ഇരിപ്പിടം പോലുമില്ലാതെ മാധ്യമ വിദ്യാർഥികൾ, തിരുവനന്തപുരം പ്രസ്​ ക്ലബ്​ ഒരു മാധ്യമ ഇൻസ്​റ്റിറ്റ്യൂട്ടിനെ തകർക്കുന്ന വിധം

ഒരു ട്യൂട്ടോറിയൽ കോളേജിന്റെയത്ര പോലും സൗകര്യങ്ങളില്ലെന്നും ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം പ്രസ്​ ക്ലബ്ബിനുകീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സമരത്തിലാണ്​. മികച്ച പ്രൊഫഷണൽ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 1968 ൽ ആരംഭിച്ച രാജ്യത്തെ ആദ്യ ജേർണലിസം പരിശീലന കേന്ദ്രമാണ്​ പ്രസ്​ ക്ലബ്​ ഭരണസമിതിയുടെ കെടുകാര്യസ്​ഥതയിൽ തകർന്നുകൊണ്ടിരിക്കുന്നത്​

ഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട മാധ്യമ വിദ്യാർത്ഥികളുടെ, അക്കാദമിക അവകാശസംരക്ഷണത്തിനായുള്ള പോരാട്ടത്തിന് വേദിയാവുകയാണ് തിരുവനന്തപുരം ​പ്രസ്​ ക്ലബ്ബ്.

ഒരു ട്യൂട്ടോറിയൽ കോളേജിന്റെയത്ര പോലും സൗകര്യങ്ങൾ തിരുവനന്തപുരം പ്രസ്​ ക്ലബ്ബിനുകീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാർത്ഥി സമരം. ബിരുദപഠനം പൂർത്തിയാക്കി മാധ്യമ മേഖലയിൽ പ്രവർത്തിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ പരാതി മുഖവിലക്കെടുക്കാൻ മാനേജ്മെന്റും പ്രസ്​ ക്ലബ്​ ഭരണസംവിധാനവും തയ്യാറാകാത്തതാണ് പ്രതി​ഷേധത്തിനുകാരണം.

മികച്ച പ്രൊഫഷണൽ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 1968 ൽ ആരംഭിച്ച രാജ്യത്തെ ആദ്യ ജേർണലിസം പരിശീലന കേന്ദ്രമാണ്​ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം. സംസ്ഥാനത്തെ ഏറ്റവും മികച്ച ജേർണലിസം വിദ്യാഭ്യാസ കേന്ദ്രമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തെ മാറ്റുമെന്ന് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉറപ്പുനൽകി അധികാരത്തിലേറിയ, എം. രാധാകൃഷ്ണൻ പ്രസിഡന്റായ ഭരണ സമിതി കോഴ്സ് തുടങ്ങി ഏഴു മാസം കഴിഞ്ഞിട്ടും പഠനസംബന്ധമായ കാര്യങ്ങളിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.

മാധ്യമ പ്രവർത്തകരുടെ ‘ആയുധ’ങ്ങൾ പേനയും കടലാസും മാത്രമായിരുന്ന കാലം കഴിഞ്ഞു പോയത് പ്രസ്​ ക്ലബ്ബ് പ്രതിനിധികൾ അറിയാത്ത മട്ടാണെന്നാണ്​ വിദ്യാർഥികളുടെ പരാതി. അച്ചടി മാധ്യമങ്ങൾ തൊട്ട് ഓൺലൈൻ മാധ്യമങ്ങൾ വരെ ടെക്​നോളജിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുന്ന ഈ കാലഘട്ടത്തിൽ ജേർണലിസം പ്രഫഷനാക്കാൻ ആഗ്രഹിച്ചെത്തിയ വിദ്യാർത്ഥികൾക്ക്​ ആവശ്യമായ കംപ്യൂട്ടറുകളോ നല്ല ഇരിപ്പിടങ്ങളോ പോലുമില്ല.

ലൈബ്രറിയിൽ പത്തോ പന്ത്രണ്ടോ കംപ്യൂട്ടറുകളുണ്ടെങ്കിലും അവയെല്ലാം പ്രവർത്തന രഹിതമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോൺ മേരിയുടെ ഇടപെടൽ കൊണ്ട് വർക്ക് ഫ്രം ഹോം കാലത്ത് എസ്.ബി.ഐയിലെയും യു.എസ്.ടി ഗ്ലോബലിലെയും ജീവനക്കാർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികൾക്ക് സംഭാവനയായി ലഭിച്ചെങ്കിലും അതുപോലും ​പ്രസ്​ ക്ലബ്ബിൽ നിന്ന് ഇതുവരെ വിദ്യാർത്ഥികൾക്ക് അനുവദിച്ചുകൊടുത്തിട്ടില്ല.
പ്രാക്ടിക്കലുകൾക്ക് വളരെ പ്രാധാന്യം നൽകുന്ന കേന്ദ്രത്തിൽ പി.ജി ഡിപ്ലോമ ചെയ്യുന്ന കുട്ടികൾക്ക് സ്റ്റുഡിയോയോ, ന്യൂസ് റൂമോ, എഡിറ്റിങ്ങ് സ്യൂട്ടോ ഏർപ്പെടുത്തിയിട്ടില്ല എന്നതും വലിയ വീഴ്ചയാണ്.

""40 വിദ്യാർത്ഥികൾക്കായി രണ്ട് ക്യാമറകൾ മാത്രമാണുള്ളത്. ഐ. എഫ്. എഫ്.കെ കവർ ചെയ്യാൻ മറ്റ്​ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നെത്തിയ വിദ്യാർത്ഥികളുടെ കൈവശം ക്യാമറയും മൈക്കും ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഷൂട്ട് ചെയ്യാൻ ഒരു ക്യാമറ പോലും തന്നില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വന്തം ഫോൺ ക്യാമറയിൽ, ഞങ്ങൾ വാങ്ങിയ മൈക്ക് ഉപയോഗിച്ചാണ്​. അതുകൊണ്ടു തന്നെ, മാധ്യമ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന സ്റ്റോറിയുടെ നിലവാരവും അതിനുണ്ടായിരുന്നില്ല. സാമ്പത്തികമായി പല തട്ടിൽ നിൽക്കുന്ന കുട്ടികളുണ്ട്. എല്ലാവർക്കും പണം കൊടുത്ത് വാങ്ങി കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നുമില്ല. ബോർഡിലെഴുതാൻ ഒരു മാർക്കർ ആവശ്യപ്പെട്ടിട്ട് അതുപോലും കിട്ടിയിട്ടില്ല’’- തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിലെ വിദ്യാർത്ഥി ഷാഹിൻ അകേലിന്റെ വാക്കുകളാണിത്.

മാധ്യമ പ്രവർത്തന വിദ്യാർത്ഥികൾക്ക് മികച്ച ലൈബ്രറി അത്യന്താപേക്ഷിതമാണെന്നിരിക്കേ ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയിൽ ഒരു വർഷമായി ആവശ്യത്തിന്​ പുസ്തകങ്ങളോ പീരിയോഡിക്കൽസോ ലഭ്യമല്ല.
തങ്ങളുടെ ആവശ്യങ്ങൾ വിദ്യാർത്ഥികൾ നിരന്തരം ഉന്നയിക്കാറുണ്ടെങ്കിലും അതിന് സമരത്തിന്റെ സ്വഭാവം കൈവന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

ഇടക്കാലത്ത് പ്രസ്​ ക്ലബ്ബിന്റെ ആദ്യ രണ്ട് ഫ്ലോറുകളിൽ 20 കുട്ടികൾ വീതം എ, ബി എന്നീ ബാച്ചുകളിലായി നടന്നിരുന്ന ക്ലാസുകൾ ഏകോപിപ്പിച്ച് ഒരൊറ്റ ക്ലാസായി ഏറ്റവും മുകൾ നിലയിലേക്ക് മാറ്റി. ജേണലിസം പഠിക്കാൻ ഒട്ടും പര്യാപ്തമല്ലാത്ത അന്തരീക്ഷത്തിലാണ് ആ കാലയളവിൽ ക്ലാസ് നടന്നത്. ഇരു ക്ലാസുകളും ഒരുമിപ്പിക്കുന്നതുവഴി മണിക്കൂറുകൾക്കനുസരിച്ച് ഫാക്കൽട്ടികൾക്ക് നൽകേണ്ടിയിരുന്ന പ്രതിഫലം വെട്ടിച്ചുരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഷീറ്റ് മേഞ്ഞ ക്ലാസ് റൂമിലെ ശക്തമായ വെയിലും ചൂടുമേറ്റ്, പുറത്തുനിന്നുള്ള വാഹനങ്ങളുടെ ശബ്ദങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ ശരിയായി മനസിലാക്കാൻപോലുമാവാത്ത അവസ്ഥയാണ് വിദ്യാർത്ഥികളെ അന്നത്തെ സമരത്തിലേക്ക് നയിച്ച മുഖ്യകാരണം.

""ഫെബ്രുവരിയിൽ ഞങ്ങൾ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടിനുമുൻപിൽ ഡയറക്ടർക്കെതിരെയാണ് സമരം ചെയ്തത്. ഞങ്ങളന്ന് നിവേദനം കൊടുത്തത് ഡയറക്ടർക്കായിരുന്നു. കാരണം നേരിട്ട് പ്രസ്​ ക്ലബ്ബിലേക്ക് കയറി ചെല്ലാൻ അന്ന് സാധിക്കില്ലായിരുന്നു. ആ സമരം ഭാഗികമായി വിജയിച്ചു. രണ്ടു ക്ലാസുകളായി തന്നെ ഞങ്ങളുടെ ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനമുണ്ടായി. കൂടാതെ, പ്രസ്​ ക്ലബ്ബ് ഭരണസമിതിയോട്​ സംസാരിച്ച്, ക്യാമറകളും കംപ്യൂട്ടറുകളും മറ്റും ശരിയാക്കി തരാം എന്ന വാക്കാലുള്ള ഉറപ്പ് ഡയറക്ടറിൽ നിന്ന് കിട്ടിയശേഷമാണ് ഞങ്ങൾ താൽക്കാലികമായി സമരം നിർത്തുന്നത്. ​പ്രഡൻറിൻറെ ഭാഗത്തു നിന്നാണ് നിർദേശങ്ങൾ പോവേണ്ടത്. പ്രസ്​ക്ലബാണ്​ ഫണ്ട് അലോട്ട് ചെയ്യേണ്ടത്. ഞങ്ങൾ അടയ്ക്കുന്ന ഫീസ് പ്രസ്​ ക്ലബ്ബിലേക്കാണ് പോവുന്നത്. എന്നിട്ടും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്​ ഫണ്ട് ഉപയോഗിക്കുന്നില്ല. പ്രസ്​ ക്ലബ്ബിലെ ആവശ്യങ്ങൾക്കുവേണ്ടിയാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. അധ്യാപകരോട്​ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്​, ഈ വിഷയത്തിൽ നിരവധി പരാതികളും അപേക്ഷകളും അയച്ചു, എന്നിട്ടും അനുകൂല പ്രതികരണങ്ങൾ കിട്ടുന്നില്ലെന്നാണ് അവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.'' ഷാഹിൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

ഐ.ജെ.ടിയിൽ അരങ്ങേറുന്ന പ്രക്ഷുബ്ധാവസ്ഥയ്ക്ക് കാരണമായി ഉയർന്നു കേൾക്കുന്ന പേര് പ്രസ് ക്ലബ്ബ് പ്രസിഡൻറ്​ എം. രാധാകൃഷ്ണന്റേതാണ്. സഹപ്രവർത്തകക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ കേസിൽ കുറ്റാരോപിതനായതുൾപ്പെടെ, വിവാദങ്ങളിൽ നേരത്തേ തന്നെ പ്രത്യക്ഷ്യപ്പെട്ട മുഖമാണ് രാധാകൃഷ്ണന്റേത്. എന്നിട്ടും, പ്രസ്​ ക്ലബ്ബ് പ്രസിഡൻറ്​ സ്ഥാനത്തേക്ക് രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷമാണ്​, ഈ പ്രശ്​നങ്ങളുടെ തുടക്കം.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വിദ്യാർഥികൾ ശക്തമായ സമരത്തിലാണ്. കഴിഞ്ഞ ദിവസം നിവേദനവുമായി പോയ വിദ്യാർത്ഥികളോട് രാധാകൃഷ്ണൻ പറഞ്ഞത്, ഇൻസ്​റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്ന്​ വിദ്യാർഥികളുടെ ആവശ്യത്തിൽ​പ്രമേയങ്ങളോ മെയിലുക​ളോ ഒന്നും ലഭിച്ചിട്ടേയില്ലെന്നാണ്. എന്നാൽ, ഡയറക്ടറോട്​ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടപ്പോൾ ഇതുമായി ബന്ധപ്പെട്ട് അയച്ച മെയിലുകളും മറ്റു തെളിവുകളും അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതന്നതായി ഷാഹിൻ വ്യക്തമാക്കി.

തുടർന്ന്, നിശ്ചിത ദിവസത്തിനുള്ളിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് റിപ്പോർട്ട് എഴുതിത്തന്നാൽ സമരത്തിൽ നിന്ന് പിന്തിരിയാമെന്ന വിദ്യാർത്ഥികളുടെ ആവശ്യം രാധാകൃഷ്ണൻ താൽക്കാലികമായി അംഗീകരിച്ചു. എന്നാൽ അദ്ദേഹം എഴുതി നൽകിയത്, കുട്ടികളുടെ വിഭ്യാഭ്യാസത്തിലെ ന്യൂനതകളെല്ലാം ഈ മാസം 15നകം പരിഹരിക്കപ്പെടാവുന്നതാണ് എന്ന ഒഴുക്കൻ മറുപടി മാത്രമായിരുന്നു.
വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട്​ സമരം ചെയ്യുന്ന വിദ്യാർത്ഥികളോട്, മുദ്രാവാക്യം വിളിച്ചാൽ ഹീറോ ആവും എന്നു വിചാരിക്കേണ്ട എന്ന അപക്വമായ പ്രതികരണമാണ് പ്രസ്​ ക്ലബ്ബ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്.

അവസാനശ്രമമെന്ന നിലയിൽ, സ്റ്റാഫ് കമ്മിറ്റിയും പ്രസ്​ ക്ലബ്​ മാനേജിങ്ങ് കമ്മിറ്റിയും വിദ്യാർത്ഥികളുടെ മധ്യസ്ഥതയിൽ ചർച്ച നടത്തണമെന്ന ആവശ്യം വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചു. പി.എൻ.ജി ഹാളിലെ കുഷ്യൻ കസേരകളിട്ട എ. സി മുറികളിലല്ല, ഒടിഞ്ഞ കസേരകളുള്ള, എ.സി വർക്കിങ്ങല്ലാത്ത തങ്ങളുടെ ക്ലാസ് മുറികളിലായിരിക്കണം ചർച്ച എന്ന ഡിമാന്റും അവർ മുന്നോട്ടുവെച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാം എന്ന ഉറപ്പിൽ താൽക്കാലികമായി സമരം പിൻവലിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് കിട്ടിയ മറുപടിയിൽ, പുതിയ ഡയറക്​ടറും പ്രസ്​ ക്ലബ്​ മാനേജിങ്ങ് കമ്മറ്റിയും ചേർന്ന് വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാം എന്ന തീരുമാനമാണ് പ്രസ്​ ക്ലബ്ബ് കൈക്കൊണ്ടത്.

വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിന്ന ഇൻസ്റ്റിറ്റ്യൂട്ട്​ഡയറക്ടർ ജോൺ മേരിയെ പുറത്താക്കാനുള്ള ഗൂഢശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. കോഴ്സ് ഡിസൈൻ ചെയ്ത, അതിന് നേതൃത്വം നൽകുന്ന വ്യക്തിയെ പിരിച്ചുവിടുന്നത് വിദ്യാർഥികളുടെ പഠനത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ വിദ്യാർഥികളും ആശങ്കയിലാണ്.

""ഒരു പ്രോജക്ട് ഉണ്ടാക്കി അതിൽ ഏർപ്പെട്ടിരിക്കുമ്പോൾ എനിക്ക് ടെർമിനേഷൻ നോട്ടീസ് വന്നു. ഞാൻ നേതൃത്വം കൊടുത്ത ഒരു സ്ഥാപനത്തിൽ ഡയറക്ടറായ എന്നിൽ വിശ്വാസമർപ്പിച്ച കുട്ടികളുണ്ട്. ഇയാൾ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട് എന്നൊരു പ്രത്യാശയുള്ളപ്പോൾ ഞാനതിട്ടിട്ട് പോകുന്നത് ശരിയല്ല. വിദ്യാർഥികൾ ഉയർത്തിയ ആവശ്യങ്ങൾ ന്യായയുക്തമാണ്. ഈ ആവശ്യങ്ങൾ ഡയറക്ടറും ഫാക്കൽട്ടീസും നേരത്തേ പ്രസ്​ ക്ലബ്​ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്​ '', ഡയറക്ടർ ജോൺ മേരി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

പ്രസ്​ ക്ലബ്ബ് ഇലക്ഷനുശേഷം പ്രസിഡൻറ് സ്ഥാനത്തെത്തിയ എം. രാധാ കൃഷ്ണൻറെ അക്കാദമിക് വിരുദ്ധമായ ഇടപെടലുകളിൽ ഒപ്പം നിൽക്കാത്തതാണ്​ ഡയറക്ടറുടെ ടെർമിനേഷന്​ കാരണമായി പറയുന്നത്​. സദാചാര ഗുണ്ടായിസം നടത്തിയ കേസിൽ, മാധ്യമപ്രവർത്തകക്കൊപ്പം നിന്നു എന്ന കാരണത്താൽ മനോരമ ന്യൂസിലെ ശ്രീദേവി, ഏഷ്യാനെറ്റ്​ ന്യൂസിലെ ബിജു എന്നീ മാധ്യമ പ്രവർത്തകരെ ഫാക്കൽട്ടി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതും കുട്ടികളുടെ ആവശ്യങ്ങൾക്കൊപ്പം നിന്നതുമെല്ലാം ഡയറക്ടറുടെ ടെർമിനേഷന് കാരണമായി മനസിലാക്കുന്നുവെന്നാണ്​ ജോൺ പറയുന്നത്.

വെള്ളിയാഴ്ച ആരംഭിച്ച സമരം തുടരുകയാണ്. അധ്യാപകരും, പൂർവ വിദ്യാർഥികളുമടക്കം നിരവധി പേരാണ് തിരുവനന്തപുരം പ്രസ്​ ക്ലബ്ബ് വിദ്യാർഥികളുടെ അവകാശ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയിട്ടുള്ളത്. വിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരം അധ്യാപരെ പങ്കെടുപ്പിച്ച്​ ചർച്ചയ്ക്ക് തയ്യാറാവില്ലെന്ന നിലപാടിലാണ് മാനേജ്മെൻറ്​. ഡയറക്ടർ ജോൺ മേരിക്ക് ടെർമിനേഷൻ കൊടുത്തതിനുപിന്നാലെ ചാർജെടുത്ത പുതിയ ഡയറക്ടറെ ചർച്ചയിൽ പങ്കെടുപ്പിക്കാനുള്ള നീക്കവും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന്​ നടക്കുന്നുണ്ട്. വിദ്യാർഥികളുടെ ഡിമാൻറുകൾ അംഗീകരിച്ച്​ അവരുടെ ക്ലാസ് മുറിയിൽ വെച്ച്, അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടക്കുകയാണെങ്കിൽ മാത്രം ചർച്ചയിൽ പങ്കെടുക്കാനും അല്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവാനുമുള്ള തീരുമാനത്തിലാണ് വിദ്യാർഥികൾ. അധ്യാപകരില്ലാത്ത പക്ഷം പ്രമേങ്ങൾ അവതരിപ്പിച്ചിട്ടില്ല, പരാതികൾ നൽകിയിട്ടില്ല തുടങ്ങിയ കള്ളങ്ങൾ ആവർത്തിക്കാനും വസ്തുതകൾ വളച്ചൊടിക്കാനും സാധ്യതയുണ്ടെന്നതാണ് വിദ്യാർഥികളുടെ ആശങ്ക. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ചർച്ച അനിശ്ചിതത്വത്തിൽ തുടരുകയാണ്.

സമരത്തിലൂടെ ഇൻസ്റ്റിറ്റ്യൂട്ടിനെ കളങ്കപ്പെടുത്തിയാൽ ഭാവിയിൽ നല്ല മീഡിയാ സ്ഥാപനങ്ങളിലൊന്നും ജോലി കിട്ടില്ല എന്നാണ് സമരക്കാരായ വിദ്യാർഥികളോടുള്ള പ്രസിഡൻറ് എം. രാധാകൃഷ്ണന്റെ ഭീഷണി. എന്നാൽ, അക്കാദമിക്കായ യാതൊരു പിന്തുണയും ലഭിക്കാതെ ഈ സ്​ഥാപനത്തിൽനിന്ന്​മോശം മാധ്യമപ്രവർത്തകരായി പുറത്തിറങ്ങുന്നതിലും നല്ലത് അനീതികൾക്കെതിരെ പോരാടി പുറത്താക്കപ്പെടുന്നതാണെന്ന നിലപാടിലാണ്​വിദ്യർഥികൾ.

Comments