തൃക്കാക്കരയിലെ യു.ഡി.എഫ്​ സ്​ഥാനാർഥി ഉമ തോമസ്​, എൽ.ഡി.എഫ്​ സ്​ഥാനാർഥി ജോ ജോസഫ്​

വികസനം തൃക്കാക്കരയിൽ
​ഒരു വ്യാജപദം

വികസനമാകും,​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കരയിലെ പ്രധാന ഇഷ്യൂ എന്നായിരുന്നു ഇരുമുന്നണികളും നൽകിയ പ്രതീതി. സംസ്​ഥാനമൊട്ടാകെ കെ റെയിലിനെ മു​ൻനിർത്തി വികസനത്തിന്റെ രാഷ്​ട്രീയം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയുള്ള ഒരു ജനവിധിയെന്ന നിലയ്​ക്ക്​, ഈ വിഷയം പ്രധാനപ്പെട്ടതുമാണ്​, ഒരു ഉപതെര​ഞ്ഞെടുപ്പിലാണെങ്കിൽ പോലും. എന്നാൽ, വികസനം തൃക്കാക്കരയിൽ ഒരു പ്രധാന വിഷയമാകാതെ പോയി.

കേരളം വലിയ ശ്രദ്ധ നൽകുന്ന ഒന്നായി മാറിയിട്ടുണ്ട്​ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​. നിയമസഭയിലെ അംഗത്വം 100 തികയ്ക്കണമെന്ന തീരുമാനത്തോടെ എൽ.ഡി.എഫും സിറ്റിംഗ് സീറ്റ് എന്ന അഭിമാന പ്രശ്നം മുൻനിർത്തി യു.ഡി.എഫും എല്ലാ ആയുധങ്ങളും പയറ്റുകയാണ്​. പ്രത്യക്ഷത്തിൽ ഈ രണ്ട് മുന്നണികൾക്കും മാത്രമാണ് തൃക്കാക്കരയിൽ സാധ്യതയുള്ളതെങ്കിലും 2011-ലെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പി.യും സാന്നിധ്യമറിയിക്കാൻ മാത്രമായി മത്സരിക്കുന്നു.

എം.എൽ.എ.യായിരുന്ന പി.ടി. തോമസ് മരിച്ചതിനെതുടർന്ന്​ ഒഴിവുവന്ന സീറ്റിൽ അ​ദ്ദേഹത്തിന്റെ പങ്കാളിയായ ഉമ തോമസ്​ മത്സരിക്കുന്നത്​ വിജയത്തിലേക്കുള്ള ഒരുറച്ചവഴിയായി കോൺഗ്രസ്​ കരുതുന്നു. മണ്ഡലം രൂപീകരിച്ച കാലം മുതൽ യു.ഡി.എഫിന്റെ കൈവശമിരുന്ന മണ്ഡലമാണിത്​. ആതുരസേവനരംഗത്ത് അറിയപ്പെടുന്ന ജോ ജോസഫിലൂടെ എൽ.ഡി.എഫ്. മത്സരം തീർത്തും ലൈവാക്കിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഉമ തോമസ് / Photo : Uma Thomas, fb page

തൃക്കാക്കര നഗരസഭയും കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും ഉൾപ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം. ഇതിൽ എറണാകുളം ജില്ലയുടെ ആസ്ഥനമായ കാക്കനാടും ഉൾപ്പെടുന്നു. അതിനാലാണ് തൃക്കാക്കര ജില്ലയിലെ പ്രധാനപ്പെട്ട മണ്ഡലമാകുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പി.ടി. തോമസിലൂടെ കോൺഗ്രസാണ്​ ജയിച്ചത്. 2011-ൽ കോൺഗ്രസിന്റെ ബെന്നി ബഹനാനും. ഇടതുതരംഗമുണ്ടായിരുന്ന കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ പി.ടി.യുടെ വിജയം തിളക്കമേറിയതായിരുന്നു. 2016-ൽ പി.ടി. എൽ.ഡി.എഫിന്റെ സെബാസ്റ്റ്യൻ പോളിനെ 11,966 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചതെങ്കിൽ 2021-ൽ ഭൂരിപക്ഷം 14,329 ആയി ഉയർത്തി.

കക്ഷിരാഷ്​ട്രീയ വിവാദങ്ങൾക്കിടയിൽ ഇത്തരം അടിസ്​ഥാന ജനകീയ പ്രശ്​നങ്ങൾ തൃക്കാക്കരയുടെ പ്രധാന അജണ്ടയാകുന്നില്ല, അല്ലെങ്കിൽ, ഇവ സമർഥമായി മറച്ചുപിടിക്കപ്പെടുന്നു.

ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്റി ട്വന്റി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് വോട്ട് വിഭജന സാധ്യതകൾ ഇല്ലാതാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി നേടിയത് 13,000ഓളം വോട്ടും 2014-ലെ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലത്തിൽ നിന്ന് നേടിയത്​ 9,000 വോട്ടുമായിരുന്നു. ഈ വോട്ട് വിഹിതം പ്രധാന രാഷ്ട്രീയപാർട്ടികൾക്ക് തലവേദനയാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഈ വോട്ടുകളെല്ലാം മുമ്പ് ഈ മൂന്ന് മുന്നണികൾക്കും ലഭിച്ചിരുന്നതാണെന്ന് ഓർക്കണം. അതിനാൽ അവർ മത്സരിക്കാതിരിക്കുന്നത് ഏതെങ്കിലും പാർട്ടിയെ സഹായിക്കുമെന്ന് കരുതാനാകില്ല. ഉപതെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക അവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്നാണ് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ഇരുപാർട്ടികളുടെയും നേതാക്കളായ സാബു എം. ജേക്കബും പി.സി. സിറിയകും പറഞ്ഞത്. ഈ വോട്ട് വിഹിതം തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനും എൽ.ഡി.ഫിനും. മുൻകാലങ്ങളിൽ ട്വന്റി ട്വന്റിക്കെതിരെ രൂക്ഷവിമർശനം നടത്തിയ ഇരുമുന്നണികളും ഇത്തവണ മൃദുസമീപനം സ്വീകരിച്ചത് സ്ഥാനാർഥിയില്ലാതെ തന്നെ തങ്ങൾ ജയിച്ചതിന്റെ തെളിവാണെന്നാണ് സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടിയത്. 2021-ൽ 10.25 വോട്ട് നേടിയത് ഇത് ശരിവയ്ക്കുന്നു. ആ തെരഞ്ഞെടുപ്പിൽ പി.ടി. തോമസ് ഭൂരിപക്ഷം വർധിപ്പിച്ചിരുന്നെങ്കിലും ഇരു പ്രധാന മുന്നണികൾക്കും വോട്ടുവിഹിതത്തിൽ കുറവ് സംഭവിച്ചിരുന്നു.

കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ട്വൻറി ട്വൻറി നേതാവ് സാബു എം. ജേക്കബ്

കഴിഞ്ഞതവണ ബി.ജെ.പി. മൂന്നാം സ്ഥാനത്തെത്തിയത് രണ്ടാമതെത്തിയ സ്ഥാനാർഥിയുടെ വോട്ടിനേക്കാൾ ഏറെ പിന്നിലായിരുന്നെങ്കിലും അവർ പ്രചരണായുധമാക്കുന്നത് ഉമ തോമസിന്റെയും ജോ ജോസഫിന്റെയും രാഷ്ട്രീയ അനുഭവക്കുറവിനെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച എസ്. സജിയെ ഒഴിവാക്കി എ.എൻ. രാധാകൃഷ്ണൻ എന്ന സംസ്ഥാന വൈസ് പ്രസിഡന്റിനെ പരിഗണിച്ചതിനുപിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. വടക്കേ ഇന്ത്യയിൽ മതപരിവർത്തനത്തിന്റെ പേരിൽ ക്രിസ്തീയസഭകളും സഭാസ്ഥാപനങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്ന കാലമാണിത്. ഈയൊരു ഭീതി ബി.ജെ.പി.യോട് ക്രിസ്തീയ സംഘടനകൾക്കുണ്ട്. തൃക്കാക്കരയിൽ വ്യക്തമായ സ്വാധീനം ക്രിസ്ത്യൻ സംഘടനകൾക്കും വിശ്വാസികൾക്കുമുണ്ട്. അവരുടെ വോട്ട് അവിടെ നിർണായകവുമാണ് അത് പരിഹരിക്കാനാകണം എ.എൻ. രാധാകൃഷ്ണൻ അഹമ്മദാബാദ് ഓർത്തഡോക്സ് ഭദ്രാസന മെത്രാപൊലീത്തയിൽ നിന്ന് കെട്ടിവയ്ക്കാനുള്ള കാശ് സ്വീകരിച്ചത്. അതായത് പരസ്യമായി അദ്ദേഹത്തിൽ നിന്ന്​ ആശീർവാദം സ്വീകരിക്കുന്നുവെന്ന പ്രചാരണം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. കൂടാതെ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടും കെ-റെയിൽ തടഞ്ഞുനിർത്തുന്ന കേന്ദ്ര നിലപാട് തങ്ങൾക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി. സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ / Photo : AN Radhakrishnan, fb page

നിയമസഭയിലെ അംഗത്വം നൂറ് ആക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന എൽ.ഡി.എഫിന്റെ അവസ്ഥ പരിശോധിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്, നൂറ് ‘ആകും’ എന്നല്ല, നൂറ് ‘ആക്കും’ എന്നാണ്. ആകാനുള്ള സാധ്യത തീരെയില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ വ്യക്തമാണ്. ജില്ലയിലെ പാർട്ടി പ്രവർത്തകരിലും ഈ ആത്മവിശ്വാസക്കുറവുണ്ട്. അതിന്റെ ഒന്നാമത്തെ കാരണം, ഉമയ്ക്ക് ലഭിക്കാനിടയുള്ള സഹതാപ വോട്ടുകളാണ്. മറ്റൊരു കാരണം, എൽ.ഡി.എഫ്. സർക്കാരിന്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിൽവർലൈനിനെതിരെ ഉയരുന്ന ജനവികാരമാണ്. എറണാകുളം ജില്ലയുടെ ഔട്ടറുകളിലൂടെ കടന്നുപോകുന്ന സിൽവർലൈനിന്​ ജില്ലയിൽ രണ്ട് സ്റ്റോപ്പുകളാണുള്ളതെന്നും അത് വികസനത്തിനുള്ള വഴിയാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അത് അത്ര വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്​ മണ്ഡലത്തിലെ സജീവ പ്രവർത്തകർ പോലും പറയുന്നുണ്ട്. അതിന് ഏറ്റവും നല്ല തെളിവാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുതൊട്ടുപുറകേ, കേരളത്തിൽ ഒരു കെ റെയിൽ കല്ല് പോലും നാട്ടിയതിന്റെ വാർത്ത പുറത്തുവന്നിട്ടില്ല എന്നത്​. മാത്രമല്ല, കല്ലിടലിൽനിന്ന്​ സർക്കാർ പിൻവാങ്ങുകയും​ ചെയ്​തു. മാത്രമല്ല, കല്ലിടൽ മരവിപ്പിച്ചതായി കഴിഞ്ഞദിവസം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ജിയോ ടാഗ് ഉപയോഗിച്ചായിരിക്കും ഇനി സർവേ. കല്ലിട്ടും അല്ലാതെയും സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുപിന്നിൽ ഒരു "തൃക്കാക്കര ഇഫക്റ്റ്' കൂടിയുണ്ടായിരിക്കാം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജോ.ജോസഫ് / Photo : Dr. Jo Joseph, fb page

ജിയോ ടാഗ്​ സർവേ നേരത്തെ തന്നെ നടത്തായിരുന്നുവെന്നും എന്തിനായിരുന്നു ഈ കോലാഹലം എന്നും ഹൈക്കോടതി ചോദിച്ചത്​, പൊലീസ്​ ബലപ്രയോഗത്തിലൂടെ നടത്തിയ കല്ലിടലിനെതിരായ ജനകീയവികാരം സൂചിപ്പിച്ചുകൊണ്ടുകൂടിയാണ്​. ഈ ജനകീയവികാരം തൃക്കാക്കരയിൽ എങ്ങനെയാണ്​ പ്രതിഫലിക്കുക എന്നത്​ പ്രധാന ചോദ്യമാണ്​. ഈ ചോദ്യം, എൽ.ഡി.എഫ്.​ പ്രവർത്തകരുടെ ഇടയിലുമുണ്ട്​. കാരണം, തോൽവിയേക്കാളുപരി ഭൂരിപക്ഷത്തിലെ വ്യതിയാനം പോലും കെ റെയിലിനെതിരായ ജനങ്ങളുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ്​, മന്ത്രിമാരും എം.എൽ.എ.മാരും തൃക്കാക്കരയിൽ കേന്ദ്രീകരിച്ചിരിക്കുന്നതെന്നുവേണം മനസ്സിലാക്കാൻ.

കോൺഗ്രസിലെ തലമുറമാറ്റത്തിനുശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ്​ എന്ന നിലയിൽ തൃക്കാക്കര, കോൺഗ്രസ്​ നേതൃത്വത്തിനും ഒരു ടെസ്​റ്റ്​ ഡോസാണ്.

രാഷ്​ട്രീയമായ നിരവധി ഉൾപ്പിരിവുകൾ സ്​ഥാനാർഥി നിർണയം ​തൊ​ട്ടേ തൃക്കാക്കരയിലുണ്ടായിട്ടുണ്ട്​. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളിൽ അഡ്വ. കെ.എസ്. അരുൺകുമാർ എൽ.ഡി.എഫ്. സ്​ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു, മുന്നണി അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചതിന് തെളിവായി ചുവരെഴുത്തുകളും ആരംഭിച്ചിരുന്നു. എന്നാൽ ഒറ്റ രാത്രികൊണ്ട് ആ ചുവരെഴുത്തുകൾ അപ്രത്യക്ഷമായി. സഭയുടെ പിന്തുണയാണ്​ ജോ ജോസഫിന് ഗുണംചെയ്തതെന്ന പ്രചാരണം ഇപ്പോഴും മണ്ഡലത്തിലുണ്ട്. തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർഥികളില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറയുന്നുണ്ടെങ്കിലും, ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും മണ്ഡലത്തിലുള്ളതിനാൽ സഭയുടെ വോട്ട് വിഭജിക്കപ്പെടുമെന്ന് തീർച്ചയാണ്. ലാറ്റിൻ, സിറിയൻ വിഭാഗത്തിലെ ക്രിസ്ത്യാനികളാണ് ഇവിടുത്തെ 50 ശതമാനം വോട്ടർമാരും. കർദിനാളിന്റെ നോമിനിയാണ് ജോ ജോസഫ് എന്നും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും പറഞ്ഞ് എറണാകുളം- അങ്കമാലി അതിരൂപതയിലെ കർദിനാൾ വിരുദ്ധർ തുടക്കത്തിൽ രംഗത്തെത്തിയിരുന്നത് ഓർക്കാം.

അരുൺകുമാറിന്റെ സ്ഥാനാർഥിത്വം ഒറ്റ രാത്രികൊണ്ട് മാറിമറിഞ്ഞതിനെക്കുറിച്ച് തൃക്കാക്കര മണ്ഡലത്തിൽ മറ്റൊരു പ്രചാരണം ശക്തമാണ്. വടയമ്പാടിയിലെ ജാതിമതിൽ പൊളിക്കൽ കേസിൽ ദലിത് സംഘടനകളുടെ അഭിഭാഷകനായിരുന്നത് അരുൺകുമാറാണ്. എന്നാൽ, അദ്ദേഹം സംഭവത്തിൽനിന്ന്​ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട്​, അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച്​ വാർത്ത വന്നപ്പോൾ തന്നെ ചർച്ചകളും ആരംഭിച്ചിരുന്നു. ഈ കാമ്പയിൻ മണ്ഡലത്തിലെ ദലിത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് വന്നപ്പോഴാണ് എഴുതിത്തുടങ്ങിയ ചുവരെഴുത്തുകളിൽ നിന്ന് അരുൺകുമാർ അപ്രത്യക്ഷനായതെന്ന്​ ഒരു വാദമുണ്ട്​. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിൽ സഭാവിഷയവും വികസനപ്രശ്​നങ്ങളും അരികുവത്കരിക്കപ്പെ​ട്ടേക്കാം.

കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റും വി.ഡി. സതീശൻ പ്രതിപക്ഷ നേതാവുമായി ചുമതലയേറ്റശേഷം, അതായത്​ പാർട്ടിയിലെ തലമുറമാറ്റത്തിനുശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ്​ എന്ന നിലയിൽ തൃക്കാക്കര, കോൺഗ്രസ്​ നേതൃത്വത്തിനും ഒരു ടെസ്​റ്റ്​ ഡോസാണ്. അതുകൊണ്ടുതന്നെ, യു.ഡി.എഫിനെപ്പോലെ കോൺഗ്രസിനും ഈ ജയം അനിവാര്യമാണ്.

കെ. സുധാകരൻ വി.ഡി. സതീശൻ എന്നിവരോടൊപ്പം കോൺഗ്രസ് നേതാക്കൾ

ഒരാൾ മരിച്ചതിന്റെ പേരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ മത്സരിക്കുന്ന ഭാര്യയോ അല്ലങ്കിൽ മക്കളോ ജയിച്ച ചരിത്രമാണ് കേരളത്തിലുള്ളത്. പി.ടി. മരിച്ചിട്ട് അഞ്ചുമാസം മാത്രം പിന്നിടുമ്പോൾ നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ഈയൊരു ഫാക്​ടർ പരിഗണിച്ചാൽ ഉമയ്ക്കാണ് സാധ്യതകളേറെ. എന്നാൽ, സാഹചര്യവശാൽ തോൽക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താൽ സർക്കാരിനെതിരെ തങ്ങളുന്നയിക്കുന്ന ആരോപണങ്ങളൊന്നും ജനങ്ങളിലേക്കെത്തുന്നില്ലെന്ന അവസ്ഥ കോൺഗ്രസിലുണ്ടാകും. കെ റെയിൽ വരെയുള്ള പ്രശ്നങ്ങളിൽ സർക്കാരിനെ നിരന്തരം ആക്രമിക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ ആയുധങ്ങളെല്ലാം അതോടെ നിർവീര്യമാകും. മാത്രമല്ല, തുടർഭരണം നേടിയ സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നത് കേരളത്തിലെ കോൺഗ്രസിന്റെ പ്രസക്തിയെ തന്നെ ബാധിച്ചേക്കാം. അത് യു.ഡി.എഫിലെ ഘടകകക്ഷികൾക്ക് മേൽക്കൈ നേടിക്കൊടുക്കാനാകും സഹായിക്കുക.

തൃക്കാക്കരയിലെ കോൺഗ്രസ്​ ക്യാമ്പും അത്ര സുഖകരമായല്ല മുന്നോട്ടുപോകുന്നത്​. ഉമ ബി.ജെ.പി. ഓഫീസിലെത്തിയത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ അമർഷത്തിന് കാരണമായിട്ടുണ്ട്. മറ്റൊന്നാണ്​, പി.ടി. തോമസ് മുന്നോട്ടുവച്ച രാഷ്ട്രീയത്തിൽനിന്ന് തൃക്കാക്കരയിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്തുമ്പോൾ കോൺഗ്രസ് നടത്തുന്ന വ്യതിയാനം. പി.ടി തോമസ് എല്ലാക്കാലത്തും സഭാരാഷ്ട്രീയത്തിനെതിരായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റിയെ പിന്തുണച്ചതിന് ഇടുക്കിയിൽ ക്രിസ്ത്യൻ പുരോഹിതന്മാർ അദ്ദേഹത്തിന്റെ ശവഘോഷയാത്ര നടത്തിയതെല്ലാം കഴിഞ്ഞ ഡിസംബറിൽ പി.ടി. തോമസ് മരിച്ചപ്പോൾ മാധ്യമങ്ങൾ ഓർമപ്പെടുത്തിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഭയുടെ പുറകേ ഓടുന്നത്​,​ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിലെ സ്വഭാവിക പരിഹാസ്യതയായി വോട്ടർമാർ തള്ളിക്കളയുമോ?.

കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നുവെന്നും അദ്ദേഹം നൽകിയ ഉറപ്പിൽ സന്തോഷമുണ്ടെന്നും സർക്കാറിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്ന്​ പ്രതീക്ഷയുണ്ടെന്നും അതിജീവിത പറഞ്ഞതോടെ, പ്രതിപക്ഷത്തിന്റെ മുതലെടുപ്പ്​ സാഹചര്യം അടഞ്ഞുപോയ മട്ടാണ്​.

കേരളത്തിലെ കുറച്ച് നിയമസഭാ മണ്ഡലങ്ങളെ ഒഴിവാക്കിയാൽ ഏതാണ്ടെല്ലാം പ്രവചനാതീതമാണ്. സി.പി.എമ്മിനോ കോൺഗ്രസിനോ ഉറച്ച കോട്ടകളെന്ന് വിശേഷിപ്പിക്കാവുന്നത് വളരെ കുറച്ച് മണ്ഡലങ്ങൾ മാത്രമാണ്. വോട്ടിങ്​ പാറ്റേണിനുപുറകിൽ പലതരം ഘടകങ്ങൾ പ്രവർത്തിക്കുന്ന മണ്ഡലം കൂടിയാണ്​ തൃക്കാക്കര. സംസ്​ഥാനത്ത്​, സമ്പന്നവർഗ വോട്ടർമാർക്ക് മേൽക്കൈയുള്ള മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. ഈ വർഗത്തിന്​ ഏതെങ്കിലും പാർട്ടിയോട്, ആശയപരമായ ആഭിമുഖ്യമുണ്ടാകാനുള്ള സാധ്യത തീരെക്കുറവാണ്. അന്നന്നത്തെ കാര്യങ്ങളെ വിലയിരുത്തി രാഷ്ട്രീയത്തെ സമീപിക്കുന്നവരാണ് ഇവിടുത്തെ ഉപരിവർഗം. എന്നാൽ, ഇവിടെ മൂന്നുതവണ ജയിച്ചുവെന്നതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ മുഖ്യഘടകം. അതേസമയം, മണ്ഡലം രൂപീകരിച്ചിട്ട് മൂന്ന് തെരഞ്ഞെടുപ്പുകളേ നടന്നിട്ടുള്ളൂവെന്ന് ഓർക്കണം. അതിൽ ആദ്യത്തേത് എൽ.ഡി.എഫ്. വിരുദ്ധ വികാരം നിലനിന്ന 2011-ലെ തെരഞ്ഞെടുപ്പാണ്. പിന്നീട്​ രണ്ടും പി.ടി. എന്ന നിലപാടുകളുള്ള രാഷ്ട്രീയക്കാരന്റെ വിജയവും. അതായത് കോൺഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന് തൃക്കാക്കരയെ വിശേഷിപ്പിക്കാനുള്ള സമയം ഇനിയുമായിട്ടില്ല. പി.ടി.ക്കുപകരം മറ്റൊരു സ്ഥാനാർഥി മത്സരിച്ചാൽ എന്താകും ഫലമെന്ന ആശങ്ക അന്ന്​ കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നുവെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിലെ ഒരു പ്രമുഖൻ പറയുന്നത്.
താനും മക്കളും രാഷ്ട്രീയത്തിലേക്കില്ലെന്നാണ് ഉമ തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഒടുവിൽ അവർ തന്നെ സ്ഥാനാർഥിയാകുകയും ചെയ്തു. മുൻ കൊച്ചി മേയർ ടോണി ചെമ്മണിയെ പോലുള്ളവരുടെ പേരുകൾ ഉയർന്നെങ്കിലും കോൺഗ്രസ് നേതൃത്വം നിർബന്ധിച്ച് ഉമയെ മത്സരിപ്പിച്ചത് പരാജയഭീതിയിലാണെന്നും പാർട്ടി ജില്ലാ നേതൃത്വത്തിലുള്ള പലരും പറയുന്നുണ്ട്​.

തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ചും ഉപതെരഞ്ഞെടുപ്പുകളിൽ, വോട്ടെടുപ്പിന്​ തൊട്ടുമുമ്പത്തെ ദിവസങ്ങളിലും ചിലപ്പോൾ ആ ദിവസത്തെയും സംഭവവികാസങ്ങൾ, വോട്ടർമാരെ സ്വാധീനിക്കാറുണ്ട്​.
2012 ജൂൺ രണ്ടിന്​, ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിന്റെ 29-ാം ദിവസമായിരുന്നു നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പും. അന്ന്​ വി.എസ്​. അച്യുതാനന്ദൻ ഒഞ്ചിയത്ത്​ ടി.പി.യുടെ വീട്ടിലെത്തി കെ.കെ. രമയെ ആശ്വസിപ്പിക്കുന്ന ആ ദൃശ്യത്തിന്​, കൂറുമാറ്റം നടത്തി കോൺഗ്രസിലെത്തിയ ആർ. ശെൽവരാജിനെ വിജയിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന്​ പറയാം.

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടശേഷം ഒഞ്ചിയത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വി.എസ്. അച്യുതാനന്ദൻ, കെ.കെ. രമയെ ആശ്വസിപ്പിക്കുന്നു

ദിലീപ്​ കേസിൽ, നീതി ലഭിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത് തൃക്കാക്കരയുടെ വോട്ടിങ്ങിനെ എങ്ങനെ ബാധിക്കുമെന്ന ചർച്ച നടക്കുന്നുണ്ട്​. പ്രത്യേകിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവരുടെ നീതിക്കുവേണ്ടിയും ആദ്യം ഇടപെടൽ നടത്തിയ വ്യക്തിയാണ് പി.ടി. തോമസ് എന്നിരിക്കെ.
കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാൻ നേരിട്ടും അല്ലാതെയും ദിലീപ് നിയമവിരുദ്ധമായി ഇടപെട്ടുവെന്നും ഭരണമുന്നണിയിലെ ചില രാഷ്ട്രീയനേതാക്കൾ വഴിയായിരുന്നു ദിലീപിന്റെ ഇടപെടലെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു. ‘പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് പ്രൊസിക്യൂഷനും അന്വേഷണ സംഘത്തിനും രാഷ്ട്രീയ ഉന്നതരിൽ നിന്ന് ഭീഷണിയുണ്ട്, പൂർത്തിയാക്കാത്ത അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്, ഇത് ഭരണമുന്നണിയും പ്രതിയും തമ്മിലുള്ള അവിശുദ്ധബന്ധം വ്യക്തമാക്കുന്നു’ തുടങ്ങിയ ആ​രോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്​. ഈ ആരോപണത്തെ സർക്കാറിനെതിരായി തിരിച്ചുവിടുന്ന കാമ്പയിനാണ്​ യു.ഡി.എഫ്. ഏറ്റെടുത്തിരിക്കുന്നത്​.
എന്നാൽ, ഈ പ്രചാരണത്തെ പ്രതിരോധിക്കാൻ സർക്കാർ തന്നെ സമർഥമായ ഒരു നീക്കം നടത്തി. അതിജീവിതയുമായി മുഖ്യമന്ത്രി ​കൂടിക്കാഴ്​ച നടത്തി. കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നുവെന്നും അദ്ദേഹം നൽകിയ ഉറപ്പിൽ സന്തോഷമുണ്ടെന്നും സർക്കാറിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്ന്​ പ്രതീക്ഷയുണ്ടെന്നും, കൂടിക്കാഴ്​ചയ്ക്കുശേഷം അവർ പറയുകയും ചെയ്​തതോടെ, പ്രതിപക്ഷത്തിന്റെ മുതലെടുപ്പ്​ സാഹചര്യം അടഞ്ഞുപോയ മട്ടാണ്​.

എങ്കിലും, ദിലീപ്​ കേസ്​ അവസാനവട്ട പ്രചാരണത്തിലെ മുഖ്യ വിഷയമായി മാറിയിട്ടുണ്ട്​. സോഷ്യൽ മീഡിയയിൽ അതിജീവിതയ്ക്ക്​ നീതി ആവശ്യപ്പെട്ടുള്ള പോസ്റ്റുകൾ നിറഞ്ഞിരിക്കുകയാണ്. നടിയുടെ കേസിൽ ആദ്യം ഇടപെട്ട പി.ടി. തോമസിന്റെ മണ്ഡലം ഈ വിഷയത്തിൽ കൂടിയുള്ള വിധിയെഴുത്താകും നടത്തുക എന്ന കാമ്പയിൻ തകൃതിയാണ്​.

ഇതാണ്​ ‘റിയൽ ഇഷ്യൂ’സ്​

വികസനമായിരിക്കും,​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കരയിലെ പ്രധാന ഇഷ്യൂ ആകുക എന്നായിരുന്നു ഇരുമുന്നണികളും നൽകിയ പ്രതീതി. സംസ്ഥാനമൊട്ടാകെ കെ റെയിലിനെ മു​ൻനിർത്തി വികസനത്തിന്റെ രാഷ്​ട്രീയം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയുള്ള ഒരു ജനവിധിയെന്ന നിലയ്​ക്ക്​, ഈ വിഷയം പ്രധാനപ്പെട്ടതുമാണ്​, ഒരു ഉപതെര​ഞ്ഞെടുപ്പിലാണെങ്കിൽ പോലും. എന്നാൽ, എൽ.ഡി.എഫ്​. തങ്ങളുടെ ഏറ്റവും പ്രധാന വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കെ റെയിൽ തന്ത്രപൂർവം ഒരു ചൂടൻ വിഷയമാക്കി മാറ്റുന്നതിൽനിന്ന്​ പി​ൻവാങ്ങുകയും യു.ഡി.എഫിന്​ ഉന്നയിക്കാൻ ഒരു വികസനപ്രശ്​നവും ഇല്ലാതിരിക്കുകയും ചെയ്​ത സ്ഥിതിക്ക്​, മണ്ഡലത്തിലെ യഥാർഥ ജനകീയപ്രശ്​നങ്ങൾ തമസ്​കരിക്കപ്പെട്ടു.

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം കുടിവെള്ളമാണ്. 1987-ൽ വിശ്വനാഥ മേനോൻ എം.എൽ.എ. ആയിരുന്ന കാലത്ത് നിർമിച്ച ടാങ്ക് അല്ലാതെ പുതിയൊരു പദ്ധതിയും തൃക്കാക്കരയിലേക്ക് വന്നിട്ടില്ല.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി അടിസ്​ഥാന പ്രശ്നങ്ങൾ ഇരുമുന്നണികളെയും തുറിച്ചുനോക്കുന്നുണ്ട്​. പ്രത്യേകിച്ച്, കോൺഗ്രസിനെ. തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഭാഗമായിരുന്ന 1991 മുതൽ കോൺഗ്രസ് എം.എൽ.എ.മാരാണ് തൃക്കാക്കര ഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം കുടിവെള്ളമാണ്. 1987-ൽ വിശ്വനാഥ മേനോൻ എം.എൽ.എ. ആയിരുന്ന കാലത്ത് നിർമിച്ച ടാങ്ക് അല്ലാതെ പുതിയൊരു പദ്ധതിയും തൃക്കാക്കരയിലേക്ക് വന്നിട്ടില്ല. അന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഭാഗമായിരുന്നു തൃക്കാക്കര. 1991-ലെ തെരഞ്ഞെടുപ്പിൽ കെ. ബാബു എം.എൽ.എ.യായതിനുശേഷം ഇതുവരെ കോൺഗ്രസ് എം.എൽ.എ.മാരാണ് തൃക്കാക്കരയുടെ പ്രതിനിധികൾ. അതിനുശേഷം പലതവണ യു.ഡി.എഫ്. സർക്കാർ സംസ്​ഥാനം ഭരിച്ചിട്ടുണ്ട്. എന്നിട്ടുപോലും, കുടിവെള്ളപ്രശ്നം പരിഹരിക്കാനായിട്ടില്ല. ആ ടാങ്ക് സ്ഥാപിച്ചതിനേക്കാൾ മൂന്നിരട്ടിയും നാലിരട്ടിയും ജനസംഖ്യ വർധിച്ചിട്ടുണ്ട്. കമ്പിവേലിക്കകം, തുതിയൂർ, നിലമ്പതിഞ്ഞിമുഗൾ, ചിറ്റേത്തുകര എന്നിവിടങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്​. മണ്ഡലത്തിലെ പല ഭാഗങ്ങളിലും ആഴ്ചയിൽ രണ്ടും മൂന്നും ദിവസം മാത്രമാണ് വെള്ളം വരുന്നത്. അതിനാൽ, കുടിവെള്ളമാണ് തൃക്കാക്കരയിലെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് പ്രദേശവാസിയായ മുനീർ കെ.എം. പറയുന്നു. കെ റെയിൽ പദ്ധതികൊണ്ട് ഏറ്റവും ഗുണം കിട്ടുന്നവരാണ്​ തൃക്കാക്കരയിലുള്ളവർ എന്നാണ്​ മുനീർ പറയുന്നത്​. മണ്ഡലത്തിലുള്ളവർ​ പൊതുവേ വലിയതോതിൽ യാത്ര ആവശ്യമുള്ളവരാണ്. അവരെ സംബന്ധിച്ച് സിൽവർലൈൻ പോലുള്ള പദ്ധതികൾ സൗകര്യപ്രദമാണ്​. കേവലം യാത്രയ്ക്കപ്പുറത്ത് എറണാകുളം പോലുള്ള വ്യവസായ ജില്ലയിലെ മൂലധനം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും എത്തിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊന്ന്, ഗതാഗതപ്രശ്നമാണ്. എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ മണ്ഡലത്തിലാകമാനം വലിയ ട്രാഫിക് ബ്ലോക്കാണ് രാവിലെയും വൈകീട്ടും അനുഭവപ്പെടുന്നത്. പത്ത് കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ ഒരു മണിക്കൂറിലധികം യാത്രചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് മണ്ഡലത്തിലെ സുഭാഷ് പി.കെ. ചൂണ്ടിക്കാട്ടുന്നു.

എം.എൽ.എ. എന്ന നിലയിൽ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും പി.ടി. തോമസിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നാണ് തങ്കച്ചൻ കെ. ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മുൻസിപ്പൽ സമിതി തേങ്ങോട് കുടിവെള്ള പദ്ധതി കൊണ്ടുവന്നിരുന്നു. പനങ്ങാട്ടുചാൽ എന്ന ജലസ്രോതസ്സിൽ നിന്ന്​ വെള്ളം ടാങ്കുകളിൽ ശേഖരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയായിരുന്നു ഇത്. കോൺഗ്രസിനുകീഴിൽ പുതിയ മുൻസിപ്പൽ സമിതി വന്നപ്പോൾ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

പി.ടി. തോമസ്

മാലിന്യപ്രശ്നമാണ്​ സ്മിത ചന്ദ്രന്​ പറയാനുള്ളത്​. നിലവിൽ മാലിന്യം ശേഖരിച്ച് തൃക്കാക്കര മുൻസിപ്പാലിറ്റിക്കുസമീപം നിക്ഷേപിക്കുകയായിരുന്നു. കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ പ്ലാൻറ്​ കടന്നുപോകുന്നത് തൃക്കാക്കരയിലൂടെയാണ്. ഈ പ്ലാന്റിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നത് തൃക്കാക്കരക്കാരാണ്. അതേസമയം, തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മാലിന്യം ഇവിടെ സംസ്‌കരിക്കാനുമാകുന്നില്ല.

കക്ഷിരാഷ്​ട്രീയ വിവാദങ്ങൾക്കിടയിൽ ഇത്തരം അടിസ്​ഥാന ജനകീയ പ്രശ്​നങ്ങൾ തൃക്കാക്കരയുടെ പ്രധാന അജണ്ടയാകുന്നില്ല, അല്ലെങ്കിൽ, ഇവ സമർഥമായി മറച്ചുപിടിക്കപ്പെടുന്നു. അതിനുപകരം, വികസനം എന്ന വാക്ക്​ ഒരു വ്യാജവിശേഷണപദമായി പയറ്റപ്പെടുകയും ചെയ്യുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments