അങ്ങനെയങ്ങ് തോറ്റുകൊടുക്കാത്ത തൃശൂർ

1952 മുതൽ 2019 വരെയുളള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പത്തു തവണയും തൃശൂരിൽ ജയിച്ചത് സി.പി.ഐയാണ്. ഏഴു തവണ കോൺഗ്രസും.

Election Desk

കോൺഗ്രസിലെ കെ. മുരളീധരൻ, സി.പി.ഐയിലെ വി.എസ്. സുനിൽകുമാർ, ബി.ജെ.പിയിലെ സുരേഷ് ഗോപി- തൃശൂരിനെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമാക്കുന്നത് ഈ സ്ഥാനാർഥികൾ മാത്രമല്ല, അതിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കെ. കരുണാകരനെയും കെ. മുരളീധരനെയും പദ്മജയെയും തോൽപ്പിച്ച മണ്ഡലം എന്ന 'ഖ്യാതി'യുള്ള തൃശൂരിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം അത്യന്തം ആന്റി ക്ലൈമാക്‌സുകൾ നിറഞ്ഞതാണ്. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സിറ്റിങ് എം.പിമാരെയോ സിറ്റിങ് പാർട്ടികളെയോ തോൽപ്പിച്ച ചരിത്രമാണ് തൃശൂരിനുള്ളത്.

1996 മുതൽ 2019 വരെയുള്ള ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നു തവണ സി.പി.ഐയും (1996, 2004, 2014) മൂന്നു തവണ കോൺഗ്രസും (2004, 2009, 2019) ജയിച്ചു. ഇതിൽ സി.പി.ഐയുടെ വി.വി. രാഘവൻ 1996-ൽ കെ. കരുണാകരനെതിരെ 1480 വോട്ടിന്റെ ഭൂരിപക്ഷത്തിന് നേടിയ അട്ടിമറി ജയമാണ് ഏറ്റവും പ്രധാനം.

വി.വി. രാഘവൻ , കെ. കരുണാകരൻ
വി.വി. രാഘവൻ , കെ. കരുണാകരൻ

തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ എ.സി. ജോസ് (കോൺഗ്രസ്- ഭൂരിപക്ഷം 11,632), സി.കെ. ചന്ദ്രപ്പൻ (സി.പി.ഐ- ഭൂരിപക്ഷം 45,961), പി.സി. ചാക്കോ (കോൺഗ്രസ്, ഭൂരിപക്ഷം- 25,151), സി.എൻ. ജയദേവൻ (സി.പി.ഐ, ഭൂരിപക്ഷം- 38,227), ടി.എൻ. പ്രതാപൻ (കോൺഗ്രസ്, ഭൂരിപക്ഷം- 93,633) എന്നിവരാണ് ജയിച്ചത്. ഇതിൽ ടി.എൻ. പ്രതാപന്റേതായിരുന്നു ഏറ്റവും കൂടിയ ഭൂരിപക്ഷം. സി.പി.ഐയിലെ രാജാജി മാത്യു തോമസിനെതിരെ 93,633 വോട്ടിന്റെ ഭൂരിപക്ഷം.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിടത്തും എൽ.ഡി.എഫാണ് ജയിച്ചത്. നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ അതേ ജനവിധി ആവർത്തിക്കാറില്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2015-ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂർ ജില്ലയിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. എന്നാൽ, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ടി.എൻ. പ്രതാപനായിരുന്നു ഭൂരിപക്ഷം. എൻ.ഡി.എയാകട്ടെ, തൃശൂർ ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും മൂന്നാം സ്ഥാനത്തായി.

1952 മുതൽ 2019 വരെയുളള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പത്തു തവണ ജയിച്ചത് സി.പി.ഐയാണ്. ഏഴു തവണ കോൺഗ്രസും.

Photo: Wikipedia
Photo: Wikipedia

കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെയും കണക്കെടുത്താൽ, ബി.ജെ.പി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് കഴിഞ്ഞതവണ സുരേഷ് ഗോപിയിലൂടെയാണ്. 2,93,822 വോട്ടും 28.19 ശതമാനം വോട്ടുവിഹിതവും ബി.ജെ.പി നേടി. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 17 ശതമാനം കൂടുതൽ വോട്ടുശതമാനം. ഇത്തവണ, കേരളത്തിൽ ബി.ജെ.പി ലക്ഷ്യം വക്കുന്ന ഏറ്റവും പ്രധാന മണ്ഡലം എന്ന നിലയ്ക്ക് തൃശൂരിൽ ത്രികോണമത്സരപ്രതീതിയുണ്ടാക്കാനും പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളാണ് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലുള്ളത്.
ആകെ വോട്ടർമാർ 13,54,527.
സ്ത്രീകൾ 7,47,431.
പുരുഷന്മാർ 6,07,065.
ട്രാൻസ്‌ജെന്റേഴ്സ് 31.

1952-ലാണ് തൃശൂർ തെരഞ്ഞെടുപ്പു രഷ്ട്രീയത്തിലേക്ക് വരുന്നത്. കോൺഗ്രസിലെ ഇയ്യുണ്ണി ചാലക്കയായിരുന്നു ആദ്യ എം.പി. പിന്നീട് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയായിരുന്നു കമ്യൂണിസ്റ്റ് പിന്തുണയുള്ള എതിർ സ്ഥാനാർഥി. 13,938 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുണ്ടശ്ശേരിയെ ഇയ്യുണ്ണി തോൽപ്പിച്ചത്. മുണ്ടശ്ശേരിയുടെ ആദ്യ തെരഞ്ഞെടുപ്പുപോരാട്ടം കൂടിയായിരുന്നു ഇത്.

കേരളപ്പിറവിക്കുശേഷം 1957-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പും. സി.പി.ഐ നേതാവ് കെ.കെ. വാര്യർക്കായിരുന്നു ജയം.

തുടർന്ന്, 1957 മുതൽ 1980 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ സി.പി.ഐക്കായിരുന്നു ജയം. ഇന്ദിരാഗാന്ധിയുടെ വധത്തെതുടർന്നുണ്ടായ സഹതാപതരംഗത്തിൽ, 1984-ൽ പി.എ. ആന്റണിയിലൂടെ കോൺഗ്രസ് തൃശൂർ തിരിച്ചുപിടിച്ചു. 89-ലും പി.എ. ആന്റണി തന്നെ ജയിച്ചു, 1991-ൽ കോൺഗ്രസിലെ പി.സി. ചാക്കോയും.

1971-ലും 1977-ലും സി.പി.എമ്മിനെ തോൽപ്പിച്ച രാഷ്ട്രീയചരിത്രവും സി.പി.ഐക്ക് സ്വന്തമായുണ്ട്. 1971-ൽ പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിനെയാണ് സി.പി.ഐയിലെ സി. ജനാർദ്ദനൻ തോൽപ്പിച്ചത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില:

ആകെ വോട്ടർമാർ: 13,36,399.
പോൾ ചെയ്തത്: 10,40,512.
ടി.എൻ. പ്രതാപൻ (യു.ഡി.എഫ്): 4,15,089.
രാജാജി മാത്യു തോമസ് (എൽ.ഡി.എഫ്): 3.21,456.
സുരേഷ് ഗോപി (എൻ.ഡി.എ): 2,93,822.

നിഖിൽ ചന്ദ്രശേഖരൻ (ബി.എസ്.പി): 2551.
എൻ.ഡി. വേണു (സി.പി.ഐ എം.എൽ. റെഡ് സ്റ്റാർ): 1330.
സുവിത്ത് (സ്വതന്ത്രൻ): 1133.
സോനു (സ്വതന്ത്രൻ): 1130.
കെ.പി. പ്രവീൺ (സ്വതന്ത്രൻ): 1105.

നോട്ട: 4.253.
അസാധു: 253.

ഭൂരിപക്ഷം: ടി.എൻ. പ്രതാപൻ: 93,633.

Comments