ഒരു വികാരമല്ല, സ്വന്തം വീടുതന്നെയായിരുന്നു ഈ കുടുംബത്തിന് തൃശൂർ. എന്നുപറഞ്ഞിട്ട് കാര്യമില്ല, ഏതു കുടുംബത്തിലുമുണ്ടാകുമല്ലോ ചില കുലംകുത്തികൾ. അവർ നന്നായി കുത്തി, പിന്നിൽനിന്നല്ല, മുന്നിൽനിന്നും. ആദ്യം അച്ഛനെ, പിന്നെ മകനെ, കഴിഞ്ഞവർഷമിതാ മകളെയും. സാക്ഷാൽ കെ. കരുണാകരന്റെയും കുടുംബത്തിന്റെയും കാര്യമാണ് പറഞ്ഞുവരുന്നത്.
"ലീഡറു'ടെ തട്ടകം എന്നൊക്കെയായിരുന്നു കേൾവി. കണ്ണുംപൂട്ടി ജയിച്ചുപോകാം എന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു 1996 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്. എതിർ സ്ഥാനാർഥി സി.പി.ഐയിലെ സാത്വികനായ വി.വി. രാഘവൻ. രാജ്യം കണ്ട ഏറ്റവും വലിയ അട്ടിമറിയായിരുന്നു തൃശൂർ ഒരുക്കിവച്ചിരുന്നത്, ശരിക്കും ഒരു അമിട്ടുതോൽവി. വി.വി. രാഘവൻ 1480 വോട്ടിന് ജയിച്ചു. കരുണാകരന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന്. പാർട്ടിയിൽ സ്വന്തം അനുയായിവൃന്ദങ്ങളെയും അനുചരന്മാരെയും തീറ്റിപ്പോറ്റി വളർത്തിയിരുന്ന "ലീഡർ' ആകെ പരവശനായി നടത്തിയ വിശകലനം ഇതായിരുന്നു: "എന്നെ പിന്നിൽനിന്നും മുന്നിൽനിന്നും കുത്തി'. 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മകൻ കെ. മുരളീധരനായിരുന്നു തൃശൂരിൽ സ്ഥാനാർഥി, എതിരാളി അച്ഛനെ വീഴ്ത്തിയ രാഘവൻ തന്നെ. അച്ഛന് കൊടുത്തതിനേക്കാൾ വലിയ ഭൂരിപക്ഷത്തിന് മകനെയും രാഘവൻ തോൽപ്പിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മ വേണുഗോപാലായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 1982 മുതൽ 2011 വരെ തേറമ്പിൽ രാമകൃഷ്ണൻ ഈസിയായി ജയിച്ചുവന്ന മണ്ഡലമാണ്, തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു പത്മജ. എന്നാൽ, വി.എസ്. സുനിൽകുമാറിനോട് 6987 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോറ്റു. കാൽനൂറ്റാണ്ടിലേറെ നീണ്ട യു.ഡി.എഫ് കുത്തകയാണ് തകർന്നുതരിപ്പണമാകുന്നത് പത്മജ വേദനയോടെ നോക്കിനിന്നു. മുമ്പ്, അച്ഛനെ കുത്തിയ പാർട്ടിയിലെ ശക്തികൾ ഇപ്പോഴും തേക്കിൻകാടിനുചുറ്റും ചുറ്റിത്തിരിയുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി: പ്രവർത്തകർക്ക് ചില തെറ്റിധാരണകളുണ്ടായിരുന്നതുകൊണ്ടാണ് തോറ്റതെന്ന് അവർ പറയുന്നു. തന്റെ വസ്ത്രത്തിലും നിറത്തിലും വരെ വോട്ടർമാർ തെറ്റിധരിച്ചു. പിന്നിൽനിന്ന് പാലം വലിച്ചവർ തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. ആരോടും പരാതിയില്ല.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കാലുവാരലുകളുടെയും ഗ്രൂപ്പുപോരിന്റെയും മാലിന്യക്കുഴികൾ തൃശൂരിൽ പൊട്ടിയൊഴുകി. എങ്കിലും, പത്മജ ആത്മവിശ്വാസത്തോടെ തൃശൂരിൽ തുടർന്നു. പാർട്ടി അണികളേക്കാൾ നാട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടായിരുന്നു അവരുടെ നിശ്ശബ്ദ പ്രചാരണം. ആ ആത്മവിശ്വാസത്തിൽ, ഏറെ മുമ്പുതന്നെ അവർ പ്രഖ്യാപിച്ചു; മത്സരിക്കുന്നുവെങ്കിൽ അത് തൃശൂരുനിന്നുതന്നെയാകും, തന്റെ കുടുംബത്തെ തോൽപ്പിച്ചവരോടുള്ള ഒരു ശപഥം പോലെ. ഇതുവരെ പാർട്ടിയിൽ അവരുടെ സ്ഥാനാർഥിത്വത്തിനെതിരെ വലിയ മുറുമുറുപ്പുണ്ടായിട്ടില്ല, അല്ലെങ്കിൽ അത് പുറത്തുവന്നിട്ടില്ല (പോളിങ് ദിവസത്തിലേക്ക് കരുതിവച്ചതാണോ?). അതുകൊണ്ട്, പത്മജ ഇത്തവണയും തൃശൂരിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
മന്ത്രി വി.എസ്. സുനിൽകുമാറോ? അക്കാര്യത്തിൽ സി.പി.ഐ തീരുമാനമെടുത്തിട്ടില്ലെന്നുമാത്രമല്ല, വലിയ ആശയക്കുഴപ്പവുമുണ്ട്. മണ്ഡലത്തിൽ ജനകീയ പ്രതിച്ഛായയുള്ള ആളാണ് സുനിൽകുമാർ. മന്ത്രിയായപ്പോൾ കൊണ്ടുവന്ന ജനപ്രിയ കാർഷിക പദ്ധതികൾ, സാധാരണക്കാരെ ആകർഷിക്കുന്നതുമാണ്. മന്ത്രിയാണെങ്കിലും മണ്ഡലത്തിൽ സജീവസാന്നിധ്യമായിരുന്നു. തുടർച്ചയായി മൂന്നുതവണ മത്സരിച്ച് ജയിക്കുന്ന അദ്ദേഹം കഴിഞ്ഞ തവണയും ഇളവിന്റെ ആനുകൂല്യത്തിലാണ് മത്സരിച്ചത്. മാത്രമല്ല, "ഒരാൾ 15 വർഷം എം.എൽ.എയായാൽ മതി, യുവാക്കൾ വരട്ടെ' എന്നൊരു "വിടവാങ്ങൽ' പ്രഖ്യാപനവും നടത്തി. അങ്ങനെയാണെങ്കിൽ, ആനി രാജ, സാറാമ്മ റോബ്‌സൺ, സംസ്ഥാന കൗൺസിൽ അംഗം പി. ബാലചന്ദ്രൻ, ജില്ല സെക്രട്ടറി കെ. വത്സരാജ് എന്നിവരുടെ പേരുകളാണ് പാർട്ടിയുടെ മുന്നിൽ. എങ്കിലും, സുനിൽകുമാറിനുതന്നെ നറുക്കുവീഴുമെന്നാണ് ഒടുവിലത്തെ സൂചനകൾ.
ഇത്തവണ, ഏവരും ഉറ്റുനോക്കുന്നത് ബി.ജെ.പിയുടെ തന്ത്രങ്ങളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപിക്ക് ലഭിച്ച രണ്ടുലക്ഷത്തിലേറെ വോട്ടുകളുടെ വർധനയിലാണ് പാർട്ടിയുടെ കണ്ണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തുവന്ന നിയമസഭാ മണ്ഡലമായതുകൊണ്ട് എ പ്ലസ് കാറ്റഗറിയാണ് തൃശൂരിന്. എന്നാൽ, അകത്തുപുകയുന്ന ഭിന്നത, ഒരു സ്ഥാനാർഥിയെക്കുറിച്ച് സൂചന നൽകാനാകാതെ പാർട്ടിയെ വലക്കുകയാണ്. കഴിഞ്ഞ തവണ 24,748 വോട്ട് നേടിയ ബി. ഗോപാലകൃഷ്ണന്റെ പേര് കാര്യമായി രംഗത്തില്ല. മേയർ കുപ്പായവുമിട്ട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റിൽ മത്സരിച്ച് ദയനീയമായി തോറ്റ ഗോപാലകൃഷ്ണൻ വീണ്ടും വരുന്നതിനോട് പാർട്ടിയിൽ തന്നെ ആർക്കും താൽപര്യമില്ല. പകരം, വിജയം ഉറപ്പാക്കുന്ന സ്ഥാനാർഥിക്കുവേണ്ടിയാണ് പ്രാദേശിക നേതൃത്വങ്ങളുടെ മുറവിളി. സുരേഷ്‌ഗോപിയെ കൊണ്ടുവന്ന് കഴിഞ്ഞതവണത്തേതുപോലെ മത്സരം കടുപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അതിനിടെ, ബി. ഗോപാലകൃഷ്ണൻ ഒരു ത്യാഗപ്രസ്താവന നടത്തി: കഴിഞ്ഞ തവണ താൻ മത്സരിച്ച തൃശൂർ ഇ. ശ്രീധരന് വിട്ടുകൊടുക്കാം. ഏതായാലും തീരുമാനം ഉടനെയുണ്ടായേക്കും.
കഴിഞ്ഞ നിയമസഭ, ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന നിർണായകമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് കോൺഗ്രസിന് നൽകിയ പ്രതീക്ഷകളെയും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളെയും പൊളിച്ചുകാട്ടുന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പുഫലം. കേവല ഭൂരിപക്ഷമില്ലെങ്കിലും കോൺഗ്രസ് വിമതനെ മേയറാക്കി എൽ.ഡി.എഫിന് കോർപറേഷൻ ഭരണം പിടിച്ചു. വിമതൻ എം.കെ. വർഗീസിനെ മുൻനിർത്തി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും യു.ഡി.എഫ് തന്ത്രം ഫലിച്ചില്ല.
കോർപറേഷനിൽ ആറു ഡിവിഷനുകളിൽ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. മേയറാവാനിരുന്ന ബി. ഗോപാലകൃഷ്ണന്റെ തോൽവി പാർട്ടിയെ ഞെട്ടിച്ചുകളഞ്ഞു. തിരുവനന്തപുരം കോർപറേഷൻ മാതൃകയിൽ തൃശൂരിലും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി വ്യക്തമായ പ്ലാനിങ്ങിലായിരുന്നു ബി.ജെ.പി. ഒടുവിൽ, വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി ഗോപാലകൃഷ്ണൻ എത്തി. തനിക്കെതിരെ സി.പി.എം വോട്ട് കോൺഗ്രസിന് മറിച്ചതിന്റെ തെളിവുണ്ടെന്നും താൻ മത്സരിച്ച ഡിവിഷനിൽ 283 വോട്ട് സി.പി.എം കോൺഗ്രസിന് നൽകുകയും ഇതിനുപകരം മൂന്നാം ഡിവിഷനിൽ 150 വോട്ട് കോൺഗ്രസ് സി.പി.എമ്മിനുനൽകിയെന്നും അദ്ദേഹം ആരോപിക്കുന്നു.
മണ്ഡലത്തിലെ ക്രിസ്ത്യൻ സാമുദായിക വോട്ടുകളിലാണ് ഇത്തവണ ബി.ജെ.പിയുടെ പ്രതീക്ഷ. ക്രൈസ്തവ വിഭാഗത്തെ പരമ്പരാഗത വോട്ടുബാങ്കായി കാണേണ്ടതില്ലെന്നും ഇരുമുന്നണികളും ക്രൈസ്തവരെ അവഗണിക്കുകയുമാണ് എന്നും തൃശൂർ അതിരൂപത മുഖപത്രം വ്യക്തമാക്കിയത്, ബി.ജെ.പിക്കുവേണ്ടിയുള്ള പരോക്ഷ വോട്ടഭ്യർഥനയായി എടുക്കാം.
കോൺഗ്രസിന് വേരോട്ടമുണ്ടെങ്കിലും, കോൺഗ്രസുകാരുടെ തന്നെ ശ്രമഫലമായി ഇടതുപക്ഷത്തിന് ലഭിച്ച മണ്ഡലം കൂടിയാണിത്.
1957ൽ ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ജയിച്ച എ.ആർ.മേനോൻ ഇ.എം.എസ് മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി. 1960ൽ കോൺഗ്രസിലെ ടി.എ. ധർമജ അയ്യരാണ് ജയിച്ചത്. 1980 വരെ കോൺഗ്രസും സി.പി.എമ്മും മാറിമാറി ജയിച്ചുകൊണ്ടിരുന്നു. 1982 മുതൽ തേറമ്പിൽ രാമകൃഷ്ണനായി തൃശൂരിന്റെ എം.എൽ.എ- 2011 വരെ ഏഴു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി അദ്ദേഹത്തിനായിരുന്നു ജയം. 2016ൽ വി.എസ്. സുനിൽകുമാറാണ് തൃശൂരിനെ എൽ.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്.