തിരുവനന്തപുരം പ്രസ് ക്ലബ്‌ പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്; പുറത്താക്കണമെന്ന് NWMI

ഇത്ര കാലം കഴിഞ്ഞും പ്രസ് ക്ലബും തിരുവനന്തപുരത്തെ വലിയൊരു മാധ്യമ സമൂഹവും ഇത്രയും ഗുരുതര കുറ്റകൃത്യം ചെയ്തയാളെ സംരക്ഷിക്കുകയും പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനം നൽകി ആദരിക്കുകയും ചെയ്യുന്നത് യാതോരു വിധത്തിലും പൊറുക്കാനാവുന്നതല്ല. വീണ്ടും ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരേ കേരളത്തിലെ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ.

Statement

ഞ്ച് വർഷം മുൻപ് മാദ്ധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ വീണ്ടും അതീവഗുരുതരമായ പരാതി വന്നിരിക്കുകയാണ്.

രാധാകൃഷ്ണൻ നടുറോഡിൽ വെച്ച് ഒരു സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി ആംഗ്യം കാണിച്ച ശേഷം അവർ പ്രതികരിച്ചപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ടെന്നുമാണ് കന്റോൺമെന്റ് പോലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. ഐപിസി സെക്ഷൻ 354 A ചുമത്തി പ്രതി ചേർത്താണ് പോലീസ് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്.

2019 ൽ മാദ്ധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് സദാചാര ആക്രമണം നടത്തിയ കേസിൽ കോടതി വിചാരണ നേരിടുന്ന ആളാണ് രാധാകൃഷ്ണൻ. വനിതാ മാധ്യമപ്രവർത്തകരുടെ നിരന്തര സമരത്തെ തുടർന്ന് ഇയാളെ കുറച്ച് കാലത്തേക്ക് പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കിയെങ്കിലും തിരുവനന്തപുരത്തെ ചില മാധ്യമ പ്രവർത്തകരുടെ പിന്തുണയോടെ അയാൾ പ്രസിഡന്റ് ആയി തുടരുകയാണ്.

ഇതിൽ പ്രതിഷേധിച്ച് വലിയൊരു വിഭാഗം വനിതാ മാധ്യമ പ്രവർത്തകർ പ്രസ് ക്ലബ് വിട്ടിട്ട് കാലങ്ങളായി. NWMI നിരവധി സമരങ്ങൾ നടത്തിയിട്ടും ഒരു വലിയവിഭാഗം പുരുഷ മാധ്യമപ്രവർത്തകരുടെ പിന്തുണയിൽ പ്രസ് ക്ലബ് പ്രസിഡന്റ് ആയി തുടരുന്നുവെന്ന് മാത്രമല്ല അയാളുടെ ക്രിമിനൽ പ്രവൃത്തികൾക്ക് അതൊരു പ്രോത്സാഹനവുമായി മാറുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു.

2019 ലെ കേസിനെ തുടർന്ന് ഇയാൾ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനമായ കേരള കൗമുദി രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. എന്നിട്ടും മാധ്യമപ്രവർത്തകന്റെ വ്യാജമേലങ്കിയണിഞ്ഞ് പ്രസ് ക്ലബ് നേതൃസ്ഥാനത്തിരുന്ന് ഗുരുതര കുറ്റകൃത്യങ്ങൾ തുടരുകയാണ് രാധാകൃഷ്ണൻ.

ഇത്ര കാലം കഴിഞ്ഞും പ്രസ് ക്ലബും തിരുവനന്തപുരത്തെ വലിയൊരു മാധ്യമ സമൂഹവും ഇത്രയും ഗുരുതര കുറ്റകൃത്യം ചെയ്തയാളെ സംരക്ഷിക്കുകയും പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനം നൽകി ആദരിക്കുകയും ചെയ്യുന്നത് യാതോരു വിധത്തിലും പൊറുക്കാനാവുന്നതല്ല.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്ത് രാധാകൃഷ്ണൻ ഇനിയും തുടരുന്നത് മാധ്യമപ്രവർത്തകരുടെ വിശ്വാസ്യതക്ക് ഭംഗമേൽപിക്കുന്ന കാര്യമാണ്.

കേസിലെ നടപടി പോലീസ് വേഗത്തിലാക്കണമെന്ന് വനിതാ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ NWMI ആവശ്യപ്പെടുകയാണ്. ഈ വിഷയത്തിൽ നീതി നിർവ്വഹണം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഇനിയെങ്കിലുമുണ്ടാകണമെന്നും രാധാകൃഷ്ണനെ പുറത്താക്കണമെന്നും NWMI ആവശ്യപ്പെടുകയാണ്.

ഇയാൾക്കെതിരെ പരാതി കൊടുക്കാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും ആർജ്ജവം കാണിച്ച സ്ത്രീകൾക്ക് NWMI യുടെ ഐക്യദാർഢ്യം.

Comments