തൃക്കാക്കര നൽകിയത് ഒരു യഥാർഥ
പ്രതിപക്ഷത്തിനുവേണ്ടിയുള്ള ഭൂരിപക്ഷം

പോളിംഗിനോട് വോട്ടർമാർ പ്രകടിപ്പിച്ച ഉന്മേഷക്കുറവിനെ മറികടക്കുന്നതാണ്, തൃക്കാക്കരയിൽ ഉമ തോമസ് നേടിയ ചരിത്ര ഭൂരിപക്ഷം. അത്, കോൺഗ്രസിനുള്ളത് എന്നതിനേക്കാൾ, സംസ്ഥാനത്തെ പ്രതിപക്ഷത്തിനുള്ള ഭൂരിപക്ഷം കൂടിയാണ്. ഇന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്ന ഒരു യഥാർഥ പ്രതിപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ഭൂരിപക്ഷമാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഉയർത്തിപ്പിടിച്ച പ്രധാന മുദ്രാവാക്യം, ‘ഉറപ്പാണ് നൂറ്', ജനാധിപത്യത്തെ സംബന്ധിച്ച് ഒരു അസംബന്ധമായിരുന്നു; മാത്രമല്ല, 140ലെ നൂറ് അപകടകരമായ ഒരാത്മവിശ്വാസം കൂടിയാകുന്നു, കേരളത്തെ സംബന്ധിച്ച്. ഈ അസംബന്ധത്തെയും അപകടകരമായ ആത്മവിശ്വാസത്തെയും തകർത്തുകളഞ്ഞു എന്നതാണ്, ഉമ തോമസിന്റെ ചരിത്രവിജയത്തിന്റെ പ്രസക്തി.

കഴിഞ്ഞ തവണ, പി.ടി. തോമസിന് ലഭിച്ച 14,329 വോട്ടിന്റെ ഭൂരിപക്ഷത്തെ ഉമ, 25,016 ആയി ഉയർത്തി. പി.ടി. തോമസ് നേടിയ 59,839 വോട്ട് 72,770 വോട്ടാക്കി മാറ്റി. സി.പി.എം കഴിഞ്ഞ തവണ നേടിയ 45,510 വോട്ട് അൽപമുയർത്തി, 47,754 വോട്ടാണ് ഇത്തവണ എൽ.ഡി.എഫിന്. 2021ൽ 15,483 വോട്ട് നേടിയ ബി.ജെ.പി ഇത്തവണ 12,957ലേക്ക് ചുരുങ്ങി. കഴിഞ്ഞതവണ 13897 വോട്ട് നേടിയ ട്വൻറി 20 ഇത്തവണ രംഗത്തുണ്ടായിരുന്നില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ പൂർണമായും ഒരു രാഷ്ട്രീയമത്സരമാക്കേണ്ട സന്ദർഭങ്ങൾ നിരവധിയായിരുന്നു. അതിലൂടെ, ഈ മണ്ഡലത്തിനുമേൽ ആരോപിക്കപ്പെടുന്ന അരാഷ്ട്രീയതക്കും ട്വന്റി 20 പോലുള്ള അരാഷ്ട്രീയ പ്രകടനങ്ങൾക്കും മറുപടി നൽകാനും കഴിയുമായിരുന്നു

തൃക്കാക്കര ഒരു സാധ്യതയായിരുന്നു; പക്ഷേ...

ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സാധ്യത, അതിനെ തികഞ്ഞ രാഷ്ട്രീയ മത്സരമാക്കി മാറ്റാം എന്നതാണ്. കാരണം, മുന്നണികൾക്കും പാർട്ടികളും ഒരു മണ്ഡലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, അവിടത്തെയും സംസ്ഥാനത്തെയും ജനകീയ വിഷയങ്ങൾ ഉന്നയിക്കാം, എൽ.ഡി.എഫിന് സർക്കാറിന്റെ നിലപാടുകൾ വിശദീകരിക്കാം, പാളിച്ചകൾ ജനങ്ങളോട് തുറന്നുപറയാം. പ്രതിപക്ഷത്തിന് തങ്ങളുടെ വിമർശനങ്ങൾക്ക് തെളിവുകൾ ഹാജരാക്കാം. ബി.ജെ.പിക്ക്, രണ്ടുമുന്നണികളെയും എന്തുകൊണ്ട് എതിർക്കുന്നു എന്നതിന്റെ ന്യായം നിരത്താം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്ന സന്ദർഭവും കേരളത്തിന്റെ കക്ഷിരാഷ്ട്രീയത്തിൽ മാത്രമല്ല, വികസന രാഷ്ട്രീയത്തെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒന്നായിരുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാവികേരളത്തിനുവേണ്ടി ഒരു വികസന നയരേഖ അവതരിപ്പിച്ച സന്ദർഭമാണിത്. കെ റെയിൽ എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മുതൽമുടക്കുള്ള ഒരു പദ്ധതിയുടെ പേരിൽ, വികസനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സന്ദർഭമാണിത്.

പി.ടി. തോമസിന്റെ കട്ടൗട്ട് ഉയർത്തിപ്പിടിച്ച് ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം

യു.ഡി.എഫ് ആണെങ്കിൽ, ഈ വികസന നയത്തെ നിശിതമായി എതിർത്തുകൊണ്ട് തെരുവിലാണ്. കോൺഗ്രസിലാണെങ്കിൽ, സംഘടനാപരമായി സംഭവിച്ച തലമുറമാറ്റത്തിന്റെ സർവ ഊർജവും പ്രകടിതമാകേണ്ട സന്ദർഭം. (പി.ടി. തോമസിനെ ഓർമയിൽ കൊണ്ടുവന്ന് വികസനം എന്ന വിഷയം ഉന്നയിക്കാൻ കോൺഗ്രസിന് കഴിയില്ല, കാരണം, പി.ടി. തോമസ് പാർട്ടിയെ സംബന്ധിച്ച് നിലപാടുകളിലെ ‘ശരികേടു'കൾക്ക് ശിക്ഷിക്കപ്പെട്ട ഒരു നേതാവാണ്).
വിദ്യാഭ്യാസ- തൊഴിൽ മേഖലയെക്കുറിച്ചുള്ള ഒരു ക്രിയാത്മകസംവാദത്തിന് നല്ല സ്‌പെയ്‌സുള്ള ഒരു മണ്ഡലമാണിത്. കാരണം, പുതിയ തലമുറക്ക് പുത്തൻ തൊഴിൽമേഖല പ്രദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. പൊതുഗതാഗതത്തെക്കുറിച്ചും ജനപക്ഷ ബ്യൂറോക്രസിയെക്കുറിച്ചും ജനകീയമായ നഗരവികസനത്തെക്കുറിച്ചും ചർച്ച ചെയ്യാം. തൃക്കാക്കരയുടെ തന്നെ തദ്ദേശീയമായ പ്രശ്‌നങ്ങൾ കൂടിയാണിത് എന്നും ഓർക്കണം. ഇവയിലൊന്നുപോലും വോട്ടർമാർക്കുമുന്നിൽ അവതരിപ്പിക്കപ്പെട്ടില്ല.

ഇത്തരം രാഷ്ട്രീയസന്ദർഭങ്ങൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ പൂർണമായും ഒരു രാഷ്ട്രീയമത്സരമാക്കേണ്ടതായിരുന്നു. അതിലൂടെ, ഈ മണ്ഡലത്തിനുമേൽ ആരോപിക്കപ്പെടുന്ന അരാഷ്ട്രീയതക്കും ട്വന്റി 20 പോലുള്ള അരാഷ്ട്രീയ പ്രകടനങ്ങൾക്കും മറുപടി നൽകാനും കഴിയുമായിരുന്നു. എന്നാൽ, സംഭവിച്ചത് എന്താണ്?

സർക്കാറിന്റെ ഒരു സ്വപ്‌നപദ്ധതി, ജനങ്ങളെ സംബന്ധിച്ച് ഒരു ദുഃസ്വപ്‌നമാണെന്ന തിരിച്ചറിവ്, വോട്ടുചോദിച്ച് ജനങ്ങൾക്കുമുന്നിലെത്തിയപ്പോഴാണ് തിരിച്ചറിയാനായത് എന്നത്, ഒരു രാഷ്ട്രീയപാർട്ടിയെ സംബന്ധിച്ച വലിയ തോൽവിയാണ്.

റദ്ദാക്കപ്പെട്ട പൊളിറ്റിക്കൽ കാമ്പയിൻ

വികസന രാഷ്ട്രീയം ആദ്യം എൽ.ഡി.എഫ് പ്രചാരണഅജണ്ടയിൽ സമർഥമായി മൂടിവച്ചു. സ്വന്തം വികസനരേഖയിലെ ഒരു കാര്യം പോലും മാൻഡേറ്റിനായി വിട്ടുകൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു. വീണത്‌വിദ്യയാക്കി യു.ഡി.എഫും. സംസ്ഥാനത്ത്, കെ റെയിലുമായി ബന്ധപ്പെട്ട സംവാദങ്ങൾ അട്ടിമറിക്കപ്പെട്ടപോലെ, തൃക്കാക്കരയിലും കെ റെയിൽ ഒരു നിരോധിതവാക്കായി മാറി. അത്, സി.പി.എമ്മിന്റെ തോൽവിയുടെ തുടക്കമായിരുന്നു. സർക്കാറിന്റെ ഒരു സ്വപ്‌നപദ്ധതി, ജനങ്ങളെ സംബന്ധിച്ച് ഒരു ദുഃസ്വപ്‌നമാണെന്ന തിരിച്ചറിവ്, വോട്ടുചോദിച്ച് ജനങ്ങൾക്കുമുന്നിലെത്തിയപ്പോഴാണ് തിരിച്ചറിയാനായത് എന്നത്, ഒരു രാഷ്ട്രീയപാർട്ടിയെ സംബന്ധിച്ച വലിയ തോൽവിയാണ്. 900ൽ 758 ‘മാർക്ക്' നേടിയെന്നവകാശപ്പെട്ട്, തൃക്കാക്കര റിസൽട്ട് വരുന്നതിന്റെ തലേന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും കെ റെയിലിന് ഒരുതരത്തിലും ഊന്നൽ നൽകാതിരിക്കാനുള്ള ബോധപൂർവശ്രമമുണ്ടായിരുന്നു. ‘ദേശാഭിമാനി'യുടെ ‘ഫുൾ എ പ്ലസ്' എന്ന പ്രത്യേക പേജിൽ കെ റെയിൽ എന്ന വാക്കുതന്നെ കാണാനില്ല. അങ്ങനെ, വികസനത്തിന്റെ പേരിൽ പാളിപ്പോയ ഒരു അജണ്ട സൃഷ്ടിച്ച ആശയക്കുഴപ്പമാണ് തൃക്കാക്കരയിൽ സി.പി.എം അഭിമുഖീകരിച്ചത്. അങ്ങനെയാണ്, ജോ ജോസഫ് എന്ന, ‘സഭ സഭയുടേത് എന്നും പാർട്ടി പാർട്ടിയുടേത്' എന്നും പറയുന്ന ഒരു സ്ഥാനാർഥി ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്‌നത്തിൽ വരുന്നത്.

ജോ ജോസഫ്​ പ്രചാരണത്തിനിടെ

അങ്ങനെ, തൃക്കാക്കരയിലെ ഒരു ‘പൊട്ടൻഷ്യൽ അപൊളിറ്റിക്കൽ- കമ്യൂണൽ' സാഹചര്യം, കാമ്പയിനിലും ആധിപത്യം നേടി. ട്വന്റി 20- ആം ആദ്മി പാർട്ടി സഖ്യം തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതാണ്, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും തന്ത്രപരമായ നീക്കമായി വിശേഷിപ്പിക്കാവുന്നത്. കാരണം, കാണാമറയത്തെ ഈ കളി എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ട്വന്റി 20 നേടിയ 13,897 വോട്ട്, ഇരുമുന്നണികളും തമ്മിലുള്ള ഭൂരിപക്ഷത്തിന് ഏതാണ്ട് തുല്യമായ സംഖ്യയും ശതമാനവുമായിരുന്നു. യഥാർഥത്തിൽ, ഈയൊരു കണക്കിന്മേലാണ്, തൃക്കാക്കരയിൽ ഇലക്ഷൻ അണ്ടജ സെറ്റ് ചെയ്യപ്പെട്ടത്, അങ്ങനെ ബോധപൂർവം കൃത്യമായ ഒരു പൊളിറ്റിക്കൽ വോട്ടിംഗിനുള്ള സാഹചര്യം തുടക്കത്തിലേ റദ്ദാക്കപ്പെട്ടു.

കാമ്പയിന്റെ സ്വഭാവം നോക്കിയാൽ, എൽ.ഡി.എഫിനൊപ്പം, യു.ഡി.എഫും, ബി.ജെ.പിയും അടങ്ങുന്ന ഒരു ഐക്യമുന്നണിയെയാണ് കാണാൻ കഴിയുക. വർഗീയതയായിരുന്നു ഈ കാമ്പയിന്റെ പ്രധാന ഫാക്ടർ. ജാതിയും മതവും സമുദായവും സഭയും പച്ചക്കുതന്നെ പ്രകടമായി. പാർട്ടികളുടെയും നേതാക്കളുടെയും വംശീയതയും സ്ത്രീവിരുദ്ധതയും പരസ്യമാക്കപ്പെട്ടു. ബി.ജെ.പിയുടെ ആശീർവാദത്താൽ ബലപ്പെട്ട ക്രിസ്ത്യൻ- മുസ്‌ലിം ഭിന്നത, ഒരു ടെസ്റ്റ് ഡോസായി ഉപയോഗിക്കപ്പെട്ടു. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ ആ കുട്ടി വിളിച്ച വിദ്വേഷമുദ്രാവാക്യം, തൃക്കാക്കരയിൽ വീണ്ടും വീണ്ടും ‘വിളിക്ക'പ്പെട്ടു. പി.സി. ജോർജിനെപ്പോലൊരു ജനവിരുദ്ധപ്രതീകത്തെ മുൻനിർത്തിയാണെങ്കിലും, അത് തുറന്നുവച്ച അപകടസാധ്യത ഇരുമുന്നണികൾക്കും അഡ്രസ് ചെയ്യാനായില്ല. കോൺഗ്രസിലിരുന്ന് സി.പി.എമ്മിനുവേണ്ടി കാമ്പയിനെത്തിയ കെ.വി. തോമസിനുപോലും തന്റെ രാഷ്ട്രീയം പറയാൻ വാ തുറക്കാൻപോലുമായില്ല.

പാർട്ടിക്കും എറണാകുളത്തുള്ള പാർട്ടി വോട്ടുബാങ്കുകൾക്കും അത്ര അഭിമതനായ ഒരാളായിരുന്നില്ല പി.ടി. തോമസ് എങ്കിലും, ഉമ തോമസിന്, തന്റെ ‘ഡിപ്ലോമസി'കൊണ്ട് ഇതിനെ മറികടക്കാനായി.

പിണറായി സർക്കാറും ഒരു സ്ഥാനാർഥിയായിരുന്നു

സർക്കാർ നിലപാടുകൾക്കുള്ള മാൻഡേറ്റ് ആയിരിക്കണമെന്നില്ല, ഒരു ഉപതെരഞ്ഞെടുപ്പുഫലം. ജയിച്ചിരുന്നുവെങ്കിൽ, എൽ.ഡി.എഫ് അങ്ങനെ അവകാശപ്പെടുമായിരുന്നുവെങ്കിലും. എന്നാൽ, തൃക്കാക്കരയിൽ പിണറായി വിജയന്റെ സർക്കാറും ഒരു സ്ഥാനാർഥിയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള ഭരണകൂട സന്നാഹം വോട്ടർമാരെ നേരിട്ടുകണ്ടാണ് വോട്ടഭ്യർഥിച്ചത്. ഈ ഭരണകൂട സാന്നിധ്യം, വോട്ടർമാരെ ഒട്ടും സ്വാധീനിച്ചില്ല എന്നാണ് റിസൽട്ട്‌തെളിയിച്ചത്. അതിനെ, സർക്കാറിനോടുള്ള ഒരുതരം രാഷ്ട്രീയ വിയോജിപ്പുകൂടിയായി പരിഗണിക്കേണ്ടതുണ്ട്.

തുടർച്ചയായി യു.ഡി.എഫ് ജയിച്ചുവരുന്ന മണ്ഡലമാണെങ്കിലും, ഒരു ജയം തീരുമാനിച്ചുറപ്പിച്ചാണ് എൽ.ഡി.എഫ് തുടങ്ങിയത്. പിണറായി വിജയൻ അടക്കമുള്ള നേതാക്കന്മാരുടെ ആംഗ്യങ്ങളിൽ വരെ ഈ പ്രതീക്ഷ തുടിച്ചുനിന്നിരുന്നു. (വോട്ടെണ്ണിലിന്റെ പാതി പിന്നിടും മുമ്പുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ ‘അപ്രതീക്ഷിതം' എന്ന ഞെട്ടൽ ഈ പ്രതീക്ഷയുടെ ചരമവാക്യം കൂടിയായിരുന്നല്ലോ). പോളിങ് കുറഞ്ഞതോടെ, യു.ഡി.എഫിനുപോലും ഒരുതരം ആത്മവിശ്വാസക്കുറവ് പ്രകടമായി. അവർ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം 5000 വോട്ടിൽ വരെയെത്തി. 1,96,805 വോട്ടർമാരിൽ 1,35,320 പേരാണ് വോട്ട് ചെയ്തത്, 68.75 ശതമാനം. കഴിഞ്ഞതവണ 70.39 ശതമാനമായിരുന്നു.

യു.ഡി.എഫ് കേന്ദ്രങ്ങളായ നഗരബൂത്തുകളിൽ, പ്രത്യേകിച്ച്, കഴിഞ്ഞതവണ പി.ടി. തോമസിന് മുന്നേറ്റം നൽകിയ ഇടങ്ങളിലാണ് പ്രധാനമായും പോളിങ് കുറഞ്ഞത്. അതേസമയം, സി.പി.എമ്മിന് സ്വാധീനമുള്ള ചളിക്കവട്ടം, വൈറ്റില, വെണ്ണ ഭാഗങ്ങളിൽ പോളിങ് ഉയരുകയും ചെയ്തു. ഇത്തരം പ്രവണതകൾ, റിസൽട്ടിന്റെ സൂചനകളായി എണ്ണുന്ന മാധ്യമവിശകലനം പരാജയപ്പെട്ടു.
ഇത്തവണ വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഉമ തോമസ്, പി.ടി. തോമസ് കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലേറെ നേടി മുന്നിലായിരുന്നു.

എൻ.ഡി.എയുടെ പ്രചാരണത്തിൽ പി.സി.ജോർജ്ജ്

വിജയം കോൺഗ്രസിന്റേതോ പ്രതിപക്ഷത്തിന്റേതോ?

ഈ വിജയം എത്രത്തോളം കോൺഗ്രസിന്റേതാണ്?
തീർച്ചയായും അനുകൂലഘടകങ്ങൾ ഏറെയായിരുന്നു. പാർട്ടിക്കും എറണാകുളത്തുള്ള പാർട്ടി വോട്ടുബാങ്കുകൾക്കും അത്ര അഭിമതനായ ഒരാളായിരുന്നില്ല പി.ടി. തോമസ് എങ്കിലും, ഉമ തോമസിന്, തന്റെ ‘ഡിപ്ലോമസി'കൊണ്ട് ഇതിനെ മറികടക്കാനായി. മരിച്ച എം.എൽ.എയുടെ ഭാര്യ എന്നൊരു ‘സൗജന്യ'ത്തേക്കാളേറെ ഉമക്ക് തുണയായത്, തന്റെ കോൺഗ്രസ് ജീവിതം സമ്മാനിച്ച തഴക്കങ്ങളാണ്. വി.ഡി. സതീശൻ നേതൃത്വം നൽകിയ പുതിയ നേതൃത്വത്തിന്, പുതിയ രാഷ്ട്രീയമൊന്നും മുന്നോട്ടുവക്കാൻ കഴിഞ്ഞിട്ടില്ല എന്നിരിക്കേ, നിസ്സംഗമായ ഒരു തുടർവിജയമായി മാറേണ്ടതായിരുന്നു, ഉമ തോമസിന്റേത്. എന്നാൽ, അവർ നേടിയ 25,016 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം, പോളിംഗിനോട് വോട്ടർമാർ പ്രകടിപ്പിച്ച ഉന്മേഷക്കുറവിനെ മറികടക്കുന്നതാണ്. അത്, കോൺഗ്രസിനുള്ളത് എന്നതിനേക്കാൾ, സംസ്ഥാനത്തെ പ്രതിപക്ഷത്തിനുള്ള ഭൂരിപക്ഷം കൂടിയാണ്, ഇന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്ന ഒരു യഥാർഥ പ്രതിപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ഭൂരിപക്ഷമാണ്.

തങ്ങളോടുതന്നെ മത്സരിച്ച് ജയിക്കേണ്ട ഒരു തെരഞ്ഞെടുപ്പുഫലമാണ് തൃക്കാക്കര സി.പി.എമ്മിനും പിണറായി വിജയന്റെ സർക്കാറിനും നൽകിയിരിക്കുന്നത്.

തൃക്കാക്കര ഇങ്ങനെയായിരുന്നു

തൃക്കാക്കര ഒരു ഉപരിമധ്യവർഗ മണ്ഡലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വോട്ടർമാരുടെ വർഗഘടനയും ട്വന്റി 20യുടെയും ബി.ജെ.പിയുടെയും വോട്ടുശതമാനത്തിലെ വർധനയും യു.ഡി.എഫിന് സ്ഥിരമായി ലഭിക്കുന്ന മേൽക്കൈയും ഈ വാദത്തിന് അടിവരയിടുന്നുമുണ്ട്. ഇത്തവണ, 61,463 പേരാണ് തൃക്കാക്കരയിൽ വോട്ട് ചെയ്യാൻ എത്താതിരുന്നത്.
2011ൽ രൂപീകരിക്കപ്പെട്ട തൃക്കാക്കര മണ്ഡലം, തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപറേഷനിലെ ഇടപ്പള്ളി, വൈറ്റില സോണുകളിലെ 22 ഡിവിഷനുകളും ചേർന്നതാണ്. കോൺഗ്രസിന് ഉറച്ച ബേസുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വോട്ടുശതമാനം കുറഞ്ഞുവരികയായിരുന്നു. 2011ൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ 55.88 ശതമാനം വോട്ട് നേടി സി.പി.എമ്മിലെ എം.ഇ. ഹസനാരെ തോൽപ്പിച്ചു. എൽ.ഡി.എഫിന് കിട്ടിയത് 36.87 ശതമാനം വോട്ടാണ്, ബി.ജെ.പിക്ക് 5.04 ശതമാനവും.

യു.ഡി.എഫ് നേതാക്കൾ തൃക്കാക്കരയിൽ

2016ൽ പി.ടി. തോമസ് ആദ്യമായി മത്സരിച്ചപ്പോൾ വോട്ട് ശതമാനം 45.42 ആയി. സി.പി.എമ്മിലെ സെബാസ്​റ്റ്യൻ പോളിനും കുറഞ്ഞു, 36.55 ശതമാനം. ബി.ജെ.പിക്ക് 10 ശതമാനത്തിലേറെ വർധനയുണ്ടായി, 15.70 ശതമാനമായി ഉയർന്നു.
2021ൽ പി.ടി. തോമസിന് 43.82 ശതമാനമാണ് കിട്ടിയത്. എൽ.ഡി.എഫിനും കുറഞ്ഞു, 33.32 ശതമാനം. ബി.ജെ.പിക്കും കുറഞ്ഞു, 11.34 ശതമാനം. പകരം ട്വന്റി 20ക്ക് 10.18 ശതമാനം വോട്ട് കിട്ടി.
ബി.ജെ.പിയും പിന്നീട് ട്വന്റി 20യും നേടുന്ന വോട്ടുശതമാനമാണ് തൃക്കാക്കരയിലെ പ്രധാന പൊളിറ്റിക്കൽ ഇൻഡിക്കേറ്ററുകളിൽ ഒന്ന്.

സ്വയംവിമർശനത്തിനുള്ള ഒരു പാഠം

ഒരു മുന്നണിയുടെയും പാർട്ടിയുടെയും തുടർഭരണത്തെ ജനാധിപത്യത്തിന്റെ ടൂളുപയോഗിച്ച്, അനഭിലഷണീയമായ ഒന്നായാണ് പൊതുവെ വിലയിരുത്തപ്പെടാറ്. ഇന്ത്യയിൽ, തുടർഭരണത്തിന്റെ തിരിച്ചടി ഏറ്റവും രൂക്ഷമായി നേരിടേണ്ടിവന്ന ഒരു പാർട്ടിയും മുന്നണിയും സി.പി.എമ്മും ഇടതുപക്ഷവുമാണ്. തുടർഭരണത്തിന്റെ തിരിച്ചടികൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസിനുണ്ടാക്കിയ തകർച്ചയേക്കാൾ, ഭയാനകമായിരുന്നു സി.പി.എമ്മിനുണ്ടാക്കിയത്. കാരണം, കൊടുംതകർച്ചകൾക്കുശേഷവും കോൺഗ്രസ് ഒരു സാന്നിധ്യവും ജനാധിപത്യത്തിലെ, ഏറ്റവുമൊടുവിലത്തെ പ്രതീക്ഷയായിപ്പോലും അവശേഷിക്കുന്നുണ്ട്. എന്നാൽ, സി.പി.എമ്മിന്റെ സാധ്യത, ദേശീയതലത്തിൽ ഒരു രാഷ്ട്രീ​യ പരിശോധനയുടെ അളവുകോലായി പോലും ഇന്ന് അവശേഷിക്കുന്നില്ല. കേരളത്തിലും, എൽ.ഡി.എഫിന്റെ തുടർഭരണം വിമർശനപരമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആ വിമർശനങ്ങളെ ഒരുപരിധിവരെ ശരിവക്കുന്നതുമായിരുന്നു, രണ്ടാം പിണറായി സർക്കാറിന്റെ ഇതുവരെയുള്ള ഭരണവും. പ്രോഗ്രസ് റിപ്പോർട്ടിലെ തിളങ്ങുന്ന അവകാശവാദങ്ങൾ പരിശോധിച്ചാൽ അവ, എടുത്തുപറയാനില്ലാത്ത ഒരു സാധാരണ ഗവേണൻസിന്റെ റിസൽട്ടുമാത്രമാണെന്ന് വ്യക്തമാകും.

എൽ.ഡി.എഫ് സ്​ഥാനാർഥി ജോ ജോസഫും മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിനിടെ

ഇതിനെയാണ്, ഭരണകൂടത്തിന്റെ നയപരമായ പരിപ്രേക്ഷ്യമായി തിരിച്ചിടുന്നത്. ഈ കാപട്യം ജനം തിരിച്ചറിയുന്നു എന്നതിന്റെ ഒരു സൂചനയായി തൃക്കാക്കരയിലെ റിസൽട്ടിനെ എൽ.ഡി.എഫ് സർക്കാറിന് പരിഗണിക്കാം. കാരണം, തിരുത്താനാകാത്ത പാളിച്ചകളിലേക്കൊന്നും സി.പി.എം പോയിട്ടില്ല. കേരളത്തെ സംബന്ധിച്ച്, അധികാരദുർവിനിയോഗത്തിന്റെയും ജനവിരുദ്ധ വികസന നയങ്ങളുടെയുമെല്ലാം യഥാർഥ പ്രതിനിധാനം യു.ഡി.എഫ് ഭരണകൂടങ്ങളായിരുന്നുവെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ, കേരളത്തിൽ ഇപ്പോഴും എൽ.ഡി.എഫിന് അവശേഷിക്കുന്ന മത്സരം യു.ഡി.എഫുമായിട്ടുതന്നെയാണ്. എങ്കിലും, തങ്ങളോടുതന്നെ മത്സരിച്ച് ജയിക്കേണ്ട ഒരു തെരഞ്ഞെടുപ്പുഫലമാണ് തൃക്കാക്കര സി.പി.എമ്മിനും പിണറായി വിജയന്റെ സർക്കാറിനും നൽകിയിരിക്കുന്നത്. വികസന രാഷ്ട്രീയത്തെ ജനവിരുദ്ധമായി പ്രയോഗിക്കുന്നതിൽനിന്ന്, അറിവിന്റെ കുത്തകവൽക്കരണത്തെ മുതലാളിത്തയുക്തികൊണ്ട് പ്രയോഗവൽക്കരിക്കുന്ന ജ്ഞാനസമ്പദ്‌വ്യവസ്ഥയെ ഉപാധിരഹിതമായി സ്വീകരിക്കുന്നതിൽനിന്ന്, വിയോജിപ്പുകളെ മസിൽപവറുകൊണ്ട് നേരിടുന്ന ആധിപത്യരാഷ്ട്രീയത്തിൽനിന്നെല്ലാമുള്ള ഒരു എതിർസഞ്ചാരത്തിന് ഈ തോൽവി സി.പി.എമ്മിനെ സഹായിച്ചേക്കാം.

തെരഞ്ഞെടുപ്പുമത്സരത്തിലെ ഒരു പാർട്ടിയുടെ തോൽവി, ജനാധിപത്യത്തിലെ വിജയമായി മാറുന്ന സന്ദർഭമാണ് തൃക്കാക്കര റിസൾട്ട്. ഈയർഥത്തിൽ, ഈ വിജയം, ഒരു തിരിച്ചറിവും പാഠവും ആകേണ്ടതാണ് സി.പി.എമ്മിന്.

തെരഞ്ഞെടുപ്പുമത്സരത്തിലെ ഒരു പാർട്ടിയുടെ തോൽവി, ജനാധിപത്യത്തിലെ വിജയമായി മാറുന്ന സന്ദർഭമാണ് തൃക്കാക്കര റിസൾട്ട്. ഈയർഥത്തിൽ, ഈ വിജയം, ഒരു തിരിച്ചറിവും പാഠവും ആകേണ്ടതാണ് സി.പി.എമ്മിന്. ഉമ തോമസിന്റെ വിജയത്തെ തുടർന്ന്, കെ റെയിൽ കടന്നുപോകുന്ന സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ സർക്കാറിനെതിരായ പ്രതിഷേധ പ്രകടനങ്ങളും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലുമൊക്കെ നടന്നു. ഇതിനുപിന്നിൽ, തീർച്ചയായും എസ്.യു.സി.ഐക്കാരും പോപ്പുലർ ഫ്രണ്ടുകാരുമൊക്കെയുണ്ടാകാം. എന്നാൽ, പ്രതിഷേധക്കാരിലെയും വിമർശനങ്ങളിലെയും യഥാർഥ രാഷ്ട്രീയ മനുഷ്യരെയും യഥാർഥ രാഷ്ട്രീയ നിലപാടിനെയും തിരിച്ചറിയാനാകാതെ പോകുന്നത്, തൃക്കാക്കരകൾ ആവർത്തിക്കാനിടയാക്കും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments