ആദിത്യവർമയ്ക്ക് താലപ്പൊലിയൊരുക്കിയ രാജഭക്തസംഘത്തെ മുളയിലേ നുള്ളിയില്ലെങ്കിൽ…

‘‘സ്വയം പ്രഖ്യാപിത രാജാക്കൻമാരെ താലമേന്തി വരവേൽക്കാൻ അവർ അടിമകളാക്കിയവരുടെ പിൻഗാമികളും ആവേശത്തോടെ രംഗത്തുണ്ടെന്നത് ശ്രദ്ധേയമാണ്. പഴയ തിരുവിതാംകൂർ പ്രദേശങ്ങളിൽ പതിയെ പടർന്നുകൊണ്ടിരിക്കുന്ന രാജഭക്തസംഘത്തെ മുളയിലേ നുള്ളാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ അതിന് ഇന്ത്യാമഹാരാജ്യം വലിയ വില കൊടുക്കേണ്ടിവരും. സ്വതന്ത്ര തിരുവിതാംകൂർ സ്വപ്നം കാണുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു’’- ഡോ. അമൽ സി. രാജൻ എഴുതുന്നു.

ത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുട്ടിയെ ഒഴിവാക്കി രണ്ടാം റാങ്കു നേടിയ കുട്ടിക്ക് സമ്മാനം നൽകിയ വാർത്ത കഴിഞ്ഞയാഴ്ച്ച ഗുജറാത്തിൽ നിന്നു വന്നു. ടി.കെ പാട്ടീൽ സ്മൃതി വിദ്യാലയത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ അർണാസ് ബാനു എന്ന മുസ്‍ലിം വിദ്യാർഥിക്കാണ് ഈ വിവേചനം നേരിട്ടതെന്ന് ദി ഹിന്ദുസ്ഥാൻ ഗസറ്റ് റിപ്പോർട്ട് ചെയ്തു.

ഇതെഴുതുമ്പോൾ ഉത്തർപ്രദേശിലെ ഒരധ്യാപിക ക്ലാസിലെ ഏക മുസ്‍ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിക്കുന്ന വാർത്ത മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ബ്രാഹ്മണിസം വിഭാവനം ചെയ്യുന്ന ഹിന്ദു രാജ്യത്തെ പ്രജാജീവിതം ഏതു തരത്തിലായിരിക്കുമെന്നത് സമാനമായ വാർത്തകളെല്ലാം നമുക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്. എന്നിട്ടും ജനാധിപത്യത്തിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിക്കുന്ന ഒരു ജനതയിൽ ചിലരെങ്കിലും ഇവിടെ കേരളത്തിലും "സവർണഹിന്ദു രാജ്യം വരേണമേ" എന്ന പ്രാർത്ഥനയിലാണ്. മൺമറഞ്ഞുപോയ ഒരു ജനവിരുദ്ധ മതരാജ്യത്തിലെ മുൻ ഭരണകുടുംബാംഗങ്ങൾക്ക് താലപ്പൊലി പിടിക്കാൻ കുട്ടികളെ അണിനിരത്തുന്ന തിരക്കിലാണവർ.

അർണാസ് ബാനു

അർണാസ് ബാനുവിന്റെ കഥകേട്ടിട്ടും ആദിത്യ വർമ്മക്ക് താലപ്പൊലിയൊരുക്കാൻ നടക്കുന്നവർ ഓർത്തെടുക്കേണ്ട ഒരു പേരുണ്ട്; അത് ഡോ. പൽപ്പുവിന്റേതാണ്.

1891 ഫെബ്രുവരി 19 ന് മദ്രാസ് മെയിലിൽ ഡോ പൽപ്പു പ്രസിദ്ധീകരിച്ച കത്തിൽ ഇങ്ങനെ കാണാം:

" ... 1884 - ൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച പത്തുപേരെ തിരഞ്ഞെടുക്കുന്നതിനായി ഒരു പരീക്ഷ നിശ്ചയിച്ച് ഗവൺമെന്റ് പരസ്യം ചെയ്തു. അപ്പോൾ ഞാൻ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചിരുന്നതുകൊണ്ട് പരീക്ഷയിൽ ചേരുന്നതിന് അപേക്ഷ അയച്ചു. എന്നാൽ അപേക്ഷ അയക്കുന്നതിനു മുമ്പായി എന്നെ പരീക്ഷയിൽ ചേർക്കുന്നതിന് വിരോധമുണ്ടാകയില്ലയോ എന്ന സംശയം എനിക്കുണ്ടായി. അപ്പോൾ, മെഡിക്കൽ ഡിപ്പാർട്ടുമെന്റ് മേലധികാരിയായിരുന്ന ഡോക്ടർ ഹൗസ്റ്റൺസായ്പിനോട് ഞാൻ ഇതേക്കുറിച്ച് ആലോചിച്ചു. അദ്ദേഹം ഒരു അദ്ദേഹം ഒരു വിരോധവും പറഞ്ഞില്ല. പരീക്ഷ നടക്കുകയും ജയിച്ചവരുടെ കൂട്ടത്തിൽ ഞാൻ രണ്ടാമനായി വരികയും ചെയ്തു. പിന്നീട് ഒരു ദേഹപരീക്ഷ ഉണ്ടായിരുന്നു അതിലും ഞാൻ വിജയിച്ചു. എന്നാൽ എടുക്കുന്നതിനു മുമ്പായി എനിക്ക് ഒരു വയസ്സ് അധികമായി പ്പോയി എന്ന് ഗവൺമെന്റ് ഒരു തടസ്സം ഉന്നയിച്ചു. വയസ്സിനെക്കുറിച്ചു തർക്കമുണ്ടായപ്പോൾ അന്ന് റസിഡൻസി സർജനായിരുന്ന ഇപ്പോഴത്തെ ഡർബാർ ഫിസിഷ്യൻ ഡോ. വൈറ്റ് അവർകളുടെ ഒരു സർട്ടിഫിക്കറ്റും ഞാൻ ഹാജരാക്കി. എന്റെ പരിശ്രമങ്ങൾക്കൊന്നും ഒരു ഫലവുമുണ്ടായില്ല. വയസ്സ് അധികമായിപ്പോയെന്ന കാരണം പറഞ്ഞ് എന്നെ പുറന്തള്ളി. ശേഷം ഒമ്പതു പേരും തീയ്യരായി ജനിക്കാനുള്ള നിർഭാഗ്യമില്ലാത്തവരാകയാൽ സ്വീകരിക്കപ്പെട്ടു..." (2014 : 16,7)

മുസ്‌ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി

പത്തുപേരെ തെരഞ്ഞെടുക്കേണ്ട ഒരു പരീക്ഷയിൽ രണ്ടാം റാങ്കു നേടിയിട്ടും സീറ്റ് നിഷേധിക്കപ്പെട്ടത് ഒരു സവർണഹിന്ദു രാജ്യത്ത് അവർണനായി ജനിച്ചുപോയതുകൊണ്ടു മാത്രമാണ്. പിന്നീട് മദ്രാസിൽ പോയി പഠിച്ച് ഡോക്ടറാകാനുള്ള എൽ. എം.എസ് പരീക്ഷ പാസായി തിരിച്ചെത്തിയിട്ടുപോലും തിരുവിതാംകൂർ സർവീസിൽ അദ്ദേഹത്തിന് ജോലി ലഭിക്കുകയുണ്ടായില്ലെന്നതു ചരിത്രമാണ്.

പ്രജാസഭാംഗമായ ആദ്യ നാളുകളിൽ അയ്യൻകാളി തിരുവിതാംകൂർ ഭരണകൂടത്തിനു മുൻപിൽ വച്ച ആവശ്യങ്ങളിലൊന്ന് ആശുപത്രികളിലെ പുലയ വാർഡുകളിൽ മരുന്ന് വിതരണം ചെയ്യാൻ പുലയരെ നിയമിക്കണമെന്നതായിരുന്നു. സവർണഹിന്ദു രാജ്യമായ തിരുവിതാംകൂറിലെ സർക്കാർ ആശുപത്രികളിൽ വാർഡുകൾ ഏർപ്പെടുത്തുന്നതിന്റെ മാനദണ്ഡം ജാതിയായിരുന്നു. പുലയ വാർഡുകൾ പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രികളിൽ മാത്രമേ പുലയർക്ക് കിടത്തി ചികിത്സ ലഭിക്കുമായിരുന്നുള്ളൂ. ഈ വാർഡുകളിലെ രോഗികൾക്ക് മരുന്ന് എറിഞ്ഞു നൽകുകയായിരുന്നു പതിവ്. പുലയ വാർഡുകളിൽ പുലയരെ മരുന്നു വിതരണത്തിനും രോഗീപരിചരണത്തിനും നിയമിക്കുന്നപക്ഷം ഈ മരുന്നേറിനെങ്കിലും ശമനം വരുമല്ലോയെന്ന് അദ്ദേഹം കരുതി. താൻ ഈ വിഷയത്തിൽ നൽകിയ നിവേദനം പരിഗണിക്കാനായി സർക്കാരിൽ സമ്മർദം ചെലുത്തുന്ന അയ്യൻകാളിയെ 1913 ഫെബ്രുവരിയിലെ നിയമസഭാരേഖകളിൽ കാണാം: "പുലയവാർഡ് പ്രത്യേകമായി ഉള്ള ആശുപത്രികളിൽ പുലയ വാർഡർമാരെ നിയമിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് അത്തരം ആശുപത്രികളുടെ ഒരു ലിസ്റ്റ് മുമ്പ് തയ്യാറാക്കി സമർപ്പിക്കപ്പെട്ടിരുന്നതാണ്. എന്നാൽ ഇതിന്മേൽ സർക്കാർ എന്തു നടപടിയെടുത്തുവെന്നറിയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എത്രയും പെട്ടന്ന് പുലയ വാർഡന്മാരെ നിയമിക്കണമെന്ന് അയ്യൻ കാളി അഭ്യർത്ഥിച്ചു.’’ (2016:29 )

ഡോ പൽപ്പു

വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സഞ്ചാരസ്വാതന്ത്ര്യവുമൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളും സേവനങ്ങളും ജനങ്ങളിലെ ബഹുഭൂരിപക്ഷത്തിനും നിഷേധിക്കകയും അതേ ജനവിഭാഗങ്ങളിൽനിന്നും നികുതിയായും പിഴയായും ഭീമമായ തുക പിരിച്ചെടുക്കുകയും ചെയ്യുന്ന തൊഴിലിനു പോലും കൂലി നൽകാതിരിക്കുകയും ചെയ്ത മനുഷ്യത്വവിരുദ്ധ ഭരണകൂടമായിരുന്നു തിരുവിതാംകൂറിലേത്. എന്നു മാത്രമല്ല പാവപ്പെട്ടവരിൽ നിന്ന് പിരിച്ചെടുക്കുന്ന ഈ ധനമത്രയും രാജകുടുംബത്തിന്റെ സുഖജീവിതത്തിനും ബ്രാഹ്മണദാനത്തിനും സവർണ്ണരുടെ ജീവിതോൽക്കർഷത്തിനും മാത്രമായി നീക്കിവയ്ക്കുകയും ചെയ്തവരാണവർ. അങ്ങനെ ഒരു വിഭാഗത്തിന്റെ സാമൂഹ്യവളർച്ച മനഃപ്പൂർവം തടയുകയും മറുവിഭാഗത്തിന് ഭീമാകാരമായി വളരാൻ അനീതിപൂർവം പ്രവർത്തിക്കകയും ചെയ്തവരാണവർ.

സവർണ ക്ഷേത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും സമീപം സ്കൂളുകൾ സ്ഥാപിക്കുകയും സ്കൂളിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശംപോലും ദലിത് - പിന്നാക്ക ജനതക്ക് നിഷേധിക്കുകയും ചെയ്ത ഭരണകൂടമായിരുന്നു തിരുവിതാംകൂറിലേത്. ജാതിയിൽ താഴ്ന്നവരെന്നു മുദ്രകുത്തപ്പെട്ട മനുഷ്യർ ആത്മാഭിമാനത്തോടെ വസ്ത്രം ധരിക്കുന്നതുപോലും അസഹ്യമായിക്കരുതിയിരുന്ന രാജാക്കന്മാരുടെ രാജ്യവുമായിരുന്നു തിരുവിതാംകൂർ. ഇത്തരം നൂറുനൂറു കാരണങ്ങൾ മുൻനിർത്തിയാണ് അയ്യാവൈകുണ്ഠസ്വാമികൾ തിരുവിതാംകൂർ ഭരണകൂടത്തെ "കരിനീചന്മരാരുടെ ഭരണം" എന്നു വിശേഷിപ്പിച്ചത്. അതിന് അയ്യാ വൈകുണ്ഠരെ കൽത്തുറങ്കിലടച്ചതും ചരിത്രമാണ്.

അയ്യൻകാളി

തിരുവിതാംകൂർ ഭരണാധികാരികളെ പൊതുമധ്യത്തിൽ നിശിതമായി വിമർശിക്കാൻ ജനങ്ങൾക്ക് ധൈര്യം ലഭിക്കുന്നതുപോലും വൈക്കം സഞ്ചാരസ്വാതന്ത്ര്യസമര കാലത്തു മാത്രമായിരുന്നു. "തിരുവിതാംകൂറിലെ പൊതുവഴികൾ രാജകുടുംബത്തിന്റെ മുത്തച്ഛന്റെ വകയല്ല" എന്ന് പെരിയോർ ഇ. വി. രാമസ്വാമി നായ്ക്കർ പര്യസ്യമായി പ്രസംഗിച്ചു. ജനങ്ങൾ ആവേശത്തോടെ സമരത്തിലണിനിരന്നു. ദൈവനിന്ദയേക്കാൾ വലിയ കുറ്റമായി ഭരണാധികാരികൾ അതിനെ കണക്കാക്കുകയും രാഷ്ട്രീയതടവുകാർക്കുള്ള പ്രത്യേക പരിഗണനകളെല്ലാം നിഷേധിച്ച് കൈകാലുകൾ ചങ്ങലയാൽ ബന്ധിച്ച് കഠിന തടവിലിട്ട സംഭവവും ചരിത്രത്തിന്റെ ഭാഗമാണ്.

വൈക്കം പോരാട്ടത്തിന്റെ നൂറാംവാർഷികമാഘോഷിക്കുന്ന വേളയിൽ ഇതേ ഭരണാധികാരികളുടെ പിൻഗാമികളെന്ന് അഭിമാനിക്കുന്ന സ്വയം പ്രഖ്യാപിത രാജാക്കൻമാരെ താലമേന്തി വരവേൽക്കാൻ അവർ അടിമകളാക്കിയവരുടെ പിൻഗാമികളും ആവേശത്തോടെ രംഗത്തുണ്ടെന്നത് ശ്രദ്ധേയമാണ്. പഴയ തിരുവിതാംകൂർ പ്രദേശങ്ങളിൽ പതിയെ പടർന്നുകൊണ്ടിരിക്കുന്ന രാജഭക്തസംഘത്തെ മുളയിലേ നുള്ളാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ അതിന് ഇന്ത്യാമഹാരാജ്യം വലിയ വില കൊടുക്കേണ്ടിവരും.

ഇന്ത്യ സ്വതന്ത്രമാകുന്ന കാലത്ത് ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതം പ്രകടിപ്പിക്കുകയും പാക്കിസ്ഥാനുമായി സഖ്യം ചെയ്യാൻ തീരുമാനിക്കുകയും സ്വതന്ത്രതിരുവിതാംകൂർ രാജ്യം പ്രഖ്യാപിക്കുയും ചെയ്തവരുടെ പിൻഗാമികളാണവർ. അവരെയാണ് സ്വാതന്ത്യദിനത്തിൽ പോലീസ് അകമ്പടിയോടെ വരവേറ്റ് പുഷ്പവർഷത്തോടെ സ്വീകരിച്ചാനയിക്കുന്നത്. പ്രിൻസ് എന്ന വിശേഷണത്തോടെ സർക്കാർ സ്കൂളിലെ ഓണാഘോഷത്തിന് മുൻ രാജകുടുംബാംഗത്തെ ക്ഷണിച്ച് ചിത്രസഹിതം നോട്ടീസടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച അധ്യാപകർ ഭരണഘടനയിലെ ആർട്ടിക്കിൾ 18 അറിയാത്തവരല്ല. ഇവർക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധമുയരുന്നതിനൊപ്പം ജനാധിപത്യഭരണകൂടം അൽപ്പം ജാഗ്രത പുലർത്തുന്നതു നന്നായിരിക്കും. സ്വതന്ത്രതിരുവിതാംകൂർ സ്വപ്നം കാണുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

(പൽപ്പു പി.: ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും. മൈത്രി ബുക്സ് തിരുവനന്തപുരം 2014.
മണി എസ്. കുന്നകുഴി (എഡി), അയ്യൻകാളിയുടെ പ്രസംഗങ്ങൾ മൈത്രി ബുക്സ് തിരുവനന്തപുരം 2016)

Comments