സർക്കാറിന്റെ വികസന നടപടികളോട് പരിഷത്തിന് വിയോജിപ്പുണ്ട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57ാം വാർഷിക സമ്മേളനം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഇന്ന് തുടങ്ങുകയാണ്. വികസനം, പരിസ്ഥിതി, പ്രകൃതി വിഭവ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ പലതും പുനഃപരിശോധിക്കേണ്ടവയാണെന്ന് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റു കൂടിയായ ലേഖകൻ ചൂണ്ടിക്കാട്ടുന്നു. ക്വാറിയും, ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറക്കുന്ന തീരുമാനം, പ്രളയാനന്തര പുനർനിർമ്മാണം, കെ റയിൽ, നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കൽ, പ്രകൃതി വിഭവ വിനിയോഗത്തിലെ സാമൂഹ്യ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നയങ്ങൾ വിമർശനാത്മകമായി വിലയിരുത്തപ്പെടുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 24 മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്. ഇതിനകം ലോകത്തിന് മാതൃകയായ വിവിധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് പരിഷത്ത്. ‘റൈറ്റ് ലൈവ്​ലി ഹുഡ്' അവാർഡ് എന്ന ബദൽ നോബൽ സമ്മാനമുൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

തുടക്കത്തിൽ, മാതൃഭാഷയായ മലയാളത്തിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിന് ആനുകാലികങ്ങളിൽ ശാസ്ത്രവിഷയങ്ങൾ എഴുതി പ്രചരിപ്പിച്ചു. തുടർന്ന് സ്വന്തമായി ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക എന്നീ മാസികകൾ പുറത്തിറക്കി. എന്നാൽ സമൂഹത്തിൽ മൊത്തം ശാസ്ത്രവിജ്ഞാനം എത്തിക്കുന്നതിന് ബദൽ മാർഗങ്ങൾ തേടിയാണ് ശാസ്ത്രക്ലാസ്സുകളിലേക്ക് എത്തുന്നത്.

പ്രകൃതി-സമൂഹം-ശാസ്ത്രം, എന്ന ബഹുജന വിദ്യാഭ്യാസ പരിപാടിയായിരുന്നു ഇതിൽ പ്രധാനം. തുടർന്ന് ശാസ്ത്ര പ്രചാരണത്തിന്റെ മറ്റൊരു ഉപാധി എന്ന നിലയ്ക്കാണ് എഴുപതുകളുടെ ഒടുവിൽ ശാസ്ത്രകലാജാഥകൾ ആരംഭിച്ചത്. ജനബോധനത്തിന്റെ പുതിയ മാതൃകയായി കലാജാഥകൾ മാറി. ഇതോടെ എല്ലാ വിഭാഗം ജനങ്ങളുമുൾപ്പെടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായി പരിഷത്ത് മാറുകയായിരുന്നു.

യുറീക്ക കവർ

ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുക മാത്രമല്ല, ജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ വീക്ഷണവും വളർത്തുക, ശാസ്ത്രത്തെ ഉപയോഗിച്ചുള്ള ചൂഷണത്തെ ചെറുക്കുക, അശാസ്ത്രീയതകളെയും അന്ധവിശ്വാസങ്ങളെയും തുറന്നെതിർക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് പരിഷത്ത് പ്രവർത്തനങ്ങൾ പടിപടിയായി വളർന്നു. ശാസ്ത്ര സാങ്കേതിക വിജ്ഞാനം ചൂഷണത്തിനുപയോഗിക്കുന്ന ശക്തികളിൽ നിന്ന്​ മോചിപ്പിച്ച് നിരന്തരം ദരിദ്രവത്കരിക്കപ്പെടുന്ന സാമാന്യ ജനങ്ങളുടെ മുന്നേറ്റത്തിനുള്ള ഉപാധിയാക്കുക എന്ന ലക്ഷ്യത്തോടെ ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം 1973 ൽ പരിഷത്ത് സ്വീകരിച്ചു.

ഇടപെടലുകൾ

ആശയപ്രചാരണത്തിനുമപ്പുറം ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും ബദൽ വികസന മാതൃക സൃഷ്ടിക്കാനുമുള്ള തലത്തിലേക്ക് പരിഷത്തിന്റെ പ്രവർത്തനമണ്ഡലം വളർന്നു. സമൂഹത്തിന്റെ പരിസ്ഥിതി അവബോധത്തിൽ ഗുണപരമായ മാറ്റം വരുത്തിയ സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭമായിരുന്നു ഇതിൽ പ്രധാനം. കേരളത്തെ സമ്പൂർണ സാക്ഷരമാക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് മറ്റൊന്ന്.

നാടിനു ചേർന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ പാലക്കാട് സ്ഥാപിച്ച ഐ.ആർ.ടി.സി എന്ന ഗവേഷണ കേന്ദ്രവും അവിടെ വികസിപ്പിച്ച ദക്ഷത കൂടിയ അടുപ്പും ചൂടാറാപ്പെട്ടിയും പോലുള്ള ഉൽപന്നങ്ങൾ ഇന്ന് ഏറെ ജനകീയമായി കഴിഞ്ഞു. ജനകീയ ആരോഗ്യ നയത്തിനും ഔഷധ മേഖലയിലെ ചൂഷണങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, ആരോഗ്യ സർവേ, ഭോപ്പാൽ വാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ നടന്ന പ്രവർത്തനങ്ങൾ എന്നിവയൊക്കെ ശ്രദ്ധേയമായിരുന്നു.

ശാസ്ത്ര കേരളം കവർ

ബഹുരാഷ്ട്രകുത്തകകൾക്കെതിരെയും പിന്നീട് ആഗോളവൽക്കരണ നയങ്ങൾക്കെതിരെയും നടത്തിയ ആശയപ്രചാരണങ്ങളും പ്രക്ഷോഭങ്ങളും പുതിയൊരു അവബോധം സൃഷ്ടിച്ചു. ജനകീയാസൂത്രണത്തിലേക്ക് നയിച്ച വാഴയൂർ പഠനവും കല്യാശ്ശേരി ആസൂത്രണ മാതൃകയും പോലുള്ള പ്രവർത്തനങ്ങൾ, സമഗ്രമായ കേരള പഠനങ്ങൾ, പുതിയ പാഠ്യപദ്ധതിയിലേക്കുനയിച്ച വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ, സ്ത്രീതുല്യതയ്ക്കുവേണ്ടി നടത്തിയ കലാജാഥകളുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇങ്ങനെ നിരവധി മേഖലകളിലെ പരിഷത്ത് ഇടപെടലുകൾ കേരളീയ സമൂഹത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇന്ന് ഇന്ത്യയിലാകെ പ്രവർത്തിക്കുന്ന ഒരു അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനു രൂപം നൽകാനും പരിഷത്തിനു കഴിഞ്ഞിരിക്കുന്നു.

ശാസ്ത്രവിരുദ്ധത ആഘോഷിക്കപ്പെടുമ്പോൾ

പരിഷത്ത്​ പ്രവർത്തനം കൂടുതൽ പ്രസക്തമാകുന്ന കാലമാണ് ഇന്നത്തേത്. ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതത്തിൽ അതിവേഗം മാറ്റം വരുത്തുകയാണ്. എന്നാൽ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴും ശാസ്ത്രത്തിന്റെ രീതിയെയും ശാസ്ത്രബോധത്തെയും കൈയൊഴിയുന്ന വൈരുദ്ധ്യവും ഇന്ന് പ്രകടമാണ്. ശാസ്ത്രവിരുദ്ധ പ്രചാരണത്തിന് ബോധപൂർവ ശ്രമങ്ങളും ലോകത്താകെ നടക്കുന്നു.

ജ്യോത്സ്യവും മന്ത്രവാദവും കപടചികിത്സാരീതികളും കപടശാസ്ത്രങ്ങളും തുടങ്ങി കാര്യകാരണ ബന്ധമായി വിശദീകരിക്കാനാവത്ത പലതിനും പ്രസക്തിയുണ്ടെന്നും അവയെ ശാസ്ത്രത്തിന്റെ രീതിയിൽ വിശകലനം ചെയ്യാനാവില്ലെന്നും ശാസ്ത്രവും ഒരുതരം ബൃഹദാഖ്യാനം മാത്രമാണെന്നും വാദങ്ങളും ശക്തിപ്പെടുകയാണ്.

ഇന്ത്യയിലാകട്ടെ ശാസ്ത്രവിരുദ്ധതയെ തന്നെ ആഘോഷിക്കുന്ന ഭരണനയങ്ങളാണ് നടപ്പിലാക്കുന്നത്. ഭാരതത്തിന് ശക്തമായ ശാസ്ത്രപാരമ്പര്യമുണ്ടെന്ന് അംഗീകരിക്കുന്നു. അപ്പോൾ തന്നെ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ എതിർക്കേണ്ടിയിരിക്കുന്നു. അവക്ക് പലപ്പോഴും ഔദ്യോഗിക അംഗീകാരം തന്നെ ലഭിക്കുന്ന അവസ്ഥയാണ്. സംവത്സരങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ വിമാനങ്ങൾ നിർമിച്ചിരുന്നുവെന്നും പ്ലാസ്റ്റിക് സർജറിയും ടെസ്റ്റ് ട്യൂബ് ശിശുക്കളുമൊക്കെ ഉണ്ടായിരുന്നുവെന്നുമുള്ള അവാസ്തവങ്ങൾ ശാസ്ത്രപ്രബന്ധങ്ങളായി വരുന്നു. കൂടാതെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ നയങ്ങൾ മാറ്റുന്നു.

ശാസ്ത്രീയമനോഭാവവും അന്വേഷണത്വരയും ജനങ്ങളിൽ പ്രചരിപ്പിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്ന ഒരു രാജ്യത്താണ് ഇതൊക്കെ നടക്കുന്നത്.
ജാതി- മത- പ്രാദേശിക സംഘർഷങ്ങളാൽ കലുഷിതമായ ഒരു ഇന്ത്യയെയാണ് സാമ്രാജ്യത്വ ശക്തികൾക്ക് ആവശ്യം. ലാഭത്തിനായുള്ള ഒരു വിപണിവത്കൃത സാംസ്‌കാരിക ബോധം ഉൽപാദിപ്പിക്കുന്നതിന് അന്ധവിശ്വാസങ്ങളും അശാസ്ത്രീയ വീക്ഷണവും ആവശ്യമാണ്. അതിനായി കമ്പോളം മത-വർഗീയ രാഷ്ട്രീയത്തെയും ശാസ്ത്രബോധത്തെ ഒഴിവാക്കിയുള്ള ആധുനിക സാങ്കേതികവിദ്യകളെയും പരസ്പരപൂരകമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഇതിന്റെ ഫലമായി ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുകയാണ്. ഇതിന്റെ ഭാഗമായ വികസന നയങ്ങൾ ഭൂമിയെത്തന്നെ ഇല്ലാതാക്കുകയാണ്. കാലാവസ്ഥാമാറ്റവും ആഗോള താപനവും പോലുള്ള പ്രവണതകൾ ശക്തിപ്പെടുത്തുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിയമങ്ങളെല്ലാം പൊളിച്ചടുക്കാനാണ് മുതലാളിത്തം ആഗ്രഹിക്കുന്നത്. തുടർച്ചയായ ഉത്പാദന- ഉപഭോഗ വർധനവും കമ്പോള മത്സരവും, വിവേചനരഹിതമായ ഈ വളർച്ച പ്രകൃതി വിഭവങ്ങളെ ഇല്ലാതാക്കുകയും ഭൂമിയുടെ നിലനില്പിന് തന്നെ ഭീഷണിയാവുകയുമാണ്. പരിസ്ഥിതിയെയും പ്രകൃതിയെയും നശിപ്പിക്കുന്ന ഇന്നത്തെ വികസന സമീപനങ്ങൾക്കനുകൂലമായ വാദങ്ങൾ കേരളത്തിലും ശക്തമാണ്. അവയ്ക്കെതിരെ ജനങ്ങളിൽ വലിയ അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

കേരളം: കരുതൽ വേണം

മുകളിൽ സൂചിപ്പിച്ച ആഗോളീകൃത കമ്പോളത്തിന്റെ സ്വാധീനം കൂടുതലുള്ള സമൂഹമാണ് കേരളത്തിലേത്. കേവല ദാരിദ്ര്യം കുറവാണെങ്കിലും സാമ്പത്തിക അസമത്വം ഇന്ന് കേരളത്തിലെ പ്രധാന പ്രശ്നമാണ്. ഇതുണ്ടാക്കുന്ന സാമൂഹ്യസംഘർഷങ്ങൾ പല രംഗങ്ങളിലും പ്രകടമാണ്. പണക്കാരിലേക്ക് മാത്രം പലതും പരിമിതപ്പെടുന്ന സ്ഥിതിയുണ്ട്. എങ്കിലും ശക്തമായ പൊതുസംവിധാനങ്ങളും അതിന് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാരും പലതരം ക്ഷേമ നടപടികളും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും എല്ലാം ചേർന്നാണ് കേരളത്തിലെ ജനജീവിതം തകരാതെ നോക്കുന്നത്. എല്ലാ അർത്ഥത്തിലും പൊതുമേഖലയെ സംരക്ഷിക്കാൻ പരിഷത്ത് പോലുള്ള ഒരു സംഘടന എക്കാലത്തും ബാധ്യസ്ഥമാണ്. ഈ തിരിച്ചറിവോടെയുള്ള ഇടപെടലുകൾ നടക്കണം.

പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്നത്തെ ഓൺലൈൻ പഠനത്തിന് ചില പരിമിതികളുണ്ടെന്ന് പരിഷത്ത് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്നത്തെ കോവിഡ് കാലത്തും എല്ലാ പ്രദേശങ്ങളിലേയും എല്ലാ ക്ലാസുകളിലേയും വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ, ഒരുപക്ഷെ ഏക സംസ്ഥാനം കേരളമായിരിക്കും. ഇതിന് ലഭിക്കുന്ന സാമൂഹ്യ പിൻബലവും പ്രധാനമാണ്. എന്നാൽ ഇത്തരം സാമൂഹ്യ പിൻബലം ഇല്ലാതാക്കുന്ന രീതിയാണ് കോവിഡിന്റെ നാലാം ഘട്ടത്തിൽ നാം കാണുന്നത്.

പൊതുആരോഗ്യ സംവിധാനത്തിന് താങ്ങാൻ പറ്റുന്ന രീതിയിലേക്ക് രോഗത്തെ എത്തിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ആ രീതിയിലല്ല കേരള സമൂഹം അതിനോട് പ്രതികരിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ കരുതൽ വേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച സാമൂഹ്യ അവബോധം ശക്തിപ്പെടുത്താൻ ജനകീയ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പരിഷത്ത് പോലുള്ള സംഘടനക്ക് ഉത്തവാദിത്വങ്ങളുണ്ട്.

വേണം, ജനകീയ സമ്മർദം

അതേസമയം വികസന രംഗത്ത് സർക്കാർ സ്വീകരിക്കുന്ന നടപടികൾ പലതും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി പുനഃപരിശോധിക്കേണ്ടവയാണ്. ഉദാഹരണത്തിന് ഉറവിട മാലിന്യ സംസ്‌കരണമാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇപ്പോൾ നടപ്പാക്കിവരുന്ന ‘മാലിന്യത്തിൽ നിന്ന് വൈദ്യുതി' എന്നത് എല്ലായിടത്തും എല്ലാ രീതിയിലും പരാജയപ്പെട്ട മാതൃകയാണ്.

പരിസ്ഥിതി ആഘാത നിർണയ നിയമ (ഇ.ഐ.എ) ത്തിൽ കാര്യമായ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ അവസാന നിമിഷത്തിലെങ്കിലും സംസ്ഥാന സർക്കാർ അതിനെ എതിർത്തു. എന്നാൽ അടുത്ത ദിവസം തന്നെ ക്വാറിയും, ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിന് കൂട്ടുനിന്നു. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിന്​ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ പി.ഡി.എൻ.എ റിപ്പോർട്ട് നല്ലൊരു വികസന നയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ നടപ്പാക്കി വന്നപ്പോൾ അതിനുപകരം ഇവിടുത്തെ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തുണ്ടാക്കിയ ആർ.കെഡി.പി പദ്ധതിയായി അത് മാറി.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിൽ മുൻഗണനയിൽ വരേണ്ട പദ്ധതിയല്ല കെ റയിൽ എന്നതാണ് പരിഷത്തിന്റെ അഭിപ്രായം. ഈ പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും ജനങ്ങൾക്ക് നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഏറെ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്.

ശാസ്ത്രഗതി കവർ

ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട് പിന്നിടുകയാണ്. പുതിയ ഭരണസമിതികൾ അധികാരത്തിൽ വരാനിരിക്കുന്നു. കൂടുതൽ അധികാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നൽകി വികേന്ദ്രീകരണം ശക്തിപ്പെടുത്തേണ്ടതിനു പകരം ജില്ലാ തലത്തിൽ ഡി.ഡി.സി മാരെ നിയമിക്കാനുള്ള നീക്കം ഗുണകരമാവില്ല.

ഒരു പ്രദേശത്തെ ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ എതിർക്കുന്ന ക്വാറി പ്രശ്നമാണ് കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുമലയിലേത്. വലിയ മനുഷ്യച്ചങ്ങല തന്നെ ഇതിനെതിരെ ജനങ്ങൾ ഒന്നടങ്കം തീർക്കുകയുണ്ടായി. പക്ഷെ, ഏതോ ഒരു ‘അദൃശ്യകരം' ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി ജനങ്ങൾക്ക് അനുഭവപ്പെടുന്നു. അതിനാൽ ദിവസേനയെന്നോണം ഈ പ്രദേശത്ത് പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കവചമായി കണക്കാക്കുന്ന Eco-Sensitive Zone കൾക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി മനുഷ്യവാസപ്രദേശങ്ങളെ പൂർണമായി ഇതിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം ശാസ്ത്രീയ വനസംരക്ഷണത്തിന് യോജിച്ചതല്ല. സർക്കാർ മുന്നോട്ടു വെച്ച നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കൽ, പ്രകൃതി വിഭവ വിനിയോഗത്തിലെ സാമൂഹ്യ നിയന്ത്രണം എന്നിവയൊക്കെ ഒരിടത്തുമെത്താത്ത അവസ്ഥയിലാണ്. ഇതെല്ലാം കാണിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തോടെയുള്ള സുസ്ഥിര വികസന ചർച്ചകൾ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു എന്നാണ്. ഇതിനെ ഒരു രാഷ്ട്രീയ അജണ്ടയാക്കി മാറ്റുന്നതിനുള്ള ജനകീയ സമ്മർദ്ദത്തിനായുള്ള സംവാദങ്ങൾക്ക് പരിഷത് സമ്മേളനം രൂപം നൽകേണ്ടിയിരിക്കുന്നു.

അമിതമായ ഉപഭോഗപരതയില്ലാതെ തന്നെ മനുഷ്യന്റെ ജീവിത സംതൃപ്തി വർധിപ്പിക്കാൻ കഴിയും. ഭൂമിയേയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന സുസ്ഥിരവികസനം സാധ്യമാക്കുന്ന, വിഭവങ്ങളുടെ സമതുലിതമായ വിതരണവും ഉപഭോഗവും ഉറപ്പാക്കുന്ന, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സമത്വം സാധ്യമാക്കുന്ന, ലിംഗനീതി ഉറപ്പാക്കുന്ന ഒരു കേരളവും ഇന്ത്യയും ഉണ്ടാവുകയാണ് നാം നേരിടുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനായി വേണ്ടത്.

ഇത്തരമൊരു സമൂഹം സാധ്യമാക്കാൻ ശാസ്ത്രത്തിന്റെ വഴി മാത്രമേ ഉള്ളൂവെന്ന് കോവിഡ് കാലം തെളിയിച്ചിരിക്കുന്നു. പുതിയൊരു പ്രതിരോധ മരുന്നിനായി ജനം ശാസ്ത്രത്തെ ഉറ്റുനോക്കുന്നു. അതുകൊണ്ടുതന്നെ ജനകീയ ശാസ്ത്രപ്രചാരണത്തിന്റെ പ്രസക്തി വർധിച്ചിരിക്കുന്ന കാലത്താണ് പരിഷത്ത്​സമ്മേളനം നടക്കുന്നത്. ഇത് കേരളീയ സമൂഹത്തിന് തന്നെ കൂടുതൽ കരുത്തുപകരുമെന്ന് പ്രത്യാശിക്കാം.

Comments