കെ.സുധാകരന്റെ ജാതി അധിക്ഷേപവും സംഘ്പരിവാറിന്റെ ഗ്രാന്റ് ഡിസൈനും

കെ. സുധാകരൻ പിണറായി വിജയനെതിരെ 'ചെത്തുകാരന്റെ മകൻ 'പ്രയോഗം നടത്തുമ്പോൾ അത് വർഗ്ഗാധിക്ഷേപത്തിനപ്പുറം ജാതി അധിക്ഷേപമായി ചർച്ച ചെയ്യപ്പടുന്നതിന് കാരണം പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കേരളീയ സമൂഹത്തിനുമുന്നിൽ അത്രമേൽ ജാതീയമായി അധിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതു തന്നെയാണ്. ഞാൻ ജാതീയമായല്ല വർഗപരമായാണ് വിമർശിച്ചത് എന്നാണ് സുധാകര പക്ഷം. താൻ വർഗപരമായ അധിക്ഷേപം ബോധപൂർവം നടത്തിയതാണെന്നും ജാത്യാധിക്ഷേപം നടത്താൻ താനറിയാതെ തന്നെ സവർണ ജാതി ബോധത്തിന്റെ ടൂളായി എന്നും സുധാകരന് മനസ്സിലാകുന്നില്ല എന്ന് അദ്ദേഹം തന്നെ വിശദീകരിക്കുന്നതാണ് ദുരന്തം.

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ആകെയുള്ള 21908 വാർഡുകളിൽ
ഒരിടത്ത് മാത്രം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രമുഖ രാഷ്ട്രീയ പാർട്ടിയുണ്ട്. കേരളം പിടിക്കാൻ സംഘപരിവാർ ആസൂത്രണം ചെയ്ത സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമായുള്ള ഗ്രാന്റ് ഡിസൈനായിരുന്നു ആ പാർട്ടി- ഭാരത് ധർമ ജനസേന അഥവാ ബി.ഡി.ജെ.എസ്.

ക്രിസ്ത്യാനിക്കും മുസ്‌ലിമിനും യുക്തിവാദിക്കും മാർക്‌സിസ്റ്റിനും അംഗത്വം കൊടുത്തിരുന്ന ശ്രീനാരായണ ധർമ പരിപാലനയോഗത്തെ ഏതാണ്ട് ഇരുപത് വർഷംകൊണ്ട് ഹൈന്ദവവൽകരിച്ചതിന്റെ തുടർച്ചയായാണ് ബി.ഡി.ജെ.എസി ന്റെ പിറവി. കെ.പി.എം.എസി ൽ ഒരു വിഭാഗത്തെയും യോഗക്ഷേമസഭാ നേതൃത്വത്തേയുമൊക്കെ ഒപ്പം നിർത്തി രൂപീകരിച്ച ഒരു വിശാല സംവിധാനമായിരുന്നു അത്. എങ്കിലും കേരളീയ ജനസംഖ്യയിൽ ഏതാണ്ട് മുസ്‌ലിംകൾക്കടുത്ത് വരുന്ന ഒരൊറ്റ സാമുദായിക വിഭാഗമായ ഈഴവ - തിയ്യ വോട്ടുകൾ സംഘപരിവാറിന് അനുകൂലമാക്കുക എന്നതായിരുന്നു ആ പാർട്ടിയുടെ ജന്മലക്ഷ്യം. ഒരു ഘട്ടത്തിൽ ബി.ജെ.പി യേക്കാൾ വലിയ രാഷ്രീയപാർട്ടിയാണ് കേരളത്തിൽ ബി.ഡി.ജെ.എസ് എന്നു വരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവകാശപ്പെട്ടു.

സാമൂഹ്യവും രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങളാൽ സംഘ്പരിവാറിനോട് ഒരു തരത്തിലുമുള്ള അടുപ്പവും വച്ചുപുലർത്താത്തവരായിരുന്നു തിരു-കൊച്ചിയിലെ ഈഴവർ. അവരിൽ എസ്.എൻ.ഡി.പി യോഗ നേതൃത്വമടക്കം ഒരു വിഭാഗത്തെ ആർ.എസ്.എസു കാർക്കൊപ്പം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരത്താൻ സംഘപരിവാറിന് കഴിഞ്ഞു എന്നത് അവരുടെ രാഷ്ട്രീയപദ്ധതിയുടെ വിജയം തന്നെയാണ്. പക്ഷേ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാർട്ടി അൽപായുസായിപ്പോയതിന് കാരണവും അതു തന്നെയായിരുന്നു. അതിലേയ്ക്ക് പിന്നീട് വരാം.

വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിയുടെ സംഘടനാശേഷി ഓരോ കവലകളിലും എൻ.ഡി.എയ്ക്ക് അനുഗ്രഹമായി.
എന്നും പരാജയം മാത്രം ഉറപ്പുള്ള ബി.ജെ.പി സ്ഥാനാത്ഥികൾക്ക് ഒന്നാഞ്ഞുപിടിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന തോന്നലുണ്ടായി. പ്രചാരണരംഗത്ത് "പ്രകടനത്തിന്' കരുത്തുള്ള ഈഴവ -ദളിത് പങ്കാളിത്തമാണ് കളത്തിൽ ഓളം സാധ്യമാക്കിയത്. ഒടുവിൽ പെട്ടി പൊട്ടിച്ചപ്പാൾ ഒരു കാര്യം പിടി കിട്ടി, ഈഴവ വോട്ടുകളും ദളിത് വോട്ടുകളും സമുദായ സംഘടനാ നേതൃത്വം പറഞ്ഞാലൊന്നും കൂട്ടത്തോടെ പെട്ടിയിൽ വീഴില്ല. പക്ഷേ പരമ്പരാഗതമായി കോൺഗ്രസിനും കുറച്ചൊക്കെ എൽ.ഡി.എഫിനും വോട്ടു ചെയ്തിരുന്ന സവർണഹിന്ദു സമൂഹത്തിലെ മൃദു ഹിന്ദുത്വവാദികൾ പൂർണമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്‌ ഒപ്പം നിന്നു. ബി.ജെ.പിക്ക് വിന്നബിലിറ്റി ഉണ്ട് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതോടെയാണ് കയ്യാലപ്പുറത്തിരുന്ന വോട്ടുകൾ താമരയിലേയ്ക്ക് ഉരുണ്ടത്.

കോൺഗ്രസിനും സി.പി.എമ്മിനും ലഭിച്ചുപോന്ന ഈഴവ ദളിത് വോട്ടുകളിൽ ഗണ്യമായ അളവിലല്ലെങ്കിലും ചോർച്ചയുണ്ടാക്കാനും "നായാടി മുതൽ നമ്പൂതിരി വരെ' എന്ന സംഘപരിവാർ ടാഗ് ലൈന് കഴിഞ്ഞു.
എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന്റെ അവകാശ വാദങ്ങളിൽ കഴമ്പില്ലെന്ന് മനസ്സിലാക്കിയെങ്കിലും ഹിന്ദു വോട്ടുകളുടെ സമ്പൂർണ സമാഹരണം പതിയെപ്പതിയെ സാധ്യമാകുമെന്ന തോന്നലിലേയ്ക്ക് ബി.ജെ.പി ദേശീയ നേതൃത്വവും എത്തി. 10-12% വരുന്ന നായർ സമൂഹവും അതിനൊപ്പിച്ചു വരുന്ന ഹിന്ദു ദളിതരും 23-25% ഈഴവരും അതത് സാമുദായിക നേതൃത്വങ്ങളുടെ ആഹ്വാനമനുസരിച്ചുനിന്നാൽ ത്രികോണ മത്സരം നടക്കുന്ന കേരളത്തിൽ അധികാരം പിടിക്കുന്നത് നിസ്സാരം എന്നാണ് അന്ന് പല സംഘ് പരിവാർ നേതാക്കളും വിശദീകരിച്ചത്. പല സംസ്ഥാനങ്ങളിലും പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം നടപ്പാക്കിയെടുക്കാവുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലില്ലെന്ന് നാലു നാലര വർഷം കൊണ്ട് അവർക്ക് പിടി കിട്ടി.

ബി.ഡി.ജെ.എസ് അൽപായുസ്സായതിന്റെ പല കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി അതിന്റെ നേതൃത്വം തന്നെ വിലയിരുത്തുന്ന ഒന്നുണ്ട്, കൗതുകകരമാണ് ആ നിരീക്ഷണം. 2016 തെരഞ്ഞെടുപ്പ് സഖ്യത്തോടെ രൂപം കൊണ്ട എസ്.എൻ.ഡി.പി- ആർ.എസ്.എസ് (ബി.ജെ.പി- ബി.ഡി.ജെ.എസ്) പൊതു പ്ലാറ്റ്‌ഫോമുകളാണ് സംഘപരിവാർ സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്. ആദ്യമായി ആർ.എസ്.എസിനൊപ്പം ചേർന്ന ഹൈന്ദവവൽകൃത എസ്.എൻ.ഡി.പി പ്രവർത്തകർ അമ്പരന്നത് സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ടി വന്ന സാഹചര്യങ്ങളിലാണ്.

ശബരിമലയടക്കം എല്ലാ വിഷയങ്ങളിലും നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കേണ്ടി വന്നപ്പോഴെല്ലാം ബി.ജെ.പി പ്രവർത്തകർ ഉയർത്തിയത് കടുത്ത ജാതി അധിക്ഷേപമാണ്. പിണറായി വിജയൻ എന്ന പേര് ഓരോ തവണ പ്രയോഗിക്കപ്പെട്ടപ്പോഴും മുന്നിലോ പിന്നിലോ പിണറായി വിജയന്റെ ജാതിപ്പേരും അഛന്റെ തൊഴിലും ആവർത്തിക്കപ്പെട്ടു.
പൊതുവായ ഫേസ്ബുക്ക് - വാട്‌സആപ്പ് കൂട്ടായ്മകളിൽ സംഘത്തിന്റെ ജാത്യാധിക്ഷേപം കണ്ട് നവഹിന്ദുക്കൾ അന്തം വിട്ടു. എന്തിനേറെ ജൻമഭൂമി പത്രം പോലും "തെങ്ങുകയറേണ്ടവനെ മുഖ്യമന്ത്രിയാക്കിയാൽ ഇങ്ങനിരിക്കും' എന്നെഴുതി. ഉള്ളിൽ ഉറഞ്ഞ ജാതീയത ഉമ്മറത്ത് വിളമ്പാതിരിക്കുക എന്ന മലയാളി ബുദ്ധി പോലും സംഘ്പരിവാറിന്റെ പരമ്പരാഗത അണികൾക്ക് പ്രവർത്തിച്ചില്ല.

ശബരിമല പോലെ ഹിന്ദുത്വയ്ക്ക് അലകും പിടിയും ഉറപ്പിക്കാവുന്ന ഒരു ടൂളുണ്ടായിരുന്നിട്ടും "സുവർണാവസരം' കൈവന്നിരിക്കുന്നു എന്ന് നേതൃത്യം തിരിച്ചറിഞ്ഞിട്ടും അത് ക്ലച്ച് പിടിക്കാതെ പോയത് കേരളത്തില സംഘ്പരിവാർ അണികളുള്ള സവർണ ജാതീയത കൊണ്ടുതന്നെയാണ്.
പിണറായി വിജയൻ ഒരു തരത്തിലും ജാതിസ്വത്വത്തിൽ ഒതുങ്ങുന്ന ഒരാളല്ല. പക്ഷേ പിണറായി വിജയനെതിരായ ജാതി അധിക്ഷേപം ബി.ഡി.ജെ.എസ് എന്ന സംവിധാനത്തിന്റേയും എൻ.ഡി.എ എന്ന മുന്നണിയുടേയും ശക്തി ക്ഷയിപ്പിക്കുന്നതിൽ ഒരു ഘടകമായി. ഇനിയെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം കേരളം പിടിക്കാൻ ഓരോ പുതിയ പദ്ധതി ആലോചിക്കുമ്പോഴും അണികൾ ജാതിവെറി അടുക്കളയിൽ വച്ചിട്ട് പണിക്കിറങ്ങിയില്ലെങ്കിൽ പാളും.

(കെ. സുധാകരൻ പിണറായി വിജയനെതിരെ "ചെത്തുകാരന്റെ മകൻ' പ്രയോഗം നടത്തുമ്പോൾ അത് വർഗ്ഗാധിക്ഷേപത്തിനപ്പുറം ജാതി അധിക്ഷേപമായി ചർച്ച ചെയ്യപ്പടുന്നതിന് കാരണം പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കേരളീയ സമൂഹത്തിനുമുന്നിൽ അത്രമേൽ ജാതീയമായി അധിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതു തന്നെയാണ്. ഞാൻ ജാതീയമായല്ല വർഗപരമായാണ് വിമർശിച്ചത് എന്നാണ് സുധാകര പക്ഷം. താൻ വർഗപരമായ അധിക്ഷേപം ബോധപൂർവം നടത്തിയതാണെന്നും ജാത്യാധിക്ഷേപം നടത്താൻ താനറിയാതെ തന്നെ സവർണ ജാതിബോധത്തിന്റെ ടൂളായി എന്നും സുധാകരന് മനസ്സിലാകുന്നില്ല എന്ന് അദ്ദേഹം തന്നെ വിശദീകരിക്കുന്നതാണ് ദുരന്തം.)

ബി.ഡി.ജെ.എസ് തകർന്നെങ്കിലും സംഘ്പരിവാറിന്റെ ആ സാമൂഹ്യ പരീക്ഷണം ചില പോക്കറ്റുകളിൽ ഹിന്ദുത്വ വളരുന്നതിന് കാരണമായിട്ടുണ്ട്. വർക്കല, ആറ്റിങ്ങൽ, കൊടുങ്ങല്ലൂർ, തൃശൂർ, മലമ്പുഴ, താനൂർ തുടങ്ങി ചില കേന്ദ്രങ്ങളിലും കോഴിക്കോട്ടെ തീരമേഖലയിലും ഹിന്ദുത്വ തന്നെയാണ് പരിമിതമായെങ്കിലും നടപ്പായത്. പക്ഷേ അതൊന്നും കേരളം പിടിക്കാൻ പോന്നതല്ല.

Comments