ടി.പി ചന്ദ്രശേഖരന്‍ വധം: പ്രതികളുടെ ശിക്ഷ ശരിവെച്ചു,
രണ്ടു ​പേരെ വെറുതെവിട്ടത് റദ്ദാക്കി

Political Desk

  • ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണാ കോടതിയുടെ ശിക്ഷാവിധി അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.

  • കെ.കെ. കൃഷ്ണന്‍, ജ്യോതിബാബു എന്നിവരെ വെറുതെവിട്ട നടപടി കോടതി റദ്ദാക്കി. ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്നു കെ.കെ. കൃഷ്ണൻ. പാനൂരിലെ സി.പി.എം നേതാവാണ് ജ്യോതി ബാബു.

  • ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. 1 മുതല്‍ 8 വരെയുള്ള പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്. 12 പ്രതികളാണ് അപ്പീല്‍ നല്‍കിയത്. പ്രതികളും സര്‍ക്കാറും ടി.പിയുടെ പങ്കാളിയും എം.എല്‍.എയുമായ കെ.കെ. രമയും നല്‍കിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്.

  • പി.​ മോഹനനെ ​വെറുതെവിട്ടത് ശരിവച്ചു.

  • പി.കെ. കുഞ്ഞനന്തനെ ശിക്ഷിച്ച വിധി ശരിവെച്ചു. (ശിക്ഷയനുഭവിക്കുന്നതിനിടെ കുഞ്ഞനന്തൻ മരിച്ചു).

  • പി. മോഹനൻ അടക്കം വെറുതെവിട്ടവർക്കെതിരെ വീണ്ടും അപ്പീൽ നൽകുമെന്ന് സ്​പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കുമാരൻ കുട്ടി.

  • സി.പി.എം തന്നെയാണ് കൊലപാതകം നടത്തി​യതെന്ന് തെളിയിക്കുന്ന വിധിയെന്ന് കെ.കെ. രമ. ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണനെ കൂടി പ്രതിയാക്കിയതോടെ പാർട്ടിയുടെ പങ്ക് വ്യക്തമായെന്ന് രമ. കൊലയാളികൾക്കുവേണ്ടി കേസ് നടത്തിയിരുന്നത് സി.പി.എമ്മാണെന്നും രമ.

  • വിധി സ്വാഗതം ചെയ്യുന്നു, നടന്നത് വലിയ നിയമയുദ്ധം, പി. മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു- എം.വി. ഗോവിന്ദൻ.

  • കേസിന്റെ വിചാരണ 2014- ല്‍ പൂര്‍ത്തിയാകുമ്പോള്‍ എം.സി. അനൂപ്, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ട്രൗസര്‍ മനോജ്, കൊടി സുനി, ടി.കെ. രജീഷ്, പി.കെ. കുഞ്ഞനന്ദന്‍ (സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം) ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം തടവും ലംബു പ്രദീപെന്ന പ്രതിക്ക് 3 വര്‍ഷം തടവും വിചാരണക്കോടതി വിധിച്ചിരുന്നു. ഇവരുടെ ശിക്ഷയാണിപ്പോള്‍ ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. 36 പ്രതികളുണ്ടായിരുന്നു ആദ്യ ഘട്ടത്തില്‍. പിന്നീട് സി.പി.എം നേതാവായ പി. മോഹനന്‍ അടക്കമുള്ള 24 പ്രതികളെ വിട്ടയച്ചു.

  • 12 പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ നല്‍കി. പി. മോഹനന്‍ ഉള്‍പ്പടെയുള്ളവരെ വിട്ടയച്ചതിനെതിരെയാണ് കെ.കെ. രമ അപ്പീല്‍ നല്‍കിയത്.

  • കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിരോധമാണെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

  • കേസിലെ എല്ലാ പ്രതികളും 26ന് ഹാജരാകണം. അത്ഭുതകരമായ കൂറുമാറ്റം നടന്ന കേസാണിതെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ചില പ്രതികളെ കോടതി വിട്ടയച്ചതെന്നും അഭിഭാഷകര്‍. ടി.പി വധക്കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് കരുതുന്ന രണ്ടുപേരെയാണ് വീണ്ടും പ്രതിച്ചേര്‍ത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

  • 2012 മേയിലാണ് വടകരക്കടുത്ത് വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരനെ ബോംബെറിഞ്ഞ് വീഴ്ത്തി ഒരു സംഘം വെട്ടിക്കൊന്നത്. ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്ന് വിട്ടുപോയി ആര്‍.എം.പി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിന് പകരം വീട്ടാന്‍ സി.പി.എമ്മുകാരായ പ്രതികള്‍ കൊല നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Comments