എങ്കിലും...ഞാൻ താമസിക്കുന്നത് തൃക്കാക്കരയിലായതിനാൽ വന്നുപോകുന്ന ഒരു എം.എൽ.എ എന്ന പേരുദോഷം ഒഴിവാക്കാൻ തൃക്കാക്കര തന്നെയല്ലേ നല്ലത്?’ എന്നൊരു ലോജിക്കുള്ള ചോദ്യവും. തീർന്നില്ല; ‘തൊട്ടടുത്ത് കളമശ്ശേരിയുമുണ്ട്...' എന്നൊരു, കോൺഗ്രസിന് ഇത്രയും കാലം വെള്ളം കോരി നടന്ന യുവാക്കളുടെയും പുതുമുഖങ്ങളുടെയും ചങ്കിൽ കൊള്ളുന്ന സൂചനയും. എന്തായാലും പി.ടി. തോമസിനെ മാറ്റി റിട്ട. ജഡ്ജിയെ പരീക്ഷിക്കാനുള്ള അതിബുദ്ധി കോൺഗ്രസ് കാണിക്കില്ല.
ബി.ജെ.പിയുടെ മണ്ഡലത്തിന്റെ വളർച്ചയും യു.ഡി.എഫ് ആശങ്കയോടെയാണ് കാണുന്നത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം 2016ൽ പി.ടി. തോമസ് ജയിച്ചപ്പോൾ 11,813 ആയി കുറഞ്ഞത് ബി.ജെ.പി സാന്നിധ്യം മൂലമാണെന്ന് യു.ഡി.എഫ് കരുതുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 5935 വോട്ടായിരുന്നുവെങ്കിൽ 2016ൽ പാർട്ടി സ്ഥാനാർഥി എസ്. സജി നേടിയത് 21,247 വോട്ടാണ്.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് തൃക്കാക്കര നിയമസഭാമണ്ഡലം. ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന തൃക്കാക്കര മണ്ഡലം പഴയ തൃപ്പുണിത്തുറ വിഭജിച്ചാണ് രൂപം കൊണ്ടത്. തൃക്കാക്കര നഗരസഭക്കൊപ്പം കോർപറേഷന്റെ 16 ഡിവിഷനുകൾ കൂടി അടങ്ങിയതാണ് മണ്ഡലം.
കോൺഗ്രസ് ‘സ്ഥാനാർഥി' ഏതാണ്ട് പ്രചാരണം തുടങ്ങിയെങ്കിലും സി.പി.എം സ്ഥാനാർഥിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. നല്ല പ്രതിച്ഛായയുള്ള സ്വതന്ത്രനെയോ പുതുമുഖത്തെയോ നിർത്തി മൽസരം കടുപ്പിക്കുക എന്ന ധാരണയിലാണ് സി.പി.എം.