ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികളെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാനുള്ള സർക്കാർ നീക്കം വളരെ ഗുരുതരമായ വിഷയമാണ്. ഹൈകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണിത്. രണ്ടു മാസം മുമ്പാണ് ഹൈകോടതി ഈ പ്രതികൾ അടക്കമുള്ളവർക്ക് ഒരു കാരണവശാലും റിവിഷൻ കൊടുക്കരുതെന്ന് വിധിച്ചത്. മാത്രമല്ല ശിക്ഷ ഇരട്ടിപ്പിച്ച് ഇരട്ട ജീവപര്യന്തമാക്കുകയും ചെയ്തു. ഈ വിധി ലംഘിച്ചാണ് ഇപ്പോൾ വിട്ടയക്കാനുള്ള ലിസ്റ്റിൽ ഈ പ്രതികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരിക്കലും നടക്കുന്നതല്ല, നടക്കാൻ പാടില്ലാത്തതുമാണ്. അങ്ങനെയൊരു നീക്കം ജയിൽ സൂപ്രണ്ട് മാത്രം ചെയ്യുന്നതല്ല. ജയിൽ സൂപ്രണ്ടിന് മുകളിലുള്ളവരുടെ നിർദേശത്തിന്റെ ഭാഗമാണ് ഈ നീക്കം. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ നീക്കം എന്നത് വ്യക്തമാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിക്ക് പങ്കില്ല എന്ന് ഒരു വശത്ത് പറയുമ്പോൾ തന്നെ പ്രതികൾക്ക് വഴിവിട്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത് പ്രതികൾക്കൊപ്പമാണ് തങ്ങൾ എന്ന് അവർ ഇതുവരെ തെളിയിച്ചുപോന്നിട്ടുണ്ട്. ഹൈകോടതി വിധിയുണ്ടായിട്ടുപോലും അതിനെ മറികടന്നും പ്രതികൾക്കുള്ള വഴിവിട്ട സഹായങ്ങൾ തുടരുകയാണ്.
മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഗവർണരെ കാണാനും തീരുമാനിച്ചിട്ടുണ്ട്.