1965 മുതൽ ആറുതവണ സി.പി.എമ്മിനെയും അഞ്ചു തവണ കോൺഗ്രസിനെയും ഒരു തവണ യു.ഡി.എഫ് സ്വതന്ത്രനെയും വിജയിപ്പിച്ച മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല. അതായത്, ആരുടെയും കൈയിലില്ലാത്ത, വേണമെങ്കിൽ, ഒന്നാഞ്ഞുപിടിച്ചാൽ ആർക്കും പിടിച്ചെടുക്കാവുന്ന മണ്ഡലം. അതുതന്നെയാണ് ഇവിടെ മൽസരം കടുപ്പിക്കുന്നതും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതും.
2011 ൽ, യുവനേതാവായ ബൽറാമിനെ ഒരു പരീക്ഷണ സ്ഥാനാർഥിയായാണ് കോൺഗ്രസ് ഇറക്കിയത്, നാലുതവണ തുടർന്ന എൽ.ഡി.എഫ് കുത്തകയാണ് ബൽറാം അന്ന് 3438 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറിച്ചത്. തോറ്റത് സി.പി.എമ്മിലെ പി. മമ്മിക്കുട്ടി. 2016ൽ ബൽറാം ഭൂരിപക്ഷം കൂട്ടി; 10,547 വോട്ടിന് സി.പി.എമ്മിലെ സുബൈദ ഇസ്ഹാക്കിനെ തോൽപ്പിച്ചു. ഈ തോൽവി സി.പി.എമ്മിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു.
മൽസരിക്കാൻ പാർട്ടി അവസരം നൽകിയാൽ തൃത്താല മാത്രമേ തെരഞ്ഞെടുക്കൂ എന്ന് പ്രഖ്യാപിച്ച്, ബൽറാം മൂന്നാം തവണയും സ്വന്തം സ്ഥാനാർഥിത്വത്തിന് കർട്ടൻ പൊക്കിക്കഴിഞ്ഞു. കോൺഗ്രസ് പട്ടികയിൽ തൃത്താലക്കുവേണ്ടി മറ്റൊരു സ്ഥാനാർഥിയുടെ പേരും ഇതുവരെയില്ല.
തങ്ങൾക്ക് നഷ്ടമായ മണ്ഡലം, ശക്തനായ ഒരു സ്ഥാനാർഥിയുണ്ടെങ്കിൽ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്. അതുകൊണ്ട് എം.ബി. രാജേഷും എം. സ്വരാജും അടക്കമുള്ള യുവനേതാക്കളുടെ പേരുകൾ തൃത്താലയുടെ അന്തരീക്ഷത്തിൽ പാറിനടന്നിരുന്നു. എന്നാൽ, രാജേഷും സ്വരാജും തൃത്താലയിലേക്ക് വരാനിടയില്ലെന്നാണ് സൂചന. ഇപ്പോൾ ഡി.വൈ.എഫ്.ഐ നേതാവ് രാജേഷ് പട്ടത്തിന്റെ പേരാണ് സജീവമായുള്ളത്.
പകരം, ശക്തനായ മറ്റൊരു യുവനേതാവിനെ തേടുകയാണ് സി.പി.എം. കാരണം, ഇത്തവണ ജയത്തിൽ കുറവായ ഒന്നും തൃത്താലയിൽനിന്ന് പാർട്ടി പ്രതീക്ഷിക്കുന്നില്ല. സി.പി.എമ്മിന്റെ കണ്ണിലെ കരടാണ് ബൽറാം. പാർട്ടിയാകട്ടെ, ബഹിഷ്‌കരണം വരെയുള്ള പരിപാടികളുമായി എം.എൽ.എക്കെതിരെ പരസ്യ വെല്ലുവിളിയിലുമാണ്. ബൽറാമിന്റെ കൈയിൽനിന്ന് ഒരു അട്ടിമറിത്തോൽവി കൂടി ഏറ്റുവാങ്ങാൻ സി.പി.എമ്മിനാകില്ല.
ലോക്‌സഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നതല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ വൻ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും തൃത്താലയിൽ 8404 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ, ആനക്കര, ചാലിശ്ശേരി, പരുതൂർ, പട്ടിത്തറ പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പമായിരുന്നു. നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല എന്നീ പഞ്ചായത്തുകളാണ് എൽ.ഡി.എഫ് നേടിയത്. കപ്പൂർ പഞ്ചായത്തിൽ സമനിലയായതിനെതുടർന്ന് നറുക്കെടുപ്പിലൂടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. മണ്ഡലത്തിൽ 6882 വോട്ട് അധികം എൽ.ഡി.എഫിനായിരുന്നു.
1965 മുതൽ 1970 വരെയും 1980 മുതൽ 2006 വരെയും തൃത്താല പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. 1965ൽ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഇ.ടി കുഞ്ഞനാണ് എം.എൽ.എയായത്. 67ൽ വി. ഈച്ചരൻ സ്വതന്ത്രനായി ജയിച്ചു. 1977ൽ കോൺഗ്രസിലെ കെ. ശങ്കരനാരായണൻ ജയിച്ചു. 1991ൽ ഇ. ശങ്കരനിലൂടെ വിജയം നേടിയ സി.പി.എം 1996ലും 2001ലും വി.കെ. ചന്ദ്രനിലൂടെയും 2006ൽ ടി.പി. കുഞ്ഞുണ്ണിയിലൂടെയും മണ്ഡലം നിലനിർത്തി. 2011ൽ ജനറൽ സീറ്റായി.